ആകാശാരോഹണം
മുഹമ്മദുന്‍ റസൂലുല്ലാഹ്-20
അല്ലാഹു നബിയെ വാനലോകത്തേക്ക് കൊണ്ടുപോയത് (മിഅ്‌റാജ്) ആ പുണ്യ പ്രവാചകനുള്ള ഏറ്റവും വലിയ ആദരമാണ്. മുസ്‌ലിം സമുദായത്തിന് അത് അഭിമാനചിഹ്നമാണ്; മഹത്വത്തിന്റെ നിദര്‍ശനമാണ്. പ്രഭാഷകരുടെ വാക് ചാതുരിയിലൂടെയും എഴുത്തുകാരുടെ തൂലികയിലൂടെയും ആ സംഭവം ആവേശപൂര്‍വം പ്രകീര്‍ത്തിക്കപ്പെട്ടുകൊണ്ടിരുന്നു. വളരെ പ്രാമാണികമായി ഉദ്ധരിക്കപ്പെട്ടുവരുന്ന ആ സംഭവം സാഹിത്യത്തിലെ ചില മാസ്റ്റര്‍ പീസുകള്‍ക്ക് വരെ പ്രചോദനമായി. അങ്ങനെ പല നിലകളില്‍ അതിന് ആഗോള പ്രശസ്തിയും പെരുമയും കൈവന്നു. മിഅ്‌റാജിനെക്കുറിച്ചുള്ള ഒരു ജനപ്രിയ ആഖ്യാനം അന്തുലൂസിലെ ക്രിസ്ത്യാനികള്‍ ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. അങ്ങനെയത് ആയിരത്തിയൊന്ന് രാവുകള്‍ പോലെ യൂറോപ്പിലാകമാനം സഞ്ചരിച്ചു. ആഖ്യാനത്തിലെ സ്വര്‍ഗ-നരക വര്‍ണനകള്‍ കവികളെ ആകര്‍ഷിച്ചു; അവരുടെ ഭാവനകളെ ഉണര്‍ത്തി. പക്ഷേ ചിലരതിനെ അധിക്ഷേപിക്കാനും പരിഹസിക്കാനുമുള്ള അവസരമായും കണ്ടു. ഉദാഹരണത്തിന് 'ഡിവൈന്‍ കോമഡി' എന്ന ഇതിഹാസ കാവ്യം വായിക്കുമ്പോള്‍ അതിന്റെ രചയിതാവായ ഡാന്റെ എത്രയധികം തരംതാഴുന്നു എന്ന് നമുക്ക് കാണാനാവും. നബിയെപ്പോലുള്ള ഒരു വ്യക്തിത്വം ചാരുതയോടെ ശോഭിച്ചിട്ടും, അസൂയയും മാരക വിഷവും തുപ്പുകയാണ് വിഡ്ഢികളായ പ്രതിയോഗികള്‍.
മിഅ്‌റാജ് പ്രാമാണികമായി രേഖപ്പെടുത്തപ്പെട്ട സംഭവമാണ്. ആധ്യാത്മികതയുടെ പരകോടിയിലുള്ള ഒരു യാഥാര്‍ഥ്യമാണത്. ഒരു ടൂറോ തമാശ യാത്രയോ പോലെ അതിനെ കാണരുത്. തീര്‍ച്ചയായും വ്യക്തികള്‍ അതിനെ പല പല രീതികളില്‍ മനസ്സിലാക്കുന്നുണ്ടാവും. ഖുര്‍ആനിക പരാമര്‍ശങ്ങളുടെയും ആധികാരികമായ ഹദീസുകളുടെയും പിന്‍ബലത്തില്‍ ഒട്ടുവളരെ ഗ്രന്ഥങ്ങള്‍ ഈ വിഷയകമായി രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ മികച്ചതും മികവ് അവകാശപ്പെടാനാവാത്തതുമൊക്കെയുണ്ട്. ഈ രണ്ടിനം രചനകളെയും വേര്‍തിരിച്ചു തന്നെ കാണേണ്ടതുണ്ട്. എതിരഭിപ്രായങ്ങളെ സഹിഷ്ണുതയോടെ സമീപിക്കാനുള്ള മാനസികാവസ്ഥയും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. എങ്കില്‍ നമുക്ക് ദൈവാനുഗ്രഹത്താല്‍ മിഅ്‌റാജിന്റെ യഥാര്‍ഥ പൊരുളുകളിലേക്ക് എത്തിച്ചേരാനായേക്കും.
നാട്യങ്ങളൊന്നുമില്ലാതെ ഞാന്‍ എന്റെ ഗവേഷണഫലങ്ങള്‍ നിങ്ങളുടെ മുമ്പാകെ വെക്കുകയാണ്. പ്രാഥമിക ക്ലാസുകളില്‍ പഠിക്കുമ്പോള്‍തന്നെ ഞാന്‍ അതിനെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയിരുന്നു. ഭൂമിശാസ്ത്ര ക്ലാസുകളില്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നത് ഭൂമി ഓറഞ്ച് പോലെ വര്‍ത്തുളമാണ് എന്നായിരുന്നു. ക്ലാസിക്കല്‍ കാലഘട്ടത്തിലെ മുസ്‌ലിം ഭൂമിശാസ്ത്രകാരന്മാര്‍ മറ്റൊരു വിവരണമാണ് നല്‍കിയിരുന്നതെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി. അവരുടെ വീക്ഷണത്തില്‍, ഭൂമി മുട്ടയുടെ മഞ്ഞക്കരു പോലെയാണ്; മുട്ടയുടെ വെള്ള അന്തരീക്ഷം പോലെയും. മുട്ടത്തോട് ആകാശത്തെ പ്രതിനിധീകരിക്കുന്നു. മതപഠന ക്ലാസ്സിലെത്തുമ്പോള്‍ അതേ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്, ദൈവം ഏകനും സ്രഷ്ടാവും പ്രപഞ്ചത്തിന്റെ പരിപാലകനുമാണെന്നാണ്. അവന്റെ സിംഹാസനം വാനലോകത്താണെന്നും. വാനലോകം/ ആകാശം എപ്പോഴും നമ്മുടെ മുകളിലാണ്. സര്‍വലോക രക്ഷിതാവിന്റെ സിഹാസനം നമ്മുടെ തലക്ക് മുകളിലാവുക, നമ്മുടെ കാലടികള്‍ക്ക് കീഴെ ആകാതിരിക്കുക എന്നത് തീര്‍ത്തും ന്യായം. പക്ഷേ, ദൈവസിംഹാസനം സ്ഥിതി ചെയ്യുന്ന ഈ വാനലോകം എവിടെയാണ്? ദക്ഷിണ ധ്രുവക്കാരുടെ തലക്കു മീതെയുള്ളത് ഉത്തരധ്രുവക്കാര്‍ക്ക് കാലിന് കീഴെയായിരിക്കും. ചെറിയ കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ ഈ സംശയം ഉന്നയിച്ചപ്പോള്‍, മിണ്ടാതിരുന്നോളണം, അതൊക്കെ ആലോചിക്കുന്നതു തന്നെ മതനിന്ദയാണ് എന്നാണ് എനിക്ക് കിട്ടിയ ഉത്തരം! അപ്പോള്‍ നാം ചില കാര്യങ്ങള്‍ മനസ്സിലാവാതെതന്നെ വിശ്വസിക്കുന്നു. മനസ്സിലായ കാര്യങ്ങള്‍തന്നെ മറ്റു സന്ദര്‍ഭങ്ങളുമായി ബന്ധപ്പെടുത്താതിരിക്കുന്നു. ഇതൊരു തരം ഇരട്ട വ്യക്തിത്വം നമ്മില്‍ ഉണ്ടാക്കുകയല്ലേ ചെയ്യുക? പുറമെക്ക് ഞാന്‍ നിശ്ശബ്ദനായിരുന്നു. പക്ഷേ, മനസ്സില്‍ ഒരു സ്വസ്ഥതയുമുണ്ടായിരുന്നില്ല. പ്രായം വര്‍ധിക്കുകയും കൂടുതല്‍ അറിവ് ആര്‍ജിക്കുകയും ചെയ്യുന്നതിനനുസരിച്ച് ഞാന്‍ കൂടുതലായി ആശയക്കുഴപ്പത്തില്‍പെട്ടു.
