Prabodhanm Weekly

Pages

Search

2016 ജൂണ്‍ 24

2957

1437 റമദാന്‍ 19

ശഹീദ് മുത്വീഉര്‍റഹ്മാന്‍ നിസാമിയുടെ അവസാന നിമിഷങ്ങള്‍

ഡോ.നഈമുര്‍റഹ്മാന്‍ നിസാമി

മെയ് 10-ന്റെ മഗ്‌രിബ് നമസ്‌കാരത്തിന് തൊട്ടുമുമ്പാണ് തലസ്ഥാനമായ ധാക്കയിലുള്ള സെന്‍ട്രല്‍ ജയില്‍ അധികാരികള്‍ ഉപ്പയുടെ സെക്രട്ടറി മിതോയെ വിളിച്ച് ജയിലില്‍ ഞങ്ങള്‍ക്ക് കൂടിക്കാഴ്ചയുടെ സമയം നിശ്ചയിച്ചതായി അറിയിച്ചത്. അവസാന കൂടിക്കാഴ്ചയാണോ എന്ന് ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും മറുപടി ഉണ്ടായില്ല.

ഞങ്ങള്‍ മഗ്‌രിബ് നമസ്‌കരിച്ചു. മൂന്ന് കാറിലായി ജയിലിലേക്ക് പുറപ്പെട്ടു. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമായി കുടുംബത്തിലെ 26  പേരുണ്ടായിരുന്നു ഞങ്ങള്‍. എല്ലാവരുടെയും മനസ്സിനെ മദിച്ചിരുന്നത് ഇത് അവസാന കൂടിക്കാഴ്ചയാകുമോ എന്ന ആശങ്കയായിരുന്നു.

ജയില്‍ മുഖത്ത് നിലയുറപ്പിച്ചിരുന്ന തിങ്ങിക്കൂടിയ മാധ്യമ പ്രവര്‍ത്തകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഭേദിച്ച് ഞങ്ങള്‍ ജയില്‍ കവാടത്തിലെത്തി. സുരക്ഷാ പരിശോധന കഴിഞ്ഞ് അകത്തു കടന്നപ്പോള്‍ ജയില്‍ അധികൃതര്‍ ഒരു കടലാസ് തന്നു. യാത്ര ചോദിക്കാനുള്ള അവസാന കൂടിക്കാഴ്ച എന്ന് അതിലുണ്ടായിരുന്നു.

തുടര്‍ന്ന് ജയിലിലെ ഒറ്റപ്പെട്ട ഒരു സെല്ലിലേക്ക് ഞങ്ങള്‍ നയിക്കപ്പെട്ടു. 8-ാം നമ്പര്‍ സെല്ലിലായിരുന്നു ഉപ്പ. അവിടത്തെ അവസാന സെല്ലായിരുന്നു അത്. അതിന്റെ വലുപ്പം 8 അടി വീതിയും 8 അടി നീളവും. ജനലോ കാറ്റ് കടക്കാന്‍ ഒരു ദ്വാരം പോലുമോ ഇല്ല. ഇരുമ്പു വാതിലും മുന്നില്‍ ചെറിയൊരു കോലായും മാത്രം.

ഞങ്ങള്‍ വരുന്ന വിവരം അവര്‍ ഉപ്പയെ അറിയിച്ചിരുന്നില്ല. ജയില്‍ വാതിലിന് മുഖം തിരിഞ്ഞ് ഒരു പഴകിയ മുസ്വല്ലയില്‍ ഖിബ്‌ലക്കു നേരെ തിരിഞ്ഞ് കൈ ഉയര്‍ത്തി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു ഉപ്പ. ചെറുപ്പം മുതല്‍ ഞങ്ങള്‍ കേട്ടു കൊണ്ടിരുന്ന ഉപ്പയുടെ അതേ പ്രാര്‍ഥനകള്‍, അതേ രാഗത്തോടെ..... പതുങ്ങിയ സ്വരത്തില്‍ പ്രാര്‍ഥന ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. പിന്നെ അല്‍പം മൗനം, ഒരല്‍പം ശാന്തത. വീണ്ടും പ്രവാചക പ്രാര്‍ഥനകളുടെ ആവര്‍ത്തനം....

