Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 10

2992

1438 ജമാദുല്‍ ആഖിര്‍ 11

ട്രംപിന്റെ വൈറ്റ് ഹൗസില്‍ ഞാനൊരു മുസ്‌ലിമായിരുന്നു

റുമാന അഹ്മദ്

വൈറ്റ് ഹൗസില്‍ ജോലി ചെയ്തിരുന്ന റുമാന അഹ്മദ് ജോലി രാജിവെക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യം വിവരിക്കുന്നു. The Atlantic  എന്ന  അമേരിക്കന്‍  പത്രം (23/2/2017) പ്രസിദ്ധീകരിച്ച ലേഖനം. I was a Muslim in Trump's White House എന്ന തലക്കെട്ടില്‍ ഓണ്‍ലൈനില്‍ വായിക്കാം.


2011-ല്‍  അമേരിക്കന്‍  വൈറ്റ്  ഹൗസില്‍  ഞാന്‍  നിയമിതയായി. ദേശീയ  സുരക്ഷാ  സമിതിയിലും  പ്രവര്‍ത്തിക്കാന്‍  എനിക്ക്  അവസരം കിട്ടി. എനിക്ക്  അവിടെയുണ്ടായിരുന്ന  ദൗത്യം, എന്റെ രാജ്യമായ അമേരിക്ക എന്തിനു വേണ്ടി നിലകൊള്ളുന്നുവോ അത് തനിമയോടെ അവതരിപ്പിക്കലും സംരക്ഷിക്കലുമായിരുന്നു. ഞാന്‍ ഹിജാബ്  ധരിക്കുന്ന  മുസ്‌ലിം  സ്ത്രീയാണ്. വെസ്റ്റ്  വിംഗിലെ (വൈറ്റ്  ഹൗസിന്റെ ഭാഗമായ  ഒരു  ഓഫീസ്) ഹിജാബ്  ധരിക്കുന്ന ഏക  സ്ത്രീ  ഞാനായിരുന്നു. ഒബാമ ഭരണകാലത്ത് എനിക്ക് ലഭിച്ചത് സ്വീകാര്യതയും  സ്വാഗതവുമായിരുന്നു.

ഏതൊരു അമേരിക്കന്‍ മുസ്‌ലിമിനെയും പോലെ, 2016-നെ ഉത്കണ്ഠയോടെയാണ് ഞാന്‍ നിരീക്ഷിച്ചുകൊിരുന്നത്. കാരണം ഡൊണാള്‍ഡ് ട്രംപ് ഞങ്ങളുടെ സമുദായത്തെ ഭര്‍ത്സിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അതിനാല്‍ ദേശീയ സുരക്ഷാ സമിതിയില്‍ (എന്‍.എസ്.സി) തുടരണം എന്നു തന്നെയായിരുന്നു എന്റെ ചിന്ത. കാരണം  ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പറ്റി ട്രംപിനും കൂട്ടര്‍ക്കും  പുതിയ ഒരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കാം എന്ന് ഞാന്‍ വിചാരിച്ചു. ട്രംപ് വന്ന ശേഷവും ഞാന്‍ എട്ടു ദിവസങ്ങള്‍ അവിടെ ചെലവിട്ടു.

സിറിയന്‍  അഭയാര്‍ഥികളടക്കം ഏഴു  മുസ്‌ലിം  രാഷ്ട്രങ്ങളിലെ  പൗരന്മാര്‍ക്ക്  ട്രംപ്  നിരോധനം  ഏര്‍പ്പെടുത്തി. എന്നെയും എന്റെ  സമുദായത്തെയും സഹ പൗരന്മാര്‍  എന്നതിനു പകരം ഭീഷണിയായി കാണുന്ന ഒരു ഭരണകൂടത്തിനു കീഴില്‍ കൂടുതല്‍ കാലം ജോലി  ചെയ്യാന്‍  ആവില്ല എന്നു ഞാന്‍ മനസ്സിലാക്കി.

