Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 11

3013

1438 ദുല്‍ഖഅദ് 18

പോസിറ്റിവ് ചിന്തയുടെ സദ് ഫലങ്ങള്‍

ഇബ്‌റാഹീം ശംനാട്

പോസിറ്റീവ് ചിന്ത പ്രമേയമാക്കിയ ഇംഗ്ലീഷ് സിനിമയാണ് പാച്ച് ആദംസ് (Patch Adams).  ആധുനിക സമൂഹത്തിലെ അഭ്യസ്തവിദ്യനായ ഏതൊരു ചെറുപ്പക്കാരനെയും പോലെ പാച്ച് ആദംസ്, മെഡിക്കല്‍ വിദ്യാഭ്യാസം നേടാനും ഡോക്ടറാവാനുമുള്ള ഉത്കടമായ മോഹത്താല്‍ പ്രവേശന പരീക്ഷ എഴുതി; നിര്‍ഭാഗ്യകരമെന്നു പറയട്ടെ  ആ യുവാവ് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ദയനീയമായി പരാജയപ്പെട്ടു. തുടര്‍ന്ന് ഒരു ഡോക്ടറാവണമെന്ന തന്റെ സ്വപ്‌നം പൂവണിയാത്തതിന്റെ നിരാശയില്‍  മാസങ്ങളോളം  അയാള്‍ ജീവിതം തള്ളി നീക്കുന്ന രംഗം ആരുടെയും കരളലിയിപ്പിക്കും.

രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് പാച്ച് ആദംസിനെ ഒരു മാനസിക ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിക്കുന്നു. ദീര്‍ഘകാലം ആശുപത്രിയില്‍ കഴിഞ്ഞുകൂടിയ അയാള്‍, അവിടത്തെ രോഗികളുമായും അവരുടെ ജീവിതങ്ങളുമായും  അടുത്ത് ഇടപഴകുന്നു. മാനസികമായി തകര്‍ന്ന നിരവധി മനുഷ്യര്‍. അവരുടെ ദയനീയ ജീവിതാവസ്ഥകള്‍. ആ ജീവിതങ്ങള്‍ പാച്ച് ആദംസിനെ ചിന്താനിമഗ്നനാക്കി. അതിനിടയില്‍ തന്റെ രോഗത്തെ ചികിത്സിക്കാനുള്ള വഴിയും അയാള്‍ കണ്ടെത്തി. ജീവിതത്തിലേക്ക് തിരിച്ചുവന്നു. തന്റെ ദൗത്യം നിര്‍വഹിക്കേണ്ടതിന്റെ ആവശ്യകത അയാള്‍ക്ക് സ്വയം ബോധ്യമാവുന്നതാണ് സിനിമയുടെ ക്ലൈമാക്‌സ്.

പരീക്ഷയിലെ തോല്‍വി പാച്ച് ആദംസിന്റെ ഡോക്ടറാവാനുള്ള മോഹത്തിന് യാതൊരു ഭംഗവും വരുത്തിയിരുന്നില്ല. ആ ചെറുപ്പക്കാരന്റെ അഭിലാഷം പൂര്‍വാധികം ശക്തിപ്പെടുകയാണുണ്ടായത്. മനസ്സിന്റെ ആന്തരാളത്തിലുള്ള ഈ അഗ്നി സ്ഫുലിംഗം ജ്വാലയായി മാറുകയും അദ്ദേഹം ഡോക്ടറാവുകയും ചെയ്തു. അയാള്‍ രോഗികളെ ചികിത്സിക്കാനും തുടങ്ങി. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്റെ പ്രദേശത്തെ ഏറ്റവും നല്ല ഭിഷഗ്വരന്മാരില്‍ ഒരാളായി പാച്ച് ആദംസ്.

മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ വിജയം വരിക്കാത്തതില്‍ നിരാശ ബാധിച്ച ചെറുപ്പക്കാരന്‍ തന്റെ ചിന്തയെ തിരിച്ചിട്ടപ്പോള്‍ സംഭവിച്ച മാറ്റത്തിന്റെ പ്രഫുല്ലമായ ചിത്രമാണ് പാച്ച് ആദംസ്. പോസിറ്റീവ് ചിന്തയുടെ കരുത്തില്‍ എത്രയോ ഉയരങ്ങള്‍ കീഴടക്കാമെന്ന ഉജ്ജ്വലമായ ഗുണപാഠമാണ് ഈ സിനിമ നമുക്ക് സമ്മാനിക്കുന്നത്. തന്നേക്കാള്‍ കഷ്ടപ്പെടുന്നവരെ കാണാനുള്ള കണ്ണുകള്‍ ഉണ്ടെങ്കില്‍ ഏതു പ്രതിസന്ധിയെയും മറികടക്കാമെന്ന് ഈ സിനിമ നമ്മെ ഓര്‍മപ്പെടുത്തുന്നു. ആശുപത്രിയില്‍ നിരവധി മാനസിക രോഗികളെ കാണാനിടയായപ്പോള്‍ തന്റെ രോഗം ഒരു രോഗമേ അല്ല എന്ന തിരിച്ചറിവാണ് പാച്ച് ആദംസിനെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

