റമദാന്‍ കര്‍മങ്ങളുടെ നിറവില്‍
''റമദാനില്‍ എന്താണ് നിങ്ങളുടെ ലക്ഷ്യം?'' സോഷ്യല്‍ മീഡിയയിലെ എന്റെ അക്കൗണ്ടില്‍ ഞാന്‍ ഈ ചോദ്യം ഇട്ടപ്പോള്‍ തങ്ങളുടെ വിചാരങ്ങളും പദ്ധതികളും പങ്കുവെച്ച് മറുപടികളുടെ പ്രവാഹമായിരുന്നു. അഞ്ഞൂറില്‍പരം ആളുകളാണ് കമന്റുകള്‍ ഇട്ടത്. വിശുദ്ധ മാസത്തെ എതിരേല്‍ക്കാന്‍ ഓരോരുത്തരും നടത്തുന്ന ഒരുക്കങ്ങള്‍ വ്യക്തമാക്കുന്നവയായിരുന്നു അവ. അവയില്‍ ചിലത് ഞാനിവിടെ ഉദ്ധരിക്കാം.
റമദാനില്‍ മൂന്ന് തവണ ഖുര്‍ആന്‍ പൂര്‍ണമായി പാരായണം ചെയ്യാന്‍ ആഗ്രഹിക്കുന്നു. മനഃപാഠം പരിശോധിക്കും. തറാവീഹ് നമസ്‌കാരത്തില്‍ ശ്രദ്ധപതിപ്പിക്കും. പ്രദേശത്തെ പള്ളിയില്‍ നടക്കുന്ന ഇഫ്ത്വാറില്‍ പങ്കുവഹിക്കും. തൂക്കം അഞ്ച് കിലോ കുറക്കും. വീട്ടിലെ പൂന്തോട്ടം വിവിധയിനം ചെടികളും സസ്യങ്ങളും വളര്‍ത്തി മനോഹരമാക്കും. ഏതെങ്കിലും ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സുഹൃത്തുക്കളോടൊപ്പം പങ്കാളിയാവും. സൂറത്തുല്‍ ബഖറ ഹൃദിസ്ഥമാക്കും. റമദാനില്‍ ഉംറ നിര്‍വഹിക്കും. നമസ്‌കാരത്തോടനുബന്ധിച്ചുള്ള റവാത്തിബ് സുന്നത്തുകളില്‍ പ്രത്യേക ശ്രദ്ധയൂന്നും. ഒരു നബിചരിത്ര ഗ്രന്ഥം വായിക്കും. പുകവലി അമ്പതു ശതമാനം കുറക്കും. പാവങ്ങള്‍ക്കും അനാഥകള്‍ക്കും പെരുന്നാള്‍ വസ്ത്രം വാങ്ങിനല്‍കും. കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. അവസാന പത്തില്‍ ഇഅ്തികാഫ് ഇരിക്കും. കുടുംബ ബന്ധം ചേര്‍ക്കും. ദിനേന പിതാവിനെ സന്ദര്‍ശിക്കും. ഹദീസ് ഗ്രന്ഥത്തില്‍നിന്ന് ഒരു അധ്യായം കുടുംബാംഗങ്ങള്‍ക്കൊപ്പം ഇരുന്ന് വായിക്കും. ദിവസവും രണ്ട് മണിക്കൂര്‍ മൊബൈല്‍ ഓഫാക്കിയിടും. ഏതെങ്കിലും ഒരു ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം വായിക്കും. ദിവസവും ഓരോ പ്രവാചക കഥ മക്കള്‍ക്ക് പറഞ്ഞുകൊടുക്കും. സമ്മാനങ്ങളും ഉപഹാരങ്ങളും നല്‍കി അയല്‍പക്ക ബന്ധം ശക്തിപ്പെടുത്തും. എന്റെ സകാത്ത് നല്‍കും. മധുര പദാര്‍ഥങ്ങള്‍ ഒഴിവാക്കി ദിവസം രണ്ട് നേരം ആഹരിക്കും. വൃദ്ധസദനം സന്ദര്‍ശിക്കും, അവരോടൊപ്പം സമയം ചെലവഴിക്കും. യൂട്യൂബില്‍നിന്ന് ഖുര്‍ആന്‍ വ്യാഖ്യാനം ശ്രദ്ധിക്കാന്‍ ദിവസവും ഒരു മണിക്കൂര്‍ നീക്കിവെക്കും. അടുത്ത ഒരു വര്‍ഷത്തേക്കുള്ള കര്‍മ പദ്ധതി തയാറാക്കി നടപ്പാക്കിയത് രേഖപ്പെടുത്തിവെക്കും. വീടും അലമാരകളും വൃത്തിയാക്കുകയും ഉപയോഗിക്കാത്ത വസ്ത്രങ്ങള്‍ സാധുക്കള്‍ക്ക് ധര്‍മമായി നല്‍കുകയും ചെയ്യും. അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് നിര്‍ത്തും. അല്ലാഹുവിന്റെ നാമങ്ങളും അവയുടെ അര്‍ഥവും ആശയവും