ഭ്രൂണശാസ്ത്രത്തിന്റെ കൈവഴികളും ഖുര്‍ആനിക വെളിപാടുകളും
വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്ര പഠനത്തിന് നല്‍കുന്ന പ്രേരണ ലോക മതസാഹിത്യത്തിലെ അതുല്യ പ്രതിഭാസമാണ്. ആ വേദ പുസ്തകം ചുറ്റും സംഭവിക്കുന്ന വൈവിധ്യമാര്‍ന്ന പ്രതിഭാസങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. ശാസ്ത്രവിജ്ഞാനീയങ്ങള്‍ക്കായുള്ള അന്വേഷണം വിശ്വാസിയുടെ മതപരമായ കര്‍ത്തവ്യമാണെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു.
മനുഷ്യന്റെ ശരീരഘടനയെയും ജന്തുക്കളുടെ വര്‍ഗീകരണത്തേയും കുറിച്ച് പഠിക്കാന്‍ വേദപുസ്തകം നമ്മോട് പറയുന്നു്. ഇവയെല്ലാം ജീവശാസ്ത്രത്തിന്റെ (ബയോളജി) ചിന്താവിഷയങ്ങളാണ്. ഭൂഗോളത്തിന്റെ ധാതുപ്രകൃതി, ഘടന എന്നിവയെക്കുറിച്ചും, വിവിധ പാറനിരകളെക്കുറിച്ചും അവയുടെ ജൈവവും അജൈവവുമായ ഘടനകളില്‍ സംഭവിക്കുന്ന വ്യത്യാസങ്ങളെക്കുറിച്ചും പഠിക്കാനും നമ്മോടനുശാസിക്കുന്നു. ഇവ ആധുനിക ഭൂഗര്‍ഭശാസ്ത്രത്തിന്റെ ചിന്താവിഷയങ്ങളാണ്. രാപ്പകലുകള്‍ മാറിമാറി വരുന്നതിന്റെ കാരണങ്ങള്‍, ഋതുക്കളുടെ വ്യതിയാനം, ഗ്രഹങ്ങളുടെ ചലനങ്ങള്‍, ആകാശസംബന്ധമായ മറ്റു പ്രതിഭാസങ്ങള്‍ എന്നിവയെക്കുറിച്ച് പഠിക്കാനും ആഹ്വാനം ചെയ്യുന്നു. ഇവ കാലാവസ്ഥാ പഠനത്തിന്റെ ചിന്താവിഷയങ്ങളാണ്.
ആധുനിക ഉപകരണങ്ങളുടെ (അര്‍ട്ട റുസോണോ ഗ്രാം, സി.ടി.സ്‌കാന്‍, മൈക്രോസ്‌കോപ്പ്) സഹായത്തോടെയും അനാട്ടമി, ഫിസിയോളജി മുതലായ വൈദ്യശാസ്ത്ര ശാഖകളുടെ സഹായത്തോടെയും മാത്രം മനുഷ്യര്‍ക്ക് മനസ്സിലാക്കാനായ ഭ്രൂണോല്‍പ്പത്തിയെയും പരിണാമത്തെയും കുറിച്ച പരാമര്‍ശങ്ങള്‍ നടത്തുമ്പോഴും ഖുര്‍ആന്‍ പുലര്‍ത്തുന്ന കൃത്യതയും സൂക്ഷ്മതയും വിസ്മയാവഹമാണ്.
ഭ്രൂണശാസ്ത്രവും ഖുര്‍ആനും
അന്ത്യപ്രവാചകന്‍ മുഹമ്മദ്‌നബി(സ)ക്ക് ആദ്യമായി അവതരിപ്പിച്ച ഖുര്‍ആന്‍ സൂക്തങ്ങളില്‍ പോലും ഭ്രൂണശാസ്ത്രം പ്രതിപാദിക്കുന്നു്. ആദ്യ വചനങ്ങളില്‍ തന്നെ 'മനുഷ്യനെ ഭ്രൂണത്തില്‍നിന്ന് സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക' എന്നുണ്ടല്ലോ. എന്നു മാത്രമല്ല, ആദ്യം അവതരിച്ച അധ്യായത്തിന്ന് തന്നെ 'ഭ്രൂണം' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
ആ അധ്യായത്തില്‍ (അല്‍ അലഖ്) നാം ഇങ്ങനെ വായിക്കുന്നു: ''വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍. ഒട്ടിപ്പിടിക്കുന്ന ഒന്നില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.''
ഇവിടെ ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്ന 'അലഖ്' എന്ന അറബി നാമത്തിന് ഒട്ടിപ്പിടിക്കുന്ന വസ്തു, അട്ട എന്നൊക്കെ അര്‍ഥമുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഭ്രൂണം ഗര്‍ഭാശയഭിത്തിയില്‍ ഉറപ്പിക്കുക അല്ലെങ്കില്‍ സ്ഥാപിക്കുക എന്ന പ്രക്രിയയാണ് നടക്കുന്നത്. ഇതിനെ ഭ്രൂണശാസ്ത്രത്തില്‍ ഇംപ്ലാന്റേഷന്‍ എന്നുപറയുന്നു. അപ്പോള്‍ ഒട്ടിപ്പിടിക്കുക എന്ന ഭ്രൂണത്തിന്റെ ധര്‍മം ഇവിടെ വളരെ അനുയോജ്യമാണ്. അതുകൊണ്ടാണ് വേദപുസ്തകം വളരെ കൃത്യമായ പരാമര്‍ശം നടത്തിയിട്ടുള്ളത്.
ചില അടിസ്ഥാന തത്ത്വങ്ങള്‍
മനുഷ്യ പ്രത്യുല്‍പാദനം വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. അതിന്റെ ആരംഭം പുരുഷബീജവും സ്ത്രീ അണ്ഡവും തമ്മിലുള്ള ബീജ സംയോഗമാണ്. അത് സംഭവിക്കുന്നത് ആര്‍ത്തവ ചംക്രമണത്തിലാണ്. അണ്ഡാശയത്തില്‍ നിന്ന് ഒരു അണ്ഡവിക്ഷേപണം നടക്കുന്നു. അത് അണ്ഡവാഹിനിക്കുഴലില്‍ (ഫെല്ലോപിയന്‍ റ്റിയൂബ്) എത്തിപ്പെടുന്നു. ആ സമയത്ത് ഒരു പുരുഷബീജവുമായി അത് സംയോജിക്കുകയും ബീജസംയോജനം നടക്കുകയും ചെയ്യുന്നു. പുരുഷ ബീജം (സ്‌പേം) ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് പുരുഷന്റെ വൃഷ്ണത്തില്‍ നിന്നാണ്. ഇന്ദ്രിയമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഇതിനെ സംബന്ധിച്ച് ഖുര്‍ആനില്‍ പല സ്ഥലത്തും പ്രതിപാദിക്കുന്നുണ്ട്. സൂറഃ അല്‍ഖിയാമയിലെ 36, 37, 38 എന്നീ വചനങ്ങളില്‍ നമുക്ക് ഇങ്ങനെ വായിക്കാം:
''മനുഷ്യന്‍ കരുതുന്നുവോ, അവനെ വെറുതെയങ്ങ് വിട്ടേക്കുമെന്ന്? അവന്‍, തെറിച്ചുവീണ നിസ്സാരമായ ഒരു ഇന്ദ്രിയ കണം മാത്രമായിരുന്നില്ലേ? പിന്നെയത് ഭ്രൂണമായി. അനന്തരം അല്ലാഹു അവനെ സൃഷ്ടിച്ചു അവയവപ്പൊരുത്തമേകി.''
ബീജസംയോജനം നടന്ന അണ്ഡം ഗര്‍ഭപാത്ര ഭിത്തിയില്‍ ഒരു പ്രത്യേക സ്ഥലത്ത് ഇംപ്ലാന്റ് ചെയ്യപ്പെടുകയാണ്. അണ്ഡം അണ്ഡവാഹിനിക്കുഴലിലൂടെ സഞ്ചരിക്കുകയും ഗര്‍ഭപാത്രത്തില്‍ ഒരു പ്രത്യേക സ്ഥലത്ത് സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. സിക്താണ്ഡം എന്റോമെട്രിയവും മയോമെട്രിയവും ചേര്‍ന്ന ഗര്‍ഭപാത്ര ഭിത്തിയില്‍ ആഴത്തില്‍ സ്ഥാപിക്കപ്പെടുന്നു. ഈ സമയത്ത് മറുപിള്ള രൂപപ്പെടുകയും മാതാവും ഭ്രൂണവുമായുള്ള ബന്ധം ദൃഢമായി സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.
