Prabodhanm Weekly

Pages

Search

2016 ജൂണ്‍ 17

2956

1437 റമദാന്‍ 12

'സാംസ്‌കാരിക കേരള'ത്തിന്റെ ഈ കണ്ണീര് കൊണ്ട് പ്രശ്‌നങ്ങള്‍ തീരുന്നില്ല

അഹ്മദ് അശ്‌റഫ് മുടിക്കല്‍

സംസ്‌കാരത്തിന്റെ മാനകം സമൂഹത്തിന്റെ സ്ത്രീകളോടുള്ള പെരുമാറ്റമാണെന്നത് സംസ്‌കാരത്തെക്കുറിച്ച പഴയ ആശയങ്ങളില്‍ ഒന്ന് മാത്രമാണ്. രാഷ്ട്രീയാതീതമായും കേവലമായും സംസ്‌കാരം എന്ന ഒന്നിന് സ്വയം നിലനില്‍പില്ലാതായിരിക്കുന്നു എന്നതാണ് അതിന്റെ കാരണം. ഏതാനും ആഴ്ചകള്‍  മുമ്പ് കേരളത്തിലെ ഒരു പട്ടണ പ്രാന്തത്തില്‍ ഒരാളെ അയാളുടെ കൈകാലുകള്‍ ബന്ധിച്ച ശേഷം പച്ചക്ക് തല്ലിക്കൊന്ന വാര്‍ത്ത നാം കണ്ടതാണ്. ദല്‍ഹിയിലും ഈ അടുത്ത ദിവസങ്ങളില്‍ അത്തരം ഒരാക്രമണത്തിന് ശ്രമമുണ്ടായി. അന്യദേശക്കാരനായ ഒരു പുരുഷനെ കൈകാലുകള്‍ ബന്ധിച്ച് തല്ലിക്കൊല്ലാന്‍ യാതൊരു മടിയും കാണിക്കാത്ത ഒരു സമൂഹത്തിന്റെ 'സംസ്‌കാര'ത്തിന്റെ മാനകം കേവലമായി സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ നിക്ഷേപിക്കുക എന്നത് കാലികമോ വര്‍ത്തമാനകാല സാമൂഹിക, സാമ്പത്തിക യാഥാര്‍ഥ്യങ്ങളെ കണക്കിലെടുത്തുകൊണ്ടുള്ളതോ അല്ല. 'സ്ത്രീകളോടുള്ള പെരുമാറ്റം' ഉത്തരാധുനിക, ആഗോള സന്ദര്‍ഭത്തില്‍ കേവലം ലിംഗപരമോ(Gender) ലൈംഗികമോ (Sex) എന്നത് പെരുമാറ്റത്തെ നിര്‍ണയിക്കുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സന്ദര്‍ഭമാണ് തീരുമാനിക്കുന്നത്. സ്ത്രീ, കേവലം സ്ത്രീ എന്ന നിലയിലോ ദലിത് എന്ന നിലയിലോ ആക്രമിക്കപ്പെടുകയോ ലൈംഗിക പീഡനത്തിന് ഇരയാവുകയോ ചെയ്യുന്നു എന്ന ഒരു സന്ദേശം പെരുമ്പാവൂരില്‍ ക്രൂരമായ ലൈംഗിക പീഡനത്തിനും ശാരീരിക ദണ്ഡനങ്ങള്‍ക്കും വിധേയയായി കൊല്ലപ്പെട്ട ജിഷയുടെ കൊലപാതകത്തെ സംബന്ധിച്ച പ്രതിഷേധ വ്യവഹാരങ്ങളില്‍ ഉള്ളടങ്ങിയിട്ടുണ്ട്. 

ഏതു വിടനും കൊലപാതകിക്കും ഏതു സമയത്തും അതിക്രമിച്ചു കയറി കൊന്ന് തിന്നാവുന്ന മാംസമല്ല ദലിത് സ്ത്രീകളുടെ ശരീരം എന്ന യാഥാര്‍ഥ്യം ഇവിടെ മറച്ചുവെക്കപ്പെടുന്നു. എന്നു മാത്രമല്ല, മൊത്തം ദലിത് സ്ത്രീ സമൂഹത്തിനുതന്നെ അപമാനകരവും കൂടിയാണ് ഈ സന്ദേശം. വിഭവകര്‍തൃത്വവും സ്വന്തം വീടും സ്വന്തം പറമ്പും സ്വന്തക്കാരുമുള്ള ഏത് ദലിത് സ്ത്രീയും പൊതുവായ സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ക്കകത്തുതന്നെയാണ് ഇപ്പോഴും ഉള്‍ക്കൊണ്ട് നില്‍ക്കുന്നത് എന്ന നഗ്നമായ കേരളീയ യാഥാര്‍ഥ്യത്തിനകത്ത് നിന്നുകൊണ്ടുവേണം ജിഷ ആരുടെ ഇരയാണ് എന്ന ചോദ്യത്തിലേക്ക് കാലെടുത്തു വെക്കാന്‍ (പ്രബോധനം ലക്കം 2952).

ജിഷ ഒരു അവസ്ഥയുടെയും വ്യവസ്ഥയുടെയും ഒരു 'സംസ്‌കാര'ത്തിന്റെയും ഇരയായിരുന്നു. ജിഷയുടെ ഉടമസ്ഥതയില്‍ ഒരു വീടോ പറമ്പോ റേഷന്‍ കാര്‍ഡ് പോലുമോ ഉണ്ടായിരുന്നില്ല. കനാല്‍ പുറമ്പോക്കിലുള്ള ഒറ്റമുറി വീട്ടിലെ ശൂന്യകര്‍തൃത്വത്തിന്റെയും അനാഥത്വത്തിന്റെയും ഇരയായിരുന്നു ജിഷ. ക്രൂരമായ ബലാത്സംഗ ശ്രമവും മാരകമായ ദണ്ഡനങ്ങളുമേറ്റു വാങ്ങി പട്ടാപ്പകല്‍ മണിക്കൂറിലേറെ നീണ്ട അവളുടെ അലറിക്കരച്ചില്‍ അയല്‍പക്കങ്ങളിലും പരിസരങ്ങളിലുമുള്ള 'വീട്ടമ്മ'മാരുടെ കാതുകളിലെത്തിയില്ല എന്നത് ഒരവസ്ഥയുടെ വൈരുധ്യത്തെയാണ് എടുത്തുകാണിക്കുന്നത്. ജിഷയുടെ ജീവന്റെ അവസാന ഞെരുക്കവും അവളുടെ അവസാനത്തെ ശ്വാസവും നിലച്ച് അക്രമി സുരക്ഷിതനായി മടങ്ങി എന്നുറപ്പാക്കുകയും സംഭവം വാര്‍ത്തയാവുകയും ചെയ്തതോടെ പരിസരത്ത് തടിച്ചുകൂടിയ വീട്ടമ്മമാര്‍ മേല്‍പറഞ്ഞ അവസ്ഥയുടെ മറ്റൊരു വൈരുധ്യമാണ്. കടന്നുകയറി ആക്രമിക്കപ്പെട്ടും ബലാത്സംഗം ചെയ്യപ്പെട്ടും കൊല്ലപ്പെടുന്ന ജിഷയുടേത് പോലുള്ള പുറമ്പോക്ക് മരണത്തിന്റെ വാര്‍ത്തകള്‍ക്കു വേണ്ടി വീട്ടമ്മമാര്‍ ഉള്‍പ്പെടെ 'സാംസ്‌കാരിക' കേരളം കരുതിവെച്ചിരിക്കുന്ന കണ്ണീരിലും മൂക്കളയിലും കലര്‍ന്ന സങ്കടങ്ങള്‍ അതേ അവസ്ഥയുടെ വേറൊരു വൈരുധ്യമാണ്. ഈ വൈരുധ്യത്തിന്റെ പ്രതീകങ്ങളും പ്രതിമകളുമാണ് മുന്‍ പെരുമ്പാവൂര്‍ എം.എല്‍.എയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും. സംസര്‍ഗങ്ങളും സമ്പര്‍ക്കങ്ങളും മറ്റു പുറമ്പോക്കുകളില്‍ ഒറ്റപ്പെട്ട് കരം തീരുവയും കര്‍തൃത്വവും റേഷന്‍ കാര്‍ഡുമില്ലാതെ ജീവിതത്തിലും മരണത്തിലും ഒറ്റപ്പെട്ടുപോകുന്ന ജിഷമാര്‍ നമ്മുടെ അസാംസ്‌കാരികതയുടെ, അസാന്മാര്‍ഗികതയുടെ, അനാഗരികതയുടെ പ്രതീകങ്ങളാണ്.

