Prabodhanm Weekly

Pages

Search

2016 ജൂണ്‍ 24

2957

1437 റമദാന്‍ 19

നിശ്ചയദാര്‍ഢ്യത്തിന്റെ, ചലനാത്മകതയുടെ പര്യായമാണ് ബദ്ര്‍

താജ് ആലുവ

മനസ്സാണ് ശരീരത്തിന്റെ സകല പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നതെന്നത് നമുക്കാര്‍ക്കും പറഞ്ഞുതരേണ്ട കാര്യമില്ല. മനസ്സിന്റെ ശക്തിയാണ് ശരീരത്തിന്റെ ദുര്‍ബലാവസ്ഥകളെപ്പോലും അതിജയിക്കാന്‍ നമ്മെ സഹായിക്കുന്നത്. വ്യക്തികള്‍ക്കെന്ന പോലെ സമൂഹങ്ങള്‍ക്കും ബാധകമാണീ  തത്ത്വം. അടിയുറച്ച വിശ്വാസവും അചഞ്ചലമായ നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ആയുധബലവും ആള്‍ബലവും നിഷ്പ്രഭമായിപ്പോകുന്ന രംഗങ്ങള്‍ എത്രയോ നമുക്ക് ചരിത്രത്തില്‍നിന്ന് വായിച്ചെടുക്കാം. അല്ലെങ്കിലും, ആദര്‍ശപരമായി ഉള്‍ക്കരുത്തുള്ള എത്രയെത്രെ ചെറിയ സംഘങ്ങളാണ് സര്‍വായുധവിഭൂഷിതരായ വന്‍സൈന്യങ്ങളെ കീഴടക്കിയിട്ടുള്ളത്! 

വിശ്വാസിസമൂഹത്തെ സംബന്ധിച്ചേടത്തോളം എന്നും ആശ്വാസമാണ് ബദ്ര്‍. ഒരുപാട് രോദനങ്ങളും വിലാപങ്ങളും സ്വഭാണ്ഡത്തില്‍ പേറിക്കൊണ്ടാണ് ഓരോ റമദാനെയും അവര്‍ വരവേല്‍ക്കുന്നത്. പക്ഷേ, തളരാതിരിക്കാനും പിടിച്ചുനില്‍ക്കാനും അവര്‍ക്ക് അസാമാന്യമായ കെല്‍പേകുന്നു ബദ്ര്‍ ചിന്തകള്‍. അധികാരത്തിന്റെ ചെങ്കോലുകളേന്തിയ അക്രമികളുടെ കുതന്ത്രങ്ങളെ നേരിടാനാകാതെ വലയുമ്പോഴും,  അവര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്, അനന്തമജ്ഞാതമവര്‍ണനീയമായ ഈ അണ്ഡകടാഹത്തിലെ ഏതോ ഒരു കോണില്‍ ഒരിത്തിരി അധികാരം സ്ഥാപിച്ച് താനാണ് സകല ലോകങ്ങളുടെയും തമ്പുരാനെന്ന് മേനി ചമയുന്നവരിലല്ല, മറിച്ച് സര്‍വചരാചരങ്ങളുടെയും അധിപനായ പടച്ചതമ്പുരാന്റെ കാവലിലും കരുതലിലുമാണ്. എണ്ണത്തിലും വണ്ണത്തിലും കുറവാണെന്ന ചിന്ത അവരെ മഥിക്കുമ്പോഴൊക്കെ,  അല്‍പം പോലും പതറാതെ മുന്നോട്ടുതന്നെ ഗമിക്കാനവരെ പ്രേരിപ്പിക്കുന്നത് പ്രതിസന്ധി ഘട്ടത്തില്‍ ആകാശലോകത്തിന്റെ വാതിലുകള്‍ മലര്‍ക്കെത്തുറന്ന് പുറത്തിറങ്ങുന്ന മാലാഖമാരുടെ സാമീപ്യവും സാന്നിധ്യവുമാണ്. തങ്ങളില്‍ ദൗര്‍ബല്യങ്ങളും പോരായ്മകളുമൊക്കെയുണ്ടെന്നറിയുമ്പോഴും, അതൊക്കെ മറികടക്കാനും പഴയപ്രതാപം തിരിച്ചുപിടിക്കാനും സാധിക്കുമെന്ന് ബദ്ര്‍ അവരെ ഓര്‍മിപ്പിക്കുന്നു. എല്ലാം പൊറുക്കുന്ന ഒരു റബ്ബുണ്ടായിരിക്കെ, അവനിലേക്ക് തിരികെചെല്ലുമെന്ന ആത്മാര്‍ഥമായ ഒരു പ്രതിജ്ഞ മാത്രം മതിയല്ലോ സകലശക്തിയും വീണ്ടെടുക്കാന്‍! 

