നന്മയുടെ പ്രചാരണം, തിന്മയുടെ വിപാടനം
ഒരോ വസ്തുവിനും അതിന്റെ ഗുണം പരിഗണിക്കുമ്പോള്‍ രണ്ടുതരം പൂര്‍ണതകളുണ്ട്. ഒന്നാമത്തേത്, എന്തു ഗുണമാണോ അതിനുള്ളത് അത് പൂര്‍ണമായ അളവില്‍ അതില്‍ സ്വയം ഉണ്ടാവുക എന്നതാണ്. ഇങ്ങനെ പൂര്‍ണതയിലെത്തി നില്‍ക്കുന്ന ആ ഗുണം കവിഞ്ഞൊലിക്കുകയും മറ്റു വസ്തുക്കളിലേക്ക് പടരുകയും ആ വസ്തുക്കളെ കൂടി ഈ ഗുണത്തില്‍ മുക്കിയെടുക്കുകയും ചെയ്യുക എന്നതാണ് രണ്ടാമത്തെ പൂര്‍ണത. ഐസ്‌കട്ട ഉദാഹരണമായെടുക്കാം. അങ്ങേയറ്റത്തെ തണുപ്പ് എന്നതാണ് അതില്‍ സ്വയം ഉള്ളടങ്ങിയിട്ടുള്ള ഗുണം. ഇത് ഒന്നാമത്തെ പൂര്‍ണത. ഈ തണുപ്പ് മറ്റു വസ്തുക്കളിലേക്ക് പകരാനും അതിന് സാധിക്കുന്നു. ഇത് രണ്ടാമത്തെ പൂര്‍ണത. തീയുടെ സ്വയം പൂര്‍ണത എന്ന് പറയുന്നത് അതിന് പരമാവധി ചൂടുണ്ട് എന്നതാണ്. ഇതേ ചൂട് തൊട്ടടുത്ത വസ്തുക്കളിലേക്ക് പകരാനും അതിന് കഴിയും. ഇത് തന്നെയാണ് നന്മ തിന്മകളുടെയും കാര്യം. നല്ല മനുഷ്യനാണോ എങ്കില്‍ അയാള്‍ സ്വയം തന്നെ നന്മയുടെ ഉടലെടുത്ത രൂപമായിരിക്കും. ഇത് ആദ്യത്തെ പൂര്‍ണത. ആ നന്മ മറ്റുള്ളവരിലേക്ക് പകര്‍ന്ന് അവരെകൂടി നന്നാക്കുക എന്നതാണ് രണ്ടാമത്തെ പൂര്‍ണത. ഇതുപോലെ ദുര്‍വൃത്തനായ ഒരു മനുഷ്യന്‍ സ്വയം തിന്മയുടെ പ്രതീകമായി നില്‍ക്കുകയും ആ തിന്മ മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുന്നു.
ഈ പൊതുതത്ത്വം വെച്ചുനോക്കിയാല്‍ വിശ്വാസിക്കും സത്യനിഷേധിക്കും പൂര്‍ണതയുടെ രണ്ട് തലമുണ്ടെന്ന് കാണാന്‍ കഴിയും. സത്യനിഷേധി ആ നിഷേധത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അത് ഒന്നാം ഘട്ടമാണ്. ആ സത്യനിഷേധം അയാള്‍ പ്രബോധനം ചെയ്യുന്നുണ്ടെങ്കിലോ, അത് രണ്ടാം ഘട്ടവും. ഈ രണ്ടാം ഘട്ടത്തില്‍ അയാള്‍ സത്യമാര്‍ഗത്തില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ച് അസത്യത്തിലേക്ക് ആളെ കൂട്ടും. തന്റെ പ്രഭാഷണ/ എഴുത്ത് ചാതുരി, തന്റെ സാമ്പത്തിക സ്രോതസ്സ്, ആയുധബലം ഇങ്ങനെ തന്റേതായി എന്തെല്ലാമുണ്ടോ ഇതൊക്കെയും ആ തിന്മയുടെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുമ്പോള്‍ അയാള്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ഈ രണ്ട് നിലയും പൂര്‍ണമായി കഴിഞ്ഞാല്‍ പിന്നെ അയാള്‍ക്ക് മൂന്നാമതൊരു നിലയില്ല. ഇതുപോലെ തന്നെയാണ് വിശ്വാസിയും. സത്യം അംഗീകരിക്കുകയും അത് മനസ്സില്‍ സുദൃഢമാക്കി നിലനിര്‍ത്തുകയും ചെയ്താല്‍ അയാള്‍ പൂര്‍ണതയുടെ ഒന്നാം ഘട്ടത്തിലെത്തി. ഈ ഗുണം അയാളില്‍ നിറഞ്ഞുകവിയുകയും അത് മറ്റുള്ളവരിലേക്ക് പ്രബോധനം ചെയ്യാനുള്ള ത്വര അയാളില്‍ ശക്തമാവുകയും തന്റെ ഭൗതികവും ബൗദ്ധികവുമായ എല്ലാ കഴിവുകളും ആ സത്യത്തിന്റെ പ്രചാരണത്തിന് വേണ്ടി അയാള്‍ നീക്കിവെക്കുകയും ചെയ്യുമ്പോള്‍ അയാള്‍ വിശ്വാസ പൂര്‍ണതയുടെ രണ്ടാം ഘട്ടത്തിലെത്തി എന്ന് നമുക്ക് പറയാം. പൂര്‍ണ വിശ്വാസി എന്ന വിശേഷണത്തിന് അയാള്‍ അര്‍ഹനാകുന്നത് അപ്പോള്‍ മാത്രമാണ്.
