ഹിജാബും തുര്‍ക്കിയുടെ മാതൃകയും
തുര്‍ക്കിയില്‍ 'അക്' പാര്‍ട്ടിയുടെ നോമിനിയായി അബ്ദുല്ല ഗുല്‍ പ്രസിഡന്റ് സ്ഥാനമേറ്റെടുക്കുന്ന സന്ദര്‍ഭം. പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പാശ്ചാത്യ നാടുകളില്‍നിന്നുള്ള സൈനിക ജനറല്‍മാര്‍ പങ്കെടുക്കാറുണ്ട്. തുര്‍ക്കി പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന അബ്ദുല്ല ഗുല്‍ തന്റെ ഭാര്യയെ ഹിജാബ് അണിയിച്ചുകൊണ്ടാണ് ചടങ്ങിലേക്ക് കൊണ്ടുവരുന്നതെങ്കില്‍ തങ്ങള്‍ ആ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ജനറല്‍മാര്‍ ഭീഷണിപ്പെടുത്തി. ചടങ്ങ് മൊത്തം നിയന്ത്രിക്കുന്ന തുര്‍ക്കി സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ ഗുലിനോട് രണ്ടാലൊന്ന് ചെയ്‌തേ തീരൂ എന്ന് ശഠിച്ചു. ഒന്നുകില്‍ ഭാര്യ ഹിജാബ് ഒഴിവാക്കി ചടങ്ങില്‍ പങ്കെടുക്കണം, അല്ലെങ്കില്‍ പങ്കെടുക്കരുത്. തങ്ങളുടെ ഭീഷണിക്ക് വഴങ്ങി ഗുലിന്റെ ഭാര്യ പര്‍ദയില്ലാതെ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ജനറല്‍മാര്‍ കരുതിയത്. പക്ഷേ, ആ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ പ്രഥമ വനിതക്ക് പോലും മതസ്വാതന്ത്ര്യം നിഷേധിച്ച ഈ സംഭവം നടന്നിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. അത്രക്ക് ശക്തമായിരുന്നു തുര്‍ക്കി സൈന്യത്തിന്റെ മതവിരുദ്ധത. കാമ്പസില്‍ ഹിജാബ് ധരിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ ഇപ്പോഴത്തെ പ്രസിഡന്റായ, മൂന്ന് തവണ തുര്‍ക്കി പ്രധാനമന്ത്രിയായിരുന്ന റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തന്റെ മകളെ വിദേശത്തേക്ക് പറഞ്ഞയച്ചാണ് പഠിപ്പിച്ചത്. ആ തുര്‍ക്കി എത്ര മാറി എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതാണ് ഈയിടെ അവിടെനിന്ന് വന്ന ഒരു റിപ്പോര്‍ട്ട്. അള്‍ട്രാ സെക്യുലരിസത്തിന്റെ കോട്ടകൊത്തളമായ തുര്‍ക്കി സൈന്യത്തിലെ വനിതാ ഓഫീസര്‍മാര്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കുമെന്നാണ് രാജ്യരക്ഷാ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. തൊപ്പിക്ക് താഴെ അവര്‍ക്ക് സ്‌കാര്‍ഫ് ധരിക്കാം. പക്ഷേ, മിലിട്ടറി യൂനിഫോമിന്റെ നിറം ഒന്നുതന്നെയായിരിക്കണം. മുഖം മറക്കാനും പാടില്ല.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തുര്‍ക്കി സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ അട്ടിമറിശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ജനാധിപത്യ സംവിധാനങ്ങളെ മാനിക്കാത്ത അത്തരം ഉദ്യോഗസ്ഥന്മാരെ ഉര്‍ദുഗാന്‍ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. മിലിട്ടറിയിലൂടെ പതിറ്റാണ്ടുകളായി രാഷ്ട്രശരീരത്തില്‍ പിടിമുറുക്കിയ 'ഡീപ് സ്റ്റേറ്റി'ന്റെ അടിവേരില്‍ കത്തിവെക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതുകൊണ്ടാണ് കമാലിസം മുഖമുദ്രയാക്കിയിരുന്ന സൈന്യത്തിന് ഒന്നു പ്രതികരിക്കാന്‍ പോലും കഴിയാതിരുന്നത്. നേരത്തേതന്നെ, ഓരോ മേഖലയിലും തുടരുന്ന ഹിജാബ് നിരോധം 'അക്' പാര്‍ട്ടി എടുത്തുകളഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. 2010-ല്‍ കാമ്പസിലെ ഹിജാബ് നിരോധം ഒഴിവാക്കി. 2013-ല്‍ പൊതുസ്ഥാപനങ്ങളില്‍നിന്നും 2014-ല്‍ ഹൈസ്‌കൂളില്‍നിന്നും ഹിജാബ് വിലക്ക് നീക്കി. 2013-ല്‍ നാല് അക് പാര്‍ട്ടി വനിതാ എം.പിമാര്‍ ഹിജാബ് ധരിച്ചുകൊണ്ടാണ് പാര്‍ലമെന്റിലെത്തിയത്. 1999-ല്‍ നജ്മുദ്ദീന്‍ അര്‍ബകാന്റെ ഫദീല പാര്‍ട്ടിയിലെ ഒരു വനിതാ എം.പിയെ ഹിജാബ് ധരിച്ചെത്തിയതിന് പാര്‍ലമെന്റില്‍നിന്ന് തള്ളിപ്പുറത്താക്കിയിട്ടുണ്ട് എന്നോര്‍ക്കണം.
