Prabodhanm Weekly

Pages

Search

2016 ജൂണ്‍ 17

2956

1437 റമദാന്‍ 12

സി.എച്ച് മുഹമ്മദ് മുസ്ത്വഫ

മുരിങ്ങേക്കല്‍ മൂസ

1990-കളില്‍ ഇടതുപക്ഷ സഹയാത്രികനായിരുന്ന സി.എച്ച് മുഹമ്മദ് മുസ്ത്വഫ മര്‍ഹും കെ.എം സുലൈമാന്‍ സാഹിബുമായുള്ള ഉറ്റബന്ധത്തിലൂടെയാണ് ഇസ്‌ലാമിക പ്രസ്ഥാനവുമായി അടുക്കുന്നതും പിന്നീട് കാര്‍കൂനാകുന്നതും. മലപ്പുറം കണ്ണത്തുപാറയിലെ താമസക്കാരനായിരുന്ന മുസ്ത്വഫ വടക്കേമണ്ണ, പറപ്പൂര്‍ എന്നിവിടങ്ങളിലെ താമസത്തിനു ശേഷമാണ് കാളമ്പാടിയിലെത്തിയത്.

സൗമ്യനും മിതഭാഷിയും ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്ന കാര്യത്തില്‍ അതീവ ശുഷ്‌കാന്തി വെച്ചുപുലര്‍ത്തിയ വ്യക്തിത്വവുമായിരുന്നു സി.എച്ച് മുസ്ത്വഫ. 

സിജി(സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ)യുടെ മലപ്പുറം ജില്ലാ സെക്രട്ടറി എന്ന നിലയില്‍ രചനാത്മകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. മലപ്പുറം ജില്ലയിലെ നൂറുകണക്കിന് യുവാക്കള്‍ക്ക് ഗവണ്‍മെന്റ് സര്‍വീസില്‍ പ്രവേശിക്കാന്‍ സഹായകമായത് സി.എച്ച് മുസ്ത്വഫയുടെ പ്രോത്സാഹനമായിരുന്നു.

വിദ്യാഭ്യാസ മേഖലയിലെ തിരക്കിട്ട പ്രവര്‍ത്തനങ്ങള്‍ക്കിടയിലും പ്രസ്ഥാനം ഏല്‍പ്പിക്കുന്ന ഏത് ചുമതലയും സസന്തോഷം ഏറ്റെടുക്കുകയും ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. മലപ്പുറം ഏരിയാ ദഅ്‌വാ സെല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം വിശാലമായ ദഅ്‌വാ ബന്ധം കാത്തുസൂക്ഷിച്ചു. കെ.എസ്.ഇ.ബിയില്‍ ജൂനിയര്‍ സൂപ്രണ്ടായിരുന്ന മുസ്ത്വഫയെ കുറിച്ച് മറ്റൊരു യൂനിയന്‍ അംഗമായ സ്‌നേഹിതന്‍ നിറകണ്ണുകളോടെ പറഞ്ഞത് ഞങ്ങളുടെ യൂനിയന്‍ നടത്തുന്ന ഒരു സമരം നീതിക്കു വേണ്ടിയാണെങ്കില്‍ ഞങ്ങളുടെ അംഗങ്ങളേക്കാള്‍ അതിനു വേണ്ടി വാദിച്ചിരുന്നത് മുസ്ത്വഫയായിരുന്നു എന്നാണ്. തന്റെ സര്‍വീസ് രംഗം നീതിയുക്തവും സംശുദ്ധവുമാക്കിമാറ്റാന്‍ കഠിനപ്രയത്‌നം നടത്തിയ വ്യക്തികൂടിയായിരുന്നു മുസ്ത്വഫ. 

മലപ്പുറം മാസ് കോളേജിന്റെ സെക്രട്ടറി എന്ന നിലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തി. പുതിയ കോഴ്‌സുകള്‍ക്ക് അംഗീകാരം, പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ മുതലായവക്ക് നേതൃത്വം നല്‍കി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ട്രസ്റ്റ് അംഗവും അവയുടെ പുരോഗതിയില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയുമായിരുന്നു.

അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് (അടഋഠ) സംസ്ഥാന സമിതിയംഗമായിരുന്നു. സര്‍ക്കാര്‍ സര്‍വീസുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കുണ്ടാകുന്ന ഏതു സംശയവും തീര്‍ക്കാന്‍ എപ്പോഴും മുട്ടാവുന്ന വാതിലായിരുന്നു സി.എച്ച് മുഹമ്മദ് മുസ്ത്വഫ. കൃത്യാന്തരബാഹുല്യങ്ങള്‍ക്കിടയിലും കുടുംബബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കുകയും അകന്ന കുടുംബങ്ങളില്‍ പോലും ഇടക്കിടെ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. കൂട്ടിലങ്ങാടി ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ അധ്യാപിക സൗദയാണ് ഭാര്യ. മൂന്ന് ആണ്‍മക്കളും ഒരു മകളുമുണ്ട്. 

