Prabodhanm Weekly

Pages

Search

2016 ജൂണ്‍ 17

2956

1437 റമദാന്‍ 12

സാമ്പത്തിക വീക്ഷണത്തിലെ അപചയങ്ങള്‍

വി.കെ അബ്ദുല്‍ അസീസ്

മ്പത്തിനെപ്പറ്റി മുസ്‌ലിംകളില്‍ നിലനില്‍ക്കുന്ന അബദ്ധ ധാരണകള്‍ അവരുടെ അപചയത്തിന്റെ അടിസ്ഥാന കാരണങ്ങളിലൊന്നാണെന്ന് ഇസ്‌ലാമിക സാമ്പത്തിക വിശാരദന്മാര്‍  ചൂണ്ടിക്കാട്ടുന്നു. സുസ്ഥിരവും സുഭിക്ഷവുമായ ഒരു സാമൂഹിക നിര്‍മിതിക്കായുള്ള കൃത്യമായ സാമ്പത്തിക തത്ത്വങ്ങള്‍ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ ഈ വിഷയകമായ കൃത്യമല്ലാത്ത മുന്‍ധാരണകളാണ് മുസ്‌ലിംകളില്‍ പൊതുവെ നിലനില്‍ക്കുന്നത്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് 'ഉസ്വൂലുല്‍ ഫിഖ്ഹി'ന്റെ പ്രാധാന്യത്തോടെ 'ഉസ്വൂലുല്‍ മാല്‍' കൈകാര്യം ചെയ്യപ്പെട്ടില്ല എന്നതാണ്. ഇസ്‌ലാമിക കലാലയങ്ങളില്‍ പോലും ഉസ്വൂലുല്‍ മാല്‍ പഠിപ്പിക്കുന്നില്ല. സാമ്പത്തിക വിഷയസംബന്ധിയായി രൂഢമൂലമായിത്തീര്‍ന്ന ഏതാനും തെറ്റിദ്ധാരണകളാണ് ഈ കുറിപ്പില്‍ ചര്‍ച്ചചെയ്യുന്നത്. 

സമ്പത്തിന്റെ യഥാര്‍ഥ ഉടമസ്ഥാവകാശം ദൈവത്തിനാണ്; കൈകാര്യ കര്‍തൃത്വം മാത്രമേ മനുഷ്യനുള്ളൂ-ഇതാണ് ഇസ്‌ലാമിക സാമ്പത്തിക വീക്ഷണത്തിന്റെ അടിത്തറ. ദൈവത്തിന്റെ ഉടമസ്ഥത, മനുഷ്യന്റെ സൃഷ്ട്യുന്മുഖമായ സാമ്പത്തിക നിക്ഷേപം (ഇന്‍ഫാഖ്) എന്നിവ ഇതില്‍നിന്ന് നിഷ്പന്നമായതാണ്. സമ്പത്തിന്റെ ക്രിയാത്മകമായ ഉപയോഗത്തെ തന്നെയാണ് ദൈവമാര്‍ഗത്തിലുള്ള ചെലവിടല്‍, 'ഇന്‍ഫാഖ്' എന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. മുഴുവന്‍ മനുഷ്യര്‍ക്കും പ്രയോജനപ്പെടുന്ന നൈതിക രീതിശാസ്ത്രമാണ് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്. സകല മനുഷ്യര്‍ക്കും നീതി ലഭ്യമാക്കുക എന്നതാണ് അതിന്റെ ലക്ഷ്യം (ഖുര്‍ആന്‍ 4:135, 5:8).

