Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 04

3011

1438 ദുല്‍ഖഅദ് 11

വിലാപ മതില്‍ കണ്ടു, ബൈത്തുല്‍ മഖ്ദിസും

ഡോ. കെ. ജാബിര്‍

ജോര്‍ദാനില്‍ ടൂറിസ്റ്റുകള്‍ക്കുള്ള പതിവുകാഴ്ചകള്‍ പൂര്‍ത്തീകരിച്ച ശേഷം ഞങ്ങളുടെ യാത്ര ഇസ്രയേല്‍ അതിര്‍ത്തിയായ അല്ലന്‍ബിയിലേക്കായിരുന്നു. ഇസ്രയേലിന്റെ എമിഗ്രേഷന്‍ കടമ്പകള്‍ കടന്നുകിട്ടാന്‍ ഏറ്റവും ചുരുങ്ങിയത് അഞ്ചുമണിക്കൂര്‍ വേണ്ടിവരുമെന്ന് ടീം ലീഡര്‍ ഞങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും അഞ്ചു മിനിറ്റുകൊണ്ട് തീരുന്ന എമിഗ്രേഷന്‍ പ്രക്രിയയാണിവിടെ മണിക്കൂറുകള്‍ നീളുന്നത്. നിരീക്ഷണ കാമറകളാലും അത്യാധുനിക തുപ്പാക്കിയുടെ കാഞ്ചിയില്‍തന്നെ സദാ വിരല്‍ വെച്ചുനില്‍ക്കുന്ന പട്ടാളക്കാരാലും അക്കാരണത്താല്‍ തന്നെ ഭീതിയാലും നിര്‍ഭരമായ ഒരു നാട്. ഇസ്രയേല്‍ എന്ന രാജ്യം ഞങ്ങളില്‍ സൃഷ്ടിച്ച ആദ്യ ഇംപ്രഷന്‍ അതായിരുന്നു. അവിടെ കണ്ട രണ്ടു കാഴ്ചകള്‍ ഞങ്ങളുടെ സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചു. എമിഗ്രേഷന്‍ ഹാളില്‍ കാത്തുകെട്ടിയിരിക്കെ, അഞ്ചാറു വയസ്സു തോന്നിക്കുന്ന പെണ്‍കുട്ടിയോടൊപ്പമെത്തിയ ഹിജാബ് ധരിച്ച ഒരു ഫലസ്ത്വീനീ യുവതിയും ഇസ്രയേലിയായ ഒരു യുവാവും വളരെ മാന്യമായി പരസ്പരം സംസാരിക്കുന്നതും തമാശകള്‍ പങ്കുവെക്കുന്നതുമായ ഒരു കാഴ്ച. രണ്ടാമത്തേത്, എമിഗ്രേഷന്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ലഗേജ് പരിശോധിക്കുന്നിടത്തെത്തിയപ്പോള്‍ ഞങ്ങളുടെ സംഘത്തിന്റെ മറപറ്റി ഒരു ഫലസ്ത്വീനീ വൃദ്ധ തന്റെ കൈയിലുള്ള കീശകളൊന്നും പരിശോധനക്കു നല്‍കാതെ പുറത്തുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരു പട്ടാളക്കാരന്റെയത്ര ശരീര വലിപ്പമുള്ള അവിടത്തെ ഉദ്യോഗസ്ഥന്‍ അവരെ ശ്രദ്ധിക്കുകയും കൗണ്ടറിലേക്ക് വിളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതൊന്നും കേള്‍ക്കാത്ത ഭാവത്തില്‍ ആ സ്ത്രീ പുറത്തേക്ക് നടക്കുകയാണ്. ഒടുവില്‍, അയാള്‍ മേശക്കു മുകളിലൂടെ ചാടിവീണ് അവരുടെ മുന്നില്‍ ചെന്നുനിന്ന് വഴിതടഞ്ഞ് അവരെ കൗണ്ടറിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീടെന്തുണ്ടായി എന്നു നോക്കിനില്‍ക്കാന്‍ ഞങ്ങള്‍ക്ക് പറ്റുമായിരുന്നില്ല. കാരണം പറഞ്ഞല്ലോ, അവിടെയാകെ നിരീക്ഷണ കാമറകളാണ്.

 ജെറീക്കോയും ജറൂസലമു(ഖുദ്‌സ്)മടങ്ങുന്ന ആ മണ്ണിലൂടെ സഞ്ചരിക്കുമ്പോള്‍, ഇസ്രയേലിന്റെയും ഫലസ്ത്വീന്‍ അതോറിറ്റിയുടെയും നിയന്ത്രണത്തിലുള്ള ഭൂപ്രദേശങ്ങള്‍ ഇടക്കിടെ അവസാനിക്കുകയും പിന്നെയും ആരംഭിക്കുകയും ചെയ്തുകൊണ്ടിരുന്നു. ആ രണ്ടു പ്രദേശങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഒന്നേയുള്ളൂ അടയാളം. നല്ല തെരുവുകളും വ്യാപാരകേന്ദ്രങ്ങളും വീടുകളും പരിസരങ്ങളും ഉള്ള ഇടങ്ങളൊക്കെ ഇസ്രയേലിന്റേതും അല്ലാത്തവയൊക്കെ ഫലസ്ത്വീനിന്റേതും. മോഷ്ടിച്ചും കവര്‍ന്നും കൈക്കലാക്കിയ മുതലുകളെല്ലാം നല്ല മൊഞ്ചാക്കി വെച്ചിട്ടുണ്ടിവിടെ. തൊണ്ടിമുതലുകള്‍ തേടി അവകാശികള്‍ വരാതിരിക്കാന്‍ നാലാളുയരത്തില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍കൊണ്ടുള്ള മതില്‍കെട്ടുകളും അതിന്റെ ഇടക്കെല്ലാം പട്ടാളത്തിന്റെ നിരീക്ഷണ കാബിനുകളും ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. ഖുര്‍ആനിലും ബൈബിളിലും പേര് പരാമര്‍ശിക്കപ്പെട്ട ഒട്ടുമിക്ക പ്രവാചകന്മാരും അവരുടെ ജീവിതവേളയില്‍തന്നെ പ്രവര്‍ത്തനമേഖലയാക്കുകയോ സന്ദര്‍ശിക്കുകയോ ചെയ്തിട്ടുള്ള അതിവിശുദ്ധ നാടാണിത്. അതിനാല്‍, അവിടെ വഴിയോരങ്ങളിലുള്ള സൈന്‍ ബോര്‍ഡുകളിലെല്ലാം ഏതെങ്കിലുമൊക്കെ പ്രവാചകന്മാരുടെ പേരുകള്‍ കാണാം. നേരെ പോയാല്‍ ഇബ്‌റാഹീം നബി, വലത്തോട്ടുപോയാല്‍ ഈസാ നബി, ഇടത്തോട്ടുപോയാല്‍ ദാവൂദ് നബി..... എന്നിങ്ങനെ. അഥവാ ഏതുവഴി പോയാലും ഏതെങ്കിലും നബിയുടെ സ്മാരകമോ ചരിത്രസ്ഥലങ്ങളോ ഉണ്ടെന്നര്‍ഥം. ഈ നാടിനെ പരാമര്‍ശിക്കുമ്പോഴൊക്കെ അതിനെയും ചുറ്റുപാടുകളെയും നാം അനുഗ്രഹിച്ചിരിക്കുന്നുവെന്ന് ഖുര്‍ആനില്‍ പലയിടങ്ങളിലായി അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. അത്രയും അനുഗൃഹീതമായ മണ്ണില്‍ കാലുകുത്താനായതിലെ ആത്മഹര്‍ഷം വര്‍ണനാതീതമാണ്.

