Prabodhanm Weekly

Pages

Search

2011 ജൂലൈ 30

തനിയാവര്‍ത്തനം

ഇഹ്‌സാന്‍


തുടക്കത്തിലെ അച്ചടക്കം ചിദംബരത്തിന്റേതു മാത്രമായി ഒതുങ്ങി. ദിഗ്‌വിജയ് സിംഗ് പതിവു പോലെ സത്യത്തിന്റെ ദുര്‍മുഖത്തെ ഓര്‍മിപ്പിച്ച് ഒരു പ്രസ്താവനയിറക്കി നിശ്ശബ്ദനായി. മുസ്‌ലിം സംഘടനകളും പാകിസ്താനും നാടൊട്ടുക്ക് മുംബൈ സ്‌ഫോടനത്തെ അപലപിച്ച് സ്വന്തം ദയനീയത തെളിയിച്ചു. പക്ഷേ ഇന്ത്യ മൊത്തത്തില്‍ എന്തു വിശ്വസിച്ചു എന്നതായിരുന്നു പ്രധാനം. ടെലിവിഷന്‍ ചാനലുകളും പത്രമാധ്യമങ്ങളും അന്വേഷണത്തിന്റെ ഗതി മുന്‍കൂട്ടി പ്രഖ്യാപിച്ചതോടെ പഴയ ഉന്മാദം രാജ്യത്ത് ധൃതിയില്‍ മടങ്ങിയെത്തി. ഇത്തവണയും പോലീസിന്റെ പേരുവെച്ചായിരുന്നു മാധ്യമങ്ങള്‍ വായില്‍ തോന്നിയതു മുഴുവനും എഴുതിയത്. ജൂലൈ 13 കശ്മീരില്‍ രക്തസാക്ഷി ദിനമാണ്. അതുകൊണ്ട് കശ്മീരി ഗ്രൂപ്പുകള്‍ ആയിരിക്കാം. ഇന്ത്യന്‍ മുജാഹിദീന്‍ സാധാരണ ആക്രമണങ്ങള്‍ നടത്താറുള്ളത് 13-നും 26-നുമാണ്. അതുകൊണ്ട് സംഭവത്തിനു പിറകില്‍ അവര്‍ തന്നെ ആയിരിക്കാം. ഇന്ത്യന്‍ മുജാഹിദീന്‍ സാധാരണ പരമ്പര ആക്രമണങ്ങളാണ് നടത്താറുള്ളത്. ആര്‍.എസ്.എസ്സിനും മറ്റും ഇത്തരം പതിവില്ല. അമോണിയം നൈട്രേറ്റ് പോലുള്ള കടുപ്പമുള്ള സ്‌ഫോടക വസ്തുക്കള്‍ ആര്‍.എസ്.എസ് ഉപയോഗിക്കാറില്ല. ഇനി ഉപയോഗിച്ചാല്‍ തന്നെ മുസ്‌ലിം ആവാസ കേന്ദ്രങ്ങളിലേ അവര്‍ സ്‌ഫോടനം സംഘടിപ്പിക്കാറുള്ളൂ. എല്ലാ പ്രചാരണവും പതിവുപോലെ  മുസ്‌ലിംകളെ ലക്ഷ്യമിട്ടുകൊണ്ടാണ് മുന്നേറിയത്. ഷാനവാസ് ഹുസൈനെ പോലുള്ള വിഡ്ഢിവേഷങ്ങള്‍ ബി.ജെ.പിയുടെ വിഷം പുറത്തേക്കു വമിപ്പിക്കുന്ന പുകക്കുഴലുകളായി മാറി. ആര്‍.എസ്.എസ്സിന്റെ ലേബലിലുള്ള ഭീകരത പുറത്തുവന്ന കാലത്ത് ഭീകരതക്ക് മതമില്ലെന്ന് കണ്ടെത്തി കോളാമ്പികള്‍ അടച്ചുവെച്ച് മൗനവ്രതാചരണം തുടങ്ങിയ ബി.ജെ.പി വക്താക്കള്‍ ഇത് നീണ്ട രണ്ടര വര്‍ഷത്തിനു ശേഷമായിരുന്നു പാര്‍ട്ടിയുടെ നാക്കുദീനം കരഞ്ഞുവിളിച്ചു തീര്‍ത്തത്.   
ഗ്രഹണകാലത്ത് ഞാഞ്ഞൂലുകള്‍ വരെ മൂര്‍ഖന്‍ പാമ്പായി മാറുമെന്ന് ഒരു പഴഞ്ചൊല്ലുണ്ട്. പ്രത്യേകിച്ച് കാലവും തരവുമൊന്നുമില്ലാതെ തന്നെ തന്റെ വര്‍ഗീയത വര്‍ഷങ്ങളായി പച്ചക്കു പ്രകടിപ്പിക്കുന്ന ആളാണ് ജനതാപാര്‍ട്ടി ദേശീയ പ്രസിഡന്റായ ഡോ. സുബ്രഹ്മണ്യം സ്വാമി എന്ന പഴയ കേന്ദ്ര മന്ത്രി. മുംബൈ സംഭവത്തിനു ശേഷം ഒരു ഭാഗത്ത് പ്രവീണ്‍ സ്വാമി അരങ്ങു തകര്‍ക്കുന്നതിനിടെ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും സഭ്യേതരമായ ഭാഷയില്‍ ഡി.എന്‍.