Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 10

2992

1438 ജമാദുല്‍ ആഖിര്‍ 11

സഫ്ദദര്‍ സുല്‍ത്താന്‍ ഇസ്‌ലാഹി വിശ്രമമറിയാത്ത കര്‍മയോഗി

ഇ. യാസിര്‍

1999-ല്‍ അലീഗഢ് യൂനിവേഴ്‌സിറ്റിയിലേക്ക് പഠനാവശ്യാര്‍ഥം പുറപ്പെടുമ്പോള്‍  അലീഗഢ് സ്വദേശികളായ രണ്ട് വ്യക്തിത്വങ്ങളെ  പരിചയപ്പെടാനും അടുത്തറിയാനും ആഗ്രഹിച്ചിരുന്നു. പ്രബോധനത്തിന്റെ താളുകളില്‍നിന്ന് മനസ്സില്‍   സ്ഥാനം പിടിച്ച ഡോ. എഫ്. ആര്‍ ഫരീദിയും വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന, വശ്യമായ പ്രസംഗ ശൈലിയുടെ ഉടമയായ സഫ്ദര്‍  സുല്‍ത്താന്‍ ഇസ്‌ലാഹിയുമായിരുന്നു അവര്‍.

ഇന്ത്യയെയും ഇന്ത്യന്‍ മുസ്‌ലിംകളെയും അതിലുപരി ഇസ്ലാമിക പ്രസ്ഥാനത്തെയും സദാ മനസ്സില്‍ ധ്യാനിച്ച് ജീവിച്ച, സദാ സമയം വായനയിലും  പഠനത്തിലും മുഴുകിയിരുന്ന ഫരീദി സാഹിബിനെ ഒഴിഞ്ഞുകിട്ടുക അത്യപൂര്‍വമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നാല്‍ ലഭിക്കുമായിരുന്ന ഹൃദ്യമായ സ്വീകരണവും നര്‍മം കലര്‍ന്ന സംസാരവും മായാത്ത ഓര്‍മകള്‍ സമ്മാനിച്ചു. ബിഹാറിലെ സീവാനില്‍നിന്നുള്ള നിയാസ് കൗസറിന് ഫരീദി സാഹിബിനെ കാണുക എന്നു പറഞ്ഞാല്‍ തന്നെ വലിയ  കാര്യമായിരുന്നു. അദ്ദേഹത്തെ കാണാനും സലാം പറയാനും വേണ്ടി   മാത്രം പലപ്പോഴും   അദ്ദേഹം  ജമാഅത്ത്  നമസ്‌കാരത്തിന് വരുന്ന സര്‍ സയ്യിദ് നഗറിലെ പള്ളിയില്‍ ഞങ്ങളൊന്നിച്ച് നമസ്‌കരിക്കാന്‍ പോയിരുന്നു. 