വെള്ളിയാഴ്ച ദിവസമാണ്. മസ്ജിദുല്‍ അഖ്‌സ്വായാണ് യാത്രാ ലക്ഷ്യം. ബസില്‍നിന്ന് ഇറങ്ങി മസ്ജിദുല്‍ അഖ്‌സ്വായിലേക്ക് നടക്കുകയാണ് ഞങ്ങള്‍. സീബ്രാ ലൈനില്‍ കൂടി റോഡ് മുറിച്ചുകടക്കവെ, ഞങ്ങളുടെ സംഘത്തെ കണ്ട ട്രാഫിക് പോലീസുകാരി ഞങ്ങളോട് ഇന്ത്യയില്‍നിന്നാണോ എന്നു ചോദിച്ചു. അതേയെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: ഐ ലവ് ഇന്ത്യ. അവരോട് മന്ദഹസിച്ച് ഞങ്ങള്‍ മുന്നോട്ടു നീങ്ങി. ജുമുഅക്കു മുമ്പ് ചില പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുണ്ട്. ദാവൂദ് നബിയുടെ ഖബ്‌റാണ് അതിലൊന്ന്. അവിടെ, അസാമാന്യ നീളമുള്ള ആ ഖബ്‌റിന്റെ ചാരത്ത് മന്ത്രണത്തിലും പ്രാര്‍ഥനയിലും മുഴുകിയ കുറേ ജൂതന്മാരെ കണ്ടു. കോട്ട പോലെ പണിതിട്ടുള്ള വലിയ മതില്‍ക്കെട്ടിനകത്താണ് മസ്ജിദുല്‍ അഖ്‌സ്വായും ഖുബ്ബത്തുസ്സ്വഖ്‌റ മസ്ജിദും എല്ലാം സ്ഥിതി ചെയ്യുന്നത്. പുരാതന ജറൂസലം നഗരമെന്ന് അറിയപ്പെടുന്ന അതൊരു ടൗണ്‍ഷിപ്പാണെന്ന് പറയാം. മുസ്‌ലിംകളും ജൂതന്മാരും അറബ് ക്രൈസ്തവരുമെല്ലാം അതിനകത്ത് വിവിധ ക്വാര്‍ട്ടറുകളില്‍ താമസിക്കുന്നു. അതിനകത്തുള്ള വഴികളെല്ലാം വീതി കുറഞ്ഞവയാണ്. നാല് പട്ടാളക്കാര്‍ നിരന്നുനിന്നാല്‍ അതിനകത്തെ ഏതുവഴിയും അടക്കാം. ചിലയിടങ്ങളില്‍ അത്രയും വിസ്താരമില്ല. ആ വഴി നടക്കുമ്പോള്‍ പ്രാര്‍ഥനക്കുവേണ്ടി മക്കളെയും കൂട്ടി വരുന്ന ജൂതപിതാക്കളെ കണ്ടു. എല്ലാവര്‍ക്കുമുണ്ട് നാലും അഞ്ചും അതിലധികവുമൊക്കെ മക്കള്‍. ഒരു കുടുംബത്തോടൊപ്പവും അമ്മമാരെ കണ്ടില്ല. ഒരുവിധ കുടുംബാസൂത്രണവുമില്ലാതെ വംശവര്‍ധനവ് നടത്തിക്കൊണ്ടിരിക്കുന്ന ഇവര്‍ തന്നെയാണല്ലോ കൊച്ചുകുട്ടികള്‍ പഠിക്കുന്ന ഫലസ്ത്വീനിലെ സ്‌കൂളുകളില്‍ തെരഞ്ഞുപിടിച്ച് ബോംബ് വര്‍ഷിക്കാറുള്ളത്. രണ്ടിനു പിന്നിലും പ്രവര്‍ത്തിക്കുന്നത് ഒരേ തത്ത്വം തന്നെ. ഫലസ്ത്വീനിലെ ജനസംഖ്യ കുറക്കുകയും ജൂതന്റെ അംഗസംഖ്യ വര്‍ധിപ്പിക്കുകയും ചെയ്യുക. മതംമാറ്റം ഇല്ലാത്തതിനാല്‍ അവരുടെ സംഖ്യ പെറ്റുതന്നെ പെരുകേണ്ടതാണല്ലോ. ഹിന്ദുത്വ പരിവാരത്തിലെ ഓരോ മാതാവും കുറഞ്ഞത് അഞ്ചെങ്കിലും പ്രസവിക്കണമെന്ന സമകാലിക ഭാരതീയ വിചാരധാരയും ഒരു നിമിഷം മനസ്സിലേക്ക് തള്ളിക്കേറിവന്നു.