സമ്പത്ത് മര്‍ത്ത്യജീവിതത്തിന്റെ അടിയാധാരമാണ് (ഖു. 4:6). സമൂഹത്തില്‍ മുഴുവന്‍ കറങ്ങി, സകല മനുഷ്യര്‍ക്കും സുഭിക്ഷത കൈവരിക്കാന്‍ ദൈവം കനിഞ്ഞരുളിയ സമ്പത്ത് നിമിത്തമാകേണ്ടതുണ്ട്. എന്തെന്നാല്‍ ഭൂമിയിലെ വിഭവങ്ങള്‍ മുഴുവന്‍ മനുഷ്യര്‍ക്കുമായാണ് ദൈവം കനിഞ്ഞു നല്‍കിയിരിക്കുന്നത് (ഖുര്‍ആന്‍ 17:31, 29:60, 11:6). ഭൂമിയില്‍ ചരിക്കുന്ന ഓരോ ജീവിയുടെയും ആഹാരം ദൈവം സജ്ജീകരിച്ചിരിക്കുന്നു (11:6, 7:54, 13:1617, 21:3033, 18:46, 66:23). അതുകൊണ്ടുതന്നെ മനുഷ്യനിര്‍മിതവും അനീതി നിറഞ്ഞതുമായ സാമ്പത്തിക വ്യവസ്ഥയുടെ ഉല്‍പന്നമാണ് വിശപ്പും ദാരിദ്ര്യവും. ദാരിദ്ര്യം പിശാചിന്റെ കൗശലങ്ങളുടെ വിജയവുമാണ് (ഖുര്‍ആന്‍ 2:168)

ഭൂമിയിലെ വിഭവങ്ങള്‍ ആവശ്യാനുസരണം മനുഷ്യര്‍ക്കിടയില്‍ ദൈവികനിര്‍ദേശങ്ങള്‍ക്ക് വിധേയമായി ക്രയവിക്രയം ചെയ്യപ്പെടുന്ന ഒരു സാമ്പത്തിക ക്രമമാണ് ദൈവികദര്‍ശനം വിഭാവനം ചെയ്യുന്നത്. സമ്പത്തിന്റെ ഉടമസ്ഥത ദൈവത്തിലും ട്രസ്റ്റിഷിപ്പ് മാത്രം മനുഷ്യനിലും നിക്ഷിപ്തമാവുന്ന അനുപമമായ ഈ സാമ്പത്തിക നയത്തെ 'ദിവ്യ സാമ്പത്തിക തത്ത്വം' എന്നു വിളിക്കാം. മനുഷ്യന്റെ കടിഞ്ഞാണില്ലാത്ത വിത്ത മോഹങ്ങള്‍ സഹജീവിയുടെ സാമ്പത്തികാവകാശങ്ങളെ ഹനിക്കാതിരിക്കാന്‍ അത് സദാ ജാഗരൂകമാണ്. 

ഏകദൈവ വിശ്വാസം, പ്രവാചകത്വം, മരണാനന്തരജീവിതം എന്നിവയിലാണ് ദൈവിക സമ്പദ് വ്യവസ്ഥ ഊന്നുന്നത്. ഈ സാമ്പത്തിക സിദ്ധാന്തം ദൈവികമെന്നതിനാല്‍ തന്നെ മൂല്യാധിഷ്ഠിതവുമാണ്. ഈ മൂല്യങ്ങളാവട്ടെ മാനവകുലത്തിന്റെ പൊതുസ്വത്തും എല്ലാ മതങ്ങള്‍ക്കും പങ്കാളിത്തമുള്ളതുമാണ്. ഈ മൂല്യങ്ങളുടെ ചട്ടകൂട്ടില്‍നിന്നുകൊണ്ടാണ് എല്ലാ ദൈവിക ദര്‍ശനങ്ങളുടെയും സമ്പൂര്‍ണ സമാഹാരമായ ഖുര്‍ആന്‍ സാമ്പത്തിക ക്രമത്തിന് നിയമാവലികളും നിര്‍ദേശങ്ങളും നല്‍കുന്നത്. 

സമ്പത്ത് ഒരിടത്ത് കുന്നുകൂടുകയും മറ്റിടങ്ങളില്‍ ഇല്ലാതാവുകയും ചെയ്താല്‍ ജനഹൃദയങ്ങളില്‍ അസൂയയും വിദ്വേഷവും വളര്‍ന്നുവരും. ഒട്ടേറെ സാമൂഹിക വിനകള്‍ക്കത് കാരണമാവും. സമ്പത്ത് ഒരിടത്ത് കുന്നുകൂടുന്നത് ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രം കേന്ദ്രീകരിക്കപ്പെടുന്ന പോഷകാംശം പോലെ വിനാശകരമാണ്. പലപ്പോഴും ആപല്‍ക്കരമായ സുഖഭോഗങ്ങള്‍ക്കും ദേഹേഛകളുടെ പൂര്‍ത്തീകരണത്തിനും പൊങ്ങച്ച പ്രകടനത്തിനും അവ ഉപയോഗിക്കപ്പെടും. സമൂഹത്തില്‍ അസമത്വവും അസന്തുലിതത്വവും നടമാടുക എന്നതാണ് ഇതിന്റെ സ്വാഭാവിക പരിണതി. 

