Prabodhanm Weekly

Pages

Search

2011 ജൂലൈ 30

അമ്മാവനെ ആര് വിചാരണ ചെയ്യും?

അബ്ദുല്‍ ഹമീദ് ബിലാലി

ഒരു ഫ്രഞ്ച് യുവതിയുടെ കഥയാണ്. അവള്‍ക്കൊരു അമ്മാവനുണ്ട്. അയാള്‍ ഒരാളെ കൊന്നു. കുട്ടിയായിരിക്കെ അവളത് നേരില്‍ കണ്ടതാണ്. വീട്ടുകാര്‍ പോലീസില്‍ നിന്ന് സത്യം മറച്ചുവെച്ചതിനാല്‍ അയാള്‍ കൊലക്കുറ്റത്തില്‍ നിന്ന് രക്ഷപ്പെട്ടു. കാലം കുറെ കഴിഞ്ഞു. അയാള്‍ സ്വാഭാവികമായി മരണമടയുകയും ചെയ്തു. അവള്‍ തന്നത്താന്‍ ചോദിക്കുമായിരുന്നു: ''എന്റെ അമ്മാവന്‍ ഒരാളെ കൊന്നു. പക്ഷേ, അതിന്റെ പേരില്‍ അദ്ദേഹം വിചാരണചെയ്യപ്പെടുകയുണ്ടായില്ലല്ലോ.'' ഇത്തരം സംശയങ്ങള്‍ക്കൊന്നും അവള്‍ക്ക് മറുപടി ലഭിച്ചില്ല. അവ മനസ്സില്‍ നിന്ന് വിട്ടൊഴിയാതെ അവളെ അലട്ടിക്കൊണ്ടുമിരുന്നു.
അക്കൗണ്ടിംഗില്‍ ബിരുദമെടുത്ത അവള്‍ക്ക് ഒരു ഓഡിറ്റിംഗ് സ്ഥാപനത്തില്‍ ജോലി കിട്ടി. കണക്കുകളുടെ സൂക്ഷ്മ പരിശോധനയാണ് അവള്‍ ചെയ്യേണ്ട ജോലി. പ്രമോഷന്‍ ലഭിച്ച് ഒടുവില്‍ അവള്‍ കമ്പനിയിലെ ചീഫ് അക്കൗണ്ടന്റായി. ഒരു ദിവസം മൊറോക്കന്‍ വംശജനായ ഒരു ബിസിനസ്സുകാരന്‍ അവളുടെ കമ്പനിയിലെത്തി. തന്റെ കമ്പനിക്ക് ഒരു ഓഡിറ്റിംഗ് റിപ്പോര്‍ട്ട് ഉണ്ടാക്കിക്കൊടുക്കണം. അതാണ് അയാളുടെ ആവശ്യം. അവള്‍ അയാളോട് പറഞ്ഞു: ''എനിക്ക് വേണമെങ്കില്‍ താങ്കളുടെ കമ്പനിയുടെ വരുമാനം കുറച്ച് കാണിച്ച് ഗവണ്‍മെന്റിന് അടക്കേണ്ട നികുതിയില്‍ ഇളവ് വരുത്താന്‍ കഴിയും.'' അയാള്‍: ''നിയമപരമായി അതിന് വല്ല വകുപ്പുമുണ്ടോ?''
അവള്‍: ''ഇല്ല.''
അയാള്‍: ''എങ്കില്‍ നിയമപരമായി ചെയ്യാന്‍ പറ്റുന്നത് മാത്രം ചെയ്താല്‍ മതി.''
നികുതിയിളവിന്റെ മറ്റു പല വഴികളും അവള്‍ അയാളെ ഉപദേശിച്ചുകൊണ്ടിരുന്നു. അപ്പോഴൊക്കെ അയാള്‍ ചോദിക്കും, 'നിയമപരമായി വല്ല വകുപ്പുമുണ്ടോ' എന്ന്. ഇല്ല എന്ന് മറുപടി കിട്ടുന്നതോടെ, നിയമമനുസരിച്ച് മാത്രം ചെയ്യൂ എന്നയാള്‍ പറയും.അവള്‍ക്ക് വല്ലാത്ത അതിശയമായി. അവള്‍ വീണ്ടും: ''നോക്കൂ മിസ്റ്റര്‍, നികുതി കുറക്കാന്‍ എന്തെങ്കിലും ചെയ്യൂ എന്നാണ് എല്ലാവരും പറയാറ്. ഒരാള്‍ക്കും കണ്ടുപിടിക്കാനാവാത്ത വിധത്തില്‍ അതിസമര്‍ഥമായി അത് ചെയ്യാന്‍ എനിക്ക് കഴിയുകയും ചെയ്യും.''
അയാള്‍: ''ആരും കണ്ടെത്തിയില്ലെങ്കില്‍ പടച്ചതമ്പുരാന്‍ അത് കണ്ടെത്തില്ലേ, അതിന്റെ പേരില്‍ പരലോകത്ത് എന്നെ വിചാരണ ചെയ്യില്ലേ?''
അവളെ സ്തബ്ധയാക്കിയ മറുപടിയായിരുന്നു അത്. പെട്ടെന്ന് അവള്‍ അവളുടെ അമ്മാവനെ ഓര്‍ത്തു. അവള്‍ ചോദിച്ചു: ''അപ്പോള്‍ മനുഷ്യര്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് അവരെ വിചാരണ  ചെയ്യുന്ന ഒരു ശക്തിയുണ്ട്?''
അയാള്‍: ''അതെ.''
അവള്‍ തലതാഴ്ത്തി രക്ഷിതാവിനെ സ്തുതിച്ച ശേഷം: ''അപ്പോള്‍ എന്റെ അമ്മാവനെ വിചാരണ ചെയ്യുന്ന ഒരാളുണ്ട്.'' അവള്‍ അവിടംകൊണ്ട് നിര്‍ത്തിയില്ല. പ്രശസ്ത പ്രബോധകനായ അബ്ദുല്ലാഹിബ്‌നു മന്‍സ്വൂറിനെ ചെന്നുകണ്ടു. ഒട്ടും സംശയിച്ചുനില്‍ക്കാതെ അവള്‍ ഇസ്‌ലാമിനെ പുല്‍കി.
അല്ലാഹുവും റസൂലും പറഞ്ഞ പ്രകാരം ഒരാള്‍ ഇസ്‌ലാമിനെ തന്റെ ജീവിതത്തില്‍ അനുവര്‍ത്തിക്കുകയാണെങ്കില്‍, പ്രബോധകനോ പണ്ഡിതനോ ഒന്നുമല്ലെങ്കിലും, അയാള്‍ തന്നെയാണ് ഇസ്‌ലാമിക പ്രബോധനത്തിന്റെ ഏറ്റവും ജീവസ്സുറ്റ മാതൃക. ഈ മുസ്‌ലിമായ മനുഷ്യന്‍ ഖുര്‍ആന്‍ മനപ്പാഠമാക്കാതെയും കെട്ടുക്കണക്കിന് ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ വായിച്ചുതീര്‍ക്കാതെയും ഒരു വനിതയെ യഥാര്‍ഥ പാന്ഥാവിലേക്ക് വഴികാട്ടി. അല്ലാഹു ഉദ്ദേശിച്ച വിധം ഇസ്‌ലാം നമ്മുടെ ജീവിതമായിത്തീരുക എന്നത് മാത്രം ഉണ്ടായാല്‍ മതി. 

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം