സ്ത്രീ പീഡനത്തെക്കുറിച്ച്
മലയാള സിനിമാരംഗത്തെ ഒരു അഭിനേത്രി ആക്രമിക്കപ്പെട്ടപ്പോള്‍ സ്ത്രീ സുരക്ഷ വീണ്ടും വലിയ ചര്‍ച്ചയായി. വലിയ പൊതുജനശ്രദ്ധ കിട്ടുന്ന സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ മാധ്യമങ്ങളും നേതാക്കളും അധികാരികളും വാചാലരാകുന്നതും ധാര്‍മികരോഷം പ്രകടിപ്പിക്കുന്നതും പതിവാണ്. കുറച്ച് നാള്‍ കഴിയുമ്പോള്‍ ഈ ചര്‍ച്ചകളൊക്കെ ഏട്ടിലെ പശുവായി അവസാനിക്കും. മാധ്യമശ്രദ്ധ കിട്ടുന്ന സംഭവങ്ങളില്‍ പ്രതികള്‍ പിടിക്കപ്പെടുകയും ചെറിയ തോതില്‍ ശിക്ഷ ലഭിക്കുകയോ വിഷയം കെട്ടടങ്ങുന്ന മുറക്ക് ശിക്ഷിക്കപ്പെടാതെ പോകുകയോ ചെയ്യുമ്പോള്‍ മറ്റ് ധാരാളം കേസുകളില്‍ പ്രതികള്‍ ഒരിക്കലും പിടിക്കപ്പെടാതിരിക്കുകയും ഇരകള്‍ക്ക് നീതി ലഭിക്കാതെ പോവുകയും ചെയ്യും.
മകളുടെയും ഭാര്യയുടെയും മാനം കവരാന്‍ ബ്ലാക് മെയിലിംഗ് ഭീഷണിയുമായെത്തിയ ഐ.ജിയുടെ മകനെ കൊലപ്പെടുത്തി, സാഹസികമായും തന്ത്രപരമായും മൃതദേഹം ഒളിപ്പിച്ച് കുറ്റകൃത്യം മറച്ചുവെച്ച് ഐ.ജി തന്നെ നേരിട്ടു വന്ന് കേസന്വേഷിച്ചിട്ടും മൂന്നാംമുറ പ്രയോഗിച്ചിട്ടും തുമ്പാവാതെ പോയ ഒരു കേസിന്റെ പ്രമേയമുള്ള 'ദൃശ്യം' കേരളത്തില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമയാണ്. പ്രധാനപ്പെട്ട ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു ഈ സിനിമ. കേരളത്തില്‍ നടന്ന കൊലപാതകമടക്കമുള്ള ചില കുറ്റകൃത്യങ്ങള്‍ക്ക് പ്രചോദനമായത് ഈ സിനിമയാണെന്ന് പ്രതികള്‍ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചിരുന്നു. തെറ്റായി ചിന്തിക്കാന്‍ പ്രചോദനമേകുന്ന സിനിമക്ക് ഒരുദാഹരണം മാത്രമാണിത്. കുറ്റകൃത്യങ്ങള്‍ക്കും കൊള്ളരുതായ്മകള്‍ക്കും പ്രേരണ നല്‍കുന്ന സിനിമകളും സീരിയലുകളും ഇതുപോലെ നിരവധിയു്.
സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് അശ്ലീലതയും കുറ്റകൃത്യങ്ങളും അടങ്ങിയ സിനിമകളും വീഡിയോകളുമാണെന്ന് നേരത്തേ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. പീഡനവും ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും പ്രമേയമാക്കുകയും അത്തരം ദൃശ്യങ്ങള്‍ നിറയുകയും ചെയ്യുന്ന ചിത്രങ്ങള്‍ കുറ്റകൃത്യങ്ങളോട് പൊരുത്തപ്പെട്ടുപോകാനുള്ള മനോഭാവമുണ്ടാക്കുമെന്നാണ് മനോരോഗ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
സാമൂഹിക ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ സെക്‌സ് വീഡിയോകളും പോണോഗ്രാഫിക് സൈറ്റുകളും നിരന്തരം കാണുന്നവരില്‍ സ്ത്രീകള്‍ ലൈംഗികോപകരണങ്ങള്‍ മാത്രമാണെന്ന ചിന്ത ഉടലെടുക്കുകയും ലൈംഗിക കുറ്റകൃത്യങ്ങളിലേക്ക് അതവരെ എത്തിക്കുകയും ചെയ്യും. ലോകശരാശരിക്കു മുകളില്‍ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരാണ് മലയാളികളെന്നാണ് കണക്ക്. ആനുപാതികമായി ലൈംഗിക കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരുന്നുണ്ട്.
സ്വതന്ത്ര ലൈംഗികവാദവും നഗ്നതാ പ്രദര്‍ശനവുമെല്ലാം സ്വീകാര്യമായ ശീലങ്ങളെന്ന നിലക്ക് അവതരിപ്പിക്കപ്പെടുന്നു. വികല മനസ്സുള്ളവര്‍ക്ക് സ്ത്രീവിരുദ്ധ മനോഭാവത്തിന് ഇന്ധനം പകരുന്ന ഘടകങ്ങള്‍ സമൂഹത്തില്‍ ധാരാളമുണ്ട്. സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്ക് കാരണം ലൈംഗിക ഉള്ളടക്കങ്ങളുള്ള സിനിമയും വീഡിയോയും ഇന്റര്‍നെറ്റ് സൈറ്റുകളുമാണെന്ന് കോടതി അഭിപ്രായപ്പെട്ടതാണ്. പ്രതിരോധമാണ് ചികിത്സയേക്കാള്‍ അഭികാമ്യമെന്ന് കോടതിതന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും അതൊന്നും ഒരു മാറ്റവുമുണ്ടാക്കിയില്ല.
സിനിമയും ഇന്റര്‍നെറ്റ് സൈറ്റുകളും തുറന്നുവിടുന്ന സ്ത്രീശരീരത്തിന്റെ ഉത്സവങ്ങള്‍ കണ്ടും മനസ്സിലാക്കിയും അതിന്റെ മാര്‍ക്കറ്റിംഗറിഞ്ഞും തന്നെയാണ് ചൂഷണത്തിന് കെണിവെക്കുകയും സാഹചര്യമൊരുക്കുകയും ചെയ്യുന്നത്. ഇരതേടി നടക്കുന്നവര്‍ക്ക് ചാടിവീഴാനുള്ള അവസരങ്ങള്‍ ഒഴിവാക്കാനല്ലേ ശ്രമിക്കേണ്ടത്?
പെണ്ണിന്റെ ഉടലിനും അവയവങ്ങള്‍ക്കും നിശ്ചയിക്കപ്പെടുന്ന മാര്‍ക്കറ്റ് റേറ്റിനെ അംഗീകരിച്ചു കൊടുക്കുംവിധം സിനിമയിലും സീരിയലിലും പരസ്യത്തിലും അഭിനയിക്കാന്‍ ആര്‍ക്കും മനസ്സാക്ഷിക്കുത്തില്ല. ഭീഷണിപ്പെടുത്തിയും നഗ്നചിത്രങ്ങള്‍ കൈവശപ്പെടുത്തിയും പെണ്ണിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം കൈയിലാക്കുന്ന കുറ്റവാളികളുടെ ചെയ്തികളെ പ്രമേയമാക്കുന്ന സിനിമകള്‍ എത്ര! ബലാല്‍ക്കാരം ചെയ്യപ്പെടുന്ന സ്ത്രീയുടെ നിലവിളി സിനിമയിലെയും സീരിയലിലെയും രംഗത്തുനിന്ന് നമ്മുടെ തൊട്ടടുത്തേക്ക് ലൈവായി ഇറങ്ങിവന്നിരിക്കുന്നുവെന്നാണ് സത്യം. സിനിമ, സീരിയല്‍ പോലെയുള്ള മുഖ്യധാരാ വിനോദമേഖലകളുടെ സന്ദേശം, പ്രമേയം, സംഭാഷണം, ശരീരഭാഷ എന്നിവ കടുത്ത സ്ത്രീവിരുദ്ധത നിറഞ്ഞതാണ്. ബലാത്കാരത്തിനെതിരെ പോസ്റ്റിടുകയും പ്രസ്താവനയിറക്കുകയും ചെയ്ത സിനിമാ പ്രവര്‍ത്തകരില്‍ പലരും ഇത്തരം സിനിമകളുടെ നിര്‍മാതാക്കളും സംവിധായകരും അവയിലെ താരങ്ങളുമൊക്കെയാണ്.
പുരുഷനെപ്പോലെ അന്തസ്സോടെയും അഭിമാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാന്‍ സ്ത്രീക്കും അവകാശമുണ്ട്. എന്നാല്‍ പുറമേക്ക് എന്തൊക്കെ പുരോഗമനം പറഞ്ഞാലും സ്ത്രീകളോടുള്ള മനോഭാവത്തില്‍ യാതൊരു മാറ്റവും വരാത്ത സാമൂഹിക മനഃസ്ഥിതിയാണിന്ന് എല്ലാ മേഖലകളിലും നിലനില്‍ക്കുന്നത്. സമത്വത്തെയും സ്വാതന്ത്ര്യത്തെയും സുരക്ഷിതത്വത്തെയും കുറിച്ചൊക്കെ വാഗ്‌ധോരണികര്‍ മുഴക്കുന്ന പാര്‍ട്ടികളും സ്ത്രീ സംഘടനകളും കലാ-സാഹിത്യ മേഖലയിലുള്ളവരും കണ്ടില്ലെന്ന് നടിക്കുന്ന യാഥാര്‍ഥ്യം പണ്ട് സ്ത്രീയെ ചൂഷണം ചെയ്തത് നാടുവാഴികളും ഫ്യൂഡല്‍ വ്യവസ്ഥകളുമായിരുന്നുവെങ്കില്‍ ഇന്നത് കോര്‍പ്പറേറ്റുകളും സിനിമാ മേലാളന്മാരും മാഫിയകളുമൊക്കെയാണെന്നതാണ്.
അരങ്ങിലെ പ്രമേയങ്ങളും അണിയറയിലെ മാഫിയക്കാരുമെല്ലാം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തില്‍ ഒരുപോലെ പ്രതികളാണ്. ഇവ ഇല്ലാതാക്കാന്‍ നിയമങ്ങളും ശിക്ഷയും മാത്രം പോരാ, സദാചാര-ധര്‍മശാസനകളും കൂടി അനിവാര്യമാണ്.
Comments