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ കൃത്യമായ സാമൂഹിക സ്വഭാവമുണ്ട് സകാത്തിന്. സംസ്‌കരണം, വളര്‍ച്ച, വര്‍ധനവ് എന്നൊക്കെയാണ് അതിന്റെ ഭാഷാര്‍ഥം. ലുബ്ധില്‍നിന്നും സ്വാര്‍ഥതയില്‍നിന്നും അത് മനസ്സിനെ ശുദ്ധീകരിക്കുന്നു. വ്യക്തിയുടെ മേല്‍ ചുമത്തിയ സാമൂഹിക ബാധ്യതയായ സകാത്ത്, സമൂഹത്തിലെ അവശവിഭാഗങ്ങള്‍ക്ക് അവരുടെ ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാവശ്യമായ സ്വാശ്രയത്വത്തിലേക്ക് നയിക്കുന്നതും ഇന്‍ഷുറന്‍സ് കണക്കെ പ്രവര്‍ത്തിക്കുന്നതുമായ  സാമ്പത്തിക സ്രോതസ്സാണ്. സമ്പൂര്‍ണമായ ദാരിദ്ര്യ നിര്‍മാര്‍ജ്ജനം സകാത്ത് കൊണ്ട് മാത്രം സാധ്യമല്ല. 2.5 ശതമാനം സകാത്ത് കൊടുത്ത് സാമ്പത്തികമായ തന്റെ ബാധ്യതയില്‍നിന്ന് ഒഴിവാകാമെന്നും, ബാക്കിയുള്ള 97.5% സമ്പത്തും യഥേഷ്ടം വിനിയോഗിക്കാമെന്നുമുള്ള തെറ്റിദ്ധാരണയില്‍ പലരും കുടുങ്ങിപ്പോയിരിക്കുന്നു. ഖുര്‍ആന്‍ പരാമര്‍ശിച്ച 'അഫ്‌വ്' (2:219) ഉദാരതയെയും വിട്ടുവീഴ്ചയെയും സൂചിപ്പിക്കുന്ന പദമാണ്. അതിനെ 'ചെലവ് കഴിച്ചു മിച്ചം വരുന്നത്' എന്ന് ഭാഷാന്തരം ചെയ്തത് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന സാമൂഹിക നീതി എന്ന വിപ്ലവകരമായ ആശയത്തെ അട്ടിമറിക്കുന്നു.  

അധ്വാനത്തിന് മഹത്വം കല്‍പ്പിക്കുകയും ധര്‍മ്മനിഷ്ഠമായി സമ്പാദ്യം വര്‍ധിപ്പിക്കുന്നതിന് അനുവദിക്കുകയും ചെയ്യുന്ന ഇസ്‌ലാം, പണം പണത്തെ പെരുപ്പിക്കുന്ന ചൂഷണജന്യമായ പലിശസമ്പ്രദായത്തെ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. നിസ്സഹായതയെ വാറ്റിയെടുത്തൊരുക്കുന്ന വിഷവസ്തുവാണ് പലിശ. ചിലന്തിവലയില്‍ കുടുങ്ങിയ ശലഭത്തെപ്പോലെ പലിശക്കെണിയില്‍ കുടുങ്ങിയ പാവപ്പെട്ടവന്‍ നശിക്കുന്നു. പലിശയില്ലാത്ത പണം കിട്ടാതെ വാണിജ്യ വ്യവസായങ്ങള്‍ വീര്‍പ്പുമുട്ടുന്നു. 

