Prabodhanm Weekly

Pages

Search

2016 ജൂണ്‍ 17

2956

1437 റമദാന്‍ 12

ഇടിക്കൂട്ടിലെ ഇതിഹാസം

വി.എ കബീര്‍

''സഹോദരാ അഹ്മദ്, ഞങ്ങള്‍ മുസ്‌ലിംകള്‍ തന്നെ. ഇസ്‌ലാമില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഇസ്‌ലാമിനോട് മാത്രമേ ഞങ്ങള്‍ ഞങ്ങളെ ചേര്‍ത്തുപറയൂ. പക്ഷേ, ഓരോ സമൂഹത്തിനും അവരുടേതായ സാഹചര്യങ്ങളുണ്ട്. ഞങ്ങളുടെ സാഹചര്യത്തെ കുറിച്ചു ഞങ്ങള്‍ക്കാണ് കൂടുതല്‍ അറിയുക.''

1963-ല്‍ ലണ്ടനിലെ ഇസ്‌ലാമിക് സെന്റര്‍ സന്ദര്‍ശിച്ചപ്പോള്‍, ബ്രിട്ടനിലും അമേരിക്കയിലുമടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും മുസ്‌ലിം യുവജനപ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്ത ഡോ. അഹ്മദ് തൂത്തന്‍ജിയുമായി നടന്ന കൂടിക്കാഴ്ചയില്‍ മുഹമ്മദലി ക്ലേ പറഞ്ഞ വാചകങ്ങളാണ് മുകളിലുദ്ധരിച്ചത്. ബ്രിട്ടീഷ് ബോക്‌സിംഗ് ചാമ്പ്യന്‍ കൂപ്പറെ പരാജയപ്പെടുത്തിയ ഉടനെയായിരുന്നു ക്ലേയുടെ ഈ സന്ദര്‍ശനം. ബര്‍മിംഗ് ഹാം യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദമെടുത്ത ശേഷം ഉപരിപഠനാര്‍ഥം അമേരിക്കയിലേക്കുള്ള യാത്രയുടെ ഒരുക്കത്തിലായിരുന്നു ഇറാഖുകാരനായ തുത്തന്‍ജി. എലീജാ മുഹമ്മദിന്റെ 'നാഷന്‍ ഓഫ് ഇസ്‌ലാമി'ല്‍ അംഗമായിരുന്നു അന്ന് മുഹമ്മദലി ക്ലേ. മാല്‍കം എക്‌സിലൂടെയാണ് ക്ലേ നാഷന്‍ ഓഫ് ഇസ്‌ലാമിലെത്തുന്നത്. കറുത്ത വര്‍ഗത്തിന്റെ സമുദ്ധാരകനായി രംഗപ്രവേശം ചെയ്ത എലീജായുടെ ഇസ്‌ലാമിക പരികല്‍പനകളില്‍ പല വൈകല്യങ്ങളുമുണ്ടായിരുന്നു. കറുത്ത വര്‍ഗത്തിന്റെ മതമായി ഇസ്‌ലാമിനെ ചുരുക്കിക്കെട്ടിയ എലീജാ മുഹമ്മദ് ഒരു നീഗ്രോ പ്രവാചകനെപ്പോലെയായിരുന്നു പെരുമാറിയിരുന്നത്. ഇതൊക്കെ സൂചിപ്പിച്ചുകൊണ്ടു സംസാരിച്ചപ്പോഴായിരുന്നു ക്ലേയുടെ മുകളിലുദ്ധരിച്ച പ്രതികരണം. ഗുരുവായ എലീജാ മുഹമ്മദിനെ ക്ലേ മുക്തകണ്ഠം പ്രശംസിക്കുകയും അമേരിക്കയിലെ കറുത്ത വര്‍ഗത്തെ പാതാളത്തില്‍നിന്ന് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിനെ എടുത്തോതുകയും ചെയ്തു. 

