Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 04

3011

1438 ദുല്‍ഖഅദ് 11

ട്രോളുകള്‍ സൃഷ്ടിക്കുന്നത്

ഡോ. കെ.എ നവാസ്

ഇന്ന് വ്യാപകമായി ആസ്വദിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിനോദോപാധിയാണ് ട്രോളുകള്‍. മറ്റുള്ളവരെ അലോസരപ്പെടുത്താന്‍ അയക്കുന്ന സന്ദേശങ്ങളെയാണ് ട്രോളുകളെന്ന് വിളിക്കുന്നത്. ചൂണ്ടയിടുന്നതിനും ട്രോളെന്നു പറയാറുണ്ട്. ചെറുതും വലുതുമായ എല്ലാ സംഭവങ്ങളും ഇന്ന് ട്രോളിനു വിഷയമാവുന്നുണ്ട്. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളിലെല്ലാം ട്രോളുകള്‍ കടന്നുചെല്ലുന്നു. എന്നാല്‍ വ്യക്തികളെ അധിക്ഷേപിക്കുന്നതിനും കളിയാക്കുന്നതിനും താറടിച്ചുകാണിക്കുന്നതിനും വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനുമാണ് ഇന്ന് ട്രോളുകള്‍ അധികവും ഉപയോഗിക്കപ്പെടുന്നത്.

പലപ്പോഴും സിനിമാ ക്ലിപ്പിംഗുകളും ഫോട്ടോകളുമാണ് ഉപയോഗപ്പെടുത്തുക. നിശ്ചല ദൃശ്യങ്ങളില്‍ ടൈറ്റിലുകള്‍ ഉണ്ടാക്കിയും വീഡിയോകളില്‍ ഡബ്ബിംഗ് നടത്തിയുമാണ് ഹാസ്യം സൃഷ്ടിക്കുന്നത്. അഭിപ്രായ പ്രകടന സ്വാതന്ത്ര്യമാണ് ട്രോളുകള്‍ എന്ന് അവകാശപ്പെടുന്നവരുണ്ട്. പ്രതികരണത്തിന്റെ മൂര്‍ച്ചയേറിയ രീതിയായും അതിനെ കാണുന്നു ചിലര്‍.

ഏതായാലും ഒരു വാര്‍ത്ത ശ്രദ്ധേയമായാല്‍ ഉടന്‍ ട്രോളുകളിറങ്ങുകയായി. ആസ്വദിച്ചു ചിരിക്കുന്നവര്‍, ഉടനെ അത് തങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലോ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നു. മുഴുവന്‍ ഉപയോക്താക്കളും ഏതെങ്കിലുമൊരു ഗ്രൂപ്പിലൂടെ ആ ട്രോള്‍ കാണാതിരിക്കില്ല.

സോഷ്യല്‍ മീഡിയയിലൂടെയാവുമ്പോള്‍ അപവാദ പ്രചാരണത്തിന്റെ വ്യാപ്തി കൂടും. അതിന്റെ പ്രചാരണത്തിന് അതിരുകളില്ല. നിമിഷങ്ങള്‍ക്കകം അത് രാജ്യാതിര്‍ത്തികള്‍ വിട്ടു പറക്കുന്നു. അഥവാ അപമാനിക്കപ്പെട്ടവന്റെ മനഃപ്രയാസം ശതഗുണീഭവിക്കുന്നു. അപമാനിക്കപ്പെട്ടവന്‍ ചിലപ്പോള്‍ കുറ്റവാളിയാകാം, അല്ലെങ്കില്‍ നിരപരാധിയാകാം. വിഷയം ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ ഊഹത്തിന്റെ മേല്‍ ട്രോളുണ്ടാക്കുകയാണ് ചെയ്യുന്നത്. ഊഹങ്ങള്‍ നിറങ്ങളില്‍ ചാലിച്ചെഴുതുമ്പോള്‍ ശവംതീനികള്‍ക്ക് രുചിയേറുന്നു. അതുകൊണ്ടാകണം ഊഹങ്ങള്‍ വര്‍ജിക്കാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്തത്. ആര്‍ക്കും ആരെയും അപഹസിക്കാന്‍ അവകാശമില്ലെന്നും അപഹസിക്കപ്പെടുന്നവന്‍ അപഹസിക്കുന്നവരേക്കാള്‍ നല്ലവരായേക്കാമെന്നും അല്ലാഹു ഉണര്‍ത്തുന്നുണ്ട്. എല്ലാവരുടെയും അഭിമാനത്തെ വിലമതിക്കണം എന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ നബി ഊന്നിപ്പറഞ്ഞിട്ടുള്ളതാണല്ലോ. 