ജീവിതാനുഭവങ്ങള്‍ എന്നെ പഠിപ്പിച്ച ഒരു ചെറിയ പാഠമുണ്ട്. പക്ഷേ അതിന്റെ പ്രതിഫലനം ആഴത്തിലുള്ളതാണ്. എനിക്കാശ്വാസമാവുന്നത് ആ പാഠമാണ്. ഇത്തരമൊരു ചോദ്യം/സംശയം രണ്ട് വിദ്യാര്‍ഥികളുടെ മനസ്സില്‍ ഒരേ സമയം വന്നുവെന്ന് വിചാരിക്കുക. അവര്‍ തങ്ങളുടെ അധ്യാപകനെ കണ്ട് ആ സംശയം ഉന്നയിക്കുന്നു. അധ്യാപകന്റെ മറുപടിയില്‍ ഒരു വിദ്യാര്‍ഥി പൂര്‍ണ തൃപ്തനാകുന്നു, മറ്റേ വിദ്യാര്‍ഥിക്ക് അത് ബോധ്യപ്പെടുന്നേയില്ല. നിയമ ഫാക്കല്‍റ്റിയില്‍ അധ്യാപകനായിരിക്കുമ്പോഴും എനിക്കിതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു പ്രശ്‌നം വന്നപ്പോള്‍ ഞാനും ഫിലോസഫി അധ്യാപകനായ സുഹൃത്തും കൂടി ഒരു ദൈവശാസ്ത്ര പ്രഫസറെ കാണാന്‍ പോയി. ഞങ്ങള്‍ നേരത്തേ അദ്ദേഹത്തിന്റെ വിദ്യാര്‍ഥികള്‍ കൂടിയായിരുന്നു. ഞങ്ങളിലൊരാള്‍ പ്രഫസറുടെ മറുപടിയില്‍ സംതൃപ്തനായി മടങ്ങിപ്പോന്നു; മറ്റേയാളെ ആ മറുപടി തൃപ്തിപ്പെടുത്തിയതേയില്ല. പക്ഷേ, ഞാന്‍ എന്റെ കൂട്ടുകാരനെ ഗ്രാഹ്യമില്ലാത്തവനെന്നു പറഞ്ഞ് കുറ്റപ്പെടുത്താന്‍ പോയില്ല. നമുക്ക് പരസ്പരം നമ്മുടെ അഭിപ്രായങ്ങളെ മാനിക്കാം എന്നൊരു നിര്‍ദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തത്. ഞങ്ങള്‍ തമ്മിലുള്ള ബന്ധം നിലനിര്‍ത്താനും അത് ആവശ്യമായിരുന്നു. ഏതഭിപ്രായത്തെയും മാനിക്കുകയും സഹിഷ്ണുതയോടെ കാണുകയും ചെയ്യുന്ന സ്വഭാവം വളര്‍ന്നുവരണമെന്നര്‍ഥം.
നബിയുടെ മിഅ്‌റാജിനെപ്പറ്റി ഞാന്‍ പഠിക്കാനിരുന്നപ്പോള്‍, ഖുര്‍ആനിലെ ദൈവസങ്കല്‍പം എന്ത് എന്ന വിഷയവും കൂടി ഞാന്‍ പഠിച്ചു. എന്നെ അമ്പരപ്പിച്ച വസ്തുത ഇതാണ്: മനുഷ്യനെ ദാസന്‍/ അടിമ (അബ്ദ്) എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്; ദൈവത്തെ രാജാവ് (മലിക്) എന്നും. എല്ലാ ഭാഷകളും മനുഷ്യന്റെ ഉല്‍പന്നങ്ങളാണല്ലോ. ദിവ്യ മഹാ ശക്തിയും ദൈവവുമായി തട്ടിച്ചുനോക്കുമ്പോഴത്തെ മനുഷ്യന്റെ അങ്ങേയറ്റത്തെ ദുര്‍ബലാവസ്ഥയും തമ്മിലുള്ള വൈപരീത്യം യഥാവിധി പ്രതിഫലിപ്പിക്കാന്‍ മനുഷ്യഭാഷകള്‍ അശക്തമാണ്. ദൈവം എന്നത് അനിവാര്യമായ ഉണ്മ(ദാത്ത് വാജിബുല്‍ വുജൂദ്) ആണ്. സര്‍വശക്തനും സര്‍വവ്യാപിയുമാണ്. ദൈവം ഓരോ മനുഷ്യനോടും അവന്റെ കണ്ഠനാഡിയേക്കാള്‍ അടുത്ത് നില്‍ക്കുന്നവനാണ്. അതേസമയം ദൈവം ഭൗതികാനുഭവ സീമകള്‍ക്ക് അതീതനും ഭൗതികഗ്രാഹ്യങ്ങള്‍ക്ക് പിടികൊടുക്കാത്തവനും (മാ വറാഅല്‍ ഇദ്‌റാഖ്) ആണ്. ഈ ദൈവത്തെ വിശദീകരിക്കാന്‍ ഭാഷയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ചു നോക്കുകയല്ലാതെ നമ്മുടെ മുന്നില്‍ മറ്റെന്തുണ്ട് വഴി? ഖുര്‍ആന്‍ തന്നെയും പ്രതിബിംബ(Imagery) ഭാഷ നിര്‍മിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ദൈവത്തെ രാജാവ് (മലിക്) എന്ന് വിളിക്കുന്നത്. അവന് ഖജനാവുകളും (ഖസാഇന്‍), സൈന്യങ്ങളും (ജുനൂദ്), രാജഭരണ പ്രദേശങ്ങളും (മുല്‍ക്/മലകൂത്ത്), സിംഹാസനവും (അര്‍ശ്), സിംഹാസന താങ്ങും (കുര്‍സി) ഉണ്ടെന്ന് പറയുന്നത്. മക്കയെക്കുറിച്ച് നഗരങ്ങളുടെ മാതാവ് (ഉമ്മുല്‍ ഖുറാ) എന്നും പള്ളിക്ക് ദൈവഭവനം (ബൈതുല്ലാഹ്) എന്നും പറയുന്നതും രൂപക ഭാഷതന്നെ. ദൈവത്തിന്റെ കൈ (യദുല്ലാഹ്, യദാഹു) എന്നതും ഈ അര്‍ഥത്തിലേ നാം മനസ്സിലക്കേണ്ടതുള്ളൂ. ഹദീസുകളില്‍ ദൈവത്തിന്റെ 'വിരലുകളും' (അസ്വാബിഅ്) ഉണ്ട്. കഅ്ബയിലെ ഹജറുല്‍ അസ്‌വദിനെ ഭൂമിയിലെ ദൈവത്തിന്റെ 'വലതു കൈ' (യമീനുല്ലാഹ്) ആയി നബി വിശേഷിപ്പിക്കുന്നു. ആ 'വലതു കൈ' ഹജ്ജിനെത്തുന്നവരില്‍നിന്ന് അവരുടെ അനുസരണ പ്രതിജ്ഞ(ബൈഅത്ത്) ഏറ്റുവാങ്ങുന്നു. ദൈവത്തെ വര്‍ണിക്കുന്നയിടങ്ങളിലെല്ലാം ഈ പ്രതിബിംബ ഭാഷ കടന്നുവരുന്നതായി കാണാം. രാജാക്കന്മാര്‍ പൊതുവെ പ്രൗഢഗംഭീര മുഹൂര്‍ത്തങ്ങളില്‍ നടന്നുവരികയല്ല ചെയ്യുക. അവര്‍ സിംഹാസനങ്ങളില്‍ പോയി ഇരിക്കും. തടിമാടന്മാരായ വാല്യക്കാര്‍ ആ സിംഹാസനവും ചുമലിലേറ്റി നടക്കുകയാണ് ചെയ്യുക. ഖുര്‍ആനിലും ഈ രൂപകം (Metaphor) കടമെടുത്തതായി കാണാം. ദൈവസിംഹാസനം ചുമലിലേറ്റുന്നത് എട്ട് മാലാഖമാരായിരിക്കും എന്ന് ഖുര്‍ആന്‍ (69:17) വര്‍ണിക്കുന്നു.
