Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 04

3011

1438 ദുല്‍ഖഅദ് 11

അതിഭൗതികശാസ്ത്രം

ഇബ്‌നുസീന ചിന്തയുടെ പുതുവഴികള്‍-2

 

പ്രപഞ്ചം എങ്ങനെ ഉണ്ടായി, ദൈവവും പ്രപഞ്ചവും തമ്മിലുള്ള ബന്ധം, മനുഷ്യന്റെ അസ്തിത്വം, മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധം, ജീവിതലക്ഷ്യം തുടങ്ങിയ സമസ്യകള്‍ക്ക് ദാര്‍ശനികമായി ഉത്തരമന്വേഷിക്കുന്ന അതിഭൗതിക ശാസ്ത്രമാണ് തത്ത്വചിന്തയുടെ കാതലായി പഴയകാലത്ത് കണക്കാക്കപ്പെട്ടിരുന്നത്. അനിവാര്യമായും ഉണ്ടായിരിക്കേണ്ട അസ്തിത്വം എന്ന നിലയിലാണ് തന്റെ മുന്‍ഗാമികളെപ്പോലെ ഇബ്‌നുസീനയും ദൈവത്തെ കാണുന്നത്. 

പ്രപഞ്ചമുള്‍പ്പെടെ സകല വസ്തുക്കളും ദൈവത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത് എന്ന് ഇബ്‌നുസീന അഭിപ്രായപ്പെട്ടു. അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഉണ്മ ദൈവത്തിന്റേതു മാത്രമാണ്. ദൈവത്തെ നിര്‍വചിക്കാനാവില്ല. ദൈവം ഉണ്ട് എന്നേ പറയാന്‍ കഴിയുകയുള്ളൂ. ഉണ്ട് എന്ന അവസ്ഥ തന്നെയാണ് ദൈവത്തിന്റെ ഗുണമായി മനസ്സിലാക്കാന്‍ കഴിയുക. അനാദിയും അനിവാര്യവുമായ ഉണ്മയാണ് ദൈവം. മറ്റെല്ലാ ഉണ്മകളുടെയും കാരണം അനിവാര്യമായ ആ ഉണ്മയത്രെ. അത്യുന്നതമായ സൗന്ദര്യമാണത്. അതിനാല്‍ അത് സ്‌നേഹിക്കപ്പെടുന്നു. അതിനതീതമായി ഒന്നുമില്ല. പരിശുദ്ധമായ ബുദ്ധിയും നന്മയുമാണ് അത്. അന്യൂനമായ സമ്പൂര്‍ണതയാണത്.

നിസ്സരണം (Emenation) എന്ന പ്രക്രിയയിലൂടെയാണ് ദൈവമാകുന്ന അനിവാര്യ ഉണ്മയില്‍നിന്ന് ഇതര ഉണ്മകള്‍ പിറവി കൊള്ളുന്നത്. ആകാശ ബുദ്ധികള്‍, ആകാശാത്മാക്കള്‍, ഖഗോളങ്ങള്‍, ഭൗമ ജീവജാലങ്ങള്‍ എന്നിവ ദൈവിക ഉണ്മയില്‍നിന്ന് നിസ്സരിച്ച് ഉണ്ടായവയാണ്. ദൈവത്തില്‍ അവന്റെ സത്തക്ക് ബാഹ്യമായി ഒന്നുമില്ല. പല കാഴ്ചപ്പാടുകളിലൂടെ ദൈവത്തെ മനസ്സിലാക്കാമെങ്കിലും ദൈവം ഒരേക സത്തയാണ്. പലതും കൂടിയതല്ല; മറിച്ച് ഏകമാണ് ദൈവിക സത്ത. ദൈവിക ഗുണങ്ങളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളെല്ലാം വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെയുള്ള നോട്ടത്തിന്റെ പ്രതിഫലനങ്ങളാണ്. വേറിട്ട ഘടകങ്ങളല്ല അവ. അസ്തിത്വത്തിനു പുറമെ ഗുണങ്ങള്‍ ഉണ്ടാവുക സാധ്യമല്ല എന്നാണ് ഇബ്‌നുസീനയുടെ പക്ഷം.

