ശോ... കാദറിന്റെ ഒരു ഗതി ...!
എന്റെ ഓലപ്പുരയും പൊളിച്ചുമാറ്റി
ഉള്ള കിണറും തൂര്‍ത്ത്
പാടം നികത്തി പുര പണിതു
കോണ്‍ക്രീറ്റ് സൗധം തലയുയര്‍ത്തി
അപ്പെക്‌സ് പെയിന്റിനാല്‍ ചായം പൂശി
ഓരോ മുറിയിലും എ.സി വെച്ചു
മതിലില്‍ വലിയൊരു ടി.വി വെച്ചു
ചിമ്മിനി ഇല്ലാത്ത കിച്ചണ്‍ ആണേ
അതില്‍ പുകവലി യന്ത്രമോ പുതിയതാണേ
ഷെല്‍ഫിന്റെ വിലയാണേല്‍ ലക്ഷമാണേ
മുറി ചൂല്‍ മാറ്റി അടിയന്ത്രമാക്കി
അരകല്ല് മാറ്റി അരയന്ത്രമാക്കി
അലകല്ല് മാറ്റി അലക്കയന്ത്രമാക്കി
ശൗച്യാലയമിപ്പോള്‍ അകത്തേക്ക് മാറ്റി
അതില്‍ മുഴവന്‍ തിളങ്ങുന്ന ടൈലും പതിച്ചു.
പുരചുറ്റും വലിയൊരു മതില്‍ മറ തീര്‍ത്തു
അയല്‍പക്ക ബന്ധങ്ങള്‍ മതിലില്‍ ഒടുങ്ങി
ഒരു തരി മണല്‍ കാണാ മുറ്റത്തു പാകി
വിലയുള്ള മുന്തിയ ടൈല്‍ തന്നെ പാകി
ലോണിനാല്‍ കൂടിയ കാറൊന്ന് വാങ്ങി
ആ കോണ്ടസാ കാറും മുന്നിലായിട്ടു
അടുപ്പില്‍ പുകയില്ല ഭക്ഷണം വെപ്പില്ല
പുകവന്ന് പുരയാകെ കരിയാകും നേരല്ലേ
ഭക്ഷണം പുറമേന്ന് ചൂടോടെ വാങ്ങിക്കും
മക്കള്‍ക്ക് കെന്റക്കി, ഞങ്ങള്‍ക്ക് ചിക്കൂസ്
ഓള്‍ക്ക് പണിയില്ലാ തടിയായി ഫാറ്റ് ആണ്
ഞമ്മക്ക് ആധിയും പ്രഷറിന് മരുന്നുണ്ട്
ഇന്നലെ കാല്‍ തെന്നി കക്കൂസില്‍ വീണൊന്ന്
ഊരക്ക് വേദന കാലൊന്നൊടിഞ്ഞിക്ക്
ഇപ്പൊഴീ വീലിന്റെ ചെയറിമ്മേലിരിപ്പാണ്
പരിഷ്‌കാരം വന്നപ്പോ ഉയിരെല്ലാം പോയല്ലോ
ഇനിയെന്ത് ഗതിയാ ഈ പണമെല്ലാം അടക്കാനായി
ഗള്‍ഫീക്ക് പോക്കാണേല്‍ ഇനിയൊട്ട് നടക്കീല്ല
കറണ്ടാപ്പീസ്, ജലമാപ്പീസ്, ഗ്യസാപ്പീസ്, സിനിമാപ്പീസ്
പലിശക്കാ കോണ്ടസാ കാറിന്റെ ജപ്തിക്കായി
വീടിന്റെ ആധാരം ബാങ്കിന്റെ കൈയിലാ
കണ്ടില്ലേ... കൂട്ടരേ ഈ കാദറിന്‍ ഗതി കണ്ടോ..?
പച്ച പരിഷ്‌കാരം പടികടന്നെത്തുമ്പോള്‍
മതില്‍ ചാടി ഓടുന്നു നമ്മുടെ സമാധാനം.
Comments