ഐഹിക ജീവിതം ആത്യന്തികമായി ഭൗതികവും വിഭവപരവുമാണ് എന്ന് സ്വയം അംഗീകരിച്ചുകൊണ്ടും കര്‍തൃത്വം അടിസ്ഥാനപരമായി വിഭവപരമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടും വിഭവ സ്വാശ്രയത്വത്തിന്റെ രാഷ്ട്രീയത്തെയും വിഭവനൈതികതയുടെ ആവശ്യത്തെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുമല്ലാതെ പുറമ്പോക്കുകളിലെ കൂരകളിലും ഒറ്റമുറി വീടുകളിലും ജീവിച്ചു മരിക്കുന്ന ജിഷമാരുടെ പ്രശ്‌നങ്ങളില്‍ യാതൊരാള്‍ക്കും ഇനി അര്‍ഥവത്തായി ഇടപെടാനാകില്ല. ജിഷയെ വസ്തുവായി കാണുന്ന കാഴ്ചക്കേടിനപ്പുറം ജിഷയെ പോലുള്ള പെണ്‍കുട്ടികളുടെ വിഭവപരമായ ശൂന്യകര്‍തൃത്വത്തിന് കാരണമായ വിഭവ വ്യവസ്ഥയെ നൈതികമായും രാഷ്ട്രീയമായും പ്രശ്നവത്കരിക്കുക എന്നതാണ് പ്രധാനം. ജിഷയുടെ കൊല

പാതകവുമായി ബന്ധപ്പെട്ട് നാം നടത്തുന്ന സാമൂഹിക വിശകലന വ്യവഹാരങ്ങളില്‍ ജിഷയേക്കാളേറെ ജിഷ എന്ന 'ദലിത് പെണ്‍കുട്ടി'യാണ് നിറഞ്ഞുനില്‍ക്കുന്നത്. ദലിത് പെണ്‍കുട്ടികളിലൊരാളായി ജിഷയെ കാണുന്നതും ജിഷയില്‍ ദലിത് പെണ്‍കുട്ടിയെ കേവലമായി കാണുന്നതും തമ്മില്‍ അജഗജാന്തരമുണ്ട്. ദലിത് പെണ്‍കുട്ടികള്‍ ഇത് തിരിച്ചറിയുന്നില്ല, അത് തിരിച്ചറിയുംവിധം അവരുടെ സംവേദന ശീലവും ഭാവുകത്വ ശിക്ഷണവും രാഷ്ട്രീയ സാക്ഷരതയും സൂക്ഷ്മമല്ല എന്നത് ഈ കാഴ്ചാശീലത്തിന് ന്യായമല്ല.

ജിഷമാര്‍ ഉള്‍ക്കൊള്ളുന്ന സാമൂഹിക വിഭാഗത്തെ ദുര്‍ബലര്‍ (മുസ്തദ്അഫൂന്‍) എന്ന ഗണത്തിലാണ് ഖുര്‍ആന്‍ ഉള്‍ക്കൊള്ളിക്കുന്നത്. അവിടെ മത, ജാതി, വര്‍ണ, ലിംഗ 'സ്വത്വ'ങ്ങളുടെ പ്രശ്‌നമേ വരുന്നില്ല. ഭൂമിയിലെ ദുര്‍ബലരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനവിഭാഗങ്ങള്‍ക്ക് ഖുര്‍ആനിലൂടെ അല്ലാഹു വാഗ്ദാനം ചെയ്യുന്നത് ഭൂമിയുടെ അവകാശവും അതിലെ അധികാരവും അതിലെ നേതൃത്വവുമാണ്. പ്രസ്തുത വിഭാഗങ്ങളുടെ കീഴാളത്തത്തെ ഖുര്‍ആന്‍ വിഭവപരമായി കാണുന്നു എന്നത് കാലികമായി ചിന്തോദ്ദീപകവും രാഷ്ട്രീയമായി വിമോചനപരവുമാണ്.