സഫ്ദര്‍ സാഹിബിന്റെ വ്യക്തിത്വം കുറേകൂടി താഴെക്കിടയിലേക്ക് ഇറങ്ങിചെല്ലുന്ന തരത്തിലുള്ളതായിരുന്നു. വിശാലമായ കര്‍മമൈതാനമായിരുന്നു സഫ്ദര്‍ സാഹിബിന് എന്നും താല്‍പര്യം. 2000-ത്തില്‍  അലീഗഢ് യൂനിവേഴ്സിറ്റി എസ്.ഐ.ഒയുടെ ഭാരവാഹിത്വം ഈയുള്ളവനില്‍ അര്‍പ്പിക്കപ്പെട്ടപ്പോള്‍ ഏറ്റവുമധികം പിന്തുണ നല്‍കി സഹായിച്ച മൂന്നു പ്രധാനികള്‍  അന്നത്തെ പ്രാദേശിക ജമാഅത്ത് അമീറും ഇന്റസ്ട്രിയല്‍ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമായ ഡോ. ഇദ്രീസ്, ഡോ. സഫ്ദര്‍ സുല്‍ത്താന്‍ ഇസ്ലാഹി, എസ്.ഐ.ഒ മുന്‍  കേന്ദ്രസമിതി അംഗവും യൂനിവേഴ്‌സിറ്റി സ്‌കൂള്‍ അധ്യാപകനുമായ  അശ്ഹദ്  ജമാല്‍ നദ്വി എന്നിവരായിരുന്നു. എസ്.ഐ.ഒവിന്റെ ഏതു കാര്യത്തിനും എപ്പോഴും  ഏതു സഹായത്തിനും ഇവര്‍ മൂന്നു പേരുമുണ്ടാവും. ഇന്ത്യയുടെ തെക്കേ സംസ്ഥാനത്തുനിന്നും വന്ന ഒരാള്‍ യൂനിവേഴ്‌സിറ്റി എസ്.ഐ.ഒവിനെ നയിക്കുമ്പോള്‍ അത് വിജയിപ്പിക്കല്‍  തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കി ഉയര്‍ന്നു പ്രവര്‍ത്തിച്ച ഈ ജ്യേഷ്ഠസഹോദരന്മാരെ ഓര്‍ക്കാതെ അലീഗഢിലെ പ്രാസ്ഥാനിക ജീവിതത്തിന്റെ താള് മറിക്കാനാവില്ല. ഈ മൂന്നു സഹോദരന്മാരും അലീഗഢിലെന്ന് മാത്രമല്ല, മുഴുവന്‍ ഉത്തരേന്ത്യന്‍ പ്രാസ്ഥാനിക വൃത്തങ്ങളിലും ഞാന്‍ കണ്ട വേറിട്ട വ്യക്തിത്വങ്ങളായിരുന്നു. ഓരോരുത്തരും ഒന്നിനൊന്ന് മികവും ഔന്നത്യവും ഉള്ളവരായി അനുഭവപ്പെട്ടു.

സഫ്ദര്‍ സാഹിബിന്റെ പൊടുന്നനെയുള്ള വിയോഗം ഓര്‍മയുടെ ഓളങ്ങള്‍  ദുഃഖാര്‍ത്തമാക്കുന്നു. സഫ്ദര്‍ സാഹിബ് ഗൗരവപ്രകൃതക്കാരനായിരുന്നില്ല. എന്നാല്‍ ഫരീദി സാഹിബിനെയും അശ്ഹദ്  ജമാല്‍ സാഹിബിനെയും പോലെ സരസനുമായിരുന്നില്ല . തമാശകള്‍ പറയുമായിരുന്നെങ്കിലും ഗൗരവം മുഖത്തുനിന്ന് മായുമായിരുന്നില്ല. ഗൗരവക്കാരനായിരുന്നെങ്കിലും ആരെയും വിഷമിപ്പിക്കുന്ന സ്വഭാവക്കാരനുമായിരുന്നില്ല. അശ്ഹദ്  ജമാല്‍ സാഹിബും സഫ്ദര്‍ സാഹിബും ഇരട്ട സഹോദരന്മാരെപ്പോലെയായിരുന്നു. മദ്‌റസത്തുല്‍ ഇസ്ലാഹില്‍നിന്ന് തുടങ്ങിയ അവരുടെ ജീവിത യാത്ര പിന്നീട് പ്രസ്ഥാനത്തിലും അലീഗഢിലും ഒരുമിച്ചായിരുന്നു. അതിനാല്‍ അദ്ദേഹത്തെ കുറിച്ച ഏറ്റവും തപ്തമായ ഓര്‍മകള്‍  പങ്കുവെക്കാന്‍ അശ്ഹദ് നദ്വി തന്നെയാണ് പ്രഥമ യോഗ്യന്‍. 