ട്രോളുണ്ടാക്കാന്‍ ഏറ്റവും കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ചെലവഴിക്കുന്നുണ്ട്. പലപ്പോഴും അതുണ്ടാക്കുന്നവന് ലഭിക്കുന്ന നേട്ടം, അവന്റെ സൃഷ്ടി ധാരാളം പേര്‍ കാണുകയും വായിക്കുകയും ചെയ്യുമല്ലോ എന്നോര്‍ക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം മാത്രമാണ്. നല്ല ഹിറ്റ് ലഭിച്ച അത്തരം ട്രോളുകള്‍ പണവുമുണ്ടാക്കുന്നുണ്ട്. അടുക്കളയുടെ പിന്നാമ്പുറത്തേക്ക് ഓടിയെത്തുന്ന യൂറോപ്യന്‍ പപ്പരാസികളുടെ ഒരിന്ത്യന്‍ പതിപ്പാണ് ഈ ട്രോളന്മാര്‍. വെബ്‌സൈറ്റുകളും ഓഫീസുകളുമൊക്കെയുള്ള ട്രോള്‍ സംഘങ്ങളും ഇന്ന് സജീവമാണ്. ഇതിന്റെ വിപണി തിരിച്ചറിഞ്ഞ പലരും പാരഡിയേക്കാള്‍  മെച്ചമാണ് ഇതെന്ന് കരുതി കടതുറന്നിട്ടുണ്ട്.

ഒരാളുടെ അസാന്നിധ്യത്തില്‍ അയാളെ കുറിച്ച് മോശമായി സംസാരിക്കുന്നത്, അയാളുടെ ശവം തിന്നുന്നതുപോലെ മോശമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട് (49:12). മാനസികമായി ഒരാളെ ഉപദ്രവിച്ചാല്‍ അയാള്‍ മാപ്പു കൊടുക്കുകയോ പൊരുത്തപ്പെടുകയോ ചെയ്യുന്നതുവരെ ഉപദ്രവിച്ചവന്റെ പ്രാര്‍ഥന പോലും അല്ലാഹു കേള്‍ക്കുകയില്ലെന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ട്.

പരദൂഷണം ഒരാളുടെ അവകാശങ്ങളിലേക്കും അഭിമാനത്തിലേക്കുമുള്ള കടന്നുകയറ്റമാണ്. അതവനെ മാനസികമായി വല്ലാതെ വേദനിപ്പിക്കും. രഹസ്യമായി അവനിഷ്ടപ്പെടാത്ത കാര്യം മൂന്നാമതൊരാളോട് പറയാന്‍ പോലും പാടില്ലെന്നിരിക്കെ, അവനെ ഇകഴ്ത്തിക്കൊണ്ട് പൊതുജനമധ്യത്തില്‍ പ്രചരിപ്പിക്കുക കൂടി ചെയ്താല്‍ ആ പാപത്തിന്റെ കാഠിന്യം ഊഹിക്കാവുന്നതേയുള്ളൂ; അത് വാക്കുകള്‍ കൊണ്ടായാലും ആംഗ്യം കൊണ്ടായാലും എഴുത്ത്, ദൃശ്യം എന്നിവ കൊണ്ടായാലും. അതുകൊണ്ടാണ് അധിക്ഷേപിക്കുന്ന മിമിക്രികളും ഹാസ്യ നാടകങ്ങളും ശരിയല്ലെന്ന് പറയുന്നത്.

