Prabodhanm Weekly

Pages

Search

2016 ജൂണ്‍ 24

2957

1437 റമദാന്‍ 19

തിരിെക യാത്ര , ജന്മവിശുദ്ധിയിേലക്ക്

പി.എം.എ ഗഫൂര്‍

'എന്റെ നാഥാ, പാപിയായ ഞാനെങ്ങനെയാണ് നിന്നോട് പ്രാര്‍ഥിക്കുക! കാരുണ്യവാരിധിയായ നിന്നോട് ഞാനെങ്ങനെയാണ് നാഥാ പ്രാര്‍ഥിക്കാതിരിക്കുക!' നബി(സ)യുടെ പ്രത്യാശയൂറുന്ന വാക്കുകളാണിത്. അടിമകളുടെ പിഴവുകള്‍ക്ക് ഉടമയൊരുക്കിയ പ്രതിക്രിയയാണ് പശ്ചാത്താപം. മറന്നും മറഞ്ഞും ചെയ്തുകൂട്ടിയതെല്ലാം കൂട്ടിവെച്ച്, തൗബയുടെ തീ കൊണ്ട് കത്തിച്ചുകളയുന്ന അത്യുജ്ജ്വലമായ പ്രക്രിയ. കടലാസ് പെന്‍സില്‍ കൊണ്ടെഴുതുമ്പോള്‍, എഴുത്തില്‍ വന്നേക്കാവുന്ന പിഴവുകളെ എളുപ്പം പരിഹരിക്കാം. പെന്‍സിലൊന്ന് തിരിച്ചുപിടിച്ച് മായ്ക്കാം, തിരുത്താം. ജീവിതമെഴുത്തിലെ അബദ്ധങ്ങളെയും അതിര്‍ലംഘനങ്ങളെയും വെട്ടിത്തിരുത്താനാണ് തൗബ. പാപവും പുണ്യവുമാണ് മനുഷ്യജീവിതം. ആകാവുന്നതും അരുതായ്മകളും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ജീവിതപുസ്തകം മറിച്ചുനോക്കുമ്പോള്‍, നന്മയും തിന്മയും മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. പലതിലും പെട്ട് ജീവിതനേരങ്ങള്‍ കുറേ വ്യര്‍ഥമായി. ആ നേരങ്ങളെതിരിച്ചുപിടിക്കാനാവില്ലെങ്കിലും നഷ്ടമായ വിശുദ്ധിയെ തിരിച്ചുപിടിക്കാനാകും. ആയുസ്സിനെക്കുറിച്ച ഈ ആത്മബോധത്തില്‍നിന്നാണ് തൗബയുണ്ടാകുന്നത്. പാഴായിപ്പോകുന്ന സ്വന്തം സമയത്തെയും ജീവിതത്തെയും കടുത്ത ആത്മവിമര്‍ശനത്തിനു വിധേയമാക്കി, ഇനിയൊരിക്കലും ആവര്‍ത്തിക്കാത്ത ഓരോ നിമിഷവുമാണീ ആയുസ്സായി കടന്നുപോകുന്നതെന്ന ജാഗ്രതയോടെ, ഉള്ളുണര്‍ന്ന പ്രാര്‍ഥനയാല്‍ പുതിയൊരുന്മേഷത്തിലേക്കുള്ള പ്രവേശമാകണം തൗബ. തൗബയെന്നാല്‍ വാക്കുകളല്ല, തീരുമാനങ്ങളാണ്. പഴയതൊന്നും ഇനി അറിഞ്ഞുകൊണ്ടൊവര്‍ത്തിക്കില്ലെന്ന ദൃഢനിശ്ചയം. ഒടുക്കത്തെ അഭയമല്ല, ഒപ്പമുള്ള അഭയമാണ് തൗബ.

മണല്‍ത്തരികള്‍ മുത്തുകളാകുന്ന പോലെയൊരു രാസവിദ്യയാണ് തൗബയാല്‍ നമ്മിലും സാധിക്കേണ്ടത്. കൈവെടിഞ്ഞ നന്മയെ തിരികെ സ്വീകരിക്കുന്ന പുനരാലോചനയാണത്. പുതിയ ജീവിതമാണ് തൗബയുടെ സമ്മാനം. ഉള്ളും പുറവും വിശുദ്ധമാക്കുന്ന പുനരുദ്ധാരണമാണത്.

അഴുക്കെല്ലാം അലക്കിക്കളഞ്ഞ് നവ്യമായൊരു തെളിച്ചത്തിലേക്കെത്തിക്കുകയാണ് തൗബ. ഈ ലോകത്തേക്ക് വന്നപ്പോഴുള്ള വിശുദ്ധിയിലേക്ക് തിരികെയെത്താനുള്ള കുതിപ്പാണ് തൗബയുടെ ഓരോ പ്രാര്‍ഥനയും. നന്മയും തിന്മയും വേര്‍തിരിച്ചറിയാന്‍ തുടങ്ങിയതുമുതല്‍ നന്മയും തിന്മയും ചെയ്തുകൂട്ടാനും തുടങ്ങി. കുട്ടിക്കാലത്തെ കളങ്കമില്ലായ്മ അങ്ങനെ മാഞ്ഞുപോയ്‌ക്കൊണ്ടിരുന്നു. പ്രായം കൂടിയപ്പോള്‍ പാപങ്ങളും കൂടുകയായിരുന്നു. ആഴമുള്ള തൗബ കൊണ്ട് ആദിവിശുദ്ധിയെയാണ് നാം തിരിച്ചുപിടിക്കേണ്ടതെന്ന് ചുരുക്കം.