ഖുര്‍ആനിലെ ആലുഇംറാന്‍ അധ്യായത്തില്‍ 98 മുതല്‍ 110 വരെയുള്ള സൂക്തങ്ങളില്‍ നന്മ തിന്മകളെക്കുറിച്ച് നമ്മളിപ്പറഞ്ഞ സംഗതി വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ആദ്യ വിവരണം ഇങ്ങനെ:
''പറയുക: ഓ വേദക്കാരേ, നിങ്ങള്‍ അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതെന്ത്?'' (3:98).
''പറയുക: വേദക്കാരേ, വിശ്വസിച്ചവരെ പിഴപ്പിക്കാന്‍ വേണ്ടി നിങ്ങള്‍ അവരെ ദൈവമാര്‍ഗത്തില്‍ നിന്ന് തടയുന്നതെന്തിന്?'' (3:99).
ഈ രണ്ട് സൂക്തഭാഗങ്ങളും പരിശോധിച്ച് നോക്കുക. ആദ്യ സൂക്തത്തില്‍ പറയുന്നത്, വേദക്കാരിലുള്ള സത്യനിഷേധത്തെക്കുറിച്ചാണ്. സത്യനിഷേധത്തിന്റെ പൂര്‍ണത അവരില്‍ സ്വയം വെളിപ്പെടുകയാണ്. സത്യവിശ്വാസികള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ആ സത്യനിഷേധം പുറത്തേക്ക് വമിക്കുന്നതാണ് രണ്ടാമത്തെ സൂക്തത്തില്‍ കാണുന്നത്.
പിന്നെ പരാമര്‍ശിക്കുന്നത് സത്യവിശ്വാസികളെക്കുറിച്ചാണ്. അവരെക്കുറിച്ചും ഈ രണ്ട് നിലകളിലാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. ആദ്യ നില:
''അല്ലയോ സത്യവിശ്വാസികളേ, അല്ലാഹുവിനെ ഭയപ്പെടേണ്ടവണ്ണം ഭയപ്പെടുവിന്‍. മുസ്‌ലിംകളായിരിക്കുന്ന അസ്ഥയിലല്ലാതെ നിങ്ങള്‍ക്ക് മരണം സംഭവിക്കാതിരിക്കട്ടെ. എല്ലാവരും ഒന്നിച്ച് ദൈവിക പാശത്തെ മുറുകെ പിടിക്കുവിന്‍. നിങ്ങള്‍ ഭിന്നിച്ചുപോകരുത്'' (3:102,103).
രണ്ടാം നില: ''പുണ്യത്തിലേക്ക് ക്ഷണിക്കുകയും നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍നിന്ന് ഉയര്‍ന്നുവരട്ടെ. അത്തരക്കാര്‍ മാത്രമേ വിജയിക്കുന്നുള്ളൂ'' (3:104).
ഈമാന്റെ രണ്ട് ഘട്ടങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഒന്നാമത്തെ ഘട്ടത്തില്‍ വിശ്വാസിയില്‍ സ്വയം ഉണ്ടാവേണ്ട നന്മകള്‍ ഇവയാണ്: ദൈവഭയം ഉണ്ടാവുക, അവസാന ശ്വാസം വരെ ദൈവകല്‍പനകള്‍ അനുസരിക്കുന്നവനാവുക, ദൈവികപാശത്തിന്റെ പിടി വിടാതിരിക്കുക. രണ്ടാമത്തെ ഘട്ടത്തില്‍ ഉണ്ടാവേണ്ടത് ഇതൊക്കെയാണ്: സകല മനുഷ്യരെയും നന്മയുടെ പക്ഷത്തേക്ക് ക്ഷണിക്കണം. നല്ല നല്ല കാര്യങ്ങള്‍ പ്രബോധനം ചെയ്യണം. ചീത്ത കാര്യങ്ങളില്‍ നിന്ന് ആളുകളെ വിലക്കണം.