ഇതെന്ത്, സെല്ലില്‍ ഉപ്പയോടൊപ്പം ഒരു പൂച്ച! ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തൂക്കിക്കൊല്ലപ്പെടാന്‍ പോകുന്ന ഒരു മനുഷ്യന്റെ കൂടെ പൂച്ചയോ? ബ്രൗണ്‍ കളറുള്ള പൂച്ച ഉപ്പയോട് ചേര്‍ന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ഏകാന്തതക്ക് കൂട്ടെന്ന പോലെ, അദ്ദേഹത്തിന്റെ പ്രാര്‍ഥനയില്‍ പങ്കാളിയാകുന്ന പോലെ.

മൂന്ന് വയസ്സുകാരന്‍ മുആദ് അവന്റെ വല്യുപ്പയെ കണ്ടമാത്രയില്‍ ഉറക്കെ വിളിച്ചു; വല്യുപ്പാ..ഞങ്ങളിതാ ഇവിടെ. വാതില്‍ തുറക്കെ മുഖം തുടച്ച് ഉപ്പ തിരിഞ്ഞ് നോക്കി. ഞങ്ങളെയെല്ലാവരെയും കണ്ടപ്പോള്‍ എഴുന്നേറ്റ് സാധാരണ പോലെ ശാന്തമായി അടുത്തേക്ക് നടന്നുവന്നു. നിങ്ങളെല്ലാവരും വന്നിരിക്കുകയാണോ? ഇതെന്താ അവസാന കൂടിക്കാഴ്ചയാണോ? എന്റെ സഹോദരി വികാരമടക്കിപ്പിടിച്ചു പറഞ്ഞു; ഇല്ല, ഇത് അവസാനത്തേതാകാതിരിക്കട്ടെ, ഇന്‍ശാ അല്ലാഹ്.

ദുഃഖം തളംകെട്ടി നില്‍ക്കുന്ന അന്തരീക്ഷം. ഞങ്ങളെല്ലാവരുടെയും കണ്‍തടങ്ങള്‍ നിറഞ്ഞൊഴുകി. പക്ഷേ ഉപ്പ കരഞ്ഞില്ല. ഞങ്ങളെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു; ധൈര്യമായിരിക്കൂ, ക്ഷമിക്കൂ...

ബംഗാളി വേഷമായ ജുബ്ബയും മുണ്ടുമായിരുന്നു ഉപ്പയുടുത്തിരുന്നത്. കാറ്റ് സെല്ലിലേക്ക് കടക്കാത്തതിനാല്‍ വിയര്‍ത്ത് നനഞ്ഞ് കുതിര്‍ന്നിരുന്നു. നല്ല ചൂടുള്ള കാലാവസ്ഥ, പുറമെ ഹ്യുമിഡിറ്റിയും. പക്ഷേ ഉപ്പയുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു. ഗാംഭീര്യം തുളുമ്പുന്ന മുഖം. അപ്പോള്‍ അദ്ദേഹത്തെ കാണുന്ന ഒരാള്‍ക്ക് അല്‍പം കഴിഞ്ഞ് തൂക്കുമരത്തിലേക്ക് പോകുന്ന ഒരു മനുഷ്യനാണിതെന്ന് പറയാന്‍ കഴിയില്ല.

