Prabodhanm Weekly

Pages

Search

2016 ജൂണ്‍ 24

2957

1437 റമദാന്‍ 19

റമദാന്‍കാലത്തെ സുകൃതം പൂക്കുന്ന ഉമ്മമരങ്ങള്‍

മുനീര്‍ മുഹമ്മദ് റഫീഖ്

''ഓരോ റമദാന്‍ വരുമ്പോഴും എന്റെ മനസ്സില്‍ നിറയെ കുട്ടിക്കാലമാണുള്ളത്. അതിര്‍വരമ്പുകളില്ലാത്ത സ്‌നേഹമാണ് അന്നനുഭവിച്ചത്. എന്റെ നാട്ടിലെ മുസ്‌ലിം വീടുകളില്‍ നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കുന്നത് കാത്തിരുന്ന കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. അത്, വിളമ്പിത്തരുന്നതില്‍ ആഹ്ലാദിച്ചിരുന്ന നിരവധി ഉമ്മൂമ്മമാരാണ് എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്'' (മുരുകന്‍ കാട്ടാക്കട, മാധ്യമം ദിനപ്പത്രം, ജൂലൈ 15, 2015).

''ഔപചാരികതകളില്ലാതെ മുസ്‌ലിം വീടുകളില്‍ നോമ്പുതുറന്നു നടന്ന കുട്ടിക്കാലമായിരുന്നു എന്റേത്. ക്ഷണിക്കാതെതന്നെ നോമ്പുതുറക്കാന്‍ നേരമാവുമ്പോഴേക്കും അയല്‍വീടുകളില്‍ കൂട്ടുകാരോടൊപ്പം കയറിച്ചെല്ലും. അവിടെ നിറഞ്ഞ സന്തോഷത്തോടെ പലഹാരങ്ങള്‍ വിളമ്പിത്തന്ന ഉമ്മമാര്‍ ഉണ്ടാവും. പള്ള നിറച്ച് തരിക്കഞ്ഞിയും പലഹാരങ്ങളും തിന്നുമ്പോള്‍ പിന്നെയും പിന്നെയും വിളമ്പി സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു അവര്‍'' (എസ്. ശ്രീജിത്ത് ഐ പി എസ്, മാധ്യമം ദിനപ്പത്രം, ജൂലൈ 9, 2015)

''നബീസുമ്മയുടെ വെള്ളപ്പത്തിന്റെയും കോഴിക്കറിയുടെയും സ്വാദ് ഒന്നുവേറെത്തന്നെയാണ്. അതിന്റെ രഹസ്യം മറ്റൊന്നുമല്ല, നബീസുമ്മയുടെ സ്‌നേഹവും വാത്സല്യവും ചേരുവയായി ചേര്‍ത്തിട്ടുണ്ട് എന്നതാണ്. എന്റെ മുടിയിഴകളില്‍ കൈയോടിച്ചിട്ട് ചോദിക്കും; മോന് സുഖോക്കെയാണോ? എത്ര ജോലിത്തിരക്കുണ്ടേലും ഇതിലേയൊക്കെ വരണോട്ടോ എന്ന്. വാത്സല്യനിധിയായ നബീസുമ്മ ഇന്നില്ല. റമദാന്‍ നിലാവുദിക്കുമ്പോള്‍ നബീസുമ്മയുടെ മുഖം ഞാന്‍ ദര്‍ശിക്കും. വാത്സല്യവും സ്‌നേഹവും സഹജീവികള്‍ക്ക് നല്‍കിയ ഉമ്മ'' (രേഖ വെള്ളത്തൂവല്‍, മാധ്യമം ദിനപ്പത്രം, ജൂലൈ 16, 2015)

''പെരിങ്ങോട്ടുകരയിലെ എന്റെ ബാല്യകാല ജീവിതത്തിന് നോമ്പിന്റെ ഗന്ധവും രുചിയുമൊക്കെ ഉണ്ടായിരുന്നു. വീടിന് തൊട്ടടുത്ത് അന്ന് ഞങ്ങളുടെ പ്രിയപ്പെട്ട ഐസുമ്മയുണ്ട്.... റമദാനില്‍ തേങ്ങയരച്ചുണ്ടാക്കിയ മട്ടന്‍ കറിയും പത്തിരിയുമായി ഐസുമ്മ ഞങ്ങളുടെ പടികയറിയെത്തുമ്പോള്‍ നോമ്പിന്റെ രുചി ഹൃദ്യമായി അനുഭവപ്പെടും. പിന്നീട് ഐസുമ്മയും കുടുംബവും മറ്റൊരിടത്തേക്ക് താമസം മാറിയപ്പോള്‍ വല്ലാത്ത നഷ്ടബോധം തോന്നിയിരുന്നു. സ്‌നേഹിച്ചാല്‍ പകരം ജീവിതം തന്നെ തിരിച്ചുതരുന്നവരാണ് മുസ്‌ലിം സഹോദരങ്ങളെന്ന തോന്നല്‍ എന്നിലുറപ്പിച്ചത് ഐസുമ്മയും അവരുടെ കുടുംബവുമാണ്'' (സി.എസ് ചന്ദ്രിക, ജൂലൈ 12, 2015).

