Prabodhanm Weekly

Pages

Search

2016 ജൂണ്‍ 24

2957

1437 റമദാന്‍ 19

ജമാഅത്തെ ഇസ്‌ലാമിയെ രാഷ്ട്രീയം പഠിപ്പിച്ചത് സലഫികള്‍!

മുജീബ്

''ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുസ്‌ലിം സമുദായത്തെ സമര രംഗത്തിറക്കിയതില്‍ മുജാഹിദുകളുടെ പങ്ക് നിസ്തുലമായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന് പകരം ജനാധിപത്യ -മതേതരത്വം കയറിവരുന്നത് 'ലാത്ത പോയി മനാത്ത വരുന്നതുപോലെയാണെന്ന്' വിളിച്ചു പറഞ്ഞ, സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍നിന്ന് പിന്തിരിഞ്ഞ 'ഇസ്‌ലാമിസ്റ്റ്' ഗ്രൂപ്പുകളെ തനതായ ജനാധിപത്യ-മതേതര ശ്രേണിയിലേക്ക് നയിക്കാനും മുജാഹിദുകള്‍ക്ക് സാധിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം നടന്ന ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുന്നത് തൗഹീദിന് വിരുദ്ധവും നിഷിദ്ധവുമാണെന്ന് പ്രചാരണം നടത്തിയ ജമാഅത്തെ ഇസ്‌ലാമിയെ താത്ത്വികമായും ധൈഷണികമായ സംവാദങ്ങളിലൂടെ, ആ വാദങ്ങള്‍ തിരുത്തിക്കാന്‍ സാധിച്ചുവെന്ന് മാത്രമല്ല, സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് കടന്നുവരുന്ന തലത്തിലേക്ക് മാറ്റി ചിന്തിപ്പിച്ചതില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ ശക്തമായ ബൗദ്ധിക ഇടപെടലുകളായിരുന്നു. ജനാധിപത്യ മതേതരത്വം ശിര്‍ക്കും കുഫ്‌റുമാണെന്ന് പ്രബോധനം നടത്തിയവര്‍ക്കെതിരെ ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലും നടത്തിയ ആദര്‍ശ സംവാദങ്ങള്‍ മുസ്‌ലിം കൈരളിക്ക് മറക്കാവതല്ല. ഇബാദത്ത്, ഇത്വാഅത്ത്, ഹുകൂമത്തെ ഇലാഹി, ഇഖാമത്തുദ്ദീന്‍ തുടങ്ങിയ ഒട്ടേറെ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും ഫലമായി ശിര്‍ക്കെന്ന് വാദിച്ചിരുന്ന സമ്മതിദാനാവകാശം ഹലാലും തൗഹീദുമായെന്ന് മാത്രമല്ല, സ്വന്തമായി 'ശക്തി' പ്രകടിപ്പിക്കാനുള്ള ആഹ്വാനങ്ങള്‍ വരെയുണ്ടായി എന്നത് ഈ രംഗത്ത് മുജാഹിദുകളുയര്‍ത്തിപ്പിടിച്ച സാമൂഹിക വിപ്ലവത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. പല പിന്തിരിപ്പന്‍ വാദങ്ങളുമായി പലരും രംഗപ്രവേശം ചെയ്‌തെങ്കിലും വലിച്ചെറിയപ്പെട്ട മൗദൂദിയന്‍ രാഷ്ട്രീയ വീക്ഷണം ചര്‍ച്ച ചെയ്യാന്‍ പോലും ആരും തയാറാകുന്നില്ല എന്നത് സന്തോഷകരമാണ്.'' മെയ് 13-ലെ വിചിന്തനത്തില്‍ വന്ന ഡോ. സുല്‍ഫിക്കര്‍ അലിയുടെ ഈ അവകാശവാദത്തെ കുറിച്ച് മുജീബിന്റെ പ്രതികരണം?

റഹ്മാന്‍ മധുരക്കുഴി

അവകാശവാദങ്ങള്‍ക്ക് നികുതി കൊടുക്കേണ്ടതില്ലാത്തതുകൊണ്ട് ആര്‍ക്കും എത്ര ശക്തമായും ഉന്നയിക്കാമെന്നതിനാല്‍ ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും പഠിപ്പിച്ചുകൊടുത്തതും മാതൃക കാട്ടിയതും മുജാഹിദുകളാണെന്ന വീരവാദം മുഴക്കാനുള്ള അവരുടെ അവകാശവും വകവെച്ചുകൊടുക്കാവുന്നതേയുള്ളൂ. പക്ഷേ യാഥാര്‍ഥ്യം എല്ലായ്‌പ്പോഴും അവകാശവാദങ്ങളെ സാധൂകരിച്ചുകൊള്ളണമെന്നില്ല.