ഭ്രൂണം നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ പറ്റുന്ന ഈ അവസ്ഥയില്‍ മനുഷ്യന് വേര്‍തിരിച്ചുകാണാനാവാത്ത കോശങ്ങളുടെ ഒരു സംഘമായിത്തീരുന്നു. ഭ്രൂണം ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരുകയും അമ്മയുടെ രക്തത്തില്‍നിന്ന് പോഷകങ്ങള്‍ സ്വീകരിച്ച് പൂര്‍ണ വളര്‍ച്ചയെത്തിയ ശിശുവായി വളരുകയും ചെയ്യുന്നു. മെല്ലമെല്ലെ അസ്ഥികളും മാംസവും നാഡീവ്യവസ്ഥയും രക്തചംക്രമണ വ്യവസ്ഥയും മറ്റു വ്യവസ്ഥകളും രൂപപ്പെടുന്നു.
പ്രത്യുല്‍പാദനം ഖുര്‍ആനില്‍
വേദ പുസ്തകത്തില്‍കൂടി ഭ്രൂണത്തിന്റെ അഭിവൃദ്ധിയുടെ രേഖാചിത്രം പഠിക്കുക അത്ര എളുപ്പമല്ല. കാരണം ഭ്രൂണശാസ്ത്ര പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ നിരവധി അധ്യായങ്ങളിലായി നിരവധി ആയത്തുകളില്‍ പരന്നുകിടക്കുകയാണ്.
സൂറഃ അല്‍മുഅ്മിനൂനിലെ 12, 13, 14 വചനങ്ങളില്‍ നാം ഇങ്ങനെ വായിക്കുന്നു:
''മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ നാം അവനെ ബീജഗണമാക്കി ഭദ്രമായ (ഗര്‍ഭപാത്രത്തില്‍) ഒരിടത്ത് സ്ഥാപിച്ചു. അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി മാറ്റി. പിന്നീട് ഭ്രൂണത്തെ മാംസക്കട്ടയാക്കി. അതിനുശേഷം മാംസത്തെ എല്ലുകളാക്കി. എല്ലുകളെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് നാം അതിനെ തീര്‍ത്തും വ്യത്യസ്തമായ ഒരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു. ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണന്‍ തന്നെ.''
'അലഖ്' എന്ന അറബി പദത്തിന് മൂന്ന് അര്‍ഥങ്ങളുണ്ട്: 1) അട്ട, 2) തൂക്കിയിട്ട വസ്തു, 3) രക്തക്കട്ട. അട്ടയെ ഭ്രൂണവുമായി 'അലഖ്' താരതമ്യപ്പെടുത്തുമ്പോള്‍ അട്ടയുമായുള്ള സാദൃശ്യം നമുക്ക് ചിത്രങ്ങളില്‍നിന്ന് വ്യക്തമാവും. ഈ അവസ്ഥയില്‍ ഭ്രൂണത്തിന് പോഷകങ്ങള്‍ അമ്മയുടെ രക്തം മുഖേനയാണ് ലഭിക്കുന്നത്.
'അലഖി'ന്റെ രണ്ടാമത്തെ അര്‍ഥം, തൂക്കിയിട്ട വസ്തു എന്നാണ്. അതായത് ഭ്രൂണം അലഖ് സ്റ്റേജില്‍ മാതാവിന്റെ ഗര്‍ഭപാത്രഭിത്തിയില്‍ തൂങ്ങിക്കിടക്കുകയാണ്.
മൂന്നാമത് അലഖിന്റെ അര്‍ഥം രക്തക്കട്ട എന്നാണല്ലോ. ഈ അവസ്ഥയില്‍ ഭ്രൂണം ഒരു രക്തക്കട്ട തന്നെയാണ്. ഇവിടെ ഭ്രൂണത്തില്‍ ധാരാളം രക്തമാണ് കാണുന്നത്. മാത്രമല്ല ഈ അവസ്ഥയില്‍ മൂന്നാമത്തെ ആഴ്ചയുടെ അവസാനം വരെ രക്തചംക്രമണം നടക്കുന്നില്ല. അതിനാല്‍ 'അലഖി'ന്റെ മൂന്ന് അര്‍ഥവും ഈ അവസ്ഥയിലുള്ള ഭ്രൂണത്തിനു യോജിക്കും.
ഭ്രൂണത്തിന്റെ അടുത്ത അവസ്ഥയെ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നത് 'മുദ്ഗ' എന്നാണ്. മുദ്ഗ എന്നു പറഞ്ഞാല്‍ ചവച്ച വസ്തു. ഈ അവസ്ഥയില്‍ ഭ്രൂണം, നാം ചവച്ചരച്ച് നമ്മുടെ പല്ലുകള്‍ പതിഞ്ഞ ചുയിംഗം പോലെ തോന്നിക്കും. സോമയ്റ്റ് അവസ്ഥയിലാണ് ഇങ്ങനെ കാണപ്പെടുന്നത്. രൂപപ്പെടുന്ന നട്ടെല്ലിന് ചുറ്റും മാംസക്കട്ടപോലെ കാണപ്പെടുന്ന അവസ്ഥയാണിത്.
ഖുര്‍ആന്‍ ഈ അവസരത്തില്‍ ഭ്രൂണത്തിന്റെ അഭിവൃദ്ധിയുമായി ബന്ധപ്പെട്ട് പറയുന്നത് സൂറഃ ഇന്‍സാനിലെ 1,2 വചനങ്ങളില്‍ ഇങ്ങനെ വായിക്കാം:
''താന്‍ പറയത്തക്ക ഒന്നുമല്ലാതിരുന്ന ഒരു കാലഘട്ടം മനുഷ്യന് കഴിഞ്ഞുപോയിട്ടില്ലേ? മനുഷ്യനെ നാം കൂടിച്ചേര്‍ന്ന ദ്രവകണത്തില്‍നിന്ന് സൃഷ്ടിച്ചു. നമുക്ക് അവനെ പരീക്ഷിക്കാന്‍. അങ്ങനെ നാമവനെ കേള്‍വിയും കാഴ്ചയുമുള്ളവനാക്കി.'' ഇവിടെ കേള്‍വിയും കാഴ്ചയുമുള്ളവനാക്കി എന്ന പരാമര്‍ശം വളരെ കൃത്യമാണ്. ഭ്രൂണശാസ്ത്ര പ്രകാരം കേള്‍വിയാണ് ആദ്യം സംഭവിക്കുന്നത്. പിന്നെയാണ് കാഴ്ച ഉണ്ടാവുന്നത്.
ഖുര്‍ആനിന്റെ അപ്രമാദിത്വം
മുഹമ്മദ് നബി(സ)യുടെ മസ്തിഷ്‌കത്തില്‍ വിരിഞ്ഞ ചിന്താധാരകളുടെ സമാഹാരമാണ് ഖുര്‍ആന്‍ എന്ന് വാദിക്കുന്നവര്‍ക്ക്, അതില്‍ പ്രതിപാദിക്കപ്പെട്ട സൂക്ഷ്മവും കൃത്യവുമായ ഇത്തരം പ്രസ്താവങ്ങള്‍ വലിയ തലവേദനയുണ്ടാക്കാറുണ്ട്. പതിനഞ്ചു നൂറ്റാണ്ടു മുമ്പ് അറേബ്യയില്‍ ജീവിച്ച നിരക്ഷരനായ ഒരു വ്യക്തിക്ക് ഇത്ര കൃത്യമായ ശാസ്ത്ര വിവരണങ്ങള്‍ നല്‍കാന്‍ കഴിയുന്നതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഈ തലവേദനയില്‍നിന്ന് രക്ഷപ്പെടാനാണ് ഖുര്‍ആന്‍ വിമര്‍ശകര്‍, മുഹമ്മദ് നബി(സ)ക്കുമുമ്പു തന്നെ ലോകത്തെങ്ങും ഭ്രൂണവിജ്ഞാനീയങ്ങള്‍ നിലനിന്നിരുന്നുവെന്നും പ്രസ്തുത വിജ്ഞാനീയങ്ങളില്‍നിന്ന് കടമെടുത്തതാണ് ഖുര്‍ആനിലും ഹദീസുകളിലുമുള്ള ഭ്രൂണശാസ്ത്ര പരാമര്‍ശങ്ങളെന്നും വാദിച്ചുകൊണ്ടണ്ടണ്ടിരിക്കുന്നത്. ഖുര്‍ആന്റെ അവതരണകാലത്തുായിരുന്ന ഭ്രൂണവിജ്ഞാനീയങ്ങളെകുറിച്ച പഠനം, ഈ വാദത്തിന്റെ നട്ടെല്ലൊടിക്കും.