അറിയാത്ത കാര്യങ്ങള്‍ പറയരുതെന്നും ആരെങ്കിലും അത്തരം അപവാദ പ്രചാരണം നടത്തിയാല്‍ അങ്ങനെയൊന്നുമുണ്ടാവാന്‍ സാധ്യതയില്ലെന്നു കരുതണമെന്നും നല്ലതുപദേശിക്കണമെന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട് (24:12). ആരെക്കുറിച്ചാണോ പറയപ്പെടുന്നത്, അയാള്‍ അതിഷ്ടപ്പെടുന്നില്ലെങ്കില്‍ അത് പരദൂഷണമാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട് (മുസ്‌ലിം). അതുകൊണ്ടാണ് ട്രോളുകള്‍ പരദൂഷണത്തിന്റെയും പരിഹാസത്തിന്റെയും അപവാദപ്രചാരണത്തിന്റെയും പരിധിയില്‍ വരുന്നത്. പണ്ട് നാവുപയോഗിച്ചിരുന്നിടത്ത് ഇന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളാണെന്നു മാത്രം. ഇന്ത്യന്‍ ശിക്ഷാ വ്യവസ്ഥയിലെ ഇന്റര്‍നെറ്റ് സംബന്ധമായ കുറ്റങ്ങളില്‍ ചിലതാണ് ഉപദ്രവകരമായ സന്ദേശങ്ങള്‍ അയക്കലും (66 A), സ്വകാര്യതയുടെ ധ്വംസനവും (66 E), വൃത്തികേടുകള്‍ ഇലക്‌ട്രോണിക് മീഡിയയിലൂടെ പ്രചരിപ്പിക്കലും (67) എന്നോര്‍ക്കുക.

 

പ്രധാനമന്ത്രി വീണ്ടും ജനങ്ങളെ വിഡ്ഢികളാക്കുന്നു

പശുവിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്നും നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നുമുള്ള പ്രഖ്യാപനം ആവര്‍ത്തിക്കുകയുായി പ്രധാനമന്ത്രി. ഇതൊരു പ്രഖ്യാപനം എന്നല്ലാതെ എന്തെങ്കിലും നടപടി ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ഹാഫിസ് ജുനൈദിന്റെയും മറ്റും കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വംശഹത്യക്കെതിരെ 'എന്റെ പേരിലല്ല' എന്ന ബാനറില്‍ രാജ്യത്തുടനീളം സംഘടിപ്പിച്ച ശക്തമായ പ്രതിഷേധവും ഇതുയര്‍ത്തിയ ജനരോഷവും അന്താരാഷ്ട്ര വേദികളില്‍ പോലും ഉയര്‍ന്ന പ്രതിഷേധവും കാരണമായി മുഖം രക്ഷിക്കാന്‍ നടത്തിയ കപട പ്രസ്താവന മാത്രമാണിതെന്ന് പലരും മനസ്സിലാക്കുന്നുണ്ട്.

ഗോരക്ഷാ ഗുണ്ടകള്‍ നിസ്സഹായരും നിരാലംബരുമായ മനുഷ്യമക്കളെ മര്‍ദിക്കാനും കൊല ചെയ്യാനും തുടങ്ങിയിട്ട് നാളുകളേറെയായി. മോദി അധികാരത്തിലേറിയ ശേഷം, ബി.ജെ.പി വാഴുന്ന പല സംസ്ഥാനങ്ങളിലും മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരെ ഗോരക്ഷകരുടെയും മറ്റും മേല്‍വിലാസത്തില്‍ രംഗത്തു വന്ന ഗുണ്ടകള്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.

ഗുജറാത്തില്‍ 'ഗോരക്ഷാ' ജനുസ്സില്‍പെട്ട 200-ഓളം ഗുണ്ടാ സംഘങ്ങളുണ്ടത്രെ! ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ യഥാര്‍ഥത്തില്‍ തനി തെമ്മാടിക്കൂട്ടമാണെന്ന് പറഞ്ഞത് ഗുജറാത്തിലെ ഗവ. ചീഫ് സെക്രട്ടറി ജി.ആര്‍ ഗ്ലോറിയയാണ്. 'പശുവിനെ കൊല്ലുന്നത് നിരോധിച്ചിട്ടുള്ള സംസ്ഥാനത്ത് ഗോരക്ഷാ സമിതികള്‍ സമാന്തര പോലീസായി പ്രവര്‍ത്തിക്കുകയാണെന്നും ബൈക്കുകളില്‍ ലാത്തികളേന്തി കറങ്ങുന്ന ഇവര്‍ ആളുകളെ ചോദ്യം ചെയ്യുകയും ശിക്ഷ നടപ്പാക്കുകയും പിന്നീട് പോലീസിന് കൈമാറുകയും ചെയ്യുകയാണെന്നും, മാതൃഭൂമി (22-7-06) റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭരണഘടനയും നിയമവും ലംഘിച്ച് ഇവര്‍ അഴിഞ്ഞാടിയപ്പോള്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷക്ക് വിധേയമാക്കാന്‍ പ്രധാനമന്ത്രി ഒരു നടപടിയും സ്വീകരിച്ചില്ല. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കുകയില്ലെന്ന് ഇപ്പോള്‍ വീമ്പിളക്കുന്ന മോദി ഗോരക്ഷാ ഗുണ്ടകള്‍ നിയമം കൈയിലെടുത്തപ്പോള്‍ മൗനിയായിരുന്നു!

മോദി മൗനം വെടിയുന്നതും പ്രസ്താവനയിറക്കുന്നതും അക്രമികളുടെ ക്രൂരചെയ്തികളോടുള്ള പ്രതിഷേധം കൊണ്ടല്ല. ഇത്തരം വഴിവിട്ട ചെയ്തികള്‍ക്കെതിരെ ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും പ്രതികരണമുണ്ടാവുമ്പോള്‍ മാത്രം പുറത്തിറക്കുന്ന സൂത്രവിദ്യയത്രെ അത്. പോയ വര്‍ഷങ്ങളില്‍ ഗോരക്ഷാ ഗുണ്ടകള്‍ അഴിഞ്ഞാടിയപ്പോള്‍ 'ഗോരക്ഷയുടെ പേര് പറഞ്ഞ് ഇന്ത്യയില്‍ നടക്കുന്ന അക്രമങ്ങളില്‍ പ്രധാനമന്ത്രി നിസ്സംഗനാവുന്നത് അപമാനകരമാണ്' എന്ന് ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗമെഴുതുകയുണ്ടായി. 'ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയും ഹിംസയും തടയാന്‍ മോദി സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന്' അമേരിക്കന്‍ വിദേശകാര്യ വക്താവ് ജോണ്‍ കിര്‍ബി ആവശ്യപ്പെട്ടു. ഉടനെ വന്നു മോദിയുടെ പ്രതികരണം; 'വെടിവെക്കണമെങ്കില്‍ തന്നെ വെടിവെക്കൂ. ഗോ രക്ഷകര്‍ ദലിതരെ ഉപദ്രവിക്കരുത്.' ഇപ്പോഴത്തെ പ്രസ്താവനയും ഗോരക്ഷാ ഗുണ്ടകളുടെ ചെയ്തികള്‍ക്കെതിരെ അന്തര്‍ദേശീയതലത്തില്‍ ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ പ്രതിധ്വനിയല്ലാതെ മറ്റൊന്നല്ല.

'പശുക്കള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ നാം നിശ്ശബ്ദരായിരിക്കരുത്' ഗോവ മന്ത്രി ദാവല്‍കറുടെ വാക്കുകളാണിത്. 'ബീഫ് കഴിക്കുന്നവരെ തൂക്കിലേറ്റണം'- ഛത്തീസ്ഗഢ് മുഖ്യമന്ത്രി. 'പശുക്കളെ കശാപ്പു ചെയ്യുന്നവരെ കൊന്നൊടുക്കണം'- ഗോ രക്ഷക് നേതാവ് സതീഷ് കുമാര്‍. ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ഇത്തരം വിഷലിപ്ത പ്രസ്താവനകള്‍ സ്വന്തം ക്യാമ്പുകളില്‍നിന്ന് നിരന്തരം പുറത്തുവന്നിട്ടും അതിനെതിരെ പ്രതികരിക്കുകയോ നടപടികള്‍ക്ക് നിര്‍ദേശം നല്‍കുകയോ ചെയ്യാത്ത പ്രധാനമന്ത്രിയുടെ പുതിയ പ്രസ്താവന ജനങ്ങളെ വിഡ്ഢികളാക്കുക മാത്രമാണ്.

റഹ്മാന്‍ മധുരക്കുഴി

 

ആയത്ത് നമ്പര്‍ വ്യക്തമാക്കണം

അബ്ദുല്‍ വാസിഅ് ധര്‍മഗിരിയുടെ ലേഖനത്തില്‍ (ജൂണ്‍ 23) ഫിത്‌ന എന്ന പദപ്രയോഗം സൂറഃ അല്‍അന്‍കബൂത്ത് 23 എന്ന് കണ്ടു. പ്രസ്തുത ആയത്തില്‍ അങ്ങനെയൊരു പരാമര്‍ശമില്ലല്ലോ. സൂറത്തും ആയത്തും നമ്പറും കൃത്യമാണോ എന്ന് വ്യക്തത വരുത്താന്‍ താല്‍പര്യപ്പെടുന്നു.

മായിന്‍ കുട്ടി

 

യാഥാര്‍ഥ പൂച്ച

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ കുറിപ്പ് (21.7.2017) വായിച്ചു. ഗാന്ധി ഘാതകന്‍ ഗോഡ്‌സേക്ക് പ്രതിമ സ്ഥാപിക്കണം എന്ന് ചിന്തിക്കുന്നവരോട് ചേര്‍ന്നു നില്‍ക്കുന്നയാളാണ് മുന്‍ ഡി.ജി.പി എന്ന് പെന്‍ഷന്‍ പറ്റിയ ശേഷമാണ് മനസ്സിലായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് നേരത്തേ മനസ്സിലാക്കിയതുകൊണ്ടാകാം അദ്ദേഹത്തെ ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നത്. ആര്‍.എസ്.എസ് മനസ്സുള്ളവര്‍ കാപട്യത്തോടെ സര്‍വീസിലിരിക്കുന്നുണ്ടെന്ന്  തിരിച്ചറിവ് നല്‍കാന്‍ ഈ സംഭവം പാഠമാകണം. ഇങ്ങനെയാണ് യഥാര്‍ഥ പൂച്ചകള്‍ പുറത്തു ചാടുന്നത്.

ഹാജിറ ടീച്ചര്‍ കടന്നമണ്ണ, മങ്കട

 

ഒറ്റമൂലിയില്ല ദാമ്പത്യ വിജയത്തിന്

'ദാമ്പത്യ വിജയത്തിന്റെ ഒറ്റമൂലി' എന്ന കെ.പി ഇസ്മാഈലിന്റെ കത്ത് ശ്രദ്ധയോടെ വായിച്ചു. ദാമ്പത്യത്തിനു മനുഷ്യജീവിതത്തിലുള്ള പ്രാധാന്യമാണ് ഈ ശ്രദ്ധ കൊടുക്കലിന്റെ കാരണം. ശീര്‍ഷകം ജിജ്ഞാസയുണര്‍ത്തുന്നതായിരുന്നു. മാന്യതയാണ് ആ ഒറ്റമൂലി എന്നാണ് അദ്ദേഹം പറയുന്നത്. അതിന്റെ ഭാഗമായ സ്‌നേഹം, കാരുണ്യം, സൗമ്യത, സഹകരണം, വിട്ടുവീഴ്ച തുടങ്ങിയവയെ കുറിച്ചും സൂചിപ്പിക്കുന്നു. ഒട്ടേറെ സ്വഭാവ മേന്മകള്‍ ദാമ്പത്യ വിജയത്തിന് അനിവാര്യമാണ്. എങ്കില്‍ പിന്നെ,  മാന്യതയെ ഒറ്റമൂലി എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലല്ലോ!

മുസ്‌ലിം ദമ്പതിമാരുടെ ചിന്തയും പ്രവര്‍ത്തനവും ഇസ്‌ലാമിക അധ്യാപനങ്ങള്‍ അനുസരിച്ചായിരിക്കണം. വിശ്വാസം, ദീനീ അറിവ്, തഖ്‌വ എന്നിവ ഭാര്യക്കും ഭര്‍ത്താവിനും ഉണ്ടാകേണ്ടതുണ്ട്. ഉത്തരവാദിത്തബോധവും പ്രധാനമാണ്. കുടുംബത്തില്‍ സുസ്ഥിതി ഉണ്ടാകുമ്പോള്‍ വിനയം നഷ്ടപ്പെട്ട് അഹങ്കാരവും ആഡംഭരഭ്രമവും പിടികൂടിയാല്‍ അനര്‍ഥങ്ങള്‍ സംഭവിക്കും. പകരം അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും വിനയാന്വിതരാകാനുമാണ്  ശ്രദ്ധിക്കേണ്ടത്. ചുരുക്കത്തില്‍, ദാമ്പത്യ വിജയത്തിന്  ഒറ്റമൂലിയോ കുറുക്കുവഴിയോ ഇല്ല. ഖുര്‍ആനും സുന്നത്തും തെളിച്ചുകാട്ടുന്ന ഉത്തമ മൂല്യങ്ങളെല്ലാം  മുറുകെ പിടിക്കുക തന്നെ.

ടി. മൊയ്തു മാസ്റ്റര്‍, പെരിമ്പലം

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (170 - 180)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയില്‍ പതറാതെ
കെ.സി ജലീല്‍ പുളിക്കല്‍