സാമൂഹിക പരിരക്ഷാ പദ്ധതിയാണ് സകാത്ത്
''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നു; എന്നിട്ട് ചെലവഴിച്ചത് എടുത്തുപറയുകയോ ദാനം വാങ്ങിയവരെ ശല്യപ്പെടുത്തുകയോ ചെയ്യുന്നുമില്ല; അത്തരക്കാര്‍ക്ക് അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട്. അവര്‍ക്ക് പേടിക്കേണ്ടിവരില്ല. ദുഃഖിക്കേണ്ടിയും വരില്ല. ദ്രോഹം പിന്തുടരുന്ന ദാനത്തേക്കാള്‍ ഉത്തമം നല്ലവാക്കു പറയലും വിട്ടുവീഴ്ച കാണിക്കലുമാകുന്നു. അല്ലാഹു സ്വയം പര്യാപ്തനും ഏറെ ക്ഷമയുള്ളവനും തന്നെ. വിശ്വസിച്ചവരേ, കൊടുത്തത് എടുത്തുപറഞ്ഞും സൈ്വരം കെടുത്തിയും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മങ്ങളെ പാഴാക്കരുത്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതെ ആളുകളെ കാണിക്കാനായി മാത്രം ചെലവഴിക്കുന്നവനെപ്പോലെ'' (ഖുര്‍ആന്‍ 2:262,263).
ഇസ്‌ലാമിന്റെ അഞ്ച് തൂണുകളില്‍ മൂന്നാമത്തേതാണ് സകാത്ത്. ഖുര്‍ആനില്‍ 27 സ്ഥലത്ത് സകാത്തിനെ നമസ്‌കാരത്തോട് ചേര്‍ത്തു പറയുന്നതായി കാണാം. നമസ്‌കാരം കഴിഞ്ഞാല്‍ ഇസ്‌ലാമില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് സകാത്ത് തന്നെ. ഖുര്‍ആനിലെ ധാരാളം പരാമര്‍ശങ്ങള്‍ വിശ്വാസവുമായി നേരിട്ട് സകാത്തിനെ ചേര്‍ത്ത് പ്രയോഗിച്ചതായും കാണാം. ''അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല. ദരിദ്രര്‍ക്ക് ആഹാരം കൊടുക്കാന്‍ പ്രേരിപ്പിച്ചിരുന്നുമില്ല'' (അല്‍ഹാഖ 33,34).
മാത്രമല്ല നമസ്‌കാരവും സകാത്തും സ്വര്‍ഗ-നരക പ്രവേശത്തിന്റെ മാനദണ്ഡമായി പോലും ചിലയിടങ്ങളില്‍ കാണാം. ''നിങ്ങളെ നരകത്തിലെത്തിച്ചതെന്താണ്? അവര്‍ പറഞ്ഞു: ഞങ്ങള്‍ നമസ്‌കരിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല. ദരിദ്രര്‍ക്ക് ഞങ്ങള്‍ ആഹാരം കൊടുത്തിരുന്നില്ല'' (അല്‍മുദ്ദസിര്‍ 42-44).
ഒരു നിര്‍ണിത പരിധിക്ക് (നിസ്വാബ്) മുകളില്‍ സമ്പാദ്യമുള്ള ഓരോ മുസ്‌ലിമിന്റെയും നിര്‍ബന്ധ ബാധ്യതയാണ് സകാത്ത്. എല്ലാ ധനത്തിനും സകാത്ത് ബാധകമാണ്. അല്ലാഹു പറയുന്നു: ''അവരുടെ ധനങ്ങളില്‍നിന്ന് താങ്കള്‍ ദാനം വാങ്ങുക'' (അത്തൗബ 103).
''തങ്ങള്‍ ചെലവഴിക്കേണ്ടതെന്തെന്നും അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ആവശ്യം കഴിച്ച് മിച്ചമുള്ളത്. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് വിധികള്‍ വിശദീകരിച്ചുതരുന്നു. നിങ്ങള്‍ ചിന്തിക്കുന്നവരാകാന്‍'' (2:219).
