Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 04

3011

1438 ദുല്‍ഖഅദ് 11

അന്ധമാക്കപ്പെടുന്ന സമുദായം

'വിവരം കെട്ട സമൂഹത്തെ നന്നാക്കാനായി ചാടിപ്പുറപ്പെടുന്നവന്‍, അന്ധന് വെളിച്ചം കാണിക്കാനായി സ്വന്തം ശരീരത്തിന് തീ കൊളുത്തുന്നവനെപ്പോലെയാണ്.' റശീദ് രിദായുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാക്യമാണിത്. അദ്ദേഹമാണിത് പറഞ്ഞത് എന്നതിന് തെളിവൊന്നുമില്ലെങ്കിലും, എല്ലായിടത്തുമുള്ള ഇസ്‌ലാമിക/ ഇസ്‌ലാഹി നവോത്ഥാന പ്രസ്ഥാനങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. മുസ്‌ലിം സമുദായത്തെ കടുത്ത ആന്ധ്യം ബാധിച്ചിരിക്കുന്നു. ഓരോ വിഷയത്തിലും സമുദായത്തെ വഴി നടത്തേണ്ടത് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ്. പക്ഷേ, ആ പ്രമാണങ്ങള്‍ കാണാനും ഗ്രഹിക്കാനുമുള്ള കാഴ്ചയും ഉള്‍ക്കാഴ്ചയും അതിന് നഷ്ടപ്പെട്ടിരിക്കുന്നു. മുങ്ങിത്താഴുന്ന തങ്ങളെ സ്വന്തം ജീവന്‍ ബലികൊടുത്തും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന നവോത്ഥാന പ്രസ്ഥാനങ്ങളുടെ ത്യാഗങ്ങള്‍ തിരിച്ചറിയാന്‍ പോലും സമുദായത്തിന് കഴിയുന്നില്ല. അപ്പോഴാണ്, 'അന്ധന് വെളിച്ചം കാണിക്കാനായി സ്വന്തം ശരീരത്തിന് തീ കൊളുത്തുന്ന' ഒരാളുടെ ദുരന്തം പൂര്‍ണമാവുന്നത്.

സമുദായത്തെ ബാധിച്ച ഈ ആന്ധ്യത്തിന് മകുടോദാഹരണമാണ് കേരളത്തില്‍നിന്ന് അടുത്തിടെയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചില സംഭവങ്ങള്‍. മലപ്പുറം ജില്ലയിലെ കൊളത്തൂരില്‍, ഗൃഹനാഥന്‍ മരിച്ച് മൂന്ന് മാസമായിട്ടും മൃതദേഹം സംസ്‌കരിക്കാതെ ബന്ധുക്കള്‍ അതിന് കാവലിരുന്നു എന്ന വാര്‍ത്ത പ്രബുദ്ധ കേരളത്തെ ഞെട്ടിക്കുക തന്നെ ചെയ്തു. ജീര്‍ണിച്ച് തുടങ്ങിയ മൃതദേഹത്തില്‍നിന്ന് അസഹ്യമായ ദുര്‍ഗന്ധം വമിച്ചിട്ടും യാതൊന്നും പുറത്തറിയിക്കാതെ ബന്ധുക്കള്‍ വാതിലുകള്‍ കൊട്ടിയടച്ച് അകത്തിരുന്നു. മരിച്ചയാള്‍ തിരിച്ചുവരുമെന്ന ദര്‍ഗാ നടത്തിപ്പുകാരന്റെ വാക്ക് വിശ്വസിച്ച ഈ കുടുംബം കേരളത്തിലെ മുസ്‌ലിം സമുദായം അകപ്പെട്ടിരിക്കുന്ന വിശ്വാസ ജീര്‍ണതയുടെ നേര്‍ചിത്രമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ച പലരുടെയും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളില്‍നിന്ന് വ്യക്തമാണ്. റിപ്പോര്‍ട്ട് ചെയ്തതും അല്ലാത്തതുമായ നിരവധി സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഇതിനേക്കാളൊക്കെ നമ്മെ ആശ്ചര്യപ്പെടുത്തുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നത് പണ്ഡിതന്മാരെന്ന് സ്വയം അഭിമാനിക്കുന്ന ഒരു കൂട്ടര്‍ ഇത്തരം സംഭവങ്ങളോട് സ്വീകരിക്കുന്ന നിലപാടാണ്. ഔലിയാഅ് എന്ന് വിളിക്കപ്പെടുന്ന പുണ്യാത്മാക്കള്‍ക്ക് മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിയുമെന്നാണ് അവര്‍ ഇപ്പോഴും വാദിച്ചുകൊണ്ടിരിക്കുന്നത്. അതിനു വേണ്ടി എത്ര ഖുര്‍ആന്‍ സൂക്തങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യാനും അവര്‍ക്ക് യാതൊരു മനസ്സാക്ഷിക്കുത്തുമില്ല. 'അല്ലാഹുവാണ് ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും' എന്ന് ഖുര്‍ആന്‍ പറഞ്ഞാല്‍ ഇവരുടെ നാവിലേക്കെത്തുമ്പോഴേക്കത് ഔലിയാഇന്റെ സിദ്ധിവിശേഷമായി തകിടം മറിയുന്നു. ഈസാ നബി ഒരു അമാനുഷ ദൃഷ്ടാന്തമെന്ന നിലയില്‍ മരിച്ചവരെ ജീവിപ്പിച്ചിരുന്നു എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അല്ലാഹുവിന്റെ ഇംഗിതമുള്ളതുകൊണ്ടാണ് അത് സാധ്യമായതെന്ന് തൊട്ടുടനെ പറയുന്നു. ഈസാ നബിക്ക് സാധിച്ചത് തങ്ങള്‍ പുണ്യപുരുഷന്മാരായി കെട്ടിയെഴുന്നള്ളിച്ച് കൊണ്ടുവരുന്നവര്‍ക്കും കഴിയും എന്നാണ് പണ്ഡിത വേഷധാരികളായ ഈ പുരോഹിതപ്പരിഷകള്‍ നാടുനീളെ പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്. ആസ്ഥാന പ്രഭാഷകര്‍ വരെ ഇത്തരം കെട്ടുകഥകള്‍ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവരാണ് ജനങ്ങളെ അന്ധരാക്കി അന്ധവിശ്വാസങ്ങളുടെ തമോഗര്‍ത്തങ്ങളില്‍ ചാടിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടക്കിറങ്ങിയവര്‍ പോലും അവയുടെ വക്താക്കളായി മാറുന്ന ഈ കെട്ടകാലത്ത് സമൂഹത്തിന് നേര്‍വഴി കാണിക്കുക എന്നത് പ്രായോഗികമായി വളരെ ദുഷ്‌കരം തന്നെയാണ്. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (170 - 180)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയില്‍ പതറാതെ
കെ.സി ജലീല്‍ പുളിക്കല്‍