അലസത മുഖമുദ്രയാക്കിയവന് ബദ്ര്‍ ഒന്നും നല്‍കുന്നില്ല. അത് പ്രവര്‍ത്തിക്കാനുള്ള പ്രചോദനമാണ്, മുന്നോട്ട് ഗമിക്കാനുള്ള കൊടിയടയാളമാണ്, എന്തും നേരിടാനുള്ള ഇഛാശക്തിയാണ്, ആരെതിര്‍ത്താലും വേണമെങ്കില്‍ ഒറ്റക്ക് പോരാടുമെന്ന പ്രതിജ്ഞയാണ്. ചരിത്രം വഴിമുട്ടിനില്‍ക്കുന്ന ഘട്ടത്തില്‍ അതിനെ വഴിതിരിച്ചുവിടാനുള്ള വിശ്വാസദാര്‍ഢ്യം പ്രകടിപ്പിക്കുന്നവര്‍ക്ക് മാതൃകയാണ് ബദ്‌രീങ്ങള്‍. അതിജീവനത്തിന് അര്‍ഹത നേടിയെടുക്കണമെങ്കില്‍ സ്വന്തം വിശ്വാസത്തിന് ജീവനേക്കാള്‍ വിലകല്‍പിക്കണമെന്ന പാഠം അവര്‍ ഓതിത്തരുന്നു. ഭൂമിയില്‍ പാദങ്ങള്‍ ഉറപ്പിച്ചുനിറുത്തുമ്പോള്‍തന്നെ, ആകാശലോകത്തേക്ക് കയറിപ്പോകാന്‍ സാധിക്കുമാറുള്ള ആത്മീയചൈതന്യം മനസ്സില്‍ സന്നിവേശിപ്പിച്ചവരുടെ ബദ്‌റാണ് നമുക്ക് പാഠമാകേണ്ടത്. അതിനാലാണല്ലോ, യുദ്ധത്തലേന്ന് അപ്പുറത്ത് ശത്രുക്യാമ്പില്‍ കൊട്ടും കുരവയും പാട്ടും കൂത്തും നിര്‍ബാധം നടക്കുമ്പോള്‍, ഇപ്പുറത്ത് നിശയുടെ അന്ത്യയാമത്തില്‍ നിദ്രാവിഹീനരായി, പരമസാത്വികരായി, ദൈവത്തോട് കേണപേക്ഷിച്ചവര്‍, പിറ്റേന്ന് യുദ്ധക്കളത്തില്‍ പറക്കും കുതിരകളായി മാറിയത്. അപ്പോഴും, അല്ലാഹു അവരെ ഓര്‍മിപ്പിച്ചത് ഒന്നു മാത്രം; വാസ്തവത്തില്‍ നിങ്ങളല്ല എയ്തത്, മറിച്ച് നമ്മുടെ ആവനാഴിയില്‍നിന്നാണ് ആ അമ്പുകള്‍ ചീറിപ്പാഞ്ഞത്, നമ്മുടെ കരങ്ങളില്‍ നിന്നാണാ വാളുകള്‍ ഇടിനാദം മുഴക്കിയത്, നമ്മുടെ പക്കല്‍നിന്നാണ് മിന്നല്‍പ്പിണര്‍ പോലെ ആ വാരിക്കുന്തങ്ങള്‍ പാഞ്ഞുപോയത്! നിങ്ങള്‍ വെറും നിമിത്തങ്ങളായിരുന്നു. അതേ, ദൈവമാര്‍ഗത്തില്‍ പൂര്‍ണമായും സമര്‍പ്പിക്കുമ്പോള്‍, അവന്റെ പ്രീതിയും അവന്റെ വചനത്തിന്റെ ഉന്നതിയും മാത്രം ലക്ഷ്യമായി മാറുമ്പോള്‍, നിങ്ങളെറിയേണ്ടിവരില്ല, നിങ്ങള്‍ക്കു വേണ്ടി എറിയാന്‍ വാനലോകത്തുനിന്ന് വരിവരിയായി മാലാഖമാര്‍ ഇറങ്ങിവരും, അവര്‍ നിങ്ങളുടെ മുമ്പിലും പിമ്പിലും ഉണ്ടാകും. നിങ്ങള്‍ മനസ്സും ശരീരവും കൊണ്ട് അവിടെ സജീവമായി 'ഉണ്ടായാല്‍' മാത്രം മതിയാകും!  

വിശ്വാസം അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതിന് സാക്ഷിയായിരുന്നല്ലോ ബദ്ര്‍ രണാങ്കണം. അല്ലാഹുവിന്റെ വാഗ്ദാനത്തില്‍ വിശ്വാസമര്‍പ്പിച്ച്, രണ്ടും കല്‍പിച്ച് പോരിനിറങ്ങിയ ഒരു ചെറുസംഘത്തിന് എങ്ങനെയെല്ലാം ദൈവസഹായം കൈവന്നുവെന്നത് കാണേണ്ട കാഴ്ച തന്നെയായിരുന്നു. ചെറിയ മഴയുടെ രൂപത്തില്‍ യുദ്ധഭൂമിയെ പാകപ്പെടുത്തിക്കൊടുത്തു, യുദ്ധത്തലേന്ന് സുഖകരമായ മയക്കം നല്‍കി മുഴുവന്‍ ടെന്‍ഷനും എടുത്തുകളഞ്ഞു, ശത്രുസംഘത്തെക്കുറിച്ച കൃത്യമായ വിവരങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കോണുകളില്‍നിന്നുവരെ ലഭ്യമാക്കിക്കൊടുത്തു. സര്‍വോപരി, കൂടെപ്പൊരുതാന്‍ മലക്കുകളുടെ സര്‍വായുധസജ്ജരായ ഒരു സൈന്യം! ഇതുപോരേ, കാലാന്തരങ്ങളില്‍ ദൈവികമാര്‍ഗത്തില്‍ ചരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാവുന്ന അനന്യമായ ദൈവികസഹായത്തിന് ഉദാഹരണമായി! 

സ്വന്തം കഴിവുകളില്‍ മാത്രം വിശ്വാസമര്‍പ്പിച്ചുകൊണ്ട് സത്യവിശ്വാസികളുടെ സമൂഹത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന പാഠവും ബദ്ര്‍ നല്‍കുന്നു. ഏത് ഘട്ടത്തിലും തുണയായി അല്ലാഹുവിനെ നാം മുറുകെപ്പിടിക്കേണ്ടതുണ്ട്. പൈശാചിക പ്രലോഭനങ്ങളില്‍ കുടുങ്ങിയ ശത്രുസൈന്യം വിചാരിച്ചത് നേരെ തിരിച്ചാണ്. ആള്‍ബലത്തിലും ആയുധബലത്തിലും ഈ ചെറുസംഘത്തേക്കാള്‍ എന്തുകൊണ്ടും മികച്ചത് തങ്ങള്‍തന്നെ, അതിനാല്‍ പരാജയപ്പെടുന്ന പ്രശ്‌നമില്ല. കച്ചവടസംഘം രക്ഷപ്പെട്ട സ്ഥിതിക്ക് വേണമെങ്കില്‍ ഒരു ഘട്ടത്തില്‍ ഒഴിവാക്കാമായിരുന്ന യുദ്ധം, അഹങ്കാരത്താല്‍ മതിമറന്ന അവര്‍ മുന്നോട്ടുകൊണ്ടുപോവുകതന്നെയായിരുന്നു. പക്ഷെ, ബദ്ര്‍ അവരുടെ നട്ടെല്ലൊടിച്ചു. ഖുറൈശിപ്രമുഖരുടെ ഒരു നീണ്ട നിരതന്നെ ഈ നിര്‍ണായക യുദ്ധത്തോടെ ഇല്ലാതായി. അഹങ്കാരം വരുത്തിവെച്ച വിന. എന്നും എവിടെയും മനുഷ്യസമൂഹം ഉള്‍ക്കൊള്ളേണ്ട അതിമഹത്തായ പാഠം. 