എ പത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെ ദേഹണ്ഡത്തിന് ഈ സ്വാമിയും രംഗത്തിറങ്ങി. മുംബൈ സംഭവം ഇന്ത്യയിലെ ഹിന്ദുക്കളെ പുനരാലോചനക്ക് പ്രേരിപ്പിക്കണമെന്നും തങ്ങള്‍ ഇവ്വിധം ‘ഹലാല്‍’ വധത്തിന് ഇരകളാകണമോ എന്ന ചോദ്യമാണ് ഉയരുന്നതെന്നുമാണ് സ്വാമിയുടെ വാദം. ഹിന്ദുക്കളെ മതഭ്രാന്തന്മാരായ മുസ്‌ലിംകള്‍ കാണുന്നത് തങ്ങളുടെ പൂര്‍ത്തിയാകാനുള്ള അജണ്ടയുടെ ഭാഗം എന്ന നിലക്കാണത്രെ.  അതുകൊണ്ട് 2012-ല്‍ പാകിസ്താനിലെ താലിബാന്‍വല്‍ക്കരണം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയില്‍ ബോംബ് സ്‌ഫോടനങ്ങളുടെ പൂക്കാലമാണ് വരാന്‍ പോകുന്നതെന്നാണ് സ്വാമിയുടെ നിരീക്ഷണം. ഇസ്‌ലാമിക മതമൗലികവാദികളെയല്ല ഹിന്ദുക്കളെ തന്നെയാണ് ഇതിന് കുറ്റം പറയേണ്ടത്. മലപ്പുറം മുതല്‍ കശ്മീര്‍ വരെയുള്ള എണ്ണമറ്റ കേന്ദ്രങ്ങളില്‍ കൂട്ടക്കൊല ചെയ്യപ്പെടുന്ന സ്വന്തം സഹോദരന്മാരെ കുറിച്ച് ഒരു അവബോധവുമില്ലാതെ ലക്ഷക്കണക്കിന് എണ്ണപ്പെരുപ്പവുമായി കുംഭമേള കൂടി, സനാതന ധര്‍മത്തില്‍ വിശ്വസിച്ച് മടങ്ങിപ്പോകുന്ന ഭീരുക്കളാവുകയാണ് ഹിന്ദുക്കള്‍. സ്ഥിരബുദ്ധിയുള്ള ഒരാള്‍ക്കും വായിച്ചു തീര്‍ക്കാനാവാത്ത വിധം ദുഷിച്ച വര്‍ഗീയത വമിക്കുന്ന, 153(എ) എന്ന ഒരു വകുപ്പ് ഭരണഘടനയിലുണ്ടെകില്‍ അതിന്റെ പ്രയോഗം അടിവരയിടുന്ന സ്വാമിയുടെ ഈ ലേഖനത്തിനെതിരെ ഒരു എഫ്.ഐ.ആര്‍ പോലും ഇതുവരെ ചാര്‍ജ് ചെയ്യാന്‍ മുംബൈ പോലീസ് തയാറായിട്ടില്ല. വായനക്കാരുടെ ഭാഗത്തു നിന്ന് അസാധാരണമായ ചില ഇടപെടലുകള്‍ ഉണ്ടായെങ്കിലും രാഷ്ട്രീയ, സാംസ്‌കാരിക നായകന്മാരുടെ വൃത്തികെട്ട മൗനമാണ് ഈ ലേഖനത്തെ വരവേറ്റത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കു വോട്ടവകാശം നിഷേധിക്കണമെന്നു പോലും ഈ ലേഖനത്തില്‍ സ്വാമി അഭിപ്രായപ്പെടുന്നുണ്ട്! 
ഇത്തവണത്തെ സ്‌ഫോടനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഏതുതരം വാര്‍ത്തകളാണ് പ്രത്യക്ഷപ്പെട്ടത് എന്നതും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. ഏതാണ്ട് ഒറ്റ കേന്ദ്രത്തില്‍ നിന്നും വിതരണം ചെയ്യപ്പെട്ട മട്ടില്‍ 'ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഭീകരതുടെ വളര്‍ച്ച'’എന്ന തലക്കെട്ടില്‍ ഒരു ലേഖനം, ഒരുപക്ഷേ പ്രവീണ്‍ സ്വാമി ഡെയിലി മിററില്‍ എഴുതിയതിന്റെ ആവര്‍ത്തനങ്ങളാവാം, കാണാനുണ്ടായിരുന്നു. ആര്‍.എസ്.