മാതാപിതാക്കളുടെ പിണക്കം തീര്‍ത്ത മിടുക്കി
തന്റെ മാതാപിതാക്കള്‍ തമ്മിലെ ബന്ധം നന്നാക്കിയെടുക്കുന്നതിനെക്കുറിച്ചാണ് ആ യുവതി ഏതു നേരവും ചിന്തിച്ചുകൊണ്ടിരുന്നത്. ബന്ധം എങ്ങനെ പൂര്‍വസ്ഥിതിയിലാക്കാം? രാപ്പകല്‍ ഭേദമില്ലാതെ ഈയൊരു ചിന്ത മാത്രമാണവള്‍ക്ക്. പത്തു വര്‍ഷമായി അവര്‍ തമ്മിലെ ബന്ധം തകര്‍ന്നിട്ട്. വളരെ അവശ്യഘട്ടങ്ങളില്‍ മാത്രമേ ഇരുവരും തമ്മില്‍ സംസാരിക്കൂ; അതും മക്കളുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യം. ഇരുവരും എന്നും കലഹമായിരിക്കും. ചിരിയോ മന്ദഹാസമോ ഒന്നും ഇരുവരുടെയും മുഖത്ത് വിരിയില്ല. കോളേജില്‍ തന്റെ കൂട്ടുകാരികളോടൊത്തിരിക്കുമ്പോള്‍ മനസ്സ് തകര്‍ന്നുപോവാറുണ്ടെന്ന് യുവതി ദുഃഖത്തോടെ ഓര്‍ത്തു. കൂട്ടുകാരികള്‍ തങ്ങളുടെ മാതാപിതാക്കള്‍ തമ്മിലെ സ്‌നേഹവായ്പിനെക്കുറിച്ച് വാതോരാതെ പറയുമ്പോള്‍ തനിക്ക് മാതാപിതാക്കളെക്കുറിച്ച് പറയാന്‍ അവര്‍ക്കിടയിലെ പിണക്കം മാത്രമാണല്ലോ എന്ന വിചാരം അവളെ കൂടുതല്‍ ദുഃഖാകുലയാക്കി.
തന്റെ മാതാപിതാക്കള്‍ തമ്മിലെ ബന്ധം നന്നായിത്തീരാന്‍ അവള്‍ ഇടതടവില്ലാതെ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അവര്‍ക്കിടയില്‍ അനുരഞ്ജനത്തിന് അവസരമുണ്ടാവാന്‍ സ്രഷ്ടാവിനോട് അവള്‍ കേണുപറഞ്ഞു. ഒരു ദിവസം ഉമ്മ തന്റെ സഹോദരനോടൊപ്പം ഹജ്ജ് നിര്‍വഹിക്കാന്‍ പോകുന്നതിന് പിതാവിനോട് അനുവാദം തേടി. പിതാവ് അനുമതി കൊടുത്തു. ഇതുതന്നെ അവര്‍ക്കിടയിലെ ബന്ധം നന്നാക്കാനുള്ള സുവര്‍ണാവസരം എന്നുറച്ച യുവതി നമസ്‌കാരത്തിലും പ്രാര്‍ഥനയിലും മുഴുകി. അല്ലാഹു ഒരു വഴിതുറക്കുമെന്ന് അവള്‍ പ്രത്യാശിച്ചു. മാതാപിതാക്കള്‍ക്കിടയിലെ അകല്‍ച്ച ഇല്ലാതാക്കാനും പിണക്കം തീരാനും യുവതി കണ്ണീരൊഴുക്കി പ്രാര്‍ഥിച്ചു. പിതാവിന്റെ അരികത്തു ചെന്ന് ഉമ്മയോട് പൊറുക്കാനും സ്‌നേഹത്തോടെ വര്‍ത്തിക്കാനും അഭ്യര്‍ഥിക്കുക