Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 10

2992

1438 ജമാദുല്‍ ആഖിര്‍ 11

സുറയ്യ എന്ന വിമോചനഗാഥ

അമല്‍ അബ്ദുര്‍റഹ്മാന്‍

'മാധവിക്കുട്ടി എന്ന കമലാദാസ് എന്ന കമല സുറയ്യ' ഇങ്ങനെയാണ് സുകുമാര്‍ അഴീക്കോട് മാധവിക്കുട്ടിയുടെ സമ്പൂര്‍ണ കൃതികളുടെ അവതാരിക ആരംഭിക്കുന്നത്. ഒരു ജീവായുസ്സ് നീണ്ടുനില്‍ക്കുന്ന സ്‌നേഹാന്വേഷണം, എഴുത്തിന്റെ മായാലോകം തീര്‍ത്ത അസാധാരണ വനിത, മലയാളികളുടെ പ്രിയപ്പെട്ട മാധവിക്കുട്ടി ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ എഴുത്തുകാരിയാണ്.

1934 മാര്‍ച്ച് 31-ന് കേരളത്തിലെ പ്രമുഖ നായര്‍ തറവാടുകളിലൊന്നായ പുന്നയൂര്‍കുളത്തെ നാലപ്പാട് കുടുംബത്തില്‍ മാതൃഭൂമി മാനേജിംഗ് എഡിറ്ററായിരുന്ന വി.എം നായരുടെയും പ്രശസ്ത കവയത്രി ബാലാമണി അമ്മയുടെയും മകളായി ജനിച്ച, ആമി എന്ന ഓമനപ്പേരില്‍ വിളിക്കപ്പെട്ട അവരുടെ ഔപചാരിക വിദ്യാഭ്യാസം  ഹൈസ്‌കൂള്‍ തലം വരെ മാത്രം. 15-ാം വയസ്സില്‍ വിവാഹം. പിന്നെ അറിയപ്പെട്ടത് എഴുത്തുകാരിയായി. മൂന്നു മക്കള്‍. 1999 ഡിസംബര്‍ 11-ന് കൊച്ചിയില്‍  ഒരു സെമിനാര്‍  ഉദ്ഘാടനം ചെയ്യവെ താന്‍ ഇസ്‌ലാം സ്വീകരിച്ചതായി മാധവിക്കുട്ടി പ്രഖ്യാപിച്ചു; ഇനി മുതല്‍ തന്റെ പേര് സുറയ്യ എന്നായിരിക്കുമെന്നും. പരിപാടി ഉദ്ഘാടനം ചെയ്തത് അല്ലാഹുവിന്റെ നാമത്തിലായിരുന്നു. ഇത് ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ചു.

വിശ്വാസത്തിന്റെയും ധീരതയുടെയും സത്യസന്ധതയുടെയും ശക്തി വിളിച്ചോതുന്ന കമലാ സുറയ്യയുടെ ജീവിതത്തെയും എഴുത്തിനെയും കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. എങ്കിലും അവരുടെ അവസാന പത്തു വര്‍ഷത്തിലൂന്നുന്നതും ഇസ്‌ലാമിക ജീവിതവുമായി ബന്ധപ്പെട്ടതുമായ പഠനങ്ങളും കൃതികളും വിരളമാണ്. ഈ കാലയളവില്‍ പുറത്തിറങ്ങിയ അവരുടെ പുസ്തകങ്ങളാണ് യാ അല്ലാഹ്, സസ്‌നേഹം തുടങ്ങിയവ. ശൈഖ് മുഹമ്മദ് കാരകുന്ന് രചിച്ച സഫലമായ സ്‌നേഹാന്വേഷണം എന്ന പുസ്തകം അവരുടെ ഇസ്‌ലാമിക ജീവിതത്തെക്കുറിച്ചുള്ളതാണ്.

സ്ത്രീകള്‍ സ്വാതന്ത്ര്യത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി മുറവിളി കൂട്ടുന്ന കാലം. മതത്തിന്റെ ചട്ടക്കുടുകളില്‍നിന്ന് സ്ത്രീകളുടെ വിമോചനത്തിനായി അവതാരങ്ങള്‍ പിറക്കുന്ന അത്യാധുനിക ലോകം. ഈ ചരിത്ര മുഹൂര്‍ത്തത്തിലാണ് മതത്തില്‍ സംരക്ഷണവും ശാന്തിയും സ്വാതന്ത്ര്യവുമുന്നെ് പ്രഖ്യാപിച്ച് കമലാദാസ് ഇസ്‌ലാം മതാശ്ലേഷം നടത്തുന്നത്. സുറയ്യ പാടുന്നു:

 

ഇസ്‌ലാം ഒരു ജലാശയം

അതിന്റെ അഗാധതയില്‍ 

അപകടങ്ങള്‍ പതിയിരിക്കുന്നു

എന്ന് ഞാനെന്നും കേട്ടിരുന്നു.

ആ പച്ചപ്പില്‍,

പച്ചക്കണ്ണുള്ള സര്‍പ്പങ്ങള്‍ 

ചീങ്കണ്ണികള്‍ 

വിഷം വമിക്കുന്ന ഞണ്ടുകള്‍ 

അടുക്കാന്‍ ഭയന്ന് ഞാന്‍ 

ദൂരെ ദൂരെ നടന്നു.

ഇസ്‌ലാം ജലാശയമാണ്.

അതില്‍ ശാന്തിയുടെ പച്ചപ്പ്

ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു.

അതില്‍ ഞാന്‍ നീന്തുന്നു.

ഇതില്‍ തന്നെ ജീവിതസാഫല്യം കണ്ടെത്തുന്നു, ധന്യയായ് (ജലാശയം).