സഈദ്(റ) തന്റെ പിതാമഹനില്‍ നിന്ന് (അബൂമൂസ) നിവേദനം ചെയ്യുന്നു. നബി(സ) അരുളി: ''സര്‍വ മുസ്‌ലിംകളും സകാത്ത് കൊടുക്കേണ്ടതുണ്ട്. അനുചരന്മാര്‍ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ! അതിന് കഴിവില്ലെങ്കിലോ? നബി(സ) പ്രത്യുത്തരം നല്‍കി: അവര്‍ സ്വന്തം കൈകൊണ്ട് ജോലി ചെയ്യണം. എന്നിട്ട് തന്റെ ദേഹത്തെ ശുശ്രൂഷിക്കണം. മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയും വേണം. അതിനും സാധ്യമായില്ലെങ്കിലോ എന്ന് അവര്‍ വീണ്ടും ചോദിച്ചു. നബി(സ) അരുളി: ആപത്ത് ബാധിച്ചു ദുരിതമനുഭവിക്കുന്നവരെ അവന്‍ സഹായിക്കട്ടെ. അതിനും കഴിവില്ലെങ്കിലോ? അനുചരന്മാര്‍ വീണ്ടും ചോദിച്ചു. നബി(സ) അരുളി. അവന്‍ നന്മ പ്രവര്‍ത്തിക്കുകയും തിന്മയെ സൂക്ഷിച്ച് അകന്നുനില്‍ക്കുകയും ചെയ്യട്ടെ. നിശ്ചയം അത് അവന് ദാനധര്‍മമാണ്'' (ബുഖാരി. 2.24. 524).
സകാത്തും മറ്റ് ദാനധര്‍മങ്ങളും വഴി അല്ലാഹു മനുഷ്യനെ പരീക്ഷിക്കുന്നു. അല്ലാഹു നല്‍കിയ ധനം അവന്‍ ചോദിച്ചാല്‍ നല്‍കാന്‍ മനുഷ്യന്‍ തയാറാണോ എന്നാണ് ഒന്നാമത്തെ പരിശോധന. ഭൂമിയിലെ വിഭവങ്ങള്‍ നാം അധ്വാനത്തിലൂടെ നേടിയെടുക്കുന്നു. വിഭവങ്ങളെല്ലാം അല്ലാഹുവിന്റേതാണ്. നമ്മള്‍ അധ്വാനിക്കുന്നതും അല്ലാഹു നല്‍കിയ ശരീരവും അറിവും കഴിവും ഉപയോഗിച്ചാണ്. എന്നിട്ടും അല്ലാഹു നാം സമ്പാദിച്ചതില്‍നിന്ന് ഒരു ചെറിയ ശതമാനം മാത്രമേ ചോദിക്കുന്നുള്ളൂ. കല്‍പിച്ചാല്‍ അനുസരിക്കുമോ എന്ന ഒരു പരീക്ഷണം മാത്രം.
മനുഷ്യന് ഏറെ പ്രിയപ്പെട്ടതാണ് സമ്പത്ത്. നമ്മള്‍ അധ്വാനിച്ചുണ്ടാക്കുന്ന സമ്പത്ത് നമുക്ക് പ്രിയപ്പെട്ട നമ്മുടെ മക്കള്‍ക്കും കുടുംബത്തിനും വേണ്ടി നാം ചെലവഴിക്കുന്നു. നമുക്ക് പ്രിയമുള്ള വീടും വാഹനവും വാങ്ങാന്‍ നാം ചെലവിടുന്നു. ഇതിനേക്കാളെല്ലാം അല്ലാഹു നമുക്ക് പ്രിയങ്കരമായി തീരുമ്പോഴാണ് നമ്മുടെ സമ്പത്ത് അല്ലാഹു ആവശ്യപ്പെട്ട പ്രകാരം ചെലവഴിക്കാന്‍ നമുക്ക് സാധിക്കുക. ''സമ്പത്തിനോട് ഏറെ പ്രിയമുണ്ടായിരിക്കെ അത് അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും ചോദിച്ചുവരുന്നവര്‍ക്കും അടിമ മോചനത്തിനും ചെലവഴിക്കുക'' (2:177).