ഈ രീതിയില്‍ വിവരണങ്ങള്‍ നടത്താം. കാരണം ഖുര്‍ആന്‍ അത് അനുവദിച്ചിട്ടുള്ളതാണ്. ഇതിലൊന്നും ഒരു അസ്വാഭാവികതയുമില്ല. എന്നല്ല, കാര്യങ്ങള്‍ വ്യക്തമാവാന്‍ ഇങ്ങനെയൊരു ശൈലി അനിവാര്യവുമാണ്. പക്ഷേ, അനുവദിച്ചിട്ടില്ലാത്ത ഒന്നുണ്ട്. അത് ഈ രൂപകങ്ങളെയും പ്രതിബിംബങ്ങളെയുമെല്ലാം പൊലിപ്പിച്ചുകാണിക്കുക എന്നതാണ്. ഉദാഹരണത്തിന്, ദൈവത്തിന്റെ കൈക്ക് അഞ്ച് വിരലുകളുണ്ടോ, ഓരോ വിരലിനും നഖമുണ്ടോ, അത് തൊലിയുമായി ഒട്ടിച്ചേര്‍ന്നാണോ നില്‍ക്കുന്നത്, ഈ തൊലിക്കടിയില്‍ മാംസവും നാഡിവ്യൂഹവും രക്തവും എല്ലുകളും ഉണ്ടോ എന്നിങ്ങനെ ചര്‍ച്ച വഴിമാറുന്നത് മതനിന്ദയായി തന്നെ കാണണം. അത്തരം ചര്‍ച്ചകളില്‍നിന്ന് അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.
വിവരിക്കാന്‍ കഴിയാത്ത ഒന്നിനെയാണ് നാം വിവരിക്കുന്നത് എന്ന ബോധം ആദ്യം മനസ്സില്‍ വേണം. ആയതിനാല്‍ പരിധിലംഘിച്ചുള്ള ചര്‍ച്ചകള്‍ പാടില്ല. ദൈവം 'രാജാവ്' ആയതിനാല്‍ അവന് 'സിംഹാസനം' ഉണ്ടെന്ന് നാം വിശ്വസിക്കണം. അതേസമയം, പ്രധാന മുഹൂര്‍ത്തങ്ങളില്‍ മാത്രമേ ദൈവം സിംഹാസനത്തില്‍ വന്ന് ഇരിക്കൂ എന്നും, ബാക്കി സമയങ്ങളില്‍ ദൈവം തന്റെ അന്തഃപുരങ്ങളിലേക്ക് പിന്‍വാങ്ങുമെന്നും അവിടത്തെ അന്തേവാസികളുമൊത്ത് ഉറങ്ങുമെന്നും മറ്റും സങ്കല്‍പിക്കുന്നത് എത്ര പരിഹാസ്യമാണ് എന്ന് ഓര്‍ത്തുനോക്കൂ. ദൈവിക സിംഹാസനത്തിന്റെ ആകൃതി, വിശദാംശങ്ങള്‍ തുടങ്ങിയ ചര്‍ച്ചകളില്‍നിന്ന് നാം വിട്ടുനില്‍ക്കുകയാണ് വേണ്ടത്. സകല സൃഷ്ടികള്‍ക്കും മേല്‍ ദൈവത്തിനാണ് സര്‍വാധിപത്യം എന്ന് കുറിക്കാന്‍ മാത്രമാണ് 'സിംഹാസനം' എന്ന വാക്ക് പ്രയോഗിച്ചിട്ടുള്ളത്. ഭൗതികമായതിനപ്പുറമൊന്നും മനുഷ്യന് അറിയില്ല എന്നതിനാല്‍, ഭൗതികാതീതനും പദാര്‍ഥാതീതനുമായ ദൈവത്തെ ചിത്രീകരിക്കാന്‍ മനുഷ്യന്‍ അശക്തനാണ് എന്നതാണ് വാസ്തവം. ഈയൊരു തിരിച്ചറിവിലേക്ക് നാം എത്തിയില്ലെങ്കില്‍ ചരിത്രത്തില്‍ മുഅ്തസിലികള്‍ക്കും സമാന മനസ്‌കരായ ചിന്തകര്‍ക്കും (അവര്‍ വളരെ ആത്മാര്‍ഥമായാണ് അത്തരം അന്വേഷണങ്ങള്‍ നടത്തിയിരുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല) പിണഞ്ഞ അബദ്ധങ്ങള്‍ നമുക്കും പിണയും. ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കാന്‍ യുക്തിയെ അമിതമായി ആശ്രയിച്ചതാണ് അവര്‍ക്ക് വിനയായത്.
ദൈവത്തെ എങ്ങനെയാണോ നാം വിശദീകരിക്കുന്നത് അതുപോലെത്തന്നെ മിഅ്‌റാജിനെ1യും നാം വിശദീകരിക്കണം എന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഈ വിഷയത്തില്‍ ഖുര്‍ആനും ഹദീസും എന്ത് പറയുന്നുവോ അത് വിശ്വസിക്കുക. മനുഷ്യേന്ദ്രിയങ്ങള്‍ക്ക് അപ്പുറമുള്ള ഒരു കാര്യമാണ് ചര്‍ച്ചാ വിഷയം എന്ന ബോധം ഉണ്ടായിരിക്കുക. അതേസംബന്ധിച്ച് നമുക്ക് ചില ഭാവനകളൊക്കെ ഉണ്ടാവാമെങ്കിലും അത് വിവരണാതീതമാണ് എന്ന സത്യവും നാം ഉള്‍ക്കൊള്ളണം. സത്ത എന്ത് എന്നതാണ് പ്രധാനം. അത് ദൈവത്തിലേക്കുള്ള മനുഷ്യന്റെ ആരോഹണമാണ്. 'എവിടെ', 'എങ്ങനെ' പോലുള്ള അതിന്റെ ഭൗതിക പ്രത്യക്ഷങ്ങളൊന്നും അവിടെ പ്രസക്തമല്ല. സംഭവം തീര്‍ത്തും ആത്മീയമാണ്. ആ തലത്തിലേ അതിനെ പഠിക്കാവൂ. അതിന്റെ ഭൂമിശാസ്ത്രം തെരഞ്ഞുപോയാല്‍ നാം അങ്കലാപ്പിലാവുകയേ ഉള്ളൂ.
