Prabodhanm Weekly

Pages

Search

2016 ജൂണ്‍ 17

2956

1437 റമദാന്‍ 12

തിരുത്തപ്പെടേണ്ട ധാരണകള്‍

എസ്സെംകെ

മാസിഡോണിയയിലെ അലക്‌സാണ്ടര്‍ ഒരിക്കല്‍ ആഫ്രിക്കന്‍ പ്രദേശം സന്ദര്‍ശിച്ചു. അവിടത്തെ ആചാര സമ്പ്രദായങ്ങളും നടപടിക്രമങ്ങളും പഠിക്കലായിരുന്നു ഉദ്ദേശ്യം. അന്നാട്ടുകാര്‍ അദ്ദേഹത്തെ അവിടത്തെ നീതിന്യായ കോടതിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു കേസ് നടക്കുകയാണ്. വാദി പറഞ്ഞു: ''ഞാന്‍ ഇയാളില്‍നിന്ന് ഒരു ചാക്ക് ഉമി വാങ്ങി. വില കൂടിയ ഒരു നിധി അതിനകത്തുണ്ടായിരുന്നു. ഉമി എന്റേതാണ്. പക്ഷേ, ആ സ്വര്‍ണക്കട്ടി എന്റേതല്ല. എന്നാല്‍ ഇയാളത് തിരിച്ചെടുക്കാന്‍ തയാറാകുന്നില്ല.''

രാജാവ് വിശദീകരണം ചോദിച്ചപ്പോള്‍ പ്രതി പറഞ്ഞു: ''തനിക്ക് അവകാശമില്ലാത്തത് എടുക്കാന്‍ അയാള്‍ ഭയപ്പെടുന്നു. എനിക്ക് അവകാശമില്ലാത്തത് സ്വീകരിക്കാന്‍ ഞാനും സന്നദ്ധനല്ല. ഞാന്‍ ചാക്കും അതിലുള്ളതുമാണ് വിറ്റത്. അതിനാല്‍ അതിലുള്ളതൊന്നും എന്റേതല്ല.''

രണ്ടാളുടെയും സംസാരം ശ്രദ്ധിച്ച രാജാവ് വാദിയോട് അയാള്‍ക്ക് മകനുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് അയാള്‍ മറുപടി നല്‍കി. പ്രതിയോട് മകളുണ്ടോ എന്ന് അന്വേഷിച്ചു. ഉണ്ടെന്ന് അറിയിച്ചപ്പോള്‍ അവര്‍ തമ്മില്‍ വിവാഹം നടത്താനും സമ്മാനമായി ഇരുവര്‍ക്കുമായി നിധി നല്‍കാനും നിര്‍ദേശിച്ചു.

ഇത് ശ്രദ്ധിച്ചുകൊണ്ടിരുന്ന അലക്‌സാണ്ടര്‍ വിസ്മയഭരിതനായി. അതിനു കാരണം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഞങ്ങളുടെ നാട്ടില്‍ ഇങ്ങനെയല്ല വിധിക്കുക. രണ്ടാളെയും കൊന്ന് നിധി രാജാവെടുക്കുകയാണ് ചെയ്യുക.''

അപ്പോള്‍ കൈകൂട്ടി അടിച്ചുകൊണ്ട് രാജാവ് ചോദിച്ചു: ''നിങ്ങളുടെ നാട്ടില്‍ സൂര്യന്‍ ഉദിക്കാറുണ്ടോ? മഴ പെയ്യാറുണ്ടോ?''

ഉണ്ടെന്ന് മറുപടി നല്‍കിയപ്പോള്‍ രാജാവ് പറഞ്ഞു: ''എങ്കില്‍ അതവിടെയുള്ള കന്നുകാലികളെ ഓര്‍ത്തായിരിക്കും. ഇത്തരം ആളുകളുള്ളിടത്ത് സൂര്യന്‍ ഉദിക്കുകയോ മഴ പെയ്യുകയോ അരുത്.''