ദാരിദ്ര്യ നിര്‍മാര്‍ജനമാണ് സകാത്തിന്റെ പരമപ്രധാന ദൗത്യം. ജീവിതാവശ്യങ്ങള്‍ക്ക് വകയില്ലാത്തവര്‍ക്കുള്ളതാണ് സകാത്ത്. അത് സ്വീകരിക്കുന്ന ഓരോ മുസ്‌ലിമും താനത് സ്വീകരിക്കാന്‍ യോഗ്യനാണോ എന്ന് ഉറപ്പുവരുത്തണം. എട്ട് അവകാശികളെയാണ് ഖുര്‍ആന്‍ നിര്‍ണയിച്ചത്. ''സകാത്ത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അതിന്റെ ജോലിക്കാര്‍ക്കും മനസ്സിണങ്ങിയവര്‍ക്കും അടിമമോചനത്തിനും കടംകൊണ്ട് വലഞ്ഞവര്‍ക്കും ദൈവമാര്‍ഗത്തില്‍ വിനിയോഗിക്കാനും വഴിപോക്കര്‍ക്കും മാത്രമുള്ളതാണ്. അല്ലാഹുവിന്റെ നിര്‍ണയമാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്'' (9:60).
സകാത്ത് എന്ന പദത്തിന് സംസ്‌കരണം, വളര്‍ച്ച എന്നീ രണ്ട് അര്‍ഥങ്ങളുണ്ട്. അഥവാ സമ്പത്തിന്റെ സംസ്‌കരണവും വളര്‍ച്ചയും സകാത്തിലൂടെ സാധ്യമാകണം. ''അവരുടെ ധനങ്ങളില്‍നിന്ന് താങ്കള്‍ ദാനം വാങ്ങുക. അതവരെ ശുദ്ധീകരിക്കുകയും അവരുടെ സമ്പത്തില്‍ വര്‍ധനവുണ്ടാക്കുകയും ചെയ്യും'' (അത്തൗബ 103).
വര്‍ഷം മുഴുവന്‍ ഹലാലും ഹറാമും പരിഗണിക്കാതെ സമ്പാദിച്ച് വര്‍ഷത്തിലൊരിക്കല്‍ സകാത്ത് നല്‍കി അത് ശുദ്ധീകരിച്ചുകളയാം എന്ന് കരുതുന്നവര്‍ക്ക് തെറ്റി. നാം ഹലാലായി സമ്പാദിച്ചതിന്റെ സംസ്‌കരണമാണ് സകാത്തിലൂടെ നടക്കുന്നത്. നമ്മുടെ ശുദ്ധ സമ്പാദ്യത്തിലാണ് നമ്മുടെ പ്രയാസമനുഭവിക്കുന്ന സഹോദരന് ഓഹരിയുള്ളത്. അത് കൊടുത്തുവീട്ടി
നാം നമ്മുടെ സമ്പത്തിനെ ശുദ്ധീകരിക്കുകയാണ്. 'നിങ്ങള്‍ സമ്പാദിച്ച ഉത്തമ വസ്തുക്കളില്‍നിന്ന് ചെലവഴിക്കുക' എന്ന് ഖുര്‍ആന്‍ എടുത്തുപറയുന്നത് അതുകൊണ്ടാണ്.