എലീജാ മുഹമ്മദിന്റെ നാഷന്‍ ഓഫ് ഇസ്‌ലാം ഒരു കള്‍ട്ടായിരുന്നു വാസ്തവത്തില്‍. മാല്‍കം എക്‌സിന്റെ വാഗ്മിത ഈ പ്രസ്ഥാനത്തിന്റെ പ്രചാരണത്തിന് വലിയ ഊര്‍ജം പകരുകയുണ്ടായി. ജയില്‍ പുള്ളിയായിരുന്ന മാല്‍കം എക്‌സ് ഇസ്‌ലാമിലെത്തുന്നത് എലീജായുടെ കൈയാലെയാണ്. തന്റെ ആഫ്രിക്കന്‍ പൈതൃക വേരുകളുടെ അജ്ഞാത സ്ഥിതിയെക്കുറിച്ച സൂചന എന്ന നിലയിലാണ് എക്‌സ് എന്ന അക്ഷരം സ്വന്തം പേരിനോട് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നത്. 

1964-ല്‍ ഹജ്ജ് തീര്‍ഥാടനത്തോടെയാണ് മാല്‍കം എക്‌സില്‍ മാറ്റങ്ങളുണ്ടാകുന്നത്. അമേരിക്കയില്‍ മുസ്‌ലിം സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എം.എസ്.എ) സ്ഥാപിക്കുന്നതില്‍ തുത്തന്‍ജിയോടൊപ്പം ചുക്കാന്‍ പിടിച്ചവരിലൊരാളായ സുഡാന്‍കാരനായ ഡോ. ഉസ്മാന്‍ സിദ്ദീഖിയുടെ പ്രേരണയിലൂടെയാണ് മാല്‍കം മക്കയിലേക്ക് അദ്ദേഹത്തോടൊപ്പം യാത്രയാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയവരോടൊപ്പം ഫൈസല്‍ രാജാവിന്റെ അതിഥിയായിരുന്നു മാല്‍ക്കം. അവിടെവെച്ചാണ് ഇസ്‌ലാം കറുത്ത വര്‍ഗക്കാരുടെ മാത്രമല്ല, എല്ലാ വര്‍ണക്കാരുടെയും മനുഷ്യ സമത്വത്തിന്റെ മതമാണെന്ന് മാല്‍ക്കം തിരിച്ചറിയുന്നത്. അതോടെ എലീജായുടെ ധാരയില്‍നിന്ന് അദ്ദേഹം മാറിസഞ്ചരിച്ചു. മാല്‍ക്കം എക്‌സ് അല്‍ഹാജ് മലിക് ശഹ്ബാസായി. മുഹമ്മദലി ക്ലേയും പിന്നീട് മാല്‍ക്കം എക്‌സിന്റെ പാതയിലേക്ക് വന്നു. എലീജായുടെ മരണാനന്തരം നാഷന്‍ ഓഫ് ഇസ്‌ലാമിന്റെ നേതൃത്വമേറ്റെടുത്ത വലാസ് (വാരിസ്) മുഹമ്മദും പില്‍ക്കാലത്ത് മുഖ്യധാരാ ഇസ്‌ലാമിലേക്ക് വന്നു. 