നബിയുടെ മിഅ്‌റാജിനു ശേഷം വളരെ പ്രക്ഷുബ്ധമായിരുന്നു മക്ക. പല രീതിയിലാണ് ആളുകള്‍ അതിനെ കണ്ടത്. മിഅ്‌റാജിന്റെ പിറ്റേന്നുതന്നെ വാര്‍ത്ത പ്രചരിച്ചിരുന്നെങ്കിലും അബൂബക്ര്‍ സിദ്ദീഖ് (റ) നബിയില്‍നിന്ന് നേരിട്ട് ഈ സംഭവം കേട്ടിരുന്നില്ല. ചില അവിശ്വാസികള്‍ അദ്ദേഹത്തോട് ചോദിച്ചു: നിങ്ങളുടെ സുഹൃത്ത് ആകാശലോകത്തേക്ക് സാഹസികയാത്ര നടത്തിയെന്നും ദൈവവുമായി സന്ധിച്ചുവെന്നും പറയുന്നുണ്ടല്ലോ. എന്താണ് നിങ്ങളുടെ അഭിപ്രായം? അബൂബക്ര്‍(റ) പറഞ്ഞു: 'ഞാന്‍ അദ്ദേഹം പറഞ്ഞത് വിശ്വസിക്കുന്നു. അത് വാസ്തവമാണ്.' ഈ 'ഞെട്ടിക്കുന്ന' വെളിപ്പെടുത്തല്‍ ഉള്‍ക്കൊള്ളാനാവാതെ ചില പുതുവിശ്വാസികള്‍ തങ്ങളുടെ പഴയ ലാവണത്തിലേക്ക് തിരിച്ചുപോവുക വരെ ചെയ്തു. അബൂദര്‍റിനെപ്പോലുള്ള ഒരു അനുയായി പോലും നബിയോട് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. ദൈവത്തെ കണ്ടുവോ, എങ്ങനെയിരിക്കുന്നു അവന്‍, എങ്ങനെ അവനെ കാണാന്‍ പറ്റി പോലുള്ള ചോദ്യങ്ങള്‍. ഇങ്ങനെ മിഅ്‌റാജിനോട് പലതരത്തിലായിരുന്നു പ്രതികരണങ്ങള്‍.
ഇവിടെ നമുക്ക് പ്രശസ്ത നബിചരിത്രകാരന്‍ ഇബ്‌നു ഹിശാമിന്റെ ഒരു പരാമര്‍ശം ഓര്‍മിക്കാം. അദ്ദേഹം പറയുന്നത് ഇതാണ്. നബിക്ക് വഹ്‌യ് (ദിവ്യബോധനം) ലഭിച്ചുകൊണ്ടിരുന്നത് പല സന്ദര്‍ഭങ്ങളിലും പല രീതികളിലാണ്. ഹിറാ ഗുഹയില്‍ വെച്ച് ആദ്യ ദിവ്യബോധനം ഉണ്ടാവുന്നത് നബി ഉറങ്ങിക്കിടക്കെ സ്വപ്‌നത്തിലാണ്. ഇതില്‍ അത്ഭുതമില്ല. കാരണം തീര്‍ത്തും അവിചാരിതവും അപ്രതീക്ഷിതവുമായ ഇത്തരമൊരു കാര്യം ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ അതിന്റെ ഞെട്ടല്‍ താങ്ങാവുന്നതിനപ്പുറമായിരിക്കും. ഒട്ടും നിനച്ചിരിക്കാതെ പദാര്‍ഥാതീത ലോകവുമായി ഒരാള്‍ ബന്ധം സ്ഥാപിക്കുകയാണല്ലോ. അതൊരിക്കലും എളുപ്പമല്ല. ഒരാള്‍ അതുമായി ക്രമേണ പരിചയിച്ചുവരേണ്ടതുണ്ട്.
മിഅ്‌റാജിന്റെ വിശദാംശങ്ങള്‍
അസ്സുര്‍ഖാനി പറയുന്നത്, ചുരുങ്ങിയത് 45 സ്വഹാബികളെങ്കിലും മിഅ്‌റാജിനെ സംബന്ധിച്ച് വിവരം നല്‍കിയിട്ടുണ്ട് എന്നാണ് (സംഭവം നടക്കുമ്പോള്‍ ചെറു പ്രായത്തിലായിരുന്നവരുടെ വിവരണങ്ങള്‍ ആ പേരില്‍ നാം അവഗണിക്കാന്‍ പാടില്ല. ഉദാഹരണത്തിന് ആഇശ(റ). അന്നവര്‍ ചെറിയ കുട്ടിയായിരുന്നു. പക്ഷേ നബിപത്‌നി എന്ന നിലക്ക് നബിയില്‍നിന്ന് നേരില്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള അവസരം മറ്റാരേക്കാളും കൂടുതല്‍ അവര്‍ക്ക് പിന്നീട് ലഭിച്ചു. അവരുടെ ബുദ്ധികൂര്‍മതയും ബൗദ്ധിക ജിജ്ഞാസയും അറിവിനോടുള്ള അടങ്ങാത്ത ആര്‍ത്തിയും പ്രസിദ്ധമാണല്ലോ). സംഭവം റിപ്പോര്‍ട്ട് ചെയ്ത ധാരാളം നിവേദകര്‍ ഉള്ളതിനാല്‍ വിവരണങ്ങളില്‍ ചില വ്യത്യാസങ്ങള്‍ കാണുക സ്വാഭാവികമാണ്; പ്രത്യേകിച്ച് മിഅ്‌റാജില്‍ നടന്ന സംഭവങ്ങളുടെ ക്രമത്തെക്കുറിച്ച്. ഈ വ്യത്യാസങ്ങളെക്കുറിച്ച് ഇബ്‌നു കസീര്‍ എഴുതുകയും ഏതെല്ലാം റിപ്പോര്‍ട്ടുകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ബുഖാരിയുടെ വിവരണത്തിലൂടെ നമുക്ക് സംഭവത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാം:
ഒരു രാത്രി2 നബി കിടക്കുകയായിരുന്നു. ഉറക്കമോ ഉണര്‍ച്ചയോ എന്ന് പറയാന്‍ പറ്റാത്ത ഒരു അവസ്ഥയിലായിരുന്നു അപ്പോള്‍ അദ്ദേഹം. അപ്പോള്‍ ജിബ്‌രീല്‍ മാലാഖ കടന്നുവരികയും അദ്ദേഹത്തിന്റെ നെഞ്ച് പിളര്‍ത്തി ഹൃദയം ശുദ്ധിയാക്കുകയും ചെയ്തു. പിന്നെ യാത്ര ചെയ്യാനായി ബുറാഖ് എന്ന സവിശേഷ മൃഗത്തെ കൊണ്ടുവന്നു. കഅ്ബയില്‍നിന്ന് അവര്‍ നേരെ ഒന്നാനാകാശത്തേക്ക് കടന്നു. പാറാവുകാര്‍ വാതില്‍ തുറന്നപ്പോള്‍ അവിടെ ആദം നില്‍ക്കുന്നുണ്ടായിരുന്നു, മുഹമ്മദ് നബിയെ സ്വാഗതം ചെയ്യാനായി. രണ്ടാനാകാശത്ത് രണ്ട് സഹോദര പുത്രന്മാരുണ്ടായിരുന്നു; യേശുവും സ്‌നാപക യോഹന്നാനും (യഹ്‌യ). മൂന്നാനാകാശത്ത് ജോസഫ് (യൂസുഫ്). നാലില്‍ ഹനോക്ക് (ഇദ്‌രീസ്). അഞ്ചില്‍ ആരോണ്‍ (ഹാറൂന്‍). ആറില്‍ മോസസ്. ഏഴില്‍ അബ്രഹാം; അദ്ദേഹമവിടെ 'അല്‍ ബൈത്തുല്‍ മഅ്മൂര്‍' എന്ന പള്ളിയില്‍ ചാരിനില്‍ക്കുകയായിരുന്നു (ഇതിനെയായിരിക്കാം ഖുര്‍ആന്‍ 'വിദൂരത്തുള്ള പള്ളി' എന്ന് വിശേഷിപ്പിച്ചത്). കുറച്ചപ്പുറം അതിരിട്ടുകൊണ്ട് ഒരു ഇലന്തമരം (സിദ്‌റ, ഖുര്‍ആന്‍ 53:14). ജിബ്‌രീല്‍ പറഞ്ഞു: 'ഞാന്‍ ഈ പരിധിക്കപ്പുറം പോവുകയാണെങ്കില്‍ ദിവ്യപ്രകാശ(തജല്ലി)ത്തിന്റെ തീക്ഷ്ണതയില്‍ ഞാന്‍ കരിഞ്ഞുപോകും. താങ്കള്‍ പോകൂ. താങ്കള്‍ക്കാണ് ക്ഷണമുള്ളത്.' അങ്ങനെ ദിവ്യസാന്നിധ്യത്തിന്റെ ഉമ്മറപ്പടി വരെയുള്ള വഴികള്‍ ജിബ്‌രീല്‍ കാണിച്ചുകൊടുത്തു. നബി അങ്ങോട്ട് അടുത്തുകൊണ്ടിരുന്നപ്പോള്‍, ദൈവേഛകളും തീരുമാനങ്ങളും എഴുതിക്കൊണ്ടിരിക്കുന്നതിന്റെ ശബ്ദം കേട്ടു. പിന്നെ അദ്ദേഹം 'വിശുദ്ധ സാന്നിധ്യ'(ഹദീറത്തുല്‍ ഖുദ്‌സ്)ത്തില്‍ എത്തിപ്പെടുന്നു. ഖുര്‍ആന്റെ വിവരണമനുസരിച്ച് (53:9), പ്രപഞ്ചനാഥനും അവന്റെ അതിഥിയും തമ്മില്‍ അപ്പോള്‍ രണ്ട് വില്ലിന്റെയോ അതില്‍ കുറഞ്ഞോ അകലം മാത്രമാണുണ്ടായിരുന്നത്.3
അവര്‍ തമ്മിലെ അഭിവാദ്യങ്ങള്‍ ഇങ്ങനെ: നബി പറഞ്ഞു: പ്രപഞ്ചനാഥന് കളങ്കലേശമില്ലാത്ത എല്ലാവിധ അനുഗൃഹീത അഭിവാദ്യങ്ങളും.
പ്രപഞ്ചനാഥന്റെ മറുപടി: ഓ നബിയേ, താങ്കള്‍ക്ക് ദിവ്യാനുഗ്രഹങ്ങളും കാരുണ്യവും.
നബി തുടര്‍ന്നു: സല്‍പാന്ഥാവില്‍ ചരിക്കുന്ന ദൈവത്തിന്റെ എല്ലാ ദാസന്മാര്‍ക്കും സമാധാനം ഉണ്ടാവട്ടെ.
പിന്നെ, 'അവന്‍ തന്റെ ദാസന് (മുഹമ്മദിന്) താന്‍ ദിവ്യബോധനം നല്‍കിയതെല്ലാം നല്‍കി' (53:10); ഒപ്പം പന്ത്രണ്ട് കല്‍പനകളും (17:23-29). മൂസാ നബിക്ക് ലഭിച്ചത് പത്ത് കല്‍പനകളായിരുന്നല്ലോ. ഈ വിഷയത്തിലേക്ക് നാം പിന്നീട് വരുന്നുണ്ട്.
ഹദീസുകളുടെ വിവരണപ്രകാരം, മുഹമ്മദ് നബിയില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും, തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ അവര്‍ ശിക്ഷിക്കപ്പെടുമെങ്കിലും, അല്ലാഹു പരലോക മോക്ഷം നല്‍കും എന്ന വാഗ്ദാനവും ലഭിച്ചത് ഈ സമാഗമത്തില്‍ വെച്ചാണ്. പിന്നെ അഞ്ചു നേരത്തെ പ്രാര്‍ഥനകള്‍ (നമസ്‌കാരങ്ങള്‍) നിര്‍ണയിച്ചുകൊടുത്തു. പോരുംവഴിക്ക് ജിബ്‌രീല്‍, സ്വര്‍ഗവും അതിന്റെ സന്തോഷങ്ങളും നബിക്ക് കാണിച്ചുകൊടുത്തു; സ്വര്‍ഗാവകാശികളെയും. നരകവും അതിന്റെ ഭീകരതകളും അതില്‍ കഴിയേണ്ടിവന്നവരുമൊക്കെ പിന്നീട് കാണിക്കപ്പെട്ടു. ആകാശലോകത്തു നിന്ന് തിരിച്ചിറങ്ങിയത് ജറൂസലമിലാണ്. അവിടെ മുന്‍ പ്രവാചകന്മാര്‍ അദ്ദേഹത്തെ സ്വീകരിച്ചു, വരവേറ്റു. തങ്ങളുടെ ഇമാമായി നമസ്‌കരിക്കണമെന്ന് അവര്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. അവരുടെയെല്ലാം പ്രവാചകത്വദൗത്യം അവസാനിച്ചതാണല്ലോ. മുഹമ്മദ് നബിയുടേത് തുടങ്ങിയിട്ടല്ലേ ഉള്ളൂ. ഒടുവില്‍ പ്രവാചകന്‍ മക്കയില്‍ തിരിച്ചെത്തി. കണ്‍തുറന്നുനോക്കുമ്പോള്‍ അദ്ദേഹം കഅ്ബാങ്കണത്തില്‍ ആയിരുന്നു. ഇതാണ് ബുഖാരി നല്‍കുന്ന വിവരണം.
(തുടരും)
കുറിപ്പുകള്‍
1. വിശുദ്ധ ഖുര്‍ആിലെ പതിനേഴാം അധ്യായം 'നിശാപ്രയാണം' (ഇസ്‌റാഅ്) ഈ വിഷയത്തെപ്പറ്റി മാത്രമുള്ളതാണ്. 'ആദരണീയ പള്ളിയില്‍നിന്ന്, ചുറ്റുപാടും നാം അനുഗ്രഹിച്ച വിദൂര(അഖ്‌സ്വാ) പള്ളിയിലേക്ക് തന്റെ ദാസനെ നമ്മുടെ ചില ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുക്കാനായി നിശാ പ്രയാണം ചെയ്യിച്ചവന്‍ എത്ര പരിശുദ്ധന്‍! അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും തന്നെ' എന്നാണ് അധ്യായത്തിന്റെ തുടക്കം. ഇവിടെ 'ദാസന്‍' എന്നു പറഞ്ഞിരിക്കുന്നത് മുഹമ്മദ് നബിയെക്കുറിച്ചാണ് ('ആകാശഭൂമികളിലുള്ളവരെല്ലാം തന്നെ കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ ദാസന്മാരായി വരുന്നവര്‍ മാത്രമാണ്' (19:93) എന്ന സൂക്തം ഇവിടെ ഓര്‍മിക്കാം. 43: 19 സൂക്തവും കാണുക.) 'ആദരണീയ പള്ളി' കഅ്ബയാണ്. 'വിദൂര പള്ളി' ഏതാണെന്ന് നാം ചര്‍ച്ച ചെയ്യാന്‍ പോകുന്നു.