പൗരാണിക മനുഷ്യന്റെ ഭ്രൂണ സങ്കല്‍പങ്ങള്‍ വിശകലനം ചെയ്താല്‍ അവയെത്രമാത്രം അശാസ്ത്രീയവും അബദ്ധവുമായിരുന്നുവെന്ന് മനസ്സിലാക്കാം. മധ്യയുഗത്തില്‍ വരെ മനുഷ്യന്റെ പ്രത്യുല്‍പാദനത്തെ സംബന്ധിച്ച എഴുത്തുകള്‍ അന്ധവിശ്വാസങ്ങളും അശാസ്ത്രീയതകളും നിറഞ്ഞതാണ്.
അതങ്ങനെയാകാനേ വഴിയുള്ളൂ. കാരണം ആധുനിക ശാസ്ത്ര ശാഖകളായ അനാട്ടമി, ഫിസിയോളജി മുതലായവയുടെയും ആധുനിക ഉപകരണങ്ങളായ ലൈറ്റ്മയ്ക്രാസ്‌കോപ്പ്, ഇലക്‌ട്രോണ്‍ മൈക്രോ സ്‌കോപ്പ് എന്നിവയുടെയും ആധുനിക ഇപോമേജിം ഉപകരണങ്ങളായ അള്‍ട്രാ സോണോഗ്രാഫ്, മാഗ്നറ്റിക്ക് സൊനന്‍സ്, ഇമേജിം പെറ്റസ്‌കാന്‍ മുതലായവയുടെയും മാഗ്നറ്റിക്ക് സൊനന്‍സ്, ഇമേജിം(MRI) സി.ടി. സ്‌കാന്‍ എന്നീ ഉപകരണങ്ങളുടെയും സഹായത്താല്‍ മാത്രമേ ഭ്രൂണശാസ്ത്രം എന്ന വൈവിധ്യമാര്‍ന്ന ശാസ്ത്രശാഖ ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ. ഇതൊക്കെയും ആധുനിക കാലത്ത് മാത്രം വികസിച്ചുവന്നതാണല്ലോ.
എത്രമാത്രം വികല സങ്കല്‍പ്പങ്ങളായിരുന്നു ഇതുസംബന്ധമായി വിവിധ സമൂഹങ്ങളില്‍ നിലനിന്നിരുന്നത് എന്ന് നമുക്കൊന്ന് പരിശോധിക്കാം.
ഭാരതീയ ഭ്രൂണ സങ്കല്‍പം
മനുഷ്യഭ്രൂണത്തിന്റെ പരിണാമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ലഭ്യമായതില്‍ വെച്ച് ഏറ്റവും പുരാതനമായ ഗ്രന്ഥം കൃഷ്ണ യജുര്‍വേദത്തിന്റെ സംന്യ ഉപനിഷത്തായി ഗണിക്കപ്പെടുന്ന 'ഗര്‍ഭോപനിഷത്ത്' ആണ്. ക്രിസ്തുവിന് ആയിരത്തിനാനൂറു വര്‍ഷം മുമ്പ് പിപ്പലാദ ഋഷി രചിച്ചതായി കരുതപ്പെടുന്ന 'ഗര്‍ഭോപനിഷ'ത്തില്‍ ശുക്ലത്തിന്റെ ആവിര്‍ഭാവത്തെയും ഗര്‍ഭാവസ്ഥയിലെ ഭ്രൂണമാറ്റങ്ങളെയും കുറിച്ച് പരാമര്‍ശങ്ങളുണ്ട്.
ഈ ഉപനിഷത്ത് സൂക്തങ്ങളിലെ ആശയങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:
1. വിവിധങ്ങളായ പദാര്‍ഥങ്ങളില്‍നിന്ന് ഉത്ഭൂതമാകുന്ന രസത്തില്‍നിന്ന് രക്തവും അതില്‍നിന്ന് മാംസവും അതില്‍നിന്ന് മോദസ്സും അതില്‍നിന്ന് സ്‌നായുവും അതില്‍നിന്ന് അസ്ഥിയും അതില്‍നിന്ന് മജ്ജയും ഉണ്ടാകുന്നു. മജ്ജയില്‍ നിന്നാണ് ശുക്ലമുണ്ടാകുന്നത്.
2. പുരുഷന്റെ ശുക്ലവും സ്ത്രീയുടെ ആര്‍ത്തവ രക്തവും (ശോണിതം) ചേര്‍ന്നാണ് ഗര്‍ഭമുണ്ടാകുന്നത്.
3. ഋതുസമയത്ത് ഉചിതമായ രീതിയില്‍ ഗര്‍ഭധാരണം നടന്നാല്‍ ശുക്ലവും ശോണിതവും ചേര്‍ന്ന് ഒരൊറ്റ രാത്രി കൊണ്ട് കലലമായിത്തീരും.
4. ഗര്‍ഭസ്ഥ ശിശു ഏഴു രാത്രി കൊണ്ട് ബുദ്ബുദവും പതിനഞ്ച് ദിവസങ്ങള്‍ കൊണ്ട് പിണ്ടാലക്കരവും ഒരു മാസം കൊണ്ട് കരിനവുമായിത്തീരുന്നു.
5. രണ്ടു മാസം കൊണ്ട് കാലും നാലുമാസം കൊണ്ട് മുട്ടുകളും അരയും വയറും അഞ്ചുമാസം കൊണ്ട് ഹൃദയം, നട്ടെല്ല് എന്നിവയും രൂപപ്പെടുന്നു.
6. ആറാം മാസത്തിലാണ് വായ്, മൂക്ക്, ചെവി, കണ്ണുകള്‍ എന്നിവ രൂപപ്പെടുന്നത്.
7. ഏഴാം മാസത്തില്‍ കുഞ്ഞ് ജീവസ്പന്ദനത്തോടെ പുഷ്ടിപ്പെടുന്നു.
8. പരിപൂര്‍ണ ശരീരം രൂപപ്പെടുന്നത് എട്ടാം മാസത്തിലാണ്.
9. ശുക്ലമാണ് അധികമെങ്കില്‍ ആണ്‍കുഞ്ഞും രക്തമാണ് അധികമെങ്കില്‍ പെണ്‍കുഞ്ഞും രണ്ടും തുല്യമാണെങ്കില്‍ നപുംസകവുമാണുണ്ടാവുക.
10. സ്ത്രീ-പുരുഷ സംയോഗം നടക്കുന്ന സന്ദര്‍ഭത്തിലെ ദമ്പതിമാരുടെ മനോവ്യഥ കാരണമാണ് കുഞ്ഞിന് അംഗവൈകല്യങ്ങളുണ്ടാകുന്നത്.
11. വായുവിനാല്‍ ശുക്ല-ശോണിതങ്ങള്‍ ഭേദിപ്പിക്കപ്പെടുന്നതിനാലാണ് ഇരട്ടകളും മറ്റുമുണ്ടാകുന്നത്.
12. ജ്ഞാനേന്ദ്രിയാദികള്‍ ചേര്‍ന്ന് ശിശു പൂര്‍ണത പ്രാപിക്കുന്നത് ഒമ്പതാം മാസത്തിലാണ്.