സ്‌നേഹത്തിനു വേണ്ടി ഉഴറി നടന്നവളായിരുന്നു കമല.  ആളുകള്‍ പാട്ടുപാടുന്നതുപോലെ, നൃത്തം ചെയ്യുന്നതുപോലെ തനിക്ക് ജന്മസിദ്ധമായി ലഭിച്ചതാണ് സ്‌നേഹിക്കാനുള്ള കഴിവെന്ന് അവര്‍ പറഞ്ഞു. സമ്പന്ന കുടുംബത്തില്‍ ജനിച്ച് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളോടെ വളര്‍ന്ന കമല ആര്‍ദ്രതയുടെയും കാരുണ്യത്തിന്റെയും ആള്‍രൂപമായിരുന്നു. പ്രാന്തവത്കൃത സമൂഹത്തിന്റെ വേദനകളുടെ നേരെ അവര്‍ കണ്ണടച്ചില്ല.  മക്കളുപേക്ഷിച്ച നിരാലംബയായ അമ്മയും അനാഥരായ കുഞ്ഞുങ്ങളും ഭോഗോപകരണങ്ങളാക്കപ്പെട്ട സ്ത്രീകളും വേശ്യാലയത്തിലെ കുട്ടികളും നാട്ടിന്‍പുറത്തെ അവഗണിക്കപ്പെട്ട മനുഷ്യരും, വീട്ടുവേലക്കാര്‍, ആശ്രിതര്‍, നഗരത്തിലെ തെരുവുജീവികള്‍, കൂലിത്തല്ലുകാര്‍ തുടങ്ങിയവരും അവരുടെ കഥാപാത്രങ്ങളായി.

യാഥാര്‍ഥ ജീവിതത്തിലും അവര്‍ വ്യത്യസ്തയായിരുന്നില്ല. കൈയില്‍ ആയിരം രൂപ കിട്ടിയാല്‍ എഴുനൂറും അവര്‍ മറ്റുള്ളവര്‍ക്കു നല്‍കി. തന്റെ ഓമനയായ പട്ടിക്ക്ുഞ്ഞ് മരിച്ചതിനെ കുറിച്ച് അവരെഴുതി; 'ഞാനാകെ തകര്‍ന്നുപോയി. കാരണം അവള്‍ എന്റെ മകളായിരുന്നു. എന്റെ കൂട്ടുകാരിയായിരുന്നു. സ്‌നേഹത്തിനുള്ള  എന്റെ ഒടുങ്ങാത്ത ദാഹം തീര്‍ത്തുതന്ന ഏക ജീവിയായിരുന്നു.' സ്വന്തം വീട്ടില്‍ അന്ധരും അനാഥരുമായ രണ്ട് മുസ്‌ലിം കുട്ടികള്‍ക്ക് അവര്‍ സംരക്ഷണം നല്‍കിയിരുന്നു. അവരെ പഠിപ്പിച്ച് വലിയ നിലയില്‍ എത്തിക്കുകയും ചെയ്തു. 

 

വിവാദങ്ങള്‍

സത്യസന്ധമായ, പച്ചയായ തന്റെ എഴുത്തിനെച്ചൊല്ലി ധാരാളം വിവാദങ്ങളുായി. ഇസ്‌ലാമാശ്ലേഷണത്തിന് മുമ്പും ശേഷവും വിവാദങ്ങള്‍ അവരെ വേട്ടയാടിക്കൊണ്ടിരുന്നു. താന്‍ സ്‌നേഹിച്ചവരുടെ കഥയാണ് തന്റെ കഥയെന്ന് കമലാദാസ് പറയുന്നു. മാധവിക്കുട്ടിയുടെ എല്ലാ കഥകളും 'എന്റെ കഥ'യാണ് എന്ന് സുകുമാര്‍ അഴീക്കോട് സമര്‍ഥിക്കുന്നു. തന്റെ രചനകളെ സംബന്ധിച്ച് കമലാദാസ് അവകാശപ്പെടുന്നതിങ്ങനെ: 'സത്യം മാത്രമേ എഴുതൂ  എന്ന് ഞാന്‍ നിശ്ചയിച്ചു. സത്യം എന്നത് ആട്ടിടയന്മാര്‍ കൊണ്ടു നടക്കുന്ന അറ്റം വളഞ്ഞ വടി പോലെയാണ്. ശക്തമെങ്കിലും അപകടകരമായ ഒരായുധം. അതിന്റെ രാകി  മൂര്‍ച്ചയാക്കിയ അഗ്രഭാഗം കൈതലത്തിലേക്ക് വഴുതിയാല്‍ മതി, കൈതലം മുറിഞ്ഞ് രക്തം വാര്‍ന്നൊഴുകും. സത്യം പറയുന്നവന്റെ വഴിയിലേക്ക് നോക്കൂ. അവന്‍ സഞ്ചരിച്ചിടമെല്ലാം ചോരത്തുള്ളികള്‍ ചിതറിക്കിടക്കുന്നതു കാണാം. ഞാനെഴുതുന്നത് മുഴുവന്‍ സത്യമാണ്. എന്നാല്‍ അവയില്‍ പ്രത്യക്ഷപ്പെടുന്ന ഞാന്‍ പൂര്‍ണമായും ഞാനാവില്ല.'

തന്റെ എഴുത്തുകള്‍ വായിച്ചവരില്‍നിന്നുണ്ടായ മനം മടുപ്പിക്കുന്ന പ്രതികരണങ്ങള്‍ കേട്ട് ഇങ്ങനെയെങ്കില്‍ എഴുത്ത് നിര്‍ത്താം എന്നവര്‍ പറയുകയുണ്ടായി. ജീവിതം തകര്‍ക്കുന്ന കത്തുകളും ഫോണുകളും അവരെ പ്രയാസപ്പെടുത്തി. സ്‌നേഹിക്കപ്പെടാന്‍ മാത്രം ആഗ്രഹിച്ച ഈ പാവപ്പെട്ടവളെ സമൂഹം മാറ്റിയെടുക്കുമോ  എന്നവര്‍ ഭയപ്പെട്ടു. ജീവിതകാലം മുഴുവന്‍ വിവാദങ്ങളില്‍ പെട്ടുവെങ്കിലും അവര്‍ അതിനെ തന്റെ ദൗത്യനിര്‍വഹണത്തിന്റെ ഉപാധിയാക്കി. നിരന്തരമായി സ്വയം നവീകരിച്ചും മുന്നേറിയും അവര്‍ തന്റെ സര്‍ഗജീവിതത്തെ ജാഗ്രത്താക്കി നിലനിര്‍ത്തി. ജീവിതത്തിന്റെ അവസാന നാളുകളില്‍ അവര്‍ പറഞ്ഞു: 'എന്നെ ഉപദ്രവിച്ചവരെ പീഡിപ്പിക്കരുതെന്ന് ഞാന്‍ ഓരോ ആളോടും അപേക്ഷിക്കുകയാണ്. അവരെ വെറുതെ വിടുക.'

