കേരളീയ പൊതുമണ്ഡലവും മുസ്‌ലിം മൂലധന ഭീതിയും
കേരളം എക്കാലവും ഇതര സംസ്ഥാനങ്ങളില്‍നിന്ന് സവിശേഷമായ വ്യത്യസ്തത കാത്തുസൂക്ഷിച്ചിട്ടുണ്ട്. 'സാംസ്‌കാരിക വൈവിധ്യങ്ങളുടെ കേദാരം' എന്ന് പുകള്‍പെറ്റ നമ്മുടെ ദേശപാരമ്പര്യത്തെ ശരിവെച്ച തുരുത്തായിരുന്നു കേരളം. സംസ്‌കാരങ്ങള്‍ക്കിടയിലെ ആദാനപ്രദാനങ്ങള്‍ വ്യത്യസ്ത മത വിഭാഗങ്ങളെ പലവിധത്തില്‍ പരിപോഷിപ്പിച്ചു. അതൊരളവോളം അവര്‍ക്കിടയില്‍ സാമൂഹിക സന്തുലിതത്വത്തെ പ്രകാശിപ്പിച്ചു. പ്രശാന്തതയുടെ ഈ സ്വഛതീരങ്ങളില്‍ രാപ്പാര്‍ത്ത മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ജീവിത നിലവാരങ്ങളും അതിനാല്‍ ആപേക്ഷികമായി ഉന്നതമായിരുന്നു. സാമ്പത്തികമായും വൈജ്ഞാനികമായും ക്ഷയോന്മുഖരായ ഇതര സംസ്ഥാനങ്ങളിലെ മുസ്‌ലിംകള്‍ സ്വത്വപരമായി കേരളത്തില്‍നിന്ന് വേറിട്ടുനിന്നു. സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സാമൂഹിക ജീവിതത്തിന്റെ ഗതിവിഗതികളിലൂടെ യാത്ര തിരിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ സംഘം കേരളത്തിന്റെ വ്യതിരിക്തതയെ പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ട്. വര്‍ത്തമാന മുസ്‌ലിം സമൂഹത്തിന്റെ മുഖമുദ്രയായ സ്വത്വപ്രതിസന്ധിയും അതുാക്കിയ അപകര്‍ഷബോധവും പുനരുല്‍പാദിപ്പിച്ച അരക്ഷിതത്വവും ഒരു വശത്ത്. മറുഭാഗത്താകട്ടെ ഇതിനെ ഉദ്ദീപിപ്പിക്കുന്ന വിധത്തില്‍ ദേശത്തിനകത്ത് നടത്തപ്പെടുന്ന നീതിനിഷേധങ്ങള്‍. തീപിടിച്ച കാട്ടില്‍ കാലുവെന്ത മുയലുകളുടെ നിസ്സഹായാവസ്ഥ കണക്കെ താന്താങ്ങളിലേക്ക് ചുരുണ്ടുകൂടാന്‍ വിധിക്കപ്പെട്ട ന്യൂനപക്ഷ ജീവിതങ്ങളില്‍നിന്ന് വഴിമാറി നടക്കാന്‍ കേരളീയ മുസ്‌ലിം സമൂഹത്തെ പ്രാപ്തമാക്കിയത് പ്രബുദ്ധ കൈരളി എക്കാലവും കാത്തുസൂക്ഷിച്ച അതിന്റെ ബഹുസ്വരമായ നന്മകളാണ്. എന്നാല്‍, ആ പുരോഗമന കേരളമെന്ന പറുദീസയെ നാരകീയ ജീവിതമാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ തിരശ്ശീലക്കു പിന്നില്‍ ഒരുപാട് നാളുകളായി നടമാടുന്നു. സവര്‍ണ പ്രത്യയശാസ്ത്രം രാഷ്ട്രീയമായി അധികാരം കൈയാളുന്ന പുതിയ ദേശീയ സാഹചര്യത്തില്‍ മലയാളി കണികണ്ടുണര്‍ന്നിരുന്ന കേരളവും കടലെടുത്തുകൊണ്ടിരിക്കുന്നു. അണിയറക്കു പിന്നില്‍ അവസരം കാത്തിരുന്നവര്‍ രംഗബോധം തിരിച്ചറിഞ്ഞ് ഇപ്പോള്‍ അരങ്ങിലെത്തിയിരിക്കുന്നു. ലൗ ജിഹാദുമായി ബന്ധപ്പെട്ടും മുസ്‌ലിം ജനസംഖ്യാ വര്‍ധനവുമായി ബന്ധപ്പെട്ടും മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ നടത്തിയ വംശീയവും വര്‍ഗീയവുമായ പ്രസ്താവനകള്‍ കാറ്റിനനുസരിച്ച് തൂറ്റാനുള്ള അദ്ദേഹത്തിന്റെ വിരുതിനെയാണ് ബോധ്യപ്പെടുത്തുന്നത്.