ഇസ്രാഈല്യരുടെ ഭ്രൂണ സങ്കല്‍പം
ഭാഷാശാസ്ത്രപ്രകാരം പരിശോധിച്ചാല്‍ എഴുതപ്പെട്ടതില്‍വെച്ച് ഏറ്റവും പുരാതനമായ ബൈബിള്‍ പുസ്തകമെന്ന് കരുതപ്പെടുന്ന ഇയ്യോബിന്റെ പുസ്തകത്തില്‍ ഭ്രൂണോല്‍പാദനത്തെക്കുറിച്ച് ചില പരാമര്‍ശങ്ങളുണ്ട്. അത് ഇങ്ങനെ വായിക്കാം: ''കളിമണ്ണുകൊണ്ടാണ് അങ്ങ് എന്നെ സൃഷ്ടിച്ചതെന്ന് അനുസ്മരിക്കേണമേ! പൊടിയിലേക്കുതന്നെ അങ്ങ് എന്ന് തിരിച്ചയക്കുമോ? അങ്ങ് പാലുപോലെ പകര്‍ന്ന് തൈരുപോലെ എന്നെ ഉറകൂട്ടിയില്ലേ? അങ്ങ് ചര്‍മവും മാംസവും കൊണ്ട് എന്നെ ആവരണം ചെയ്തു, അസ്ഥിയും സ്‌നായുക്കളും കൊണ്ട് എന്നെ തുന്നിച്ചേര്‍ത്തു.'' പുരുഷ ശുക്ലം കട്ടപിടിച്ചാണ് കുഞ്ഞുണ്ടാകുന്നതെന്നായിരുന്നു അന്നു നിലനിന്നിരുന്ന സങ്കല്‍പം. ഇയ്യോബില്‍നിന്ന് വ്യത്യസ്തമായ വീക്ഷണങ്ങളെന്തെങ്കിലും ഔദ്യോഗിക കാനോനില്‍ ഉള്‍പ്പെടുത്തപ്പെട്ട ബൈബിള്‍ ഗ്രന്ഥങ്ങളുടെ കര്‍ത്താക്കള്‍ക്ക് ഉണ്ടെന്ന് വ്യക്തമാകുന്ന പരാമര്‍ശങ്ങളൊന്നും ബൈബിള്‍ പുസ്തകങ്ങളില്‍ കാണുന്നില്ല.
അവസാനമായി എഴുതപ്പെട്ട ബൈബിള്‍ പുസ്തകങ്ങളെന്ന് കരുതപ്പെടുന്ന പുതിയ നിയമത്തിലെ 'യോഹന്നാന്റെ' ലേഖനങ്ങള്‍ വരെ ഒരു ഗ്രന്ഥത്തിലും പുരുഷ ശുക്ലം കട്ടപിടിച്ചാണ് കുഞ്ഞുണ്ടാവുന്നതെന്ന ഇയ്യോബിന്റെ സങ്കല്‍പത്തെ തിരുത്തുന്ന പരാമര്‍ശങ്ങളൊന്നുമില്ല. അതിനാല്‍ പഴയ ഇസ്രാഈല്‍ സമൂഹത്തിന്റെ പൊതുവായ വിശ്വാസമായിരുന്നു അതെന്നാണ് മനസ്സിലാവുന്നത്.
പുരുഷബീജത്തില്‍നിന്നാണ് കുഞ്ഞുണ്ടാവുന്നതെങ്കിലും അത് പുഷ്ടി പ്രാപിക്കുന്നത് മാതാവിന്റെ ആര്‍ത്തവരക്തത്താലാണെന്നായിരുന്നു ഇസ്രാഈല്യരുടെ വിശ്വാസമെന്ന് വ്യക്തമാക്കുന്ന ഒരു പരാമര്‍ശം കത്തോലിക്കാ ബൈബിളിലുണ്ട്: ''ദാമ്പത്യത്തിന്റെ ആനന്ദത്തില്‍ പുരുഷ ബീജത്തില്‍ നിന്ന് ജീവന്‍ ലഭിച്ചു. പത്തുമാസം കൊണ്ട് അമ്മയുടെ രക്തത്താല്‍ പുഷ്ടിപ്രാപിച്ചു.''
ബൈബിളിലുള്ള ഭ്രൂണ പരിണാമവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഗ്രീക്ക് സ്വാധീനത്തില്‍നിന്നുണ്ടായതാണെന്നാണ് ഭ്രൂണശാസ്ത്ര ചരിത്രകാരനായ ജോസഫ് നിഥാമിന്റെ പക്ഷം.
അരിസ്റ്റോട്ടിലിന്റെ ജന്തുക്കളുടെ ഉത്ഭവത്തെപറ്റി (On the Generation of Animals) എന്ന ഗ്രന്ഥത്തിലെ അതേ താരതമ്യമാണ് ഇവിടെയും നടത്തിയിട്ടുള്ളതെന്ന വസ്തുത രസകരമാണ്. ഭ്രൂണശാസ്ത്ര പരാമര്‍ശമുള്ള സോളമന്റെ വിജ്ഞാനത്തിലും (7:2) ആര്‍ത്തവ രക്തത്തില്‍നിന്നാണ് ഭ്രൂണം വളരുന്നതെന്ന അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തമാണ് പകര്‍ത്തിയിരിക്കുന്നതെന്ന വസ്തുത അതിനേക്കാള്‍ ആശ്ചര്യകരമാണ്.
ജൂതബൈബിളിന്റെ പുരോഹിത വ്യാഖ്യാനങ്ങളായ ജിദ്രാഷിലും തല്‍മൂദിലുമെല്ലാം ഈ ഗ്രീക്ക് സ്വാധീനമുണ്ടെന്നാണ് ഇസ്രയേലിലെ ഹീബ്രു യൂനിവേഴ്‌സിറ്റി ഓഫ് ജറൂസലമിലെ ഔഷധചരിത്രവിഭാഗം പ്രഫസറായ സാമുവേല്‍ എസ്. കോട്ടേക്ക് സമര്‍ഥിക്കുന്നത്.
തല്‍മുദ് രചയിതാക്കളായ ജൂതജ്ഞാനികള്‍ പുരുഷനില്‍നിന്നും സ്ത്രീയില്‍നിന്നുമുള്ള വിത്താണ് വളര്‍ന്ന് വയറിന്റെ ഫലം (പെരിബിത്തേന്‍) ആയിത്തീരുന്നതെന്ന് കരുതിയവരായിരുന്നുവെന്ന് യഹൂദപാരമ്പര്യത്തെയും നാടോടി സാഹിത്യത്തെയും കുറിച്ച ഗവേഷണത്തിന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോമിക്കയില്‍ ക്ലീന്‍ നിരീക്ഷിക്കുന്നുമുണ്ട്.
പുരുഷലിംഗത്തെ പയര്‍ വിത്തിനോടും സ്ത്രീ ലിംഗത്തെ ബാര്‍ളി മണിയുടെ ചീന്തിനോടുമാണ് അവര്‍ ഉപമിച്ചത്. പുരാതന ഗ്രീക്കുകാരെ പോലെ തന്നെ യഹൂദ ജഞാനികള്‍ വിശ്വസിച്ചത്, പുരുഷഭ്രൂണം നാല്‍പത്തിയൊന്ന് ദിവസം പൂര്‍ണ രൂപം പ്രാപിക്കുമ്പോള്‍ പെണ്‍ഭ്രൂണത്തിന് ഇതിന് എണ്‍പത് ദിവസം വേണ്ടിവരുമെന്നായിരുന്നു.
ചുരുക്കത്തില്‍, ബൈബിളിലും അതിന്റെ വ്യാഖ്യാന ഗ്രന്ഥങ്ങളിലും കാണുന്ന ഭ്രൂണ പരിണാമ പരാമര്‍ശങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:
1. പുരുഷ ശുക്ലം ഗര്‍ഭാശയത്തിലെത്തിയ ശേഷം പാലില്‍നിന്ന് തൈരുണ്ടാകുന്നതുപോലെ കട്ടിയായിത്തീര്‍ന്നാണ് ഭ്രൂണമുണ്ടാകുന്നത്.
2. ശുക്ലത്തില്‍ നിന്നുണ്ടാകുന്ന ഭ്രൂണം വളരുമ്പോള്‍ ആര്‍ത്തവരക്തം അതിനെ പരിപോഷിപ്പിക്കുന്നു.