ക്ലേയുമായി ബന്ധപ്പെട്ട വേറെയും ചില ഓര്‍മകള്‍ 'കിഴക്കിനും പടിഞ്ഞാറിനുമിടയില്‍ അമ്പതാണ്ടുകള്‍' എന്ന ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത തന്റെ ആത്മകഥയില്‍ തൂത്തന്‍ജി അനുസ്മരിക്കുന്നുണ്ട്. അമേരിക്കയിലെ പെന്‍സില്‍വാനിയ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴായിരുന്നു ക്ലേയുമായുള്ള തൂത്തന്‍ജിയുടെ രണ്ടാമത്തെ കൂടിക്കാഴ്ച. പെന്‍സില്‍വാനിയ വിദ്യാര്‍ഥി യൂനിയന്‍ ഭാരവാഹിയായിരിക്കെ ക്ലേയെ യൂനിവേഴ്‌സിറ്റിയില്‍ ഒരു പരിപാടിക്ക് ക്ഷണിക്കാനും ചടങ്ങിന്റെ ക്രമീകരണങ്ങള്‍ നടത്താനുമുള്ള ഉത്തരവാദിത്തം തൂത്തന്‍ജിയുടെ ചുമതലയിലായി. ക്ഷണം സ്വീകരിച്ചുകൊണ്ട് ക്ലേയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ''യൂനിവേഴ്‌സിറ്റിയിലെ എന്റെ മുസ്‌ലിം സഹോദരങ്ങള്‍ ക്ഷണിക്കുമ്പോള്‍ അത് സ്വീകരിക്കുകയല്ലാതെ എനിക്ക് നിര്‍വാഹമില്ല.'' മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മാത്രമായി പ്രത്യേകം ഒരു കൂടിക്കാഴ്ച വേണമെന്ന ഒരു നിബന്ധനയും ക്ലേ യൂനിവേഴ്‌സിറ്റി അധികൃതരുടെ മുമ്പാകെ വെച്ചു. പൊതുപരിപാടിക്കു ശേഷം നടന്ന ഈ പ്രത്യേക കൂടിക്കാഴ്ച എം.എസ്.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വമ്പിച്ച പ്രചാരണമായിത്തീര്‍ന്നതായി തൂത്തന്‍ജി എഴുതുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍നിന്ന് ഇസ്‌ലാമിനെ കുറിച്ചുള്ള അന്വേഷണങ്ങള്‍ വര്‍ധിക്കാന്‍ അത് നിമിത്തമായി. യൂനിവേഴ്‌സിറ്റി ജര്‍ണലിന്റെ ഏഴു പേരടങ്ങിയ സമിതിയില്‍നിന്ന് നാലുപേരുടെ ഇസ്‌ലാം ആശ്ലേഷത്തിലാണ് അത് കലാശിച്ചത്. യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള നിരവധി സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ എം.എസ്.എ പ്രസിദ്ധീകരണങ്ങളുടെ ത്വരിത പ്രചാരണത്തിനും അത് ഇടയായി. പെന്‍സില്‍വാനിയ യൂനിവേഴ്‌സിറ്റിയുടെ വിവിധ സ്ഥാപനങ്ങളിലായി അന്ന് ഇരുപത്തി ആറായിരത്തോളം വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ പഠിക്കുന്നുണ്ടായിരുന്നു. 

 