''മാതാവിന്റെ അമ്മിഞ്ഞപ്പാലിലൂടെയും പിതാവ് പകര്‍ന്നു നല്‍കിയ തര്‍ബിയത്തിലൂടെയുമാണ് അദ്ദേഹം പ്രാസ്ഥാനിക ഗുണങ്ങള്‍ സ്വായത്തമാക്കിയത്. അദ്ദേഹത്തിന്റെ പിതാവ് മര്‍ഹൂം സുല്‍ത്താന്‍ അഹ്മദ് സാഹിബ് ജമാഅത്തിന്റെ ആദ്യകാല റുക്നുകളില്‍പെട്ട വ്യക്തിയായിരുന്നു. അക്കാദമിക മേഖലകളിലും പ്രാസ്ഥാനിക മേഖലകളിലും അദ്ദേഹം കൈവരിച്ച നേട്ടങ്ങളും എത്തിപ്പെട്ട സ്ഥാനങ്ങളും സ്വപരിശ്രമത്തിലൂടെ നേടിയെടുത്തതായിരുന്നു. മദ്‌റസത്തുല്‍ ഇസ്ലാഹില്‍ അദ്ദേഹം  അറിയപ്പെട്ടത് അക്കാദമിക മികവും അച്ചടക്കവുമുള്ള വിദ്യാര്‍ഥിയായിട്ടായിരുന്നു. മദ്‌റസത്തുല്‍ ഇസ്ലാഹില്‍നിന്ന് ഉന്നത റാങ്കോടെ പാസ്സായ അദ്ദേഹം അലീഗഢ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് അറബിയില്‍  ബി.എ, എം.എ പഠനം പൂര്‍ത്തിയാക്കി. പിന്നീട് ഫെല്ലോഷിപ്പോടെ  അലീഗഢില്‍നിന്നു തന്നെ പി.എച്ച്.ഡി കരസ്ഥമാക്കി.  വൈകാതെ അവിടെ തന്നെ ലക്ചറര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. മരണപ്പെടുന്നതിന്റെ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന് പ്രഫസറായി സ്ഥാനക്കയറ്റം ലഭിച്ചത്.''

മക്കളെ സഫ്ദര്‍ സാഹിബ് വളര്‍ത്തിക്കൊണ്ടുവന്ന തര്‍ബിയത്തീ നിലവാരത്തെക്കുറിച്ച്  അശ്ഹദ്  സാഹിബ് തന്നെ പറയുന്നത് കേള്‍ക്കൂ: ''സഫ്ദര്‍ സാഹിബ് മരണപ്പെട്ട വിവരം എന്നെ അറിയിക്കുന്നത് അദ്ദേഹത്തിന്റെ മൂത്ത മകന്‍ അബൂദര്‍റ് ആണ്. 'അങ്കിള്‍ ഞങ്ങള്‍ യത്തീമായി, അങ്കിള്‍ ഞങ്ങള്‍ യത്തീമായി' എന്ന്  അവന്‍ പറയുന്നതു കേട്ട് എനിക്ക് കരച്ചിലടക്കാനായില്ല. അപ്പോള്‍ അവന്‍ എന്നെ ആശ്വസിപ്പിച്ചു കൊണ്ട് പറയുന്നു; 'അങ്കിള്‍, വാപ്പ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശഹീദായതല്ലേ, അവന്റെ മാര്‍ഗത്തിലെ യാത്രയിലല്ലേ വാപ്പ നമ്മോട് വിടപറയുന്നത്? അങ്ങ്  കരയരുത്.' അവന്‍ എന്നെ ആശ്വസിപ്പിക്കുകയായിരുന്നു. അതേ ആ മകന്റെ വാക്കുകള്‍ എത്ര ശരി! താന്‍ സെക്രട്ടറിയായ അലീഗഢിലെ ഇദാറെ തഹഖീഖ് വൊ തസ്നീഫിന്റെ (കേന്ദ്ര ജമാഅത്തിന്റെ കീഴിലെ പഠന-ഗവേഷണ സ്ഥാപനം) സുപ്രധാനമായ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ദല്‍ഹി ജമാഅത്ത് മര്‍കസിലേക്കുള്ള യാത്രാമധ്യേ താന്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നല്ലോ അദ്ദേഹത്തിന്റെ മരണം. ജനാസ നമസ്‌കാരശേഷം അദ്ദേഹത്തിന്റെ യാത്രാ ബാഗില്‍നിന്ന് ലഭിച്ചത് ഇദാറയുടെ ഭാവി പ്രവര്‍ത്തനത്തിനാവശ്യമായ സുദീര്‍ഘമായ  ഒരു പ്ലാന്‍ ആയിരുന്നു.  പ്രസ്തുത പ്ലാന്‍ കേന്ദ്രത്തിനു സമര്‍പ്പിച്ച് അമീറിന്റെ അനുവാദം വാങ്ങാനായി സ്വുബ്ഹ് നമസ്‌കാരം  കഴിഞ്ഞ് വീട്ടില്‍നിന്ന് പുറപ്പെട്ട യാത്രയിലെ മരണം അബൂദര്‍ പറഞ്ഞപോലെ ശഹാദത്ത് അല്ലാതെ മറ്റെന്താണ്? മൗലാനാ സദ്‌റുദ്ദീന്‍ ഇസ്ലാഹിയും മൗലാനാ ഫാറൂഖ് ഖാനും മൗലാനാ ജലാലുദ്ദീന്‍ ഉമരിയും നേതൃത്വം നല്‍കിയ കാലത്തെ  പ്രതാപത്തിലേക്ക്  ഇദാറയെ തിരിച്ചുകൊണ്ടുവരിക എന്ന ദൗത്യമായിരുന്നു സഫ്ദര്‍ സാഹിബ് നിര്‍വഹിക്കാന്‍ ആഗ്രഹിച്ചിരുന്നത്. അതിനാവശ്യമായ പ്ലാന്‍ ആയിരുന്നു ബാഗിലിട്ട് അദ്ദേഹം അവസാന യാത്ര ചെയ്തത്. ആ ദൗത്യം കൂടുതല്‍ ദൃഢമായ കരങ്ങളാല്‍ അല്ലാഹു വിജയിപ്പിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.

സഫ്ദര്‍ സാഹിബിനെ കുറിച്ച് ചോദിച്ചാല്‍ ആര്‍ക്കും പറയാനുണ്ടാവുക മുഖ്യമായും രണ്ട് കാര്യങ്ങളായിരിക്കും; ഉന്നതമായ സ്വഭാവ ഗുണങ്ങള്‍, പ്രാസ്ഥാനിക മാര്‍ഗത്തിലെ സജീവത. വശ്യമായ പെരുമാറ്റ രീതി, കുടുംബത്തിന്റെയും വീട്ടുകാരുടെയും കാര്യങ്ങളില്‍ പൂര്‍ണ ശ്രദ്ധ, പ്രാസ്ഥാനിക മാര്‍ഗത്തിലെ പ്രതിബദ്ധത, പ്രവര്‍ത്തനരംഗത്തെ നൈരന്തര്യം, ചിട്ടയായ പ്രവര്‍ത്തന ശൈലി, കൃത്യമായ ലക്ഷ്യബോധം, ആസൂത്രണ പാടവം, അല്‍പം പോലും പ്രകടനാത്മകമല്ലാത്ത വ്യക്തിത്വം, ആകര്‍ഷകമായ പ്രഭാഷണ ശൈലി, ഒഴിഞ്ഞിരിക്കുമ്പോഴൊക്കെ  വായനയും പഠനവും. ഇതെല്ലാമായിരുന്നു സഫ്ദര്‍ സാഹിബ്. 2002-ലെ ബലിപെരുന്നാള്‍ സുദിനത്തില്‍ ചര്‍മ ഖുര്‍ബാനി (ഉദുഹിയ്യത്ത് മൃഗങ്ങളുടെ തോല്‍ ശേഖരണം- അലീഗഢ് എസ്.ഐ.ഒ യൂനിറ്റിന്റെ മുഖ്യ വരുമാനമായിരുന്നു അന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ കളക്ഷന്‍) കഴിഞ്ഞ് സഫ്ദര്‍ സാഹിബിന്റെ വീട്ടില്‍നിന്ന് രാത്രി കഴിച്ച ബിരിയാണിയുടെയും സവയ്യ(മധുര പലഹാരം)യുടെയും സ്വാദ് ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും  ഇന്നും നാവില്‍ തന്നെയുണ്ട്, പക്ഷേ ആതിഥേയന്‍  നാഥന്റെ സല്‍ക്കാരം സ്വീകരിക്കാന്‍ യാത്രയായി. 

ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. സാധാരണയായി സ്‌കൂട്ടര്‍ ആണ് യാത്രക്ക് ഉപയോഗിക്കുക. സൈക്കിളിലും കാല്‍നടയായും യാത്രചെയ്യുന്ന സഫ്ദര്‍ സാഹിബ് യൂനിവേഴ്‌സിറ്റിയുടെ ചുറ്റുമുള്ള വഴികള്‍ക്ക് അപരിചിത കാഴ്ചയായിരുന്നില്ല. ആ യാത്ര ഒരു ക്ലാസ്സെടുക്കാന്‍ ആയിരിക്കും, അല്ലെങ്കില്‍ രോഗസന്ദര്‍ശനമായിരിക്കും, അല്ലെങ്കില്‍ ദുരിതത്തില്‍ കഴിയുന്ന ആര്‍ക്കെങ്കിലും ആശ്വാസമെത്തിക്കാനായിരിക്കും, അതുമല്ലെങ്കില്‍ യൂനിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷനുമായി  ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ക്കായിരിക്കും. ഇങ്ങനെ സര്‍വ മേഖലയിലും ഏതു സമയത്തും കര്‍മനിരതനായിരുന്നു സഫ്ദര്‍ സാഹിബ്.  

സാമാന്യം നല്ല വരുമാനം ഉണ്ടായിരിക്കെ തന്നെ ലളിതമായി ജീവിക്കാന്‍ ശീലിച്ച സഫ്ദര്‍ സാഹിബ് തന്റെ മക്കളെയും അതേ ജീവിതരീതികള്‍ ശീലിപ്പിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസ്സിലാകും. തന്നോട് പെരുമാറുന്നവരിലൊക്കെ മതിപ്പ്   സ്യഷ്ടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. 

തന്റെ മാതാപിതാക്കളുടെ ഒമ്പത് മക്കളില്‍ മൂന്നാമനായിരുന്ന സഫ്ദര്‍ സാഹിബിനോട് അവര്‍ക്ക് പ്രത്യേക വാത്സല്യമായിരുന്നുവെന്നും സഫ്ദറിന്റെ സാന്നിധ്യം അവര്‍ ജീവിതാവസാനം വരെ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സഹോദരന്‍ അഖ്തര്‍ ഓര്‍ക്കുന്നു. 'മാതാപിതാക്കളുടെയും സഹോദരീ സഹോദരന്മാരുടെയും ഏതാവശ്യങ്ങള്‍ക്കും എപ്പോഴും മുന്നില്‍നിന്നത് സഫ്ദര്‍ ഭായി ആയിരുന്നു. എല്ലാവരെയും ആഴ്ചയിലൊരിക്കലെങ്കിലും നിര്‍ബന്ധമായും ഫോണില്‍ ബന്ധപ്പെടുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. ഫോണ്‍ സാര്‍വത്രികമല്ലാതിരുന്ന കാലത്ത് തന്നെ സഫ്ദര്‍ ഭായി കത്തെഴുത്തിലൂടെ ആരംഭിച്ചതായിരുന്നു ഈ ബന്ധം.'  

അലീഗഢിലെ പ്രഫസര്‍മാര്‍ക്കും ഉത്തരേന്ത്യയില്‍ കണ്ടുശീലിച്ച പ്രസ്ഥാന പ്രവര്‍ത്തകരുടെ ശൈലികള്‍ക്കും ഒരു തിരുത്തായിരുന്നു സഫ്ദര്‍ സാഹിബ്. സാമൂഹിക സേവന രംഗത്തും, അഗതികള്‍ക്കും അശരണര്‍ക്കും തണല്‍ വിരിക്കുന്ന പ്രവര്‍ത്തനങ്ങളിലും അദ്ദേഹം നിറഞ്ഞുനിന്നു. 

പരമ്പരാഗത ശൈലിയിലൂടെത്തന്നെയാണ് പ്രസ്ഥാനം മുന്നോട്ടു പോകേണ്ടത് എന്ന് വ്യക്തിപരമായി വിശ്വസിക്കുമ്പോഴും, ഉത്തരേന്ത്യയിലെ പ്രവര്‍ത്തകര്‍  പ്രസ്ഥാനമാര്‍ഗത്തിലെ കര്‍മകുശലതയും സജീവതയും കേരളത്തിലെ പ്രവര്‍ത്തകരെ നോക്കി പഠിക്കണം എന്ന് സഹപ്രവര്‍ത്തകരോട് അദ്ദേഹം പറയാറുണ്ടായിരുന്നു. 

കേരളക്കാര്‍ സന്നിഹിതരായ ഏത് യോഗത്തിലും അവരെ പ്രത്യേകം പരിഗണിച്ച്, മലയാളി പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് അന്വേഷിക്കുന്നത് സഫ്ദര്‍ സാഹിബിന്റെ പതിവായിരുന്നുവെന്നും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെ പഠിക്കാന്‍ ചെല്ലുന്ന കേരളത്തില്‍നിന്നുള്ള  പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തിന്റെ അടുപ്പവും സ്‌നേഹവും പരിഗണനയും  അക്ഷരാര്‍ഥത്തില്‍  വലിയ അഭയമായിരുന്നുവെന്നും  കുറ്റിപ്പുറം എഞ്ചിനീയറിംഗ് കോളേജിലെ വൈസ് പ്രിന്‍സിപ്പലും  അലീഗഢിലെ പൂര്‍വ വിദ്യാര്‍ഥിയുമായ ഡോ.  ബദീഉസ്സമാന്‍ ഓര്‍മിക്കുന്നു. 

''ചിലയാളുകള്‍ അങ്ങനെയാണ്. ധാരാളം ചെയ്യാനുണ്ടാവും. സമയം കുറവാണ് എന്ന് അവരുടെ മനസ്സ് അവരോട് മന്ത്രിക്കുന്നതു പോലെയാണ് അവരുടെ കര്‍മമാര്‍ഗത്തിലെ ചടുലത കണ്ടാല്‍. സഫ്ദര്‍ സാഹിബിന്റെ പ്രവര്‍ത്തന നൈരന്തര്യം   കാണുന്ന    ആര്‍ക്കും അങ്ങനെ തോന്നും. ഇന്നിതാ ആ ധാരണ സത്യമായി പുലര്‍ന്നിരിക്കുന്നു. വലിയ കുടുംബത്തിലെ മുതിര്‍ന്ന അംഗം എന്ന നിലയിലും സ്വന്തം കുടുംബത്തിന്റെ രക്ഷിതാവ് എന്ന നിലയിലും അവരുടെയൊക്കെ നെടുംതൂണായി നിന്ന സഫ്ദര്‍ സാഹിബിന്റെ വിടവ് ആ കുടുംബത്തിനുണ്ടാക്കുന്ന ആഘാതം വളരെ  വലുതാണ്. ഇത്രയധികം വ്യത്യസ്ത മേഖലകളില്‍ ഒരേസമയം പ്രവര്‍ത്തിച്ചിരുന്ന ഒരാളുടെ വിടവ് അലീഗഢിലെയും യു.പിയിലെയും ജമാഅത്തിന് പെട്ടെന്ന് നികത്താന്‍ പ്രയാസം തന്നെയായിരിക്കും'' - അദ്ദേഹത്തിന്റെ സുഹൃത്ത്    സബാഹുദ്ദീന്‍  ആസ്മി കുറിക്കുന്നു. 

സഫ്ദര്‍ സാഹിബിനെ ഓര്‍ക്കുമ്പോള്‍ അഅ്‌സംഗഢില്‍നിന്ന് ലഖ്‌നൗവിലേക്കുള്ള പാതിരാത്രിയിലെ ഒരു ട്രെയ്ന്‍ യാത്രയാണ് ആദ്യമായി ഓര്‍മവരിക എന്നാണ് ശാന്തപുരം അല്‍ജാമിഅയിലെ ഡീന്‍ ഡോ. മുഹ്യിദ്ദീന്‍ ഗാസി പറയുന്നത്. തിരക്കേറിയ പ്ലാറ്റ്‌ഫോമില്‍ അന്ന്  യാദൃഛികമായി സഫ്ദര്‍ സാഹിബിനെ കണ്ടുമുട്ടിയിട്ടില്ലായിരുന്നെങ്കില്‍ ആ യാത്ര നടക്കുമായിരുന്നില്ല, അത്രമേല്‍ തിരക്കേറിയ പ്ലാറ്റ്‌ഫോമില്‍നിന്ന് അതിനേക്കാള്‍ തിരക്കേറിയ  കമ്പാര്‍ട്ട്‌മെന്റില്‍  എത്തിപ്പിടിക്കാന്‍ അദ്ദേഹം നല്‍കിയ സഹായം  ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലും തുണയായി. 'അദ്ദേഹത്തിന്റെ കൂടെ പിന്നെയും ധാരാളം യാത്ര ചെയ്തെങ്കിലും ആ ആദ്യ യാത്ര വലിയ  അനുഭവം തന്നെയായിരുന്നു. സഫ്ദര്‍ സാഹിബും ജീവിതത്തില്‍ പലവിധ യാത്രകളും നടത്തി. പഠന-ഗവേഷണ  യാത്രകള്‍, പ്രാസ്ഥാനിക യാത്രകള്‍. എല്ലാ യാത്രകളും അദ്ദേഹം സുന്ദരമായി  പൂര്‍ത്തീകരിച്ചു. അവസാനമായി ഒരു പ്രാസ്ഥാനിക യാത്ര ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നതിനു മുമ്പ് എല്ലാവര്‍ക്കും  ഓര്‍ക്കാനുള്ള ഒരു യാത്രയാക്കി അദ്ദേഹം മടങ്ങി'- ഡോ.ഗാസി പറഞ്ഞു. 

അബ്ദുല്‍ ജബ്ബാര്‍ സിദ്ദീഖി എസ്.ഐ.ഒ അഖിലന്ത്യാ അധ്യക്ഷനായ മീഖാത്തിലായിരുന്നു സഫ്ദര്‍ സാഹിബ് കേന്ദ്ര ജനറല്‍ സെക്രട്ടറിയായത്. അതിനു മുമ്പ് എസ്.ഐ.ഒ യു.പി സ്റ്റേറ്റ്  പ്രസിഡന്റ്, സംസ്ഥാന ശൂറാംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്.ഐ.ഒ പ്രായം കഴിയുന്നതിനു മുമ്പ് തന്നെ ജമാഅത്ത് അംഗമായ സഫ്ദര്‍ സാഹിബ്, അലീഗഢ് പ്രാദേശിക അമീര്‍, സ്റ്റേറ്റ് ശൂറാംഗം, കേന്ദ്ര നുമാഇന്ദഗാന്‍ അംഗം എന്നീ സ്ഥാനങ്ങളിലും പ്രസ്ഥാനത്തിന് സേവനങ്ങള്‍ ചെയ്തു.

സഫ്ദര്‍ സാഹിബ് അലീഗഢ് ജമാഅത്തിന്റെ പ്രാദേശിക നേതൃത്വം ഏറ്റെടുത്തതിനുശേഷം പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലേക്ക് വ്യാപിക്കാന്‍ ഉതകുന്ന പല പുതിയ രീതികളും കൈക്കൊണ്ടു. പ്രദേശത്ത് റുക്നുകളുടെയും കാര്‍കുനുകളുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായി. പ്രാദേശിക ജമാഅത്തിന് സ്വന്തമായി  ആസ്ഥാനം നിര്‍മിച്ചു.  സഹോദര സമുദായങ്ങളുമായി  ബന്ധം ദൃഢപ്പെടുത്താന്‍ ഉതകുന്ന സിമ്പോസിയങ്ങള്‍ വര്‍ഷം തോറും സംഘടിപ്പിച്ചു. വാര്‍ഷിക മെഡിക്കല്‍ ക്യാമ്പുകള്‍, അലീഗഢിലെ പ്രശസ്തമായ എക്‌സിബിഷനോടനുബന്ധിച്ച് ദഅ്‌വാ ക്യാമ്പുകള്‍ എന്നിവ ആരംഭിച്ചു. ഒരു പ്രാദേശിക ഹല്‍ഖക്കു കീഴില്‍ ഇത്രമാത്രം പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ ചുരുങ്ങിയ കാലത്തിനിടയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചു. അലീഗഢ് പ്രദേശത്തെ പാവപ്പെട്ടവര്‍ക്ക് ചികിത്സാ സഹായം, നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ സഹായം ഇങ്ങനെ അദ്ദേഹം തുടങ്ങിവെച്ച ധാരാളം പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവേണ്ടതുണ്ട്. 

സഫ്ദര്‍ സാഹിബിന്റെ ജനസമ്മതിയും  പ്രസ്ഥാനത്തിനകത്തുള്ള സ്ഥാനവും വിളിച്ചറിയിക്കുന്നതായിരുന്നു അദ്ദേഹത്തിനു വേണ്ടി നടന്ന ജനാസ നമസ്‌കാരം. അമീറെ ജമാഅത്ത് നേരിട്ടെത്തി നമസ്‌കാരത്തിന് നേതൃത്വം നല്‍കി. യു.പിയുടെ നാനാഭാഗത്തുനിന്നും ദല്‍ഹിയില്‍നിന്നും ഒട്ടധികം നേതാക്കളും പ്രവര്‍ത്തകരും  വന്നു. നൂറുകണക്കിന്  യൂനിവേഴ്‌സിറ്റി അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും പരിചയക്കാരും സുഹൃത്തുക്കളും പള്ളിയിലെത്തി. 

അല്ലാഹു അദ്ദേഹത്തിന്  മഗ്ഫിറത്തും വിയോഗത്തില്‍ വേദനിക്കുന്ന കുടുംബത്തിനും പ്രസ്ഥാനപ്രവര്‍ത്തകര്‍ക്കും ആശ്വാസവും നല്‍കട്ടെ. നല്ല പകരക്കാരെക്കൊണ്ട് അല്ലാഹു പ്രസ്ഥാനത്തെയും ഉമ്മത്തിനെയും അനുഗ്രഹിക്കട്ടെ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (10 - 14)
എ.വൈ.ആര്‍

ഹദീസ്‌

അവകാശധ്വംസനവും അവഹേളനവും
സി.എം റഫീഖ് കോക്കൂര്‍