പഴയ വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ എല്ലാം വിറ്റുപോയിട്ടും ഒരു വീണ മാത്രം ആര്‍ക്കും വേണ്ടാതെ ബാക്കിയായി. പൊടിപിടിച്ച്, തന്ത്രികളെല്ലാം പൊട്ടിത്തകര്‍ന്ന വീണ ആര്‍ക്കും ആവശ്യമില്ല. ലേലം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോകാന്‍ തുടങ്ങിയപ്പോള്‍ ഒരു വൃദ്ധന്‍ കടയിലേക്ക് കയറിവന്നു. വീണയെടുത്ത് പൊടി തട്ടിക്കളഞ്ഞ് തന്ത്രികള്‍ ശരിയായ വിധം ചേര്‍ത്തുകെട്ടി അയാള്‍ വീണ വായിക്കാന്‍ തുടങ്ങി. ശ്രുതിമധുരമായ ഈണം! സ്വരസുന്ദരമായ വീണവായന കേട്ടപ്പോള്‍ പിരിഞ്ഞു പോകാനൊരുങ്ങിയവര്‍ തരിച്ചുനിന്നു. അദ്ദേഹത്തിനു ചുറ്റും ആളുകള്‍ കൂടിക്കൊണ്ടേയിരുന്നു. അവര്‍ വീണക്ക് വിലപറയാന്‍ തുടങ്ങുന്നു.. ആയിരം.. പതിനായിരം...? ഉപയോഗശൂന്യമെന്ന് കരുതുന്ന പലതും ഉപകാരപ്രദമാക്കാന്‍ കഴിയും. എങ്കില്‍ തകര്‍ന്ന മനസ്സുകളെയും പ്രതീക്ഷയറ്റ മനുഷ്യരെയും പാപികളായിപ്പോയ നമ്മളെയും, സത്യവും സുകൃതവുമുള്ള ജീവിതത്തിലേക്ക് തിരിച്ചുവിളിക്കുകയാണ് ദയാനിധിയായ സ്‌നേഹനാഥന്‍. പിന്നെയും പിന്നെയും പാപങ്ങളിലേക്ക്  വഴുക്കുന്ന  നമ്മെ പിന്നെയും പിന്നെയും തൗബയിലേക്ക് വിളിക്കുന്നഅതിരില്ലാത്ത അലിവിന്നുടമയാണവന്‍. നേരും നുണയുമുള്ള മനുഷ്യപ്രകൃതിയെ, അതിന്റെ എല്ലാ സ്വാഭാവികതകളോടെയും ഉള്‍ക്കൊണ്ട്, വീഴ്ചകളില്‍നിന്ന് പിടിച്ചുയരാന്‍ തൗബയുടെ പിടിവള്ളി താഴ്ത്തിത്തരികയാണ് ജീവനാഥന്‍.

വിശുദ്ധ ഖുര്‍ആന്‍, സൂറത്തുന്നിസാഇലെ മുപ്പത്തൊന്നാം വചനം അല്ലാഹുവിന്റെ അഗാധമായ സ്‌നേഹത്തെയാണ് പ്രകടിപ്പിക്കുന്നത്. തിന്മകളിലേക്ക് പിഴച്ചുപോയ മനുഷ്യരെ കൈപ്പിടിച്ചുയര്‍ത്തുന്ന ആനന്ദവചനം; 'നിങ്ങളോട് വിരോധിച്ച മഹാപാപങ്ങള്‍ ചെയ്യാതിരുന്നാല്‍ നിങ്ങളുടെ തിന്മകള്‍ മായ്ച്ചുകളയുകയും വിശിഷ്ടമായ സ്ഥാനത്ത് നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യും.' സര്‍വ ചരാചരങ്ങളിലും പടര്‍ന്നിരിക്കുന്ന അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് ഒരിക്കലും നിരാശ വേണ്ടെന്ന് വീണ്ടും വീണ്ടും ഖുര്‍ആന്‍ ഉണര്‍ത്തുന്നു.

പ്രതീക്ഷയോടെ നന്മയിലേക്കും സദാചാരത്തിലേക്കും തിരിച്ചുവരുന്നവരെ അല്ലാഹുവിന് ഒരുപാടിഷ്ടമാണെന്ന് പറഞ്ഞുതരുന്നു. അകം നിറഞ്ഞ ഖേദത്തോടെയുള്ള പ്രാര്‍ഥനയില്‍ മഹാപാപങ്ങള്‍ പോലും മായ്ക്കപ്പെടുമെന്ന് സ്വഹാബികളുടെ വിശ്രുത ചരിത്രത്തില്‍നിന്ന് നാം പഠിക്കുന്നു. ദയാലുവായ നാഥനെ മറന്ന് ബഹുദൈവ ചിന്തയിലേക്ക് വഴിതെറ്റിയവരും മദ്യവും ലഹരിയും അധാര്‍മികതയുമെല്ലാം ജീവിതശീലമായിരുന്നവരും പശ്ചാത്താപത്തിന്റെ പുണ്യവിശുദ്ധിയോടെ തിരിച്ചുവന്നപ്പോള്‍ കൃപാലുവായ അല്ലാഹു അവര്‍ക്കെല്ലാം സത്യദീനിലേക്ക് വാതില്‍ തുറന്നിട്ടു.

അവര്‍ സ്വയം തിരുത്തി. സ്വന്തത്തെ കണിശമായി വിചാരണ ചെയ്തു. നന്മ ചെയ്തും തിന്മയോടെതിര്‍ത്തും മുന്നേറി. നന്മ ചെയ്യാന്‍ ആവശ്യമുള്ളതിലേറെ ഈമാനിന്റെ ഇന്ധനം ആവശ്യമുണ്ട് തിന്മയില്‍നിന്നൊഴിയാന്‍. ആരാധനകള്‍ നിര്‍വഹിക്കുന്നതിനേക്കാള്‍ ഈമാന്‍ ആവശ്യമുണ്ട് മോഹങ്ങളെ മെരുക്കിയെടുക്കാന്‍. രണ്ടിലും വിജയിക്കുമ്പോള്‍ ഇസ്‌ലാമിക വ്യക്തിത്വം പൂര്‍ത്തിയാകുന്നു.

അലി(റ)യുടെ ഒരു താക്കീതുണ്ട്, 'ഒരു ചെറിയ തിന്മയെയും നിസ്സാരമായി കാണരുത്. മണല്‍ത്തരികളാണ് പര്‍വതമാകുന്നത്!' തിന്മകളെല്ലാം തീയാണ്. ചിലത് ചെയ്യലും ചിലതൊക്കെ ചെയ്യാതിരിക്കലും തിന്മയാണ്. തിന്മയുടെ തീനാളങ്ങള്‍ ആത്മവിശുദ്ധിയെ ചുട്ടെരിക്കുന്നു. വിശുദ്ധി വെണ്ണീരായാല്‍ അതാണ് ജീവിതനഷ്ടം. ആ നഷ്ടത്തില്‍നിന്ന് കരകയറ്റുകയാണ് വിശുദ്ധ ഖുര്‍ആന്‍ ചെയ്യുന്നത്. ദീര്‍ഘകാലം ഗള്‍ഫില്‍ ജീവിച്ചയാള്‍ വെറുംകൈയോടെ നാട്ടിലേക്ക് തിരിച്ചെത്തിയാല്‍ ആര്‍ക്കും അയാളെ വേണ്ടിവരില്ലല്ലോ. സല്‍ക്കര്‍മങ്ങളില്ലാത്തവരുടെ പരലോകജീവിതം അപ്രകാരമാണ്. അതിശക്തമായ ശിക്ഷണത്തിലൂടെ മനസ്സിനെ സംസ്‌കരിക്കലാണ് ഏക പോംവഴി. എവിടെയും പതറാതെയും തകരാതെയും ശരിയില്‍ ഉറച്ചുനില്‍ക്കാന്‍ അങ്ങനെയുള്ളവര്‍ക്ക് സാധിക്കുന്നു. മനോഹരമായ പട്ടുമെത്ത പോലെയാണ് പിശാചിന്റെ വഴികള്‍. പുറത്തെ കാഴ്ച രസകരമാണെങ്കിലും  അകം  അത്ര സുന്ദരമല്ല. ചകിരിയും ചപ്പുചവറുകളുമാണ് അകത്ത്. കണ്ണഞ്ചുന്ന കാഴ്ചകളില്‍ മുഴുകിയാല്‍ മുഖം കുത്തുന്ന മടക്കമായിരിക്കും വരാനിരിക്കുന്നത്. മുഹമ്മദലി ക്ലേയുടെ ഒരു പ്രഭാഷണത്തില്‍ പറയുന്നുണ്ട്; 'ഞാന്‍ പുകവലിക്കാറില്ല, എന്നാലും ഒരു തീപ്പെട്ടി കരുതിവെക്കാറുണ്ട്. മനസ്സ് തിന്മ കൊതിക്കുമ്പോള്‍ ഒരു കൊള്ളി കത്തിച്ച് കൈവെള്ളയില്‍ പൊള്ളിക്കും. കൈ പിടയും. ചെറിയൊരീ ചൂട് സഹിക്കാന്‍ പോലുമാകാത്ത നീയെന്തിനാണ് നരകത്തീയിലേക്ക് വീഴുന്നതെന്ന് സ്വയം താക്കീത് ചെയ്യും.'