ഞാന്‍ ജോലി ഉപേക്ഷിച്ച വൈകുന്നേരം, സഹ ജോലിക്കാരോട് യാത്ര പറഞ്ഞു. ചിലര്‍ ഓഫീസില്‍നിന്ന്  പുറത്തുപോയിരുന്നു. ട്രംപിന്റെ മുതിര്‍ന്ന എന്‍.എസ്.സി കമ്യൂണിക്കേഷന്‍ ഉപദേഷ്ടാവ്  മിഖായേല്‍ ആന്റണിനോട്  ഞാന്‍ എന്റെ രാജി അറിയിച്ചു. എന്റെ ഓഫീസില്‍ തന്നെയായിരുന്നു അദ്ദേഹവും. സര്‍ക്കാര്‍ ജോലി ശാശ്വതമായി ഉപേക്ഷിക്കുകയാണോ എന്ന അതിശയം അദ്ദേഹം മൗനത്തിലൂടെ പ്രകടിപ്പിച്ചു. എന്തിന്  എന്ന്  അദ്ദേഹം ചോദിച്ചില്ലെങ്കിലും ഞാന്‍ പറഞ്ഞു: ''ഒരു  അമേരിക്കക്കാരിയായും  മുസ്‌ലിമായും ഞാന്‍ എന്തിനു വേണ്ടി നിലകൊണ്ടുവോ അതിനെ ഭര്‍ത്സിക്കുന്ന ഒരു ഭരണകൂടത്തിനു കീഴില്‍, ഈ രാജ്യത്തെ  ഏറ്റവും ചരിത്രപ്രാധാന്യമുള്ള കെട്ടിടത്തിലേക്ക്  എന്നും നടന്നുവരുന്നത് അപമാനമായി തോന്നുന്നതിനാല്‍  ഞാന്‍ ഈ ജോലി വിടുകയാണ്.'' ജനാധിപത്യത്തിന്റെ  അടിത്തറക്ക് തുരങ്കം വെക്കുകയാണ് ട്രംപിന്റെ  ഭരണകൂടം  എന്ന് അദ്ദേഹത്തോട് തുറന്നു പറഞ്ഞു. ഈ സര്‍ക്കാറെടുക്കുന്ന തീരുമാനങ്ങളുടെ അനന്തരഫലങ്ങള്‍ക്കുള്ള ഉത്തരവാദിത്തം  താങ്കളും കോണ്‍ഗ്രസ്സും ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു  എന്നും ഞാന്‍ ആന്റണിനോട് പറഞ്ഞു.

അദ്ദേഹം ഒന്നും  പറഞ്ഞില്ല. പിന്നീടാണ് അറിഞ്ഞത്, അദ്ദേഹം (മിഖായേല്‍  ആന്റണ്‍) മറ്റൊരു പേരില്‍ ഒരു  ലേഖനമെഴുതി എന്ന്. അതില്‍  അമേരിക്കയുടെ  സ്വേഛാ ഭരണത്തെ  പുകഴ്ത്തുകയും  ആധുനിക പടിഞ്ഞാറിന് പൊരുത്തപ്പെടാനാവാത്ത ഒന്നാണ്  ഇസ്ലാമെന്ന് എഴുതുകയും  ചെയ്തിട്ടുണ്ടന്നെ്. ഞാന്‍ ജീവിച്ച ജീവിതം അദ്ദേഹം എഴുതിയത് തെറ്റാണെന്നു സാക്ഷ്യപ്പെടുത്തുന്നു.