 

ധനം സ്വരുക്കൂട്ടിവെക്കല്‍

ധനം സമ്പാദിച്ചു സ്വരുക്കൂട്ടിവെക്കുന്ന സ്വാര്‍ഥതയിലധിഷ്ഠിതമായ പ്രവണതയെ അതിശക്തമായി ഖുര്‍ആന്‍ കടന്നാക്രമിക്കുന്നു: ''ദൈവത്തിലും അവന്റെ ദൂതനിലും വിശ്വസിക്കുക. അവന്‍ നിങ്ങളെ പ്രതിനിധികളാക്കിയ സമ്പത്തില്‍നിന്ന് നിങ്ങള്‍ ചെലവഴിക്കുക'' (57:7), ''അവരുടെ സമ്പത്തില്‍ ആവശ്യപ്പെടുന്നവന്നും പാവപ്പെട്ടവര്‍ക്കും (തടയപ്പെട്ടവര്‍ക്കും) ഒരു നിശ്ചിത അവകാശമുണ്ട്'' (70:24). 

''കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം. അഥവാ ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്. അവന്റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു. നിസ്സംശയം, അവന്‍ കത്തിയാളുന്ന നരകത്തില്‍ എറിയപ്പെടുക തന്നെ ചെയ്യും'' (104:1-5)

തനിക്ക് ലഭ്യമായ സമ്പത്ത് ശേഖരിച്ചു കുന്നുകൂട്ടുന്നതിനു പകരം അവയെ കൃഷിയിലും വ്യവസായത്തിലും മറ്റും നിക്ഷേപിച്ച് സമൂഹത്തിന് പ്രയോജനകരമാക്കിത്തീര്‍ക്കുകയാണാവശ്യം. ഉല്‍പാദനക്ഷമമല്ലാത്ത സ്വര്‍ണം, ഭൂമി, കെട്ടിടം എന്നിവയില്‍ സമ്പത്ത് ശേഖരിച്ചുവെക്കുന്ന പ്രവണത കേരള മുസ്‌ലിംകളില്‍ പ്രകടമാണ്. ഇത് മുതലാളിത്തത്തിന്റെ ശക്തമായ സ്വാധീനത്തിന്റെ ഫലമാണ് എന്നത് വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല. കേരളത്തില്‍ മൊത്തം 20000 മെട്രിക് ടണ്‍ സ്വര്‍ണമുണ്ടെന്നും  അവയില്‍ പകുതിയെങ്കിലും മുസ്‌ലിംകളുടേതാണെന്നും ഒരു ഏകദേശ കണക്കുണ്ട്. പാര്‍പ്പിടം, കൃഷി ആവശ്യങ്ങള്‍ക്ക് മുഴുവന്‍ മനുഷ്യര്‍ക്കും ലഭ്യമാവേണ്ട ഭൂമിയുടെ മേലുള്ള കുത്തകവല്‍ക്കരണം ക്ലാസിക്കല്‍ ഇസ്‌ലാമിക സാമ്പത്തിക ചിന്തകര്‍ തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. തരിശിടപ്പെടുന്ന ഭൂമിയില്‍ വിത്തിറക്കി കൃഷിചെയ്യുന്നവന് താല്‍ക്കാലികമായെങ്കിലും അവകാശം ലഭ്യമാണെന്ന് ഖുര്‍ആന്‍ സൂക്തങ്ങളും നബി വചനങ്ങളുമുദ്ധരിച്ച് അവര്‍ വാദിക്കുന്നു. 

സമ്പത്തിന്റെ ശരിയാംവിധമുള്ള വിതരണത്തെ അടിക്കടി വേദഗ്രന്ഥം പ്രോത്സാഹിപ്പിക്കുന്നു: ''ദൈവമാര്‍ഗത്തില്‍ നിങ്ങള്‍ ചെലവ് ചെയ്യുക. (പിശുക്കും ഉദാസീനതയും മൂലം) നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്. നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. ന• ചെയ്യുന്നവരെ ദൈവം ഇഷ്ടപ്പെടുക തന്നെ ചെയ്യും'' (2:195), ''സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്‌നേഹബന്ധമോ ശിപാര്‍ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍നിന്ന് നിങ്ങള്‍ ചെലവഴിക്കുവിന്‍. സത്യനിഷേധികള്‍ തന്നെയാകുന്നു അക്രമികള്‍'' (2:254), ''ദൈവമാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. ദൈവം താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. ദൈവം വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്'' (2:261), ''നല്ലതായ എന്തെങ്കിലും നിങ്ങള്‍ ചെലവഴിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ നന്മ ക്ക് വേണ്ടി തന്നെയാണ്. ദൈവപ്രീതി തേടിക്കൊണ്ട് മാത്രമാണ് നിങ്ങള്‍ ചെലവഴിക്കേണ്ടത്. നല്ലതെന്ത് നിങ്ങള്‍ ചെലവഴിച്ചാലും അതിനുള്ള പ്രതിഫലം നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടുന്നതാണ്. നിങ്ങളോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല'' (2:272). 

സമ്പത്തും നൈതികതയും

പണപൂജയുടെ അനിവാര്യ ഫലമാണ് പൊങ്ങച്ചം. വിവാഹം പോലുള്ള ആഘോഷങ്ങള്‍ക്ക് വന്‍തോതില്‍ പണമെറിഞ്ഞുകൊണ്ട് നടത്തുന്ന ആര്‍ഭാടങ്ങള്‍ രോഗാതുരമായ മനസ്സിന്റെ കൂടി പ്രകടനമാണ് (4:38). ഇത്തരം ആര്‍ഭാടങ്ങള്‍ക്ക്  വന്‍തോതില്‍ സമ്പത്ത് ചെലവിടാന്‍ മടിയില്ലാത്ത സമ്പന്നര്‍, ജനങ്ങള്‍ക്ക് ഉപകാരമുള്ള വിഷയങ്ങളില്‍ മിതത്വം നിര്‍ദേശിക്കുന്നത് കാണാം! യഥാര്‍ഥത്തില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് മിതവ്യയം അനുവര്‍ത്തിക്കേണ്ടത്; സമൂഹത്തിന്റെ ആവശ്യവുമായി ബന്ധപ്പെടുമ്പോള്‍ ഉദാരതയാണ് അഭികാമ്യം (ഖു. 2:195, 2:274, 3:134). ഈ ഉദാരത നിമിത്തമാണ് മുഹമ്മദ് നബി (സ) പോലും കടക്കാരനായത്! വ്യക്തികളുടെ സ്വകാര്യ ആവശ്യത്തിനുള്ള കടമെടുപ്പ് നിരുത്സാഹപ്പെടുത്തുന്ന ഇസ്‌ലാം, സമൂഹത്തിന്റെ ആവശ്യത്തിനുള്ള കടമെടുപ്പിനെ തടയുന്നില്ല. 

ദൈവത്തിന്റെ അനുഗ്രഹം (നിഅ്മത്ത്) വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ലഭിക്കുമെങ്കിലും പ്രസ്തുത അനുഗ്രഹം അനുവദനീയമായ മാര്‍ഗത്തിലൂടെ ധനം സമ്പാദിക്കുകയും വിനിയോഗിക്കുകയും ചെയ്യുമ്പോഴാണ് ദൈവത്തിന്റെ  തൃപ്തിയും ഐശ്വര്യവും (ബറകത്ത്) മാനവരാശിക്ക്  ലഭിക്കുന്നത്. ദുര്‍മാര്‍ഗത്തിലുള്ള ധനസമ്പാദനം നിഷിദ്ധമാണ്. അധാര്‍മികത, കളവ്, വഞ്ചന, ചൂതാട്ടം, മയക്കുമരുന്ന്, പുകയില, അശ്ശീല ഉല്‍പന്നങ്ങള്‍, കുത്തകവല്‍ക്കരണം, പൂഴ്ത്തിവെപ്പ്, ചതി, അധ്വാന ചൂഷണം, പലിശ എന്നിവയില്‍നിന്നൊക്കെയുള്ള വരുമാനം പൈശാചികമാണ് (ഖുര്‍ആന്‍ 24:19, 7:33). മറ്റുള്ളവരെ ചൂഷണം ചെയ്തുള്ള ധനസമ്പാദനം ഇസ്‌ലാമിക ദൃഷ്ട്യാ കുറ്റകരമാണ്; പരസ്പരം സഹകരണവും സാഹോദര്യവും മുന്‍നിര്‍ത്തിയുള്ള ഇടപാടുകളേ അംഗീകരിക്കാനാവൂ (ഖുര്‍ആന്‍ 2:275). കച്ചവടത്തെ നൈതികമാക്കുന്നത് (ഇസ്‌ലാമികമാക്കുന്നത്) മൂല്യവല്‍ക്കരണമാണ്. മൂല്യങ്ങളുള്‍ക്കൊള്ളാത്ത മതവ്യാഖ്യാനങ്ങളില്‍ അവിഹിത ധനസമ്പാദനത്തിന്റെ ഗുരുതരാവസ്ഥ പലപ്പോഴും അവഗണിക്കപ്പെടുന്നു.