പാപം ചെയ്യരുത് എന്നതിനേക്കാള്‍ തൗബ ചെയ്യുക എന്നാണ് ഖുര്‍ആനിന്റെ കല്‍പന. 'ചെയ്യരുത്' എന്ന് നിര്‍ദേശിച്ചതിനോട് മനുഷ്യന് ആഗ്രഹം വര്‍ധിക്കും. ആദിപിതാവില്‍ ആരംഭിച്ചതാണിത്. അടുക്കരുതെന്ന് ചൂണ്ടിക്കാണിച്ച സ്വര്‍ഗത്തിലെ മരം നമ്മുടെയും ജീവിതത്തിനു ചുറ്റും തഴച്ചുവളര്‍ന്നു കിടക്കുന്നുണ്ട്. വശീകരിക്കുന്ന എല്ലാ പാപവൃക്ഷങ്ങളോടും ഇല്ലെന്ന് പറയാന്‍ നമുക്കാവണം. പിറകില്‍ തൂങ്ങുന്ന മൃദുരസങ്ങളെയെല്ലാം തട്ടിയകറ്റി 'എനിക്കീ ജയിലറയാണിഷ്ടമെന്റെ നാഥാ' എന്ന് പറയുന്ന യൂസുഫാകണം.

തിന്മകളെ അലങ്കാരമായി തോന്നിക്കുന്നത് പിശാചാണെന്ന് ഖുര്‍ആന്‍ പറയുന്നു. മദിപ്പിക്കുന്ന അലങ്കാരവും ആനന്ദവുമേറെയുണ്ടായിട്ടും, അവയോടെല്ലാം പൊരുതി മുന്നേറുന്ന ജീവിതമാണ് അല്ലാഹു ആവശ്യപ്പെടുന്നത്. സഹിച്ചും ത്യജിച്ചും മാത്രം കൈവരുന്ന നേട്ടമാണ് അല്ലാഹു ഒരുക്കിവെച്ചത്. ആര്‍ക്കും എത്രയും അടുക്കാവുന്ന ജീവനാഥനാണവന്‍. പ്രാര്‍ഥിക്കുന്നവരെയും പരിതപിക്കുന്നവരെയും കൂടുതല്‍ ഇഷ്ടപ്പെടുന്ന രക്ഷിതാവ്. അപേക്ഷിക്കുന്നവരെ അല്ലാഹു പരീക്ഷിക്കും, പക്ഷേ ഉപേക്ഷിക്കില്ല.

ത്വബറാനി ഉദ്ധരിക്കുന്ന ഒരു നബിവചനം: 'സല്‍സ്വഭാവമാണ് നന്മ. മനസ്സില്‍ അസ്വസ്ഥതയാകുന്നത് പാപം.'പാപത്തെക്കുറിച്ചുള്ള സമഗ്രവീക്ഷണം സംഗ്രഹിച്ചതാണ് ഈ തിരുവചനം. ചെയ്തുപോയ ചിലതു മാത്രമല്ല, ചെയ്യാതെ പോയ ചിലതും പാപങ്ങളാണ്. അഥവാ സല്‍സ്വഭാവമല്ലാത്തതെല്ലാം പാപങ്ങളാണ്. ചെയ്തതും പറഞ്ഞതും ആഗ്രഹിച്ചതുമെല്ലാം അതില്‍ പെടുന്നു. വിചാരങ്ങള്‍ പോലും വിചാരണചെയ്യുമെന്ന വിശുദ്ധ ഖുര്‍ആനിന്റെ താക്കീത് അതാണ്. മനസ്സ് ശുദ്ധമാകുന്നതോടെ കര്‍മങ്ങളെല്ലാം ശുദ്ധമാകുന്നു.

നമുക്ക് കണ്ണുണ്ട്. കണ്ണ് എന്തും കാണും, എന്ത് കാണണം എന്ന് തീരുമാനിക്കുന്നത് കണ്ണല്ല. എന്ത് കേള്‍ക്കണമെന്ന് കാതോ, എന്ത് പറയണമെന്ന് നാവോ തീരുമാനിക്കുന്നില്ല. ആ തീരുമാനങ്ങളെല്ലാം മനസ്സിന്റേതാണ്. അതിനാല്‍ മനസ്സാണ് പ്രധാനം. അപകടത്തിലേക്ക് ഇഴഞ്ഞ് പോകാവുന്ന ഒരു പൈതലിനെ പോലെയാണ് മനസ്സ്. 'കാറ്റത്ത് തൂക്കിയിട്ട പക്ഷിത്തൂവല്‍ പോലെ'യെന്ന് മനസ്സിനെക്കുറിച്ച് നബിയുടെ ഒരു നിരീക്ഷണമുണ്ട്. ഓരോ കാറ്റിലും ഓരോ വശത്തേക്ക് ഇളകിയാടുന്ന തൂവല്‍. എന്തിലേക്കും അലിയുന്ന മനസ്സിന്റെ ഈ ചാഞ്ചാട്ടത്തെ നിയന്ത്രിക്കാനായാല്‍ ബാക്കിയെല്ലാം താനേ നിയന്ത്രിതമാകും. മനസ്സ് ഒരു അവയവമല്ല, ശരീരത്തിലെ പല ഘടകങ്ങള്‍ ചേര്‍ന്ന ഒരു സിസ്റ്റം ആണത്. പക്ഷേ, ആ സിസ്റ്റം നമ്മുടെ ജീവിതം തന്നെയായിത്തീരുന്നു. മനസ്സ് ഹൃദയത്തിനകത്താണെന്ന പഠനമുണ്ട്. ഹൃദയം നന്നായാല്‍ മുഴുവന്‍ നന്നായി എന്ന് നബി പറഞ്ഞിട്ടുണ്ട്. ഹൃദയത്തെ വിശകലനം ചെയ്തുള്ള റസൂലിന്റെ വചനം ചിന്തനീയമാണ്; 'ഹൃദയങ്ങള്‍ നാലു തരമുണ്ട്. വിളക്കുപോലെ പ്രകാശം ചൊരിയുന്ന നിഷ്‌കളങ്ക ഹൃദയം, ഉറയില്‍ കെട്ടിവെച്ച ഹൃദയം, തലകീഴായ ഹൃദയം, കനംകുറഞ്ഞ ഹൃദയം' എന്നിവയാണവ. നിഷ്‌കളങ്ക ഹൃദയം സത്യവിശ്വാസിയുടേതാണ്. ആ ദീപം പ്രകാശമാനമാണ്. ഉറയില്‍ കെട്ടിവെച്ചത് നിഷേധിയുടേതാണ്. സത്യം ഗ്രഹിച്ചശേഷം അതിനെ നിരാകരിച്ച കപടവിശ്വാസിയുടേതാണ് തലകീഴായ ഹൃദയം. സത്യവിശ്വാസവും കാപട്യവുമുള്ളതാണ് കനംകുറഞ്ഞ ഹൃദയം. അത്തരം ഹൃദയങ്ങളിലെ വിശ്വാസത്തിന്റെ ഉപമ, ശുദ്ധജലത്താല്‍ പരിപോഷിപ്പിക്കപ്പെടുന്ന ചെടി പോലെയാണ്. കാപട്യത്തിന്റെ ഉപമ, ചലവും ചോരയും ഒലിക്കുന്ന വ്രണം പോലെയും. രണ്ടിലേത് അതിജയിക്കുന്നുവോ, അതിന്റെ ഗുണം അതില്‍ മികച്ചുനില്‍ക്കും' (ത്വബറാനിസഗീര്‍ 1075).