ദാവൂദ് നബിയുടെ മഖ്ബറയില്‍നിന്ന് ഞങ്ങള്‍ നേരെ പോയത് വിലാപ മതില്‍(Wailing Wall) കാണാന്‍ വേണ്ടിയായിരുന്നു. ആ മതിലില്‍നിന്ന് നൂറോ നൂറ്റമ്പതോ മീറ്റര്‍ അകലെ ഉയരത്തിലാണ് ഞങ്ങളുടെ നില്‍പ്പ്. അതിന്റെ പിന്‍ഭാഗത്തായി മസ്ജിദുല്‍ അഖ്‌സ്വായും ഖുബ്ബത്തുസ്സ്വഖ്‌റയും സ്ഥിതി ചെയ്യുന്നു. ജൂതന്മാര്‍ ആ മതിലില്‍ തലയിടിച്ച് വിലപിക്കുകയും പ്രാര്‍ഥിക്കുകയും അവരുടെ ആവലാതികള്‍ കടലാസിലെഴുതി മതിലിന്റെ വിടവിലേക്ക് തിരുകിവെക്കുകയും ചെയ്യും. ദൈവം ആ പരാതികള്‍ പരിശോധിച്ച് പരിഹരിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. പശ്ചാത്തലത്തില്‍ മസ്ജിദുല്‍ അഖ്‌സ്വാ ദൃശ്യമാകുന്നതിനാല്‍ വിലാപ മതിലിന്റെ ഫോട്ടോയും വീഡിയോയും ഞങ്ങള്‍ പിടിച്ചുകൊണ്ടിരുന്നു. മടങ്ങാനായി തിരിഞ്ഞുനോക്കുമ്പോള്‍ രണ്ടു പട്ടാളക്കാര്‍ തോക്കുമായി പിന്നില്‍ നില്‍ക്കുന്നു. വിലാപ മതില്‍ വെറുമൊരു മതിലല്ലായെന്ന തോന്നല്‍ എന്നില്‍ ഉണ്ടാക്കിയത് പിന്തുടര്‍ന്നുവന്ന ആ സയണിസ്റ്റ് പട്ടാളക്കാരുടെ സാന്നിധ്യമായിരുന്നു.

വിലാപ മതിലിനെ ജൂതന്മാര്‍ വിളിക്കുന്നത് ആ പേരിലല്ല. അവര്‍ക്കത് പടിഞ്ഞാറന്‍ മതില്‍ (Western Wall)  ആണ്. സുലൈമാന്‍ നബി(അ) പണികഴിപ്പിച്ച ദേവാലയ(ഹൈക്കല്‍ സുലൈമാന്‍)ത്തിന്റെ ചുറ്റും റോമന്‍ ഭരണാധികാരിയായിരുന്ന ഹെരോദാവ് പണികഴിപ്പിച്ച ചുറ്റുമതിലിന്റെ അവശേഷിക്കുന്ന ഏകഭാഗമാണ് ആ പടിഞ്ഞാറന്‍ മതിലെന്ന് സയണിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നു. അവരവിടെ വന്ന് ആ ദേവാലയത്തിന്റെ തകര്‍ച്ചയില്‍ വിലപിക്കുകയും തങ്ങളുടെ ആവലാതികള്‍ ബോധിപ്പിക്കുകയും ചെയ്യുന്നതായി കണ്ട ക്രൈസ്തവര്‍ ആ മതിലിന് പണ്ടേ നല്‍കിയ പേരാണ് വിലാപ മതില്‍ എന്നത്. ബൈത്തുല്‍ മഖ്ദിസിന്റെയും മസ്ജിദുല്‍ അഖ്‌സ്വായുടെയും ഖുബ്ബത്തുസ്സ്വഖ്‌റയുടെയും മേലുള്ള സയണിസ്റ്റ് അവകാശവാദങ്ങളുടെയെല്ലാം പ്രഭവകേന്ദ്ര (Epicenter) വും ഇന്നത്തെ പ്രതീകവുമാണ് വിലാപ മതില്‍ എന്നുപറയാം. ഖുദ്‌സിന്റേതെന്ന പേരില്‍ സയണിസ്റ്റുകള്‍ സദാ ഖുബ്ബത്തുസ്സ്വഖ്‌റ(Dome of the Rock) യുടെ ചിത്രം പ്രചരിപ്പിക്കുന്നത,്  മസ്ജിദുല്‍ അഖ്‌സ്വായെ മുസ്‌ലിം മനസ്സില്‍നിന്ന് മായ്ച്ചുകളയാനും തല്‍സ്ഥാനത്ത് ഖുബ്ബത്തുസ്സ്വഖ്‌റയെ പ്രതിഷ്ഠിച്ച് മസ്ജിദുല്‍ അഖ്‌സ്വാ തകര്‍ക്കാനുമുള്ള പദ്ധതിയാണെന്നാണ് മുസ്‌ലിം സുഹൃത്തുക്കളില്‍നിന്ന് സദാ കേള്‍ക്കാറുണ്ടായിരുന്നത്. എന്നാല്‍, ആ ചരിത്രസ്മാരകങ്ങള്‍ സംബന്ധിച്ച സയണിസ്റ്റ് അവകാശവാദങ്ങളിലൂടെ കണ്ണോടിച്ചപ്പോള്‍ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ലെന്ന് മനസ്സിലായി.