ആദ്യമായി ഉത്തരം തേടുന്ന ചോദ്യം മഹത്തായ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ നേരെ മുജാഹിദുകളുടെ അഥവാ സലഫികളുടെ, സമീപനം എന്തായിരുന്നുവെന്നുള്ളതാണ്. ചരിത്രത്തില്‍നിന്ന് മനസ്സിലാക്കിയേടത്തോളം ജിന്നാ സാഹിബിന്റെ നേതൃത്വത്തിലെ സര്‍വേന്ത്യാ മുസ്‌ലിം ലീഗിനെ നൂറു ശതമാനവും പിന്താങ്ങുകയായിരുന്നു സമാദരണീയനായ കെ.എം മൗലവി മുതല്‍ക്കുള്ള മുജാഹിദ് പണ്ഡിതന്മാര്‍. എത്രത്തോളമെന്നാല്‍ പ്രഥമ ഇസ്‌ലാഹി പണ്ഡിതസഭയായ കേരള ജംഇയ്യത്തുല്‍ ഉലമായുടെ സംസ്ഥാന സമ്മേളനം 1947-ല്‍ പാകിസ്താന്‍ രൂപവത്കരണം യാഥാര്‍ഥ്യമാവുന്ന ഘട്ടത്തില്‍ പോലും ജിന്നാ സാഹിബിന്റെ ദീര്‍ഘായുസ്സിനു വേണ്ടി പ്രാര്‍ഥിക്കുന്ന പ്രമേയം പാസ്സാക്കുകയായിരുന്നു. മറിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍നിന്ന് രാജ്യം മൊത്തം വിമോചിതമാവണമെന്ന ആവശ്യം കേരള ജംഇയ്യത്തുല്‍ ഉലമാ ഒരു ഘട്ടത്തിലും ഉയര്‍ത്തിയതായി കാണുന്നില്ല. പി.വി മുഹമ്മദ് മൗലവി(പുളിക്കല്‍)യെ പോലുള്ള നേതാക്കള്‍ പാകിസ്താന്‍ നിലവില്‍ വന്നപ്പോള്‍ ആ രാജ്യത്തേക്ക് ഹിജ്‌റ പോവുകയും ചെയ്തു. ഇതില്‍നിന്ന് എന്ത് പാഠമാണ് ജമാഅത്തെ ഇസ്‌ലാമിക്ക് പഠിക്കാനുണ്ടായിരുന്നത്? അതേയവസരം, സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ സാംസ്‌കാരികമായും ആദര്‍ശപരമായും രാഷ്ട്രീയമായും ശക്തമായി എതിര്‍ത്തതിന്റെ സാക്ഷ്യങ്ങള്‍ അദ്ദേഹത്തിന്റെ ആദ്യകാല കൃതികളില്‍ യഥേഷ്ടം കാണാം. 1920-കളിലെ ഖിലാഫത്ത് പ്രക്ഷോഭത്തില്‍ പങ്കെടുത്തുകൊണ്ടാണ് മൗദൂദി പൊതുജീവിതം ആരംഭിക്കുന്നതുതന്നെ. മൗലാനാ മുഹമ്മദലിയും ശൗക്കത്ത് അലിയും നേതൃത്വം നല്‍കിയ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ടാര്‍ഗറ്റ് ബ്രിട്ടീഷ് സാമ്രാജ്യത്വമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. ഖാദിയാനി പ്രസ്ഥാനത്തെ അല്ലാമാ ഇഖ്ബാലും സയ്യിദ് മൗദൂദിയും രൂക്ഷമായി എതിര്‍ത്തതിന്റെ പിന്നിലും അത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് പാദസേവ ചെയ്യാന്‍ രംഗപ്രവേശം ചെയ്ത വ്യാജ പ്രവാചക പ്രസ്ഥാനമായിരുന്നു എന്ന തിരിച്ചറിവാണ്. ഇതൊന്നും മൗദൂദിയില്‍ സലഫിസത്തിന്റെ സ്വാധീന ഫലമായിരുന്നില്ല. അതേസമയം സലഫി പ്രസ്ഥാനത്തെ ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളിലൊന്നായാണ് അദ്ദേഹം വിലയിരുത്തിയതും (താരീഖ് തജ്ദീദ് വ ഇഹ്‌യായെ ദീന്‍).

ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തത്തെയും നയത്തെയും കുറിച്ച് കേരളത്തിലെ മുജാഹിദുകള്‍ക്ക് സ്പഷ്ടവും അസന്ദിഗ്ധവുമായ നയനിലപാടുകളുണ്ടോ എന്നതും മറ്റൊരു ചോദ്യം. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയം എന്താണെന്ന് അത് നിരവധി ഗ്രന്ഥങ്ങളിലും പ്രബന്ധങ്ങളിലും പ്രസംഗങ്ങളിലുമായി സവിശദം വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ പലതിനെയും അന്ധമായി എതിര്‍ത്തതല്ലാതെ സ്വന്തം രാഷ്ട്രീയ സമീപനമെന്തെന്ന് മുജാഹിദ് ഗ്രൂപ്പുകള്‍ ഇന്നുവരെ സ്പഷ്ടമാക്കിയിട്ടില്ല.  ജനാധിപത്യം, സെക്യുലരിസം, സോഷ്യലിസം എന്നീ ഭരണഘടനാ തത്ത്വങ്ങളെക്കുറിച്ച് വിവിധ കാഴ്ചപ്പാടുകള്‍ നിലവിലിരിക്കെ ഏതാണ് അവര്‍ക്ക് സ്വീകാര്യം? ഏതാണവര്‍ നിരാകരിക്കുന്നത്? അല്ലാഹുവിന്റെ പരമാധികാരത്തെ നിരാകരിക്കുന്ന ഒരു ജനാധിപത്യവും താത്ത്വികമായി സ്വീകാര്യമല്ല എന്നതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട്. മതനിരാസപരമായ സെക്യുലരിസത്തെയും അത് തള്ളിപ്പറയുന്നു. വൈരുധ്യാഷ്ഠിത ഭൗതിക വാദത്തിലധിഷ്ഠിതമായ, സ്വകാര്യ ഉടമാവകാശത്തെ തീര്‍ത്തും നികരിക്കുന്ന സോഷ്യലിസവും അനിസ്‌ലാമികമാണെന്നാണ് ജമാഅത്തിന്റെ ഉറച്ച നിലപാട്. അതേസമയം, ഏകാധിപത്യത്തിനും സമഗ്രാധിപത്യത്തിനും കുടുംബവാഴ്ചക്കുമെതിരെ ജനപ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ഡെമോക്രസിയെ ജമാഅത്ത് അംഗീകരിക്കുന്നു. ഒരു പ്രത്യേക മതത്തോടും സ്‌റ്റേറ്റിന് ആഭിമുഖ്യമോ പക്ഷപാതിത്വമോ ഇല്ലെന്ന ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മതനിരപേക്ഷതക്കും സംഘടന അനുകൂലമാണ്. സാമൂഹിക നീതി എന്ന വിവക്ഷ പ്രകാരമുള്ള സോഷ്യലിസത്തെയും അത് നിഷേധിക്കുന്നില്ല. ഇക്കാര്യങ്ങളിലൊക്കെ മുജാഹിദ് ഗ്രൂപ്പുകള്‍ എവിടെ നില്‍ക്കുന്നു, എന്തടിസ്ഥാനത്തില്‍ എന്നൊക്കെ അറിഞ്ഞിട്ടു വേണമല്ലോ അവരില്‍നിന്ന് ജമാഅത്തെ ഇസ്‌ലാമി വല്ലതും പഠിക്കാന്‍. 1975-ല്‍ ഇന്ദിരാഗാന്ധി ഇന്ത്യയുടെ മേല്‍ അടിച്ചേല്‍പിച്ച അടിയന്തരാവസ്ഥയെ പോലും പിന്താങ്ങിയവരാണ് കേരളത്തിലെ സലഫികള്‍ എന്ന സത്യം മറക്കരുത്. പിന്നെ ഇബാദത്ത്, ത്വാഗൂത്ത്, ഹുകൂമത്തെ ഇലാഹി തുടങ്ങിയ സംജ്ഞകളുടെ കാര്യം. കെ. ഉമര്‍ മൗലവിയെപ്പോലുള്ള സലഫി പണ്ഡിതന്മാര്‍ ഇബാദത്തിന്റെ വിവക്ഷയെ ചൊല്ലിയുള്ള പോരാട്ടത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവെച്ചിരുന്നതില്‍നിന്ന് ഭിന്നമായി അത് വെറും പാഴ്‌വേലയായിരുന്നുവെന്ന് ഇന്നത്തെ മുജാഹിദ് പണ്ഡിതന്മാര്‍ മനസ്സിലാക്കി വിവാദങ്ങള്‍ക്ക് വിരാമമിട്ടിരിക്കെ ആ അധ്യായം വീണ്ടും തുറക്കേണ്ടതുണ്ടോ?