ഈ രണ്ടാമത്തെ ഘട്ടത്തിന് തന്നെ വിവിധ തട്ടുകളുണ്ടെന്നും നാം അറിഞ്ഞിരിക്കണം. മെഴുകുതിരി, വൈദ്യുത വിളക്ക്, ചന്ദ്രന്‍, സൂര്യന്‍ ഇവക്കൊക്കെ പ്രകാശമുണ്ട്. അവ പ്രകാശം പ്രസരിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ, ഇവയുടെ പ്രകാശം ഒരേപോലെയാണോ? വളരെ വലിയ വ്യത്യാസമുണ്ട്. മെഴുകിതിരി കൊണ്ട് ഒരു മുറിക്കകത്തേ വെളിച്ചം കിട്ടൂ. വൈദ്യുതി വിളക്കാണെങ്കില്‍ കുറച്ചുകൂടി വിശാലമായ സ്ഥലത്ത് പ്രകാശമെത്തും. ചന്ദ്രന്റെ പ്രകാശം അതിന്റെ ചുറ്റുവട്ടങ്ങളിലും ഭൂമിയിലും മാത്രമേ എത്തൂ. എന്നാല്‍ സൂര്യന്‍ സൗരയൂഥത്തിന്റെ മുഴുവന്‍ ഗ്രഹങ്ങള്‍ക്കും പ്രകാശമേകി വെട്ടിത്തിളങ്ങുന്നു.
ഇതുപോലെ വിശ്വാസിയായ ഒരാള്‍ ഒരു മെഴുകുതിരിയുടെ വെളിച്ചമേ പ്രസരിപ്പിക്കുന്നുള്ളൂവെങ്കിലും അയാള്‍ വിശ്വാസത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നു എന്ന് നമുക്ക് പറയാം. പക്ഷേ, അതിന്റെ തുടക്കം മാത്രമേ അതാവുന്നുള്ളൂ. അവിടെ നിന്ന് തുടങ്ങി ഒരു ചെറുസംഘത്തിലേക്ക്, പിന്നെ ഒരു സമൂഹത്തിലേക്ക്, അതും കഴിഞ്ഞ് രാഷ്ട്രത്തിലേക്ക് പ്രബോധന പ്രവര്‍ത്തനം വികസിക്കണം. ലോകത്തെ മുഴുവന്‍ മനുഷ്യരിലേക്കും ഇതെത്തിക്കാനുള്ള യത്‌നമാണ് ഈ രണ്ടാം ഘട്ടത്തിന്റെ പാരമ്യം എന്നു പറയുന്നത്. അവിടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയതയോ സാമുദായികതയോ ഭൂമിശാസ്ത്രപരമായ അതിരുകളോ ഒന്നും തടസ്സമാവുകയില്ല. ഇതാണ് വിശ്വാസ പൂര്‍ണതയുടെ ഏറ്റവും ഉയര്‍ന്ന പടി. ഇതേക്കുറിച്ചാണ് പിന്നീട് ഖുര്‍ആന്‍ പറയുന്നത്: ''ജനങ്ങള്‍ക്ക് വേണ്ടി ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട ഉത്തമ സമൂഹമാകുന്നു നിങ്ങള്‍. നന്മ നിങ്ങള്‍ പ്രബോധനം ചെയ്യുന്നു, തിന്മ വിലക്കുന്നു, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു'' (3:110).
ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. 'നിങ്ങളില്‍നിന്ന് ഒരു സമൂഹം ഉണ്ടാകണം' എന്ന വാക്യത്തിലെ 'നിങ്ങളില്‍നിന്ന്' (മിന്‍കും) എന്ന പ്രയോഗമാണ് അഭിപ്രായ ഭിന്നതക്ക് ആധാരം. ഒരു വിഭാഗം പറയുന്നത്, 'മിന്‍' എന്ന പ്രയോഗം വിശദീകരണാര്‍ഥ(തബ്‌യീന്‍)മാണ് വന്നിട്ടുള്ളതെന്നും, ഒരു വിഭാഗത്തിലേക്ക് പരിമിതപ്പെടുത്താന്‍ (തബ്ഈള്) വേണ്ടിയല്ലെന്നുമാണ്. മറ്റേ വിഭാഗം പറയുന്നത്, സന്ദേശമെത്തിക്കുക എന്ന ബാധ്യത ഒരു വിഭാഗത്തിലേക്ക് പരിമിതപ്പെടുത്താന്‍ വേണ്ടിയാണ് അങ്ങനെ പ്രയോഗിച്ചിട്ടുള്ളത് എന്നുമാണ്.
ഒന്നാം ഗ്രൂപ്പുകാരുടെ ന്യായം ഇതാണ്: നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക എന്ന കല്‍പന എല്ലാ വിശ്വാസികള്‍ക്കും ബാധകമായ രീതിയിലാണ് ഖുര്‍ആനില്‍ വന്നിട്ടുള്ളത്. 'ജനങ്ങള്‍ക്ക് വേണ്ടി ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട സമുദായം' എന്ന് മുസ്‌ലിംകളെ മൊത്തം ഉദ്ദേശിച്ചാണ് പറഞ്ഞിരിക്കുന്നത്. പ്രായപൂര്‍ത്തിയെത്തിയ സ്വബോധമുള്ള ഒരാളും ആ ബാധ്യതയില്‍നിന്നൊഴിവല്ല. അയാള്‍/ അവള്‍ നന്മ പ്രബോധനം ചെയ്തിരിക്കണം. തിന്മയെ തടയണം, കഴിയുമെങ്കില്‍ കൈകൊണ്ട്, അല്ലെങ്കില്‍ നാവുകൊണ്ട്, അതുമല്ലെങ്കില്‍ ആ തിന്മയെ മനസ്സില്‍ വെറുക്കുകയെങ്കിലും ചെയ്യട്ടെ. അതിനാല്‍ ഈ സൂക്തത്തില്‍ 'മിന്‍' എന്ന് പ്രയോഗിച്ചിരിക്കുന്നത് പിന്നെ പറയാന്‍ പോവുന്ന കാര്യം വിശദീകരിക്കാന്‍ (തബ്‌യീന്‍) വേണ്ടിയാണ്. ഇതേ രീതിയിലുള്ള പ്രയോഗം മറ്റൊരിടത്തും ഖുര്‍ആന്‍ നടത്തിയിട്ടുണ്ട്.- 'വിഗ്രഹങ്ങളാകുന്ന മാലിന്യങ്ങളെ നിങ്ങള്‍ ഉപേക്ഷിക്കുവിന്‍' (ഫജ്തനിബൂര്‍റിജ്‌സ മിനല്‍ ഔഥാന്‍- അല്‍ഹജ്ജ് 30). അവിടെയും 'മിന്‍' എന്ന പ്രയോഗമുണ്ട്. വിഗ്രഹങ്ങളില്‍ മലിനമായത് മാത്രം നിങ്ങള്‍ വെടിയുവിന്‍ എന്നതിന് അര്‍ഥം പറയാവതല്ലല്ലോ.
ഇനി രണ്ടാമത്തെ ഗ്രൂപ്പിന്റെ വാദം നോക്കാം. അവര്‍ പറയുന്നത്, 'മിന്‍' പ്രയോഗിച്ചിട്ടുള്ളത് ആ ബാധ്യത ഒരു വിഭാഗത്തില്‍ പരിമിതപ്പെടുത്താന്‍ വേണ്ടിയാണ് എന്നാണ്. അതിനവര്‍ രണ്ട് കാരണങ്ങള്‍ നിരത്തുന്നുണ്ട്. ഒന്ന്, മുസ്‌ലിംകളില്‍ ഒരു വലിയ വിഭാഗം സ്ത്രീകളും കുട്ടികളും വൃദ്ധരും രോഗികളുമൊക്കെ ആയിരിക്കുമല്ലോ. നന്മയിലേക്ക് ക്ഷണിക്കുക, തിന്മ തടയുക പോലുള്ള ബാധ്യതകളൊന്നും ഇവര്‍ക്ക് നിര്‍വഹിക്കാനാവുകയില്ല. രണ്ട്, നന്മയിലേക്ക് ക്ഷണിക്കണമെങ്കിലും തിന്മക്കെതിരെ പ്രതിരോധമുയര്‍ത്തണമെങ്കിലും ചില ഉപാധികള്‍ ആ വ്യക്തിയില്‍ ഒത്തുവരണം. ഏതാണ് നന്മ എന്നയാള്‍ക്ക് ശരിയായ അറിവുണ്ടായിരിക്കണം. അതിനനുസരിച്ച കാര്യശേഷിയും യുക്തിബോധവും വേണം. ഇതൊന്നും പലരിലും കണ്ടെന്ന് വരില്ല. ഭയഭക്തിയും അതുപോലുള്ള ഗുണങ്ങളും വ്യക്തിജീവിതത്തില്‍ ആര്‍ജിച്ചവര്‍ക്കല്ലേ അത്തരം നന്മകളിലേക്ക് ആളുകളെ ക്ഷണിക്കാനാവൂ.
എന്നാല്‍, ഖുര്‍ആനും സുന്നത്തും വെച്ച് പരിശോധിച്ചാല്‍ ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ യാതൊരു അഭിപ്രായ ഭിന്നതക്കും പഴുതില്ലെന്ന് എളുപ്പത്തില്‍ വ്യക്തമാവും.
(ലേഖനത്തിന്റെ രണ്ടാം ഭാഗം അടുത്ത ലക്കത്തില്‍)
Comments