''വിശ്വസിച്ചവരേ, നിങ്ങള്‍ സമ്പാദിച്ച ഉത്തമ വസ്തുക്കളില്‍നിന്നും നിങ്ങള്‍ക്കു നാം ഭൂമിയില്‍ ഉല്‍പാദിപ്പിച്ചുതന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുക. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ക്കു തന്നെ സ്വീകരിക്കാനാവാത്ത ചീത്ത വസ്തുക്കള്‍ ദാനം ചെയ്യാനായി കരുതിവെക്കരുത്. അറിയുക: അല്ലാഹു അന്യാശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്'' (2:267).
ദാനധര്‍മങ്ങളെ അല്ലാഹു പോഷിപ്പിക്കും എന്ന് ഖുര്‍ആന്‍ തന്നെ പറയുന്നു: ''അല്ലാഹു പലിശയെ ശോഷിപ്പിക്കുന്നു. ദാനധര്‍മങ്ങളെ പോഷിപ്പിക്കുന്നു. നന്ദികെട്ടവനും കുറ്റവാളിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല'' (2:276).
എങ്ങനെയാണ് ദാനം ചെയ്ത സമ്പത്ത് വളരുന്നത്? നമുക്ക് പരിശോധിക്കാം. ഒരാളുടെ കൈയില്‍ ഒരേക്കര്‍ ഭൂമിയുണ്ട്. കൃഷി ചെയ്യാനുള്ള കഴിവുമുണ്ട്. വിത്തിറക്കാനും വളമിടാനും പണിയായുധങ്ങള്‍ക്കുമാവശ്യമായ പണമില്ല. അതു കാരണം രണ്ട് വര്‍ഷമായി തരിശായി കിടക്കുകയായിരുന്നു ഭൂമി. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന് 5,000 രൂപ സകാത്തായി ലഭിച്ചു. കൃഷിയിറക്കി. ഈ വര്‍ഷം വിളവുണ്ടായി 50,000 രൂപക്ക് ഉല്‍പന്നങ്ങള്‍ വിറ്റു. വീണ്ടും ഈ വര്‍ഷം വിത്തിറക്കി കൃഷി ചെയ്യുന്നു. അടുത്ത വര്‍ഷം ഇതിനേക്കാളും നേട്ടം കൊയ്‌തെടുക്കാനാവുന്നു.
ഈ ഉദാഹരണത്തില്‍, ആദ്യ രണ്ട് വര്‍ഷം അയാളുടെ അധ്വാനവും കൃഷിയിടവും വെറുതെയിരുന്നപ്പോള്‍ സകാത്ത് കിട്ടിയ ശേഷം രണ്ട് വര്‍ഷം കൊണ്ട് അദ്ദേഹം സമ്പത്തിനെ വളര്‍ത്തുകയാണുണ്ടായത്. സമ്പത്തും മനുഷ്യ വിഭവവുമൊക്കെ സമയവുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. ഉപയോഗശൂന്യമായി കെട്ടിക്കിടക്കുന്ന വിഭവങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ സകാത്തിലൂടെ സാധ്യമാകുന്നു. ഒരു സമ്പദ് വ്യവസ്ഥയെ വലിയ പുരോഗതിയിലെത്തിക്കാനും ഇത് സഹായിക്കുന്നു.