 

മാനസികാരോഗ്യം പ്രാധാന്യമര്‍ഹിക്കുന്നു

 

ശാരീരികാരോഗ്യം പോലെ പ്രധാനപ്പെട്ടതാണ് മനുഷ്യനു മാനസികാരോഗ്യവും. ശാരീരികാരോഗ്യത്തെ നിയന്ത്രിക്കുന്നതില്‍ മാനസികാരോഗ്യം വലിയ പങ്കുവഹിക്കുന്നു. എന്നാല്‍, ശരീരത്തിനു നല്‍കുന്ന പ്രാധാന്യവും ശ്രദ്ധയും പലപ്പോഴും നമ്മള്‍ മനസ്സിനു നല്‍കാറില്ല. കഴിഞ്ഞ വര്‍ഷത്തെ ആത്മഹത്യാ നിരക്ക് വിരല്‍ചൂണ്ടുന്നത് നമ്മുടെ മാനസികാരോഗ്യത്തിലുളള അശ്രദ്ധയിലേക്കാണ്. ഇന്ത്യയില്‍ മണിക്കൂറില്‍ 15 പേര്‍ ആത്മഹത്യ ചെയ്യുന്നു എന്നതാണ് 2015-ല്‍ നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ്‌സ് നടത്തിയ സര്‍വേ ഫലം. 2014-നു ശേഷമുള്ള കണക്കു പ്രകാരം ഇതുവരെ ഒന്നര ലക്ഷത്തിലധികം പേരാണ് ജീവനൊടുക്കിയത്. ആത്മഹത്യാ നിരക്ക് ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്. 2014-ലെ റിപ്പോര്‍ട്ട് പ്രകാരം 16,307 പേരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥയും മോശമല്ല. തമിഴ്‌നാട്ടില്‍ 16,122-ഉം ബംഗാളില്‍ 14,310-ഉം പേരാണ് ആത്മഹത്യയില്‍ അഭയം തേടിയിട്ടുളളത്. നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ്‌സിന്റെ കണക്കു പ്രകാരം 23.9 ശതമാനമാണ് കേരളത്തിലെ ആത്മഹത്യാനിരക്ക്. സാക്ഷരത കൂടുതലുള്ള മേഖലകളിലാണ് കൂടുതല്‍ ആത്മഹത്യ രേഖപ്പെടുത്തിയിട്ടുള്ളത്. ചെന്നൈ, മുംബൈ, ബംഗളൂരു എന്നീ മെട്രോ സിറ്റികളില്‍ 5.4 ശതമാനം വര്‍ധനവാണുള്ളത്. 

പ്രമുഖ മനശ്ശാസ്ത്ര വിദഗ്ധനും ദി അണ്‍ ഡിഫിറ്റഡ് മൈന്റ്  എന്ന പുസ്തകത്തിന്റെ കര്‍ത്താവുമായ അലക്‌സ് ലിക്കര്‍മാന്‍ പ്രധാനമായും ആറ് കാരണങ്ങള്‍ കൊണ്ടാണ് ആത്മഹത്യ എന്ന് സമര്‍ഥിക്കുന്നു:

(1) കടുത്ത വിഷാദം. വിഷാദാവസ്ഥ മനസ്സിനെയും ചിന്തകളെയും സങ്കോചിപ്പിച്ച് തന്റെ അസാന്നിധ്യത്തില്‍ എല്ലാവരും നല്ല നിലയിലാവും എന്ന ചിന്താഗതിയില്‍ എത്തിക്കുന്നു. അടുത്ത ബന്ധുകളുടെയും സുഹൃത്തുക്കളുടെയും സ്‌നേഹപൂര്‍വമായ ഇടപെടല്‍ കൊണ്ട് വിഷാദാവസ്ഥ മാറ്റിയെടുക്കാന്‍ സാധിക്കും. 

(2) മാനസിക രോഗം. വിഷാദാവസ്ഥയേക്കാള്‍ കുറച്ച് കൂടി സങ്കീര്‍ണമാണ് മാനസിക രോഗം. സ്‌കീസോ ഫ്രെനിയ പൂര്‍ണമായും മാറ്റിയെടുക്കാന്‍ കഴിയുന്ന രോഗാവസ്ഥയാണ്. എന്നാല്‍ ഈ രോഗം ബാധിച്ചവരെ സാധാരണ വാര്‍ഡില്‍ പൂട്ടിയിട്ട് ചികിത്സിക്കാറാണ് പതിവ്. ഇത് കൂടുതല്‍ അപകടത്തിലേക്ക് നയിക്കും.

(3) ലഹരി. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം മൂലം ബോധം നഷ്ടപ്പെട്ട് ആവേശപ്പുറത്ത് ആത്മഹത്യ ചെയ്യുന്നവരാണ് ഇക്കൂട്ടര്‍. 

(4) മാനസിക സംഘര്‍ഷം. ബന്ധങ്ങളില്‍ സംഭവിക്കുന്ന വിള്ളലുകളില്‍ പതറി ആത്മഹത്യയില്‍ എത്തുന്നു ചിലര്‍. കൗമാരക്കാരിലാണ് പ്രധാനമായും ഇത് കണ്ടുവരുന്നത്. പ്രണയനൈരാശ്യം, മാതാപിതാക്കളുമായുളള വഴക്ക് എന്നിവ മൂലം മനസ്സ് തകരുകയും അതുവഴി മരണത്തിലെത്തുകയും ചെയ്യുന്നു. 

(5) തത്ത്വജ്ഞാനപരമായ ആഗ്രഹം. മരണത്തോടുള്ള അടങ്ങാത്ത ആഗ്രഹം കാരണം ആത്മഹത്യ ചെയ്യുന്നവരുണ്ട്.വളരെ കൗതുകകരമാണ് ഇവരുടെ അവസ്ഥ.

(6) കുറ്റബോധം. ചെയ്തുപോയ തെറ്റിന്റെ പേരില്‍ വിഷമിക്കുകയും കുറ്റബോധം തോന്നുകയും ചെയ്യുന്നവര്‍ അവസാനം ആത്മഹത്യയില്‍ എത്തിച്ചേരുന്നു.

ആത്മഹത്യക്ക് കൃത്യമായ പ്രതിവിധി കണ്ടെത്തി അവ നടപ്പില്‍ വരുത്തുക എന്നതാണ് പരിഹാരം. ആത്മഹത്യ തടയാന്‍ മനഃശാസ്ത്രജ്ഞര്‍ മുന്നോട്ടു വെക്കുന്ന ചില നിര്‍ദേശങ്ങള്‍: 

(1) മദ്യത്തില്‍നിന്നും മയക്കുമരുന്നില്‍നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുക. (2) കുടുംബങ്ങളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും പിന്തുണ വര്‍ധിപ്പിക്കുക. സ്‌നേഹപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിക്കുക. (3) ആത്മീയ ചിന്തയും ദൈവഭക്തിയും അധികരിപ്പിക്കുക.  (4) ശരീരത്തിനു ആസ്വാദനം നല്‍കുന്ന നീന്തല്‍, നടത്തം, ജോഗിംഗ് എന്നീ വ്യായാമങ്ങളില്‍ മുഴുകുക. അവ കടുത്ത വിഷാദങ്ങളില്‍നിന്ന് മനസ്സിന് ആശ്വാസമേകും.