 

അല്‍പ്പം ജൂതചരിത്രം

മൂസാനബി ബനൂ ഇസ്രാഈല്യരെ ഫിര്‍ഔനില്‍നിന്ന് മോചിപ്പിച്ച ശേഷം, നിരന്തരമായ ദൈവധിക്കാരം കാണിച്ച അവര്‍ അല്ലാഹുവിന്റെ ശാപത്തിന് പാത്രമാവുകയും 40 വര്‍ഷം മരുഭൂമിയില്‍ അലഞ്ഞുതിരിയേണ്ടി വരികയും ചെയ്തിരുന്നല്ലോ. ആ കാലയാളവിനിടയില്‍ മൂസാനബിയും ഹാറൂന്‍ നബിയും മരണപ്പെടുകയുണ്ടായി. അനന്തരം, മൂസാനബിക്ക് അല്ലാഹു നല്‍കിയ പത്തു കല്‍പ്പനകളടങ്ങിയ ശിലാഫലകങ്ങള്‍, മൂസാനബിയുടെയും ഹാറൂന്‍ നബിയുടെയും വടികള്‍, വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, ബനൂ ഇസ്രാഈല്യര്‍ക്കുവേണ്ടി അല്ലാഹു ഇറക്കിയ ഭക്ഷണമായ മന്ന എന്നിവയെല്ലാം ഒരു പെട്ടകത്തിലാക്കി അവര്‍ കൂടെ സൂക്ഷിച്ചിരുന്നു. യുദ്ധവേളയിലും മറ്റും ആ അമൂല്യ വസ്തുക്കളുടെ ബറകത്ത് കൊണ്ട് വിജയം കരഗതമാകാന്‍വേണ്ടി അവരത് കൂടെ കൊണ്ടുപോകാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ, ഒരു പ്രാവശ്യം ബഹുദൈവവിശ്വാസികളായ ഫിലിസ്തികളുമായുണ്ടായ ഒരു യുദ്ധത്തില്‍ ആ പെട്ടകം അവര്‍ക്ക് നഷ്ടപ്പെട്ടു. പിന്നീടത്, ത്വാലൂതിന്റെ കാലത്ത് ബനൂഇസ്രാഈല്യര്‍ക്ക് തിരികെ ലഭിച്ചതായി ഖുര്‍ആന്‍ അല്‍ബഖറ അധ്യായത്തില്‍ 248-ാം സൂക്തത്തില്‍ പറയുന്നുണ്ട്. ജൂതര്‍ ആ പെട്ടിയെ കരാര്‍ പെട്ടക(താബൂതുല്‍ അഹ്ദ്) എന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അതിനെ ശാന്തിയുടെ പെട്ടക(താബൂതുസ്സകീനഃ)മെന്നും ക്രൈസ്തവര്‍ അതിനെ ദാവീദിന്റെ പെട്ടക(താബൂതു ദാവൂദ്)മെന്നും വിളിച്ചു. ആ പെട്ടകം മൂസാനബിയുടെ കാലത്തുണ്ടാക്കിയ സമാഗമനക്കൂടാരത്തിനകത്താണ് ബനൂ ഇസ്രാഈല്യര്‍ കൊണ്ടുനടന്നിരുന്നതും സൂക്ഷിച്ചിരുന്നതും. ആ പെട്ടകത്തിനകത്ത് ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്നും അതിനാല്‍ ആ കൂടാരത്തിനകത്ത് എത്തുന്നവരുമായി ദൈവം സന്ധിക്കുമെന്നും അവര്‍ വിശ്വസിച്ചു. ബൈബിള്‍ പഴയനിയമത്തില്‍ അതുസംബന്ധിച്ച വിശദമായ പരാമര്‍ശമുണ്ട്. ദാവൂദ് നബിയുടെ കാലശേഷം പുത്രന്‍ സുലൈമാന്‍ നബി(അ) അല്ലാഹുവിനായി വലിയൊരു ആലയം നിര്‍മിക്കുകയുണ്ടായി. അതിനെയാണ് ജൂതര്‍ ഹൈക്കല്‍ സുലൈമാന്‍ (Temple of Soloman) എന്നു വിളിക്കുന്നത്. അത് നിര്‍മിച്ചത് മോറിയ മലയുടെ മുകളില്‍ ഇപ്പോള്‍ ഖുബ്ബത്തുസ്സ്വഖ്‌റ സ്ഥിതി ചെയ്യുന്ന ഭാഗത്തായിട്ടായിരുന്നു. ആ മലയെ ജൂതന്മാര്‍ Temple Mount  എന്നു വിളിക്കുന്നു. സുലൈമാന്‍ നിര്‍മിച്ച ദേവാലയത്തിന്റെ പടിഞ്ഞാറേ ചുമരിനു സമീപത്തായി ഒരു പാറയില്‍ ആ നിയമപെട്ടകം വെക്കുകയും അത് ഏറ്റവും വിശുദ്ധ സ്ഥലമായി (ഖുദ്‌സുല്‍ അഖ്ദാസ് = Holy of the Holies)  ഇസ്രാഈല്യരും അവരുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന ജൂതരും കരുതിപ്പോരുകയും ചെയ്യുന്നു. 