സ്‌നേഹം, ജ്ഞാനം എന്നിവയുടെ ഉറവിടമാണ്, ഇബ്‌നു സീനയുടെ വീക്ഷണത്തില്‍ ദൈവം. 'ദൈവികസത്തയുടെയും അസ്തിത്വത്തിന്റെയും പ്രപഞ്ചനമാണ് സ്‌നേഹം' (അല്‍ ഇശ്ഖു ഹുവ സ്വരീഹുദ്ദാതി വല്‍ വുജൂദി) എന്ന് രിസാല ഫില്‍ ഇശ്ഖ് എന്ന നിബന്ധത്തില്‍ ഇബ്‌നുസീന എഴുതിയിട്ടുണ്ട്. ദൈവിക സത്തയുടെ അംശമായാണ് ഇബ്‌നു സീന സ്‌നേഹത്തെ കാണുന്നത്. ദൈവിക സത്തയില്‍നിന്നുള്ള വെളിപ്പെടലാണ് സ്‌നേഹം. 'കിതാബുല്‍ ഇന്‍സാഫി'ല്‍ ജ്ഞാനത്തെക്കുറിച്ചും അദ്ദേഹം ഇതേ നിരീക്ഷണം നടത്തുന്നുണ്ട്. എല്ലാ ബുദ്ധികളും ദൈവിക ചൈതന്യത്തില്‍നിന്ന് ഒഴുകിവരുന്ന ജ്ഞാനം സ്വീകരിക്കുന്നു എന്നാണദ്ദേഹം പറയുന്നത്. ദൈവത്തിന്റെ പ്രഭാവം (തജല്ലി)ആണ് ജ്ഞാന നിസ്സരണം. യഥാര്‍ഥ ജ്ഞാനം, സ്‌നേഹം, നന്മ ഇവയെല്ലാം മനുഷ്യര്‍ക്ക് ലഭിക്കുന്നത് ദൈവത്തില്‍നിന്നത്രെ.

 

മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം

ദൈവത്തിനു സ്വയം അറിയാം എന്നതിനാല്‍ ലോകത്തെയും അറിയാനാവുമെന്നു ഇബ്‌നുസീന പറയുന്നു. സര്‍വാതിശായിയാണ് ദൈവത്തിന്റെ ജ്ഞാനം. സര്‍വാതിശായിയായ ജ്ഞാനത്തിലൂടെയാണ് ദൈവം പ്രത്യേക സംഗതികളെ അറിയുന്നത്. ഓരോ വ്യക്തിയുടെയും പ്രവര്‍ത്തനങ്ങളും ചിന്തകളും ദൈവം പ്രത്യേകം പ്രത്യേകമായി അറിയുന്നില്ല. ഇബ്‌നുസീനയുടെ ഈ നിലപാടിനെ ഇമാം ഗസ്സാലി തഹാഫതുല്‍ ഫലാസിഫയില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ദൈവത്തിന് ഓരോ കാര്യവും പ്രത്യേകം പ്രത്യേകം അറിയേണ്ട ആവശ്യമില്ല എന്നാണ് ഇബ്‌നുസീനയുടെ പക്ഷം. ആരുടെയും സ്‌നേഹമോ ആരാധനയോ ദൈവത്തിന് ആവശ്യമില്ല എന്നും അദ്ദേഹം പറയുന്നു. ലോകത്തിന് ദൈവത്തെയാണ് ആവശ്യം. ദൈവത്തിന് ഓരോ കാര്യവും പ്രത്യേകം അറിയില്ല എന്ന് ഇബ്‌നുസീന പറയുന്നത് നിഷേധാര്‍ഥത്തിലല്ല എന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ദൈവം അനിവാര്യാസ്തിത്വം ആണെന്നതിനോടൊപ്പം തന്നെ ലോകത്തിനാവശ്യമായതെല്ലാം പ്രദാനം ചെയ്യുന്ന അനുഗ്രഹ സ്രോതസ്സ് കൂടിയാണ്. ദൈവവുമായുള്ള മനുഷ്യന്റെ ബന്ധം വ്യക്തിഗതമല്ല. താഴെ പറയുന്ന രണ്ട് വഴികളിലൂടെയാണ് മനുഷ്യന് ദൈവവുമായുള്ള ബന്ധം സാധ്യമാവുക എന്ന് ഇബ്‌നുസീന പറയുന്നു:

ഒന്ന്, ജ്ഞാനം. വിവിധ തരത്തിലുള്ള ജ്ഞാനം വഴി മനുഷ്യന് ദൈവവുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും.

രണ്ട്, ദൈവം സ്വയം പ്രസരിപ്പിക്കുന്ന സ്‌നേഹം സ്വീകരിച്ചുകൊണ്ട് മനുഷ്യന് ദൈവവുമായി ബന്ധം സ്ഥാപിക്കാനാവും.

ദൈവം എല്ലാവര്‍ക്കും പ്രദാനം ചെയ്യുന്നതിനെ സ്വീകരിക്കാന്‍ സ്വയം സജ്ജമാക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്. ദൈവത്തിന്റെ പ്രഭാവവുമായി സ്വയം ബന്ധിപ്പിക്കുകയാണ് മനുഷ്യന്‍ ഇതുവഴി ചെയ്യുന്നത്. ദൈവപ്രകാശവുമായി ലയം സാധ്യമാവുമ്പോള്‍ മനുഷ്യന്‍ അവന്റെ ഏറ്റവും ഉദാത്തമായ അവസ്ഥയെ പ്രാപിക്കുന്നു.

മനുഷ്യന്‍ മൂന്ന് ഘടകങ്ങള്‍ കൂടിച്ചേര്‍ന്നതാണ്. സസ്യാത്മാവായ ശരീരം, മൃഗാത്മാവായ പ്രാണന്‍, യുക്ത്യാത്മാവ് എന്നിവയാണവ. ശരീരവും പ്രാണനും ജീവജാലങ്ങള്‍ക്കെല്ലാം പൊതുവായി ഉള്ളതാണ്. യുക്ത്യാത്മാവാണ് മനുഷ്യനെ ഇതര ജീവികളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. മനുഷ്യന് ചിന്തിക്കാനും ജ്ഞാനം ആര്‍ജിക്കാനും കഴിവു നല്‍കുന്നത് സവിശേഷമായ ഈ ആത്മാവാണ്. പഞ്ചേന്ദ്രിയങ്ങള്‍ വഴിയുള്ള അറിവ് മൃഗാത്മാവുമായി ബന്ധപ്പെട്ടതാണ്. ചിന്ത, ഉള്‍ക്കാഴ്ച, മനനം, ദിവ്യപ്രചോദനം എന്നിവ വഴി ലഭിക്കുന്ന അറിവ് യുക്ത്യാത്മാവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. മനുഷ്യന്‍ ദൈവത്തെ അറിയുന്നത് ആത്മാവ് വഴിയാണ്. യുക്ത്യാത്മാവിന് രണ്ടുതരം ബുദ്ധികളുണ്ട്. ഒന്ന്, സൈദ്ധാന്തിക ബുദ്ധി. രണ്ട്, പ്രായോഗിക ബുദ്ധി. മനുഷ്യന്‍ സാര്‍വലൗകികമായ ചിന്തകളും കാഴ്ചപ്പാടുകളും സിദ്ധിക്കുന്നത് സൈദ്ധാന്തിക ബുദ്ധി മുഖേനയാണ്. ജീവിതത്തിനാവശ്യമായ മറ്റു കാര്യങ്ങള്‍ കണ്ടെത്തുന്നത് പ്രായോഗിക ബുദ്ധിയാണ്. സൈദ്ധാന്തിക ബുദ്ധിയാണ് ദൈവാന്വേഷണത്തിനു വഴിതുറക്കുന്നത്.

 

ഭൗതിക ശാസ്ത്രം

ഭൗതിക വസ്തുക്കളുടെ രൂപീകരണം, നിലനില്‍പ്, ചലനം, വളര്‍ച്ച, നാശം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ശാസ്ത്ര മേഖലയെയാണ് ഭൗതിക ശാസ്ത്രം എന്ന് വ്യവഹരിക്കുന്നത്. ഒരു വസ്തുവിന്റെ മൂല ഘടകമായ ദ്രവ്യം എന്താണ്, വസ്തുവിന്റെ രൂപം എങ്ങനെ ഉണ്ടാവുന്നു, ദ്രവ്യവും രൂപവും പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, ഇവക്ക് രണ്ടിനും സംഭവിക്കുന്ന മാറ്റങ്ങള്‍ എങ്ങനെയുള്ളതാണ്, എന്താണതിന്റെ ഹേതു, ഭൗതിക വസ്തുക്കള്‍ ഉണ്ടാവുന്നതിന് നിമിത്തമാവുന്ന കാരക ബുദ്ധിയുടെ ധര്‍മം ഇവയെല്ലാമാണ് ഇബ്‌നുസീനയുടെ ഭൗതികശാസ്ത്രത്തിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങള്‍. കാലം, സ്ഥലം, ചലനം എന്നിവയെക്കുറിച്ചും അദ്ദേഹം പര്യാലോചിക്കുകയുണ്ടായി.

പ്രകൃതിയിലെ ഓരോ വസ്തുവിനും സ്ഥിതി ചെയ്യുന്നതിനായി പ്രകൃത്യാതന്നെ ലഭിച്ചിട്ടുള്ള സ്ഥലം ഉണ്ട്. ഓരോ വസ്തുവിനും പ്രകൃത്യാ ലഭിച്ചിട്ടുള്ള ആകാരം അഥവാ രൂപവുമുണ്ട്. പ്രജനനവും നാശവും ഉള്ള വസ്തുക്കളുണ്ട്. ഇല്ലാത്തവയുമുണ്ട്. രണ്ടുതരം വസ്തുക്കളുടെയും ചലനം ചാക്രിക സ്വഭാവമുള്ളതാണ്. തുടക്കമോ ഒടുക്കമോ ഇല്ലാത്ത ചലനമാണിവയുടേത്. ചതുര്‍ഭൂതങ്ങളായ ജലം, വായു, അഗ്നി, പൃഥ്വി എന്നിവ ഇതിനുദാഹരണമാണ്. ആകാശ ഗോളങ്ങളുടെ സ്വാധീനത്തിനു വിധേയമാണിവ. ഈ ചതുര്‍ഭൂതങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഖഗോള ശക്തികളുടെ സ്വാധീനഫലമായി സ്വഭാവ വ്യതിയാനം സംഭവിക്കുന്നു. സ്വഭാവ വ്യതിയാനത്തിന്റെ ഫലമായി ധാതുക്കള്‍, മൂലകങ്ങള്‍, സസ്യങ്ങള്‍, മൃഗങ്ങള്‍ എന്നിവ ഉരുവം കൊള്ളുന്നു. ചതുര്‍ഭൂതങ്ങളുടെ സമതുലിതാവസ്ഥ പൂര്‍ണതയോടടുക്കുന്നതിനനുസരിച്ചാണ് ഉരുവം കൊള്ളുന്ന പ്രകൃതി വസ്തുവിന്റെ ഔന്നത്യം നിര്‍ണയിക്കപ്പെടുന്നത്. ഇക്കാരണത്താല്‍ പ്രകൃതിയിലെ വസ്തുക്കള്‍ക്കും ജീവജാലങ്ങള്‍ക്കും ഉയര്‍ച്ച താഴ്ചകളുണ്ട്. ഓരോ ഗണത്തില്‍ വരുന്ന വിവിധ വിഭാഗങ്ങള്‍ക്കുമുണ്ട് ശ്രേണീപരമായ അന്തരം.

