സ്വവര്‍ഗബന്ധത്തിനെതിരെ സംസാരിച്ച ലൂത്വ് (അ)
''ലൂത്വിനെയും നാം നിയോഗിച്ചു. അദ്ദേഹം സ്വജനത്തോട് പറഞ്ഞു; 'ലോകത്ത് ആരും ചെയ്തിട്ടില്ലാത്ത മോശമായ പ്രവൃത്തിയാണല്ലോ നിങ്ങള്‍ ചെയ്യുന്നത്. കാമവൃത്തിക്കായി പുരുഷന്മാരെ സമീപിക്കുകയും വഴികള്‍ കൊള്ളയടിക്കുകയും സഭകളില്‍ വെച്ച് നീചകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക എന്നതല്ലയോ നിങ്ങളുടെ സ്വഭാവം.' 'അല്ലാഹുവിന്റെ ശിക്ഷയിങ്ങ് കോണ്ടുവാ, നീ സത്യവാനാണെങ്കില്‍' എന്ന് ഘോഷിച്ചതല്ലാതെ അദ്ദേഹത്തിന്റെ ജനത്തിന് മറ്റൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല. ലൂത്വ് പ്രാര്‍ഥിച്ചു; എന്റെ റബ്ബേ, നാശകാരികള്‍ക്കെതിരെ എനിക്ക് സഹായമരുളേണമേ'' (ഖുര്‍ആന്‍ 29:28-30).
ലൂത്വ് (അ) പ്രവാചകനായി നിയുക്തനായപ്പോള്‍, ആദ്യം ശബ്ദമുയര്‍ത്തിയത് സ്വവര്‍ഗരതിക്കെതിരെയായിരുന്നു. അദ്ദേഹം പറഞ്ഞു: 'എന്റെ ജനമേ, വികാരശമനത്തിന് അല്ലാഹു സൃഷ്ടിച്ച് നമുക്ക് നല്‍കിയിട്ടുള്ള ഇണകളെ ഉപേക്ഷിച്ച് പ്രകൃതിവിരുദ്ധമായ മാര്‍ഗങ്ങള്‍ സ്വീകരിക്കരുത്. ലോകത്ത് ആരും ചെയ്തിട്ടില്ലാത്ത മോശം പ്രവൃത്തിയല്ലേ നിങ്ങള്‍ ചെയ്യുന്നത്? കാമവൃത്തിക്കായി പുരുഷന്മാരെ സമീപിക്കുകയും സഭകളില്‍ വെച്ച് നീചകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക എന്നതല്ലേ നിങ്ങളുടെ സ്വഭാവം'' (29:28-29).
എന്നാല്‍, അദ്ദേഹത്തെ അവര്‍ അനുസരിച്ചില്ല. 'സദാചാരപ്രസംഗം' നിര്‍ത്തിയില്ലെങ്കില്‍ നാട്ടില്‍നിന്ന് പിടിച്ച് പുറത്താക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. ഒരു സായാഹ്‌നത്തില്‍ സുന്ദരന്മാരായ ഏതാനും ചെറുപ്പക്കാര്‍ അദ്ദേഹത്തിന്റെ വിരുന്നുകാരായി വീട്ടില്‍ വന്നു. വിവരമറിഞ്ഞ് ചില തെമ്മാടികള്‍ അവിടെ ഓടിയെത്തി. കാമവൃത്തിക്കായി അവരെ വിട്ടുതരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അവര്‍ വീട്ടിനു മുമ്പില്‍ ബഹളം വെച്ചു. ലൂത്വ് (അ) അവരെ പിന്തിരിപ്പിക്കാന്‍ ആവുന്നത്ര ശ്രമിച്ചു. വിവാഹമാണ് വിശുദ്ധിയുടെ മാര്‍ഗമെന്നും 'വേണമെങ്കില്‍ എന്റെ പെണ്‍മക്കളെ വിവാഹം കഴിച്ചോളൂ' എന്നുമൊക്കെ അവരോട് പറഞ്ഞു. അതിഥികളുടെ മുന്നില്‍ തന്നെ വഷളാക്കരുതെന്നും പറഞ്ഞുനോക്കി. 'ആര്‍ക്കു വേണം നിന്റെ പെണ്ണിനെ' എന്നായിരുന്നു ആ ധിക്കാരികളുടെ പ്രതികരണം. 'ഇതൊരു വല്ലാത്ത ദിവസം തന്നെ' എന്ന് അദ്ദേഹം പറഞ്ഞുപോയി.
സ്വവര്‍ഗപ്രേമികളുടെ സമീപനം ലൂത്വിനെ ധര്‍മസങ്കടത്തിലാക്കി. അവരെ തടയാന്‍ കെല്‍പ്പില്ലാത്ത സ്ഥിതിയോര്‍ത്ത് അദ്ദേഹം സ്വയം വിലപിച്ചു. എന്നാല്‍ ആ അധമന്മാര്‍ക്ക് വിരുന്നുകാരെ ഒന്നു തൊടാന്‍ പോലും കഴിഞ്ഞില്ല. അവരുടെ കണ്ണിന്റെ കാഴ്ച പെട്ടെന്ന് നഷ്ടമായി. വിചാരിച്ച കാര്യം സാധിക്കാതെ അവര്‍ തിരിച്ചുപോയി.
വിരുന്നിനു വന്ന അതിഥികള്‍ പറഞ്ഞു: 'ലൂത്വ് ഭയപ്പെടേണ്ട. അടുത്ത പ്രഭാതത്തോടെ അവരുടെ കഥകഴിയും. ഞങ്ങള്‍ അല്ലാഹുവിന്റെ ശിക്ഷ നടപ്പിലാക്കാന്‍ വന്ന മലക്കുകളാണ്.''
Comments