അഴികള്‍ക്കിടയിലൂടെ ശരിക്കും ഉപ്പയെ കാണാന്‍ കഴിയാത്തതിനാല്‍ ജയില്‍ വാതില്‍ തുറന്നുതരുമോ എന്ന് ഞങ്ങള്‍ അധികൃതരോട് ചോദിച്ചു. അവര്‍ സമ്മതിച്ചു. ഉപ്പ പുറത്തിറങ്ങി സെല്ലിന് മുമ്പിലുള്ള കോലായില്‍ ഒരു ചെറിയ പ്ലാസ്റ്റിക് കസേരയിലിരുന്നു. ഞങ്ങള്‍ ചുറ്റു വട്ടത്തുമായി നിലത്തിരുന്നു. ഞങ്ങളോരോരുത്തരുടെയും വിശദവിവരങ്ങള്‍ ഉപ്പ ചോദിച്ചറിഞ്ഞുകൊണ്ടിരുന്നു. പിന്നെ പ്രസിഡന്റിന് ദയാഹരജി കൊടുക്കുന്നതിനെ കുറിച്ച് താനെടുത്ത നിലപാട് വിശദീകരിച്ചു. 'ജയില്‍ സൂപ്രണ്ട് എന്നോട് ചോദിച്ചിരുന്നു, പ്രസിഡന്റിന് ദയാഹരജി കൊടുത്തുകൂടേയെന്ന്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ഞാനൊരു കുറ്റവും ചെയ്തിട്ടില്ലെന്നിരിക്കെ ഞാനെന്തിന് മാപ്പപേക്ഷിക്കണം? മാപ്പ് ചോദിച്ചാല്‍ ഞാന്‍ കുറ്റം ചെയ്തു എന്ന് ഫലത്തില്‍ സമ്മതിക്കലാവും. പിന്നെ, മരണവും ജീവിതവുമൊക്കെ അല്ലാഹുവിന്റെ കൈയിലാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ആരാവട്ടെ, എന്നെപ്പോലുള്ള മറ്റൊരു ദൈവദാസനോട് മാപ്പിരന്ന് എന്റെ ഈമാന്‍ നഷ്ടപ്പെടുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇന്നുച്ചക്ക് പോലീസ് ജനറല്‍ സൂപ്രണ്ട് വന്നിരുന്നു. ഒരു കടലാസ് തന്ന് പ്രസിഡന്റിനോട് മാപ്പപേക്ഷിക്കണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചുകൊണ്ടിരുന്നു. ഞാനത് വാങ്ങി അതില്‍ ഇങ്ങനെ എഴുതിക്കൊടുത്തു; നിങ്ങള്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ ഞാന്‍ ചെയ്തിട്ടില്ല, അതിനാല്‍ ഞാന്‍ മാപ്പപേക്ഷിക്കുകയുമില്ല. അല്ലാഹുവിനോടല്ലാതെ മറ്റാരോടും കാരുണ്യം തേടുകയുമില്ല....'

വീണ്ടും നിശ്ശബ്ദതയും ദുഃഖവും തളം കെട്ടിയ അന്തരീക്ഷം. ഞങ്ങളുടെ അസ്വസ്ഥത ശമിപ്പിക്കാന്‍  ഉപ്പ ശ്രമിച്ചുകൊണ്ടിരുന്നു. 

ഞങ്ങള്‍ ഉപ്പയെയും ഉമ്മയെയും ഒറ്റക്കാക്കി പുറത്തേക്ക് പോന്നു. ഉപ്പാക്ക് ഉമ്മാനോട് ഒറ്റക്കെന്തെങ്കിലും പറയാനുണ്ടെകില്‍ ആവട്ടെ എന്നു കരുതി...... അവര്‍ രണ്ടു പേരും അങ്ങോട്ടുമിങ്ങോട്ടും ആശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നതാണ് ഞങ്ങള്‍ കേട്ടത്. ഉമ്മ ഉപ്പയുടെ തോളില്‍ ശക്തമായി അമര്‍ത്തിപ്പിടിച്ച് പറയുന്നുണ്ടായിരുന്നു; അല്ലാഹു അവന്റെ മാര്‍ഗത്തില്‍ നിങ്ങളെ രക്തസാക്ഷിയാക്കി ആദരിച്ചിരിക്കുന്നു. ഞങ്ങളും അല്ലാഹുവിനോട് സാക്ഷിപറയും. താങ്കള്‍ അതീവ ഭക്തനും സത്യസന്ധനുമായിരുന്നു എന്നും ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും. ഉപ്പ ഉമ്മയോട് പറയുന്നുണ്ടായിരുന്നു; നീ ഇനി കുടുംബത്തില്‍ ഉപ്പയും ഉമ്മയുമാണ്. നമ്മുടെ കുട്ടികള്‍ക്കെല്ലാവര്‍ക്കും എനിക്ക് പകരമുള്ളത് ഇനി നീയായിരിക്കും....

ഞങ്ങള്‍ വീണ്ടും ഒന്നിച്ചിരുന്നു. ഉപ്പ ഞങ്ങള്‍ക്ക് അവസാനത്തെ വസ്വിയ്യത്ത് നല്‍കാന്‍ തുടങ്ങി. അല്ലാഹുവിന്റെയും പ്രവാചകന്റെയും നിര്‍ദേശങ്ങള്‍ പാലിച്ചു വേണം നിങ്ങള്‍ ജീവിക്കാന്‍. ഉമ്മയെ നല്ലവണ്ണം നോക്കണം. അവരിലാണ് ഇനി നിങ്ങള്‍ എന്നെ കാണേണ്ടത്. നിങ്ങള്‍ അല്ലാഹുവിന്റെ സ്വിറാത്തുല്‍ മുസ്തഖീമില്‍ സഞ്ചരിക്കുമ്പോള്‍ നിങ്ങളുടെ ഉമ്മ നിങ്ങള്‍ക്കെല്ലാവര്‍ക്കും എനിക്ക് പകരമായുണ്ടാവും.

മറ്റുള്ളവരോട് എന്നെക്കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍ എങ്ങനെയാണോ എന്നെ അനുഭവിച്ചിരുന്നത് അങ്ങനെയേ പറയാവൂ, കൂട്ടിപ്പറയരുത്.... ഞാന്‍ നിങ്ങള്‍ക്കിടയില്‍ 75 വര്‍ഷം ജീവിച്ചു. എന്റെ പല കുടുംബക്കാരും സുഹൃത്തുക്കളും എന്നെപ്പോലെ ജീവിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്തവരാണ്. അതുപോലെ നിങ്ങള്‍ മറ്റു പല മക്കള്‍ക്കും കിട്ടിയതിനേക്കാള്‍ കൂടുതല്‍ കാലം നിങ്ങളുടെ ഉപ്പയുടെ കൂടെ ജീവിച്ചവരാണ്.... ജീവിതവും മരണവുമൊക്കെ അല്ലാഹുവിന്റെ കൈയിലാണെന്ന് നിങ്ങള്‍ ഉറച്ചു വിശ്വസിക്കണം. ഇന്ന് രാത്രി ഞാന്‍ മരിക്കുമെന്ന് അല്ലാഹു തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കിടയില്‍ വീട്ടിലാണെങ്കിലും മരിച്ചിരിക്കും. അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിങ്ങള്‍ വലിയ പ്രതീക്ഷ പുലര്‍ത്തുക. അവന്റെ നന്ദിയുള്ള അടിമകളില്‍ ഉള്‍പ്പെടുകയും ചെയ്യുക. 

ഞങ്ങള്‍ പേരക്കുട്ടികളെ അദ്ദേഹത്തിന്റെ അടുത്തേക്ക് നിര്‍ത്തി. ഉപ്പയുടെ പേരാണ് അവര്‍ക്കിട്ടിരിക്കുന്നത്. അവര്‍ അദ്ദേഹത്തെപ്പോലെയാവാന്‍ പ്രാര്‍ഥിക്കണമെന്ന് ഉപ്പയോട് പറഞ്ഞു. പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മറുപടി; ഇവര്‍ എന്നേക്കാളും വളരട്ടെയെന്നും പ്രവാചകന്റെയും സ്വഹാബത്തിന്റെയും പാതയില്‍ സഞ്ചരിക്കട്ടെയെന്നും ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു. എന്നിട്ട് ഒരു പണ്ഡിതന്റെയും അദ്ദേഹത്തിന്റെ മകന്റെയും കഥ പറഞ്ഞു തന്നു. പണ്ഡിതന്‍ മകനോട് ചോദിച്ചു: 'ജീവിതത്തില്‍ നിന്റെ ഏറ്റവും വലിയ ലക്ഷ്യം എന്താണ്?' മകന്‍ പറഞ്ഞു: 'ഉപ്പയെപ്പോലെ ഒരു വലിയ പണ്ഡിതനാകണമെന്നാണ് എന്റെ ആഗ്രഹം.' മകന്റെ മറുപടി കേട്ടതും ഉപ്പ കരഞ്ഞു. എന്തേ കരഞ്ഞതെന്ന് ചോദിച്ച മകനോട് ഉപ്പയുടെ മറുപടി, നിന്റെ പ്രായത്തില്‍ ഞാന്‍ ആഗ്രഹിച്ചിരുന്നത് വിജ്ഞാനത്തിലും തഖ്‌വയിലും ഞാന്‍ അലി(റ)യെ പോലെ ആകണമെന്നായിരുന്നു. അലി(റ)യും ഞാനും തമ്മില്‍ എത്ര വലിയ വ്യത്യാസമുണ്ടെന്ന് നിനക്കറിയാമല്ലോ.

പിന്നെ എന്റെ ജ്യേഷ്ഠ സഹോദരന്‍ മുഅ്മിനിനെപറ്റി ഉപ്പ പറഞ്ഞു. അവന്‍ എന്നേക്കാളും വിവരമുള്ളവനാണ്. പല വിഷയങ്ങളിലും റഫറന്‍സുകളും തെളിവുകളും എനിക്ക് നല്‍കിയിരുന്നത് അവനായിരുന്നു. 

ഉപ്പാക്കു വേണ്ടി വളരെയൊന്നും ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ലായെന്ന് ഞങ്ങള്‍ സങ്കടപ്പെട്ടപ്പോള്‍ അദ്ദേഹം ഞങ്ങളെ ആശ്വസിപ്പിച്ചു. നമ്മളൊക്കെ മനുഷ്യരാണ്. നമുക്ക് കഴിയുന്നത് നാം ചെയ്യുന്നു. അല്ലാഹുവിന്റെ അടുത്ത് മാത്രമാണ് എല്ലാ കാര്യങ്ങളും, എന്നും. ഞാന്‍ ഇതിനു മുമ്പ് ഒരുപക്ഷേ മരിക്കുമായിരുന്നു. പക്ഷേ ഞാന്‍ ഭാഗ്യവാനാണ്. അല്ലാഹു അവന്റെ മാര്‍ഗത്തില്‍ എനിക്ക് രക്തസാക്ഷിത്വം നല്‍കി അനുഗ്രഹിച്ചു. 

പിന്നെ ഉപ്പ, തനിക്കു വേണ്ടി കൂടെ നിന്ന എല്ലാവര്‍ക്കും സലാം പറയാന്‍ തുടങ്ങി. ഉമ്മത്തിലെ പണ്ഡിത•ാര്‍ക്കും ഇസ്‌ലാമിക പ്രസ്ഥാന നേതാക്കള്‍ക്കും സലാം പറഞ്ഞു. അവരോടൊക്കെ തന്റെ നന്ദി അറിയിക്കാന്‍ വസ്വിയ്യത്ത് ചെയ്തു. തന്റെ രക്തസാക്ഷ്യം സ്വീകരിക്കാന്‍ അവരോട് പ്രാര്‍ഥിക്കാന്‍ പറയണം. അപ്പോള്‍ ഉമ്മ പറഞ്ഞു: അല്ലാഹു താങ്കളെ ഈ ദുന്‍യാവില്‍ ആദരിച്ചിട്ടുണ്ട്. ആഖിറത്തിലും അവന്‍ ആദരിക്കുകതന്നെ ചെയ്യും. അത് ശരിവെച്ചുകൊണ്ട് ഉപ്പ പറഞ്ഞു: ഒരു ഗ്രാമത്തില്‍ സാധാരണ മനുഷ്യനായി ജീവിച്ച ഒരാളായിരുന്നു ഞാന്‍. ലോകം മുഴുവന്‍, അവരില്‍ വലിയ പണ്ഡിതന്മാരുണ്ട്, അല്ലാഹുവിന്റെ ഏറ്റവും വലിയ ഭക്തരുണ്ട്, ലക്ഷക്കണക്കിന് മനുഷ്യരുണ്ട് - അവരൊക്കെയും എന്റെ കൂടെ നിന്നു. എന്നോട് അനുഭാവം പ്രകടിപ്പിച്ചു. എനിക്കുവേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു. എനിക്കും ഇവിടെ എന്റെ സഹോദരന്മാര്‍ക്കും സംഭവിച്ച കാര്യങ്ങളില്‍ ദുഃഖിച്ചു. എന്തിനേറെ പ്രധാനമന്ത്രി ഹസീന തുര്‍ക്കിയില്‍ നടന്ന ഇസ്‌ലാമിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് പിന്മാറിയത്, അവിടെ വെച്ച് ലോകനേതാക്കള്‍ എന്നെ ജയിലില്‍നിന്ന് മോചിപ്പിക്കുന്ന കാര്യം അവരോട് സംസാരിക്കുമെന്ന് പേടിച്ചായിരുന്നു.