സാമ്പത്തികമായി ഞെരുക്കമനുഭവിക്കുന്നവന് സകാത്തിലൂടെ ലഭിക്കുന്ന പണം ഉടന്‍ തന്നെ സമ്പദ് വ്യവസ്ഥയിലേക്ക് ഇറങ്ങിവരുന്നു. കാരണം, ജീവിതത്തിന്റെ അത്യാവശ്യങ്ങള്‍ പോലും പൂര്‍ത്തീകരിക്കാന്‍ പണം കൈയിലില്ലാത്തതിനാലാണല്ലോ അവന്‍ സകാത്തിന് അവകാശിയായി മാറിയത്. ആ പണം ഉടന്‍ ചെലവഴിക്കപ്പെടുകയും ഉടന്‍ സമൂഹത്തിലേക്കെത്തുകയും ചെയ്യുന്നു. എന്നാല്‍, സുഭിക്ഷത അനുഭവിക്കുന്നവന്റെ ധനം സമ്പദ് വ്യവസ്ഥയിലേക്ക് കുറഞ്ഞ തോതിലേ ഇറങ്ങിവരൂ. സകാത്തിലൂടെയുള്ള ഈ ഒഴുക്കാണ് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുക. സകാത്തിലൂടെ സംസ്‌കരിക്കപ്പെടുന്നത്, സകാത്തിലൂടെ വളരുന്നത്, സകാത്തിലൂടെ സംരക്ഷിക്കപ്പെടുന്നത് സകാത്ത് ദാതാവും സ്വീകര്‍ത്താവും മാത്രമല്ല, അവര്‍ ഉള്‍ക്കൊള്ളുന്ന ഒരു സമ്പദ് വ്യവസ്ഥ മുച്ചൂടുമാണ് എന്നര്‍ഥം.
ഭൂമിയില്‍ മനുഷ്യവാസം തുടങ്ങിയ അന്നുമുതല്‍ അതിലെ വിഭവങ്ങള്‍ നാം ഉപയോഗിച്ചുപോരുന്നു. ഉപയോഗിക്കുന്നതിനനുസരിച്ച് താല്‍ക്കാലികമായി തീര്‍ന്നുപോകുമെങ്കിലും വീണ്ടും അതേ വിഭവങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന ഒരു തരം പ്രോഗ്രാമിംഗ് സിസ്റ്റമാണ് പ്രകൃതിയില്‍ അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നത്. മണ്ണില്‍നിന്ന് നാം കൃഷി ഉല്‍പാദിപ്പിക്കുന്നു, ഉപയോഗ ശേഷം അവ മണ്ണിലേക്ക് തന്നെ ചേരുന്നു. അവ വീണ്ടും ഫലങ്ങളായി തീരുന്നു. വീണ്ടും മണ്ണിലേക്ക് ചേരുന്നു. ഇന്ന് ഉല്‍പാദിപ്പിക്കേണ്ട വിഭവം നാളത്തേക്ക് മാറ്റിവെക്കുന്നതിലൂടെ നിലവില്‍ ജീവിക്കുന്ന ജീവജാലങ്ങള്‍ക്ക് അവ നഷ്ടമാകുന്നു. അഥവാ ഉപയോഗപ്പെടുത്തുന്നതിനനുസരിച്ചാണ് അല്ലാഹു വിഭവങ്ങള്‍ നല്‍കുന്നത്.
ഓരോ സമ്പദ്‌വ്യവസ്ഥയിലും നിശ്ചലമായിക്കിടക്കുന്ന വിഭവങ്ങളെ താങ്ങ് നല്‍കി ഉത്തേജിപ്പിക്കലാണ് സകാത്ത് കൊണ്ട് സാധ്യമാക്കുന്നത്. ഇതിലൂടെ സമ്പദ് വ്യവസ്ഥ വളരുന്നു, ഒപ്പം സകാത്ത് നല്‍കിയവനും സകാത്ത് സ്വീകരിച്ചവനും സാമ്പത്തികമായി ഉയരുന്നു.
നാം സാധാരണയായി സകാത്തിനെക്കുറിച്ച് അന്വേഷിക്കുന്നതും സകാത്ത് കണക്കു കൂട്ടി വിതരണം ചെയ്യുന്നതും റമദാനിലാണ്. യഥാര്‍ഥത്തില്‍ റമദാനും സകാത്തും ഒന്നിച്ചുതന്നെ അനുഷ്ഠിക്കേണ്ട കര്‍മങ്ങളല്ല. റമദാനില്‍ കൂടുതലായി ദാനം ചെയ്യാന്‍ നമ്മെ പ്രവാചകന്‍ (സ) പഠിപ്പിച്ചിട്ടുണ്ട് എന്ന് മാത്രം. റമദാനില്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുമെന്നതിനാല്‍ കൂടിയാണ് നാം സകാത്തിനെ റമദാനിലേക്ക് മാറ്റി വെക്കുന്നത്. ഇത് പലപ്പോഴും സകാത്തിന്റെ ലക്ഷ്യത്തിന് വിഘാതമായി നില്‍ക്കുമെന്നും മനസ്സിലാക്കേണ്ടതുണ്ട്.