സുലൈമാന്‍ നബിയുടെ ഈ ദേവാലയം മൂന്നു പ്രാവശ്യം നിര്‍മിക്കപ്പെടുകയും മൂന്നു പ്രാവശ്യം തകര്‍ക്കപ്പെടുകയും ചെയ്തതായി ചരിത്രം പറയുന്നു. ബി.സി 587-ല്‍ ബാബിലോണിയന്‍ രാജാവായിരുന്ന നബൂക്കദ് നസറിന്റെ ആക്രമണവേളയില്‍ അയാള്‍ ജറൂസലം പട്ടണവും ആ ദേവാലയവും അഗ്നിക്കിരയാക്കി തകര്‍ക്കുകയും അന്നാട്ടുകാരെ ബന്ദികളാക്കി ബാബിലോണിയയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അതാണ് ആ ദേവാലയത്തിന്റെ ആദ്യ തകര്‍ച്ച. എന്നാല്‍, അന്ന് നബൂക്കദ് നസര്‍ ബാബിലോണിയയിലേക്ക് കൊണ്ടുപോയ വസ്തുക്കളുടെ കൂട്ടത്തില്‍ ആ പെട്ടകത്തിന്റെ പേരില്ല. അത് അഗ്നിക്കിരയായിപ്പോവുകയോ മറ്റാരെങ്കിലും മോഷ്ടിക്കുകയോ ചെയ്തിരിക്കാം. പിന്നീട്, ബി.സി 520-515 കാലയളവില്‍, ബാബിലോണിയ പേര്‍ഷ്യയുടെ കീഴിലായപ്പോള്‍ ഇസ്രാഈല്യര്‍ക്ക് ജറൂസലമിലേക്ക് മടങ്ങിപ്പോകാനും ആ ദേവാലയം പുനര്‍നിര്‍മിക്കാനും അനുമതി ലഭിച്ചു. പിന്നീട് നൂറ്റാണ്ടുകള്‍ക്കുശേഷം, ബി.സി 170-ല്‍ മാസിഡോണിയന്‍ രാജാവായിരുന്ന അന്തിയോക്ക് നാലാമന്‍, ജൂതന്മാര്‍ നാട്ടിലുണ്ടാക്കിയ കുഴപ്പങ്ങള്‍ അടിച്ചമര്‍ത്തിയതിന്റെ ഭാഗമായി ആ ദേവാലയവും തകര്‍ത്തു. ശേഷം ഒരു നൂറ്റാണ്ടുകഴിഞ്ഞ്, ബി.സി 40-ല്‍ ഫലസ്ത്വീന്‍ പ്രദേശങ്ങളുടെ ഭരണാധികാരിയായി വന്ന ഹെരോദാവ് ജൂതന്മാരെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി ആ ദേവാലയം പുനര്‍നിര്‍മിക്കുകയും തെക്കുവടക്ക് ദിശയില്‍ ദീര്‍ഘചതുരാകൃതിയിലുള്ള ഒരു വലിയ മതില്‍ക്കെട്ട് പണിത് അതിനകത്താക്കുകയും ചെയ്തു. ആ മതില്‍ക്കെട്ടാണ് ഇന്നും അവിടെക്കാണുന്നത്. എന്നാല്‍, ക്രി.വ. 70-ല്‍ റോമാക്കാര്‍ വീണ്ടും അത് തകര്‍ത്തു. ഇന്ന് ഖുബ്ബത്തുസ്സ്വഖ്‌റയും മസ്ജിദുല്‍ അഖ്‌സ്വായും ഉള്‍ക്കൊള്ളുന്ന മതില്‍ക്കെട്ടിന്റെ പടിഞ്ഞാറന്‍ ഭാഗത്തിന് 488 മീറ്റര്‍ നീളമുണ്ട്. എന്നാല്‍ അതിന്റെ 20 ശതമാനം ഒഴിച്ചുള്ള ഭാഗങ്ങള്‍, മതിലിനോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുള്ള മുസ്‌ലിം-അറബ്ഭവനങ്ങളാല്‍ മൂടിപ്പോയിരിക്കുന്നു. അതിവിശുദ്ധസ്ഥല Holy of the Holies) മായി ഇസ്രാഈല്യര്‍ കരുതിപ്പോന്നിരുന്ന ആ സ്ഥലത്തോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതും ജൂതര്‍ക്ക് ഇന്ന് പ്രവേശനമുള്ളതുമായ ഇടമെന്ന നിലക്കാണ് Western Wall-ന് മഹത്വം കൈവരുന്നത്. അതിവിശുദ്ധസ്ഥലമായി അവര്‍ കണക്കാക്കുന്നതാകട്ടെ, ഖുബ്ബത്തുസ്സ്വഖ്‌റക്കകത്തുള്ള ആ പാറയെ ആണ്. (മുഹമ്മദ് നബി(സ) ആകാശാരോഹണത്തിന് പുറപ്പെട്ടത് ആ പാറപ്പുറത്തുനിന്നാണ് എന്നാണല്ലോ ചരിത്രം). അതുമാത്രമല്ല, ഇബ്‌റാഹീം നബി(അ) പുത്രന്‍ ഇസ്ഹാഖിനെ ബലിനല്‍കാന്‍ വേണ്ടി(ജൂത-ക്രൈസ്തവ വാദപ്രകാരം) കിടത്തിയതും ആ പാറപ്പുറത്താണത്രെ. വാഗ്ദത്ത മിശിഹ വന്നുകഴിഞ്ഞാല്‍ അല്‍അഖ്‌സ്വാ മസ്ജിദും ഖുബ്ബത്തുസ്സ്വഖ്‌റയും തകര്‍ത്ത് ഹൈക്കല്‍ സുലൈമാന്‍ പുനര്‍നിര്‍മിക്കുമത്രെ. ഇതൊക്കെയാണ് അല്‍അഖ്‌സ്വാ മസ്ജിദിനെയും ഖുബ്ബത്തുസ്സ്വഖ്‌റയെയും പടിഞ്ഞാറന്‍ മതിലിനെയുമൊക്കെപ്പറ്റിയുള്ള ജൂതസ്വപ്‌നങ്ങള്‍. ഹൈക്കല്‍ സുലൈമാന്‍ തകര്‍ത്തിടത്താണ് മസ്ജിദുല്‍ അഖ്‌സ്വായും ഖുബ്ബത്തുസ്സ്വഖ്‌റയും നിര്‍മിച്ചിട്ടുള്ളതെന്നും അതിനാല്‍തന്നെ അവ തകര്‍ക്കുന്നതില്‍ യാതൊരു അപരാധവുമില്ലെന്നും സയണിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നു. ഇത്രയും ചരിത്രം കേട്ടപ്പോള്‍, ഖുദ്‌സിലും ഒരു ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നം മണക്കുന്നില്ലേ? 

1839-ലാണ് വിലാപ മതിലിന് മഹത്വം കല്‍പ്പിക്കുന്ന ജൂത അവകാശവാദങ്ങള്‍ തുടങ്ങിയതെന്നും അതല്ല, 1917-ലെ ബാല്‍ഫര്‍ പ്രഖ്യാപനത്തിനു ശേഷം, ജറൂസലം ബ്രിട്ടീഷ് ആധിപത്യത്തിലായതിനെത്തുടര്‍ന്നാണെന്നും വാദമുണ്ട്. ഇത്തരം അവകാശവാദങ്ങളൊക്കെ ഒരുപാട് കാലപ്പഴക്കം ഉണ്ടെന്നുവന്നു കഴിഞ്ഞാല്‍ അതിന് ആധികാരികതയും വിശ്വാസ്യതയും വര്‍ധിക്കുമെന്ന പൊതുശീലം ഉള്ളതിനാല്‍ ജൂതന്മാര്‍ പടച്ചുണ്ടാക്കിയതായിരിക്കാം ഈ കാലപ്പഴക്കം. 1967-ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തെത്തുടര്‍ന്നാണല്ലോ ഖുദ്‌സ് സയണിസ്റ്റുകള്‍ക്ക് അധീനപ്പെട്ടത്. രണ്ടുവര്‍ഷത്തിനുശേഷം 1969-ല്‍ അവര്‍ വിലാപ മതിലിന്റെ ഭാഗത്തുനിന്ന് തുടങ്ങി ഖുബ്ബത്തുസ്സ്വഖ്‌റയുടെയും മസ്ജിദുല്‍ അഖ്‌സ്വായുടെയും മുസ്‌ലിം കുടിപ്പാര്‍പ്പുകളുടെയുമൊക്കെ അടിയിലേക്ക് തുരന്ന് ഉത്ഖനനം ആരംഭിച്ചു. ഹൈക്കല്‍ സുലൈമാനിന്റെ എന്തെങ്കിലും തുമ്പ് ലഭിക്കുമോയെന്നതാണ് ലക്ഷ്യമെന്ന് അവര്‍ പുറത്തേക്ക് പറയുന്നു. ഖുബ്ബത്തുസ്സ്വഖ്‌റയിലെ പാറക്കു താഴെവരെ അവര്‍ തുരന്നെത്തിയിട്ടുണ്ട്. അതിനകത്ത് പ്രാര്‍ഥനയും പരിമിതമായ തോതില്‍ അവര്‍ നിര്‍വഹിച്ചുതുടങ്ങിയിട്ടുണ്ട്. മസ്ജിദുല്‍ അഖ്‌സ്വായുടെ താഴ്ഭാഗത്തുള്ള പുരാതന മസ്ജിദുല്‍ അഖ്‌സ്വായില്‍ ചെന്നുനിന്നാല്‍ അതിനു കീഴിലായി ജൂതന്മാര്‍ നിര്‍മിച്ച തുരങ്കങ്ങള്‍ കാണാം. കേവലമായ ഉത്ഖനനങ്ങളായി ഈ തുരങ്കനിര്‍മാണങ്ങളെ കണ്ടുകൂടാ. കാരണം, വാഗ്ദത്ത മിശിഹ വരുമ്പോള്‍ ആ രണ്ടു പ്രാര്‍ഥനാമന്ദിരങ്ങളും തകര്‍ത്ത് ഹൈക്കല്‍ സുലൈമാന്‍ നിര്‍മിക്കുമെന്ന അവരുടെതന്നെ സ്വയംകൃത പ്രവചനം പുലരുന്നതുവരെ കാത്തിരിക്കാന്‍ അവര്‍ തയാറല്ലെന്നിടത്താണ് ഇപ്പോള്‍ അവരുടെ നില്‍പ്പ്. ദൈവത്തെക്കൊണ്ട് എന്തെങ്കിലും നിര്‍ബന്ധിച്ച് ചെയ്യിച്ചേ മതിയാകൂവത്രെ. ആ രണ്ടു മന്ദിരങ്ങളും തകര്‍ത്താല്‍ സ്വാഭാവികമായും മുസ്‌ലിംസമൂഹം ജൂതര്‍ക്കെതിരെ തിരിയും. അന്നേരം തന്റെ മക്കളും പ്രിയപ്പെട്ടവരും തെരഞ്ഞെടുക്കപ്പെട്ടവരുമായ ജൂതസമൂഹത്തിന്റെ രക്ഷക്ക് മിശിഹയെ നിയോഗിക്കാന്‍ ദൈവം നിര്‍ബന്ധിതമാകും.... ഇങ്ങനെ പോകുന്നു സയണിസ്റ്റ്് കിനാവുകള്‍.

അല്‍അഖ്‌സ്വായുടെ പരിസരങ്ങളില്‍ ഉത്ഖനനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ 1969-ല്‍ തന്നെ മസ്ജിദുല്‍ അഖ്‌സ്വാ അഗ്നിക്കിരയാക്കാനുള്ള ശ്രമം നടക്കുകയുണ്ടായി. ആഗസ്റ്റ് 21 വ്യാഴാഴ്ചയായിരുന്നു സംഭവം. കിഴക്കും തെക്കുമുള്ള ഇടനാഴികള്‍, മിഹ്‌റാബ്, ഖുബ്ബയുടെ തൂണുകള്‍ എന്നിവയെ അഗ്നിജ്വാലകള്‍ വിഴുങ്ങി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമെന്ന് സയണിസ്റ്റ് ഗവണ്‍മെന്റ് ആദ്യം പ്രസ്താവനയിറക്കി. എന്നാലത് കള്ളമാണെന്ന് പുറത്തറിഞ്ഞപ്പോള്‍ കൃത്യത്തിനു പിന്നിലെ സൂത്രധാരനെ പിടികൂടിയതായി അറിയിച്ചു. ആസ്‌ത്രേലിയക്കാരനായ ഡെന്നിസ് മൈക്കല്‍ വില്യം മൂഹാന്‍ എന്ന 28 കാരനായിരുന്നു പിടിയിലായത്. നാലുമാസം മുമ്പ് ടൂറിസ്റ്റായി രാജ്യത്തെത്തിയ പ്രതി ജറൂസലമിലെ ഒരു ഹോട്ടലില്‍ താമസിച്ചാണ് പദ്ധതികള്‍ തയാറാക്കിയതത്രെ. അവനെ അഞ്ചുവര്‍ഷം തടവിനു ശിക്ഷിച്ചതായി സയണിസ്റ്റ് ഭരണകൂടം ആദ്യം അറിയിച്ചെങ്കിലും പിന്നീടവനെ വെറുതെ വിട്ടു. കാരണമെന്താണെന്നോ? പ്രതി മാനസിക അസ്വാസ്ഥ്യമുള്ള ആളായിരുന്നുവത്രെ!!! നമ്മുടെ നാട്ടിലുമുണ്ടല്ലോ ഇങ്ങനെ ഫാഷിസത്തിനുവേണ്ടി മാത്രം വിടുവേല ചെയ്യുന്ന കുറേ മാനസിക രോഗികള്‍. ഇന്ത്യന്‍ ഫാഷിസം സയണിസത്തിന്റെ വെറും കോപ്പിയടിയാണെന്നതിന്ന് ഇനിയും തെളിവുകള്‍ വേണോ?  