 

ജീവിതാന്വേഷണങ്ങള്‍

ജീവിത സത്യത്തെക്കുറിച്ചുള്ള നിരന്തരാന്വേഷണമായിരുന്നു കമലാ ദാസിന്റെ ജീവിതം. ദാഹജലം തേടുന്ന തീര്‍ഥാടകയെന്നും വിശക്കുന്ന ആത്മാവ് എന്നും അവര്‍ സ്വയം വിശേഷിപ്പിച്ചു. വ്യതിരിക്തമായ ഒരു മനഃശാസ്ത്രമായിരുന്നു കമലയുടേത്. വൈകാരികമായും ആത്മീയമായും ഒരുപാട് പരീക്ഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അവര്‍ വിധേയമായി. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ അവര്‍ സഞ്ചരിച്ചു. വെട്ടുകിളികള്‍ എന്ന കവിതയില്‍ അവര്‍ എഴുതി:

 

ശാന്തിക്കായുള്ള  വെമ്പല്‍ 

സ്‌നേഹവായ്പിന്റെ അടയാളങ്ങള്‍ തേടി

എത്ര കാതങ്ങള്‍ ഞാന്‍ പറന്നു.

മുറിവുള്ള ചിറകുകളുമായി

ഒടുവില്‍ നിന്റെ വിളകളില്‍ 

ഞാന്‍ വീണു.

സുകുമാര്‍ അഴീക്കോട് പറയുന്നു: 'മാധവിക്കുട്ടി എന്നും സത്യാന്വേഷിയായിരുന്നു. സ്തീ-പുരുഷ സ്‌നേഹം ഹൃദയ രഹസ്യങ്ങള്‍ കണ്ടെത്താനുള്ള അനന്ത സാധ്യതകള്‍ നിറഞ്ഞ ഒരു പ്രതിഭാസമാണ് എന്ന് അവര്‍ തിരിച്ചറിഞ്ഞു. അതിന്റെ അടങ്ങാത്ത പ്രേരണയാല്‍ അവര്‍ സ്‌നേഹത്തെയും സ്‌നേഹഭംഗത്തെയും സ്‌നേഹരാഹിത്യത്തെയും സ്‌നേഹത്തിന്റെ പുനരുദ്ധാരണത്തെയും ചേര്‍ത്തും പിരിച്ചും രചിച്ചവയാണ് അവരുടെ ചെറുകഥകളും നോവലുകളും ഭൂരിഭാഗവും.' സാഹിത്യത്തിലും  ജീവിതത്തിലും മാധവിക്കുട്ടി ഒരു റിബലായിരുന്നുവെന്ന് ടി. പത്മനാഭന്‍ നിരീക്ഷിക്കുന്നു. അവര്‍ താനിഷ്ടപ്പെടുന്നതുപോലെ മാത്രം എഴുതി, ജീവിച്ചു. സമൂഹം എന്തു പറയും എന്നത് അവര്‍ക്കൊരു പ്രശ്‌നമല്ലായിരുന്നു. സ്വന്തം മനഃസാക്ഷിയോട് മാത്രമായിരുന്നു അവരുടെ ബാധ്യത. പുതിയ കാല സ്ത്രീ വിമോചകരുടേതു പോലെയുള്ള ഒരു റിബല്‍ ആയിരുന്നില്ല കമല. ബാഹ്യ സ്വാതന്ത്ര്യത്തിനപ്പുറം  ആത്മാവിന്റെ സ്വാതന്ത്ര്യമായിരുന്നു അവരന്വേഷിച്ച് നടന്നത്. അവര്‍ പറയുന്നു; താന്‍ ഒരിക്കലും ഒരു ഫെമിനിസ്റ്റല്ല. സ്ത്രീക്ക് എന്നും പുരുഷന്റെ സ്‌നേഹവും സംരക്ഷണവും ആവശ്യമുണ്ട്. പാശ്ചാത്യ ഫെമിനിസത്തിലുള്ളത് പുരുഷ വിരോധമാണ്. ഭര്‍ത്താവിനെയും ആണ്‍മക്കളെയും സ്‌നേഹിക്കുന്ന തനിക്ക് പുരുഷനെ വെറുക്കാന്‍ സാധ്യമല്ല.

 

സ്‌നേഹം, പ്രണയം, പ്രേമം

വാത്സല്യവും പ്രണയവും സൗഹൃദവും ഉള്‍ച്ചേരുന്ന ഒരു നദി പോലെയാണ് സ്‌നേഹമെന്ന് സുറയ്യ പറയുന്നു. 'സ്‌നേഹം കാട്ടുതേനാണ്. അതില്‍ ഒരു വസന്തം അലിഞ്ഞുചേര്‍ന്നിരിക്കുന്നു. എന്റെ മതം സ്‌നേഹമാണ്, സ്‌നേഹമാണ് എന്റെ സകാത്ത്. സ്‌നേഹം ലഭിച്ചില്ലെങ്കില്‍ മരിക്കാനാണെന്റെ കാമന. സ്‌നേഹം ബുദ്ധിയല്ല, വികാരമാണ്.' സ്‌നേഹത്തെക്കുറിച്ച് മരണം വരെ അവര്‍ എഴുതിക്കൊണ്ടിരുന്നു. പ്രണയത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ: 'പ്രണയത്തിന് മാത്രമേ വല്ലാത്തൊരു ഭംഗിയുള്ളതായി ഞാന്‍ കണ്ടിട്ടുള്ളൂ. ബന്ധങ്ങളില്‍ വെച്ച് തീവ്രമായ ഒന്ന്. ഞാന്‍ എഴുതിയ എല്ലാ പ്രണയ കഥകളും എനിക്കിഷ്ടമാണ്. പ്രത്യേകിച്ച് രാധയും കൃഷ്ണനും ഉള്ളവ. ചിലരൊക്കെ എന്നോട് ചോദിക്കും, കൃഷ്ണനെ മറന്നുകൂടേയെന്ന്? ഏതോ ഒരാള്‍ എഴുതികണ്ടു, കമലയുടെ ഉള്ളില്‍ കൃഷ്ണനുണ്ടെന്ന്. ശരിയാണ് എന്റെ ഉള്ളില്‍ കൃഷ്ണനുണ്ട്. മുലകൊടുത്ത് വളര്‍ത്തിയ കുഞ്ഞുങ്ങളെ നമുക്ക് മറക്കാന്‍ കഴിയുമോ? അഛനെ മറക്കാന്‍ കഴിയുമോ? ഇല്ല. ഒരിക്കലുമില്ല. അതുപോലെ കൃഷ്ണനെ മറക്കാന്‍ കഴിയില്ല. കൃഷ്ണന്‍ എനിക്ക് ദൈവമല്ല, എന്റെ കളിത്തോഴനാണ്. എന്നെ ഞാനായി രൂപപ്പെടുത്തുന്നതില്‍ ഏറെ പങ്കുവഹിച്ചതും കൃഷ്ണനാണ്.' സാറാ ജോസഫ് എഴുതുന്നു: 'സാമാന്യ ലോകത്തില്‍നിന്ന് ഏറെ ഉയരത്തിലാണ് അവരുടെ പ്രണയ സങ്കല്‍പങ്ങള്‍. തന്റെ മനസ്സില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രണയ വസന്തത്തെ സമ്പൂര്‍ണമായി ആസ്വദിക്കാന്‍ ആര്‍ക്കാണ് കഴിയുക എന്ന് എഴുത്തിലൂടെ നിരന്തരം ചോദിച്ചുകൊണ്ടിരുന്നു.'

സ്ത്രീയും പുരുഷനും തമ്മിലുള്ള ജീവിതാസ്വാദനത്തെയാണ് അവര്‍ പലപ്പോഴും പ്രേമമെന്ന് വിശേഷിപ്പിച്ചത്. പ്രേമമില്ലാത്ത ദാമ്പത്യം തെളിനീരില്ലാത്ത മരുഭൂമിപോലെയാണെന്ന് അവര്‍ പറഞ്ഞു. യാ അല്ലാഹ് എന്ന കവിതാ സമാഹാരത്തില്‍ പ്രേമം വെറും മൃഗതൃഷ്ണയാണെന്നവര്‍ എഴുതി. 

പ്രേമത്തിലൂടെ, പ്രണയത്തിലൂടെ സുറയ്യ പരമമായ സ്‌നേഹത്തില്‍ എത്തിച്ചേര്‍ന്നു. പരിചാരകര്‍ എന്ന കവിതയില്‍ അവര്‍ പാടി:

 

കാലമേ 

കഴിഞ്ഞ ജന്മം

നീ ആരായിരുന്നു. 

അരമനയിലേക്ക് എന്നെ 

ആനയിച്ച പരിചാരകന്‍ മാത്രം 

യജമാനന്റെ പൂമുഖത്ത് 

എന്നെ എത്തിച്ചവര്‍ (പരിചാരകര്‍)

 

സ്‌നേഹത്തിന്റെ  അനശ്വര ലോകത്തിലെത്തിച്ചേര്‍ന്നതുകൊണ്ടാവണം പ്രേമത്തില്‍ വീണത് ഭാഗ്യം, വഞ്ചിക്കപ്പെട്ടത് മഹാഭാഗ്യം എന്നവര്‍ എഴുതിയത്. 

കെ.ആര്‍ മീര എഴുതുന്നു: 'പഴയ കഥകളും പഴയ അഭിമുഖങ്ങളും മറിച്ചുനോക്കുമ്പോള്‍ അത്ഭുതം തോന്നും. വായില്‍ തോന്നുന്നത് വിളിച്ചു പറയുന്ന ഒരുവളെന്ന പ്രതിഛായ മാധവിക്കുട്ടിക്ക് എങ്ങനെ കിട്ടി? അവര്‍ അന്നുമിന്നും പറഞ്ഞത് മുഴുവന്‍ സ്‌നേഹത്തെ കുറിച്ചാണ്. മരിക്കുന്നതുവരെ നിലനില്‍ക്കുന്ന ആ സ്‌നേഹം, മരണമില്ലാത്ത ആ സ്‌നേഹം.'

അല്ലാഹുവിനോട് തനിക്ക് അഗാധ പ്രണയമുണ്ടെന്നും എന്നാല്‍ അതിനുള്ളില്‍ നിറയെ ഭക്തിയാണെന്നും അവര്‍ പറയുന്നു. പ്രേമത്തിന് പറ്റിയ നിരാശകൊണ്ട് മതത്തിന്റെ വഴിക്ക്  തിരിഞ്ഞുവെന്ന് പറഞ്ഞുകൂടേ എന്ന എം.എന്‍ കാരശ്ശേരിയുടെ ചോദ്യത്തിന് സുറയ്യയുടെ മറുപടി ഇങ്ങനെ: 'എന്തിനാ അങ്ങനെ പറയണത്? അത് ശരിയല്ല. എനിക്ക് ഡിപ്രഷനേ ഇല്ല. ഏറ്റവും വലിയ ഹാപ്പിനസ് കണ്ടെത്തിയ ആള്‍ക്ക് ഡിപ്രഷന്‍ ഉണ്ടാവ്വ? പ്രേമവും മതവും വേറെ വേറെ വഴികളാണ് എന്ന് വിചാരിച്ചിട്ടാ അങ്ങനെ പറയണത്. അത് അങ്ങനെ അല്ല. രണ്ടിനും രണ്ട് വഴിതന്നെയാ. രണ്ടും ഒന്നു തന്നെയാ.'

 

ശരീരവും ആത്മാവും

ആത്മാവും ശരീരവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍  ഏവരിലും എന്നപോലെ മാധവിക്കുട്ടിയിലും ഉായിരുന്നു. പക്ഷേ അതിനെ സധൈര്യം അഭിമുഖീകരിക്കാന്‍ സാധിച്ചു എന്നിടത്താണ് സുറയ്യ വിജയിച്ചത്. സ്‌നേഹം തേടിയുള്ള അലച്ചില്‍ അവര്‍ക്ക് പലപ്പോഴും നിരാശയാണ് സമ്മാനിച്ചത്. പക്ഷേ അവര്‍ അന്വേഷണം അവസാനിപ്പിച്ചില്ല. പകരം അതിന്റെ ഗതിമാറ്റി. ശാരീരികോല്ലാസത്തില്‍നിന്ന് ആത്മീയ അനുഭൂതികളിലേക്ക് അന്വേഷണം വഴിമാറി. പിന്‍ഗാമികള്‍ എന്ന കവിതയില്‍ അവര്‍ എഴുതി:

 

അയഥാര്‍ഥമായ സ്‌നേഹം 

കൈമാറിക്കൊണ്ട് 

സൗമ്യമായ പാപങ്ങള്‍ ചെയ്ത്

നാം നമ്മുടെ യൗവനം ചെലവഴിച്ചു

 

തടവുകാരന്‍ എന്ന  കവിതയില്‍ എന്നെങ്കിലും തനിക്ക് ശരീരം എന്ന കെണിയില്‍നിന്ന് രക്ഷപ്പെടണമെന്ന് അവര്‍ പറയുന്നു.

കഠിനവും തീവ്രവുമായ തന്റെ അന്വേഷണത്തിന് പരിസമാപ്തി കുറിച്ചത് എങ്ങനെയെന്ന് യാ അല്ലാഹ് എന്ന കവിതാസമാഹാരത്തിന്റെ ആമുഖത്തില്‍ സുറയ്യ രേഖപ്പെടുത്തുന്നു: 'നിരവധി വര്‍ഷങ്ങള്‍ അവര്‍ സഹയാത്രികരായിരുന്നു. ശരീരവും ആത്മാവും. ആത്മാവിന്റെ ഭവനം ശരീരമാണ്; ശരീരത്തിന്റെ വസ്ത്രം ആത്മാവും. ശരീരത്തിന്റെ തിരോധാനത്തില്‍ ആത്മാവ് പെറ്റുവീണ കുഞ്ഞെന്നപോലെ നഗ്നമാവും തീര്‍ച്ച. ഇഹലോക വാസത്തിന്റെ വേദനകള്‍ അന്ധകാരത്തിന്റെ തുരുത്തുകളായി ഒരിക്കല്‍ കാണപ്പെട്ടു. ചൈതന്യത്തിന്റെ സൗരപദങ്ങള്‍ തേടിയായിരുന്നു  എന്റെ പ്രയാണം. ഒടുവില്‍ ഒരു രാത്രിയില്‍ പ്രാര്‍ഥനയില്‍ മുഴുകിയപ്പോള്‍ പെട്ടെന്ന് നിലാവില്‍ കുളിച്ചെന്ന പ്രതീതിയോടെ ഞാന്‍ അഭൗമ തേജസ്സിനെ നോക്കിക്കണ്ടു. ആ ദിവ്യദര്‍ശനം എന്റെ നേത്രങ്ങളില്‍ അന്ധത വിതച്ചു. പക്ഷേ അത് എന്റെ ഹൃത്തടത്തില്‍ പരമോന്നതമായ സ്‌നേഹത്തിന്റെ ഉള്‍ക്കാഴ്ച ജനിപ്പിച്ചു.'

 

മതിലുകള്‍ എന്ന കവിതയില്‍ അവര്‍ പാടി: 

യാ അല്ലാഹ്

ആത്മാവിനെ ആത്മാവില്‍നിന്ന് 

അകറ്റിനിര്‍ത്താനോ 

ശരീരമെന്ന മതില്‍.

വേലിയെ പഴിക്കുന്നു

മധുരക്കനിയെ കിനാവ് കാണുന്നവര്‍

 

ഇസ്‌ലാം സ്വീകരണാനന്തരം അവര്‍ നിലപാട് വ്യക്തമാക്കി. 'ഒരിക്കല്‍ ശരീരമാണ് ജീവിതത്തിന്റെ കാതല്‍ എന്ന് വിശ്വസിക്കുന്നവള്‍. പരലോകത്തിന്റെ കരക്കെത്തിക്കുവാന്‍ ശരീരം എന്ന കടത്തുവഞ്ചി മാത്രമേ ഉപകരിക്കൂ എന്ന് വിശ്വസിക്കുന്നവള്‍. ഏകാകിനി ആകുമ്പോള്‍ ആത്മാവിനുമാത്രം അറിയാവുന്ന ഭാഷയില്‍ ഞാന്‍ സംവാദം നടത്തുന്നു. ആ ഭാഷ എന്റെ തമ്പുരാന് മനസ്സിലാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.  എന്റെ തമ്പുരാനെന്ന് അല്ലാഹുവിനെ ഞാന്‍ സംബോധന ചെയ്യുമ്പോള്‍ അവന്റെ വിലയിടിയുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ജീവിതം മുള്‍വേലികള്‍ ആയിരുന്നു. അവ സാവധാനം പൊട്ടിച്ച് ഞാന്‍ വിഴുങ്ങി. ഇല്ലെങ്കില്‍ ഈ ദൂരം ഞാന്‍ സഞ്ചരിക്കില്ലായിരുന്നു. ഇഹലോകം ആത്മാവിന് ശവപ്പെട്ടിയാണ്. ഇടുങ്ങിയ ഒരു പേടകം. കാലത്തിന്റെയും ചരിത്രത്തിന്റെയും വിഹായസ്സില്‍ ചിറകു വിടര്‍ത്താന്‍ ആത്മാവ് കാംക്ഷിക്കുന്നു. ചതിയും വെറുപ്പും പഠിച്ചുവെക്കാത്ത ആ പാവത്തിന് ഈ ലോകത്തില്‍ വിളമ്പിവെച്ച വിഷലിപ്ത വിഭവങ്ങള്‍ ഭുജിക്കാനാവില്ല. ഈ വചനങ്ങള്‍ എന്റെ ആത്മാവിന്റെ വചനങ്ങളാണ്. നിങ്ങള്‍ക്ക് അപരിചിതവും അജ്ഞാതവുമായ ഒരു മായാഗ്രഹമാണ് എന്റെ ആത്മാവ്, നിങ്ങള്‍ ദര്‍ശിക്കാത്ത അഗ്നിസ്ഫുലിംഗം '. എന്നാല്‍ പരലോകത്തിന്റെ അനന്തതയില്‍ ശരീരത്തോടുകൂടി ജനിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.

 

മതത്തെക്കുറിച്ച്

സ്വജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ടി മതത്തെയും മതാചാരങ്ങളെയും കൂട്ടുപിടിക്കുന്നവരോടുള്ള തന്റെ വൈമുഖ്യം സുറയ്യ എപ്പോഴേ പ്രകടിപ്പിച്ചിരുന്നു. അവര്‍ എഴുതി: 'ഈശ്വരന്മാര്‍ പണം കായ്ക്കുന്ന വൃക്ഷങ്ങള്‍. അക്ഷയ പാത്രങ്ങള്‍. പറയുന്നതെന്തും മൂളിക്കേള്‍ക്കുന്ന രക്ഷിതാക്കള്‍!' രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി മതത്തെ ഉപയോഗിക്കുന്നവരെയും അവര്‍ വിമര്‍ശിച്ചു. അവര്‍ വിശ്വസിച്ച മതം സ്‌നേഹമായിരുന്നു. ഈ രാജ്യത്തെ മതങ്ങളെുടെയെല്ലാം നാരായ വേര് സ്‌നേഹമെന്ന മതമാണ്. പണ്ട് ആദ്യത്തെ മനുഷ്യന്‍ ജനിക്കുന്നതിനു മുമ്പ് തന്നെ ആ മതം സര്‍വ ജീവജാലങ്ങളെയും കാത്തുസൂക്ഷിച്ചിരുന്നു.

ദൈവത്തെ സാമ്പ്രദായിക മതത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ അവര്‍ യുവതലമുറയെ ഉപദേശിക്കുന്നു. മതം ദൈവത്തെ ഒതുക്കുകയാണെന്നും മറിച്ച് വളര്‍ത്തുകയാണ് വേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ദൈവത്തെ മതമെന്ന ചട്ടക്കൂട്ടില്‍ ഒതുക്കാതെ അപാര സ്വാതന്ത്ര്യമെന്ന് അവര്‍ വാഴ്ത്തി. മതം അന്ധതയെ നിര്‍മിക്കുന്നുവെങ്കില്‍ നാം അതിനെ ബലികൊടുക്കുക. നമുക്ക് ദൈവം മതി. ദൈവം വേലികള്‍ കെട്ടിയിട്ടില്ല. മതിലുകള്‍ കെട്ടി ഉയര്‍ത്തിയിട്ടുമില്ല. ആത്മാവിന്റെ നോവുന്ന  വിടവുകള്‍ സാവധാനം നികത്തുന്നവനാണ് ദൈവം. അതുകൊണ്ട് ക്രൂര കര്‍മങ്ങള്‍ നടത്തുന്നവര്‍ ദൈവത്തിന്റെ തിരുനാമം ഉച്ചരിക്കരുത്. ചെകുത്താന്റെ വംശജരുടെ നാക്കുകളില്‍ താലോലിക്കപ്പെടേണ്ട ശബ്ദമല്ല ദൈവനാമം. അവര്‍ ചെകുത്താന്മാരെ സ്തുതിച്ചുകൊള്ളട്ടെ. രക്തഗന്ധമുള്ള കളരികളാവട്ടെ അവരുടെ പ്രാര്‍ഥനാലയങ്ങള്‍.

 

ഇസ്‌ലാമിന്റെ ലോകത്തില്‍

അനന്തമായ സ്‌നേഹവും വാത്സല്യവും ശാന്തിയും സംരക്ഷണവും സ്വാതന്ത്ര്യവും പ്രതീക്ഷയും സംതൃപ്തിയും അവര്‍ ഇസ്‌ലാമില്‍ കണ്ടെത്തി. യാ അല്ലാഹ് എന്ന കവിതാ സമാഹാരത്തില്‍നിന്ന്: 

 

സുറയ്യാ 

നീ ഏകാകിനിയല്ല

അല്ലാഹുവിന്റെ അഗാധ വാത്സല്യം 

പൂനിലാവാണ്.

ആകുലതകള്‍ 

മനുഷ്യവ്യാകുലതകള്‍ 

തമസ്സാണ്. 

ഇന്ന് എന്റെ പാദങ്ങളെ 

അവ പിന്തുടരുന്നില്ല.

 

അല്ലാഹുവിന്റെ മരുപ്പച്ച

എനിക്ക് അഭയം തന്ന മരുപ്പച്ച

എന്റെ ദാഹം 

നീ ശമിപ്പിച്ചു

എന്റെ മുഖത്തിന് 

വെളിച്ചത്തിന്റെ പരിവേഷം നല്‍കി

 

യാ അല്ലാഹ്

നിന്റെ നെയ്ത്തുശാലയില്‍ 

പുണ്യപ്പട്ടുനൂല്‍ കൊണ്ട്

ആര്‍ക്കായിട്ടാണു നീ

ലോലലോലമായൊരീ 

നമസ്‌കാരക്കുപ്പായം

ചമക്കുന്നത്.

എനിക്കോ തമ്പുരാനേ?

 

ഒടുവിലത്തെ തറവാട് 

നിന്റേതാണ് തമ്പുരാനേ

നീര്‍മാതളപ്പൂവിന്റെ 

സുഗന്ധമെന്ന പോലെ

നീയെന്നെ തഴുകുന്നു.

സ്‌നേഹമാണ് ഏറ്റവും വലിയ സൗന്ദര്യ വര്‍ധക വസ്തു എന്ന് പറഞ്ഞ സുറയ്യ ബാഹ്യ സൗന്ദര്യങ്ങളും ഏറെ ഇഷ്ടപ്പെട്ടു. ദൈവം സൗന്ദര്യമുള്ളവനാണ് എന്നും അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു എന്നും അവര്‍ വിശ്വസിച്ചു. തന്റെ സ്വര്‍ഗീയ പ്രതീക്ഷകളെക്കുറിച്ച് അവര്‍ പാടി:

 

സുല്‍ത്താന്റെ അരമനയിലെ കണ്ണിലുണ്ണി

അത്തറില്‍ കുളിക്കുന്നവള്‍

പട്ടുവസ്ത്രം ധരിക്കുന്നവള്‍

കണ്ണിനും കാതിനും വേണ്ടപ്പെട്ടവള്‍

മതം മാറിയോള്‍ 

തെരഞ്ഞെടുക്കപ്പെട്ടവള്‍ 

സുറയ്യ; ഭാഗ്യവതിയാം സുറയ്യ.

 

അമ്മയുടെ ഇസ്‌ലാം സ്വീകരണത്തോട് പ്രതികരിച്ച് എം.ഡി നാലപ്പാട് പറയുന്നു: 'അമ്മ അറിഞ്ഞ, അനുഭവിച്ച, സ്വീകരിച്ച ഇസ്‌ലാം ദൈവത്തിന്റെ ഇസ്‌ലാം ആയിരുന്നു. പുസ്തകങ്ങളുടെ ഇസ്‌ലാം ആയിരുന്നില്ല. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസമായിരുന്നു അമ്മക്ക് ഉണ്ടായിരുന്നത്. ഇസ്‌ലാമില്‍ അമ്മ എന്നും സന്തോഷവതിയായിരുന്നു. ഇസ്‌ലാം സ്വീകരിച്ച ശേഷം പ്രത്യേകമായ ഒരു ശക്തി തേജസ്സ് അമ്മക്ക് കൈവന്നു. അമ്മയുടെ ക്രിയേറ്റിവിറ്റിയെ ഇസ്‌ലാം പ്രതികൂലമായി ബാധിച്ചില്ല.'

ഇസ്‌ലാം സ്വീകരണത്തിനു ശേഷം ഉണ്ടായ മാറ്റങ്ങളെ കുറിച്ച് സുറയ്യ പറയുന്നു: 

'ഞാനിപ്പോള്‍ തറവാടിനെ കുറിച്ച് ഓര്‍ക്കാറില്ല. എല്ലാ ഇടവും തറവാടാണ്. ഒന്നും എന്റേതല്ലാ എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. എല്ലാം സ്വപ്‌നം കാണുന്നതുപോലെ മനോഹരമായി ദൈവം കാണിച്ചുതരുന്നതാണ്. കഴിഞ്ഞ 5 വര്‍ഷം എനിക്കു തന്നെ വിശ്വസിക്കാന്‍ കഴിയാതെ കടന്നുപോയിരിക്കുന്നു. ഇപ്പോള്‍ മനസ്സ് നിറയെ പുണ്യമാണ്. ചിലപ്പോള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതായി സ്വപ്‌നം കാണുന്നു. ഞാന്‍ ആരെയും ദ്രോഹിക്കാത്തതുകൊണ്ടും സ്‌നേഹത്തിനായി പിടിവാശി പിടിച്ചതുകൊണ്ടും സ്വര്‍ഗം കിട്ടുമെന്ന് ഉറപ്പാണ്. ഇസ്‌ലാമിന്റെ പാതയിലൂടെ നടന്നുവരുന്ന ഞാന്‍ പിന്നോക്കം തിരിഞ്ഞുനോക്കുമ്പോള്‍ റോഡരികെ വലിച്ചെറിയപ്പെട്ട പാഴ്‌വസ്തുക്കള്‍ ഞാന്‍ അലസതയോടെ നോക്കിക്കാണുന്നു. സ്വാര്‍ഥത, കൊതി, കാമം, പ്രതികാരേഛ, വൈരം. ഞാനിപ്പോള്‍ അടിമയാകാന്‍ മോഹിക്കുന്നു. അളവറ്റ സ്വാതന്ത്ര്യം ഞാന്‍ അനുഭവിച്ചുകഴിഞ്ഞതാണ്. മദ്യപന്‍ കുടിച്ചു കുടിച്ചു മടുത്ത് മദ്യപാനം നിറുത്തുന്ന മാതിരി  സ്വാതന്ത്ര്യം കുടിച്ചു കുടിച്ചു  മതിയാക്കിയിരിക്കുകയാണ് ഞാന്‍. ഇന്നെനിക്ക് യജമാനനുണ്ട്. അല്ലാഹുവിലേക്ക് അടുക്കുകയാണ് ഞാന്‍. മേല്‍വിലാസക്കാരനില്ലാത്ത തപാല്‍ ഉരുപ്പടി പോലുള്ള അവസ്ഥയില്‍നിന്ന് ഞാന്‍ മോചിതയായി. ഇപ്പോള്‍ ആത്മീയവും മാനസികവുമായ സകല വേദനകളില്‍നിന്നും രക്ഷ നേടിയിരിക്കുന്നു. അടുത്ത നൂറ്റാണ്ടിലെ ഒരു മതമായി ഞാന്‍ ഇസ്‌ലാമിനെ മാത്രമേ കാണുന്നുള്ളൂ.'

 

******

കാപട്യങ്ങള്‍ ഇല്ലാത്ത അന്വേഷണങ്ങള്‍ അവസാനിക്കുന്നിടമാണ് ഇസ്‌ലാം. അത് ഏകമായ നേര്‍മാര്‍ഗമാണ്. വേദന നല്‍കുന്നതും പ്രയാസമേറിയതുമാണ് ഈ അന്വേഷണയാത്ര. സുറയ്യ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത് സ്‌നേഹാന്വേഷിയായിട്ടാണ്. സ്‌നേഹം ദൈവ നാമമാണ്, പരമമായ സത്യമാണ്.

സത്യാന്വേഷിയുടെ ഓരോ നിശ്വാസവും സത്യത്തില്‍ സമര്‍പ്പിതമാണ്. ഒടുവില്‍ അത് സമ്പൂര്‍ണ സമര്‍പ്പണത്തില്‍ എത്തിച്ചേരുന്നു. ഏറ്റവും പ്രിയപ്പെട്ടത് ദൈവത്തിനായി സമര്‍പ്പിക്കുമ്പോഴാണ് യഥാര്‍ഥ മുസ്‌ലിം ജനിക്കുന്നത് എന്ന് സുറയ്യ പറയുന്നു. ഒരേസമയം രാഷ്ട്രീയവും പ്രണയവും പ്രകൃതിയും യുദ്ധവും മരണവും അമ്മയും കൃഷ്ണനും ദൈവവും എല്ലാം അവര്‍ക്ക് എഴുത്തിന്റെ വിഷയങ്ങളാകുന്നു. ജീവിതത്തെ പരിപൂര്‍ണമായി വീക്ഷിക്കുന്നവര്‍ക്ക് മാത്രം സാധ്യമാകുന്ന മായാജാലമാണത്. ജീവിതത്തിലും സുറയ്യ അന്വേഷിച്ചത് ഈ പരിപൂര്‍ണതയായിരുന്നു. ഒടുവില്‍ ആയുസ്സിന്റെ പൂര്‍ത്തീകരണവേളയില്‍ ഇസ്‌ലാമില്‍ അതവര്‍ കണ്ടെത്തി. അവര്‍ പറയുന്നു: 'പ്രാര്‍ഥനയിലൂടെ ഞാന്‍ എന്നെ പൂര്‍ണമായും കണ്ടെത്തിക്കഴിഞ്ഞു. കൊയ്യാനുള്ളതെല്ലാം ഞാനെന്റെ വാക്കുകള്‍ കൊണ്ട് കൊയ്‌തെടുത്തു. പ്രണയവും സ്‌നേഹവും കൊയ്‌തെടുത്തു. ഈ ജീവിതം കൊണ്ട് ഇത്രയൊക്കെയേ കഴിയൂ.' 

മരണശേഷവും വിവാദങ്ങള്‍ അവരെ വിട്ടുപോയില്ല. മരണാനന്തര ചടങ്ങുമുതല്‍ പുറത്തിറങ്ങാനിരിക്കുന്ന മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന സിനിമ വരെ അതെത്തി നില്‍ക്കുന്നു. സെക്യുലര്‍ രാജ്യമായ ഇന്ത്യയില്‍ സുറയ്യയുടെ വേഷം അഭിനയിക്കുന്നവര്‍ വരെ സംഘ് പരിവാര്‍ ഭീഷണി നേരിടേിവരുന്നു എന്നത്, സുറയ്യ ജീവിതത്തോട് പുലര്‍ത്തിയ സത്യസന്ധതയും ധീരതയും  മറ്റുള്ളവരെ  എത്രമാത്രം ഭയപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ്.

സൈനബുല്‍ ഗസ്സാലിയെ പോലുള്ളവര്‍ ശാരീരിക പീഡനങ്ങളെ ആത്മീയ വെളിച്ചത്തിലൂടെ നേരിട്ടപ്പോള്‍,  സുറയ്യയെ പോലുള്ളവര്‍ വൈകാരിക പിരിമുറുക്കങ്ങള്‍ക്ക് ആത്മീയ വെളിച്ചത്തിലൂടെ പരിഹാരം കണ്ടെത്തി. അനിയന്ത്രിത സ്വാതന്ത്ര്യത്തില്‍നിന്ന് ദൈവികാടിമത്തത്തിന്റെ സംരക്ഷണത്തിലേക്ക്, വൈധവ്യത്തിന്റെ  ഏകാന്തതയില്‍നിന്ന് ഇസ്‌ലാമിന്റെ കൂട്ടായ്മയിലേക്ക്, ശരീരത്തിന്റെ വേലികളറുത്ത് ആത്മീയതയുടെ അനന്ത വിഹായത്തിലേക്ക്.... മാധവിക്കുട്ടിയില്‍നിന്ന് സുറയ്യയിലേക്കുള്ള യാത്രയുടെ ദൂരം ഒരു  മനുഷ്യായുസ്സിനപ്പുറത്താണ്. ആത്മാവ് ശരീരത്തെ പിരിഞ്ഞ് യുഗങ്ങള്‍ക്കൊടുവില്‍ ശരീരവും ആത്മാവും പുനഃസമാഗമിക്കുന്ന അനന്തമായ സ്വര്‍ഗീയലോകത്തായിരിക്കാം അതിന്റെ പരിസമാപ്തി. 

 

(2017 ഫെബ്രുവരി 25,26 തീയതികളില്‍ കോഴിക്കോട്ട് ജി.ഐ.ഒ സംഘടിപ്പിച്ച മുസ്‌ലിം വിമന്‍സ് കൊളോക്കിയത്തില്‍ അവതരിപ്പിച്ച പ്രബന്ധം)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (10 - 14)
എ.വൈ.ആര്‍

ഹദീസ്‌

അവകാശധ്വംസനവും അവഹേളനവും
സി.എം റഫീഖ് കോക്കൂര്‍