എന്റെ  മാതാപിതാക്കള്‍  1978-ല്‍ ബംഗ്ലാദേശില്‍നിന്ന് യു.എസ്.എയിലേക്ക് കുടിയേറിയവരാണ്. അവര്‍ യു.എസ്.എയില്‍ പിറന്ന തങ്ങളുടെ മക്കള്‍ക്ക് അവസരങ്ങള്‍ ലഭിക്കാനായി യത്‌നിച്ചു. എന്റെ ഉമ്മ ഒരു ക്യാഷറായി ജോലി ചെയ്തു. പിന്നീട് രോഗപരിചരണ രംഗത്തേക്കു മാറി. എന്റെ പിതാവ് ബാങ്ക് ഓഫ് അമേരിക്കയില്‍ രാത്രി വൈകും വരെ ജോലി  ചെയ്തു. അസിസ്റ്റന്റ് വൈസ് പ്രസിഡന്റായി പ്രൊമോഷന്‍  നേടുകയും ചെയ്തു. പി.എച്ച്.ഡിക്കായി ശ്രമിക്കവെ 1995-ല്‍  കാറപകടത്തില്‍ മരണപ്പെട്ടു.

ഞാന്‍  ഹിജാബ്  ധരിക്കാന്‍  തുടങ്ങുന്നത്  പന്ത്രണ്ടാം  വയസ്സിലാണ്. കുടുംബത്തില്‍നിന്ന് ലഭിച്ച പ്രോത്സാഹനം എന്നതിനേക്കാളപ്പുറം ഹിജാബ് എന്റെ സ്വയം തെരഞ്ഞെടുപ്പായിരുന്നു. അത്  വിശ്വാസത്തിന്റെ ഭാഗമായും തിരിച്ചറിയല്‍ അടയാളമായും വീണ്ടെടുപ്പിന്റെ ഉപകരണമായും  ഞാന്‍ കണ്ടു. 9/11-നു ശേഷം കാര്യങ്ങള്‍ മാറിത്തുടങ്ങി. വികൃതിക്കുട്ടികള്‍ എനിക്കെതിരെ തിരിഞ്ഞു. കണ്ണുകള്‍  എന്നെ  തുറിച്ചുനോക്കി. ശാപവാക്കുകള്‍ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങി. തുപ്പല്‍ ഏറ്റു. ഇതെല്ലം എന്നില്‍ നടുക്കവും ഭീതിയും ദുഃഖവുമുാക്കി. തീവ്രവാദി എന്ന് എന്നെ ആളുകള്‍  വിളിച്ചു. 'നിന്റെ സ്വന്തം  രാജ്യത്തേക്ക് പൊയ്‌ക്കോ' എന്ന് എന്നോട് പറഞ്ഞു.

എന്റെ പിതാവ് എന്നെ ഒരു ബംഗാളി ആപ്തവാക്യം  പഠിപ്പിച്ചിരുന്നു: 'ഒരാള്‍ നിങ്ങളെ ചവിട്ടിത്തള്ളിയിട്ടാല്‍ എണീറ്റ് കൈനീട്ടി നിങ്ങളവനെ സഹോദരാ എന്നു വിളിക്കുക.' സമാധാനം, ക്ഷമ, സ്ഥിരോത്സാഹം, ബഹുമാനം, വിട്ടുവീഴ്ച, അന്തസ്സ് ഇവയായിരുന്നു ജീവിതത്തില്‍ ഞാന്‍ സൂക്ഷിച്ച  മൂല്യങ്ങള്‍.

സര്‍ക്കാരില്‍ ജോലി ചെയ്യണമെന്നു ഞാന്‍  വിചാരിച്ചിരുന്നില്ല. എന്നാലും, ജോര്‍ജ്  വാഷിംഗ്ടണ്‍  യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദമെടുത്ത ശേഷം ഞാന്‍ പ്രസിഡന്റ്  ഒബാമയുടെ  പ്രേരണയാല്‍  2011-ല്‍  വൈറ്റ് ഹൗസില്‍ ചേര്‍ന്നു. മുമ്പ് എന്റെ ഇന്റേണ്‍ഷിപ്പിനായി വൈറ്റ്  ഹൗസില്‍ ജോലി ചെയ്തിരുന്നു. പ്രസിഡന്റിന്റെ കറസ്‌പോണ്ടന്റ്‌സ്  ഓഫീസിലിരുന്ന് കത്തുകള്‍ വായിക്കുകയും ഫോണ്‍ കോളുകള്‍  എടുക്കുകയും ചെയ്തിരുന്നു. അതെനിക്ക് വിചിത്രമായി  അനുഭവപ്പെട്ടു. തല മറച്ചതിന് പരിഹസിക്കപ്പെട്ട അമേരിക്കന്‍  മുസ്‌ലിമായ  ഞാന്‍  അമേരിക്കന്‍  പ്രസിഡന്റിനായി ജോലി ചെയ്യുന്നു!