മക്കളെ പഠിപ്പിക്കും. എന്റെ പെണ്‍മക്കളെ പാചകം പഠിപ്പിക്കും. പാരമ്പര്യ ആഹാര വിഭവങ്ങള്‍ ഉണ്ടാക്കുന്നത് പരിശീലിപ്പിക്കും. ഒരു മണിക്കൂര്‍ നടത്തവും വ്യായാമവും. സംഭാവനകള്‍ സമാഹരിച്ച് ചാരിറ്റി പ്രവര്‍ത്തനം നടത്തും. ഹിജാബ് ധരിച്ചുതുടങ്ങുകയും വസ്ത്രധാരണ രീതി മാറ്റുകയും ചെയ്യും. ഒരു മാസം ഒരു സോഷ്യല്‍ മീഡിയയിലും ഇടപെടില്ല. ദിവസവും സാധുക്കളെ നോമ്പു തുറപ്പിക്കും. പഴയ സുഹൃത്തുക്കളെ ക്ഷണിച്ചു നോമ്പുതുറപ്പിക്കും. അവസാനത്തെ പത്തില്‍ ലൈലത്തുല്‍ ഖദ്‌റിന്റെ പ്രതിഫലത്തില്‍ പങ്കാളിയാവാന്‍ പരമാവധി ശ്രമിക്കും. കോപം നിയന്ത്രിക്കും. മക്കളോട് കയര്‍ക്കുകയോ അവരോട് ദേഷ്യത്തോടെ പെരുമാറുകയോ ഇല്ല. ഒമ്പതു വയസ്സായ മകളെ നമസ്‌കാരം പരിശീലിപ്പിക്കും. അഞ്ച് വയസ്സായ കുഞ്ഞിനെ അര ദിവസം നോമ്പ് നോല്‍ക്കാന്‍ പ്രോത്സാഹിപ്പിക്കും. റമദാന്‍ കഴിഞ്ഞ ഉടനെ വിവാഹമായതിനാല്‍ വീട് നവീകരിക്കും. വീടുവിട്ടുപോയ ഭാര്യയെ തിരിച്ചുകൊണ്ടുവരാന്‍ അനുരഞ്ജന ശ്രമം നടത്തും...
ഇവിടെ രേഖപ്പെടുത്തിയ പദ്ധതികളെല്ലാം ആരോഗ്യം, മതം, സമൂഹം, വിജ്ഞാനം, സമ്പത്ത് എന്നിവയുമായി ബന്ധപ്പെട്ടതാണ്. അധികവും വിശ്വാസവുമായി ബന്ധപ്പെട്ടത്. സ്വര്‍ഗ വാതിലുകള്‍ തുറക്കുന്ന റമദാനില്‍ ഈ ചിന്തകളെല്ലാം പ്രസക്തമാണ്. നരക വാതിലുകള്‍ അടയുകയും പിശാചുക്കള്‍ ബന്ധനസ്ഥരാക്കപ്പെടുകയും പ്രപഞ്ചനാഥന്റെ കാരുണ്യവും പാപമോചനവും പെയ്തിറങ്ങുകയും നരകമുക്തിയുണ്ടാവുകയും ചെയ്യുന്ന റമദാനിലെ അനര്‍ഘ മുഹൂര്‍ത്തങ്ങളില്‍ നേടേണ്ട ലക്ഷ്യങ്ങള്‍ തന്നെയാണിവ. ഈ അവസരങ്ങള്‍ വര്‍ഷത്തില്‍ ഉടനീളം ലഭിച്ചുകൊള്ളണമെന്നില്ല. റമദാനില്‍ നേടേണ്ട ലക്ഷ്യം നിര്‍ണയിച്ച് അത് നേടാന്‍ പ്രയത്‌നിക്കുന്നവനാണ് സമര്‍ഥന്‍. നിരവധി വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കാണാതിരിക്കുകയാണ് ബുദ്ധി. ചെറിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് അവ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുക, അതിന് ശേഷം മറ്റൊരു ലക്ഷ്യത്തിലേക്ക് കുതിക്കുക. ഇതാണ് ബുദ്ധിപൂര്‍വകമായ സമീപനം. കര്‍മകാണ്ഡങ്ങളുടെ മാസമാണ് റമദാന്‍. ആലസ്യത്തിന്റേതും സുഷുപ്തിയുടേതുമല്ല. റമദാന്‍ ഒരു സാധാരണ മാസമല്ല. രണ്ട് റമദാനുകള്‍ക്കിടയില്‍ പാപപരിഹാരത്തിനുള്ള അവസരമാണ്. നബി (സ) പറഞ്ഞു: ''അഞ്ച് നമസ്‌കാരങ്ങള്‍, ഒരു ജുമുഅ മുതല്‍ മറ്റേ ജുമുഅ വരെ, ഒരു റമദാന്‍ മുതല്‍ മറ്റേ റമദാന്‍ വരെ-അവയ്ക്കിടയില്‍ സംഭവിക്കുന്ന പാപങ്ങള്‍ക്കെല്ലാം പരിഹാരമുണ്ട്; വന്‍പാപങ്ങള്‍ വര്‍ജിക്കണമെന്നു മാത്രം.''
വിവ: പി.കെ ജമാല്‍
Comments