പണ്ഡിതനോട് ചോദിക്കാം
നമസ്‌കാരത്തിന് ശേഷമുള്ള ഹസ്തദാനം
ചോദ്യം:
നമസ്‌കാരം കഴിഞ്ഞ ഉടനെ ചിലര്‍ കൈകൊടുക്കുന്നത് കാണാറുണ്ട്. ഇത് ബിദ്അത്താണോ?
ഉത്തരം: കൈകൊടുക്കുക എന്നത് പ്രവാചക ചര്യയാണ്. അത് സുന്നത്താണെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കാര്‍ക്കും തര്‍ക്കമില്ല. ഖതാദ(റ)യില്‍നിന്ന് ഉദ്ധരിക്കുന്നു: ''അനസി(റ)നോട് ഞാന്‍ ചോദിച്ചു: പ്രവാചകാനുയായികളില്‍ ഹസ്തദാനം ഉണ്ടായിരുന്നോ? അനസ്: അതെ, ഉണ്ടായിരുന്നു'' (ബുഖാരി 8/117). ''രണ്ട് വിശ്വാസികള്‍ കണ്ടുമുട്ടി, എന്നിട്ട് പരസ്പരം കൈകൊടുത്തു, എന്റെ പേരില്‍ സ്വലാത്ത് ചൊല്ലി, എങ്കില്‍ അവര്‍ പിരിയുന്നതിന് മുമ്പെ അല്ലാഹു അവരുടെ പാപങ്ങള്‍ പൊറുത്തിരിക്കും'' (തിര്‍മിദി, അബൂദാവൂദ്). പുരുഷന് പുരുഷനും സ്ത്രീക്ക് സ്ത്രീയും കൈകൊടുക്കാമെന്ന് അര്‍ഥം.
നമസ്‌കാര ശേഷമുള്ള കൈകൊടുക്കലിന്റെ കാര്യത്തില്‍ പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. സ്വുബ്ഹ്, അസ്വര്‍ നമസ്‌കാരങ്ങള്‍ക്ക് ശേഷം അത് അഭിലഷണീയമാണെന്ന് പറയുന്നു ചിലര്‍. അനുവാദമുണ്ട് എന്ന് ചിലര്‍ പറയുമ്പോള്‍ അനഭിലഷണീയം എന്ന് വേറെ കൂട്ടര്‍. ഹറാമാണെന്നോ വഴിതെറ്റിക്കുന്ന ബിദ്അത്താണെന്നോ ആരും പറഞ്ഞിട്ടില്ല. അഭിലഷണീയം എന്നഭിപ്രായപ്പെടുന്നവരുടെ ന്യായം ഇതാണ്: ഹസ്തദാനം ചെയ്യാന്‍ നല്‍കുന്ന പ്രേരണ പൊതുവാണ്. ഇന്ന സമയത്ത് എന്ന് പ്രത്യേകം പറഞ്ഞിട്ടില്ല. അപ്പോള്‍ ഏത് സമയത്ത് ഹസ്തദാനം ചെയ്താലും അത് അഭികാമ്യം തന്നെ. ഒരിക്കല്‍ പ്രവാചകന്‍ ബത്വ്ഹാ എന്ന സ്ഥലത്തെത്തി ളുഹ്‌റും അസ്വറും ഈരണ്ട് റക്അത്ത് വീതം നമസ്‌കരിച്ച് കഴിഞ്ഞപ്പോള്‍ ജനം പ്രവാചകന്റെ കൈപിടിക്കുകയും -കൂട്ടത്തില്‍ അബൂജുഫൈഫ എന്നയാളും - എന്നിട്ട് സ്വന്തം മുഖം തടവുകയും ചെയ്തു എന്ന ഹദീസാണ് (ബുഖാരി 6/565) ഇതിന് തെളിവായി എടുത്ത് കാണിക്കുന്നത്.
ഇമാം നവവി പറയുന്നു: ''എപ്പോള്‍ കണ്ടുമുട്ടിയാലും ഹസ്തദാനം നല്ലത് തന്നെ. പക്ഷേ, സ്വുബ്ഹിനും അസ്വറിനും ശേഷം മാത്രം ജനം ഹസ്തദാനം പതിവാക്കുന്നതിന് ദീനില്‍ തെളിവൊന്നുമില്ല. ഇനി അങ്ങനെ ഒരാള്‍ ചെയ്താലും അതില്‍ കുഴപ്പമുണ്ടെന്ന് പറയാനാവില്ല.'' ഇസ്സുബ്‌നു അബ്ദിസ്സലാം പറയുന്നത് ഇങ്ങനെയാണ്: ''നമസ്‌കാരത്തിന് മുമ്പ് തന്റെ കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് ഹസ്തദാനം ചെയ്യുന്നത് അഭിലഷണീയം (മുസ്തഹബ്ബ്). നമസ്‌കാരത്തിന് മുമ്പ് തന്നോടൊപ്പമില്ലാതിരുന്ന ഒരാള്‍ക്ക് കൈകൊടുക്കുന്നത് നബിചര്യ (സുന്നത്ത്).'' സ്വുബ്ഹിക്കും അസ്വറിനും ശേഷം മാത്രം കൈകൊടുക്കുന്നത് അനുവദനീയമായ പുതുനിര്‍മിതി (ബിദ്അ മുബാഹ) ആണെന്നും അദ്ദേഹം പറയുന്നു.
നമസ്‌കാര ശേഷം കൈകൊടുക്കല്‍ അനഭിലഷണീയം എന്ന് പറയുന്നവരുടെ ന്യായം ഇതാണ്: നമസ്‌കാര ശേഷം കൈകൊടുക്കുന്നത് സവിശേഷ സുന്നത്താണെന്നും അതിന് മറ്റു സന്ദര്‍ഭങ്ങളേക്കാള്‍ പ്രത്യേകതയുണ്ടെന്നും സാധാരണ ജനം തെറ്റിദ്ധരിക്കാന്‍ ഇടവരും.
Comments