2. ഒരാള്‍ക്ക് ഒപ്പമെത്തണമെങ്കിലോ അയാളെ മറികടന്നു പോകണമെങ്കിലോ മികവില്‍ അയാളോടൊപ്പം എത്തണമല്ലോ. ഇവിടെ എട്ട് നബിമാരെയാണ് മുഹമ്മദ് നബി കണ്ടുമുട്ടുന്നത്. അനുഗമിക്കുന്ന ജിബ്‌രീല്‍ മാലാഖ ദൈവത്തിന്റെ അടുപ്പക്കാരില്‍ (അല്‍ മലാഇകതുല്‍ മുഖര്‍റബൂന്‍)ഒരാളായിരുന്നിട്ടു കൂടി, ആ മാലാഖക്ക് ഒരു പരിധിക്കപ്പുറം പോകാന്‍ അനുവാദമില്ല. ഈ എട്ട് പ്രവാചകന്മാര്‍ക്കും അവരുടേതായ മിഅ്‌റാജ് (ആരോഹണം) ഉണ്ടായിരുന്നു എന്നു കാണാം. ആദം സൃഷ്ടിക്കപ്പെട്ടതു തന്നെ സ്വര്‍ഗത്തിലാണല്ലോ. ദൈവം അദ്ദേഹത്തോട് നേരില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. സ്‌നാപക യോഹന്നാന്‍ (യഹ്‌യ) ആണ് യേശുവിനെ ആത്മീയ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. അവര്‍ സമകാലികരായിരുന്നതുകൊണ്ട് സഹ പ്രവാചകന്മാര്‍ കൂടിയാണ്. ഇരുവര്‍ക്കും നിര്‍വഹിക്കാനുണ്ടായിരുന്നത് ഒരേ ദൗത്യം. 'ദൈവം അദ്ദേഹത്തെ തന്നിലേക്ക് ഉയര്‍ത്തി' (4:158) എന്ന് യേശുവിനെക്കുറിച്ച് ഖുര്‍ആന്‍ വ്യക്തമായി പറയുന്നുണ്ടല്ലോ. അതിനാല്‍ ഈ ആരോഹണം ഒരര്‍ഥത്തില്‍ സ്‌നാപക യോഹന്നാന്റെ ആരോഹണം കൂടിയാണ്. ജോസഫിനെ (യൂസുഫ്)ക്കുറിച്ച് ഖുര്‍ആന്‍, 'അദ്ദേഹം അവളെ (രാജപത്‌നിയെ) ആഗ്രഹിക്കുമായിരുന്നു, ദൈവദൃഷ്ടാന്തം അദ്ദേഹം കണ്ടില്ലായിരുന്നുവെങ്കില്‍' (12:24) എന്ന് പറയുന്നുണ്ട്. ഹനോക്കി(ഇദ്‌രീസ്)നെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: 'ഉന്നതമായ ഒരു സ്ഥാനത്തേക്ക് അദ്ദേഹത്തെ നാം ഉയര്‍ത്തിയിരിക്കുന്നു' (19:57). മോസസിന്റെ ആവശ്യപ്രകാരം (20:29,30) അദ്ദേഹത്തിന്റെ സഹ പ്രവാചകനായി നിയോഗിക്കപ്പെട്ടതാണ് ആരണ്‍ (ഹാറൂന്‍). ഇവര്‍ രണ്ടുപേരെയും ഖുര്‍ആന്‍ ഒറ്റ പ്രവാചകനായി എണ്ണിയിട്ടുമുണ്ട്. 'ഞങ്ങള്‍ രണ്ടു പേരും ലോകനാഥന്റെ ദൂതന്‍ (റസൂല്‍) ആണ്' എന്നാണവര്‍ പറയുന്നത് (26:16); ഭാഷാപരമായി 'രണ്ട് ദൂതന്മാര്‍' എന്ന് പറയേണ്ടതായിരുന്നല്ലോ. മോസസിന് ദിവ്യദര്‍ശനമുണ്ടായി എന്നത് ഖുര്‍ആന്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുള്ളതാണ് (7:134). 'അങ്ങനെ അദ്ദേഹത്തിന്റെ നാഥന്‍ പര്‍വതത്തില്‍ പ്രത്യക്ഷനായപ്പോള്‍ ആ പര്‍വതത്തെ അത് തകര്‍ത്തുകളഞ്ഞു; മോസസ് ബോധരഹിതനായി വീണു.' അബ്രഹാമിനെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: 'അപ്രകാരം ആകാശഭൂമികളുടെ ആധിപത്യ വ്യവസ്ഥയെ അബ്രഹാമിന് നാം കാണിച്ചുകൊടുക്കുന്നു. അദ്ദേഹം ദൃഢവിശ്വാസികളില്‍ പെടാന്‍ വേണ്ടി' (6:75). ആധികാരികമായ വിവരണങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍, ഈ എട്ട് പ്രവാചകന്മാര്‍ എന്തുകൊണ്ട് ആകാശലോകങ്ങളില്‍ പ്രത്യക്ഷരായി എന്നതിനെക്കുറിച്ച് ഓരോരുത്തര്‍ക്കും തങ്ങളുടേതായ അന്വേഷണങ്ങള്‍ നടത്താവുന്നതാണ്.