''മനുഷ്യഹൃദയം രാജാവിനെപ്പോലെയാണ്. അതിന് ചില സൈന്യങ്ങളുണ്ട്. രാജാവ് നന്നായാല്‍ സൈന്യവും നന്നാകും. രാജാവ് മോശമായാല്‍ സൈന്യവും മോശമാകും. ചെവികള്‍, കുപ്പിയിലേക്ക് വെള്ളമൊഴിക്കാനുപയോഗിക്കുന്ന ചോര്‍പ്പും, കണ്ണുകള്‍ ശത്രുവിനെ നിരീക്ഷിക്കുന്ന കാവല്‍സൈന്യവുമാണ്. ആശയങ്ങള്‍ വ്യക്തമാക്കുന്ന തര്‍ജമക്കാരനാണ് നാവ്. വാര്‍ത്തകള്‍ അന്വേഷിക്കുന്ന ദൂതനാണ് കാലുകള്‍. കൈകള്‍ ചിറകുകളാണ്'' (ബൈഹഖി, ശുഅബു ഈമാന്‍ 109,110).

നിഷ്‌കളങ്ക ഹൃദയം വിശ്വാസിയുടെ വിജയമാണ്. ശുദ്ധ ഹൃദയം- ഖല്‍ബുന്‍ സലീം- എന്ന് ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ (അസ്സ്വാഫാത്ത് 84). അത്തരമൊരു ഹൃദയത്തിലേക്കുള്ള വളര്‍ച്ചയാകണം സല്‍ക്കര്‍മങ്ങള്‍. ഖല്‍ബുന്‍ മുനീബ് (മടങ്ങുന്ന ഹൃദയം) പശ്ചാത്താപത്തിലൂടെ പരിശുദ്ധരാകുന്നവരുടെ ഹൃദയമാണ്. കറകളെയെല്ലാം കഴുകിക്കളയുന്ന തൗബയുടെ വസ്ത്രമണിഞ്ഞവര്‍. അപരാധങ്ങളുടെ ആപത്തിലേക്ക് മടങ്ങാത്തവരാണവര്‍. അവരുടെ പ്രാര്‍ഥന ഇങ്ങനെയായിരിക്കുമെന്ന് ഇമാം ഗസാലി വിവരിക്കുന്നു: 'എന്റെ നാഥാ, ഓടിപ്പോയ നിന്റെ അടിമ നിന്റെ വാതില്‍ക്കലേക്ക് തന്നെ മടങ്ങിയെത്തിയിരിക്കുന്നു. നിന്റെ പാപിയായ അടിമ മാപ്പപേക്ഷയുമായി നിന്നിലേക്കെത്തിയിരിക്കുന്നു. നിന്റെ അനുഗ്രഹത്താല്‍ എന്നെ കടാക്ഷിക്കേണമേ. അല്ലാഹുവേ, എന്റെ കഴിഞ്ഞുപോയ പാപങ്ങളെല്ലാം നീ പൊറുത്തുതരേണമേ. എല്ലാ  നന്മകളും  നിന്റെ കൈവശമാണുള്ളത്. നീ അലിവുള്ളവനും കരുണയുള്ളവനുമാണല്ലോ.'