 

അധമ ചിന്തകള്‍

ഉത്തമവും അധമവുമായ അനേകം ചിന്തകളുടെ ഉല്‍പാദന കേന്ദ്രമാണ് മനുഷ്യമനസ്സ്. ആധുനിക പഠനങ്ങളനുസരിച്ച് ദിനേന അറുപതിനായിരത്തോളം ചിന്തകളാണ് മനുഷ്യമനസ്സില്‍ കടന്നുവരുന്നത്. അതില്‍ നല്ലൊരു ഭാഗവും അനാവശ്യവും നെഗറ്റീവുമായ ചിന്തകളാണ്. നല്ല ചിന്തകള്‍ നമുക്ക് എന്തെന്നില്ലാത്ത ഊര്‍ജം നല്‍കുമ്പോള്‍ ദുഷ്ചിന്തകള്‍ നമ്മെ മാനസികമായി തളര്‍ത്തുകയും ദുര്‍ബലമാക്കുകയും ചെയ്യുന്നു. അധമ ചിന്തകള്‍ മനസ്സിന്റെ സുഷിരങ്ങളിലൂടെ കടന്നുവരുമ്പോള്‍ തന്നെ അതിനെ പുറന്തള്ളാന്‍ കഴിഞ്ഞാല്‍ വിജയിച്ചു. അല്ലാത്തപക്ഷം അത് മനസ്സില്‍ നീറിപ്പുകഞ്ഞ് നമ്മെ കൂടുതല്‍ വിഷാദത്തിലേക്ക് നയിച്ചേക്കാം.

നാം ചിന്തിക്കുന്നത് ഗുണകരമായിട്ടാണോ? നമ്മുടേത് പ്രയോജനരഹിതമായ ചിന്തയാണോ? ഇതൊക്കെ അവരവര്‍ക്ക് മാത്രം അറിയുന്ന കാര്യം. നിയന്ത്രണം വിട്ട വാഹനത്തെ പോലെ മനസ്സ് തോന്നിയതുപോലെ സഞ്ചരിച്ചേക്കാം. അതിനെ നിയന്ത്രിച്ചേ പറ്റൂ. നമ്മുടെ ചിന്തയുടെ എണ്‍പത് ശതമാനവും  പൊതുവെ പ്രയോജനരഹിതമായ കാര്യങ്ങള്‍ക്കാണ് നീക്കിവെക്കുന്നതെന്ന ബോധമുണ്ടായാല്‍ എന്ത് ചിന്തിക്കണം എന്നതിനെകുറിച്ച് നാം ജാഗരൂകരായിരിക്കും. ചിന്തയെ വിജ്ഞാനം കൊണ്ട് നിറക്കുക. അപ്പോള്‍ അധമ ചിന്തകള്‍ മനസ്സില്‍നിന്ന് നിഷ്‌കാസിതമാവും. അത് തെറ്റായ ചിന്തകളില്‍നിന്ന് സിനിമയിലെ കഥാപാത്രമായ പാച്ച് ആദംസിനെ രക്ഷിച്ചതു പോലെ, നമ്മെയും രക്ഷിക്കും.

 