കേരളത്തിലെ സഹോദര സമുദായത്തില്‍പെട്ട ചില പ്രമുഖരുടെ റമദാന്‍ മാസക്കാലത്തെ നേരനുഭവങ്ങളുടെ ഓര്‍മച്ചിത്രങ്ങളാണ് മേലുദ്ധരിച്ചത്. കേരളത്തിന്റെ സാഹിത്യ-സാമൂഹിക- സേവന രംഗങ്ങളില്‍ തങ്ങളുടേതായ ഇടം നേടിയ ഇവര്‍ റമദാനിന്റെ നന്മയും അനുഗ്രഹങ്ങളും തങ്ങള്‍ക്കെങ്ങനെ അനുഭവവേദ്യമായി എന്നു വിവരിക്കുകയാണിവിടെ. മനസ്സില്‍ എന്നെന്നും മനോഹര ഓര്‍മകളായി സൂക്ഷിക്കുന്ന തങ്ങളുടെ റമദാന്‍ സ്മരണകളിലെല്ലാം വാത്സല്യനിധിയായ ഒരു ഉമ്മയുടെ അല്ലെങ്കില്‍ ഉമ്മൂമയുടെ സ്‌നേഹമൃസണമായ സാന്നിധ്യമുണ്ട് എന്നതാണ് ഈ കുറിപ്പുകളിലെ സമാനത.

റമദാനെ നന്മയുടെ പൂക്കാലമെന്നാണ് പരിചയപ്പെടുത്തുന്നത്. ഏറെ നന്മകള്‍ ചെയ്യുന്ന ഈയൊരു മാസക്കാലയളവില്‍ നന്മകള്‍ മുസ്‌ലിം സമുദായത്തില്‍ പരിമിതപ്പെട്ടുകൂടാ. വിശിഷ്യാ ബഹുമത സമൂഹത്തില്‍ ജീവിക്കുന്ന നമ്മുടെ നന്മകള്‍ സഹോദര സമുദായാംഗങ്ങള്‍ക്ക് കൂടി അനുഭവവേദ്യമാകണം. റമദാനിന്റെ സുകൃതം ചിലര്‍ പങ്കുവെച്ചത് വീടകങ്ങളിലെ ഉമ്മമാരുടെ ഹൃദ്യമായ ആതിഥേയത്വത്തിലൂടെയും സ്‌നേഹത്തില്‍ ചാലിച്ച വിഭവങ്ങളിലൂടെയുമാണ്. റമദാനിന്റെ സുകൃതങ്ങള്‍ സഹോദര സമുദായാംഗങ്ങളെ വരെ ആഴത്തില്‍ സ്വാധീനിക്കുംവിധം ന•യുടെ പൂക്കാലങ്ങള്‍ തീര്‍ക്കുന്നവരാണ് വീടകങ്ങളിലെ ഉമ്മമാര്‍. 

ഇസ്‌ലാമിലെ ഏറ്റവും വ്യക്തിനിബദ്ധമായ ആരാധനയാണ് നോമ്പ്. ദൈവത്തിനു വേണ്ടി മാത്രം അന്നപാനീയങ്ങളും വികാരങ്ങളും നിയന്ത്രിക്കുന്ന വിശ്വാസി, മറ്റുള്ളവരില്‍നിന്നകന്ന് തന്നിലേക്കുള്‍ചേര്‍ന്ന് ദൈവവുമായി മാത്രമുള്ള സാമീപ്യത്തിന് ശ്രമിക്കുകയാണ് നോമ്പിലൂടെ. എന്നാല്‍ അതിനു സാമൂഹികമുഖം നല്‍കുന്ന നിരവധി അനുബന്ധകര്‍മങ്ങളെയും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. മറ്റുള്ളവരെ നോമ്പു തുറപ്പിക്കുന്നതും ദാനധര്‍മങ്ങള്‍ അധികരിപ്പിക്കുന്നതും സഹനമവലംബിക്കാനുള്ള ആഹ്വാനവും നോമ്പിന് സാമൂഹികമാനം കൂടി നല്‍കുന്നു. 