മുന്‍കാല പണ്ഡിതന്മാര്‍ അതേക്കുറിച്ച് വല്ലാതെയൊന്നും പറഞ്ഞിട്ടില്ല. ബുഖാരി നല്‍കിയ വിവരണത്തിന് അബുല്‍ ഹുസൈന്‍ ബ്‌നു ബത്താലി എന്നൊരാള്‍ നല്‍കിയ വ്യാഖ്യാനം സുഹൈലി(റൗദ് ക, 249-251) അപ്പാടെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇതാണ് വ്യാഖ്യാനം: മുഹമ്മദ് നബി വരുന്നുണ്ടെന്ന് അറിഞ്ഞ് എല്ലാ പ്രവാചകന്മാരും ഓടിക്കൂടിയത്രെ. അവരില്‍ ഏറ്റവുമാദ്യം ഓടിയെത്തിയവരാണ് ഈ എട്ടു പേര്‍! സുഹൈലി മറ്റൊരു യുക്തി അവതരിപ്പിക്കുന്നുണ്ട്: 'മുഹമ്മദ് നബിയുടെ ജീവചരിത്രവുമായി വളരെ സാമ്യമുള്ളതാണ് ഈ എട്ട് നബിമാരുടെയും ജീവിതങ്ങള്‍. 1. ആദം ദൈവത്തിന് സമീപസ്ഥനായി അവന്റെ സംരക്ഷണത്തില്‍ കഴിഞ്ഞുവരികയായിരുന്നു. പിശാച് അദ്ദേഹത്തെ അവിടെ നിന്ന് പുറത്താക്കി. മുഹമ്മദ് നബിയും ദൈവഭവനമായ കഅ്ബയുടെ സമീപസ്ഥനായിരുന്നല്ലോ. പിശാചുക്കളായി മാറിയ സ്വന്തം നാട്ടുകാരാണ് അദ്ദേഹത്തെയും പുറത്താക്കുന്നത്. 2-3. സ്‌നാപക യോഹന്നാനെയും യേശുവിനെയും ജൂത അധികാരിവര്‍ഗം പിടികൂടി വധിക്കാന്‍ ശ്രമിച്ചു. മദീനയില്‍ വെച്ചും ൈഖബറില്‍ വെച്ചും ഇതേ അനുഭവം ജൂതന്മാരില്‍നിന്ന് മുഹമ്മദ് നബിക്ക് ഉണ്ടായിട്ടുണ്ട്. 4. ജോസഫിനെ സ്വന്തം സഹോദരന്മാര്‍ നിരന്തരം പീഡിപ്പിച്ചു. പക്ഷേ, ജോസഫ് ഈജിപ്തില്‍ അധികാരമേറ്റപ്പോള്‍ തന്റെ സഹോദരന്മാര്‍ക്ക് പൊറുത്തുകൊടുക്കുകയാണ് ചെയ്തത്. മക്ക ജയിച്ചടക്കിയപ്പോള്‍ മുഹമ്മദ് നബിയും തന്നെ ക്രൂരമായി പീഡിപ്പിച്ച സ്വന്തം നാട്ടുകാര്‍ക്ക് മാപ്പു നല്‍കുകയാണല്ലോ ചെയ്തത്. 5. ഹനോക്ക് എന്ന ഇദ്‌രീസാണ് ആദ്യം പേന ഉപയോഗിച്ച പ്രവാചകന്‍; തന്റെ സമകാലികരായ എല്ലാ രാജാക്കന്മാര്‍ക്കും മുഹമ്മദ് നബി കത്തുകള്‍ എഴുതിയിരുന്നല്ലോ. 6. ജനങ്ങള്‍ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നയാളായിരുന്നു ആരണ്‍. പ്രവാചകനാവുന്നതിനു മുമ്പ് മുഹമ്മദ് നബിയും നാട്ടുകാരുടെ ഇഷ്ടഭാജനമായിരുന്നല്ലോ. 7. പ്രതിയോഗികളോട് യുദ്ധം ചെയ്യാന്‍ മോസസിനോട് കല്‍പിക്കുന്നുണ്ട്. തബൂക്കിലും ദൗമതുല്‍ ജന്‍ദലിലും മക്കയിലും വെച്ച് നബിക്കും ആ കല്‍പന ലഭിക്കുന്നുണ്ടല്ലോ. 8. അബ്രഹാം, മാലാഖമാരുടെ പള്ളിയായ അല്‍ബൈത്തുല്‍ മഅ്മൂറില്‍ ചാരിനില്‍ക്കുന്നതായാണ് ചിത്രീകരിച്ചിട്ടുള്ളത്. കഅ്ബക്ക് നേരെ മുകളിലാണത്രെ ഈ പള്ളി. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന കഅ്ബ പുനര്‍നിര്‍മിക്കുന്നതും അബ്രഹാമാണല്ലോ. ഇനിയും കാരണങ്ങളുണ്ടാകാമെന്ന് സുഹൈലി പറയുന്നു.
ഈ എട്ട് നബിമാര്‍ക്കും ആത്മീയമായ ആരോഹണം (മിഅ്‌റാജ്) ലഭിച്ചിരുന്നതായി ഖുര്‍ആന്റെ വെളിച്ചത്തില്‍ തന്നെ നാം വ്യക്തമാക്കുകയുണ്ടായി. അവരുടെ ജീവിതം പഠിച്ചാലും അവര്‍ ഈ പാരിതോഷികത്തിന് അര്‍ഹരായിരുന്നു എന്നും കാണാനാവും. ആദം സമര്‍പ്പണത്തെ പ്രതിനിധീകരിക്കുന്നു. താന്‍ മനഃപൂര്‍വം തെറ്റു ചെയ്തു എന്ന മട്ടില്‍ അത്യന്തം വിനയാന്വിതനും വിനീതനുമായാണ് അദ്ദേഹം ദൈവത്തോട് മാപ്പപേക്ഷിക്കുന്നത്. യോഹന്നാനും യേശുവും സൗമ്യതയുടെ ഉടലെടുത്ത രൂപങ്ങളായിരുന്നു. ശത്രുക്കളെപ്പോലും സ്‌നേഹിക്കൂ എന്നാണ് അവര്‍ ഉപദേശിച്ചത്. 'ഒരു കവിളില്‍ അടിയേറ്റാല്‍ മറ്റേ കവിളും കാണിച്ചുകൊടുക്കൂ' എന്നത് അവരിലേക്ക് ചേര്‍ത്തു പറയുന്ന വചനമാണല്ലോ. ജോസഫാകട്ടെ എല്ലാ സ്‌ത്രൈണ പ്രലോഭനങ്ങളെയും അതിജീവിച്ച് പാതിവ്രത്യം കളങ്കമേല്‍ക്കാതെ കാക്കുകയാണ്. എഴുത്തുകല കണ്ടുപിടിച്ചുകൊണ്ട് വികസനത്തിനും ശാസ്ത്ര-സാംസ്‌കാരിക വളര്‍ച്ചക്കും വഴിയൊരുക്കുകയാണ് ഹനോക്ക്. തന്റെ ജനതയുടെ ആത്മീയ, സാംസ്‌കാരിക ഉണര്‍വിന് നേതൃത്വം നല്‍കുകയാണ് ആരണ്‍. എല്ലാ കഴിവുകളും പുറത്തെടുത്ത് അധര്‍മത്തിന്റെ ശക്തികള്‍ക്കെതിരെ പടപൊരുതുകയാണ് മോസസ്. അബ്രഹാമാകട്ടെ എല്ലാറ്റിനുമുപരി ദൈവത്തെ സ്‌നേഹിക്കുന്നു. സ്വന്തം മകനെ അറുക്കണമെന്നാണ് ദൈവം കല്‍പിക്കുന്നതെങ്കില്‍ അതിനും തയാര്‍. ബഹുദൈവത്വ വിശ്വാസങ്ങള്‍ ഉപേക്ഷിച്ചതിന്റെ പേരില്‍ തീകുണ്ഠത്തില്‍ എറിയപ്പെടാനാണ് വിധിയെങ്കില്‍ അബ്രഹാമിന് ചാഞ്ചല്യമൊന്നുമില്ല.
ഈ ഗുണങ്ങളത്രയും മഹാ മനസ്സുകള്‍ക്ക് മാത്രമേ ആര്‍ജിച്ചെടുക്കാനാവൂ. മാലഖമാര്‍ വരെ ഇവരുടെ പിറകിലേ വരൂ. മഹാന്മാരായ ഈ നബിമാരുടെ അന്യാദൃശ ഗുണവിശേഷങ്ങളൊക്കെ മുഹമ്മദ് നബിയില്‍ സംഗമിക്കുന്നത് നാം കാണുന്നു.