എന്തായാലും ഒരു കാര്യം സമ്മതിക്കാം. മുമ്പ് രാഷ്ട്രീയ കാര്യങ്ങളില്‍ ഒരഭിപ്രായവും പറയാതിരുന്ന മുജാഹിദ് സംഘടനകള്‍ അടുത്ത കാലത്തായി എല്ലാറ്റിലും അഭിപ്രായങ്ങള്‍ പറയുകയും പ്രമേയങ്ങള്‍ പാസ്സാക്കുകയും മാധ്യമങ്ങളില്‍ എഴുതുകയുമൊക്കെ  ചെയ്യുന്നുണ്ട്. ശുഭകരമായ ഈ മാറ്റം ജമാഅത്തെ ഇസ്‌ലാമിയുടെ പരോക്ഷ സ്വാധീന ഫലമാണെന്ന് അംഗീകരിക്കാന്‍ വൈമനസ്യമുണ്ടാവുമെങ്കിലും യാഥാര്‍ഥ്യം സമുദായം തിരിച്ചറിയാതിരിക്കില്ല. 

 

ആരാണ് ഖിദ്ര്‍?

 

ഖിദ്ര്‍ നബി മരണപ്പെട്ടുവെങ്കില്‍ എവിടെ? ലോകത്ത് ഇപ്പോഴും നാല് പ്രവാചകന്മാര്‍ ജീവിച്ചിരിപ്പുണ്ട്. ഭൂമിയില്‍ രണ്ടും -ഖിദ്‌റ് (അ), ഇല്‍യാസ് (അ)- ആകാശത്ത് രണ്ടും -ഈസ(അ), ഇദ്‌രീസ് (അ). ഖിദ്‌റ്, ഇല്‍യാസ് നബി ലോകത്ത് എവിടെ ജീവിച്ചിരിക്കുന്നു?

മിസ്ഹബ് പത്തായത്തിങ്ങല്‍

 