മുരിങ്ങേക്കല്‍ മൂസ

 

ചൊക്ലി അബ്ദുന്നാസര്‍

 

കാടപ്പടി ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനായിരുന്നു ചൊക്ലി അബ്ദുന്നാസര്‍. ഗള്‍ഫില്‍നിന്ന് തുടങ്ങിയ പ്രസ്ഥാന ബന്ധം പിന്നീട് മരണം വരെ നാട്ടിലും സജീവമായി നിലനിര്‍ത്തി. ഹല്‍ഖാ സെക്രട്ടറി, നാസിം, പള്ളി കമ്മിറ്റി സെക്രട്ടറി, വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ്, മണ്ഡലം കമ്മിറ്റി സെക്രട്ടറി, പാലിയേറ്റീവ് യൂനിറ്റ് മെമ്പര്‍ തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു നാസര്‍. നിറഞ്ഞ പുഞ്ചിരിയും പെരുമാറ്റത്തിലെ ലാളിത്യവും എന്നും നിലനിര്‍ത്തിയ നാസര്‍, അസാധാരണ ധൈര്യവും ഉറച്ച നിലപാടുകളുമുള്ള വ്യക്തിത്വം കൂടിയായിരുന്നു. ഭാര്യയും പ്രസ്ഥാന രംഗത്ത് സജീവമാണ്. മൂന്ന് മാസം പ്രായമുള്ള കുട്ടിയുള്‍പ്പെടെ നാല് കുട്ടികളാണുള്ളത്. 

സി.പി കാടപ്പടി

 

എം.സി മുഹമ്മദ്

മലപ്പുറം കീഴുപറമ്പില്‍ ജനിച്ച് പാലക്കാട് മണ്ണാര്‍ക്കാട്ട് സ്ഥിരതാമസമാക്കിയ സജീവ ഇസ്‌ലാമിക പ്രവര്‍ത്തകനായിരുന്നു എം.സി മുഹമ്മദ്. ചെറുകിട കച്ചവടക്കാരനായിരുന്ന മുഹമ്മദ് മണ്ണാര്‍ക്കാട് ഹല്‍ഖയിലെ കാര്‍കുനായിരുന്നു. 

ജനക്ഷേമപ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലായിരുന്നു. മണ്ണാര്‍ക്കാട്ടെ പ്രമുഖരുമായി സഹകരിച്ച് ഒരു റിലീഫ് കമ്മിറ്റിക്ക് (എം.ആര്‍.പി) രൂപം നല്‍കി. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന് സഹായം നല്‍കാന്‍ മുന്‍കൈയെടുത്തു. എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ഥികളെ വിവിധ സ്ഥാപനങ്ങളില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ ശ്രമിച്ചു. നിര്‍ധന യുവതികളുടെ വിവാഹത്തിനും തൊഴിലുപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും സങ്കീര്‍ണമായ കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും സജീവമായിരുന്നു. ബൈത്തുസ്സകാത്തിലും ഇര്‍ശാദ് ട്രസ്റ്റിലും മെമ്പറായിരുന്നു. ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച ലാളിത്യമായിരുന്നു വ്യക്തിമുദ്ര. തന്റെ സാമ്പത്തിക പ്രശ്‌നം ആരെയും അറിയിക്കാതെ മറ്റുള്ളവരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ടുവന്നു. റമദാന്‍ കിറ്റ് ശേഖരിക്കാനും അര്‍ഹര്‍ക്ക് എത്തിച്ചുകൊടുക്കാനും ശ്രദ്ധിച്ചുപോന്നു. ഖുര്‍ആന്‍ പഠന-പാരായണത്തില്‍ വലിയ ശ്രദ്ധചെലുത്തി. 

മണ്ണാര്‍ക്കാട് പ്രാദേശിക അമീറായിരുന്ന മര്‍ഹൂം ടി.കെ മുഹമ്മദ് സാഹിബിന്റെ മകള്‍ സല്‍മയാണ് ഭാര്യ. മക്കള്‍: എം.സി സാലിം (പ്രബോധനം വാരിക), ഹിസാന. മരുമകന്‍: നവീദ്. 

എം.സി അബ്ദുല്ല

 

 

Comments

Other Post

ഹദീസ്‌

റമദാനും ഖുര്‍ആനും
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 33
എ.വൈ.ആര്‍