3. പിതാവില്‍നിന്നുണ്ടാകുന്ന വെളുത്ത ശുക്ലത്തില്‍നിന്നാണ് അസ്ഥികള്‍, സ്‌നായുക്കള്‍, നഖങ്ങള്‍, മസ്തിഷ്‌കം എന്നിവയുണ്ടാകുന്നത്.
4. മാതാവില്‍നിന്നുള്ള ചുവന്ന ശുക്ലത്തില്‍നിന്നാണ് തൊലി, മാംസം, മുടി, രക്തം, കണ്ണിന്റെ കറുപ്പ് എന്നിവയുണ്ടാകുന്നത്.
5. ദൈവദത്തമായ ആത്മാവിന്റെ പ്രവര്‍ത്തനഫലമായാണ് ജീവനും ജൈവപ്രതിഭാസങ്ങളുമുണ്ടാവുന്നത്.
ഗ്രീക്കുകാരുടെ സങ്കല്‍പം
പാശ്ചാത്യ ചികിത്സാ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹിപ്പോക്രാറ്റസാണ് (460-377 ബി.സി) ഭ്രൂണത്തിന്റെ രൂപീകരണത്തെയും പരിണാമത്തെയും പരാമര്‍ശിച്ച ഗ്രീക്കുകാരില്‍ പ്രഥമഗണനീയന്‍. ഹിപ്പോക്രാറ്റസ് തന്റെ ഭ്രൂണശാസ്ത്രവീക്ഷണങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത് ചികിത്സാക്രമം (Resonin), വിത്ത് (ഠവല ടലലറ) കുഞ്ഞിന്റെ പ്രകൃതി (The Nature of the Child) എന്നീ രചനകളിലാണ്. ഈ കൃതികളിലൂടെ ഹിപ്പോക്രാറ്റസ് അവതരിപ്പിച്ച മനുഷ്യോല്‍പത്തി സങ്കല്‍പങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
1. എല്ലാ പ്രാപഞ്ചിക പ്രതിഭാസങ്ങളും അഗ്നിയും ജലവും ചേര്‍ന്നാണ് ഉണ്ടാവുന്നത്. ഇതില്‍ അഗ്നിയാണ് ഭ്രൂണത്തിന് കാരണമായിത്തീരുന്നത്.
2. മാതാവും പിതാവും ശുക്ലം ഉല്‍പാദിപ്പിക്കുന്നുണ്ട്. ഗര്‍ഭധാരണത്തിന്റെ സമയത്തല്ലാതെ പിതാവും മാതാവും വിസര്‍ജിക്കാത്ത ശുക്ലങ്ങള്‍ മാതാവിന്റെ ജനനേന്ദ്രിയത്തില്‍ നിന്ന് പുറംതള്ളപ്പെടുകയാണ് ചെയ്യുന്നത്. ഗര്‍ഭധാരണകാലത്തെ ഈര്‍പ്പത്താല്‍ ഗര്‍ഭാശയ രന്ധ്രം ചുരുങ്ങുന്നതിനാല്‍ രണ്ടു പേരുടെയും ശുക്ലങ്ങള്‍ അവിടെ തങ്ങുകയും കൂടിച്ചേരുകയും ചെയ്യുന്നു.
3. ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍നിന്നാണ് ശുക്ലമുണ്ടാകുന്നത്. അശക്തമായ ശാരീരികാവയവങ്ങളില്‍ നിന്നാണ് ശുക്ലമുണ്ടാകുന്നത്. ശക്തമായ ശാരീരികാവയവങ്ങളില്‍നിന്ന് അബലബീജമുണ്ടാകുന്നു.
4. രണ്ടു പേരുടെയും ശുക്ലത്തില്‍ സ്ത്രീബീജവും പുരുഷബീജവും ഉണ്ടായിരിക്കും
5. പ്രബല ബീജവും അബല ബീജവും എങ്ങനെ യോജിക്കുന്നുവെന്നതനുസരിച്ചായിരിക്കും കുഞ്ഞിന്റെ ലിംഗനിര്‍ണയം നടക്കുക.
6. ഒരാള്‍ ശക്തമായ ബീജവും മറ്റേയാള്‍ അശക്തമായ ബീജവുമാണ് ഉല്‍പാദിപ്പിക്കുന്നതെങ്കില്‍ ഏത് ബീജമാണോ കൂടുതലുള്ളത് അതിനനുസരിച്ചാണ് കുഞ്ഞിന്റെ ലിംഗം നിര്‍ണയിക്കപ്പെടുന്നത്.
7. ബീജങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന ബീജത്തിലേക്ക് മാതൃരക്തമെത്തി അത് കട്ടപിടിച്ചുകൊണ്ടാണ് ഗര്‍ഭസ്ഥശിശുവിന്റെ ശരീരത്തില്‍ മാംസം വളരുന്നത്.
8. മാംസം വളരുന്നതനുസരിച്ച് അവയവങ്ങളെല്ലാം ഒന്നിച്ചാണ് രൂപീകരിക്കപ്പെടുന്നത്.
9. ആണ്‍കുഞ്ഞിന്റെ അവയവങ്ങള്‍ വളരാന്‍ മുപ്പതു ദിവസങ്ങള്‍ മതി. പെണ്‍കുഞ്ഞിന്റെ അവയവ വളര്‍ച്ചക്ക് പരമാവധി നാല്‍പത്തിരണ്ടു ദിവസങ്ങളാണ് വേണ്ടത്.
അരിസ്റ്റോട്ടിലിന്റെ സങ്കല്‍പം
ഹിപ്പോക്രാറ്റസിനുശേഷം ശ്രദ്ധേയമായ ഭ്രൂണപരിണാമ പരാമര്‍ശങ്ങള്‍ നടത്തിയ ഗ്രീക്കുകാരന്‍ തത്ത്വജ്ഞാനിയും ശാസ്ത്രജ്ഞനുമായിരുന്ന അരിസ്റ്റോട്ടിലാണ് (384-322 ബി.സി). അന്ന് നിലവിലുണ്ടായിരുന്ന വിജ്ഞാനീയങ്ങളിലെല്ലാം തന്റേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ധിഷണാശാലിയാണ് അരിസ്റ്റോട്ടില്‍. താനെഴുതിയ നാനൂറിലധികം പുസ്തകങ്ങളില്‍ ഭ്രൂണത്തിന്റെ ഉല്‍പത്തിയെയും പരിവര്‍ത്തനങ്ങളെയും കുറിച്ച് അരിസ്റ്റോട്ടില്‍ വിവരിക്കുന്നത് 'ജന്തുക്കളുടെ ഉല്‍പത്തിയെപറ്റി' എന്ന ഗ്രന്ഥത്തിലാണ്.
സസ്തനികളും അല്ലാത്തവയുമായ ജീവികളെ ഗര്‍ഭാവസ്ഥയില്‍ വയറുകീറി നോക്കുകയും ഭ്രൂണങ്ങളെ പരിശോധനാവിധേയമാക്കുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം ഭ്രൂണവിജ്ഞാനീയത്തിലുള്ള തന്റെ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത്. തന്റെ കാലത്ത് നിലനിന്നിരുന്ന 'നടേ രൂപീകരണം' (PRE FORMATION), സ്വയം ഉല്‍പാദനം (EPIGENESIS) എന്നീ രണ്ട് ഭ്രൂണോല്‍പാദന വീക്ഷണങ്ങളെ അവതരിപ്പിച്ചുകൊണ്ട് താന്‍ രണ്ടാമത്തെ കാഴ്ചപ്പാടിനോടൊപ്പമാണെന്ന് വ്യക്തമാക്കുകയാണ് അരിസ്റ്റോട്ടില്‍ ചെയ്യുന്നത്. പിതാവ് സ്രവിക്കുന്ന ശുക്ലത്തിലോ മാതൃരക്തത്തിലോ ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ചെറുരൂപം ഒളിഞ്ഞിരിക്കുന്നുണ്ടെന്നും ആവശ്യമായ ഉത്തേജനമുണ്ടാകുമ്പോള്‍ അത് വളരാനാരംഭിക്കുകയും, ഒമ്പതുമാസം കൊണ്ട് പൂര്‍ണവളര്‍ച്ചയെത്തിയ കുഞ്ഞായിത്തീരുകയാണ് ചെയ്യുന്നതെന്നും സിദ്ധാന്തിക്കുന്ന 'നടേ രൂപീകരണ' വീക്ഷണത്തെ തിരസ്‌കരിക്കുകയും മാതൃശരീരത്തിലെത്തുന്ന ശുക്ലത്തിന്റെ സാന്നിധ്യത്താല്‍ ആര്‍ത്തവ രക്തം കട്ടപിടിക്കുകയും അതില്‍നിന്ന് മെല്ലെ കുഞ്ഞിന്റെ അവയവങ്ങള്‍ വളര്‍ന്നുവരികയുമാണ് ചെയ്യുന്നതെന്ന സ്വയം രൂപീകരണ വീക്ഷണത്തെ ന്യായീകരിക്കുകയുമാണ് അരിസ്റ്റോട്ടില്‍ ചെയ്യുന്നത്.
ഗാലന്റെ വീക്ഷണം
ഹിപ്പോക്രാറ്റസിന്റെയും അരിസ്റ്റോട്ടിലിന്റെയുമെല്ലാം ഭ്രൂണപരിണാമത്തെക്കുറിച്ച വീക്ഷണങ്ങളെ അപഗ്രഥിച്ചുകൊണ്ട് തന്റേതായ ഭ്രൂണശാസ്ത്ര കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ ഗ്രീക്ക് തത്ത്വജ്ഞാനിയാണ് ഗാലന്‍ എന്നറിയപ്പെടുന്ന ക്ലൊഡിയസ് ഗാലെനെസ് (കി.വ.129-200). റോമാസാമ്രാജ്യത്തിനകത്ത് തത്ത്വജ്ഞാനിയും ഭിഷഗ്വരനും ശസ്ത്രക്രിയാ വിദഗ്ധനുമായി അറിയപ്പെട്ടിരുന്ന ഗാലന്‍ രചിച്ച വിവിധ ശസ്ത്രക്രിയാ വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന അഞ്ഞൂറോളം വരുന്ന പ്രബന്ധങ്ങളില്‍ ശുക്ലത്തെപറ്റി (On Semen), പ്രകൃതി പ്രതിഭാവങ്ങളെപറ്റി (On the Natural Features), ഗര്‍ഭസ്ഥശിശുവിന്റെ രൂപീകരണത്തെപ്പറ്റി (On the Formation of The Foetus) എന്നീ മൂന്നെണ്ണത്തിലാണ് തന്റെ ഭ്രൂണപരിണാമ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത്. പുരുഷന്റെയും സ്ത്രീയുടെയും ശുക്ലം കൂടിച്ചേര്‍ന്നുണ്ടാകുന്ന കോറിയൊണിനെ ആര്‍ത്തവ രക്തം പുഷ്ടിപ്പെടുത്തുമ്പോഴാണ് കുഞ്ഞ് വളര്‍ന്നുവരുന്നത് എന്നാണ് ഗാലന്‍ സമര്‍ഥിക്കുന്നത്.
ഹിപ്പോക്രാറ്റസിന്റെ ചില വീക്ഷണങ്ങളെ അംഗീകരിച്ചു കൊണ്ടാണ് ഗാലന്‍ തന്റെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുന്നത്.
ഗാലന്റെ ഭ്രൂണശാസ്ത്ര വീക്ഷണങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:
1. ഗര്‍ഭാശയത്തിലെത്തുന്ന ശുക്ലമാണ് ജന്തുവിന്റെ രൂപീകരണത്തിന് നിമിത്തമാകുന്ന സജീവമായ തത്ത്വം.
2. ആറാം ദിവസം ശുക്ലം ഇല്ലാതാവുകയും പകരം ഭ്രൂണം വളരാനാരംഭിക്കുകയും ചെയ്യുന്നു. ഭ്രൂണ വളര്‍ച്ച നടക്കുന്നത് മാതൃശരീരത്തില്‍ രൂപപ്പെടുന്ന ആര്‍ത്തവരക്തം ശുക്ലത്തെ പോഷിപ്പിക്കുമ്പോഴാണ്.
3. ശുക്ലത്തെ രക്തം പരിപോഷിപ്പിക്കുമ്പോള്‍ അത് ഒരു മാംസപിണ്ഡമായിത്തിരുന്നു. ഹൃദയമോ കരളോ മസ്തിഷ്‌കമോ ഇല്ലാതെത്തന്നെ ഈ മാംസപിണ്ഡം നിലനില്‍ക്കുകയും വളരുകയും ചെയ്യുന്നു.
4. ശരീരത്തെ ഭരിക്കുന്ന മൂന്ന് അവയവങ്ങള്‍ ഒരു നിഴല്‍ ചിത്രത്തിലെന്നവണ്ണം പ്രത്യക്ഷപ്പെടുന്ന ഘട്ടമാണ് അടുത്തത്.
5. ഇതിനുശേഷം ശാരീരികാവയവങ്ങള്‍ വേര്‍പിരിയുകയും കൃത്യമായി കാണാനാവുന്ന അവസ്ഥ സംജാതമാവുകയും ചെയ്യുന്നു.
നവോത്ഥാന കാലംവരെ യൂറോപ്പില്‍ പ്രധാനമായും സ്വീകരിക്കപ്പെട്ടത് ഭ്രൂണപരിണാമത്തെക്കുറിച്ച ഗാലന്റെ ചിന്തകളായിരുന്നു.
അദ്ദേഹത്തിന്റെ വൈദ്യശാസ്ത്ര പഠനങ്ങള്‍ സൂറിയാനിയിലേക്ക് പരിഭാഷപ്പെടുത്തിയതോടെ ആ ചിന്തകള്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങില്‍ അറിയപ്പെടുകയും അവിടെയുള്ളവരെ സ്വാധീനിക്കുകയും ചെയ്തു. ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച അറബ് പരിഭാഷകനായ ഹുസൈനുബ്‌നു ഇസ്ഹാഖ് ഗ്രീക്കില്‍നിന്ന് സുറിയാനിയിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട ഇരുപത്തിയാറ് ഗാലന്‍ കൃതികളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. സെമിറ്റിക് ഭാഷകളിലേക്കുള്ള ഗാലന്‍ കൃതികളുടെ ആഗമനം സുറിയാനി പരിഭാഷകളിലൂടെ ആയിരുന്നുവെങ്കിലും അവക്ക് പ്രചാരം ലഭിച്ചത് അറബ് പരിഭാഷകളിലൂടെയായിരുന്നു.
ക്രി. 750-നു ശേഷം, ഗാലന്റെ പ്രധാന വൈദ്യശാസ്ത്ര രചനകളെല്ലാം അറബിയിലേക്ക് തര്‍ജമ ചെയ്യപ്പെട്ടു. അറബിയിലുള്ള ഗാലന്‍ പരിഭാഷകളെ അവലംബിച്ചുകൊണ്ടാണ് പ്രധാനപ്പെട്ട പല ഗാലന്‍ കൃതികളും ലത്തീനിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടത്. പല ഗാലന്‍ രചനകളും ഇന്ന് ഉപലബ്ദമായിരിക്കുന്നത് അറബിയില്‍ മാത്രമാണെന്ന് അമേരിക്കന്‍ ഗവേഷകനായ മിഖായേല്‍ ബോയ്‌ലാന്‍ നിരീക്ഷിക്കുന്നുണ്ട്. ഗാലന്‍ കൃതികളുടെ ഒറിജിനല്‍ ഭാഷയായ ഗ്രീക്കില്‍ ഇന്ന് ഉപലബ്ദമായ രചനകളില്‍ ചിലത് പോലും അറബിയില്‍നിന്നോ ലാറ്റിനില്‍നിന്നോ ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടതാണെന്ന വസ്തുതയും ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍കാല മുസ്‌ലിം രചനകളില്‍ ഗാലന്‍ കൃതികളുടെയും ചിന്തകളുടെയും സ്വാധീനമുള്ളതായി നമുക്ക് കാണാന്‍ കഴിയുന്നത് പ്രസ്തുത ചിന്തകള്‍ക്ക് മുസ്‌ലിം ധീഷണാശാലികള്‍ക്കിടയില്‍ പ്രചാരമുണ്ടായിരുന്നതിനാലായിരുന്നു. ഗാലനെ അപ്പടി അംഗീകരിക്കുന്നതിനു പകരം അദ്ദേഹത്തിന്റെ ചിന്തകളെ വിമര്‍ശനാത്മകമായി വിശകലനം ചെയ്യുകയാണ് മധ്യകാല മുസ്‌ലിംപണ്ഡിതന്മാര്‍ ചെയ്തതെന്ന് ഒമ്പതാം നൂറ്റാണ്ടുകാരനായ ഹുസൈനുബ്‌നു ഇസ്ഹാഖിന്റെ പരാമര്‍ശങ്ങളില്‍ കാണാം.