വിശുദ്ധ ഖുര്‍ആനിലെ അല്‍കഹ്ഫ് അധ്യായത്തില്‍ 60 മുതല്‍ 82 വരെ സൂക്തങ്ങളില്‍ പ്രതിപാദിക്കപ്പെട്ട മൂസാ-ഖിദ്ര്‍ സംഭവത്തെ ചുറ്റിപ്പറ്റിയാണ് ചോദ്യം. പ്രസ്തുത സൂക്തങ്ങളില്‍ ഖിദ്ര്‍ എന്ന പേരില്ല. 'നമ്മുടെ ദാസന്മാരില്‍ ഒരു ദാസന്‍' എന്നേ സൂചിപ്പിക്കുന്നുള്ളൂ. അദ്ദേഹം പ്രവാചകനായിരുന്നു എന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. പ്രവാചകനായിരുന്നില്ല, വലിയ്യ് ആയിരുന്നു എന്ന അഭിപ്രായക്കാരും ഉണ്ട്. ഖിദ്ര്‍ മലക്കായിരുന്നു എന്നും പറയുന്നു ചിലര്‍. മൂസായോടൊപ്പം സഞ്ചരിക്കവെ ഖിദ്ര്‍ ചെയ്ത മൂന്ന് കൃത്യങ്ങളാണ് ഭിന്നാഭിപ്രായത്തിന്റെ മുഖ്യ കാരണം. കപ്പല്‍ കേട് വരുത്തിയതാണ് ഒന്നാമത്തേത്. വഴിയില്‍ കണ്ട ചെറുപ്പക്കാരന്റെ കഥ കഴിച്ചതാണ് രണ്ടാമത്തേത്. രണ്ടു പേര്‍ക്കും ആഹാരം നല്‍കാന്‍ പോലും വിസമ്മതിച്ച നാട്ടുകാരുടെ പൊളിയാറായ മതില്‍ നന്നാക്കിക്കൊടുത്തത് മൂന്നാമത്തേതും. ഈ മൂന്ന് കൃത്യങ്ങളും താന്‍ ചെയ്തത് തന്നിഷ്ടപ്രകാരമല്ലെന്ന് യാത്രക്കൊടുവില്‍ പിരിയാനിരിക്കെ മൂസായോട് ഖിദ്ര്‍ പറയുന്നുണ്ട്. അല്ലാഹുവിന്റെ കല്‍പന പ്രകാരമാണെന്നര്‍ഥം. കപ്പല്‍ കേട് വരുത്തിയതും യുവാവിനെ കൊന്നതും ശരീഅത്തിന്റെ ദൃഷ്ടിയില്‍ കുറ്റകൃത്യങ്ങളായിരിക്കെ അതെങ്ങനെ ഒരു പ്രവാചകനോ വലിയ്യോ ചെയ്യും എന്നതാണ് ഖിദ്ര്‍ മലക്കാണെന്ന് അഭിപ്രായപ്പെട്ടവരുടെ ന്യായം. മലക്കുകള്‍ക്ക് അല്ലാഹുവിന്റെ കല്‍പനപ്രകാരം പ്രവര്‍ത്തിക്കാനേ കഴിയൂ എന്നതുകൊണ്ട് അത് ന്യായീകരിക്കപ്പെടും. പ്രവാചകനാണെന്ന നിഗമനത്തിലെത്തിയവര്‍, വിവിധ പ്രവാചകന്മാര്‍ക്ക് ശരീഅത്ത് വ്യത്യസ്തമായിരുന്നു എന്ന ന്യായം ഉന്നയിക്കുന്നു. പക്ഷേ നീതീകരണമില്ലാത്ത കുറ്റകൃത്യങ്ങള്‍ ഒരു ശരീഅത്തിലും അനുവദിക്കപ്പെട്ടിരുന്നില്ല എന്ന വസ്തുത അവര്‍ അവഗണിക്കുന്നു. അല്ലാഹു തെറ്റായ പ്രവൃത്തികള്‍ ചെയ്യാന്‍ കല്‍പിക്കുകയില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതുമാണ്. മൂസായും ഖിദ്‌റും കയറിയ കപ്പല്‍ അല്‍പസ്വല്‍പം കേടുവരുത്താന്‍ ഖിദ്‌റിനെ പ്രേരിപ്പിച്ചത് അത് പാവങ്ങളുടേതായിരുന്നു, നല്ല കപ്പലാണെങ്കില്‍ സ്ഥലത്തെ നാടുവാഴി പിടിച്ചെടുക്കും എന്നറിയാമായിരുന്നതുകൊണ്ട് കപ്പല്‍ പിടിച്ചെടുക്കപ്പെടാതിരിക്കാനാണെന്ന് വ്യക്തമാക്കപ്പെട്ടതോടെ അത് കുറ്റകൃത്യമായി കാണാന്‍ ന്യായമില്ല. വഴിയില്‍ കണ്ട യുവാവ് സത്യനിഷേധിയായിരുന്നു എന്നാണ് ആധികാരിക ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്‌നു അബ്ബാസ്(റ) പറഞ്ഞിരിക്കുന്നത്. തന്റെ സത്യനിഷേധത്തിലേക്ക് മാതാപിതാക്കളെ കൂടി നിര്‍ബന്ധിക്കുന്ന സ്ഥിതിവരുമെന്ന് കണ്ടപ്പോഴാണ് ഖിദ്ര്‍ അയാളുടെ കഥ കഴിച്ചതെങ്കില്‍, ഒരു ക്രിമിനലിനെ കൊന്നത് പാതകമായി കരുതാന്‍ വയ്യ. മതില്‍ പുനര്‍നിര്‍മിച്ചത് മാതൃകാപരമായ സേവനമായിരിക്കെ പ്രശ്‌നമൊന്നും ഇല്ലതാനും. അപ്പോള്‍ പിന്നെ മൂസാ നബിക്ക് തനിക്കറിയാത്ത ജ്ഞാനങ്ങളുടെ ഒരു ലോകമുണ്ടെന്ന് പഠിപ്പിക്കാന്‍ അല്ലാഹു അയച്ച ദൈവദാസന്‍ എന്നേ ഖിദ്‌റിനെക്കുറിച്ച് കരുതേണ്ടതുള്ളൂ. അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നു തുടങ്ങിയ കഥകളൊക്കെ വെറും ഐതിഹ്യങ്ങളാണ്. വിശ്വാസ്യമായ തെളിവുകളില്ല. ഖിദ്‌റിനെ കണ്ടെത്താന്‍ ഭൂലോകമാകെ അരിച്ചുപെറുക്കേണ്ട കാര്യവുമില്ല. പ്രവാചകനായ ഇല്‍യാസിനെക്കുറിച്ച കഥകളും തഥൈവ. 