പണത്തോടു ആര്‍ത്തിയുള്ള (പണപൂജകരായ) ഏത് സമൂഹത്തിലും  ഔദാര്യ മനസ്ഥിതിയും ദുര്‍ബലരോടുള്ള സഹാനുഭൂതിയും കുറയും. ദൈവാരാധനയും ധനപൂജയും ഒരുമിച്ചുപോകില്ല എന്നത് മുഴുവന്‍ വേദഗ്രന്ഥങ്ങളുടെയും അധ്യാപനമാണ്. വിശ്വാസികളെന്ന് അവകാശപ്പെടുന്ന പലരുടെയും മനസ്സുകളില്‍ യഥാര്‍ഥ വിശ്വാസം സുസ്ഥാപിതമായിട്ടില്ല എന്ന് ഖുര്‍ആന്‍ നിരീക്ഷിക്കുന്നത് ഇതുമായി ബന്ധപ്പെടുത്തി വായിക്കാം (49:14).

അടിസ്ഥാന ശാസ്ത്ര ഗവേഷണം പോലുള്ളവയില്‍ സമ്പത്ത് വിനിയോഗിക്കാനുള്ള മുസ്‌ലിംകളുടെ വിമുഖതയും ഒരു അട്ടിമറിയുടെ ഫലമാണ്. സ്വതന്ത്ര ചിന്തയും അന്വേഷണവും വേണമെന്ന ഖുര്‍ആന്റെ നിരന്തരമായ ആഹ്വാനത്തെ മുസ്‌ലിംകള്‍ പൊതുവെ വിസ്മരിച്ചിരിക്കുന്നു (2:219, 3:191, 30:8, 45:5, 6:50). അധമ മാര്‍ഗത്തിലൂടെയും പണം സ്വരൂ

പിക്കുക എന്ന അജണ്ടയിലേക്ക് കൂപ്പുകുത്തിയതുകൊണ്ടുകൂടിയാണ്  മുസ്‌ലിംകള്‍ പിന്നാക്കക്കാരായി മാറുന്നത്. ലോക ജനതക്ക് മാതൃകയായി നിയോഗിതരായ മുസ്‌ലിംകളുടെ (3:110, 3:104) അപചയം, ആഗോള മാനവികത നേരിടുന്ന ഗുരുതരമായ പ്രശ്‌നമാണ്.  സമ്പത്തിന്റെ കാര്യത്തിലുള്ള ഉത്തരവാദിത്തനിര്‍വഹണത്തിലൂടെയാണ് ദൈവിക പ്രാതിനിധ്യമെന്ന മനുഷ്യന്റെ ഭൂമിയിലെ നിയോഗദൗത്യം ഫലപ്രാപ്തിയിലെത്തുക. ശരീരം കൊണ്ടും സമ്പത്തുകൊണ്ടും നടത്തുന്ന സാന്മാര്‍ഗികമായ അധ്വാനമാണ് മനുഷ്യനെ സ്വര്‍ഗത്തിലേക്കാനയിക്കുക. 


Comments

Other Post

ഹദീസ്‌

റമദാനും ഖുര്‍ആനും
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 33
എ.വൈ.ആര്‍