യഥാര്‍ഥത്തില്‍ കേരളത്തിന് പിടിപെട്ട ഈ ഭാവുകത്വപരിണാമം സെന്‍കുമാറില്‍ മാത്രം ഒതുങ്ങിപ്പോകുന്ന വിഷയമല്ല. മറിച്ച് പോലീസ് സംവിധാനത്തിനകത്ത്, ഉദ്യോഗസ്ഥതലങ്ങളില്‍, ജുഡീഷ്യറിക്കകത്ത്, മാധ്യമ മേഖലകളില്‍ ഇത്തരം ഇസ്‌ലാംഭീതി നിലനില്‍ക്കുന്നുണ്ട്. അതാകട്ടെ ഒരു ഡീപ്പ് സ്റ്റേറ്റെന്നവണ്ണം ഭരണകൂടത്തിന് സമാന്തരമായി നീങ്ങുന്നുമുണ്ട്. അഥവാ ഫാഷിസം കേരളത്തില്‍ രാഷ്ട്രീയമായി ജയിക്കുമ്പോഴും തോല്‍ക്കുമ്പോഴും സാംസ്‌കാരികമായി അതെപ്പോഴും വിജയിച്ചുകൊണ്ടേയിരിക്കുകയാണ്. തിരുവനന്തപുരം നേമത്തെ താമരക്കുളത്തില്‍ ഫാഷിസത്തിന്റെ രാഷ്ട്രീയമായ താമര വിരിയുന്നതിനു മുമ്പുതന്നെ കേരളത്തിന്റെ സാംസ്‌കാരിക പൊയ്കയില്‍ ഒരുപാട് താമരകള്‍ വിരിഞ്ഞിട്ടുണ്ടെന്നര്‍ഥം.
'കൃഷ്ണംകുളങ്ങരയിലെ ദേശസ്‌നേഹികള്‍
ഒരായുധവും കൈയിലേന്തുന്നില്ല
അവര്‍ രാവിലെ കുളിച്ച് കുറിയിട്ട്
വെളുത്ത മുണ്ടും ഷര്‍ട്ടും ധരിച്ച്
കൃഷ്ണ ക്ഷേത്രത്തിന് മുന്നില്‍ നിരന്നുനിന്ന്
ലോകത്തിന്റെ പുരോഗതിയെ
നിശ്ശബ്ദമായി പ്രതിരോധിക്കുക മാത്രം ചെയ്യുന്നു
കൃഷ്ണംകുളങ്ങരയിലെ ദേശസ്‌നേഹികള്‍
കണ്ണൂരിലെ ദേശസ്‌നേഹികളെ പോലെ
ചുകപ്പു സേനയുമായി മത്സരിച്ച് മനുഷ്യശിരസ്സുകള്‍ ട്രോഫികളായി
പ്രദര്‍ശിപ്പിക്കുകയോ, പുതിയ ഗോള്‍നില
അറിയിച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്നില്ല.
പകരം, പുല്ലും വെള്ളവും ഭക്ഷിച്ച്
പുല്ലാംകുഴല്‍ വിളിച്ച് പശുക്കളുടെ
എണ്ണം കുറയുന്നുണ്ടോ എന്ന്
ദിവസവും കണക്കെടുക്കുക മാത്രം ചെയ്യുന്നു.
ഊണിലും ഉറക്കത്തിലും അവര്‍
വന്ദേമാതരം പാടുന്നു, സ്വപ്‌നത്തില്‍
കാവി പുതക്കുന്നു.
നല്ല ഹിന്ദുവാകാന്‍ മറ്റു മതങ്ങളില്‍പെട്ടവരെ
ശാന്തമായി വെറുത്താല്‍ മതിയെന്ന് അവര്‍ക്കറിയാം.
(സച്ചിദാനന്ദന്‍-കൃഷ്ണംകുളങ്ങരയിലെ ദേശസ്‌നേഹികള്‍)
പുറമെ പുരോഗമന മൂല്യങ്ങളുടെ അമരത്ത് നില്‍ക്കുമ്പോള്‍തന്നെ അകമേ ഹിന്ദുത്വത്തിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നവരുടെ ഉഭയ ജീവിതത്തെയാണ് മേല്‍ കവിതയില്‍ സച്ചിദാനന്ദന്‍ പ്രശ്‌നവത്കരിക്കുന്നത്. നവോത്ഥാന മൂല്യങ്ങളെ ഒരു ഭാഗത്ത് അഭിവാദ്യം ചെയ്തും മറുഭാഗത്ത് സവര്‍ണതയുടെ പുനരുത്ഥാന മൂല്യങ്ങളെ പ്രണമിച്ചും വഴുക്കല്‍ ജീവിതം നയിക്കുന്നവരുടെ എണ്ണം കേരളത്തില്‍ ഇപ്പോള്‍ പെരുകിക്കൊണ്ടിരിക്കുന്നു. മുസ്‌ലിം മൂലധനത്തെക്കുറിച്ചും മുസ്‌ലിം ജനസംഖ്യയുമായി ബന്ധപ്പെട്ടും മതേതര പുരോഗമനധാരികള്‍ പോലും മുറുമുറുക്കുന്നത് ഇത്തരമൊരു കാഴ്ചവട്ടത്തുനിന്നുകൊണ്ടാണ്.
മതേതര കേരളത്തിന്റെ ഇസ്‌ലാംഭീതി
''കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ സംഘടിതരാണ്. ഈ സംഘടിത ന്യൂനപക്ഷം സംഘടിത ശക്തി ഉപയോഗിച്ചുകൊണ്ട് ഗവണ്‍മെന്റില്‍നിന്നും കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടുന്നു. കൂടുതല്‍ വിലപേശല്‍ നടത്തുന്നു എന്നൊരാക്ഷേപം ഇതര സമുദായങ്ങള്‍ക്കുണ്ട്. ആ ആക്ഷേപത്തിന്റെ അന്തരീക്ഷം കേരളത്തില്‍ നിലനില്‍ക്കുന്നു എന്ന സത്യം ആരും വിസ്മരിക്കരുത്. അതോടൊപ്പം തന്നെ ഗള്‍ഫിലേക്ക് ഉണ്ടായിട്ടുള്ള കുടിയേറ്റത്തിന്റെയും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെയുമൊക്കെ ആനുകൂല്യങ്ങള്‍ കൂടുതലുണ്ടായത്, കൂടുതല്‍ കിട്ടിയത് ന്യൂനപക്ഷ സമുദായങ്ങള്‍ക്കാണ്. അതുണ്ടാക്കിയ സാമ്പത്തിക അസമത്വം കേരളത്തിന്റെ നാട്ടിന്‍പുറങ്ങളിലുണ്ട്, കേരളത്തിന്റെ പട്ടണങ്ങളിലുണ്ട്. ഈ യാഥാര്‍ഥ്യം കാണാതിരുന്നിട്ട് കാര്യമില്ല. ഇതിന്റെ ഒരു കൂട്ടത്തിലാണ് രാഷ്ട്രീയമായിട്ടുള്ള പല ശക്തികളുടെ മുതലെടുപ്പുകള്‍. ഇതെല്ലാം കാണാന്‍ ഇവിടത്തെ ന്യൂനപക്ഷ നേതാക്കള്‍ തയാറാകണം. സംഘടിത ശക്തി ഉണ്ടെന്നതിന്റെ പേരില്‍ ഗവണ്‍മെന്റിനെക്കൊണ്ട് എന്തും ചെയ്തുകളയാം എന്ന നിലപാട് ന്യൂനപക്ഷങ്ങള്‍ക്ക് ശരിയല്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കേരളത്തിന്റെ രാഷ്ട്രീയ രംഗത്തും ഭരണരംഗത്തും കേരള സമൂഹത്തിലും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് ന്യൂനപക്ഷങ്ങളാണ്. ആ സത്യം കാണുന്നവനാണ് ഞാന്‍'' (എ.കെ ആന്റണി, മാതൃഭൂമി, 2003 ജൂലൈ 14).
രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളില്‍ ഭൂരിപക്ഷ സമുദായത്തിന്റെ 'തകര്‍ച്ച'യും അതിന് കാരണമായ കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യവും സംഘടിത വോട്ടുബാങ്കിന്റെ പിന്‍ബലത്തില്‍ മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ നടത്തുന്ന വിലപേശലുമാണ് മുഖ്യമന്ത്രിയായിരുന്ന വേളയില്‍ എ.കെ ആന്റണി ചൂണ്ടിക്കാണിച്ചത്. ഗള്‍ഫ് പണത്തെക്കുറിച്ചും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയെക്കുറിച്ചും സംഘ് പരിവാര്‍ നടത്തുന്ന പ്രചാരണങ്ങളുടെ മെഗാഫോണായി മാറുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഭൂരിപക്ഷ സമൂഹം മതേതര രാഷ്ട്രീയ പാര്‍ട്ടികളിലാണ് വിശ്വാസം അര്‍പ്പിച്ചിരിക്കുന്നതെന്നും മുസ്‌ലിം -ക്രിസ്ത്യന്‍ മതസമൂഹങ്ങളാകട്ടെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അതാകട്ടെ കേരളത്തിലെ ഇടതു-വലത് രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിക്കുന്നതാണെന്നുമാണ് ഒരു വിമര്‍ശനം. 1967 മുതല്‍ മാറിമാറി അധികാരത്തില്‍ വന്ന മുന്നണി രാഷ്ട്രീയത്തില്‍ കടന്നുകൂടി സംഘടിത ന്യൂനപക്ഷ ശക്തികള്‍ വിവിധ രാഷ്ട്രീയ രൂപങ്ങളിലൂടെ വിദ്യാഭ്യാസ, ആരോഗ്യ, വ്യാവസായിക, വാണിജ്യ, കാര്‍ഷിക മേഖലകളില്‍ പുരോഗതി നേടിയെടുത്തിരിക്കുന്നു. ഭൂരിപക്ഷ സമുദായങ്ങളാകട്ടെ ഇതൊക്കെ കണ്ടിട്ടും വിശാല മതേതരത്വം പറഞ്ഞ് ഇടതു-വലത് രാഷ്ട്രീയത്തിന് ശക്തിപകരാനുള്ള രക്തസാക്ഷികളുമായി എന്ന തരത്തില്‍ ഈ വിമര്‍ശനം നീണ്ടുപോകുന്നു.
ഭൂരിപക്ഷ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് പ്രചരിപ്പിക്കപ്പെടുന്ന ജനസംഖ്യാപരമായ ഇടിവാണ് ന്യൂനപക്ഷ സമൂഹത്തിന് നേര്‍ക്കുള്ള മറ്റൊരു വിമര്‍ശനം. ഇന്ത്യാ രാജ്യത്ത് വന്യജീവികള്‍ കുറയുന്നതുപോലും അന്വേഷിച്ച് നടപടികള്‍ എടുക്കാന്‍ നിയമസംവിധാനമുണ്ടെന്നും എന്നാല്‍, ഭൂരിപക്ഷ മതസമൂഹങ്ങള്‍ കുറയുന്നത് പഠിക്കാന്‍ സംവിധാനങ്ങളില്ലെന്നുമാണ് വെപ്പ്. അതുകൊണ്ട് സ്വന്തം നാട്ടില്‍ ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുന്ന ഭൂരിപക്ഷ സമൂഹത്തിന്റെ സംരക്ഷണത്തിന് നടപടികള്‍ ഉണ്ടാവണമെന്നും ആവശ്യം ഉയര്‍ന്നുവരുന്നു. കേരളത്തില്‍ മുസ്‌ലിം ന്യൂനപക്ഷം നേടിയെടുത്ത 'അസൂയാവഹമായ സാമ്പത്തിക വളര്‍ച്ച'യാണ് മതേതരവാദികളില്‍ പോലും ചങ്കിടിപ്പുണ്ടാക്കുന്നത്. കമ്പോള സംസ്‌കാരവും വാണിജ്യ മേഖലയുടെ വളര്‍ച്ചയും സാങ്കേതിക വിദ്യാഭ്യാസത്തിന്റെ കടന്നുവരവും ഗള്‍ഫ് പണത്തിന്റെ ഒഴുക്കും നാണ്യവിള കൃഷിയുടെ വ്യാപ്തിയുമെല്ലാം ന്യൂനപക്ഷത്തിന്റെ വളര്‍ച്ചക്കാണ് സഹായകമായിരിക്കുന്നതെന്നും, ഗള്‍ഫ് നാട്ടിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും പ്രവാസികള്‍ എണ്‍പത് ശതമാനവും മുസ്‌ലിം-ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങളാണെന്നും ഭൂരിപക്ഷ മതസമൂഹങ്ങളാകട്ടെ ഇത്തരം മേഖലകളിലെല്ലാം പിന്നോട്ടടിച്ചിരിക്കുന്നുവെന്നുമാണ് മുറവിളി. ഇത്തരം ആസൂത്രിതമായ ആക്ഷേപങ്ങളുടെ അന്തരീക്ഷത്തില്‍നിന്നും ഊര്‍ജം വലിച്ചെടുത്തുകൊണ്ടാണ് എ.കെ ആന്റണിയും കാനം രാജേന്ദ്രനടക്കമുള്ള മതേതരവാദികള്‍ പോലും മുസ്‌ലിം ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റതിരിച്ച് ആക്രമിക്കുന്നത്. ന്യൂനപക്ഷ-ഭൂരിപക്ഷ വിഭജനം കേരളത്തിന്റെ വര്‍ത്തമാന സാഹചര്യത്തില്‍ പുനരാലോചിക്കപ്പെടേണ്ടതാണെന്നും ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണമെന്നത് ന്യൂനപക്ഷ പ്രീണനമായി വഴിമാറുന്നുണ്ടോ എന്നതില്‍ മതേതര രാഷ്ട്രീയ ശക്തികള്‍ ജാഗ്രത പുലര്‍ത്തണമെന്നുമാണ് കാനം രാജേന്ദ്രന്‍ നടത്തിയ പ്രസ്താവന.
ബഹുമത സമൂഹങ്ങളില്‍ രൂപംകൊള്ളുന്ന ഭൂരിപക്ഷ മതാധികാരം പങ്കാളിത്തത്തിന്റെയും ബഹുസ്വരതയുടെയും രാഷ്ട്രീയത്തിന് പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നും തന്മൂലം ഭരണകൂടം പ്രത്യക്ഷത്തില്‍ മതേതരമായിരിക്കുമ്പോള്‍തന്നെ ന്യൂനപക്ഷ മതബോധം നിരന്തരം സാംസ്‌കാരിക-രാഷ്ട്രീയ വിചാരണകള്‍ക്ക് വിധേയമാകുമെന്നുള്ള ഡോ. ടി.ടി ശ്രീകുമാറിന്റെ നിരീക്ഷണത്തെ ബലപ്പെടുത്തുന്നവയാണ് മേല്‍ പ്രസ്താവനകള്‍. ഭൂരിപക്ഷ മതവുമായുണ്ടാക്കുന്ന സമവായത്തിന് പുറത്തുള്ളവയെല്ലാം മതേതരത്വത്തിന് ഉള്‍ക്കൊള്ളാനാവാത്തതാണെന്ന സമീപനങ്ങളാണ് ഇന്ത്യയെപോലുള്ള ബഹുമത രാജ്യങ്ങളിലും അരങ്ങേറുന്നതെന്നും ശ്രീകുമാര്‍ വിലയിരുത്തുന്നുണ്ട്. ഇന്ത്യയില്‍ വിശിഷ്യാ, കേരളം പോലുള്ള ബഹുമത സമൂഹങ്ങളില്‍ മതനിരപേക്ഷത പലപ്പോഴും ഭൂരിപക്ഷ മതാധികാരത്തിന്റെ പ്രശ്‌നത്തെ മൂടിവെക്കുകയും പങ്കാളിത്തത്തെയും ബഹുസ്വരതയെയും അതിന്റെ സാംസ്‌കാരിക സഞ്ചയത്തെയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു (മാധ്യമം ആഴ്ചപ്പതിപ്പ്, 2010 ജൂണ്‍ 19).
കേരളത്തിലെ ഇസ്‌ലാമിന്റെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തിന് പ്രതിസന്ധികള്‍ തീര്‍ക്കുന്ന ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയത്തിന്റെ ശാക്തീകരണം ഈ ഭൂമികയില്‍ വെച്ചാണ് തഴച്ചുവളരുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്. ഭൂരിപക്ഷ മതാധികാരത്തിന് പ്രത്യക്ഷത്തില്‍ തോല്‍വി സംഭവിക്കുമ്പോഴും അതിന്റെ സാംസ്‌കാരികമായ സവിശേഷ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പ്രകാശനങ്ങളെല്ലാം വര്‍ഗീയതയായി മുദ്രകുത്തി നിശ്ശബ്ദമാക്കപ്പെടുകയും ചെയ്യുന്ന മതേതരത്വ സമീപനം കേരളത്തില്‍ കാണപ്പെടുന്നത് ഇതിന്റെ ഭാഗമാണ്. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ 'സാമ്പത്തിക വളര്‍ച്ച'യെക്കുറിച്ച ഇല്ലാഭീതികള്‍ കാനം രാജേന്ദ്രനടക്കമുള്ളവര്‍ പ്രചരിപ്പിച്ചപ്പോള്‍ തന്നെയാണ് മറുഭാഗത്ത് അദ്ദേഹം കൂടി ഉള്‍പ്പെടുന്ന എല്‍.ഡി.എഫ് കഴിഞ്ഞ പ്രകടനപത്രികയില്‍ മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനം നല്‍കിയത്. കേരളത്തിലെ മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി അവശതയനുഭവിക്കുന്നവരുടെ സാമൂഹിക പുരോഗതിക്കാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതാണെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. എന്നാല്‍, അത്തരം അവശ വിഭാഗങ്ങളുടെ നിലവിലുള്ള അവസ്ഥക്ക് കാരണം ജാതിയല്ല. മറിച്ച് ദാരിദ്ര്യമാണ്. അതുകൊണ്ടുതന്നെ അതിനെ മറികടക്കും വിധമുള്ള ദാരിദ്ര്യനിര്‍മാര്‍ജനപദ്ധതികളെ ശക്തിപ്പെടുത്തുകയും പ്രവര്‍ത്തനക്ഷമമാക്കുകയുമാണ് വേണ്ടത്. എന്നാല്‍ എല്‍.ഡി.എഫ് ചെയ്തതാകട്ടെ അമ്പത് ശതമാനം വരുന്ന ജനറല്‍ മേഖലയുടെ സിംഹഭാഗവും കൈയടക്കിവെച്ചിരിക്കുന്ന സവര്‍ണ സമൂഹങ്ങള്‍ക്ക് ബാക്കിവരുന്ന അമ്പത് ശതമാനം സംവരണത്തില്‍ 10 ശതമാനം കൂടി പ്രാതിനിധ്യം കൊടുത്തു എന്നതാണ്. ഇതാകട്ടെ സംവരണത്തിന്റെ സാമൂഹിക നീതിയെ അട്ടിമറിക്കലുമാണ്. സംവരണവിരുദ്ധരായിരുന്ന ഇന്ത്യയിലെ സവര്‍ണ സമൂഹങ്ങള്‍ സംവരണമാവശ്യപ്പെട്ടുകൊണ്ട് ഇന്ന് സംവരണത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഗുജറാത്തില്‍ പട്ടേലുമാരടക്കം സംവരണമാവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രക്ഷോഭം ഓര്‍ക്കുക. ഇതിനെ ശരിവെക്കുന്ന തരത്തില്‍ ചരിത്രപരമായി സാമൂഹിക വിവേചനം അനുഭവിക്കുന്ന പിന്നാക്ക സമൂഹത്തിന്റെ അവകാശങ്ങളെ അട്ടിമറിക്കുംവിധമുള്ള സാമ്പത്തിക സംവരണവാദങ്ങളെ സവര്‍ണ സമൂഹങ്ങള്‍ക്ക് ഇണങ്ങുന്ന നിലയില്‍ പുതിയ രൂപത്തിലും ഭാഷയിലും അവതരിപ്പിക്കുകയാണ് മതേതര ഇടതുപക്ഷം പോലും ചെയ്യുന്നത്.
അറിയാതെപോലും ഒരു ന്യൂനപക്ഷവിരുദ്ധത അകമേ സ്വയം കാത്തുസൂക്ഷിക്കാന്‍ നിര്‍ബന്ധിതമാണ് മതേതരത്വം. അതിന്റെ കാരണമാകട്ടെ ചരിത്രപരവുമാണ്. കേരളത്തിലെ മുസ്‌ലിം സമുദായം നേരിട്ട ഏറ്റവും വലിയ സംഘടിതമായ മതേതര-ഫാഷിസ്റ്റ് ആക്രമണമായിരുന്നു ശരീഅത്ത് വിവാദം. അതാകട്ടെ അത്യന്തം മുസ്‌ലിംവിരുദ്ധമായിരുന്നുതാനും. ഇന്ത്യയെന്ന ദേശത്തിനകത്ത് എണ്‍പതുകളോടുകൂടി ശക്തിയാര്‍ജിച്ച സാംസ്‌കാരിക ദേശീയവാദവും അഖണ്ഡ ദേശീയവാദവും പൊതുഭാവനയായി മാറുന്നുണ്ട്. ഇന്ത്യയിലെ മുസ്‌ലിം, ദലിത്, പിന്നാക്ക സമൂഹങ്ങളാകട്ടെ പലപ്പോഴും ആ ദേശീയതക്കകത്ത് ഇടം ലഭിക്കാത്തവരുമായി. ദേശത്തിനകത്തുനിന്നും ചരിത്രപരമായി നിഷ്‌കാസനം ചെയ്യപ്പെട്ട ഈ അപര ജീവിതങ്ങളോട് രാഷ്ട്രീയമായി ഐക്യപ്പെടുന്നതിനു പകരം മുസ്‌ലിം സമൂഹത്തിന്റെ രാഷ്ട്രീയമായ ഉണര്‍വുകളെയെല്ലാം 'ന്യൂനപക്ഷ വര്‍ഗീയത' എന്ന പേരില്‍ അകറ്റിനിര്‍ത്താനായിരുന്നു മതേതര മണ്ഡലം ശ്രമിച്ചത്.
'മതരാഷ്ട്രവാദ'മെന്നത് മാര്‍ക്‌സിസത്തിന്റെ മൂശയിലും ചെലവിലും രൂപപ്പെടുത്തിയ സവര്‍ണ വംശീയവാദ പദപ്രയോഗമാണെന്നാണ് കെ.കെ ബാബുരാജ് നിരീക്ഷിക്കുന്നത്. ഈ വാക്കിനെ ഭീതി പരത്തുന്ന വിധത്തില്‍ പ്രചരിപ്പിച്ചുകൊണ്ട് ന്യൂനപക്ഷ ഹിംസയെ സമകാലീനമായ രാഷ്ട്രീയ പ്രയോഗമാക്കി മാറ്റുകയാണ് മതേതര രാഷ്ട്രീയം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കേരളീയ പുരോഗമനത്തിന്റെ അപരമായിട്ടാണ് മുസ്‌ലിം സമുദായത്തെ നമ്മുടെ പൊതുഭാവുകത്വം കണ്ടുപോരുന്നതെന്നും നവോത്ഥാനത്തിന് വഴങ്ങാത്തവരും ആധുനികതയോട് പുറംതിരിഞ്ഞു നില്‍ക്കുന്നവരുമാണ് ഇക്കൂട്ടരെന്നുമാണ് മതേതര പക്ഷത്തിന്റെ നിരന്തര വിമര്‍ശനമെന്നും ബാബുരാജ് കൂട്ടിച്ചേര്‍ക്കുന്നുണ്ട് (മാധ്യമം ആഴ്ചപ്പതിപ്പ്, 2011 ജനുവരി 31).
സമകാലീനമായ ഇസ്‌ലാമിക സംഘടനകളെയും മുസ്‌ലിം യുവജന-സ്ത്രീ മുന്നേറ്റങ്ങളെയുമെല്ലാം കടന്നാക്രമിക്കുന്ന ഇടതുപക്ഷ പാഠങ്ങള്‍ ഇക്കാര്യം ശരിവെക്കുന്നതാണ്. മുസ്‌ലിം ജനസംഖ്യാ വര്‍ധനവുമായി ബന്ധപ്പെട്ടും മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തെക്കുറിച്ചും ഭീതിപരത്തുന്ന കഥകള്‍ പ്രചരിപ്പിച്ചുകൊണ്ട് ഹിന്ദുത്വ ശബ്ദങ്ങള്‍ക്ക് മുഴക്കം നല്‍കുകയും സാമാന്യ ഹിന്ദുജനതയെ ഭയപ്പെടുത്തുകയുമാണ് മതേതരവാദികള്‍. ലൗ ജിഹാദിനെക്കുറിച്ച് സംഘ്പരിവാറും അവരുടെ നാലാംകിട മാധ്യമങ്ങളും തയാറാക്കിയ അപസര്‍പ്പക കഥകള്‍ ഏറ്റെടുത്ത് നിയമസഭയില്‍ എടുത്തിട്ടത് സി.പി.എം വനിതാ എം.എല്‍.എയായിരുന്നു. ശബരിമല തീര്‍ഥാടന സമയത്ത് മലപ്പുറം ജില്ലയില്‍ ഹിന്ദുക്കള്‍ക്ക് കറുത്ത തുണി വില്‍ക്കരുതെന്ന് മുസ്‌ലിം ഭാരവാഹികളായ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സര്‍ക്കുലറയച്ചിരിക്കുന്നു എന്ന സംഘ്പരിവാര്‍ കള്ളക്കഥ മുമ്പ് നിയമസഭയിലവതരിപ്പിച്ചതും സി.പി.എം എം.എല്‍.എ ആയിരുന്നു. കേരളത്തില്‍ മതേതര ഇടതുപക്ഷം തുടര്‍ന്നുപോരുന്ന ഇത്തരം സവര്‍ണ വാദങ്ങളോട് ഒത്തുതീര്‍പ്പായിക്കൊണ്ടല്ലാതെ മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ മുന്നേറ്റങ്ങള്‍ സാധ്യമാകില്ലെന്നര്‍ഥം. മുസ്‌ലിം ലീഗടക്കമുള്ള രാഷ്ട്രീയ സംഘടനകള്‍ ഇത്തരം സവര്‍ണ അജണ്ടകളുടെ പുറത്തുകടക്കാന്‍ ശ്രമിച്ചാല്‍ ഒറ്റതിരിച്ച് ആക്രമിക്കപ്പെടുമെന്ന് അഞ്ചാം മന്ത്രി വിവാദം തെളിയിച്ചു. അതുകൊണ്ട് തന്നെ മുസ്‌ലിം വിഷയങ്ങളില്‍ കൃത്യമായ നിലപാടെടുക്കാന്‍ മുസ്‌ലിം ലീഗിന് പലപ്പോഴും സാധിക്കുന്നുമില്ല. ഇത്തരത്തില്‍ കേരള മുസ്‌ലിംകളുടെ വളര്‍ച്ചയുടെ അടയാളമായി ചൂണ്ടിക്കാണിക്കപ്പെടുന്ന രാഷ്ട്രീയ, സാമ്പത്തിക മേഖലകളെല്ലാം മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ചോദ്യം ചെയ്യപ്പെടുംവിധം അപകടസ്ഥലികളായി മാറിയിരിക്കുന്നു.
ഗള്‍ഫ് പണവും മുസ്‌ലിം മൂലധന ഭീതിയും
''എടോ, മംഗലശ്ശേരി മുറ്റത്ത് കയറിവന്ന് വസ്തു വില്‍ക്കുന്നോ എന്ന് ചോദിക്കാനുള്ള ധൈര്യമായോ നിനക്ക്. നിന്റെ വാപ്പ അന്ത്രു മാപ്പിള ഈ പടിപ്പുരക്കിപ്പുറം കാലുകുത്തിയിട്ടില്ല. പുഴക്കര പറമ്പീന്ന് അയാള്‍ തേങ്ങ മോഷ്ടിച്ചപ്പോള്‍ ദേ ഈ കാണുന്ന പുളിയന്‍ മാവിന്റെ മേലാ ഇവിടത്തെ പണിക്കാര്‍ പിടിച്ചുകെട്ടി തല്ലിയത്. നിനക്കോര്‍മയില്ലേല്‍ പോയി ചോദിക്ക്. ജീവനോടെ ഉണ്ടല്ലോ ഇപ്പോഴും. ഏതോ നാട്ടില്‍ പോയി നാല് പുത്തനുണ്ടാക്കിയതിന്റെ നിഗളിപ്പ് മംഗലശ്ശേരി നീലകണ്ഠനോട് കാണിക്കാ. ഇറങ്ങിപ്പോടാ'' (ദേവാസുരം തിരക്കഥ- രഞ്ജിത്ത്).
1990-കളില്‍ രൂപംകൊണ്ട മലയാള സിനിമകളിലൊന്നില്‍ വള്ളുവനാടന്‍ സവര്‍ണ നായകന്‍ ഗള്‍ഫ് പണമെന്ന ബാഹ്യശത്രുവിനോടും ഗള്‍ഫ് മുസ്‌ലിമെന്ന ആന്തരിക ശത്രുവിനോടും നടത്തുന്ന ആക്രോശങ്ങളിലൊന്നാണിത്. ഇന്ത്യയില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളീയ മുസ്‌ലിം സമൂഹം നേടിയെടുത്തിട്ടുള്ള സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളില്‍ ഗള്‍ഫ് പണം ചെലുത്തുന്ന സ്വാധീനം തന്നെയാണ് ഈ അസ്വസ്ഥതക്ക് പ്രധാന കാരണം. അതുകൊണ്ടുതന്നെ ഇതര സംസ്ഥാനങ്ങളില്‍ സംവരണത്തെ തകര്‍ക്കാന്‍ മെറിറ്റ് വാദമാണ് സവര്‍ണ സമൂഹം ഉന്നയിക്കുന്നതെങ്കില്‍ കേരളത്തില്‍ അവര്‍ പയറ്റുന്നത് വളര്‍ച്ചാ വാദമാണ്. അഥവാ സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളില്‍ മുസ്‌ലിം ന്യൂനപക്ഷമടക്കമുള്ളവര്‍ ഭൂരിപക്ഷത്തെ കവച്ചുവെക്കുന്നുണ്ടെന്നും അതിനാല്‍ സംവരണത്തിന് ഇക്കൂട്ടര്‍ അര്‍ഹരല്ലെന്നുമാണ് വാദം. പ്രമുഖ മതേതരവാദിയും എഴുത്തുകാരനുമായ സി.ആര്‍ പരമേശ്വരന്‍ നടത്തുന്ന നിരീക്ഷണം ഇത്തരത്തിലൊന്നാണ്. കോഴിക്കോട്ടെ കോയമാര്‍ ഒരു നേരം കഴിക്കുന്ന ബിരിയാണി കൊണ്ട് കേരളത്തിലെ ദലിതുകള്‍ക്കും ആദിവാസികള്‍ക്കും ഒരു മാസം കഴിയാമെന്നിരിക്കെ ഈ മൂന്ന് വിഭാഗങ്ങളെയും കൂട്ടിയിണക്കിക്കൊണ്ടുള്ള ഇരവാദമാണ് ഇവിടെ ഉന്നയിക്കപ്പെടുന്നതെന്നും അതാകട്ടെ അന്തിമമായി ഗള്‍ഫ് പത്തിരി മോഹിച്ചുള്ള ചിലരുടെ ഇടപെടലുകളുടെ ഫലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്. ഇത്തരം ഗള്‍ഫ് പണത്തെ ചൊല്ലിയുള്ള വേവലാതികള്‍ സിനിമകളിലും സാഹിത്യത്തിലുമെല്ലാം കയറിക്കൂടുന്നുണ്ട്. 