അല്ലാഹു മനുഷ്യന് എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ നല്‍കി. ഭൂമിയില്‍ അവന്‍ ഓരോ നിമിഷവും കഴിച്ചുകൂട്ടുന്നത് അവ ഉപയോഗിച്ചാണ്. യഥാര്‍ഥത്തില്‍ മനുഷ്യന് സ്വന്തമായി ഒന്നുമില്ല. എന്നിട്ടും അവന്‍ എല്ലാം തന്റേതെന്ന പോലെ ഉപയോഗിക്കുന്നു. തോന്നിയ പോലെ ജീവിക്കുന്നു. ദൈവത്തെ ധിക്കരിക്കുന്നു. സഹജീവികളെ ദ്രോഹിക്കുന്നു. വരും തലമുറകള്‍ക്കവകാശപ്പെട്ട പ്രകൃതി വിഭവങ്ങള്‍ പോലും കവര്‍ന്നെടുക്കുന്നു. ഇത്ര കടുത്ത ധിക്കാരം കാണിച്ചിട്ടും അല്ലാഹു അവനെ സൈ്വരവിഹാരത്തിന് അനുവദിക്കുന്നു. പിടികൂടി ശിക്ഷിക്കുന്നില്ല. എല്ലാം ഒറ്റയടിക്ക് നശിപ്പിക്കുന്നില്ല. അല്ലാഹുവിന്റെ ഈ ഔദാര്യത്തെയും ധിക്കാരിയായ മനുഷ്യന്‍ തെറ്റായി വ്യാഖ്യാനിക്കുന്നു. അവരില്‍ ചിലര്‍ പറയുന്നു: ''ഞങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്തിട്ടും ഞങ്ങള്‍ക്കൊന്നും സംഭവിക്കുന്നില്ല. ഞങ്ങള്‍ക്ക് ഇതാരും ഔദാര്യമായി തന്നതല്ല. എല്ലാം ഞങ്ങള്‍ സ്വന്തം കഴിവുപയോഗിച്ച് ഉണ്ടാക്കിയതാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ തുടര്‍ന്നും തോന്നിയപോലെ ജീവിക്കും.'' ഇങ്ങനെ പറഞ്ഞില്ലെങ്കിലും ജീവിതം കൊണ്ടിത് സാക്ഷ്യപ്പെടുത്തുന്നു.

മറ്റൊരു വിഭാഗം വാദിക്കുന്നു: ''ഞങ്ങള്‍ ഇങ്ങനെയൊക്കെ ജീവിച്ചിട്ടും ഞങ്ങളെ ദൈവം ഒന്നും ചെയ്തിട്ടില്ല. കാരണം ഞങ്ങള്‍ ദൈവത്തിന്റെ സ്വന്തക്കാരും ഇഷ്ടക്കാരുമാണ്. അവന്‍ ഞങ്ങളെ പിടികൂടുകയോ ശിക്ഷിക്കുകയോ ഇല്ല.''

രണ്ടു കൂട്ടരും മിഥ്യാധാരണകളിലാണ്. അല്ലാഹു അവരെ അയച്ചുവിട്ടിരിക്കുകയാണ്. അവര്‍ക്ക് യഥേഷ്ടം വിഹരിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. അവസാനം അവന്‍ അവരെ പിടികൂടും. കൊടിയ ശിക്ഷക്ക് ഇരയാക്കും. അതിനാല്‍ ദൈവധിക്കാരികളായിരിക്കെ തന്നെ ലഭിക്കുന്ന അനുഗ്രഹങ്ങളും ജീവിത സൗകര്യങ്ങളും ഭൗതിക നേട്ടങ്ങളും ആരെയും അബദ്ധധാരണകളിലും നാശത്തിലും അകപ്പെടുത്താതിരിക്കട്ടെ. 


Comments

Other Post

ഹദീസ്‌

റമദാനും ഖുര്‍ആനും
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 33
എ.വൈ.ആര്‍