* * *
ഖുര്‍ആനിന്റെ അവതരണകാലത്ത് ലോകത്തെങ്ങും നിലനിന്നിരുന്ന ഭ്രൂണശാസ്ത്ര വിജ്ഞാനിയം ഒന്ന് അവലോകനം ചെയ്യുകയാണ് നാം ചെയ്തത്. ഇതില്‍ ഹിപ്പോക്രാറ്റസിന്റെയും അരിസ്റ്റോട്ടിലിന്റെയും ഗാലന്റെയുമെല്ലാം ഭ്രൂണ പരിണാമത്തെക്കുറിച്ച വീക്ഷണങ്ങളാണ്, നവോത്ഥാനകാലം വരെ യൂറോപ്പില്‍ നിലനിന്നിരുന്നത്.
പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ച വില്യം ഹാര്‍വെ (1578-1657)യാണ് ഈ സിദ്ധാന്തങ്ങളെക്കുറിച്ച് പഠിച്ച് വിമര്‍ശനങ്ങളുന്നയിച്ച ആദ്യത്തെ വ്യക്തി. തന്റെ അധ്യാപകനായിരുന്ന ഗിറോലാമൊ ഫാബ്രിക്കി(1533-1619)യില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ള ഭ്രൂണപഠനമാണത്. ഭ്രൂണപഠന രംഗത്ത് ശ്രദ്ധേയമായ കാല്‍വെപ്പുകള്‍ നടത്തിയ ഫാബ്രിക്കിയാണ് ആധുനിക ഭ്രൂണശാസ്ത്രത്തിന്റെ പിതാവ് എന്ന് വിളിക്കപ്പെടാന്‍ അര്‍ഹനായ വ്യക്തി.
അരിസ്റ്റോട്ടിലിന്റെ സ്വയം ഉല്‍പാദന സിദ്ധാന്തത്തെ സമര്‍ഥിക്കാന്‍ തെളിവുകള്‍ തേടി പഠന ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ട വില്യം ഹാര്‍വെക്ക് അവസാനം അരിസ്റ്റോട്ടിലിനെ തള്ളിപ്പറയേണ്ടിവന്നു. അരിസ്റ്റോട്ടില്‍ പിന്തുണക്കാത്ത നടേരൂപീകരണ സിദ്ധാന്തത്തിന്റെ പൂര്‍ണവക്താവായി അദ്ദേഹം മാറിയില്ലങ്കിലും സ്വയം ഉല്‍പാദന (EPIGENESIS) തത്ത്വത്തെ പിന്തുണക്കാന്‍ കഴിയില്ലെന്ന് തന്റെ ഗവേഷണങ്ങളിലൂടെ ഹാര്‍വെ മനസ്സിലാക്കി.
സ്ത്രീയുടെ അണ്ഡാശയ(Ovary)ത്തിനകത്താണ് കുഞ്ഞുണ്ടാകുന്നതെന്നും അതിന് വളരാനുള്ള ഉത്തേജനമാവുകയാണ് ശുക്ലം ചെയ്യുന്നതെന്നുമായിരുന്നു ഹാര്‍വെയുടെ വാദം.
ഇതിന്റെ ഫലമായി ഹാര്‍വെയുടെ പിന്‍ഗാമികളില്‍ മിക്കവരും അണ്ഡനടേ രൂപീകരണതത്ത്വ(Ovum preformation) ത്തിന്റെ വക്താക്കളായി മാറി. പിന്നീട് നടേരൂപീകരണതത്ത്വം മാത്രമായിത്തീര്‍ന്നു ശാസ്ത്രജ്ഞരുടെ ഗവേഷണ വിഷയം. സൂക്ഷ്മദര്‍ശിനിയുടെ കണ്ടുപിടിത്തത്തിനുശേഷം നടന്ന ഗവേഷണങ്ങളും ഈ തത്ത്വത്തെ അനുകൂലിക്കുന്ന ഫലങ്ങളാണ് നല്‍കിയത്.
സൂക്ഷ്മജീവി വിജ്ഞാനീയത്തിന്റെ (MICRO BIOLOGY) പിതാവായി അറിയപ്പെടുന്ന ആന്റണി ഫിലിപ്‌സ് വാന്‍ ല്യൂവന്‍ ഹോക്ക് ആണ് ശുക്ലത്തെ സൂക്ഷ്മദര്‍ശിനിയിലൂടെ നിരീക്ഷിക്കുകയും ബീജകണങ്ങളെ കാണുകയും ചെയ്ത ആദ്യ ശാസ്ത്രജ്ഞന്‍. അദ്ദേഹം ചെറുതും വലുതുമായ നാഡികളുടെയും അവയവങ്ങളുടെയും സൂക്ഷ്മരൂപമാണ് അവയെന്ന് കരുതുകയും, അണ്ഡത്തിലല്ല, പ്രത്യുത ബീജത്തില്‍ തന്നെയാണ് കുഞ്ഞ് ഒളിഞ്ഞിരിക്കുന്നതെന്ന് വാദിക്കുകയുമാണ് ചെയ്തത്. ഡച്ച് ഗണിതശാസ്ത്രജ്ഞനും ഭൗതിക ശാസ്ത്രജ്ഞനുമായ നിക്കോളാസ് ഹാര്‍ട്ട് സോക്കര്‍ 1694-ല്‍ താന്‍ കണ്ടുപിടിച്ച സ്‌ക്രു ബാരല്‍ മൈക്രോസ്‌കോപ്പിലൂടെ ശുക്ലദ്രാവകത്തെ പഠനവിധേയമാക്കിയതിനു ശേഷം ശുക്ല നടേരൂപീകരണ സിദ്ധാന്തത്തിന്റെ ശക്തനായ വക്താവായിത്തീര്‍ന്നു. തന്റെ ശുക്ല സിദ്ധാന്ത(Spermist Theory)ത്തിന്റെ ഭാഗമായി മനുഷ്യ ശുക്ലത്തിനകത്ത് സ്ഥിതി ചെയ്യുന്നുവെന്ന് അദ്ദേഹം കരുതിയ സൂക്ഷ്മ ശിശുവിന്റെ ചിത്രം വരയ്ക്കുകയും ഹോമന്‍ കുളസ് (Homen culus) എന്ന് വിളിക്കുകയും ചെയ്തു. ലാറ്റിനില്‍ 'ഹോമന്‍കുളസ്' എന്നാല്‍ 'കൊച്ചു മനുഷ്യന്‍' എന്നാണ് അര്‍ഥം. ഇങ്ങനെ നടേരൂപീകരണ സിദ്ധാന്തത്തിന്റെ വക്താക്കള്‍ തന്നെ അണ്ഡവാദികളും (Ovumists) ശുക്ലവാദികളുമായി(Spermists)തിരിഞ്ഞ് പരസ്പരം തര്‍ക്കിക്കാന്‍ തുടങ്ങി. സൂക്ഷ്മദര്‍ശിനിയുടെ കണ്ടുപിടിത്തത്തിനുശേഷം നടന്ന ഗവേഷണങ്ങളും ഈ തത്ത്വത്തെ അനുകൂലിക്കുന്ന ഫലങ്ങളാണ് നല്‍കിയത്.
റോബര്‍ട്ട് ഹുക്ക് (Robert Hook) (1635-1703) എന്ന ജീവശാസ്ത്രജ്ഞനാണ് ആദ്യമായി ജീവകോശങ്ങളെ നിരീക്ഷിച്ചത്. ഇതിനു ശേഷമാണ് 1665-ല്‍ ജീവികളെല്ലാം പടക്കപ്പെട്ടിരിക്കുന്നത് സൂക്ഷ്മ കോശങ്ങളിലാണെന്ന തത്ത്വം (Cell Theory) പ്രചാരത്തില്‍ വരുന്നത്.
കോശ സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ നടേരൂപീകരണ സിദ്ധാന്തത്തെയും സ്വയം ഉല്‍പാദന സിദ്ധാന്തത്തെയും പഠനവിധേയമാക്കിയ ജര്‍മന്‍ ശരീരശാസ്ത്രജ്ഞനാണ് കാസ്പര്‍ ഫിഡ്‌റിച്ച് വേള്‍ഫ്. അദ്ദേഹം സ്വയം ഉല്‍പാദന സിദ്ധാന്തത്തിനാണ് തെളിവുകളുടെ പിന്‍ബലമുള്ളത് എന്നു വാദിച്ചു. നടേ രൂപീകരണ സിദ്ധാന്തത്തെ പരിപൂര്‍ണമായി തിരസ്‌കരിക്കുകയും സ്വയം ഉല്‍പാദന സിദ്ധാന്തത്തിന്റെ അലകും പിടിയും മാറ്റി പുനര്‍നിര്‍മിക്കുകയും ചെയ്തുകൊണ്ട് 1759-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച Theory of Generation എന്ന പുസ്തകം ഈ രംഗത്തുള്ള ശാസ്ത്രജ്ഞന്മാരെയെല്ലാം ആകര്‍ഷിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഭ്രൂണശാസ്ത്രം, സിദ്ധാന്തങ്ങളുടെ ലോകത്തുനിന്ന് പരീക്ഷിച്ചറിഞ്ഞ വസ്തുതകളുടെ തലത്തിലേക്കുള്ള പഠനത്തിലേക്ക് വഴിമാറി. സൈദ്ധാന്തികമായി മാത്രം മനസ്സിലാക്കിയിരുന്ന സസ്തനികളുടെ അണ്ഡമെന്നത് ഒരു ആശയം മാത്രമല്ല വസ്തുതയാണെന്ന് കാള്‍ ഏണസ്റ്റ് ബോണ്‍ വോയര്‍ 1826-ല്‍ തെളിയിച്ചു. സസ്തനികളുടെ അണ്ഡം വേര്‍തിരിച്ചു മനസ്സിലാക്കിയതും അദ്ദേഹമായിരുന്നു.
പരീക്ഷണാത്മകമായ ഭ്രൂണശാസ്ത്രത്തിന്റെ (Experimental Embriyology) പിതാക്കളില്‍ ഒരാളായി അറിയപ്പെടുന്ന വില്‍ഹം റോക്‌സ് തവളമുട്ടകളില്‍ നടത്തിയ പരീക്ഷണങ്ങളും ജര്‍മന്‍ ജീവശാസ്ത്രജ്ഞനായ ഹാന്‍ഡ് അഡോള്‍ഫ് എഡ്വാര്‍ഡ് ഡറീച്ച് കടല്‍ച്ചൊരുക്കുകളുടെ ഭ്രൂണത്തില്‍ നടത്തിയ പരീക്ഷണങ്ങളും അണ്ഡമോ ബീജമോ ഒറ്റക്കല്ല കുഞ്ഞിന്റെ രൂപീകരണത്തിന് കാരണമാകുന്നതെന്ന് വ്യക്തമാക്കി. ജര്‍മന്‍ ജന്തുശാസ്ത്രജ്ഞരായിരുന്ന ഹെര്‍ട്വിംഗ് (1849-1922), റിച്ചാര്‍ഡ് ഹെര്‍ട്ട്വിംഗ് (1850-1937) എന്നിവര്‍ കടല്‍ച്ചൊരുക്കിന്റെ ബീജസങ്കലനത്തെക്കുറിച്ച് പഠിക്കുകയും കൃത്യമായി വിശദീകരിക്കുകയും ചെയ്തു. പുരുഷ ശുക്ല ദ്രാവകത്തിലുള്ള കോടിക്കണക്കിന് ബീജങ്ങളില്‍ ഒന്ന് മാത്രം സ്ത്രീയുടെ അണ്ഡവുമായി ചേര്‍ന്നാണ് ഭ്രൂണമുണ്ടാവുന്നതെന്ന വസ്തുതയില്‍ ജീവശാസ്ത്ര ലോകം എത്തിപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാത്രമാണെന്നതാണ് വസ്തുത.
ഖുര്‍ആനിന്റെ അവതരണ കാലത്ത്
ഖുര്‍ആനിന്റെ അവതരണ കാലത്ത് വിവിധ സ്ഥലങ്ങളില്‍ നിലനിന്നിരുന്ന ഭ്രൂണശാസ്ത്രസംബന്ധമായ ധാരണകള്‍ ഇങ്ങനെയായിരുന്നു:
1. പുരുഷ ശുക്ലവും സ്ത്രീയുടെ ആര്‍ത്തവ രക്തവും കൂടിച്ചേര്‍ന്നാണ് ഭ്രൂണമുണ്ടാകുന്നത്.
2. പുരുഷ ശുക്ലവും സ്ത്രിയുടെ ശുക്ലവും കൂടിച്ചേര്‍ന്നാണ് കുഞ്ഞുണ്ടാകുന്നത്. രണ്ടു ശുക്ലങ്ങളും കൂടിച്ചേര്‍ന്ന ബീജം ആര്‍ത്തവ രക്തം കൊണ്ടാണ് ഭ്രൂണമായും അതിനു പിറകെ ഗര്‍ഭസ്ഥ ശിശുവായും മാറുന്നത്.
3. പുരുഷ ശുക്ലത്തില്‍ ചെറിയ ഒരു കുഞ്ഞ് സ്ഥിതി ചെയ്യുന്നുണ്ട്. സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ അവളില്‍നിന്നുള്ള രക്തവും പോഷണങ്ങളും സ്വീകരിച്ചാണ് കുഞ്ഞ് വളരുന്നത്.
4. സ്ത്രീയുടെ ആര്‍ത്തവ രക്തം ഉറഞ്ഞാണ് കുഞ്ഞുണ്ടാവുന്നത്. പുരുഷന്റെ ശുക്ലം ഈ ഉറച്ചിലിനെ ഉത്തേജിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഉറഞ്ഞാണ് പേശികളും അവയവങ്ങളും ഉണ്ടാവുന്നത്.
5. സ്ത്രീക്കും പുരുഷന്റേതു പോലുള്ള ശുക്ലമുണ്ട്. ഈ ശുക്ലത്തിനകത്ത് കുഞ്ഞിന്റെ സൂക്ഷ്മ രൂപം സ്ഥിതി ചെയ്യുന്നു. പുരുഷ ശുക്ലത്തിന്റെ ഉത്തേജനമുണ്ടാകുമ്പോള്‍ ആ കുഞ്ഞ് വളരാനാരംഭിക്കുന്നു. മാതൃശരീരത്തില്‍നിന്ന് പോഷണങ്ങള്‍ ഉള്‍ക്കൊണ്ട് അത് ഘട്ടംഘട്ടമായി പൂര്‍ണവളര്‍ച്ചയെത്തിയ കുഞ്ഞായിത്തീരുകയാണ് ചെയ്യുക.
ഇങ്ങനെ വളരെയേറെ ഭ്രൂണശാസ്ത്ര അബദ്ധധാരണകള്‍ നിലനിന്നിരുന്ന കാലത്ത് അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഈ അബദ്ധങ്ങളുടെ ലാഞ്ഛന പോലുമില്ല എന്നത് അത്ഭുതകരമല്ലേ? മാത്രമല്ല, നാം ആധുനിക ശാസ്ത്രവിദ്യകളുടെ സഹായത്താല്‍ കണ്ടെത്തിയ കാര്യങ്ങള്‍ വളരെ കൃത്യമായി ഖുര്‍ആന്‍ പരാമര്‍ശിക്കുക കൂടി ചെയ്യുന്നുണ്ട്. ഇത് ഖുര്‍ആനിനെ അത്ഭുതങ്ങളിലെ അത്ഭുതമാക്കിത്തീര്‍ക്കുകയും അതിന്റെ അപ്രമാദിത്വത്തിന് ഭ്രൂണ ശാസ്ത്രചരിത്രം കൈയൊപ്പ് ചാര്‍ത്തുകയും ചെയ്യുന്നു.
Comments