 

ബംഗ്ലാദേശിലെ തൂക്കിക്കൊലകള്‍

 

ഇസ്‌ലാമിന്റെ ഒരു പോരാളി കൂടി രക്തസാക്ഷിയായി. ഇന്ന് ബംഗ്ലാദേശിലാണെങ്കില്‍ നാളെ ഈജിപ്തിലെയും മറ്റും കഴുമരങ്ങള്‍ ഇവര്‍ക്കു വേണ്ടി കാത്തിരിക്കുന്നു. പക്ഷേ, ഇസ്‌ലാമിക ലോകത്ത് ഈ വധശിക്ഷകളോ മറ്റോ യാതൊരു അലയൊലികളും പ്രതിഷേധങ്ങളും സൃഷ്ടിക്കുന്നില്ല. മുസ്‌ലിം ജനസംഖ്യയില്‍ ലോകത്തു തന്നെ രണ്ടാം സ്ഥാനത്തുള്ള ജനാധിപത്യ ഇന്ത്യയിലെ മത-രാഷ്ട്രീയ -സാംസ്‌കാരിക സംഘടനകളില്‍നിന്നോ പണ്ഡിതരില്‍നിന്നോ പോലും ഒരു പ്രതിഷേധമോ അപലപനമോ ഉണ്ടാകുന്നില്ല. മുസ്‌ലിം ലോകം ഷണ്ഡീകരിക്കപ്പെട്ടിരിക്കുകയാണോ?

നസ്വീര്‍ പള്ളിക്കല്‍ രിയാദ്

പാകിസ്താനിലും തുര്‍ക്കിയിലും മറ്റും ബംഗ്ലാദേശിലെ വധശിക്ഷകള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എല്ലാം ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യമെന്നു പറഞ്ഞ് ന്യായീകരിക്കുകയായിരുന്നു ശൈഖ് ഹസീനയുടെ സര്‍ക്കാര്‍. സെപ്റ്റംബര്‍ 11-ലെ ആക്രമണങ്ങള്‍ക്കു ശേഷം ലോകത്തിലെ ഏത് സ്വേഛാഭരണകൂടത്തിനും പ്രതിയോഗികളെ നിഷ്‌കരുണം ഉന്മൂലനം ചെയ്യാന്‍ ഭീകരതാരോപണം ഒരു ന്യായവും മറയും ആയിത്തീര്‍ന്നിട്ടുണ്ട്. ഒരു സര്‍ക്കാറിനും അതിനെതിരെ ശബ്ദമുയര്‍ത്താന്‍ വയ്യ. കാരണം സ്വന്തം നാട്ടില്‍ എല്ലാവരും ചെയ്യുന്നത് ഭീകരതക്കെതിരായ യുദ്ധം എന്ന ബാനറില്‍ കങ്കാരു കോടതികള്‍ സ്ഥാപിക്കുകയും നീതിപൂര്‍വകമായ വിചാരണാവകാശം പോലും നിഷേധിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും ഗളഹസ്തം ചെയ്യുകയുമാണ്. തീവ്ര മതേതരത്വത്തിന്റെ മേല്‍വിലാസത്തില്‍ സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട മഹദ് വ്യക്തികളെ തൂക്കിലേറ്റുന്ന ഹസീന വാജിദും കൂട്ടുകാരും ചരിത്രത്തില്‍നിന്ന് പാഠം പഠിക്കാന്‍ തയാറില്ലാത്തവരാണ്. പക്ഷേ ചരിത്രം അവരെ  പാഠം പഠിപ്പിക്കുമെന്നത് ചരിത്ര സത്യം മാത്രം. 


Comments

Other Post

ഹദീസ്‌

ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം
അബൂമിശ്അല്‍ കുന്നമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ-24/ അന്നൂര്‍/ 34-35
എ.വൈ.ആര്‍