നമ്മെ എല്ലാവരെയും ഫിര്‍ദൗസില്‍ വീണ്ടും ഒരുമിച്ചുകൂട്ടാന്‍ അല്ലാഹുവിനോട് ഉപ്പ പ്രാര്‍ഥിക്കണമെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ മറുപടി പെട്ടെന്നായിരുന്നു. നിങ്ങള്‍ സ്വിറാത്തുല്‍ മുസ്തഖീം മുറുകെ പിടിക്കണം. എന്നാല്‍ നമുക്ക് സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂടാം. അദ്ദേഹം അല്ലാഹുവിലേക്ക് കൈയുയര്‍ത്തി, ഞങ്ങളും കൂടെ ചേര്‍ന്നു. പ്രവാചകന്റെ പ്രാര്‍ഥനകള്‍ ഉപ്പ ഉരുവിട്ടുകൊണ്ടിരുന്നു. പിന്നെ മാതൃഭാഷയില്‍ ദുന്‍യാവിലെയും ആഖിറത്തിലെയും എല്ലാ ന•കളും തനിക്കും കുടുംബത്തിനും തന്റെ രാജ്യത്തിനും മുഴുവന്‍ മുസ്‌ലിംകള്‍ക്കും ഉണ്ടാവാന്‍ വേണ്ടി പ്രാര്‍ഥിച്ചു. എല്ലാ തി•കളില്‍നിന്നും അവരെയൊക്കെ രക്ഷപ്പെടുത്താനും. 

ഒരു ഡോക്ടറായതുകൊണ്ട് പല മരണങ്ങളും ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. മരണമടുത്താല്‍ ഒരാള്‍ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയാം. അയാളുടെ നിറം മാറും. ഭയന്നു വിറക്കും. കുറച്ച് നിമിഷം കൂടി ജീവിക്കാനായെങ്കിലെന്ന് വല്ലാതെ കൊതിക്കും. എന്നാല്‍ ഞാനിപ്പോള്‍ തീര്‍ത്തും വേറിട്ട ഒരനുഭവത്തിന്റെ മുന്നിലാണ്...... ഉപ്പ അതിശയകരമായ ഒരു ചോദ്യം ഞങ്ങളോട് ചോദിക്കുന്നു: തൂക്കുമരത്തിലേക്ക് പോകുമ്പോള്‍ ഞാന്‍ ഏതു വസ്ത്രമാണ് ധരിക്കേണ്ടതെന്നാണ് നിങ്ങളുടെ അഭിപ്രായം? ഞങ്ങളുടെ ചോര ധമനികളില്‍ കട്ടപിടിച്ചപോലെ...... എന്റെ സഹോദരന്‍ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു: ഉപ്പ പരമ്പരാഗത കുര്‍ത്തയും ജുബ്ബയും അണിഞ്ഞാല്‍ മതി. പേടിയുടെയോ നിരാശയുടെയോ ദുഃഖത്തിന്റെയോ ചെറിയൊരംശം പോലും അദ്ദേഹത്തിന്റെ അടുത്തെങ്ങുമെത്തിയിട്ടില്ല. ഈമാനുള്ള ഹൃദയം, സമാധാനമുള്ള മനസ്സ്, അല്ലാഹുവിനെ കണ്ടുമുട്ടാന്‍ പൂതിവെച്ചിരിക്കുന്ന ആത്മാവ്. ഞങ്ങള്‍ മുന്നില്‍ കാണുന്നത് അങ്ങനെയൊരാളെയാണ്.

അദ്ദേഹം ആത്മീയതയുടെ (റൂഹാനിയ്യത്ത്) അത്യുന്നതങ്ങളില്‍ കഴിയുന്ന നിമിഷങ്ങളായിരുന്നു അത്. അതിശയകരമായ മറ്റൊരു ചോദ്യം കൂടി ഉപ്പ ചോദിച്ചു: എന്റെ ജനാസയില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ആരൊക്കെയാണ് സാതിയയിലേക്ക് (ഞങ്ങളുടെ ഗ്രാമം) പോകുന്നത്? ഞാനും സഹോദരന്‍ മുഅ്മിനും മറുപടി പറഞ്ഞു. സാധാരണപോലെ ആ പിതൃ ഹൃദയം ഏതൊരു യാത്രയിലും ഞങ്ങളോട് പറയാറുള്ളതുപോലെ പറഞ്ഞു: സൂക്ഷിച്ചു പോകണം. മിതോയെയും (സെക്രട്ടറി) കൂടെ കൂട്ടണം...... രാത്രിയാണെങ്കില്‍ ഉമ്മയെ കൊണ്ടുപോകേണ്ട. മോനേ മുഅ്മിന്‍, നീ മയ്യിത്ത് നമസ്‌കാരത്തിന് ഇമാം നില്‍ക്കുമ്പോള്‍ ജുബ്ബയും പൈജാമയും ധരിച്ചാല്‍ മതി. അപ്പോള്‍ പാന്റ്‌സും ഷര്‍ട്ടുമായിരുന്നു മുഅ്മിന്റെ വേഷം.

പിന്നെ ഉപ്പ വസ്വിയ്യത്തുകള്‍ ആവര്‍ത്തിച്ചു. അല്ലാഹുവിനെ രഹസ്യമായും പരസ്യമായും സൂക്ഷിക്കുക. ജയിലില്‍ വെച്ച് രണ്ട് പുസ്തകങ്ങള്‍ എഴുതിയിരുന്നു ഉപ്പ. ഒന്ന്: 'പ്രവാചക ജീവിതം ഖുര്‍ആന്റെ വെളിച്ചത്തില്‍.' രണ്ട്: 'ജീവിത മര്യാദകള്‍.' മുമ്പ് എഴുതിയ 'വിശ്വാസികളുടെ ജീവിതം ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍' എന്ന കൃതിയും ഈ പുസ്തകങ്ങളും വായിക്കാന്‍ ഉപദേശിച്ചു.

ഞങ്ങളുടെ കൊച്ചനുജത്തി മുഹ്‌സിനയോട് ഉപ്പ പ്രത്യേകം പറഞ്ഞു: 'നീയാണ് എന്റെ ചെറിയ കുട്ടി. നീയാണ് എന്നെ ആദ്യമായി അബ്ബു എന്ന് വിളിച്ചത്. നീ ക്ഷമാപൂര്‍വം കഴിയണം. അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കണം. ബേജാറാവരുത്.'

ഇതും പറഞ്ഞ് ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉപ്പ കൂടിക്കാഴ്ച അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞു: 'ഇനി നിങ്ങള്‍ പോയ്‌ക്കോളൂ. നിങ്ങള്‍ ധീരമായി പോകുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.' ഞങ്ങള്‍ ഉപ്പയെ ആലിംഗനം ചെയ്തു. കൈകൊടുത്തു. ചിരിച്ചുകൊണ്ട് അദ്ദേഹത്തിന് ജീവനോടെ നല്‍കിയ ഹസ്തദാനം നാളെ രക്തസാക്ഷിത്വത്തിന്റെ കുപ്പായമണിഞ്ഞ് അദ്ദേഹത്തെ സ്വീകരിക്കാന്‍ വേണ്ടി. 

ഇന്നലെ ഞങ്ങള്‍ യാത്രയാക്കിയ അതേ ശാന്തമായ മുഖമാണ് ഞങ്ങള്‍ പിന്നീട് സ്വീകരിച്ചത്. മൂക്കില്‍നിന്ന് രക്തം വന്നിരുന്നു എന്നതൊഴിച്ചാല്‍ ഒരു മാറ്റവുമില്ല. ഉപ്പാ... അല്ലാഹു അങ്ങയോട് കരുണ കാണിക്കട്ടെ... അങ്ങയുടെ ത്യാഗങ്ങള്‍ വെറുതെയാവില്ല, ഇന്‍ശാ അല്ലാഹ്.

ഞങ്ങള്‍ ജയിലില്‍നിന്ന് പുറത്തു കടന്നപ്പോള്‍ പൂച്ചയും പുറത്തിറങ്ങി. അതതിന്റെ ദൗത്യം നിര്‍വഹിച്ച പോലെ. ഒരു പൂച്ച പോലും അതിന്റെ ദൗത്യം നിര്‍വഹിക്കുന്നു. നമ്മള്‍ മനുഷ്യരോ? നിരപരാധികളായ മനുഷ്യര്‍ തൂക്കിലേറ്റപ്പെടുമ്പോള്‍ അതൊക്കെ അവഗണിച്ചു കഴിയുന്നു..! 


Comments

Other Post

ഹദീസ്‌

ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം
അബൂമിശ്അല്‍ കുന്നമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ-24/ അന്നൂര്‍/ 34-35
എ.വൈ.ആര്‍