 

യാഥാര്‍ഥ്യമെന്ത്?

വിലാപ മതിലും ഹൈക്കല്‍ സുലൈമാനും ഖുബ്ബത്തുസ്സ്വഖ്‌റയും സംബന്ധിച്ച സയണിസ്റ്റ് അവകാശവാദങ്ങള്‍ വിശകലനവിധേയമാക്കുമ്പോള്‍, ഒരൊറ്റ ചോദ്യത്തിനുള്ള ഉത്തരമാണ് നമുക്ക് കിട്ടേണ്ടത്. ഇവിടെ ഉന്നയിക്കപ്പെട്ട എല്ലാ അവകാശവാദങ്ങള്‍ക്കുമുള്ള മറുപടി ആ ഉത്തരത്തിലുണ്ടാകും. സുലൈമാന്‍ നബി നിര്‍മിച്ച/നവീകരിച്ച /പുനര്‍നിര്‍മിച്ച ആ മന്ദിരം ഏത് എന്നതാണാ ചോദ്യം. അല്ലാഹുവിനാല്‍ നിയോഗിതനായ ഒരു പ്രവാചകന്‍ ഒരിക്കലും അല്ലാഹുവല്ലാത്തവരെ ആരാധിക്കാന്‍ വേണ്ടി ഒരു ദേവാലയം(ഹൈക്കല്‍ = Temple) നിര്‍മിക്കുകയില്ലെന്നത് ലളിതമായ സത്യമാണ്.  മൂന്നൂ കെട്ടിടങ്ങള്‍ ഇവിടെ നമ്മുടെ മുമ്പിലുണ്ട്. ഒന്ന്, മസ്ജിദുല്‍ അഖ്‌സ്വാ. രണ്ട്, ഖുബ്ബത്തുസ്സ്വഖ്‌റ. മൂന്ന്, ഹൈക്കല്‍ സുലൈമാന്‍. പിന്നെ ബൈത്തുല്‍ മഖ്ദിസ് എന്താണെന്ന ഒരു ചോദ്യവും.

ഭൂമിയില്‍ രണ്ടാമതായി നിര്‍മിക്കപ്പെട്ട മസ്ജിദാണ് മസ്ജിദുല്‍ അഖ്‌സ്വാ. ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഒരു നബിവചനമുണ്ട്. അബൂദര്‍റില്‍ ഗിഫാരി(റ) പറയുന്നു: 'ഞാന്‍ തിരുദൂതരോട് ചോദിച്ചു: ഭൂമിയില്‍ ആദ്യമായി സ്ഥാപിതമായ മസ്ജിദ് ഏതാണ്? അവിടുന്ന് പ്രതിവചിച്ചു: മസ്ജിദുല്‍ ഹറാം. ഞാന്‍ ചോദിച്ചു: പിന്നെ ഏത്? തിരുമേനി പറഞ്ഞു: മസ്ജിദുല്‍ അഖ്‌സ. ഞാന്‍ പിന്നെയും ചോദിച്ചു: അവക്കു രണ്ടിനുമിടയിലെ കാലയളവെത്ര? അവിടുന്ന് പറഞ്ഞു: നാല്‍പ്പതു വര്‍ഷം.' ആദം നബിയാണ് ആ രണ്ടു മസ്ജിദുകള്‍ക്കും ശിലയിട്ട് നിര്‍മാണം നടത്തിയതെന്നും പിന്നീട് വന്ന പ്രവാചകന്മാരായ ഇബ്‌റാഹീം നബി, ഇസ്ഹാഖ് നബി, യഅ്ഖൂബ് നബി(അ) എന്നിവരെല്ലാം മസ്ജിദുല്‍ അഖ്‌സ പരിപാലിച്ചിരുന്നുവെന്നും ആ ഹദീസിന്റെ വിശദീകരണങ്ങളില്‍ കാണാം. അബ്ദുല്ലാഹിബ്‌നു അംറ് നിവേദനം ചെയ്യുന്നു: 'നബി(സ) പറഞ്ഞു: ബൈത്തുല്‍ മഖ്ദിസിന്റെ നിര്‍മാണം സുലൈമാന്‍ നബി(അ) പൂര്‍ത്തീകരിച്ചപ്പോള്‍ അല്ലാഹുവോട് മൂന്നു കാര്യങ്ങള്‍ ചോദിച്ചു. ഒന്ന്, അല്ലാഹുവിന്റെ വിധികള്‍ പോലെ നീതിപൂര്‍വം വിധിക്കാനുള്ള പ്രാപ്തി. രണ്ട്, തന്റെ പിന്‍ഗാമികളില്‍ ആര്‍ക്കും പ്രാപിക്കാന്‍ കഴിയാത്തത്ര അധികാരം. മൂന്ന്, നമസ്‌കാരം മാത്രം ലക്ഷ്യംവെച്ച് ആരെങ്കിലും ഈ മസ്ജിദില്‍ വന്ന് അത് നിര്‍വഹിച്ചാല്‍ അവന്‍ ഉമ്മ പെറ്റ നാളിലേതു പോലെ പാപരഹിതനായിത്തീരണം. നബി(സ) തുടര്‍ന്നു: അദ്ദേഹം ചോദിച്ച ആദ്യത്തെ രണ്ടു കാര്യങ്ങളും അല്ലാഹു നല്‍കി. മൂന്നാമത്തേത് നല്‍കപ്പെട്ടിട്ടുണ്ടാകുമെന്ന് ഞാന്‍ വിചാരിക്കുന്നു.' മുസ്‌നദു അഹ്മദില്‍ വന്നിട്ടുള്ള മറ്റൊരു ഹദീസ് ഇങ്ങനെയാണ്: ദുല്‍ അസാബിഅ്(റ) തിരുദൂതരോട് ചോദിച്ചു: താങ്കളുടെ കാലശേഷം ഞങ്ങളുടെ നിലനില്‍പ്പില്‍ പരീക്ഷണങ്ങള്‍ നേരിട്ടാല്‍ എന്തുചെയ്യണമെന്നാണ് താങ്കളുടെ ഉപദേശം? അപ്പോള്‍ തിരുനബി(സ) പറഞ്ഞു: ''നീ ബൈത്തുല്‍ മഖ്ദിസില്‍ പോയി താമസിക്കണം. നിരന്തരം ആ മസ്ജിദിലേക്ക് വന്നും പോയും കൊണ്ടിരിക്കുന്ന സന്താനങ്ങള്‍ നിനക്കുണ്ടായേക്കാം.''