3. ബുഖാരിയില്‍ (20/1, 28/26/4) ഇങ്ങനെയൊരു നബിവചനമുണ്ട്: 'മൂന്ന് പള്ളികളെ ലക്ഷ്യം വെച്ചേ നിങ്ങള്‍ യാത്രാ സജ്ജീകരണങ്ങള്‍ ഒരുക്കാവൂ. ഒന്ന്, മക്കയിലെ വിശുദ്ധ പള്ളി. രണ്ട്, മദീനയിലെ എന്റെ ഈ പള്ളി. മൂന്ന്, മസ്ജിദുല്‍ അഖ്‌സ്വാ.' ഇവിടെ മസ്ജിദുല്‍ അഖ്‌സ്വാ എന്ന് പറയുന്നത് ജറൂസലമിലെ പള്ളി തന്നെയാണ്; ആകാശലോകത്തെ പള്ളിയല്ല. ഇവിടെ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഈ ഹദീസില്‍ പറയുന്ന മസ്ജിദുല്‍ അഖ്‌സ്വാ ഒരു പ്രത്യേക പള്ളിയുടെ നാമമാണ്. ഖുര്‍ആനില്‍ പറയുന്ന പള്ളിയാകട്ടെ (17:1) ഒരു നാമവിശേഷണമായാണ് വന്നിരിക്കുന്നത്. അതിനാല്‍ രണ്ടും ഒന്നാണെന്ന് കരുതിക്കൂടാത്തതാണ്. രണ്ട്, അബുല്‍ യമാന്‍ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്യാറുണ്ടായിരുന്നത്, 'വിശുദ്ധ പള്ളി, എന്റെ ഈ പള്ളി, പിന്നെ ഏയ്‌ലിയ' എന്നാണ് (മസ്ജിദുല്‍ അഖ്‌സ്വാക്ക് പകരമാണ് ഈ വാക്ക്). എം.എം അസ്മയുടെ Studies in Early Hadith Literature എന്ന കൃതിയിലെ അറബി അനുബന്ധത്തില്‍, പേജ് 154, ഇതു സംബന്ധമായി ചര്‍ച്ചയുണ്ട്. സ്വഹീഹ് മുസ്‌ലിമും ഏയ്‌ലിയ എന്ന വാക്ക് (15/513, ചീ. 1387/3) സ്ഥിരപ്പെടുത്തിയതായി കാണാം. അലഹശമ എന്ന വാക്ക് ജറൂസലമിനെ കുറിക്കാനാണ് ഉപയോഗിച്ചുവന്നിരുന്നത്. അബൂസുഫ്‌യാന്‍ ഹെറാക്ലിയസിനെ കണ്ടുമുട്ടിയ സംഭവം വിവരിക്കുമ്പോള്‍ ബുഖാരി (1/1/6)/യും ഈ വാക്ക് പ്രയോഗിക്കുന്നുണ്ട്. ഉമര്‍(റ) ജറൂസലം കീഴടക്കിയപ്പോള്‍ അന്നാട്ടുകാര്‍ക്ക് സംരക്ഷണം ഉറപ്പു നല്‍കിക്കൊണ്ട് ഒപ്പിട്ട രേഖയില്‍ ജറൂസലമിനെ കുറിക്കാന്‍ ഈ വാക്ക് അഞ്ചു തവണ കടന്നുവരുന്നുണ്ട് (ത്വബരി, താരീഖ് ക, 2405-2406). എന്റെ അഭിപ്രായം ഇതാണ്: ബുഖാരിയുടെ കാലമായപ്പോഴേക്കും ഉമവി ഖലീഫ അബ്ദുല്‍ മലിക് അവിടെ നിര്‍മിച്ച ഖുബ്ബത്ത്സ്സ്വഖ്‌റ (Dome of Rock)ക്ക് 'മസ്ജിദുല്‍ അഖ്‌സ്വാ' എന്ന പേര് വന്നുകഴിഞ്ഞിരുന്നു. എന്നു മാത്രമല്ല എല്ലാവരും ആ പേര് തന്നെ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അതിന്റെ യഥാര്‍ഥ പേരായ അലഹശമ ഇമുശമേഹശിമ കാലക്രമത്തില്‍ പറ്റെ വിസ്മൃതിയിലാവുകയും ചെയ്തു. സ്ഥലമേതെന്നു വ്യക്തമാവാന്‍ ചരിത്രകാരന്മാര്‍ക്കും പുതിയ പേര് സ്വീകരിക്കുകയേ മാര്‍ഗമുണ്ടായിരുന്നുളളൂ. ഇസ്രാഅ് അധ്യായത്തില്‍ തന്നെ ഏഴാം വചനത്തില്‍ ഒരു 'അല്‍മസ്ജിദി'നെ കുറിച്ച് പറയുന്നു. ആ മസ്ജിദ് തന്നെയാണോ അതേ അധ്യായത്തിലെ ഒന്നാം സൂക്തത്തില്‍ പറഞ്ഞ 'അല്‍ മസ്ജിദുല്‍ അഖ്‌സ്വാ'? ഞാന്‍ അങ്ങനെ കരുതുന്നില്ല. ഇസ്രാഅ് അധ്യായത്തിലെ ആദ്യ സൂക്തത്തില്‍ പറയുന്നത് മുഹമ്മദ് നബിയുടെ മിഅ്‌റാജിനെപ്പറ്റിയാണ്. പിന്നെ രണ്ട് മുതല്‍ എട്ടു വരെയുള്ള സൂക്തങ്ങളില്‍ വിഷയത്തില്‍നിന്ന് അല്‍പം മാറി സമാന സ്വഭാവമുള്ള മോസസിന്റെ മിഅ്‌റാജിനെക്കുറിച്ചാണ് പറയുന്നത്. ദൈവധിക്കാരികളായിത്തീര്‍ന്ന ഇസ്രാഈല്‍ സമൂഹം നേരിടേണ്ടിവന്ന ദുരന്തങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നു. മുഹമ്മദ് നബി ആകാശാരോഹണമാണ് നടത്തിയത്. എങ്കില്‍പിന്നെ, ഖുര്‍ആന്‍ ജറൂസലമിലേക്കുള്ള യാത്രയെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ എന്ന് പറയുന്നത് സാമാന്യ യുക്തിക്ക് നിരക്കുന്നതാണോ? ആകാശലോകങ്ങളില്‍നിന്ന് തിരിച്ചുവരുമ്പോള്‍ മുഹമ്മദ് നബി ജറൂസലം വഴി കടന്നുപോന്നിട്ടുണ്ട് എന്നത് സത്യമാണ്. മിഅ്‌റാജ് എന്ന ഈ മഹാ സംഭവത്തെ അതിന്റെ പൂര്‍ണതയില്‍ എടുക്കുമ്പോള്‍ ജറൂസലമിലേത് ഒരു ചെറിയ സംഭവം മാത്രമാണ്. ഞാന്‍ പറഞ്ഞുവരുന്നത് ഇതാണ്: മിഅ്‌റാജിലെ ഒരു സംഭവം തന്നെയാണ് ജറൂസലം യാത്ര. പക്ഷേ ഖുര്‍ആന്‍ അതിനെക്കുറിച്ചല്ല പറയുന്നത് (വിശദാംശങ്ങള്‍ക്ക് എന്റെ 'മസ്ജിദുല്‍ അഖ്‌സ്വാ വല്‍ മസ്ജിദുല്‍ അഖ്‌സ്വാ' എന്ന അറബി ലേഖനം കാണുക. ഹിദായ മാഗസിന്‍, തൂനിസ്, 1403/1983).
Comments