Prabodhanm Weekly

Pages

Search

2016 ജൂണ്‍ 17

2956

1437 റമദാന്‍ 12

സകാത്ത് കുടുംബാംഗങ്ങള്‍ക്കും നല്‍കാമോ?

അബൂദര്‍റ് എടയൂര്‍

ഗവണ്‍മെന്റോ അതിന്റെ അഭാവത്തിലുള്ള ബദല്‍ സംവിധാനങ്ങളോ ആണ് സകാത്ത് ശേഖരിച്ച് വിതരണം നിര്‍വഹിക്കുന്നതെങ്കില്‍ സകാത്തിന്റെ ഗുണഭോക്താവ് സകാത്ത് ദാതാവിന്റെ ബന്ധുവാണോ അല്ലേ എന്നത് പരിഗണനാര്‍ഹമായ വിഷയമല്ല. അര്‍ഹരായ എല്ലാവര്‍ക്കും നല്‍കാം. സകാത്ത് നല്‍കാന്‍ ബാധ്യതയുള്ളയാള്‍ അത് ഗവണ്‍മെന്റിനെ/ബദല്‍സംവിധാനത്തെ ഏല്‍പിക്കുന്നതോടെ അയാളുടെ ഉത്തരവാദിത്തം തീരുന്നു. സകാത്ത് ശേഖരണം നിര്‍വഹിക്കപ്പെട്ടുകഴിഞ്ഞാല്‍ അത് വിതരണം ചെയ്യുമ്പോള്‍ ആ സമ്പത്തിന്റെ മുന്‍ഉടമയുമായുള്ള ബന്ധം പരിഗണനീയമല്ല. അത് പൊതുസ്വത്തായി മാറുകയാണ്.

സംഘടിതമായി നിര്‍വഹിക്കപ്പെടുക എന്നതാണ് സകാത്തിന്റെ അടിസ്ഥാന സ്വഭാവം. സകാത്തിന്റെ ചൈതന്യത്തോടും ഉദ്ദേശ്യലക്ഷ്യങ്ങളോടും നീതി പുലര്‍ത്തുന്നതും അതുതന്നെ. അതേസമയം സകാത്തിന്റെ ഒരു വിഹിതമെങ്കിലും വ്യക്തികള്‍ക്ക് നേരിട്ട് വിതരണം ചെയ്യാന്‍ ഇസ്‌ലാം അനുമതി നല്‍കുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഫഖീറോ മിസ്‌കീനോ ആയ സ്വന്തം കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കാമോ? 

സകാത്ത് നല്‍കാന്‍ അനുവാദമുള്ള ബന്ധുക്കളുണ്ട്. സകാത്ത് നല്‍കാന്‍ പാടില്ലാത്ത ബന്ധുക്കളുമുണ്ട്. ജീവിതാവശ്യങ്ങള്‍ക്കുള്ള ചെലവിന് കൊടുക്കാനുള്ള ബാധ്യത എന്നതാണ് ഈ വിഭജനത്തിന് മിക്ക പണ്ഡിതരും അംഗീകരിച്ചിട്ടുള്ള മാനദണ്ഡം.

ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ തന്റെ മാതാപിതാക്കള്‍, മക്കള്‍, ഭാര്യ എന്നിവരുടെ ചെലവുകള്‍ വഹിക്കാന്‍ ബാധ്യസ്ഥരാണ്. അതിനാല്‍ അവര്‍ക്ക് സകാത്ത് നല്‍കാന്‍ പാടില്ല എന്ന് പണ്ഡിത•ാര്‍ വ്യക്തമാക്കുന്നു. മാതാപിതാക്കള്‍ എന്നതില്‍ മിക്ക പണ്ഡിതരും വല്യുപ്പമാരെയും വല്യുമ്മമാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ മക്കള്‍ എന്നതില്‍ പേരക്കുട്ടികളെയും ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഇമാം മാലികിന് ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായമുണ്ട്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ആണ്‍മക്കള്‍ക്ക് പ്രായപൂര്‍ത്തിയാവുന്നതുവരെയും പെണ്‍മക്കള്‍ക്ക് വിവാഹം വരെയും മാത്രമേ ചെലവിന് കൊടുക്കാന്‍ ഒരു പിതാവിന് ബാധ്യതയുള്ളൂ. പേരക്കുട്ടികള്‍ക്ക് ചെലവിന് കൊടുക്കാന്‍ വല്യുപ്പക്ക് ബാധ്യതയില്ല. വല്യുപ്പക്ക് ചെലവിന് കൊടുക്കാന്‍ പേരക്കുട്ടികള്‍ക്കും ബാധ്യതയില്ല. അതുപോലെ ദരിദ്രരായ മാതാപിതാക്കള്‍ക്ക് ചെലവിന് കൊടുക്കാന്‍ സന്താനത്തിന് കടമയുണ്ട്. ഭാര്യക്ക് ചെലവിന് കൊടുക്കാന്‍ ഭര്‍ത്താവിന് ബാധ്യതയുണ്ട്.