ആതിഖ് ഹനീഫ് പുന്നോല്‍-തലശ്ശേരി


വ്യവസ്ഥിതി മാറിയെങ്കിലേ രക്ഷയുള്ളൂ

 

സ്ത്രീസുരക്ഷയെ സംബന്ധിച്ച ലേഖനം (ലക്കം 50) വായിച്ചു. നിയമങ്ങള്‍ യഥാവിധി നടപ്പാക്കപ്പെടാതെ വരുമ്പോള്‍,  സമൂഹം മൂല്യച്യുതിയിലാണ്ടുപോകുമ്പോള്‍ ശക്തര്‍ ദുര്‍ബലരെ കീഴടക്കുക സ്വാഭാവികം. അബലരായ സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുന്നതും അതുകൊണ്ടുതന്നെ. ഇതിന്റെ കാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പക്ഷേ, ഒരു കാര്യം ആരും ഗൗരവത്തിലെടുത്തു കാണുന്നില്ല. വ്യവസ്ഥിതിയുടെ തന്നെ തകരാറാണത്. പ്രശ്‌നപരിഹാരത്തിന് കുറുക്കുവഴികളന്വേഷിച്ചതുകൊണ്ട് കാര്യമില്ല. കെട്ടുറപ്പുള്ള ഒരു നിയമസംഹിതയും ആ നിയമം പ്രാബല്യത്തില്‍ വരുത്താന്‍ ഇഛാശക്തിയുള്ള ഒരു ഭരണകൂടവും നിലവിലുള്ളപ്പോള്‍ മാത്രമാണ് വ്യവസ്ഥിതി ശരിയാംവണ്ണം നിലകൊള്ളുക. നിയമങ്ങള്‍ ഏട്ടില്‍ എത്രതന്നെ നല്ലതാണെങ്കിലും അത് നടപ്പില്‍ വരുത്തേണ്ടവര്‍ ദുഷിച്ചാല്‍ സമൂഹം അരാജകത്വത്തിലമരും. 

വ്യവസ്ഥിതിയുടെ മാറ്റത്തിലൂടെയേ ഇതിനൊരു ശാശ്വത പരിഹാരമുണ്ടാവൂ. ആ മാറ്റം സാധ്യമാവുക സമൂഹത്തിന്റെ മാറ്റത്തിലൂടെയാണ്. മനുഷ്യ മനസ്സുകളുടെ മാറ്റത്തിലൂടെയാണ് സാമൂഹിക പരിവര്‍ത്തനങ്ങള്‍ സാധ്യമാവുക.

പ്രവാചകന്മാരും ഋഷിവര്യന്മാരും പരിഷ്‌കര്‍ത്താക്കളും കാണിച്ചുതന്ന സത്യത്തിലും ധര്‍മത്തിലും നീതിയിലും അധിഷ്ഠിതമായ, എല്ലാ മനുഷ്യരെയും ഒരുപോലെ കാണാന്‍ കഴിയുന്ന, അപരന്റെ ജീവനും സ്വത്തിനും അഭിമാനത്തിനും പ്രാധാന്യം കല്‍പിക്കുന്ന, പ്രകൃതിക്ക് കോട്ടം തട്ടാത്ത വികസന കാഴ്ചപ്പാടുകളുള്ള ഒരു വ്യവസ്ഥിതിയിലേക്കുള്ള പ്രയാണം ഇവിടെ അനിവാര്യമായി വരുന്നു.

ഇത്തരം ആശയങ്ങളും മുദ്രാവാക്യങ്ങളുമുയര്‍ത്താന്‍ കഴിയുന്ന പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുണ്ടെങ്കില്‍ അവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിലൂടെ മാത്രമേ നമ്മുടെ നാടിനും സമൂഹത്തിനും രക്ഷയുള്ളൂ.

അബൂഹബീബ് വരോട് ഒറ്റപ്പാലം

Comments

Other Post

ഹദീസ്‌

റമദാനും ഖുര്‍ആനും
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 33
എ.വൈ.ആര്‍