എസ് നേതാക്കള്‍ പിടിയിലായതിനു ശേഷം ഭീകരതയുടെ കാര്യത്തില്‍ അന്താരാഷ്ട്ര രംഗത്ത് സംഘ്പരിവാറിന് പ്രതിഛായ നഷ്ടപ്പെട്ടു എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ ലേഖനങ്ങള്‍ വായിക്കപ്പെടേണ്ടത്. സംഭവത്തോടുള്ള ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണവും ശ്രദ്ധിക്കപ്പെടേണ്ടുന്ന ഒന്നാണ്. പാകിസ്താനെ മുംബൈ സംഭവത്തിലേക്ക് വലിച്ചിഴക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ഇത് വെറുതെ സംഭവിക്കുന്ന ഒന്നല്ല. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ചില നയതന്ത്ര ലക്ഷ്യങ്ങളില്ലാത്ത സ്‌ഫോടനത്തിലേക്ക് പാകിസ്താനെ കക്ഷി ചേര്‍ക്കാന്‍ ഇന്ത്യക്ക് കഴിയാത്തതിന്റെ പ്രശ്‌നം കൂടി ഇവിടെയുണ്ട്. സ്വന്തം കാലില്‍ നില്‍ക്കാനാവുന്ന ഇസ്‌ലാമിക ഭീകരത ഇന്ത്യയില്‍ ഉണ്ടെങ്കില്‍ അതിന് യുക്തിസഹമായ വിശദീകരണം ആവശ്യമുണ്ടല്ലോ. പാകിസ്താനെ പ്രതിചേര്‍ത്ത് ഈ ആരോപണമുന്നയിക്കുമ്പോഴാകട്ടെ അതിന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ഉണ്ടാവാറുമുണ്ട്. ഭരണകൂടത്തിന് പലതും ഒളിച്ചുവെക്കാനുള്ളപ്പോഴും അമേരിക്കക്ക് ആയുധ ഇടപാടുകള്‍ ആവശ്യമുള്ളപ്പോഴും അന്താരാഷ്ട്ര രംഗത്ത് മുസ്‌ലിംകളെ ഒറ്റപ്പെടുത്തേണ്ട നീക്കങ്ങളില്‍ പങ്കാളിത്തം ആവശ്യമാകുമ്പോഴും മറ്റുമാണ് കഴിഞ്ഞ കുറെക്കാലമായി ഭീകരാക്രമണങ്ങള്‍ ഉണ്ടാവാറുണ്ടായിരുന്നത്. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കള്ളയൊപ്പു പതിഞ്ഞ ആക്രമണങ്ങള്‍ എന്‍.ഡി.എ കാലഘട്ടത്തിന്റേയും അതിന്റെ തുടര്‍ച്ച ഏറ്റെടുത്ത ആക്രമണങ്ങള്‍ യു.പി.എ ഒന്നാം ഘട്ടത്തിന്റെയും മുഖമുദ്രകളായത് ഈ കോളത്തില്‍ പലതവണ ചര്‍ച്ച ചെയ്തതാണല്ലോ.
മുന്‍കാല സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഇന്ദ്രേഷ് കുമാര്‍ ഉള്‍പ്പടെ ഒരു ഡസനോളം  ആര്‍.എസ്.എസ് നേതാക്കളെ പോലീസ് അന്വേഷിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങളില്‍ അനുകൂലമായ വികാരം സൃഷ്ടിക്കുന്നതിന് മാധ്യമങ്ങളെ ഉപയോഗിച്ച് പഴയ നരവേട്ട ആവര്‍ത്തിക്കുക മാത്രമാണ് ആര്‍.എസ്.എസ് ചെയ്യുന്നത്. അതിന് സഹായകരമാവുന്ന രീതിയില്‍ പഴയ കൈക്കുറ്റങ്ങള്‍ തീര്‍ത്ത് കേണല്‍ പുരോഹിതിന്റെയും ഇന്ദ്രേഷ് കുമാറിന്റെയും പിണിയാളുകള്‍ മടങ്ങിയെത്തിയിരിക്കുന്നു. അനിഷേധ്യമായ ഫോറന്‍സിക് തെളിവുകള്‍ കൈയിലെത്തുമ്പോള്‍ മാത്രം ആര്‍.എസ്.എസ്സിനു നേര്‍ക്കു തിരിയുകയും സാഹചര്യ തെളിവുകള്‍ എതിരെയാവുന്ന കേസുകളില്‍ കുറ്റം 'ഇന്ത്യന്‍ മുജാഹിദീന്റെ'’ തലയില്‍ കെട്ടിവെക്കുകയും ചെയ്യുന്ന മാധ്യമ, രാഷ്ട്രീയ, പോലീസ് പക്ഷപാതിത്വമാണ് ഇന്ത്യയിലെ ഭീകരാക്രമണ കേസുകളുടെ ശാപമായി മാറുന്നത്.

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം