Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 10

2992

1438 ജമാദുല്‍ ആഖിര്‍ 11

ചരിത്ര രചനയുടെ സ്രോതസ്സുകള്‍

ഡോ. മുഹമ്മദ് ഹമീദുല്ല

 മുഹമ്മദുന്‍ റസൂലുല്ലാഹ് -2

 

പല തരം സ്രോതസ്സുകളെ ആശ്രയിച്ചുകൊണ്ടാണ് ഭിന്ന വ്യക്തികളുടെ ജീവചരിത്രങ്ങള്‍ എഴുതപ്പെടാറുള്ളത്. ചില സ്രോതസ്സുകള്‍ ലിഖിതമായിരിക്കും. വ്യക്തിയെക്കുറിച്ച് ധാരാളം അവയില്‍നിന്ന് കിട്ടിയെന്നിരിക്കും, കിട്ടിയില്ലെന്നുമിരിക്കും. മറ്റു ചിലപ്പോള്‍ ജീവചരിത്ര രചനക്ക് ഉപകാരപ്പെടുന്ന വിവരങ്ങള്‍ അവയില്‍ കുറവായിരിക്കും. രണ്ടുതരം ജീവചരിത്രങ്ങളുണ്ട് എന്നതാണ് മനസ്സിലാക്കേണ്ട മറ്റൊരു സംഗതി. സാധാരണ മനുഷ്യരുടെ, അത് രാജാവോ കവിയോ തത്ത്വചിന്തകനോ എഞ്ചിനീയറോ ന്യായാധിപനോ ഋഷിയോ ഒക്കെ ആവാം, ജീവചരിത്രമാണ് ആദ്യത്തേത്. ദൈവപ്രവാചകന്റെ ജീവചരിത്രമാണ് രണ്ടാമത്തേത്. ഇവ രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സാധാരണ മനുഷ്യരുടെ ജീവിതത്തിലുണ്ടാകുന്ന ഭൗതിക കാര്യങ്ങളൊക്കെ പ്രവാചകന്റെ ജീവിതത്തിലും ഉണ്ടാകുമെങ്കിലും ദിവ്യവെളിപാടുകള്‍, അത്ഭുതപ്രവൃത്തികള്‍ പോലെ തീര്‍ത്തും അസാധാരണമായ, സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളും പ്രവാചക ജീവിതത്തില്‍ ഉണ്ടാകും. അതോടൊപ്പം ഓരോ ദൈവപ്രവാചകനും പലതരം ഗുണവിശേഷങ്ങള്‍ക്ക് ഉടമയായിരിക്കുമെന്നതിനാല്‍, അസാധാരണ സിദ്ധിവിശേഷമുള്ള ഒരു ജീവചരിത്രകാരനു മാത്രമേ ആ ജീവിതം ശരിയായ രീതിയില്‍ രേഖപ്പെടുത്തിവെക്കാനാവൂ. ആദ്യമായി ആ ജീവചരിത്രകാരന് വേണ്ടത് ആത്മാര്‍ഥമായ സഹാനുഭൂതിയാണ്; പിന്നെ വിഷയം ആഴത്തിലും നിഷ്പക്ഷമായും പഠിക്കാനുള്ള താല്‍പര്യവും. നമ്മുടെ ചരിത്രപുരുഷന്റെ സംഭാവനകളെ യഥാവിധി വിലയിരുത്താന്‍ അന്നാട്ടിന്റെ പൗരാണിക ചരിത്രത്തെക്കുറിച്ച് ജീവചരിത്രകാരന് നല്ല ധാരണ വേണം. പ്രവാചകന്‍ ആഗതനായ കാലത്തെ ലോകത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സന്ദേശം ലോകഘടനയില്‍ ഉണ്ടാക്കിയ ചലനങ്ങളെക്കുറിച്ചും നല്ല ധാരണ ഉണ്ടാവണം. സാമൂഹിക ശാസ്ത്രം അയാള്‍ക്ക് നന്നായി അറിഞ്ഞിരിക്കണം. എങ്കിലേ മുഹമ്മദ് നബി തന്റെ അനുയായികളുടെ സംസ്‌കാരവും നാഗരികതയും ഏതറ്റം വരെ ഉയര്‍ത്തി എന്ന് കൃത്യമായി തിട്ടപ്പെടുത്താനാവൂ. സാഹിത്യത്തെക്കുറിച്ചും നല്ല അറിവ് വേണം. എങ്കിലേ ഖുര്‍ആന്റെ അസാധാരണമായ സാഹിത്യമൂല്യം അയാള്‍ക്ക് കണ്ടെത്താനാവൂ. ജീവചരിത്രകാരന്‍ ആഴത്തില്‍ അറിവ് നേടേണ്ട മറ്റൊരു മേഖല സൈനിക ശാസ്ത്രമാണ്. മുഹമ്മദ് നബിയുടെ യുദ്ധ വിജയങ്ങളെ കൃത്യമായി വിലയിരുത്താന്‍ എന്നാലേ കഴിയൂ. മനശ്ശാസ്ത്രത്തിലും വ്യുല്‍പത്തി വേണം. ഇസ്‌ലാം ആശ്ലേഷിച്ച ശേഷം പ്രവാചകാനുയായികളിലുണ്ടായ മാനസിക പരിവര്‍ത്തനത്തിന്റെ ആഴമളക്കാന്‍ എങ്കിലേ കഴിയൂ. ഇങ്ങനെ പ്രവാചകന്‍ വിജയക്കൊടി പാറിച്ച എല്ലാ മേഖലകളെക്കുറിച്ചും ആഴത്തിലും ആധികാരികവുമായ അറിവു വേണം. പ്രവാചക ചരിത്രമെഴുതാന്‍ അത്തരം ഗുണവിശേഷങ്ങളൊക്കെയുള്ള ഒരു ജീവചരിത്രകാരന്‍ ഉണ്ടായിവരട്ടെ എന്ന് കാത്തിരുന്നാല്‍ പ്രവാചകന്റെ ജീവചരിത്രം തന്നെ എഴുതപ്പെടാതെ പോയേക്കും. അത് വൈജ്ഞാനിക ലോകത്തിന് കനത്ത നഷ്ടമായി ഭവിക്കുകയും ചെയ്യും. അതുകൊണ്ടാണ് മേല്‍പ്പറഞ്ഞ ഗുണവിശേഷങ്ങള്‍ സ്വായത്തമാക്കിയിട്ടില്ലാത്ത ഈയുള്ളവന്‍ പ്രവാചകന്റെ ജീവചരിത്രമെഴുതാന്‍ തുനിയുന്നത്.

ജീവചരിത്ര രചനക്ക് പ്രവാചകന്റെ കാലത്തു തന്നെയുള്ള സ്രോതസ്സുകളും ഉപാദാനങ്ങളും ധാരാളമാണ്. ആദ്യത്തെ സ്രോതസ്സ് ഖുര്‍ആന്‍ തന്നെ. ദിവ്യവെളിപാടുകളുടെ സമാഹാരമാണത്. അവ പറഞ്ഞുകൊടുത്തതും അവയുടെ ക്രമീകരണ സ്ഥാനം നിര്‍ണയിച്ചതുമൊക്കെ പ്രവാചകന്‍ തന്നെയാണ്. രണ്ടാമത്തേത്, ഹദീസ് എന്നോ സുന്നത്ത് എന്നോ പേരുള്ള പ്രവാചകചര്യയാണ്. പ്രവാചകന്‍ പറഞ്ഞതും ചെയ്തതുമൊക്കെ അനുയായികള്‍ രേഖപ്പെടുത്തിവെച്ച സമാഹാരമാണത്. പ്രവാചകന്റെ അനുയായികളില്‍ ഒരു ലക്ഷത്തിലധികം പേര്‍ ആ ജീവിതത്തെക്കുറിച്ച് എന്തെങ്കിലുമൊരു കാര്യമെങ്കിലും വരും തലമുറകള്‍ക്കായി പറഞ്ഞുകൊടുത്തിട്ടുണ്ട്. പ്രവാചകനില്‍നിന്ന് നേരിട്ട് കണ്ടതോ കേട്ടതോ ആയ കാര്യങ്ങളാണ് പറഞ്ഞുകൊടുക്കുന്നത്. ഒരൊറ്റ വ്യക്തിയെക്കുറിച്ച് ഇത്രയധികം ദൃക്‌സാക്ഷിമൊഴികള്‍ ഇതിനുമുമ്പ് ലോകചരിത്രം പരിചയിച്ചിട്ടില്ല; പ്രവാചകന്റെ കാലശേഷവും അങ്ങനെയൊരു സംഭവമില്ല.

ഖുര്‍ആനും ഹദീസും കഴിഞ്ഞാല്‍ പിന്നെയുള്ള ഒരു സ്രോതസ്സ് അക്കാലത്തെ അറബി കവിതയാണ്. പ്രവാചക ജീവിതത്തെക്കുറിച്ച പല വിലപ്പെട്ട വിവരങ്ങളും സൂചനകളും പ്രവാചകന്റെ സമകാലികരായ കവികളുടെ രചനകളിലുണ്ട്. അറബിയില്‍ ഒരു ചൊല്ലുണ്ടല്ലോ: ''കവി അറബികളുടെ വിവരസൂക്ഷിപ്പുശേഖരമാണ്'' (അശ്ശാഇറു ദീവാനുല്‍ അറബ്). മക്കയിലും മദീനയിലും (ഒരുപക്ഷേ ത്വാഇഫിലും ഖൈബറിലും വരെ) നൂറുകണക്കിനോ ആയിരക്കണക്കിനോ ശിലാ ലിഖിതങ്ങളും മറ്റു മുദ്രണങ്ങളുമുണ്ട്. പക്ഷേ, അവ സമാഹരിക്കാനുള്ള ശ്രമമൊന്നും കാണുന്നില്ല. മദീനയിലെ ഏതാനും ലിഖിതങ്ങളെക്കുറിച്ച് ഞാന്‍ എഴുതിയിരുന്നു; മറ്റൊരു പഠനവും ആ മേഖലയില്‍ ഉണ്ടായതായി അറിയില്ല.

അയല്‍പക്ക നാടുകളില്‍ അക്കാലത്ത് രചിക്കപ്പെട്ട കൃതികളാണ് മറ്റൊരു സ്രോതസ്സ്. നിര്‍ഭാഗ്യവശാല്‍, അത്തരം കൃതികള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. മുസ്‌ലിം രാഷ്ട്രത്തിന് പ്രവാചകന്റെ കാലത്തു തന്നെ അബ്‌സീനിയ, ഈജിപ്ത്, ബൈസാന്റിയന്‍ സാമ്രാജ്യം, ഇറാനിലെ സാസാനി സാമ്രാജ്യം എന്നിവയുമായി ബന്ധമുണ്ടായിരുന്നല്ലോ. ഇങ്ങ് ഇന്ത്യയുടെ തെക്കു പടിഞ്ഞാറുള്ള മലബാറുമായും ചൈനയുമായിപ്പോലും ബന്ധങ്ങളുണ്ടായിരുന്നു. ഓറിയന്റലിസ്റ്റായ ഡേവിഡ് സാമുവല്‍ മര്‍ഗോലിയോത്ത് (1858-1940) പറയുന്നത്, ഈജിപ്തിലെ കോപ്റ്റിക് സാഹിത്യത്തിലൊന്നും നമ്മുടെ ഈ വിഷയം കാണാന്‍ കഴിഞ്ഞിട്ടില്ല എന്നാണ്. ബൈസാന്റിയന്‍ ചക്രവര്‍ത്തിമാരുടെ കൊട്ടാരങ്ങളില്‍ ഔദ്യോഗിക ചരിത്ര രേഖകള്‍ സൂക്ഷിക്കാറുണ്ടായിരുന്നു. പക്ഷേ, ഒരു നൂറ്റാണ്ട് കാലത്തെ അത്തരം ചരിത്രരേഖകള്‍ നഷ്ടപ്പെട്ടതായാണ് കാണുന്നത്. പ്രവാചകനെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ ആ രേഖകളിലാണ് വരേണ്ടിയിരുന്നത്. സൊനോറസ് (Zonoras), നൈസ്‌ഫോറസ് (Nicephoras), തിയോഫെയ്ന്‍ (Theophane) പോലുള്ള ബൈസാന്റിയന്‍ ചരിത്രകാരന്മാരൊക്കെ പില്‍ക്കാലത്താണ് വരുന്നത്. ഇറാനിയന്‍-ഇന്ത്യന്‍-ചൈനീസ് സ്രോതസ്സുകളിലും ഇതു സംബന്ധമായി കാര്യമായൊന്നും കാണാന്‍ സാധിക്കുന്നില്ല. തങ്ങളുടെ അയല്‍നാടായ അറേബ്യന്‍ ഉപദ്വീപില്‍ പ്രവാചകന്റെ ജീവിതകാലത്ത് നടക്കുന്ന സംഭവവികാസങ്ങളെ ബൈസാന്റിയക്കാരോ ഇന്ത്യക്കാരോ ഇറാനികളോ അത്ര കാര്യഗൗരവത്തിലെടുത്തിട്ടുണ്ടാവില്ല എന്നതാവാം ഒരുപക്ഷേ അതിനു കാരണം. അവരെ സംബന്ധിച്ചേടത്തോളം അത് നാടോടികളുടെയും പരസ്പരം കടിച്ചുകീറുന്ന ഗോത്രങ്ങളുടെയും നാടായിരുന്നല്ലോ.

വളരെ ആദ്യത്തില്‍ തന്നെ പ്രവാചകന്റെ ജീവചരിത്രമെഴുതി തുടങ്ങിയിരുന്നു മുസ്‌ലിംകള്‍. ചില ജീവചരിത്ര കൃതികള്‍ പ്രവാചകാനുയായികളുടെ ജീവിതകാലത്തുതന്നെ തയാറാക്കപ്പെട്ടു. പ്രവാചകന്‍ നടത്തിയ യുദ്ധങ്ങള്‍, പടനീക്കങ്ങള്‍ തുടങ്ങിയവയെക്കുറിച്ച വിവരങ്ങളാണ് അതില്‍ ഉണ്ടായിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്തുള്ളവ പിന്നീട് സമാഹരിക്കപ്പെട്ടു. ഇതേ കാലത്ത്, അതായത് ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ തയാറാക്കപ്പെട്ട ഹദീസ് സമാഹാരങ്ങള്‍ മുഴുവനായി നഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍ ആ കാലയളവില്‍ ശേഖരിക്കപ്പെട്ടിരുന്ന നബിചരിത്ര കുറിപ്പുകള്‍ ഇനി കണ്ടെടുക്കാന്‍ കഴിയാത്തവിധം നഷ്ടപ്പെട്ടുപോയെന്നാണ് മനസ്സിലാക്കേണ്ടത്. ഇപ്പോഴും നിലനില്‍ക്കുന്ന ഏറ്റവും പഴക്കമുള്ള നബിചരിത്രരചന (അതിന്റെ ചില ഭാഗങ്ങളേ നമുക്ക് ലഭിച്ചിട്ടുള്ളൂ) ഇബ്‌നു ഇസ്ഹാഖിന്റേ(മരണം ഹിജ്‌റ 151)താണ്. ഖറവിയ്യീന്‍(ഫെസ്), ളാഹിരിയ്യ(ദമസ്‌കസ്) ലൈബ്രറികളില്‍ അത് സൂക്ഷിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ സമകാലികനായ മൂസബ്‌നു ഉഖ്ബ എഴുതിയ നബിയുടെ ചില ജീവചരിത്രക്കുറിപ്പുകള്‍ പില്‍ക്കാലക്കാരിലൊരാള്‍ സമാഹരിച്ചത് ബെര്‍ലിനില്‍ വെച്ച് കാണാനിടയായി. ഇവയില്‍ പൂര്‍ണതയോടെ നമുക്ക് ലഭ്യമായിട്ടുള്ള ഏറ്റവും പൗരാണികമായ ചരിത്രകൃതികള്‍ അബൂഅബ്ദില്ല അല്‍ വാഖിദി(മ. ഹി. 207)യുട 'മഗാസി' (കൈയെഴുത്ത് പ്രതി സൂക്ഷിക്കപ്പെട്ടത് ബ്രിട്ടീഷ് മ്യൂസിയത്തില്‍)യും 'അര്‍രിദ്ദ' (ഇന്ത്യയിലെ ബങ്കിപൂരില്‍)യും ആണ്. നമുക്ക് ഇബ്‌നു ഹിശാമി(മ.ഹി. 210)നോട് കടപ്പാടു്. അദ്ദേഹമാണ് ഇബ്‌നു ഇസ്ഹാഖിന്റെ രണ്ട് രചനകള്‍ 'സീറത്തു റസൂലില്ലാഹ്' എന്ന പേരില്‍ ഒറ്റ രചനയായി ക്രോഡീകരിച്ചത്. അത് പിന്നെ പലതവണ എഡിറ്റ് ചെയ്യപ്പെടുകയുണ്ടായി. ഇതിനേക്കാളൊക്കെ പ്രധാനം ഒരുപക്ഷേ ഇബ്‌നു സഅ്ദി(മ.ഹി. 230)ന്റെ ത്വബഖാത്ത് ആയിരിക്കും. ഇതൊരു ബൃഹത്തായ ജീവചരിത്ര നിഘണ്ടുവാണ്; പ്രവാചകന്റെ മാത്രമല്ല അദ്ദേഹത്തിന്റെ നിരവധി അനുയായികളുടെയും.

ഇസ്‌ലാം പൂര്‍വ അറേബ്യയുടെ ദേശചരിത്രം വംശാവലി പട്ടികയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നതായി കാണാം. ഇബ്‌നു കല്‍ബി(മ.ഹി 204)യും അദ്ദേഹത്തിന്റെ ശിഷ്യന്‍ ബലാദുരി(മ.ഹി. 279)യും ഈ വംശാവലി വിജ്ഞാനീയത്തെ ഇസ്‌ലാമിക കാലഘട്ടത്തിലേക്കു കൂടി വികസിപ്പിക്കുക മാത്രമല്ല, അതൊക്കെയും ബൃഹദ് വാള്യങ്ങളിലായി സംരക്ഷിക്കുകയും ചെയ്തു. ഇതേ വിഷയത്തില്‍ മുസ്അബും (മ.ഹി 236) അദ്ദേഹത്തിന്റെ ശിഷ്യന്‍ സുബൈര്‍ ഇബ്‌നു ബക്കാറും (മ. ഹി. 256) രചനകള്‍ നടത്തിയിട്ടുണ്ട്. മറ്റു കൃതികളില്‍നിന്ന് ലഭിക്കാത്ത വിവരങ്ങള്‍ നമുക്കിവയില്‍നിന്ന് ലഭിക്കുന്നുമുണ്ട്.

ഇബ്‌നു ഹബീബ്, അദ്ദീനവരി, അത്ത്വബ്‌രി, അല്‍ യഅ്ഖൂബി, അല്‍ മസ്ഊദി തുടങ്ങിയവരുടെ രചനകളില്‍ പ്രവാചക ചരിത്രം ഉള്‍പ്പെടുന്നില്ലെങ്കിലും തദ്‌വിഷയകമായി ഒട്ടേറെ വിവരങ്ങള്‍ അവ ഉള്‍ക്കൊള്ളുന്നുണ്ട്. എന്റെ ഈ പഠനത്തിന് കിഴക്കും പടിഞ്ഞാറുമുള്ള എന്റെ മുന്‍ഗാമികളെ ഞാന്‍ അവലംബിച്ചിട്ടുണ്ട്. അവരില്‍ ചിലര്‍ വളരെ ആഴത്തില്‍ വിഷയം പഠിച്ചവരാണ്. വിവരങ്ങള്‍ ഏതൊക്കെ സ്രോതസ്സുകളില്‍നിന്നാണ് എടുത്തതെന്ന് വ്യക്തമായി കാണിച്ചിരിക്കുകയും ചെയ്യും.

 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (10 - 14)
എ.വൈ.ആര്‍

ഹദീസ്‌

അവകാശധ്വംസനവും അവഹേളനവും
സി.എം റഫീഖ് കോക്കൂര്‍