പോസിറ്റീവ് ചിന്തയിലേക്ക് 

ചിന്ത തന്നെയാണ് പ്രധാനം. ഞാന്‍ ചിന്തിക്കുന്നു, അതിനാല്‍ ഞാനുണ്ട് എന്നു പറഞ്ഞത് തത്ത്വചിന്തകന്‍ ദെക്കാര്‍ത്ത്. ഒരു പക്ഷിയെ പറക്കാന്‍ സഹായിക്കുന്നത് അവയുടെ ചിറക് മാത്രമല്ല, പറക്കാനുള്ള അവയുടെ ആത്മവിശ്വാസം കൂടിയാണ്. അതുപോലെയാണ് പോസിറ്റീവ് ചിന്തകളുടെ സ്വാധീനം. പോസിറ്റീവ് ചിന്തയുണ്ടാവാന്‍ നിരന്തര ക്ഷമയും ഇഛാശക്തിയും അനിവാര്യമാണ്. വായന അതില്‍ മുഖ്യ ഘടകമാണ്. ഇരിക്കുമ്പോഴാണ് നെഗറ്റീവ് ചിന്ത കടന്നുവരുന്നതെങ്കില്‍ എഴുന്നേറ്റു നടക്കുകയോ മറ്റു കര്‍മങ്ങളില്‍ മുഴുകുകയോ ചെയ്യുന്നത് പോസിറ്റീവ് ചിന്തയിലേക്ക് നയിക്കും. ഇഷ്ടപ്പെട്ടവരുമായി നല്ലൊരു ഭക്ഷണം, നല്ലൊരു പ്രഭാഷണമോ ഗാനമോ കേള്‍ക്കല്‍, യാത്ര, കായിക വിനോദങ്ങള്‍, നല്ല കാര്യങ്ങള്‍ ഓര്‍മിക്കല്‍, ചീത്ത കാര്യങ്ങള്‍ വിസ്മരിക്കല്‍ തുടങ്ങി അവരവര്‍ക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കുക. തലക്ക് ചെറുതായി സ്വയം തന്നെ ഒന്ന് തോണ്ടിയാല്‍ അധമ ചിന്തകളില്‍നിന്ന് മനസ്സിന്റെ ശ്രദ്ധ തിരിച്ചുകൊണ്ടുവരാന്‍ കഴിയും. പോസിറ്റീവ് ചിന്തകളുള്ള സുഹൃത്തുക്കള്‍ ഉണ്ടാവുന്നതും പോസിറ്റീവ് ചിന്തയിലേക്ക് നയിക്കും.

മനസ്സില്‍ നല്ല ചിന്തയാണ് രൂപപ്പെട്ടിട്ടുള്ളതെങ്കില്‍ നല്ലതായിരിക്കും നമ്മുടെ സംസാരവും എഴുത്തുമൊക്കെ. സമൂഹത്തില്‍ മ്ലേഛ സംസ്‌കാരം അതിന്റെ പാരമ്യത്തില്‍ എത്തിനില്‍ക്കുകയാണ്. ഇതിന്റെ മൂലകാരണം മനസ്സാണ്. നാവ്  മ്ലേഛമായതുകൊണ്ടാണ് ഒരാള്‍ മ്ലേഛമായ കാര്യങ്ങള്‍ സംസാരിക്കുന്നത് എന്ന് പറയുന്നത് കാര്യങ്ങളെ ന്യൂനീകരിക്കുകയാണ്. ചിന്തയും ചിന്തയുടെ ഉറവിടമായ മനസ്സും തന്നെയാണ് പ്രധാനം. ഒരാള്‍ നല്ലതു പറയാന്‍ തുടങ്ങുന്നതോടെ നല്ല പ്രവര്‍ത്തനങ്ങളും ഉണ്ടാവും. ഇക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കിയത് ഇങ്ങനെ: ''വിശ്വസിച്ചവരേ, നിങ്ങള്‍ ദൈവഭക്തരാവുക. നല്ലതുമാത്രം പറയുക. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കിത്തരും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നവന്‍ മഹത്തായ വിജയം കൈവരിച്ചിരിക്കുന്നു'' (33:70,71).

വായനയും ശ്രദ്ധിച്ചുകേള്‍ക്കലും മനസ്സിന്റെ ആഴങ്ങളിലേക്കുള്ള രണ്ട്  നൂല്‍പാലങ്ങളാണ്. ഇത് രണ്ടിനോടുമുള്ള വിരക്തി മനുഷ്യനെ അധഃപതനത്തിലേക്ക് നയിക്കും. വായിക്കാന്‍ ആഹ്വാനം ചെയ്ത വേദഗ്രന്ഥമായ ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കാനും ഉത്തമമായത് പിന്തുടരാനും നമ്മോട് ആവശ്യപ്പെടുമ്പോള്‍  (39:18) മനസ്സിന്റെ ഉള്ളകങ്ങളിലേക്കുള്ള നീരൊഴുക്ക് സംശുദ്ധമായിരിക്കണമെന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (181 - 191)
എ.വൈ.ആര്‍

ഹദീസ്‌

സൂക്ഷിക്കുക, മുന്നില്‍ ചതിക്കുഴി
കെ.സി ജലീല്‍ പുളിക്കല്‍