2012-ല്‍ വെസ്റ്റ് വിംഗിലെ പൊതുകാര്യ ഓഫീസില്‍  ചേര്‍ന്നു. ദേശീയ  സുരക്ഷാ സഹ ഉപദേഷ്ടാവ്  ബെന്‍ റോഡ്സ്, 2014-ല്‍  എനിക്ക്  ദേശീയ  സുരക്ഷാ സമിതിയില്‍  ഒരു തസ്തിക നല്‍കി. രണ്ടര വര്‍ഷത്തോളം ഞാനവിടെ  ജോലി  ചെയ്തു. ഉദ്യോഗമുറിയിലിരുന്ന്  അമേരിക്കന്‍  മുസ്‌ലിംകളുടെ  കാര്യത്തില്‍  പ്രസിഡന്റ്  ഒബാമക്ക് ഉപദേശങ്ങള്‍ നല്‍കി. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമിടയില്‍  സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ക്യൂബയോടും  ലാവോസിനോടും  ബന്ധങ്ങള്‍  മെച്ചപ്പെടുത്താനും ശ്രമിച്ചു.

2015-ല്‍  ലോകം കൂടുതല്‍ കര്‍ക്കശമാവാന്‍ തുടങ്ങി.  ഫെബ്രുവരിയില്‍, ഒരു  ഇസ്‌ലാമോഫോബ്   ചാപ്പല്‍  ഹില്‍ഹോമില്‍  മൂന്നു  അമേരിക്കന്‍  മുസ്‌ലിംകളെ  വധിച്ചു. സര്‍ക്കാരും  മാധ്യമങ്ങളും  ഈ  ആക്രമണത്തെ  നേരിട്ടത് ഉദാസീനതയോടെയാണ്. കൊല്ലപ്പെട്ടവരുടെ  പൂര്‍വ ചരിത്രം  അറിഞ്ഞിട്ട്  അനുശോചിച്ചാല്‍  മതി  എന്ന  നിലപാട്. അത്  വളരെ  വൈകാരികമായിപ്പോയി. എന്നാല്‍  ഈ  കൊലയെ  അപലപിച്ച് വൈകിയെങ്കിലും  പ്രസ്താവന വന്നു. അപ്പോള്‍ റോഡ്‌സ്  എന്നെ സമാധാനിപ്പിച്ചു. എന്നെപ്പോലെ ഒരാളെ  വൈറ്റ്  ഹൗസിനു ലഭിച്ചത് അനുഗ്രഹമാണെന്ന് റോഡ്സ് പറഞ്ഞു. നിരവധി  മുസ്‌ലിംകള്‍  അമേരിക്കന്‍ ഭരണരംഗത്ത്  ജോലിചെയ്തുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആ  മാസം  അവസാനം  സുവിശേഷകനായ  ഫ്രാന്‍ക്ലിന്‍ ഗ്രഹാം  പ്രഖ്യാപിച്ചത്  ഗവണ്‍മെന്റില്‍  മുസ്‌ലിംകള്‍  നുഴഞ്ഞുകയറിയിരിക്കുന്നു  എന്നായിരുന്നു. ഇതേപറ്റി ഒരു  സഹപ്രവര്‍ത്തകന്‍  എന്നോട് പുഞ്ചിരിയോടെ പറഞ്ഞു: 'വെസ്റ്റ് വിംഗിന്റെ ഇടനാഴികളില്‍ അവര്‍ (മുസ്‌ലിംകള്‍)  ഇരിപ്പുറപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റിന് നിരന്തരം ഉപദേശങ്ങള്‍ കൈമാറുന്നത്  അയാള്‍ (ഫ്രാങ്ക്ളിന്‍ ഗ്രഹാം)അറിഞ്ഞിരുന്നെങ്കില്‍ ...'

ഗ്രഹാമിന്റെ  വിദ്വേഷ  പ്രകോപനങ്ങള്‍  പുതിയതായിരുന്നില്ല. ഒബാമ  ഭരണത്തില്‍  വലതുപക്ഷ  വെബ്‌സൈറ്റുകള്‍  കള്ളങ്ങള്‍ പടച്ചുവിട്ട് സര്‍ക്കാര്‍ ജോലിക്കാരായ മുസ്‌ലിംകളെ  ഭര്‍ത്സിച്ചിരുന്നു. 'തീവ്രവാദികള്‍, ശരീഅത്ത്  കുശുകുശുക്കുന്നവര്‍, മുസ്‌ലിം ബ്രദര്‍ഹുഡിന്റെ  ആളുകള്‍' - അവര്‍ ഞങ്ങളെ വിളിച്ചു. ഈ ഗൂഢാലോചകരില്‍  ചിലര്‍  പിന്നീട്  വൈറ്റ്  ഹൗസില്‍ എത്തിപ്പെട്ടു.

 

തെരെഞ്ഞെടുപ്പു പ്രചാരണം

ട്രംപിന്റെ  വാചകക്കസര്‍ത്തുകള്‍  അമേരിക്കന്‍  സമൂഹത്തിന്മേല്‍  ദുഃസ്വാധീനം ചെലുത്തുമെന്ന് ഞാന്‍ മുന്‍കൂട്ടി കണ്ടു. മുസ്ലിംകള്‍ക്ക് നിരോധമേര്‍പ്പെടുത്തിയപ്പോള്‍ മുസ്‌ലിം  വിരുദ്ധ കുറ്റങ്ങള്‍ വര്‍ധിക്കാന്‍  തുടങ്ങി. അത്  ഇന്നും  തുടരുന്നു. പള്ളികള്‍ക്ക് തീയിടുന്നു, വ്യക്തികള്‍ മര്‍ദിക്കപ്പെടുന്നു. ഒരു സ്വയം  പ്രഖ്യാപിത ട്രംപ് അനുകൂലി ആറു മുസ്‌ലിംകളെ  പള്ളിയില്‍ വെച്ച് കൊന്നത് കനഡയിലായിരുന്നു. 

2015-ഉം 2016-ഉം ആശങ്കയുടേതായിരുന്നു. ട്രംപിന്റെ  പ്രചാരണങ്ങള്‍  രാജ്യത്ത് ഭയം, ഇസ്‌ലാമോഫോബിയ, സെമിറ്റിക്‌വിരുദ്ധത, അന്യസമൂഹ  വിദ്വേഷം  എന്നിവ  വളര്‍ത്തി. തെരഞ്ഞെടുപ്പിനു മുമ്പ്  ഒബാമയുടെ വാക്കുകള്‍  ഞാന്‍  ഓര്‍ത്തു. അദ്ദേഹം പറഞ്ഞു: 'നാം ഒരൊറ്റ അമേരിക്കന്‍  കുടുംബമാണ്. കുടുംബത്തിലെ ഏെതങ്കിലും ഒരു  വിഭാഗത്തിന്  ഒറ്റപ്പെടല്‍ അനുഭവപ്പെട്ടാല്‍ അത്  അമേരിക്കയുടെ മൂല്യങ്ങളോടുള്ള വെല്ലുവിളിയായിരിക്കും.' അദ്ദേഹം  പറഞ്ഞത്  പിന്‍ഗാമി മറന്നുകളഞ്ഞു.

2016-ലെ അവസ്ഥ 9/11-നോട്  സമാനമായിരുന്നുവെങ്കിലും കൂടുതല്‍  മോശമായിരുന്നു. കാരണം, ഇത്തവണ  അമേരിക്കന്‍  ഭരണത്തലവന്മാര്‍  തന്നെ  വെറുപ്പും വിദ്വേഷവും  പടര്‍ത്താന്‍  മുന്നിട്ടിറങ്ങി. ഞാന്‍ മുമ്പ് സൗജന്യ  സേവനം നടത്തിയ ഒരു സ്‌കൂള്‍ ഉണ്ടായിരുന്നു. അവിടത്തെ  അഞ്ചാം ക്ലാസ്സിലെ  മുസ്‌ലിം  വിദ്യാര്‍ഥികള്‍ പോലും (ട്രംപ് വിജയിക്കുന്ന പക്ഷം) പിടിച്ചിറക്കല്‍ ഭീഷണി  നേരിട്ടു. ഒരു  വെള്ളക്കാരന്‍  ഞാന്‍  നടക്കുമ്പോള്‍  എന്നെ  കാറു കൊിടിച്ചു, മനഃപൂര്‍വം. മറ്റൊരിക്കല്‍ പാര്‍ക്കില്‍ വെച്ച് ഒരാളെന്നെ  നോക്കി  പിരാകി: 'നിനക്ക് നാശം. ഇസ്‌ലാം  നശിക്കട്ടെ. ട്രംപ്  നിങ്ങളെ തിരിച്ചോടിക്കും.'

അങ്ങനെ തെരഞ്ഞെടുപ്പിന്റെ രാത്രിയില്‍  ഞാന്‍  നടുക്കത്തിലായി. തെരഞ്ഞെടുപ്പിന്റെ ശേഷമുള്ള പ്രഭാതം. ഒബാമയുടെ റോസ് ഗാര്‍ഡനില്‍നിന്ന് ദേശീയ ഐക്യത്തിനും സുഗമമായ  ഭരണപരിവര്‍ത്തനത്തിനും ആഹ്വാനം  ചെയ്തു. ഞങ്ങള്‍ എന്തിനു വേണ്ടി നിലകൊണ്ടുവോ അതിനു വിലങ്ങായി ട്രംപ് നിലകൊണ്ടു.

ട്രംപ് പ്രസിഡന്റാവാന്‍ പോകുന്നു. ഇനി എന്റെ ജോലിയില്‍ തുടരണമോ  എന്ന് ഞാന്‍ ആലോചിച്ചു. രാഷ്ട്രീയ തെരഞ്ഞെടുപ്പിലൂടെ അല്ലായിരുന്നു എന്റെ നിയമനം എന്നതിനാല്‍ ദേശീയ  സുരക്ഷാ സേനയില്‍ തുടരാന്‍ എനിക്ക്  അധികാരമുണ്ടായിരുന്നു. ചിലര്‍ക്ക് എന്റെ  സുരക്ഷയില്‍ ആശങ്കയുണ്ടായിരുന്നു. പക്ഷേ, ട്രംപിന്റെ എന്‍.എസ്.സിക്ക്  ഹിജാബ്  ധരിക്കുന്ന ഒരു മുസ്‌ലിം വനിതയുടെ സേവനം  കിട്ടട്ടെ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്.

ജനുവരി 23. ഐസനോവര്‍ എക്‌സിക്യൂട്ടീവ് നിലയത്തിലേക്ക് ഞാന്‍ ചെന്നു. അവിടെ പുതിയ സ്റ്റാഫ് എത്തിയിട്ടുണ്ടായിരുന്നു. നിരുന്മേഷത്തോടെ  അവരെന്നെ  നോക്കി. ഞാന്‍ ജോലിചെയ്ത ആ വൈറ്റ് ഹൗസ്  ഏക വര്‍ണമായതായും പുരുഷകോട്ടയായി ചുരുങ്ങിയതായും എനിക്ക്  അനുഭവപ്പെട്ടു.

ട്രംപിന്റെ വൈറ്റ്  ഹൗസിലെ  എന്റെ  ദിനങ്ങള്‍ പ്രശ്‌നസങ്കീര്‍ണവും നടുക്കുന്നതുമായിരുന്നു.  കാര്യങ്ങള്‍ താറുമാറായി. റൊണാള്‍ഡ്  റീഗന്റെ (മുന്‍ യു.എസ് പ്രസിഡന്റ്) കാലം മുതലേ വൈറ്റ്  ഹൗസില്‍  ജോലി ചെയ്യുന്ന ഒരു സ്റ്റാഫ് പറഞ്ഞു: 'ഈ  സ്ഥലം (വൈറ്റ്  ഹൗസ്) ആകെ  കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. ഇതുപോലെ മുമ്പൊരിക്കലും തകരാറിലായിട്ടില്ല.' ഇതൊരു ലക്ഷണമൊത്ത  റിപ്പബ്ലിക്കന്‍ നേതൃത്വം അല്ല. ആകെ കുഴഞ്ഞുമറിഞ്ഞ  ഒരു ഭരണം. നിയമസാധുതയില്ലാത്ത സര്‍ക്കാര്‍  ഉത്തരവുകള്‍, മാധ്യമങ്ങളെ വ്യാജമെന്ന് മുദ്ര കുത്തല്‍, തട്ടിവിട്ട ഒരുപാടു  നുണകള്‍, എല്ലാറ്റിനും പുറമെ പ്രസിഡന്റിന്റെ ദേശ സുരക്ഷാ  അധികാരത്തെ  ചോദ്യം ചെയ്യാന്‍  പാടില്ലെന്ന ചിലരുടെ പ്രഖ്യാപനവും.

നിഷ്പക്ഷ ദേശസുരക്ഷ, വൈറ്റ്  ഹൗസിലെ നിയമ വിദഗ്ധരുടെ നിഷ്പക്ഷത  എന്നിവ പ്രസിഡന്റ്  ഉറപ്പുവരുത്തേണ്ടതായിരുന്നു. പക്ഷേ, അതുണ്ടായില്ല. തീരുമാനമെടുക്കാനുള്ള അധികാരം  വൈറ്റ് ഹൗസിലെ ഏതാനും  ചിലരില്‍  കേന്ദ്രീകരിക്കപ്പെട്ടു. ഉദ്യോഗസ്ഥന് സ്വന്തം അധികാരങ്ങളില്‍ പോലും അധികാരം  ഇല്ലാത്ത അവസ്ഥ. ഇത്  വൈറ്റ് ഹൗസില്‍  ഇഛാഭംഗവും  വിശ്വാസനഷ്ടവും  സൃഷ്ടിച്ചു. ഭരണപരമായ  മാര്‍ഗനിര്‍ദേശങ്ങള്‍ ഇല്ലാതായി. ദേശീയ  സുരക്ഷാ  പദവികളില്‍  വിള്ളല്‍  വീണു.

ഞാന്‍ കുറച്ചു ദിനങ്ങള്‍ കൂടി  അവിടെ നിന്നു, വിടപറയുന്നതിന്റെ മുമ്പ്. അങ്ങനെ ജനുവരി 30 ആയി. ഏഴു  മുസ്‌ലിം  രാജ്യങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിക്കപ്പെട്ടു. പക്ഷേ, ഇത് അമേരിക്കയുടെ  സുരക്ഷ  ഉറപ്പുവരുത്തുകയല്ല, വഷളാക്കുകയാണ് ചെയ്തത്. എയര്‍പോര്‍ട്ടുകളില്‍  വര്‍ഷങ്ങളായി  നിലനിന്നിരുന്ന വിവേചനത്തിന് ഇപ്പോള്‍  നിയമപ്രാബല്യമായി.