തന്നെയെന്ന് അവള്‍ മനസ്സില്‍ ഉറച്ചു. അവളുടെ വാക്കുകളില്‍: ''ഞാന്‍ എന്റെ പിതാവിന്റെ മുറിയില്‍ കയറിച്ചെന്നു. ഞാന്‍ കുറേ കരയുകയും പറയുകയും ചെയ്തു. ഹജ്ജിനു പോയ ഉമ്മയെ വെറുക്കരുതെന്നും അവരെ സ്‌നേഹത്തോടെ കാണണമെന്നും പേര്‍ത്തും പേര്‍ത്തും പറഞ്ഞു. ഉമ്മയോടൊത്ത് ഒരു പുതിയ ജീവിതം ആരംഭിക്കണമെന്ന് ഞാന്‍ കരഞ്ഞ് ഉണര്‍ത്തി. ആവശ്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉന്നയിച്ചു. ഒടുവില്‍ പിതാവ് എന്റെ ആവശ്യത്തിനു വഴങ്ങി. എനിക്ക് വിശ്വസിക്കാനായില്ല. ഞാന്‍ എന്റെ പിതാവിനെ സനേഹത്തോടെ, കണ്ണീരോടെ പുണര്‍ന്നു. ഞാന്‍ അല്ലാഹുവിന് നന്ദിസൂചകമായി സാഷ്ടാംഗം അര്‍പ്പിച്ചു. കണ്ണുയര്‍ത്തി നോക്കിയപ്പോള്‍ കാണുന്നത് എന്റെ പിതാവിന്റെ ഇരു കണ്ണുകളും നിറഞ്ഞൊഴുകുന്നു. ഉമ്മയെ ഞാന്‍ വിളിച്ചു ഈ സന്തോഷ വാര്‍ത്ത അറിയിച്ചു. ആനന്ദാതിരേകത്താല്‍ അവര്‍ ഗദ്ഗദകണ്ഠയായി. സന്തോഷം ആ വാക്കുകളെ മുറിച്ചു. തിരിച്ചുവന്ന ഉമ്മയുമായി അറുപത്തിമൂന്നുകാരനായ എന്റെ പിതാവ് മൂന്ന് മണിക്കൂറോളം ഇരുന്ന് ആശയവിനിമയം നടത്തി. അതില്‍ പരസ്പരം കുറ്റപ്പെടുത്തലുണ്ടായിരുന്നു. ധാരണകള്‍ തിരുത്തലുണ്ടായിരുന്നു. മനസ്സ് നന്നാക്കലുണ്ടായിരുന്നു. പരസ്പരം ഹൃദയം തുറന്ന് സ്‌നേഹത്തിന്റെയും തുറന്നുപറയലിന്റെയും മൂന്ന് മണിക്കൂറുകള്‍. അവര്‍ ഇരുവരും അവരുടെ മുറിയില്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ എന്റെ മുറിയില്‍ എല്ലാം ശാന്തമാവാനും അവരുടെ ഹൃദയങ്ങള്‍ ഒന്നാവാനും വേണ്ടി പ്രാര്‍ഥനയില്‍ മുഴുകിയിരുന്നു. അല്ലാഹുവിന് സ്തുതി, അങ്ങനെ പത്തു വര്‍ഷം നീണ്ട പിണക്കം മാറി. ഞങ്ങളുടെ വീട്ടില്‍ വീണ്ടും സന്തോഷം കളിയാടി. മനസ്സുകളില്‍ ആനന്ദം തിരതല്ലി. എന്റെ സഹോദരന്മാരുടെയും സഹോദരിമാരുടെയും മുഖങ്ങളില്‍ പൂനിലാ പുഞ്ചിരി വിരിഞ്ഞു. ഞങ്ങള്‍ക്കെല്ലാം അന്ന് ഒരു പെരുന്നാളായിരുന്നു.''