മക്കളുടെ സ്വത്ത് മാതാപിതാക്കളുടേതു കൂടിയാണ്. പിതാവ് തന്റെ സമ്പത്തെടുക്കുന്നു എന്ന പരാതിയുമായി പ്രവാചക സന്നിധിയിലെത്തിയ ഒരാളോട് പ്രവാചകന്‍ പറഞ്ഞു:   ''നീയും നിന്റെ മുതലും നിന്റെ പിതാവിന്റേതാണ്'' (ഇബ്‌നു മാജ, ബൈഹഖി, അഹ്മദ്, ത്വബറാനി, ).

മക്കളുടെ വീട് പിതാക്കളുടെയും വീടായി ഖുര്‍ആന്‍ പരിഗണിച്ചിട്ടുണ്ട്. 'വലാ അലാ അന്‍ഫുസികും അന്‍ തഅ്കുലൂ മിന്‍ ബുയൂതികും' എന്ന സൂക്തത്തില്‍ (24:61) 'ബുയൂതികും' എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം 'ബുയൂതി അബ്‌നാഇകും' (മക്കളുടെ വീടുകള്‍) ആണെന്ന് ഖുര്‍തുബി വിശദീകരിക്കുന്നു. ഒരാള്‍ക്ക് സ്വന്തം വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ ഖുര്‍ആനിലൂടെ അനുവാദം പ്രഖ്യാപിക്കേണ്ട കാര്യമില്ല. മറ്റു ബന്ധുക്കളെയൊക്കെ പറഞ്ഞപ്പോഴും മക്കളുടെ വീടിനെ കുറിച്ച് പ്രത്യേകം പറഞ്ഞിട്ടില്ല. ഇത് രണ്ടും കൂടി ചേര്‍ത്തുകൊണ്ടാണ് ഖുര്‍ത്വുബി ഈ വിശദീകരണം നല്‍കിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ മാതാപിതാക്കള്‍ അതത് വ്യക്തിയുടെ ഭാഗമാണ്. അതിനാല്‍ അവര്‍ക്ക് സകാത്ത് നല്‍കാവതല്ല. ഒരാള്‍ അയാളുടെ സ്വന്തം മക്കള്‍ക്കും സകാത്ത് നല്‍കാവതല്ല. കാരണം അവരും അയാളുടെ ഭാഗമാണ്. നിങ്ങളുടെ സന്താനങ്ങള്‍ നിങ്ങളുടെ പ്രയത്‌നഫലമാണ് എന്ന് ഒരു ഹദീസില്‍ കാണാം (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്). ഇബ്‌നു തൈമിയ്യക്ക് ഇതില്‍ വ്യത്യസ്തമായ അഭിപ്രായമുണ്ട്. ഒരാളുടെ മാതാപിതാക്കളും മക്കളും ദരിദ്രരാവുകയും അയാള്‍ അവരുടെ ദൈനംദിന ചെലവുകള്‍ വഹിക്കാന്‍ അശക്തനാവുകയും ചെയ്യുമ്പോള്‍ അയാളുടെ സകാത്തിന്റെ വിഹിതം മാതാപിതാക്കള്‍ക്കും മക്കള്‍ക്കും നല്‍കാവുന്നതാണ്. 