ഭൗതികശാസ്ത്ര സംബന്ധമായ ഈ ചര്‍ച്ച മനുഷ്യാത്മാവിനെക്കുറിച്ചുള്ള വിചിന്തനത്തിലേക്കാണ് ഇബ്‌നുസീന വികസിപ്പിക്കുന്നത്. ചതുര്‍ഭൂതങ്ങളുടെ ഏറ്റവും സന്തുലിതമായ മിശ്രണമാണ് മനുഷ്യസൃഷ്ടിയുടെ നിമിത്തം. ഭൗമ മണ്ഡലത്തിലെ ഏറ്റവും ഉന്നതമായ സൃഷ്ടി മനുഷ്യാത്മാവാണ്. 'ജീവധര്‍മം നിര്‍വഹിക്കുന്നതിനു വേണ്ടി നിയുക്തമായ ജൈവികവും പ്രകൃതിദത്തവുമായ വസ്തുവിന്റെ പ്രഥമ പൂര്‍ണത'യായാണ് മനുഷ്യാത്മാവിനെ ഇബ്‌നുസീന വ്യവഹരിക്കുന്നത്. പ്രഥമ പൂര്‍ണതയാണ് ഒരു വസ്തു വിഭാഗത്തിന് അല്ലെങ്കില്‍ ജീവിവര്‍ഗത്തിന് ജന്മം നല്‍കുന്നത് ആ വസ്തു വിഭാഗത്തിന്റെ അല്ലെങ്കില്‍ ജീവി വര്‍ഗത്തിന്റെ പ്രവൃത്തിയും പ്രതികരണവും ഉണ്ടാവുന്നത് ദ്വിതീയ പൂര്‍ണതയില്‍നിന്നാണ്. വാള്‍ എന്ന വസ്തു പ്രഥമ പൂര്‍ണതയുടെ ഫലവും മരം മുറിക്കുക എന്ന പ്രവൃത്തി ദ്വിതീയ പൂര്‍ണതയുടെ ഫലവുമാകുന്നു.

പോഷണം, വളര്‍ച്ച, പ്രജനനം എന്നിവയില്‍ പരിമിതമായ ആത്മാവിനെ സസ്യാത്മാവെന്നു ഇബ്‌നുസീന വിളിക്കുന്നു. ഇന്ദ്രിയ സംവേദനവും ചലനവും ഇതോടു ചേര്‍ക്കപ്പെടുന്നതോടെ അതൊരു മൃഗാത്മാവായി മാറുന്നു.  മനുഷ്യാത്മാവില്‍ ഇതു രണ്ടും ഉള്‍പ്പെടും. ഇവ കൂടാതെ യുക്തിചിന്തനത്തിനു സഹായിക്കുന്ന മാനവാത്മാവ് എന്ന ഒരു ഘടകം കൂടി ചേരുമ്പോഴാണ് മനുഷ്യാത്മാവുണ്ടാവുന്നത്. ബുദ്ധിയുടെ താത്ത്വിക, പ്രായോഗിക ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണീ ആത്മാവ്. ചതുര്‍ഭൂതങ്ങളുടെ തികവൊത്ത പൂര്‍ണതയുടെ ഫലമാണിത്.

ആത്മാവിന്റെ ചലനശക്തി പ്രദാനം ചെയ്യുന്ന ഘടകമാണ് ശരീരാവയവങ്ങളുടെ ചലനം സാധ്യമാക്കുന്നത്. ഞരമ്പുകള്‍, പേശികള്‍ എന്നിവ മുഖേനയാണ് ആത്മാവ് ഇഛാനുസൃതം ചലനം സാധ്യമാക്കുന്നത്. ഭാവനയോ യുക്തിയോ ആണ് ചലനത്തെ സഹായിക്കുന്ന ഒരു ഘടകം. ഗുണകരമെന്നു തോന്നുന്ന ഒരു സംഗതി ചെയ്യാനാവശ്യമായ പ്രചോദനം നല്‍കുന്നത് ഈ ഘടകമാണ്. പ്രചോദിതമാവുന്ന അഭിഭാവമാണ് കര്‍മേഛ. പ്രവര്‍ത്തനത്തെ അഥവാ ഒരവയവത്തിന്റെ ചലനത്തെ ആ ചലനം നിര്‍വഹിക്കപ്പെടുന്ന അവയവത്തിന്റെ അവസ്ഥ സ്വാധീനിക്കും. ഉദാഹരണമായി കണ്ണിനു സുഖമില്ലാതിരിക്കുകയോ പ്രായം കൂടുകയോ ചെയ്താല്‍ കാഴ്ച തടസ്സപ്പെടും. ശാരീരികവും ബൗദ്ധികവുമായ ചലനങ്ങളെ നിയന്ത്രിക്കുന്നത് യുക്തിപരമായി ചിന്തിക്കാന്‍ കഴിയുന്ന മനുഷ്യാത്മാവാണ്. മനുഷ്യാത്മാവിന് സ്ഥിതിഗതികള്‍ അവലോകനം ചെയ്യാനും തീരുമാനങ്ങളെടുക്കാനും സാധിക്കും. തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവ് അതിനുണ്ട്. അനുഭവങ്ങളിലൂടെയും ശീലങ്ങളിലൂടെയും ബുദ്ധി പൂര്‍ണത കൈവരിക്കുന്നു.

മനുഷ്യന്റെ സൈദ്ധാന്തിക ബുദ്ധിക്ക് നാല് അവസ്ഥകളുള്ളതായി ഇബ്‌നുസീന പറയുന്നു. താഴെ പറയുന്നവയാണ് അവ:

ഒന്ന്, അല്‍ അഖ്‌ലുല്‍ ഹയൂലാനി-ബുദ്ധിയുടെ പദാര്‍ഥപരമായ അവസ്ഥയാണിത്. ബുദ്ധിക്ക് പദാര്‍ഥത്തിന്റെ സ്വഭാവമുള്ളതുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. മറിച്ച് പദാര്‍ഥത്തെപ്പോലെ ധാരണാശക്തിയാല്‍ മാത്രം ഗ്രഹിക്കാവുന്ന രൂപങ്ങളെ സ്വീകരിക്കാനുള്ള ക്ഷമത ഉള്ളതുകൊണ്ടാണ്.

രണ്ട്, അല്‍ അഖ്‌ലു ബില്‍ മലക-ബുദ്ധിക്കകത്തെ സ്പഷ്ട യാഥാര്‍ഥ്യങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുന്ന ശേഷിയാണിത്. ശീല ബുദ്ധി എന്ന് ഇതിനെ വിളിക്കാം.

മൂന്ന്, അല്‍ അഖ്‌ലു ബില്‍ ഫിഅ്ല്‍- യഥാര്‍ഥ ബുദ്ധി. ഗ്രഹിച്ച കാര്യങ്ങളെ സ്ഥിരപ്പെടുത്തുന്നത് ഇതത്രെ.

നാല്, അല്‍ അഖ്‌ലുല്‍ മുസ്തഫാദ്- ആര്‍ജിത ബുദ്ധി. മനസ്സിലായ കാര്യങ്ങളെ തന്നെയാണ് ഈ പേരില്‍ വ്യവഹരിക്കുന്നത്.

മനുഷ്യാത്മാവ് ശരീരത്തിനകത്തെ ഒരു ശരീരമാണോ ശക്തിയാണോ എന്ന കാര്യത്തില്‍ ഏറെ വാദപ്രതിവാദങ്ങള്‍ നടന്നിട്ടുണ്ട്. ആത്മാവ് പദാര്‍ഥ സ്വഭാവമുള്ള ഒന്നല്ല എന്നതാണ് പൊതുവായ നിഗമനം. ഇബ്‌നുസീനയുടെ അഭിപ്രായത്തില്‍ ആത്മാവിന് ഒരവസ്ഥയിലും നാശമില്ല. യാഥാര്‍ഥ്യത്തെ സംബന്ധിച്ച് എന്തെങ്കിലുമൊക്കെ ഗ്രഹിച്ച ആത്മാവിന് മാത്രമാണ് അമരത്വം എന്നായിരുന്നു ഫാറാബിയുടെയും മറ്റും വീക്ഷണം. 

(തുടരും)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (170 - 180)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയില്‍ പതറാതെ
കെ.സി ജലീല്‍ പുളിക്കല്‍