തൗബ ചെയ്യുന്നവര്‍ തന്നെ പലവിധമുണ്ട്. മിന്‍ഹാജുല്‍ ആബിദീന്‍ എന്ന വിഖ്യാത ഗ്രന്ഥത്തില്‍ ഇമാം ഗസാലി അതിങ്ങനെ പറഞ്ഞുതരുന്നു;

1. ചെയ്ത തിന്മയിലേക്ക് ജീവിതാന്ത്യം വരെ തിരിച്ചുപോകാത്ത നിഷ്‌കളങ്കമായ തൗബ ചെയ്യുന്നവര്‍. നന്മകളാല്‍ മുന്നേറിയവര്‍, ശാന്തി നേടിയ ആത്മാവ്, നിഷ്‌കപടമായ പശ്ചാത്താപം എന്നൊക്കെയുള്ള ഖുര്‍ആന്‍ പരാമര്‍ശം ഈ വിഭാഗത്തെയാണ് ഉദ്ദേശിക്കുന്നത്

2.പശ്ചാത്തപിച്ച ശേഷവും പാപങ്ങളിലേക്ക് വഴുതിപ്പോകുന്ന വിഭാഗമുണ്ട്. ഈ അബദ്ധത്തിന്റെ പേരില്‍ മനസ്സാക്ഷി അവരെ ആക്ഷേപിച്ചുകൊണ്ടിരിക്കും. ഉദാത്തമായ അവസ്ഥ ആഗ്രഹിക്കുന്ന മനസ്സാണിത്.

3. പശ്ചാത്താപശേഷം പാപങ്ങളിലേക്ക് വഴുതാതെ ശ്രദ്ധിക്കുമെങ്കിലും കാലക്രമത്തില്‍ പാപങ്ങളിലേക്ക് വശംവദരാകുന്നവര്‍. തെറ്റിന് പ്രേരിപ്പിക്കുന്ന മനസ്സ് ആണ് ഈ വിഭാഗം. ഇവരെക്കുറിച്ച് സൂറതുത്തൗബ 102-ല്‍ പരാമര്‍ശമുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹമുണ്ടെങ്കിലേ ഈ വിഭാഗത്തിന് രക്ഷയുള്ളൂ.

4. പശ്ചാത്താപത്തെ പരിഗണിക്കാതെ ജീവിക്കുന്നവര്‍. തിന്മകളില്‍ മുഴുകി ജീവിക്കുന്നവരാണിത്. ഇവരാണ് പരാജിതര്‍.

നബിയുടെ ഒരു പ്രാര്‍ഥനയിങ്ങനെയാണ്; എത്ര ഹൃദ്യമാണിത്!

'അല്ലാഹുവേ, എന്റെ തെറ്റുകളും എന്റെ വിവരക്കേടുകളും എന്റെ കാര്യങ്ങളിലുള്ള അതിരുകവിയലുകളും എന്നേക്കാള്‍ നന്നായി നിനക്കറിയാവുന്ന മറ്റു പാപങ്ങളുമെല്ലാം നീ പൊറുത്തുതരേണമേ! കാര്യമായും തമാശയായും ചെയ്ത പാപങ്ങളും നീ പൊറുക്കണേ! അറിയാതെയും അറിഞ്ഞും ചെയ്തതും, മുമ്പു ചെയ്തതും പിന്നീട് ചെയ്തതും, രഹസ്യമാക്കിയതും പരസ്യമാക്കിയതും നിനക്കറിയാവുന്ന എന്റെ പാപങ്ങളെല്ലാം നീ പൊറുക്കണേ! മുമ്പുള്ളവനും എന്നുമുണ്ടാകുന്നവനും നീയാണല്ലോ! നാഥാ, നീയെല്ലാറ്റിനും കഴിവുള്ളവനാണ്!'

തൗബയുടെ അനിവാര്യഘടകങ്ങള്‍ ഹദീസുകളിലുണ്ട്. ആത്മാര്‍ഥമായ ഖേദമാണ് ഒന്ന്. മനസ്സറിഞ്ഞ ദുഃഖത്തോടെയുള്ള ഏറ്റുപറച്ചില്‍. 'ഖേദമാണ് പശ്ചാത്താപം' എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.

തൗബയുടെ വചനങ്ങളേക്കാള്‍ പ്രധാനമാണ് തൗബയുള്ള ഹൃദയം. അല്ലാഹുവിന്റെ അത്യപാരമായ അനുഗ്രഹത്താലാണ് തിന്മകളുടെ പേരില്‍ ഖേദിക്കുന്ന ഒരു ഹൃദയം നമുക്കുണ്ടാകുന്നത്. അതുമില്ലെങ്കിലുള്ള അവസ്ഥ എത്ര അപകടമായിരിക്കും! സ്‌നേഹധന്യനായ പിതാവിനെ മകന്‍ ധിക്കരിക്കില്ല. പിതാവ് കാണുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളെയും കല്‍പനകളെയും അവന്‍ ശ്രദ്ധിക്കും. ഭയം കൊണ്ടല്ല, സ്‌നേഹം കൊണ്ടാണിത്. അല്ലാഹുവിന്റെ സ്‌നേഹം തിരിച്ചറിയുന്നവര്‍ അവനെ ധിക്കരിക്കില്ല. വല്ലതും ചെയ്താലോ, മനസ്സു നിറഞ്ഞ് മാപ്പിരക്കും.