1980-കള്‍ക്കു ശേഷമുണ്ടായ ഗള്‍ഫ് കുടിയേറ്റം മുസ്‌ലിംകളില്‍ ഗണ്യമായ വിധത്തില്‍ സാമ്പത്തിക വളര്‍ച്ച സൃഷ്ടിച്ചിട്ടുണ്ടെന്നും അതാകട്ടെ കേരളത്തിന്റെ പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും വന്‍തോതില്‍ പരിക്കേല്‍പിക്കുന്നുണ്ടെന്നും വിമര്‍ശനം ഉയരുന്നു. കാരണം ഗള്‍ഫ് മുസ്‌ലിം ഇവിടത്തെ ഭൂമിക്ക് വില പറയുന്നവനാണ്. അവന്‍ തണ്ണീര്‍തടങ്ങള്‍ മണ്ണിട്ട് മൂടി വന്‍ ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ പണികഴിപ്പിക്കുന്നവനുമാണ്. ഇങ്ങനെ പോകുന്നു ആരോപണങ്ങള്‍. ഗള്‍ഫ് പണമെന്ന ഭീഷണി കാണിച്ച് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാറില്‍നിന്ന് ലഭ്യമാവേണ്ട അവകാശങ്ങള്‍ തടുത്തുനിര്‍ത്താനുള്ള ശ്രമമാണിത്. കേരളത്തില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ നേടിയെടുത്തിരിക്കുന്ന ഭേദപ്പെട്ട ഈ പുരോഗതി സര്‍ക്കാര്‍ തളികയില്‍ വെച്ച് നല്‍കിയതോ അല്ലെങ്കില്‍ ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായി അവര്‍ നേടിയെടുത്തതോ അല്ല. മറിച്ച്, സാമൂഹികവും വിദ്യാഭ്യാസപരവുമായ ഭരണകൂട വിവേചനങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരു സമൂഹം സ്വന്തം അതിജീവനത്തിന്റെ ഭാഗമായി നേടിയെടുത്ത പരിശ്രമങ്ങളുടെ ഭാഗമാണ്. ഈ വളര്‍ച്ചാ വാദത്തെ ഇന്ത്യയിലേക്ക് മൊത്തം പടര്‍ത്തി ന്യൂനപക്ഷ അവകാശങ്ങളെ ഇല്ലായ്മ ചെയ്യാനാണ് സംഘ് പരിവാര്‍ ശ്രമം. ജനസംഖ്യാ വളര്‍ച്ചയും മൂലധന വളര്‍ച്ചയും മുസ്‌ലിംകളുടെ മേല്‍ പ്രത്യേകം ചാര്‍ത്തിക്കൊടുത്ത് അതിനാവശ്യമായ കളമൊരുക്കുകയാണ് ഫാഷിസ്റ്റ് ഭരണകൂടം.
കേരളത്തില്‍ ഭൗതികമായ വളര്‍ച്ച നേടിയെടുക്കാന്‍ ഒരു പരിധിവരെ മുസ്‌ലിം സമുദായത്തിന് സാധിച്ചിട്ടുണ്ടെങ്കിലും അതിനെ സാമൂഹിക വികാസമാക്കി മാറ്റിയെടുക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. കാരണം, ഒരു സമൂഹത്തിന്റെ സാമൂഹിക വളര്‍ച്ചയില്‍ മറ്റെല്ലാറ്റിനേക്കാളും സ്റ്റേറ്റിന് പങ്കുണ്ട്. കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാറുകളുടെ വികസന പട്ടികയിലൊന്നും പലപ്പോഴും ഈ സമുദായവും അവര്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളും ഇടം പിടിച്ചിട്ടില്ല. തങ്ങളുടേതായ വഴികളിലൂടെ അവരെത്ര വിഭവങ്ങള്‍ സമാഹരിച്ചാലും സാമൂഹികമായ സ്വീകാര്യത കിട്ടണമെങ്കില്‍ സ്റ്റേറ്റ് കൂടി അതില്‍ പങ്കാളികളാകണം. ജനാധിപത്യ സര്‍ക്കാറുകള്‍ മാത്രമല്ല അതിന്റെ നെടുംതൂണ്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മേഖലകളില്‍നിന്നെല്ലാം അതിലേക്കാവശ്യമായ സഹകരണം ഉറപ്പുവരുത്തണം. എന്നാല്‍, അത്തരം സംവിധാനങ്ങളെല്ലാം ഭരണകൂടത്തെ കവച്ചുവെക്കുംവിധമുള്ള ഡീപ്പ് സ്റ്റേറ്റായി മാറുകയും മുസ്‌ലിംവിരുദ്ധവും വംശീയവുമായ പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു എന്നതാണ് കേരളത്തിന്റെ സമകാലിക ചിത്രം.
Comments