നോമ്പുകാരനോടു ശണ്ഠ കൂടാനും വഴക്കടിക്കാനും വരുന്നവരോട് താന്‍ നോമ്പുകാരനാണെന്ന് പ്രഖ്യാപിക്കണമെന്ന പ്രവാചക കല്‍പ്പന, നോമ്പിന്റെ നന്മ നോമ്പുകാരനില്‍നിന്ന് അപരനിലേക്കു കൂടി പകര്‍ന്നുനല്‍കുകയാണ്. അന്നപാനീയങ്ങളും ലോലവികാരങ്ങളും നിയന്ത്രിക്കുന്ന ആത്മനിയന്ത്രണത്തിന്റെയും സഹനത്തിന്റെയും സദ്ഫലം തന്നില്‍ പരിമിതമാണെങ്കില്‍, തന്നോടു കൊമ്പുകോര്‍ക്കാന്‍ വരുന്ന അപരനോടും ക്ഷമയവലംബിക്കുകവഴി നോമ്പിന്റെ സുകൃതം അപരനിലേക്കുകൂടി പകര്‍ന്നു നല്‍കുകയാണ്. 

നോമ്പിന് സാമൂഹികമാനം നല്‍കുന്ന മറ്റൊരു പുണ്യകര്‍മം നോമ്പുതുറപ്പിക്കലാണ്. വലിയ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട ഈ പുണ്യകര്‍മത്തിന് നമ്മുടേതുപോലെ ബഹുസ്വര സമൂഹത്തില്‍ മറ്റു ചില മാനങ്ങള്‍ കൂടിയുണ്ട്. ഇതര സമുദായാംഗങ്ങളിലേക്കു കൂടി ഈ മാസത്തിന്റെയും വ്രതത്തിന്റെയും സുകൃതങ്ങള്‍ പകര്‍ന്നു നല്‍കുന്നുവെന്നതാണത്. മേല്‍ സൂചിപ്പിച്ച ഓര്‍മകളില്‍ എല്ലാം റമദാനിന്റെ ആ നന്മകള്‍ പ്രസരിക്കുന്നുമുണ്ട്. നോമ്പുകാരല്ലാത്തവരെയും നോമ്പു തുറപ്പിക്കുന്നതിലൂടെ പുണ്യം ലഭിക്കുമോ എന്ന ഫിഖ്ഹീ ചര്‍ച്ചയല്ല ഇവിടെ പ്രധാനം. ഉദാത്തമായ മറ്റു പല സാമൂഹിക നന്മകള്‍ മുന്നില്‍കണ്ടുള്ളതാകണം സഹോദര സമുദായത്തില്‍പെട്ടവരെയും ഇഫ്ത്വാറിന് ക്ഷണിക്കുക എന്നത്.

ഇസ്‌ലാമിന്റെ നന്മകള്‍ സഹോദര സമുദായങ്ങള്‍ക്ക് അനുഭവവേദ്യമാക്കാന്‍ കഴിയുന്ന ഒരവസരവും പാഴാക്കാതിരിക്കുകയാണ് വേണ്ടത്. കുടുംബത്തിലേക്ക് ഇഫ്ത്വാറിനും സല്‍ക്കാരങ്ങള്‍ക്കും സഹോദര സമുദായത്തില്‍പെട്ട സുഹൃത്തുക്കളെ ക്ഷണിക്കുന്നതും കൊണ്ടുവരുന്നതും മക്കളും ഭര്‍ത്താക്കന്മാരുമൊക്കെയാണെങ്കിലും, റമദാന്‍ എന്ന അനുഗ്രഹമാസത്തിന്റെ നന്മകള്‍ ഈ അതിഥികള്‍ക്ക് ആഴത്തില്‍ അനുഭവവേദ്യമാകുന്നത് ഈ ഉമ്മമാരുടെ വാത്സല്യത്തിലൂടെയും സ്‌നേഹത്തില്‍ തീര്‍ത്ത വിഭവങ്ങളിലൂടെയുമാണ്. ആയുഷ്‌കാലം മുഴുവന്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഓര്‍മകളായി അവര്‍ അതിനെ സാക്ഷ്യപ്പെടുത്തുന്നത് അതു കൊണ്ടാണ്. 


Comments

Other Post

ഹദീസ്‌

ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം
അബൂമിശ്അല്‍ കുന്നമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ-24/ അന്നൂര്‍/ 34-35
എ.വൈ.ആര്‍