ഭരണകൂടത്തിന്റെ കണ്ണിലെ കരട്; കണ്ണിലുണ്ണി

കാഷ്യസ് ക്ലേ ആയിരുന്നപ്പോഴും മുഹമ്മദലി ക്ലേ ആയിരുന്നപ്പോഴും റിംഗില്‍നിന്ന് വിടവാങ്ങിയ ശേഷവുമെല്ലാം ഈ ഹെവി വെയ്റ്റ് ചാമ്പ്യന്‍ ലോകത്തിന്റെ ശ്രദ്ധയില്‍ നിറഞ്ഞുനിന്നു. അലിയുടെ ഗംഭീരന്‍ ഇടികള്‍ മാത്രമല്ല കവിത തുളുമ്പുന്ന വാക്കുകളും വീമ്പുകളുമൊക്കെ പ്രേക്ഷകരെ മാത്രമല്ല റിംഗില്‍നിന്ന് അകലെയുള്ള വായനക്കാരെയും ഹരം കൊള്ളിച്ചു. 'റിംഗില്‍ പൂമ്പാറ്റയെപ്പോലെ പാറിക്കളിക്കുകയും കടന്നലിനെപ്പോലെ കുത്തുകയും ചെയ്യുന്നു' എന്ന ആ സ്വയം വിശേഷണം മനഃപാഠമില്ലാത്ത കായിക പ്രേമികള്‍ ചുരുങ്ങും. റിംഗില്‍ നൃത്തസമാനം ചുവടുവെക്കുകയും ഈണം പകരുകയും ചെയ്ത ബോക്‌സിംഗിലെ ഈ ഇതിഹാസതാരത്തെ ലോകം നെഞ്ചേറ്റിയത് കായികരംഗത്തെ സംഭാവനകള്‍ മൂലം മാത്രമായിരുന്നില്ല; ഉറച്ച രാഷ്ട്രീയനിലപാടുകള്‍കൊണ്ടുകൂടിയായിരുന്നു. വര്‍ണവെറിക്കെതിരിലും യുദ്ധവെറിക്കെതിരിലും അദ്ദേഹം ഒരുപോലെ പോരാടി. 1967-ല്‍ വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുക്കാനുള്ള അമേരിക്കന്‍ സര്‍ക്കാറിന്റെ ഉത്തരവിനെ അലി ലംഘിച്ചു. ഒളിമ്പിക്‌സ് മെഡല്‍ ഓഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞ് ആത്മാഭിമാനത്തിന്റെ മാറ്റ് തെളിയിച്ചു. വിയറ്റ്‌നാം യുദ്ധവിരുദ്ധ നിലപാടു കാരണം സൈനിക കോടതി അലിയെ വിചാരണ ചെയ്തു. എങ്കിലും മേല്‍ക്കോടതി വെറുതെ വിട്ടു. യുദ്ധത്തിനെതിരെ യു.എസില്‍ മാത്രമല്ല ലോകമെങ്ങും ജനവികാരം സൃഷ്ടിച്ചതില്‍ അലിയുടെ നിലപാട് വലിയ പങ്ക് വഹിക്കുകയുണ്ടായി. മൂന്ന് വര്‍ഷം റിംഗില്‍നിന്ന് സസ്‌പെന്റ് ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ അലിയോട് പകരം വീട്ടിയത്. പക്ഷേ, കാലം അലിയാണ് വലിയ ശരിയെന്ന് തെളിയിച്ചു. ഒരുകാലത്ത് അമേരിക്കന്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്ന മുഹമ്മദലി ക്ലേ പിന്നീട് കണ്ണിലുണ്ണിയായിത്തീര്‍ന്നു. 2005-ല്‍ യു.എസ് സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം സമ്മാനിച്ചുകൊണ്ട് അമേരിക്കന്‍ സര്‍ക്കാര്‍ സ്വന്തം പാതകം തിരുത്തി. 1996-ല്‍ അറ്റ്‌ലാന്റാ ഒളിമ്പിക്‌സില്‍ ദീപശിഖ തെളിച്ചതും മുഹമ്മദലിയായിരുന്നു. 2016 ജൂണ്‍ 4-ന് അരിസോണയിലെ ഫിനിക്‌സിലുള്ള ആശുപത്രിയില്‍ ശ്വാസകോശരോഗത്തെ തുടര്‍ന്ന് അലി ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ അമേരിക്കയുടെ കറുത്ത വര്‍ഗക്കാരനായ ആദ്യപ്രസിഡന്റ് ബാറാക് ഒബാമയുടെ അനുശോചനം ഏറ്റുവാങ്ങാന്‍ കഴിഞ്ഞു എന്നത് യാദൃഛികമായൊരു സഹസംഭവമാകാം. എങ്കിലും അലിയുടെ ആത്മാവിനെ അഭിമാന പുളകിതമാക്കുന്ന ഒരു ഒത്തുപൊരുത്തം അതിലുമുണ്ട്. ബോക്‌സിംഗ് റിംഗിലെ ഇതിഹാസവും അടിച്ചമര്‍ത്തപ്പെട്ടവന്റെ ഗര്‍ജനവുമായ എക്കാലത്തെയും മഹാന്‍ എന്നാണ് അലിയെ ഒബാമ വിശേഷിപ്പിച്ചത്. ''അലി ലോകത്തെ കുലുക്കി. എല്ലാവരുടെയും നന്മക്കായിരുന്നു അത്. അതിന്റെ പ്രതിഫലം ഞങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അനുഭവിച്ചു. എക്കാലത്തെയും മികച്ച പോരാളിക്ക് ആദരവ്.'' ഒബാമയും പത്‌നിയും അനുശോചനത്തില്‍ പറഞ്ഞു. മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ഡബ്ല്യു ബുഷ്, പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് എന്നിവരും അനുശോചനമറിയിക്കുകയുണ്ടായി. 