ബദ്ര്‍ വ്യതിരിക്തമാകുന്ന മറ്റൊരിടം, അത് മനുഷ്യ സൃഷ്ടിപ്പിനു ശേഷം ശപിക്കപ്പെട്ട പിശാചും അവന്റെ അനുയായികളും ഒരു ഭാഗത്തും മാലാഖമാരിലെ സചിവോത്തമന്‍ ജിബ്‌രീലും (അ) ഉത്തമ ദൈവദാസന്മാരും മറുഭാഗത്തും നേരിട്ട് അണിനിരന്ന ആദ്യത്തെയും അവസാനത്തെയും സംഘട്ടനമാണെന്നതാണ്. മാനവചരിത്രം കൃത്യമായി വേര്‍തിരിഞ്ഞ സുദിനം. ശരിക്കും ആ രംഗത്തെക്കുറിച്ചൊന്നാലോചിച്ചുനോക്കുക: ഇബ്‌ലീസ് സ്വന്തം നിലക്ക് നേരിട്ടിടപെട്ട ഒരു യുദ്ധം. അബൂജഹ്‌ലിനെയും ഉമയ്യത്തിനെയും ഉത്ബയെയും ശൈബയെയുമൊക്കെ 'ഇന്നീ ജാറുന്‍ ലകും' (ഞാന്‍ നിങ്ങളുടെ തുണക്കാരനായി ഉണ്ടാകും) എന്ന് പ്രതീക്ഷ കൊടുത്ത് ആനയിച്ചുകൊണ്ടുവരുന്നു. മറുഭാഗത്ത്, ജിബ്‌രീലി(അ)ന്റെ നേതൃത്വത്തില്‍ മലക്കുകളുടെ വന്‍നിരയെ അവരെ പ്രതിരോധിക്കുന്നതിനു വേണ്ടി പ്രവാചകന്നും (സ) അനുയായികള്‍ക്കും വേണ്ടി അല്ലാഹു ആകാശലോകത്തുനിന്ന് യുദ്ധരംഗത്തേക്ക് നേരിട്ടിറക്കിക്കൊടുക്കുന്നു. അങ്ങനെ അന്ന് ബദ്ര്‍ താഴ്‌വരയില്‍ മിഥ്യയുടെ ചെളിക്കുണ്ടില്‍നിന്ന് സത്യം ഉദയമെടുത്തു. അതായിരുന്നു 'യൗമുല്‍ ഫുര്‍ഖാന്‍'. കാരണം ഇസ്‌ലാം  ചരിത്രത്തില്‍ വേരുറപ്പിച്ചത് ബദ്‌റിലൂടെയാണ്. വാസ്തവത്തില്‍ മക്കാ വിജയത്തിന്റെ അസ്ഥിവാരമിട്ടത് അന്നാണ്. ജിബ്‌രീലും ഇബ്‌ലീസും ഇങ്ങനെ നേരിട്ടേറ്റുമുട്ടിയ ദിനം വേറെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അന്ന് 'ഇന്നീ അറാ മാലാ തറൗന്‍.... ഇന്നീ അഖാഫുല്ലാഹ്..' (നിങ്ങള്‍ കാണാത്തത് ഞാന്‍ കാണുന്നു, അല്ലാഹുവിനെ ഞാന്‍ ഭയപ്പെടുന്നു) എന്നു പറഞ്ഞ് രംഗം വിട്ട പിശാച്, ഇനിയൊരിക്കല്‍ കൂടി സമാനമായ വഞ്ചനയുടെ വര്‍ത്തമാനം നേരിട്ട് പറയുന്ന രംഗം നാളെ പരലോകത്ത് വിചാരണനാളിലായിരിക്കും. ചിന്തിക്കുന്ന മനുഷ്യന് ഇതില്‍പരം ഉദ്‌ബോധനം വേറെയുണ്ടോ?

വ്യക്തിപരമായി ഓരോ സത്യവിശ്വാസിക്കും ബദ്ര്‍ ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. യുദ്ധരംഗത്ത് മലക്കുകളെ ഉപയോഗിച്ച് വിശ്വാസികളുടെ ചെറുസംഘത്തെ സഹായിച്ച അല്ലാഹു, നമ്മുടെ ഒറ്റക്കൊറ്റക്കുള്ള പ്രവര്‍ത്തനമേഖലകളിലും സഹായവുമായെത്തും, അതേ മാലാഖമാരെ ഉപയോഗിച്ചുകൊണ്ട്. നാം ആത്മാര്‍ഥമായി അല്ലാഹുവിന്റെ പാതയില്‍ ഉറച്ചുനില്‍ക്കുക, അവന്റെ വചനത്തിന്റെ ഉന്നതിക്കു വേണ്ടി ത്യാഗപരിശ്രമങ്ങളര്‍പ്പിക്കുക. എങ്കില്‍, സൂറത്ത് ഫുസ്സ്വിലത്തില്‍ സൂചിപ്പിച്ചതുപോലെ, ''തങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പറയുകയും പിന്നീട് അതില്‍ നേരെ ചൊവ്വെ നിലകൊള്ളുകയും ചെയ്തവരുടെ മേല്‍ മാലാഖമാര്‍ ഇറങ്ങിവരികയും 'നിങ്ങള്‍ പേടിക്കേണ്ടതില്ല, ദു:ഖിക്കേണ്ടതില്ല, വാഗ്ദത്തം ചെയ്യപ്പെട്ട സ്വര്‍ഗം കൊണ്ട് സന്തോഷമുള്‍ക്കൊള്ളുവിന്‍' എന്നവരോട് പറയപ്പെടുകയും ചെയ്യും.'' സത്യവിശ്വാസിയുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഈ ബോധ്യത്തിന് കഴിയും. നിര്‍ഭയത്വവും മനസ്സമാധാനവുമാണ് അതിന്റെ കാതല്‍. മാലാഖമാര്‍ സഹായത്തിനുള്ളവരെ ആര്‍ക്ക് ഭയപ്പെടുത്താന്‍ സാധിക്കും? അവര്‍ക്കെങ്ങനെ ദുഃഖിച്ചിരിക്കാന്‍ സാധിക്കും, കര്‍മകുശലതയുടെ രാജവീഥിയിലൂടെ ത്വരിതഗമനം നടത്തുകയല്ലാതെ! 

ദൈവമാര്‍ഗത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുകയല്ലാതെ അതിജീവനത്തിന് വേറെ വഴിയില്ലെന്ന പാഠം കൂടി ബദ്ര്‍ നമ്മെ പഠിപ്പിക്കുന്നു. യുദ്ധത്തിലേക്ക് മക്കയിലെ മൂഢ വിശ്വാസികളെ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടുവന്ന പിശാച് പോലും മുസ്‌ലിം സൈന്യത്തിന്റെ ഐകമത്യഭാവം കണ്ട് അമ്പരന്നു പോകുന്നുണ്ട്. 'നിങ്ങള്‍ കാണാത്തത് ഞാന്‍ കാണുന്നു' എന്ന മൊഴിയിലൂടെ യുദ്ധ രംഗത്തുനിന്ന് ഓടിപ്പോയ ഇബ്‌ലീസിന് പറയാനുണ്ടായ നിരാശയുടെ വര്‍ത്തമാനം മാലാഖമാരുടെ സാന്നിധ്യത്തെക്കുറിച്ച് മാത്രമല്ല, ഒരാളെ പത്താളായി കാണുന്ന സംഘബലത്തിന്റെ കാഴ്ചയെക്കുറിച്ച് കൂടിയാണ്. എവിടെ നാം ഒന്നിക്കുന്നുവോ, അവിടെ ഒന്നും ഒന്നും രണ്ടല്ല, പതിനൊന്നാണ് എന്ന സിനര്‍ജിയുടെ തത്ത്വം ബദ്ര്‍ മുന്നോട്ടുവക്കുന്നുണ്ട്. മനസ്സുകള്‍ അകലുകയും ഓരോരോരുത്തരും താന്താങ്ങളുടെ വഴികള്‍ തേടുകയും ചെയ്താല്‍ നിങ്ങളുടെ കാറ്റുപോകുമെന്ന് സര്‍വശക്തന്‍ താക്കീത് നല്‍കുന്നുണ്ടല്ലോ. അത് മുന്നില്‍കണ്ടായിരിക്കണം, യുദ്ധത്തിനു മുമ്പ് വിശാലമായ കൂടിയാലോചനയിലൂടെ മുഹാജിറുകളെയും അന്‍സ്വാറുകളെയും അതിഭദ്രമായ പ്രതിജ്ഞയെടുപ്പിക്കാന്‍ പ്രവാചകന്‍ (സ) മുതിര്‍ന്നത്. മിഖ്ദാദുബ്‌നു അംറ് മുഹാജിറുകളുടെ പ്രതിനിധിയായിക്കൊണ്ട് തങ്ങള്‍ മൂസാ പ്രവാചകന്റെ അനുയായികളെപ്പോലെ ആവില്ലെന്നും താങ്കളുടെയും താങ്കളുടെ റബ്ബിന്റെയും കൂടെ പൊരുതാന്‍ ഒപ്പമുണ്ടാകുമെന്നും ഉറപ്പിച്ചുപറഞ്ഞപ്പോള്‍, നീന്തലറിയാത്ത ഞങ്ങളെയും കൊണ്ട് കടല്‍ കടക്കാനാണ് താങ്കള്‍ ആവശ്യപ്പെടുന്നതെങ്കില്‍ അതിനും ഞങ്ങള്‍ തയാറാണെന്ന് പ്രഖ്യാപിച്ചു അന്‍സ്വാറുകളുടെ നേതാവ് സഅ്ദുബ്‌നു മുആദ്. ഇവര്‍ പിന്നെ എങ്ങനെ വഴിപിരിയും? സുഭദ്രമായ കോട്ട കണക്കെ അണിയണിയായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവര്‍ക്ക് മുന്നേറാന്‍ സാധിച്ചത്, ഈ ഏക മനസ്സിന്റെ ഫലമായിട്ടാണെന്ന് കാണാം. കാലക്രമത്തില്‍ മുസ്‌ലിം സമൂഹത്തിന് എവിടെയൊക്കെ കാലിടറിയിട്ടുണ്ടോ അത് ഇവ്വിഷയകമായി വരുത്തിയ അക്ഷന്തവ്യമായ വീഴ്ചയുടെ ഫലമാണെന്നും കാണാം. 

അല്ലാഹുവില്‍ ഭരമേല്‍പിക്കേണ്ടതിന്റെ പ്രാധാന്യത്തെ അടിവരയിടുന്നുണ്ട് ബദ്‌റിലെ ധാരാളം സംഭവങ്ങള്‍. നമ്മുടെ എല്ലാ ആസൂത്രണങ്ങള്‍ക്കുമപ്പുറം അല്ലാഹുവിന് ചില കണക്കുകൂട്ടലുകളുണ്ടെന്ന് ബോധ്യപ്പെടുന്ന രംഗം. രണ്ടാലൊരു സംഘത്തെ കീഴ്‌പ്പെടുത്തിത്തരാമെന്ന അല്ലാഹുവിന്റെ വാഗ്ദാനമുണ്ടായിട്ടുപോലും, ശക്തമായ സൈന്യത്തെ നേരിടുന്നതില്‍ മടികാണിച്ചു ഒരു വിഭാഗം. അവരെ വിശ്വാസികളെന്നു വിളിച്ച ഖുര്‍ആന്‍, പക്ഷേ അവരുടെ ദൗര്‍ബല്യത്തെ കണക്കിന് കൈകാര്യം ചെയ്യുന്നുണ്ട്. കൃത്യമായ ആസൂത്രണത്തോടുകൂടി ശത്രുസൈന്യത്തെ നേരിടാനും അങ്ങനെ വിജയം വരിക്കാനുമുള്ള വഴികള്‍ പറഞ്ഞുകൊടുത്തിട്ടുപോലും മരണത്തിലേക്കുള്ള വിളിയായിട്ടാണ് അവരില്‍ ചിലര്‍ക്കത് തോന്നിയത്. മരണം മുന്നില്‍ കാണുന്നതുപോലെ അവര്‍ വിസമ്മതിക്കുകയും ചെയ്തു. പക്ഷേ പ്രവാചകന്റെയും അടുത്ത അനുയായികളുടെയും ഉറച്ച നിലപാടിനാല്‍ അല്ലാഹു അവര്‍ക്ക് വിജയം പ്രദാനം ചെയ്തു. 

ഇതില്‍നിന്ന് ലഭിക്കുന്ന മറ്റൊരു പാഠം, ചില സന്ദര്‍ഭങ്ങളിലെങ്കിലും മനുഷ്യസഹജമായ ദൗര്‍ബല്യങ്ങള്‍ സത്യത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍തന്നെ വിശ്വാസികളെപ്പോലും പിടികൂടിയേക്കാമെന്നതാണ്. പ്രവാചകന്‍ അവരിലുണ്ടായിരിക്കെത്തന്നെ, യുദ്ധത്തില്‍ രക്തസാക്ഷികളായാല്‍ ലഭിച്ചേക്കാവുന്ന മഹത്തായ സ്വര്‍ഗീയാനുഗ്രഹങ്ങളെക്കുറിച്ച പച്ചയായ വാഗ്ദാനങ്ങളൊക്കെ മുന്നിലിരിക്കെത്തന്നെ, പിന്നോട്ടടിച്ചു ഒരു വിഭാഗം. ദുര്‍ബലമാണ് മനുഷ്യഹൃദയങ്ങളെന്നതിന് വേറെ സാക്ഷ്യം വേണോ? പക്ഷേ, അല്ലാഹു അവര്‍ക്ക് മാപ്പുകൊടുത്തു. അവരെ കപടവിശ്വാസികളെന്നോ അവിശ്വാസികളെന്നോ വിളിച്ചില്ല, 'മുഅ്മിനുകളില്‍ ഒരു വിഭാഗം...' എന്ന് വിളിച്ചുകൊണ്ടുതന്നെ അവരെ ശക്തമായി തിരുത്തി. ഇനിയൊരിക്കലും അങ്ങനെ മനസ്സിന്റെ ഒരു കോണില്‍പോലും തോന്നാത്ത വിധത്തില്‍ അവരെ ശകാരിച്ചു. അല്ലാഹു തന്നെ പറഞ്ഞുവെച്ചിട്ടുണ്ടല്ലോ; 'യുദ്ധം നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു, അത് നിങ്ങള്‍ക്ക് പ്രയാസകരമായിരിക്കെത്തന്നെ!' എന്നും എവിടെയുമുള്ള സത്യവിശ്വാസികള്‍ക്ക് ഇതിലൊക്കെ കൃത്യമായ മാതൃകകളുണ്ട്. 

തവക്കുല്‍ എന്ന് പറഞ്ഞാല്‍, കാര്യങ്ങളൊക്കെ അല്ലാഹു ചെയ്തുകൊള്ളുമെന്നും അല്ലെങ്കില്‍ എല്ലാം വിധിപോലെ സംഭവിച്ചുകൊള്ളുമെന്നും പറഞ്ഞ് കൈയും കെട്ടി നോക്കിയിരിക്കാനുള്ളതല്ലെന്നും നിങ്ങള്‍ ചെയ്യുന്നത് പൂര്‍ത്തിയാക്കിക്കൊണ്ടാണ് ഞാന്‍ സഹായിക്കുകയെന്നും അല്ലാഹു ബദ്‌റിലൂടെ പഠിപ്പിക്കുന്നുണ്ട്. '....അന്നീ മുമിദ്ദുക്കും ബി അല്‍ഫികന്‍ മിനല്‍ മലാഇകത്തി മുര്‍ദിഫീന്‍....' എന്ന് സൂറ അല്‍അന്‍ഫാലിലെ വചനത്തിലുപയോഗിച്ച 'മുമിദ്ദുക്കും' എന്ന പദം സൂചിപ്പിക്കുന്നത് നിങ്ങള്‍ തുടങ്ങിവെച്ചത് ഞാന്‍ പൂര്‍ത്തിയാക്കുമെന്ന അര്‍ഥത്തിലാണെന്ന് കാണാം.  ബദ്‌റില്‍ മലക്കുകള്‍ പോലും ഇടപെട്ടത്, അവരുടേതായ 'പണി' സ്വയം നേരിട്ട് നിര്‍വഹിച്ചുകൊണ്ടാണ്. 'കുന്‍ ഫയകൂന്‍' എന്നത് അല്ലാഹുവിന് മാത്രം പറഞ്ഞിട്ടുള്ളതാണ്. എന്നു പറഞ്ഞാല്‍, നാം അലസതയില്‍ കാലം കഴിച്ചുകൂട്ടിയിട്ട് ആരോ വന്ന് പൂര്‍ത്തീകരിക്കേണ്ടതല്ല ദീനീപ്രവര്‍ത്തനം. നാം നമ്മുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കുമ്പോള്‍ അല്ലാഹുവും മലക്കുകളും ചേര്‍ന്ന് അതിനെ പിന്തുണച്ച്, അതേറ്റെടുത്ത്, നമ്മോടൊപ്പം അത് പൂര്‍ത്തിയാക്കുന്ന മനോഹരമായ ആവിഷ്‌കാരമാണ് തവക്കുല്‍.  

ഇസ്‌ലാമിക സമൂഹത്തിന്റെ ചരിത്രത്തില്‍ ഡസനിലധികം നിര്‍ണായക വിജയങ്ങള്‍ കൈവരിച്ച മാസമാണ് റമദാന്‍. അത് ബദ്‌റില്‍ ഒതുങ്ങുന്നതല്ല. ചലനാത്മകതയുടെ ഒന്നാംതരം നിദര്‍ശനങ്ങളാണ് റമദാനില്‍ പിറന്നുവീണത്. ഹിജ്‌റ എട്ടാം വര്‍ഷം പ്രവാചകനും (സ) അനുയായികളും മക്ക ജയിച്ചടക്കിയത് റമദാന്‍ 23-നാണ്.ഹിജ്‌റ  93-ല്‍ റമദാന്‍ 28-നാണ് കേവലം 19 വയസ്സ് മാത്രമുള്ള ത്വാരിഖുബ്‌നു സിയാദിന്റെ നേതൃത്വത്തില്‍, ചരിത്രത്തില്‍ തുല്യതയില്ലാത്ത പടയോട്ടത്തിലൂടെ അല്‍അന്ദലുസ് (സ്‌പെയിന്‍) കീഴടക്കിയത്. യൂറോപ്പിന്റെ പകുതിയും ഇസ്‌ലാമിന് കീഴടങ്ങാനും പാരീസിന്റെ പടിവാതില്‍ക്കല്‍ വരെ എത്താനും മുസ്‌ലിം സൈന്യത്തെ തുണച്ചത് റമദാന്‍ നല്‍കിയ അസാമാന്യമായ കരുത്തായിരുന്നു. ഹിജ്‌റ 89-ല്‍ മുഹമ്മദുബ്‌നു ഖാസിമിന്റെ നേതൃത്വത്തില്‍ നേടിയ സിന്ധ് വിജയം, ഹിജ്‌റ 583-ല്‍ ഹിത്വീന്‍ യുദ്ധത്തിലൂടെ സ്വലാഹുദ്ദീന്‍ അയ്യൂബി നേടിയ ഫലസ്ത്വീന്‍ വിജയം, ഹിജ്‌റ 658-ല്‍ മംഗോളിയര്‍ക്കെതിരെ മംലൂക്ക് രാജവംശം നേടിയ ഐന്‍ ജാലൂത്ത് വിജയം തുടങ്ങി ഒരു ഡസനിലധികം നിര്‍ണായക പോരാട്ടങ്ങളില്‍ പരിശുദ്ധ റമദാന്‍ മാസത്തില്‍, പ്രത്യേകിച്ച് അതിലെ അവസാന ദിനങ്ങളില്‍  സത്യവിശ്വാസികളുടെ സമൂഹം ഏര്‍പ്പെട്ടിട്ടുണ്ട്.  

നോമ്പായാല്‍ ഒന്നിനും കഴിയാതെ, 'എല്ലാം റമദാനിനു ശേഷം' എന്നോതാനല്ല, മറിച്ച് എല്ലാം റമദാനില്‍തന്നെ പൂര്‍ത്തിയാക്കാനുള്ള ആവേശവും പ്രചോദനവും വിശുദ്ധ മാസം നല്‍കുന്നുണ്ട് എന്ന് സാരം. റമദാനില്‍ ഓരോ സത്യവിശ്വാസിക്കും സ്വന്തം ദേഹേഛയാകുന്ന ആന്തരിക ശത്രുവിനോട് സമരം നടത്തി വിജയിക്കാന്‍ സാധിക്കുന്നതുപോലെ, വേണ്ടിവന്നാല്‍ ഇസ്‌ലാമിക സമൂഹത്തിന്റെ  ബാഹ്യശത്രുക്കള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ജയിക്കാനുള്ള സമരവീര്യവും മനക്കരുത്തും നല്‍കി നോമ്പ് വിശ്വാസിയെ സഹായിക്കുന്നുവെന്നതാണ് വാസ്തവം. റമദാന്‍ വ്യക്തികള്‍ കൈവരിക്കുന്ന വിജയത്തിന്റെ മാസം മാത്രമല്ല, മറിച്ച് ഇസ്‌ലാമിക സമൂഹം ഒന്നിച്ച് വിജയങ്ങള്‍ നേടുകയും ചെയ്യുന്ന മാസം കൂടിയാണ്. 'വല്‍ ആഖിബത്തു ലില്‍ മുത്തഖീന്‍' എന്നാണല്ലോ അല്ലാഹുവിന്റെ വാഗ്ദാനം. നോമ്പ് കൊണ്ട് നേടിയെടുക്കേണ്ടതും തഖ്‌വ തന്നെയാണല്ലോ? 

ബദ്ര്‍ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാകാം. പക്ഷേ അതിന്റെ പാഠങ്ങള്‍ ചരിത്രത്തിനതീതമായി നിലകൊള്ളുന്നു. ഖുര്‍ആന്‍ സ്വന്തം പേരുകൊണ്ടാണ് ബദ്‌റിനെ വിശേഷിപ്പിച്ചത്. അതേ, അത് 'അല്‍ ഫുര്‍ഖാനാ'യിരുന്നു. മിഥ്യയില്‍നിന്ന് സത്യത്തെ ചികഞ്ഞെടുത്തുതന്നു, ബദ്ര്‍. ആരെയും ഭയക്കാതെ, ആര്‍ക്കും വഴിപ്പെടാതെ, ഏകനായ നാഥന്റെ വഴിയില്‍ ചരിക്കുന്നവരോടൊപ്പം ഇനിയും ബദ്‌റുകളുണ്ടാവുകതന്നെ ചെയ്യും!  


Comments

Other Post

ഹദീസ്‌

ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം
അബൂമിശ്അല്‍ കുന്നമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ-24/ അന്നൂര്‍/ 34-35
എ.വൈ.ആര്‍