വൈറ്റ് ഹൗസിലെ ചില 'വെളുപ്പന്മാര്‍' വാദിച്ചത് ഇസ്‌ലാമും  പടിഞ്ഞാറും പരസ്പരം ഏറ്റുമുട്ടുന്നു എന്നാണ്. ഐ.എസും  ഇങ്ങനെ വാദിച്ചിരുന്നു. ഐ.എസ് ആവട്ടെ, നശിപ്പിക്കുന്നതില്‍  ഏറിയ  ഇരകളും മുസ്‌ലിംകളാണു താനും. തീവ്ര-ഭീകരവാദത്തെ  ചെറുക്കാന്‍  സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ മുസ്‌ലിംകളെ ഉന്നം വെച്ചുള്ളതായിരുന്നു. 'തീവ്ര  ഇസ്‌ലാമിക ഭീകരത' എന്ന പ്രയോഗം  ഐ.എസിന്റെ വളര്‍ച്ചക്കും വെളുത്ത വര്‍ഗക്കാരുടെ അധീശത്വ  ഭീകരതക്കും  വാതിലുകള്‍  തുറന്നിട്ടു.

അമേരിക്കയുടെ  ബഹുസ്വരത അംഗീകരിക്കാന്‍  മടിക്കുന്നവര്‍ക്ക് എങ്ങനെയാണ് ദേശീയ സുരക്ഷ ഉറപ്പുവരുത്താനാവുക? എല്ലാ  മതത്തിലും വംശത്തിലും വര്‍ഗത്തിലും  ലിംഗത്തിലും പ്രായത്തിലും ഉള്ളവര്‍ തെരുവിലേക്കും എയര്‍പോര്‍ട്ടിലേക്കും ഇറങ്ങിയത്  കഴിഞ്ഞ ആഴ്ചകളിലായിരുന്നു. തങ്ങളുടെ സഹ പൗരന്മാരുടെ അവകാശ സംരക്ഷണത്തിനായിരുന്നു ഇത്. ഈ പ്രതിഷേധങ്ങള്‍  അമേരിക്കന്‍  ജനതക്ക്  ബഹുസ്വരത, സമത്വം, നീതി എന്നിവയോടുള്ള പ്രതിബദ്ധത വിളിച്ചോതുന്നതായി.

അമേരിക്കയുടെ  ചരിത്രം  ഇടര്‍ച്ചകളില്ലാത്ത ഒന്നല്ല. പക്ഷേ ആ ഇടര്‍ച്ചകള്‍ തെളിയിച്ച ഒരു കാര്യമുണ്ട്. രാജ്യം  ക്ഷേമോന്മുഖമായത്  പോരാട്ടം, കാരുണ്യം, എല്ലാം ഉള്‍ക്കൊള്ളാനുള്ള രാജ്യത്തിന്റെ  കഴിവ് എന്നിവയിലൂടെയാണ് എന്നതാണത്. അതുകൊണ്ടാണ്  എന്റെ  മാതാപിതാക്കള്‍  ഈ രാജ്യത്ത് വന്നത്. അതുകൊണ്ടുതന്നെയാണ്, എന്റെ ആ പഴയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ തങ്ങളുടെ ഭാവിയെ പ്രതി വേപഥു പൂണ്ടപ്പോള്‍, നിങ്ങളില്ലെങ്കില്‍  ഈ  രാജ്യം  മഹത്തരമാകില്ലെന്ന് ഞാന്‍ അവരോടു പറഞ്ഞതും. 

വിവ: ജഅ്ഫര്‍ സാദിഖ് മോങ്ങം [email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (10 - 14)
എ.വൈ.ആര്‍

ഹദീസ്‌

അവകാശധ്വംസനവും അവഹേളനവും
സി.എം റഫീഖ് കോക്കൂര്‍