ഇവിടെ ഉദ്ധരിച്ച മൂന്നു ഹദീസുകളില്‍നിന്ന് വ്യാഖ്യാനങ്ങള്‍ക്ക് പഴുതില്ലാത്ത വിധം മനസ്സിലാകുന്ന ചില കാര്യങ്ങളുണ്ട്. മസ്ജിദുല്‍ അഖ്‌സ്വായുടെ നിര്‍മാണം നിര്‍വഹിച്ചത് ദാവൂദ് നബിയോ സുലൈമാന്‍ നബി(അ)യോ അല്ല. അവര്‍ പ്രവാചകന്മാരായി നിയോഗിതരാകുന്നതിനു മുമ്പുതന്നെ അതിന്റെ നിര്‍മാണം നടന്നുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍, നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഇരുമ്പിന്റെയും ചെമ്പിന്റെയും ഉപയോഗം അല്ലാഹു പഠിപ്പിച്ചത് യഥാക്രമം ദാവൂദ് നബിയെയും സുലൈമാന്‍ നബിയെയുമായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ വിദ്യ ഉപയോഗിച്ചുള്ള നവീകരണപ്രവര്‍ത്തനങ്ങളായിരിക്കാം സുലൈമാന്‍ നബിയുടെ നേതൃത്വത്തില്‍ അക്കാലത്ത് നടന്നത്. അതൊരിക്കലും മറ്റൊരു പ്രാര്‍ഥനാമന്ദിരത്തിന്റെ നിര്‍മാണമായിരുന്നില്ല. കാരണം, അവസാനം പറഞ്ഞ രണ്ടു ഹദീസുകളിലും ബൈത്തുല്‍ മഖ്ദിസിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ആ മസ്ജിദ് എന്ന് നബി(സ) പ്രയോഗിക്കുന്നുണ്ട്. അതിനാല്‍ മസ്ജിദുല്‍ അഖ്‌സ്വായുടെ മറ്റൊരു പേര് മാത്രമാണ് ബൈത്തുല്‍ മഖ്ദിസെന്ന് മനസ്സിലാക്കാം. അതോടെ ഹൈക്കല്‍ സുലൈമാന്‍ എന്നത് വെറും ജൂതസൃഷ്ടിയാണെന്നു വരുന്നു. ഇനി, മസ്ജിദുല്‍ അഖ്‌സ്വാ അല്ലാത്ത മറ്റൊരു ആരാധനാലയം സുലൈമാന്‍ നബി നിര്‍മിച്ചിട്ടുണ്ടെന്ന് സങ്കല്‍പ്പിച്ചാല്‍തന്നെ അതും അല്ലാഹുവിനെ മാത്രം ആരാധിക്കാനുള്ളതായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ആ പ്രവാചകന്മാരുടെയെല്ലാം പിന്തുടര്‍ച്ച അവകാശപ്പെടുന്ന മുസ്‌ലിംകള്‍ക്കു തന്നെയായിരിക്കണമല്ലോ ആ മന്ദിരങ്ങളുടെ കൈവശാവകാശവും. അല്ലാതെ, പ്രവാചകന്മാരെ വധിക്കാനും അവമതിക്കാനും എന്നും മുന്നില്‍ നിന്നിട്ടുള്ള ജൂതസമുദായത്തിന് അവരുടെ പിന്തുടര്‍ച്ച അവകാശപ്പെടാന്‍ എന്തര്‍ഹത? ഇനി, അവശേഷിക്കുന്നത് ഖുബ്ബത്തുസ്സ്വഖ്‌റയുടെ കാര്യമാണ്. അത് ഉമവികളുടെ ഭരണകാലത്ത് അബ്ദുല്‍മലികുബ്‌നു മര്‍വാന്‍ നിര്‍മിച്ചതാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമോ സംശയമോ ഇല്ല. അത് നില്‍ക്കുന്നിടത്താണ് ഹൈക്കല്‍ സുലൈമാന്‍ സ്ഥിതി ചെയ്തിരുന്നത് എന്നേ സയണിസ്റ്റുകള്‍ക്കുപോലും വാദമുള്ളൂ. ചുരുക്കത്തില്‍, ഇസ്‌ലാമിലെ മൂന്നാം ഹറമിലെ വിശുദ്ധമന്ദിരങ്ങള്‍ക്കുമേല്‍  സയണിസ്റ്റുകള്‍ ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലാതാകുന്നതോടെ വിലാപ മതില്‍ എന്നതും വെറും പുകമറ മാത്രമായി മാറും. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ജൂത-ക്രൈസ്തവ വിശ്വാസികളൊക്കെ വിലാപ മതില്‍ സന്ദര്‍ശിക്കാറുണ്ട്. ഇപ്പോള്‍ ഏറ്റവും ഒടുവിലായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും അവിടെയെത്തി പ്രാര്‍ഥിച്ചു. ട്രമ്പ് അവിടെ മുട്ടിപ്പായി പ്രാര്‍ഥിച്ചത് എന്തായിരിക്കും? ഖുബ്ബത്തുസ്സ്വഖ്‌റയും അല്‍അഖ്‌സ്വാ മസ്ജിദും തകര്‍ത്ത് തല്‍സ്ഥാനത്ത് ഹൈക്കല്‍ സുലൈമാന്‍ നിര്‍മിക്കാന്‍ തന്റെ ഭരണകാലയളവില്‍തന്നെ കഴിയണേ എന്നായിരിക്കുമോ? 

(തുടരും)


Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (170 - 180)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയില്‍ പതറാതെ
കെ.സി ജലീല്‍ പുളിക്കല്‍