'മുക്ത ഭാരതത്തി'ന്റെ രാഷ്ട്രീയം
വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചിയുടെയോ ബി.ജെ.പി നേതാവ് സാക്ഷി മഹാരാജിന്റെയോ വിഷം പുരട്ടിയ വാക്കുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഒട്ടും പുതുമയുള്ളതല്ല. പൊതു സമൂഹത്തിന്റെ രാഷ്ട്രീയ, സാമൂഹിക ജീവിതം വിദ്വേഷകലുഷമാക്കാന്‍ ഇവരെപ്പോലുള്ളവര്‍ വിഷലിപ്ത പ്രസ്താവനകള്‍ നിരന്തരം നടത്തിക്കൊണ്ടേയിരിക്കുന്നു. പല കോണുകളില്‍നിന്നും സ്പര്‍ധയും വിദ്വേഷവും ഇളക്കിവിടുന്ന ഈ പ്രസ്താവനകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരാറുണ്ട്. നിയമ നടപടികള്‍ വരെ സ്വീകരിക്കാന്‍ തയാറാകുന്നവരുമുണ്ട്. പക്ഷേ, കേന്ദ്രം ഭരിക്കുന്ന മോദി ഗവണ്‍മെന്റോ അതിനെ നയിക്കുന്ന ബി.ജെ.പിയോ ഇത്തരക്കാര്‍ക്കെതിരെ നടപടികളെടുക്കുന്നതുപോയിട്ട്, ഒരക്ഷരം ഇതേവരെ മിണ്ടിയിട്ടുപോലുമില്ല. അത്യന്തം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്താന്‍ ഇതവര്‍ക്ക് പ്രേരണയും പ്രോത്സാഹനവുമായിത്തീരുകയും ചെയ്യുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഉത്തരാഖണ്ഡില്‍ വെച്ച് സാധ്വി പ്രാചി നടത്തിയ പ്രസ്താവന: 'നമ്മുടെ ലക്ഷ്യം കോണ്‍ഗ്രസ് മുക്ത ഭാരതം എന്നായിരുന്നു. ഇപ്പോഴത് നേടിക്കഴിഞ്ഞു. മുസ്‌ലിം മുക്ത ഭാരതം എന്ന ലക്ഷ്യം ഏറ്റെടുക്കേണ്ട സമയമാണിത്.' യു.പിയില്‍നിന്ന് മുസ്‌ലിംകളെ തുരത്തി സംസ്ഥാനത്തെ 'ഉത്തംപ്രദേശ്' ആക്കുമെന്നാണ് മറ്റൊരു കമന്റ്.
മോദി അധികാരമേറ്റതുമുതല്‍ രാജ്യത്ത് അസഹിഷ്ണുത പടരുകയാണ് എന്ന് പറഞ്ഞവരെ പ്രതികാരബുദ്ധിയോടെയാണ് കേന്ദ്ര ഗവണ്‍മെന്റ് നേരിട്ടത്. അവരില്‍ ചിലരെ സര്‍ക്കാര്‍ വക ബ്രാന്റ് അംബാസഡര്‍ സ്ഥാനത്തുനിന്ന് നീക്കി. അസഹിഷ്ണുതയില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ രാജ്യത്തിനകത്തും പുറത്തും ഹൈടെക് പ്രചാരവേലകള്‍ കൊഴുപ്പിക്കുകയും ചെയ്തു. പ്രാചിയുടെ ഈ പ്രസ്താവനയെ സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും ഏതു കോളത്തിലാണാവോ സംഘ്പരിവാര്‍ വരവുവെക്കാന്‍ പോകുന്നത്! ഇതൊന്നും ഒറ്റപ്പെട്ടതോ യാദൃഛികമോ ആയ സംഭവങ്ങളല്ല. ഭരണകക്ഷിയുടെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും അര്‍ഥഗര്‍ഭമായ മൗനം അതിന് തെളിവാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങളാണിതൊക്കെ. കടുത്ത വംശീയ ചേരിതിരിവുകള്‍ സൃഷ്ടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് ബി.ജെ.പി. അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ ന്യൂനപക്ഷ പദവിക്ക് മേല്‍ കൈവെക്കുന്നതും ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് ഫ്രിഡ്ജില്‍ സൂക്ഷിച്ചത് മാട്ടിറച്ചിയാണെന്ന പുതിയ ലാബ് റിപ്പോര്‍ട്ട് പടച്ചുണ്ടാക്കുന്നതും വര്‍ഗീയ വൈരം കത്തിക്കാനല്ലാതെ മറ്റെന്തിനാണ്? യു.പിയില്‍ മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന കൈരാന എന്ന പ്രദേശത്തുനിന്ന് 364 ഹിന്ദു കുടുംബങ്ങള്‍ 'മുസ്‌ലിം ഗൂഢാലോചന'യെ തുടര്‍ന്ന് അഭയാര്‍ഥികളായെന്ന പുതിയൊരു കള്ളപ്രചാരണം കൂടി ബി.ജെ.പി എം.പി ഹുകും സിംഗിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. കശ്മീരില്‍ പണ്ഡിറ്റുകള്‍ക്കെതിരെ നടന്നതുപോലെയുള്ള ഗൂഢാലോചനയാണത്രെ ഇത്. അഭയാര്‍ഥി ലിസ്റ്റില്‍പെട്ട പ്രമോദ് ജെയ്ന്‍, സോനു പോലുള്ളവര്‍ തങ്ങള്‍ അഭയാര്‍ഥികളായ വിവരം അറിഞ്ഞിട്ടില്ല! അവര്‍ ഇപ്പോഴും കൈരാനയില്‍ സുഖമായി താമസിച്ചുവരികയാണ്. നല്ല പ്രാക്ടീസ് കിട്ടുന്നതിനു വേണ്ടി 2012-ല്‍ കൈരാനയില്‍നിന്ന് തൊട്ടടുത്ത നഗരത്തിലേക്ക് മാറിത്താമസിച്ച പന്ത്രണ്ട് വക്കീലന്മാരും 'അഭയാര്‍ഥി ലിസ്റ്റി'ല്‍ ഉണ്ട്. ലിസ്റ്റിന്റെ സത്യസ്ഥിതിയറിയാന്‍ ദ ഹിന്ദു ലേഖകന്‍ കൈരാന സന്ദര്‍ശിച്ചപ്പോഴാണ് പച്ചക്കള്ളങ്ങള്‍ ഓരോന്നായി പുറത്തുവന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വം 'അഭയാര്‍ഥി പ്രവാഹം' മുഖ്യ തെരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്നായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ടെന്നുകൂടി അറിയുക.