ഭാര്യക്ക് ഭര്‍ത്താവിന്റെ സകാത്ത് വിഹിതം നല്‍കാമോ? അനുവദനീയമല്ല എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. ഭാര്യയുടെ ചെലവ് വഹിക്കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണ്. മാത്രമല്ല ഒരാളുടെ ഭാര്യ അയാളുടെ തന്നെ ഭാഗമാണ്. നിങ്ങള്‍ക്കു വേണ്ടി നിങ്ങളില്‍നിന്ന് തന്നെ ഇണകളെ സൃഷ്ടിച്ചുതന്നു എന്ന് അല്ലാഹു പറയുന്നു. അതിനാല്‍ ഭാര്യ ഭര്‍ത്താവിന്റെ ഭാഗമാണ്. ഭര്‍തൃഗൃഹം ഭാര്യയുടെ കൂടി ഗൃഹമാണ്. ത്വലാഖുമായി ബന്ധപ്പെട്ട ഒരു സൂക്തത്തിന്റെ ഭാഗമായി അല്ലാഹു പറഞ്ഞു, 'അവരുടെ വീടുകളില്‍നിന്ന് 

നിങ്ങള്‍ അവരെ പുറത്താക്കരുത്' എന്ന്. 'അവരുടെ വീടുകള്‍' എന്ന് പറഞ്ഞത് ഭര്‍തൃഗൃഹത്തെ ഉദ്ദേശിച്ചാണ്. അത് അവളുടെ വീടാണ്. ഭര്‍ത്താവിന്റെ ധനം ഭാര്യയുടെയും ധനമാണ്. അപ്പോള്‍ ഭാര്യക്ക് സകാത്ത് നല്‍കുക എന്നതിനര്‍ഥം സകാത്ത് തനിക്കുതന്നെ നല്‍കുക എന്നാണ്. അതിനാല്‍ ഭാര്യക്ക് നല്‍കാവതല്ല.

എന്നാല്‍ ഭാര്യയുടെ സകാത്ത് ഫഖീറായ/മിസ്‌കീനായ ഭര്‍ത്താവിന് നല്‍കാമോ? ഇമാം അബൂഹനീഫയും ചില പണ്ഡിതരും ഇത് പാടില്ല എന്ന പക്ഷക്കാരാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം ഒന്നാണ് എന്നതാണ് അവരുടെ ന്യായം. ഭാര്യ ഭര്‍ത്താവിന്റെ ഭാഗമായതിനാല്‍ ഭാര്യക്ക് സകാത്ത് നല്‍കാന്‍ പാടില്ലാത്തതുപോലെ ഭര്‍ത്താവ് ഭാര്യയുടെ ഭാഗമായതിനാല്‍ സകാത്ത് നല്‍കാന്‍ പാടില്ല എന്നര്‍ഥം.

എന്നാല്‍ ഇത് ശരിയല്ല എന്നാണ് ഇബ്‌നു ഖുദാമ, ശൈഖ് യൂസുഫുല്‍ ഖറദാവി തുടങ്ങിയവരുടെ വീക്ഷണം. ഭാര്യ ഭര്‍ത്താവിന്റെ ഭാഗമാണ് എന്നതുമായി ഖിയാസ് ചെയ്ത് ഭര്‍ത്താവ് ഭാര്യയുടെ ഭാഗമാണ് എന്ന് പറയുന്നത് അസാധുവാണ്. ഭാര്യ ധനികയാണെങ്കിലും അവളുടെ ചെലവുകള്‍ വഹിക്കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണ്. എന്നാല്‍ ഭര്‍ത്താവ് ദരിദ്രനാണെങ്കില്‍ പോലും  അയാളുടെ ചെലവ് വഹിക്കാന്‍ ഭാര്യക്ക് ബാധ്യതയില്ല. സകാത്തിന്റെ അവകാശികളില്‍പെട്ട ഒരു വിഭാഗത്തില്‍ അയാള്‍ ഉള്‍പ്പെടുന്നതിനാല്‍ ഭാര്യയുടെ സകാത്ത് ഭര്‍ത്താവിന് നല്‍കാം. പാടില്ല എന്നതിന് പ്രമാണങ്ങളില്ല. 