'അവര്‍ അല്ലാഹുവിന് വില കല്‍പിക്കേണ്ട പ്രകാരം വില കല്‍പിക്കുന്നില്ല' എന്നൊരു വചനമുണ്ട് ഖുര്‍ആനില്‍. ലോകരക്ഷിതാവായ അല്ലാഹുവാണിത് പറയുന്നത്. ജീവിത മേഖലകളിലെല്ലാം ആ നിയമനിര്‍ദേശങ്ങളെ മുഖവിലക്കെടുക്കലാണ് ഈ നിര്‍ദേശം. പാപങ്ങള്‍ വരാതിരിക്കാനുള്ള കരുതലാണിത്.

'നന്മ കല്‍പിക്കല്‍' ഇസ്‌ലാമിക വ്യക്തിത്വത്തിന്റെ മുന്നുപാധിയാണ്. നന്മ തടയുകയും തിന്മ കല്‍പിക്കുകയും ചെയ്യുന്ന നിഗൂഢമായൊരു ശക്തി നമ്മുടെയെല്ലാം അകത്തുണ്ട്. അതിനോടാണ് ആദ്യം നന്മ കല്‍പിക്കേണ്ടത്. തിന്മയിലേക്ക് വലിച്ചടുപ്പിക്കുന്ന ആ ശക്തിയെ വകഞ്ഞുമാറ്റി, നന്മയിലേക്കെത്താന്‍ സാധിക്കണം. ഇമാം ഖുശൈരി പറഞ്ഞിട്ടുണ്ട്: 'തൗബയുടെ ആദ്യപടി, അശ്രദ്ധയാകുന്ന ഉറക്കത്തില്‍നിന്നുള്ള ഹൃദയത്തിന്റെ ഉണര്‍വാണ്.' ഇമാം ഇബ്‌നുല്‍ ഖയ്യിം(റ) വിശദീകരിക്കുന്നതിങ്ങനെ: 'ശിര്‍ക്കില്‍നിന്നും ബിദ്അത്തില്‍നിന്നും ദുര്‍വികാരങ്ങളില്‍നിന്നും അശ്രദ്ധയില്‍നിന്നും ദേഹേഛകളില്‍നിന്നുമുള്ള മനസ്സിന്റെ സുരക്ഷിതത്വമാണത്' (ഉരീദു അന്‍ അതൂബ, രിദ്‌വാന്‍ മുഹമ്മദ്).

പാപങ്ങള്‍ വ്യത്യാസമുള്ളതാണ്. പശ്ചാത്താപവും വ്യത്യസ്തമാണ്. ധാരാളം ചെളിപുരണ്ട വസ്ത്രം കഴുകുന്നതു പോലെ, അല്‍പം ചെളിയുള്ള വസ്ത്രം കഴുകേണ്ടതില്ലല്ലോ. വന്‍പാപങ്ങള്‍ വന്‍ തിന്മകളാണ്. തിരുനബി വന്‍പാപങ്ങളെ പല ഹദീസുകളിലൂടെ താക്കീതു ചെയ്തു; അബൂത്വാലിബ് മക്കീ ആ ഹദീസുകളെ ചേര്‍ത്തുവെച്ച് വന്‍പാപങ്ങള്‍ പതിനേഴുണ്ടെന്ന് പറയുന്നു: 'ശിര്‍ക്ക്, അല്ലാഹുവിനോടുള്ള ധിക്കാരം, ആ കാരുണ്യത്തില്‍ നിരാശ, അവന്റെ ശിക്ഷയെ പേടിക്കാതിരിക്കല്‍, കള്ളസാക്ഷ്യം, ശുദ്ധയുടെ പേരില്‍ വ്യഭിചാരാരോപണം, സിഹ്ര്‍, കള്ളസത്യം, ലഹരി ഉപയോഗം, പലിശ, വ്യഭിചാരം, സ്വവര്‍ഗ ഭോഗം, മോഷണം, കൊലപാതകം, യുദ്ധമുന്നണിയില്‍നിന്ന് പിന്തിരിയല്‍, മാതാപിതാക്കളെ ദ്രോഹിക്കല്‍' (ഇമാം ഗസാലി, മിന്‍ഹാജുല്‍ ആബിദീന്‍).

തൗബ ചെയ്തവര്‍, പുണ്യകര്‍മങ്ങള്‍ തുടര്‍ച്ചയായി ചെയ്യണമെന്നും ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്. അതെന്തിനാണ്? അതൊരു സത്യപ്പെടുത്തലാണ്. പറഞ്ഞ ഓരോ വാക്കിനുമുള്ള പരിഹാര ക്രിയയാണത്. ദുഷ്‌കര്‍മങ്ങളുടെ പോയകാലത്തിന് സല്‍ക്കര്‍മങ്ങളുടെ പുതിയ കാലം പരിഹാരമായിത്തീരുകയാണ്. പാപങ്ങളില്‍നിന്ന് പൂര്‍ണമായും വിട്ടുനിന്ന് പുണ്യങ്ങളിലേക്കുള്ള കുതിച്ചുപായല്‍. പാപത്തിന് സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കലാണ് മറ്റൊന്ന്. സമ്പര്‍ക്കവും സംസാരവും സന്ദര്‍ഭങ്ങളുമെല്ലാം അതില്‍ പെടും.

നബി(സ)യോട് ഒരാള്‍ ചോദിച്ചു: 'ജനങ്ങളില്‍ ആരാണ് ശ്രേഷ്ഠന്‍?' നബി(സ) പറഞ്ഞതിങ്ങനെ: 'വൃത്തിയുള്ള ഹൃദയവും സത്യസന്ധമായ നാവുമുള്ളവര്‍.' അനുചരന്മാര്‍ ചോദിച്ചു: 'എന്താണ് തിരുദൂതരേ, വൃത്തിയുള്ള ഹൃദയം?' അവിടുന്ന് പറഞ്ഞു: 'അല്ലാഹുവിനെ പേടിക്കുന്നതും മാലിന്യങ്ങളില്‍നിന്ന് മുക്തമാകുന്നതും. പാപമോ കുറ്റവാസനയോ പകയോ അസൂയയോ അതില്‍ ഉണ്ടാവുകയില്ല' (ഇബ്‌നുമാജ 4216).

തൗബ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഹൃദയങ്ങളില്‍ വിനയം പൂവിടും. ജീവിതം ധന്യമാകാന്‍ അതുമതി. ഖുദ്‌സിയായ ഒരു നബിവചനം ഇങ്ങനെയാണ്:  'മനുഷ്യപുത്രാ, ഭൂമി നിറയെ പാപവുമായി നീ എന്റെ അരികില്‍ വരികയും എന്നില്‍ യാതൊരാളെയും പങ്കുചേര്‍ക്കാതെ നീ എന്നെ കണ്ടുമുട്ടുകയും ചെയ്താല്‍ ഭൂമി നിറയെ പാപമോചനവുമായി ഞാന്‍ നിന്റെ അരികിലെത്തും' (തിര്‍മിദി). പിന്നെയും  നബി(സ) പറഞ്ഞു: 'അല്ലാഹുവിന്റെ ഒരു അടിമ മുഖം കഴുകുമ്പോള്‍ അവസാനത്തെ വെള്ളത്തുള്ളിയോടൊപ്പം അവന്‍ കണ്ണുകൊണ്ട് ചെയ്ത പാപങ്ങളെല്ലാം ഒഴുകിപ്പോകുന്നു. കൈ കഴുകുമ്പോള്‍ അവസാന വെള്ളത്തുള്ളിയോടൊപ്പം കൈകൊണ്ടു ചെയ്ത പാപങ്ങളും ഒഴുകിപ്പോകുന്നു. കാലു കഴുകുമ്പോഴും ഇങ്ങനെ സംഭവിക്കുന്നു. അങ്ങനെ എല്ലാ ചെറുപാപങ്ങളില്‍നിന്നും അവന്‍ മോചിതനാവുന്നു' (മുസ്‌ലിം).

'എന്റെ ഇന്നലെകളെ പിശാച് കേടുവരുത്തിയെങ്കില്‍, എന്റെ നാളെകള്‍ കൊണ്ട് ഞാനവനെ തോല്‍പ്പിക്കും'- സുഫ്‌യാനുസ്സൗരിയുടെ ഈ വാക്കിന് വല്ലാത്തൊരു മൂര്‍ച്ചയുണ്ട്. നമ്മുടെ നാളെകള്‍ നമ്മെ പിഴവിലാക്കിയവനുള്ള മറുപടിയാകട്ടെ. കാലം വരുത്തുന്ന കളങ്കങ്ങളെ തുടച്ചുകളഞ്ഞ് തെളിച്ചം വരുത്താം നമുക്ക്. സര്‍വ വാതിലുകളും അടഞ്ഞാലും തൗബയുടെ വാതില്‍ തുറന്നുകിടക്കും. നമ്മുടെ തൗബ കാത്ത് കൈനീട്ടിയിരിക്കയാണ് കാരുണ്യവാനായ രക്ഷിതാവ്!. ഹൃദയത്തിന്റെ അടപ്പുകള്‍ തുറന്ന്, എല്ലാം ഏറ്റുപറഞ്ഞ് മടങ്ങാം. മധ്യസ്ഥന്മാരില്ലാതെ മനസ്സു തുറക്കാനുള്ള മഹാസന്നിധിയാണ് അല്ലാഹുവിന്റേത്. എല്ലാവര്‍ക്കുമുള്ളതാണ് ആ സന്നിധി. പാപിക്കും പരിശുദ്ധനുമെല്ലാം അവിടെയെത്താം. ആരെയും അവഗണിക്കുന്നില്ല. ഒന്നും തിരികെ ചോദിക്കുന്നില്ല. പാപങ്ങളുടെ പേരില്‍ ഒന്നു മനസ്സു നൊന്താല്‍ മതി; കാലിടറിയവരേ, നാമൊന്ന് കരഞ്ഞാല്‍ മതി! 


Comments

Other Post

ഹദീസ്‌

ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം
അബൂമിശ്അല്‍ കുന്നമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ-24/ അന്നൂര്‍/ 34-35
എ.വൈ.ആര്‍