വര്‍ഗീയ ചേരിതിരിവുകളുണ്ടാക്കാന്‍ എന്ത് കള്ളവും കെട്ടിയെഴുന്നള്ളിക്കുന്ന ഈ പശ്ചാത്തലത്തില്‍നിന്നു വേണം 'മുസ്‌ലിം മുക്ത ഭാരത'ത്തെയും കാണാന്‍. അതാണ് അടുത്ത ലക്ഷ്യമെങ്കില്‍ മുസ്‌ലിം മുക്ത ബി.ജെ.പിക്ക് വേണ്ടിയല്ലേ പ്രാചി ആദ്യമായി ശബ്ദമുയര്‍ത്തേണ്ടിയിരുന്നത്? നജ്മ ഹിബത്തുല്ല, മുഖ്താര്‍ അബ്ബാസ് നഖ്‌വി, ഷാനവാസ് ഹുസൈന്‍, എം.ജെ അക്ബര്‍ പോലുള്ളവരെ അപ്പോള്‍ എന്തു ചെയ്യും? ബി.ജെ.പിയില്‍ മുസ്‌ലിംകള്‍ക്ക് അംഗത്വം നല്‍കില്ല എന്നെങ്കിലും പറയേണ്ടേ ആദ്യം? അപ്പോള്‍, വര്‍ഗീയ ജ്വരം കത്തിച്ചുനിര്‍ത്താനുള്ള കളികള്‍ മാത്രമാണിതെല്ലാം. 'സംഘ് മുക്ത ഭാരതം' എന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തിരിച്ചടിക്കുന്നുമുണ്ട്. ദാരിദ്ര്യമുക്ത ഭാരതം, അഴിമതിമുക്ത ഭാരതം എന്നൊന്നും ആരും അബദ്ധത്തില്‍പോലും പറഞ്ഞുപോകുന്നുമില്ല. മൊത്തം 822 നിയമസഭാ സീറ്റുകളുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ്സിനെ ചൊല്ലിയാണ് വെറും 65 സീറ്റ് മാത്രം നേടിയ ബി.ജെ.പി 'മുക്ത നാടകം' കളിക്കുന്നത് എന്ന തമാശ വേറെ.
ആസൂത്രിതമായി സംഘടിപ്പിക്കപ്പെട്ട മുസഫര്‍ നഗര്‍ കലാപം മുതലെടുത്താണ് സംഘ്പരിവാര്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ അപ്രതീക്ഷിത നേട്ടം കൊയ്തത്. വികസന അജണ്ടകളൊക്കെ മാറ്റിവെച്ച്, അതേ മാതൃകയില്‍ വിഭാഗീയത സൃഷ്ടിച്ച് യു.പി ഭരണം പിടിക്കാമെന്നും അവര്‍ കണക്കുകൂട്ടുന്നു. ഇനിയും പലതരത്തിലുള്ള വര്‍ഗീയ അജണ്ടകളും അവരുടെ ആവനാഴിയില്‍നിന്ന് പുറത്തെടുക്കാനിരിക്കുന്നു. എല്ലാറ്റിനും അകമ്പടിയായി ഹൈടെക് കള്ള പ്രചാരണങ്ങളുമുണ്ടാകും. ബിഹാറിലേതുപോലെ, മതനിരപേക്ഷ കക്ഷികള്‍ പരസ്പര വൈരം മറന്ന് ഒറ്റക്കെട്ടായി നിന്നാലേ വര്‍ഗീയ ശക്തികളെ തടയാനാവൂ. പഴയതുപോലെ ചതുഷ്‌കോണ മത്സരമാണ് നടക്കുന്നതെങ്കില്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാണ്. ഈ തിരിച്ചറിവ് രാഷ്ട്രീയ കക്ഷികള്‍ക്കും ന്യൂനപക്ഷ കൂട്ടായ്മകള്‍ക്കുമെല്ലാം ഉണ്ടാകണം.
Comments