Prabodhanm Weekly

Pages

Search

2016 ജൂണ്‍ 24

2957

1437 റമദാന്‍ 19

ആരാണ് അധികം കൊന്നതെന്ന കണക്കെടുപ്പുകളില്‍ എന്ത് നന്മ?

ഷാജഹാന്‍ ടി. അബ്ബാസ്, അല്‍ഖോബാര്‍

രണ്ടാം ലോക യുദ്ധം വരെ ലോകത്ത് നടന്ന സകല അധിനിവേശങ്ങളും അതുവരെ നിലനിന്നിരുന്ന ലോകക്രമത്തിന്റെ ഭാഗമായിരുന്നു. സ്വന്തം മതം ഏതാണെന്നു പോലും നിശ്ചയമില്ലാത്ത ചെങ്കിസ് ഖാന്‍ അന്നുവരെ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും ഭീകരമായ കൂട്ടക്കുരുതിയിലൂടെ ലക്ഷക്കണക്കിന് ആളുകളെയാണ് കൊന്നൊടുക്കിയത്. അതില്‍ ഭൂരിപക്ഷത്തെയും യുദ്ധമുഖത്ത് വെച്ചായിരുന്നില്ല. യുദ്ധം ചെയ്തു കീഴടക്കിയ പ്രദേശത്തെ ജനതയെ ഒന്നടങ്കം അണക്കെട്ടിനു താഴെ നിര്‍ത്തി അണക്കെട്ട് പൊട്ടിച്ച് ഞൊടിയിടയില്‍ ലക്ഷക്കണക്കിനു മനുഷ്യരെയാണ് അയാള്‍ കൊന്നൊടുക്കിയത്. മരണപ്പെട്ട മനുഷ്യര്‍ മുഴുവന്‍ മുസ്‌ലിംകള്‍!!

നിലവിലുണ്ടായിരുന്ന ലോകക്രമത്തിന്റെ ഭാഗമായി തന്നെ ഒരു ഘട്ടത്തില്‍ നടക്കുമായിരുന്ന യുദ്ധങ്ങളെ ജനങ്ങളുടെ മതവികാരം ചൂഷണം ചെയ്യാന്‍ വേണ്ടി മാത്രം 'കുരിശുയുദ്ധങ്ങള്‍' എന്ന് നാമകരണം ചെയ്യുകയാണ് അന്ന് ഭരണകൂടത്തെ നിയന്ത്രിച്ച ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ ചെയ്തത്. എന്നിട്ടും അതൊന്നുംതന്നെ ക്രിസ്തുമതവിശ്വാസികള്‍ ചെയ്ത ക്രൂരതയായി പില്‍ക്കാലത്ത് ഒരു മുസ്‌ലിം ചരിത്രകാരനും വിശേഷിപ്പിച്ചിട്ടില്ല. മാത്രമല്ല സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നേതൃത്വത്തില്‍ കുരിശു പടയാളികളെ ജറൂസലമില്‍ വെച്ച് തറപറ്റിച്ചപ്പോള്‍ അദ്ദേഹം നടത്തിയ പ്രഖ്യാപനം ലോക യുദ്ധ ചരിത്രത്തില്‍തന്നെ സുപ്രധാനമായിരുന്നു:

''നിങ്ങളുടെ കുട്ടികളും സ്ത്രീകളും വൃദ്ധന്മാരും ഈ നാട്ടില്‍ സ്വതന്ത്രരാണ്. അവരെ ആരും ആക്രമിക്കില്ല. നിങ്ങള്‍ക്ക് ഈ രാജ്യത്ത് സ്വസ്ഥമായി ജീവിക്കാം. നിങ്ങളുടെ ആരാധനാലയങ്ങളും ഭവനങ്ങളും സുരക്ഷിതമായിരിക്കും.''