പ്രധാനമായും ഇന്ന് നാം സകാത്ത് നല്‍കുന്നത് എല്ലാ വിഭവങ്ങളെയും പണത്തിന്റെ മൂല്യത്തിലേക്ക് മാറ്റിയിട്ടാണ്. അഥവാ വിളവെടുപ്പ് കഴിഞ്ഞ കൃഷിയുല്‍പന്നത്തിന്റെ 5/10 ശതമാനം നാം അപ്പോള്‍ തന്നെ വിതരണം ചെയ്യുന്നതിനു പകരം, അത് വിറ്റു കിട്ടുന്ന പണത്തില്‍നിന്ന് 5/10 ശതമാനം നാം മാറ്റിവെക്കുന്നു. അത് റമദാനാകുമ്പോള്‍ കൊടുത്തുവീട്ടുന്നു. ഇത് സകാത്ത് എന്ന സാമൂഹിക പരിരക്ഷാ പദ്ധതിക്ക് വലിയ അളവില്‍ വിള്ളല്‍ വീഴ്ത്തുന്നുണ്ട്. ദാതാവിനെ സംബന്ധിച്ചേടത്തോളം കൂടുതല്‍ പ്രതിഫലം ഉദ്ദേശിച്ചാണ് ഇത് ചെയ്യുന്നതെങ്കിലും സ്വീകര്‍ത്താവിന് വര്‍ഷത്തില്‍ ഒരു മാസം മാത്രം സകാത്ത് ധാരാളമായി ലഭിക്കുകയും ബാക്കി 11 മാസം സകാത്ത് ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ഇത് ദാതാവിനെയും സ്വീകര്‍ത്താവിനെയും മാത്രമല്ല, സാമ്പത്തികക്രമത്തെ തന്നെ ദോഷകരമായി ബാധിക്കും.
നമസ്‌കാരം സമയബന്ധിതമാണ്. സകാത്തും സമയബന്ധിതമാണ്. റമദാനില്‍ കൂടുതല്‍ പ്രതിഫലമുണ്ടെന്നുവെച്ച് ശഅ്ബാനിലെ നമസ്‌കാരം നാം റമദാനിലേക്ക് മാറ്റിവെക്കാറില്ല. സുന്നത്ത് നമസ്‌കാരമൊക്കെയാണ് അധികരിപ്പിക്കാറുള്ളത്. അതുപോലെ സകാത്തിനു പുറമെ റമദാനില്‍ കൂടുതലായി സ്വദഖകള്‍ വര്‍ധിപ്പിക്കാനാണ് നാം ശ്രമിക്കേണ്ടത്. വാര്‍ഷിക കണക്ക് പരിശോധിച്ച് സകാത്ത് നല്‍കുന്നത് റമദാനിലാക്കാം എന്ന് തീരുമാനിക്കുന്നതില്‍ കുഴപ്പമില്ല. എല്ലാ ദാനധര്‍മങ്ങളും റമദാനിലേക്ക് മാറ്റിവെക്കരുതെന്ന് മാത്രം.
''നിങ്ങള്‍ സത്യമാര്‍ഗത്തില്‍ ചെലവഴിക്കുന്ന എന്തിനും അവന്‍ പകരം നല്‍കും. അന്നം നല്‍കുന്നവരില്‍ അത്യുത്തമനാണവന്‍'' (34:39).
Comments