സഹോദരന്‍, സഹോദരി, മാതൃസഹോദരങ്ങള്‍, പിതൃസഹോദരങ്ങള്‍ തുടങ്ങിയവര്‍ക്ക് സകാത്ത് നല്‍കാമോ എന്ന വിഷയത്തില്‍ അഭിപ്രായാന്തരമുണ്ട്.  എല്ലാവര്‍ക്കും കൊടുക്കാം, ആര്‍ക്കും കൊടുക്കാന്‍ പാടില്ല, ചിലര്‍ക്ക് കൊടുക്കാം എന്നിങ്ങനെ. കൊടുക്കാന്‍ പാടില്ല എന്നതിന് ചിലര്‍ പറയുന്ന ന്യായം ഉസ്‌റ/ഇയാല്‍ എന്നതില്‍ ആരൊക്കെ ഉള്‍പ്പെടുമോ അവര്‍ക്ക് കൊടുക്കാന്‍ പാടില്ല (സഹോദരന്‍, സഹോദരി എന്നിവര്‍ ഉസ്‌റ/ഇയാലില്‍ പെടുമെങ്കില്‍ സകാത്ത് കൊടുക്കാന്‍ പാടില്ല). അബൂഉബൈദ് ഉദ്ധരിക്കുന്നു; ഇബ്‌റാഹീമുബ്‌നു അബീഹഫ്‌സ പറഞ്ഞു: എന്റെ മാതൃസഹോദരിക്ക് സകാത്തില്‍നിന്ന് വിഹിതം നല്‍കാമോ എന്ന് ഞാന്‍ സഈദുബ്‌നു ജുബൈറിനോട് ചോദിച്ചു. മാതൃസഹോദരിയെ ഉസ്‌റയില്‍ അംഗമായി ഗണിക്കാത്തിടത്തോളം അവര്‍ക്ക് സകാത്ത് നല്‍കാം എന്നായിരുന്നു മറുപടി. ഹസന്‍ ബസ്വരി, അത്വാഅ് തുടങ്ങിയവരില്‍നിന്നും സമാനമായ വീക്ഷണങ്ങള്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. ഉസ്‌റ/ഇയാല്‍ എന്നതില്‍ പെടുന്നുണ്ടോ ഇല്ലേ എന്നതാണ് ഈ വീക്ഷണക്കാര്‍ പരിഗണിക്കുന്നത്. ചെലവിന് കൊടുക്കല്‍ പോലുള്ള കാര്യങ്ങള്‍ അവര്‍ പരിഗണിക്കുന്നില്ല (അല്‍അംവാല്‍).

സഹോദരങ്ങള്‍, മാതൃപിതൃസഹോദരങ്ങള്‍ എന്നിവര്‍ക്ക് ചെലവിന് കൊടുക്കാന്‍ പ്രാഥമികമായി ഒരാള്‍ക്ക് ബാധ്യതയില്ല. എന്നാല്‍ ഇവരില്‍ ആര്‍ക്കെങ്കിലും ചെലവിന് കൊടുക്കണമെന്ന് ഖാദി വിധിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സകാത്ത് കൊടുക്കാന്‍ പാടില്ല എന്നാണ് മറ്റു ചിലരുടെ പക്ഷം. ചെലവിന് കൊടുക്കാന്‍ ബാധ്യസ്ഥമാവുക എന്നതാണ് ബന്ധുക്കള്‍ക്ക് സകാത്ത് തടയപ്പെടാനുള്ള അടിസ്ഥാനമായി മിക്കവരും അംഗീകരിച്ചിട്ടുളളത്. രണ്ട് കാരണങ്ങളാണ് ഇതിന് ചൂണ്ടിക്കാണിക്കപ്പെടുന്നത്: ഒന്ന്, ചെലവിനാവശ്യമായത് ലഭിക്കുന്നതോടെ ഒരാള്‍ ഫഖീര്‍/മിസ്‌കീന്‍ എന്ന തലത്തില്‍നിന്ന് ഉയരുന്നു. രണ്ടണ്ട്, ചെലവിന് കൊടുക്കാന്‍ ബാധ്യതയുള്ള ഒരു ബന്ധുവിന് സകാത്ത് കൊടുക്കുന്നതോടെ ആ ചെലവിന് കൊടുക്കലില്‍നിന്ന് അയാള്‍ മുക്തനാവുന്നു. അഥവാ അതിലൂടെ അയാള്‍ സ്വയം നേട്ടമുണ്ടാക്കുകയാണ് (അല്‍മജ്മൂഅ്- ഇമാം നവവി, അഹ്കാമുല്‍ ഖുര്‍ആന്‍-ഇബ്‌നുല്‍ അറബി). 

ചുരുക്കത്തില്‍ മാതാപിതാക്കള്‍, അവരുടെ മാതാപിതാക്കള്‍, മക്കള്‍, അവരുടെ മക്കള്‍, ഭാര്യ എന്നിവര്‍ക്ക് സാധാരണഗതിയില്‍ സകാത്ത് നല്‍കാന്‍ പാടില്ല. മറ്റുള്ള ബന്ധുക്കള്‍ക്കെല്ലാം നല്‍കാം. 


Comments

Other Post

ഹദീസ്‌

റമദാനും ഖുര്‍ആനും
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 33
എ.വൈ.ആര്‍