മാതാപിതാക്കള്‍ തമ്മിലെ പിണക്കം തീര്‍ത്ത യുവതിയുടെ ഈ സംഭവകഥക്ക് ഞാന്‍ സാക്ഷിയാണ്,. അവളുടെ വാക്കുകള്‍ ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്: ''പത്തു വര്‍ഷം നീണ്ട കലഹങ്ങള്‍ക്കും പിണക്കത്തിനും അറുതിവരുത്താന്‍ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനക്ക് ആവുമെന്ന് ഞാന്‍ തീരെ കരുതിയിരുന്നില്ല. വല്ലാത്ത വിസ്മയം തന്നെ.'' ഞാന്‍ അവളോട് പറഞ്ഞു: തീര്‍ച്ചയായും പ്രാര്‍ഥന ഒരായുധമാണ്. അതിന്റെ ശക്തി നിങ്ങള്‍ക്ക് നിരൂപിക്കാന്‍ ആവില്ല. തന്റെ ദാസന്റെ ആത്മാര്‍ഥതയും സത്യസന്ധതയും അല്ലാഹുവിന് ബോധ്യപ്പെട്ടാല്‍ അല്ലാഹു അയാളെ നിരാശനാക്കില്ല. പ്രാര്‍ഥന സ്വീകാര്യമാവാനുള്ള നിബന്ധന പൂര്‍ത്തീകരിക്കണമെന്നു മാത്രം. ആത്മാര്‍ഥത, നബി(സ)യുടെ പേരില്‍ സ്വലാത്ത്, അല്ലാഹുവിനോട് താഴ്മയോടെ ചോദിക്കല്‍, ആവശ്യം ആവര്‍ത്തിച്ചുന്നയിക്കല്‍, കൈകള്‍ ഉയര്‍ത്തല്‍, ധൃതി കൂട്ടാതിരിക്കല്‍, അല്ലാഹു ഉത്തരം നല്‍കുമെന്ന ദൃഢവിശ്വാസം -ഇതൊക്കെ ഉള്ളടങ്ങിയ പ്രാര്‍ഥന.
ഉമര്‍ (റ) പറഞ്ഞിട്ടുണ്ട്: ''പ്രാര്‍ഥനക്ക് ഉത്തരം കിട്ടുമോ എന്നത് എന്റെ വ്യഥയല്ല. പ്രാര്‍ഥിക്കാന്‍ തോന്നുന്നുവോ എന്നതാണ് എന്റെ വ്യഥയും ആധിയും. പ്രാര്‍ഥിക്കാന്‍ എനിക്ക് തോന്നിയാല്‍ ഉത്തരം അതിനോടൊപ്പമുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.''
പിണങ്ങിക്കഴിയുന്ന രണ്ടു പേര്‍ക്കിടയില്‍ അനുരഞ്ജനത്തിന് ശ്രമം നടത്തുന്നവന് വലിയ പ്രതിഫലമുണ്ട്. പിണങ്ങിക്കഴിയുന്ന മാതാപിതാക്കളുടെ കാര്യത്തിലാവുമ്പോള്‍ പിന്നെ പറയാനുമില്ലല്ലോ. മാതാപിതാക്കളോടുള്ള പുണ്യപൂര്‍ണമായ പെരുമാറ്റത്തിന്റെ പട്ടികയിലാണ് അത് പെടുക. അനുരഞ്ജനശ്രമത്തിന്റെ പ്രാധാന്യം വിശദീകരിച്ച് നബി(സ): ''നമസ്‌കാരം, നോമ്പ്, ദാനധര്‍മങ്ങള്‍ എന്നിവയേക്കാള്‍ ശ്രേഷ്ഠമായ കര്‍മം ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ?'' സ്വഹാബികള്‍: ''പറഞ്ഞാലും റസൂലേ!'' നബി(സ): ''പരസ്പരം ബന്ധം നന്നാക്കുന്ന കര്‍മം. കാരണം പരസ്പരബന്ധം തകരുന്നത് നാശഹേതുകമാണ്. അത് ദീനിനെ ഇല്ലാതാക്കും.''
നമ്മുടെ മിടുക്കിയായ യുവതി ചെയ്തത് മഹത്തായ സേവനമാണ്. ഈ സംഭവത്തില്‍ ശ്രദ്ധേയമായ വസ്തുത, മാതാപിതാക്കള്‍ തമ്മിലെ പ്രശ്‌നങ്ങളെ അവള്‍ രചനാത്മകമായി സമീപിച്ചു എന്നതാണ്. അവര്‍ക്കിടയില്‍ അനുരഞ്ജനം ഉണ്ടാക്കണമെന്ന ഉറച്ച തീരുമാനവും തദനുസൃതമായ പ്രവര്‍ത്തനവുമായിരുന്നു അവിടെ തെളിഞ്ഞുകണ്ടത്.
വിവ: പി.കെ ജമാല്‍
Comments