പ്രവാചകന്റെയും ഖലീഫമാരുടെയും നേതൃത്വത്തില്‍ നടന്ന യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടത് യുദ്ധമുഖത്തുള്ളവര്‍ മാത്രമായിരുന്നു. പടയാളികളുടെ നാശമാണ് ഏതൊരു യുദ്ധത്തിലെയും ജയപരാജയങ്ങളെ നിര്‍ണയിക്കുന്ന ഘടകം എന്നിരിക്കെ അതിന്റെ പേരില്‍ ആരെങ്കിലും ഇസ്‌ലാമിനെയോ പ്രവാചകനെയോ പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്ന് തോന്നുന്നില്ല. യുദ്ധം ചെയ്യുമ്പോള്‍ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ആക്രമിക്കരുത്, വിളകള്‍ നശിപ്പിക്കരുത്, മരങ്ങള്‍ കത്തിക്കരുത് തുടങ്ങിയ ഒരുപാട് നിബന്ധനകള്‍ പ്രവാചകന്‍  അനുചരന്മാരെ പഠിപ്പിച്ചിരുന്നു. ഇസ്‌ലാമിന്റെ പേരില്‍ നടന്ന യുദ്ധങ്ങളിലെല്ലാം പ്രവാചകാനുയായികള്‍ അവിടുത്തെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കുകയും ചെയ്തു. എന്നാല്‍ നാല് ഖലീഫമാര്‍ക്കു ശേഷം അധികാരം കൈയാളിയ ഉമവി രാജവംശം പ്രവാചകന്റെ പൗത്രനെ അറുകൊല ചെയ്ത് വരാനിരിക്കുന്ന പ്രവാചക ധിക്കാരത്തിന്റെ സൂചന നല്‍കിയിരുന്നു. എന്നിട്ടും ഉമവിയ്യ മുതല്‍ ഉസ്മാനിയ്യ വരെയുള്ള ആയിരത്തി മുന്നൂറോളം വര്‍ഷങ്ങള്‍ നീണ്ടുനിന്ന മുസ്‌ലിം സാമ്രാജ്യത്തില്‍ (ഇതിനെ ഇസ്‌ലാമിക സാമ്രാജ്യം എന്ന് വിശേഷിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല) പറയത്തക്ക മനുഷ്യാവകാശലംഘനങ്ങളൊന്നും നടന്നതായി കാണാന്‍ കഴിയില്ല. വെറും ഏഴു വര്‍ഷം കൊണ്ട് അലക്‌സാണ്ടര്‍ ചക്രവര്‍ത്തി കൊന്നൊടുക്കിയ അത്രപോലും മനുഷ്യ ജീവനുകള്‍ ആയിരത്തി മുന്നൂറു വര്‍ഷങ്ങള്‍ കൊണ്ട് നഷ്ടമായില്ല എന്നറിയുമ്പോഴാണ് ഇസ്‌ലാം മുന്നോട്ടു വെച്ച യുദ്ധനീതിയുടെ മഹത്വം മനസ്സിലാവുക.

ബാബര്‍ ഇന്ത്യയില്‍ സ്ഥാപിച്ചത് ഒരു ഇസ്‌ലാമിക സാമ്രാജ്യമല്ല; പേര്‍ഷ്യയില്‍നിന്ന് ഇന്ത്യയിലെത്തിയ അദ്ദേഹം അദ്ദേഹത്തിന്റേതായ ഒരു മുഗള്‍ സാമ്രാജ്യം സ്ഥാപിക്കുകയായിരുന്നു. അക്കാലം വരെ ഹിന്ദു-ബുദ്ധ-ജൈന മതാനുയായികള്‍ മാത്രമുണ്ടായിരുന്ന ഒരു പ്രദേശം ആക്രമിക്കുമ്പോള്‍ സ്വാഭാവികമായും മരിച്ചു വീഴുക ആ മതങ്ങളുടെ അനുയായികള്‍ തന്നെയായിരിക്കും. ഹിന്ദുക്കളേക്കാള്‍ ബുദ്ധ-ജൈന മതവിശ്വാസികളാണ് ഇന്ത്യയില്‍ അക്കാലത്ത് കൂടുതലുണ്ടായിരുന്നത് എന്നത് ചരിത്ര വസ്തുതയാണ്. ഇന്ത്യ എന്ന പ്രയോഗം തന്നെ ആ കാലത്തെപറ്റിയുള്ള ചരിത്ര രേഖകളില്‍ വന്നതായി കാണാന്‍ കഴിയില്ല. പരസ്പരം കലഹിച്ചിരുന്ന ആയിരക്കണക്കിന് നാട്ടുരാജ്യങ്ങള്‍, അയല്‍രാജ്യം കീഴടക്കി സ്വന്തം സാമ്രാജ്യം വികസിപ്പിച്ചു ചക്രവര്‍ത്തിമാരാകാന്‍ പോരാടിയിരുന്ന രാജാക്കന്മാര്‍. ബാബര്‍ അവര്‍ക്ക് വിദേശിയൊന്നുമായിരുന്നില്ല. തമ്മില്‍ കലഹിച്ചിരുന്ന നാട്ടുരാജാക്കന്മാര്‍ക്ക് തങ്ങളെപ്പോലെ ശക്തി തെളിയിക്കാന്‍ യുദ്ധം ചെയ്യുന്ന ഒരു രാജാവ് മാത്രമായിരുന്നു ബാബര്‍. അതുകൊണ്ടുതന്നെ ശത്രുവിനെ തുരത്താന്‍ പല രാജാക്കന്മാരും ബാബറുടെയും അക്ബറിന്റെയും ഷാജഹാന്റെയും ഔറംഗസീബിന്റെയും സഹായം തേടിയിരുന്നു.

പറഞ്ഞുവന്നത്, രണ്ടാംലോക യുദ്ധം വരെ നടന്ന കൂട്ടക്കൊലകള്‍ ഹിന്ദു-മുസ്‌ലിം, ക്രിസ്ത്യന്‍-മുസ്‌ലിം, ബുദ്ധ-ഹിന്ദു തുടങ്ങിയ രീതിയില്‍ വിലയിരുത്തുന്നത് ശരിയല്ല. മഹാഭാരത യുദ്ധം ഒരു ഹിന്ദു മറ്റൊരു ഹിന്ദുവിനെതിരെ നടത്തിയ യുദ്ധമല്ല, അശോക ചക്രവര്‍ത്തി നടത്തിയ ഒരു യുദ്ധവും ഹിന്ദുവിനെതിരെ നടത്തിയ യുദ്ധമല്ല. കലിംഗ യുദ്ധത്തിലെ ശവപ്പറമ്പ് കണ്ട് മാനസാന്തരം വന്ന അശോകന്‍ ബുദ്ധമതം സ്വീകരിച്ച് രാജ്യം ഉപേക്ഷിച്ചത് ഹിന്ദുമതം യുദ്ധക്കൊതിയന്മാരുടെ മതമാണ്, ആ മതത്തില്‍ നിന്നുകൊണ്ട് യുദ്ധം നടത്താത്ത ഒരു ചക്രവര്‍ത്തിയായി അശോകന് ജീവിക്കാന്‍ കഴിയില്ല എന്നതുകൊണ്ടാണെന്നു ആരും പറയില്ല. രാജാവായി നിലനില്‍ക്കാന്‍ യുദ്ധം അനിവാര്യമാണ് എന്ന യാഥാര്‍ഥ്യം മാത്രമാണ് അതില്‍നിന്ന് എല്ലാവരും വായിച്ചെടുത്തത്.

യുദ്ധമില്ലാത്ത ഒരു ലോകത്താണ് ഐശ്വര്യപൂര്‍ണമായ ഒരു ജീവിതം സാധ്യമാവുക എന്ന തിരിച്ചറിവ് ലഭിച്ച കാലത്ത് ജീവിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് നാം. പൂര്‍വികര്‍ കൊന്നുതീര്‍ത്ത കഥകള്‍ നിരത്തി 'നിങ്ങളാണ് കൂടുതല്‍ കൊന്നത്' എന്ന് പറയുന്നതിലൂടെ സ്ഥാപിക്കാന്‍ പോവുന്ന തങ്ങളുടേതായ ഒരു സാമ്രാജ്യത്ത് സ്വസ്ഥമായി ജീവിക്കാന്‍ ഒരു വിഭാഗത്തിനും കഴിയില്ല എന്നത് ചരിത്ര വസ്തുതയാണ്.

മുസ്‌ലിംകളെ മുഴുവന്‍ ആട്ടിയോടിച്ച് സംഘ്പരിവാര്‍ വിഭാവനം ചെയ്യുന്ന ഒരു പരിപൂര്‍ണ 'ഹിന്ദു രാജ്യ'ത്ത് ശാന്തിയും സമാധാനവും ഉണ്ടാവും എന്ന് വിശ്വസിക്കാന്‍ മാത്രം മണ്ടന്മാരല്ല ഈ നാട്ടിലെ ഹൈന്ദവ സഹോദരങ്ങള്‍ എന്ന് മനസ്സിലാക്കാന്‍ മഹാഭാരത കാലഘട്ടം വരെയൊന്നും പോവേണ്ടിവരില്ല. ചേര, ചോള, പാണ്ഡ്യ രാജാക്കന്മാരും കേരളത്തിലെ തിരുവിതാംകൂര്‍, കൊല്ലം, തിരുകൊച്ചി രാജ്യങ്ങളും തമ്മില്‍ നടന്ന സംഘട്ടനങ്ങള്‍ മാത്രം വിലയിരുത്തിയാല്‍ മതിയാവും.

ടിപ്പുവിന്റെ മാത്രമല്ല ശിവജിയുടെയും പൃഥ്വിരാജ് ചൗഹാന്റെയും സാമ്രാജ്യ വികസന കാലഘട്ടത്തില്‍ കൊല്ലപ്പെട്ടത്  ഹിന്ദുമത വിശ്വാസികള്‍ തന്നെയാണ്. അതില്‍നിന്ന് ടിപ്പുവിന്റേതു മാത്രം ഹിന്ദു കൂട്ടക്കൊലയായി ചിത്രീകരിക്കുന്ന സംഘ്പരിവാര്‍ പ്രഭൃതികളോട് ഒന്നു മാത്രമേ പറയാനുള്ളൂ; ടിപ്പുവിന്റെ വാളിനു മാത്രമല്ല ശിവജിയുടെയും പൃഥ്വിരാജ് ചൗഹാന്റെയും അശോക ചക്രവര്‍ത്തിയുടെയും ചന്ദ്രഗുപ്ത മൗര്യന്റെയും സാക്ഷാല്‍ ശ്രീകൃഷ്ണന്റെയും അര്‍ജുനന്റെയും വാളുകള്‍ക്കും ഹിന്ദുവിനെ പ്രത്യേകം തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. അവരുടെ വാളിന്റെ ശത്രു തങ്ങളെ തോല്‍പ്പിക്കാന്‍ വന്ന ശത്രുസൈന്യം മാത്രമായിരുന്നു.

 

അന്ധവിശ്വാസങ്ങളിലേക്ക് ആട്ടിത്തെളിക്കപ്പെടുന്നവര്‍ 


ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാരുമായി ബഷീര്‍ തൃപ്പനച്ചി നടത്തിയ അഭിമുഖം (2016 മെയ് 20) വായിച്ചു. മുന്‍കാല സുന്നിപണ്ഡിതന്മാരില്‍നിന്ന് ഭിന്നമായി പല വിഷയങ്ങളിലും മൃദു സമീപനം ഇപ്പോഴത്തെ പണ്ഡിതന്മാരില്‍നിന്ന് ഉയര്‍ന്നുവരുന്നത് സന്തോഷകരംതന്നെ. 

എല്ലാ നേര്‍ച്ചകളെയും ശിര്‍ക്കാക്കി മുദ്രകുത്തുന്ന പ്രകോപനപരമായ മുജാഹിദ് ശൈലിയാണ് അഹ്‌ലുസ്സുന്നത്തിന്റെ പണ്ഡിതന്മാര്‍ അത്തരം കാര്യങ്ങളില്‍ കൈവെക്കാന്‍ സമയമെടുത്തതിന് കാരണം എന്ന് ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍ പറഞ്ഞതായി വായിച്ചു. എന്നാല്‍, ജമാഅത്ത് പ്രകോപനമില്ലാതെയും മുജാഹിദ് പ്രകോപനപരമായും വിമര്‍ശിച്ച ആണ്ടുനേര്‍ച്ച, ചന്ദനക്കുടം, രിഫാഈ റാത്തീബ്, ഖുത്വ്ബിയ്യത്ത് തുടങ്ങിയവയില്‍ ഏതിലാണ് അല്ലാഹുവിന്റെ റസൂലിന്റെ മാതൃകയുള്ളത്? ഏതാണ് ഹലാലായ നേര്‍ച്ച?