ഹിജാബ് ധരിച്ചേ തീരൂ എന്ന ശാസനയല്ല, അതിനുള്ള അനുവാദമാണ് അക് പാര്‍ട്ടി നല്‍കുന്നത്. സ്വന്തം അണികളില്‍ പോലും പാര്‍ട്ടി അങ്ങനെയൊരു നിബന്ധന അടിച്ചേല്‍പിക്കുന്നില്ല. അക് പാര്‍ട്ടി വനിതാ എം.പിമാരില്‍ വരെ ഇപ്പോഴും ഹിജാബ് ധരിക്കാത്തവരുണ്ട്. ഇതല്ലേ യഥാര്‍ഥ സ്വാതന്ത്ര്യവും ജനാധിപത്യ മര്യാദയും? ഇനി സത്യസമത്വ സാഹോദര്യങ്ങളുടെ സ്വന്തം നാട് എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഫ്രാന്‍സിലും മറ്റു യൂറോപ്യന്‍ നാടുകളിലും എന്താണ് നടക്കുന്നത് എന്ന് നോക്കൂ. ഹിജാബിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തുകയാണ്. ഹിജാബിന്റെ കാര്യം വരുമ്പോള്‍ മാത്രം വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യ മര്യാദയുമൊക്കെ എവിടെപ്പോയി ഒളിക്കുന്നു? ഏറ്റവുമൊടുവിലിതാ വൈറ്റ് ഹൗസില്‍ ഹിജാബ് ധരിക്കുന്ന ഏക മുസ്‌ലിം ജീവനക്കാരി റുമാന അഹ്മദിന് തന്റെ ജോലി ഉപേക്ഷിക്കേണ്ടിവന്നിരിക്കുന്നു. മുസ്‌ലിമായതിന്റെ പേരില്‍ എന്നതിനേക്കാളുപരി, ഹിജാബ് ധരിച്ചതിന്റെ പേരില്‍. അവരെഴുതിയ ലേഖനത്തിന്റെ പൂര്‍ണ പരിഭാഷ പ്രബോധനം ഈ ലക്കത്തില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.
ഹിജാബിന്റെ വിഷയത്തില്‍ പാശ്ചാത്യ നാടുകള്‍ അനുവര്‍ത്തിക്കുന്ന ഇരട്ടത്താപ്പ് അതേപടി പകര്‍ത്തിവെക്കുകയാണ് നമ്മുടെ നാട്ടിലും. പൊതു സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലുമൊക്കെ ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ പലതരം വിവേചനങ്ങള്‍ക്ക് ഇരകളാവുന്നു. ഹിജാബ് അഴിച്ച് പരിശോധന നടത്തിയ ശേഷമേ പരീക്ഷാ ഹാളില്‍ പോലും കയറാന്‍ പറ്റൂ എന്ന നില വന്നിരിക്കുന്നു. ഇതൊന്നും മതസ്വാതന്ത്ര്യത്തിന്റെയോ മൗലികാവകാശങ്ങളുടെയോ ലംഘനമായി മാധ്യമങ്ങളോ മുഖ്യധാരാ മനുഷ്യാവകാശ കൂട്ടായ്മകളോ കാണുന്നില്ല. തുര്‍ക്കി ഭരണകൂടം സ്വീകരിച്ച നിലപാട് മാതൃകാപരവും തിളക്കമാര്‍ന്നതുമാകുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്.
Comments