 

പുരസ്‌കാരങ്ങള്‍

1942-ല്‍ യു.എസിലെ കെന്റകി സ്റ്റേറ്റില്‍ ല്യൂസെല്ലി നഗരത്തില്‍ കാഷ്യസ് മാര്‍സെലസ് ക്ലേ സീനിയറിന്റെയും ഒഡിസ ഗ്രേസിയുടെയും മകനായി ജനിച്ച അലി 12-ാം വയസ്സില്‍തന്നെ ബോക്‌സിംഗ് റിംഗിലെത്തി. ആദ്യ പോരാട്ടം 1960 ഒക്‌ടോബര്‍ 20-ന് ടണി ഹന്‍സ്‌കറിനെതിരെയായിരുന്നു. അതേ വര്‍ഷം റോം ഒളിമ്പിക്‌സില്‍ ലൈറ്റ് ഹെവിവെയ്റ്റില്‍ സ്വര്‍ണമെഡല്‍ നേടി. 1981 ഡിസംബര്‍ 11-ന് ട്രെവര്‍ ബെര്‍ബിക്കിനെതിരെയായിരുന്നു അവസാന പോരാട്ടം. അതിനിടെ മൂന്ന് തവണ ('64, '74, '78) ലോക ഹെവിവെയ്റ്റ്  ചാമ്പ്യനായി. പ്രസിഡന്‍ഷ്യല്‍ മെഡലി(2005)നു പുറമെ സ്‌പോര്‍ട്‌സ്മാന്‍ ഓഫ് ദി ഇയര്‍, നൂറ്റാണ്ടിന്റെ കായിക താരം (സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് മാസിക), സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ ഓഫ് ദി സെഞ്ച്വറി (ബി.ബി.സി) എന്നിവ അലി നേടിയ പ്രധാന പുരസ്‌കാരങ്ങളില്‍പെടുന്നൂ. 

മുസ്‌ലിംകളെ അമേരിക്കയിലേക്ക് കടത്തരുതെന്ന റിപ്പബ്ലികന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ വംശവെറിയന്‍ പ്രസ്താവനക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് നിലപാടുള്ള തന്റെ വ്യക്തിത്വശോഭ ഒരിക്കല്‍ കൂടി തെളിയിച്ച ശേഷമാണ് ഈ പോരാളി കാലയവനികക്ക് പിന്നിലേക്ക് മറഞ്ഞത്. 

 

പാര്‍കിന്‍സന്‍ രോഗി

ഏറെക്കാലമായി പാര്‍കിന്‍സന്‍ രോഗത്തിന്റെ ഇരയായിരുന്നു മുഹമ്മദലി ക്ലേ. തൊണ്ണൂറുകളിലൊരു വര്‍ഷം അദ്ദേഹം ഖത്തര്‍ ഗവണ്‍മെന്റിന്റെ അതിഥിയായെത്തിയപ്പോള്‍ ഈ ലേഖകന്‍ അവിടെയുണ്ടായിരുന്നു. അന്ന് ഖത്തര്‍ ടി.വി അദ്ദേഹവുമായി നടത്തിയ അഭിമുഖത്തില്‍ വിറക്കുന്ന കൈകളോടെ പതിഞ്ഞ ശബ്ദത്തിലുള്ള അദ്ദേഹത്തിന്റെ സംസാരം ആരിലും സഹതാപമുളവാക്കുന്നതായിരുന്നു. അന്ന് ബോക്‌സിംഗും പാര്‍കിന്‍സന്‍ രോഗവും തമ്മിലുള്ള ബന്ധമായിരുന്നു പത്രങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം. എന്തായാലും ജീവിതം മുഹമ്മദലി ക്ലേയെ സംബന്ധിച്ചേടത്തോളം ചാരിതാര്‍ഥ്യജനകം തന്നെയായിരുന്നു. കാരണം ദാനധര്‍മപ്രവര്‍ത്തനങ്ങളിലും ആത്മീയ കാര്യങ്ങളിലും മുഴുകിക്കൊണ്ടാണ് ജീവിതസായാഹ്നം അദ്ദേഹം കഴിച്ചുകൂട്ടിയിരുന്നത്. 


Comments

Other Post

ഹദീസ്‌

റമദാനും ഖുര്‍ആനും
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 33
എ.വൈ.ആര്‍