പല അനാചാരങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് മഹല്ലിന്റെ അറിവോടെയല്ലെന്നും പ്രാദേശിക നേതൃത്വവും ഗുണ്ടകളുമാണെന്നും അബ്ദുല്ല മുസ്‌ലിയാര്‍ പറയുന്നു. അത് കുറച്ചൊക്കെ ശരിയാണെന്ന് സമ്മതിച്ചാല്‍തന്നെ ഈ പ്രാദേശിക നേതൃത്വം കിതാബോതി പഠിച്ചത് ആരുടെ പാഠശാലയില്‍നിന്നാണെന്ന ചോദ്യം ബാക്കിയാകുന്നുണ്ട്. 

ഖുര്‍ആന്‍ പഠിച്ച് ഉദ്ബുദ്ധരായ വനിതകള്‍ വീടുകള്‍ കയറിയിറങ്ങി സ്ത്രീകളെ സമീപിച്ച് ഈ ഉമ്മത്തിനെ ബോധവത്കരിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെയും കുറച്ചൊന്നുമല്ല എതിര്‍പ്പുകളും ആരോപണങ്ങളും അവര്‍ക്ക് സഹിക്കേണ്ടിവന്നത്. ഈ എതിര്‍പ്പുകളെയെല്ലാം മറികടന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഇപ്പോള്‍ മുസ്‌ലിം സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമിക ചലനങ്ങളും മുന്നേറ്റങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന ഫലങ്ങള്‍ കൊണ്ടുതന്നെയാണ്. അപ്പോഴും പാമരരായ  സ്ത്രീകളെ ഉറൂസിലേക്കും നേര്‍ച്ചപ്പറമ്പുകളിലേക്കും സിയാറത്ത് ടൂറുകളിലേക്കും ആട്ടിത്തെളിച്ച് കൊണ്ടുപോവുക തന്നെയാണ് ചില ഉസ്താദുമാര്‍!

 

ഹഫ്‌സ അബ്ദുര്‍റഹ്മാന്‍, പാടൂര്‍

 

വിലപ്പെട്ട 
തര്‍ബിയത്ത് പാഠങ്ങള്‍

 

ലക്കം 2954-ല്‍ പി.എം.എ ഗഫൂര്‍ എഴുതിയ 'ആത്മീയതയുടെ സുഖാനുഭവങ്ങള്‍' വിശ്വാസിക്ക് ഊര്‍ജവും ഉന്മേഷവും പകരുന്നു. 'യുവത' പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'വിശ്വാസി ഓര്‍ക്കേണ്ടത്' ഗ്രന്ഥ പരമ്പരയിലെന്ന പോലെ ആ തൂലികയില്‍നിന്ന് ലഭിക്കുന്നത് വിലപ്പെട്ട തര്‍ബിയത്ത് പാഠങ്ങളാണ്.

മമ്മൂട്ടി കവിയൂര്‍

 

സുരക്ഷ 
ഉറപ്പുവരുത്തണം

 

സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരികയാണ്, പ്രത്യേകിച്ച് ദലിത് വിഭാഗത്തിലുള്ളവര്‍ക്കു നേരെ. അമര്‍ച്ച ചെയ്യേണ്ട ഭരണകൂടങ്ങള്‍ നിസ്സംഗത പുലര്‍ത്തുന്നതുകൊണ്ടാണ് പലതും തേഞ്ഞുമാഞ്ഞില്ലാതാകുന്നത്.

സാമൂഹിക നീതിയും ലിംഗ നീതിയും ഇന്നും ദലിത് വിഭാഗത്തിന് വിദൂര സ്വപ്‌നം മാത്രമാണ്. ഉത്തരാധുനിക സമൂഹത്തിലും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേര്‍തിരിവുകളും വിവേചനങ്ങളും കൂടുക തന്നെയാണ്. വ്യവസ്ഥിതിയുടെ മൂല്യത്തകര്‍ച്ചയെ തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

ആചാരി തിരുവത്ര, ചാവക്കാട്

 

Comments

Other Post

ഹദീസ്‌

ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം
അബൂമിശ്അല്‍ കുന്നമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ-24/ അന്നൂര്‍/ 34-35
എ.വൈ.ആര്‍