ഇസ്‌ലാമിക പ്രബോധനം: ബാധ്യതയും നേട്ടവും
കര്‍മങ്ങളില്‍ അതിവിശിഷ്ടവും മഹത്വമേറിയതുമാണ് ഇസ്‌ലാമിക പ്രബോധനം. യഥാര്‍ഥ മുസ്‌ലിം അതില്‍ വ്യാപൃതനായിരിക്കും. അതിന് അല്ലാഹുവിങ്കല്‍ മഹത്തായ പ്രതിഫലമുണ്ടെന്ന് അവന്‍ മനസ്സിലാക്കുന്നു. ആ സൗഭാഗ്യം നേടാനായിരിക്കും അവന്‍ കൊതിച്ചു കൊണ്ടിരിക്കുക. ഒരിക്കല്‍ അലി (റ)യോട് പ്രവാചകന്‍ പറഞ്ഞു: ''നീ മുഖേന ഒരാളെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കിയാല്‍ വിലപിടിച്ച ചുവന്ന ഒട്ടകങ്ങള്‍ ലഭിക്കുന്നതിനേക്കാള്‍ നിനക്ക് അതാണ് ഉത്തമം'' (ബുഖാരി). നോക്കൂ, ഇസ്‌ലാമിക പ്രബോധകനുള്ള പ്രതിഫലം എത്ര മാത്രം മഹത്തരമാണ്! ഒരാള്‍ സത്യമാര്‍ഗത്തിലേക്ക് കടന്നുവന്നാല്‍ അതിന്റെ പ്രതിഫലം അക്കാലത്ത് അറബ് ലോകത്ത് ഏറ്റവും വിലപിടിപ്പുമുള്ള ചുവന്ന ഒട്ടകത്തേക്കാള്‍ മികച്ചതാണെന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. മാത്രമല്ല, സന്മാര്‍ഗം പ്രാപിച്ചവനുള്ളത് പോലെ അതിനുവേണ്ടി യത്‌നിച്ചവനും പ്രതിഫലമുണ്ട്. നബി (സ) പറഞ്ഞു: ''ആരെങ്കിലും സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍ അയാളെ പിന്തുടരുന്നവനുള്ളതു പോലെ പ്രതിഫലം ക്ഷണിച്ചവനുമുണ്ട്. ആരുടെയും പ്രതിഫലത്തില്‍ നിന്ന് ഒന്നും കുറയാതെതന്നെ'' (മുസ്‌ലിം).
വിശ്വാസി സമ്പത്തും ജ്ഞാനവുമെല്ലാം കഴിയുന്നത്ര സത്യപ്രബോധന മാര്‍ഗത്തില്‍ വിനിയോഗിക്കും. ആ മാര്‍ഗത്തില്‍ ധാരാളം പരീക്ഷണങ്ങള്‍ അവന്‍ അഭിമുഖീകരിച്ചേക്കാം. അപ്പോഴെല്ലാം അവന്‍ ക്ഷമാശീലനാകും. സധൈര്യം ആ മാര്‍ഗത്തില്‍ മുന്നേറി അല്ലാഹുവിന്റെ പ്രീതിയും മഹത്തായ പ്രതിഫലം നേടിയെടുക്കും. ഒരു ഹദീസിലിങ്ങനെ കാണാം: ''അല്ലാഹു നല്‍കിയ സമ്പത്ത് സത്യമാര്‍ഗത്തില്‍ ചെലവഴിച്ച മനുഷ്യനും, അല്ലാഹു ജ്ഞാനം നല്‍കുകയും എന്നിട്ടത് അതനുസരിച്ച് ജീവിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്ന ആളും മാത്രമേ അസൂയാര്‍ഹരായുള്ളൂ'' (ബുഖാരി, മുസ്‌ലിം).
വിശ്വാസി മറ്റുള്ളവര്‍ക്ക് വേണ്ടി നിലകൊള്ളുന്നവനായിരിക്കും. സ്വന്തത്തിന് വേണ്ടി ഇഷ്ടപെടുന്നത് മറ്റുള്ളവര്‍ക്കും അവന്‍ ഇഷ്ടപെടും. അവരുടെ പ്രശ്‌നങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തും. അല്ലാഹുവിനോടും അവന്റെ പ്രവാചകനോടും മുസ്‌ലിം നേതാക്കളോടും പൊതുജനങ്ങളോടും ഗുണകാംക്ഷയുള്ളവനാകും. തന്റെ ആദര്‍ശം തന്നിലോ കുടുംബത്തിലോ മാത്രം പരിമിതപെടുത്തുകയില്ല. ചുറ്റുമുള്ള ജനങ്ങളിലേക്ക് അതിന്റെ വെളിച്ചമെത്തിക്കാന്‍ ശ്രമിക്കും. സ്വര്‍ഗം മറ്റാര്‍ക്കും ലഭിക്കാതെ തനിക്കും കുടുംബത്തിനും മാത്രം മതിയെന്ന് അവന്‍ കൊതിക്കുകയില്ല. മുഴുവന്‍ ജനങ്ങള്‍ക്കുമത് ലഭിക്കണമെന്ന് അവന്‍ ആഗ്രഹിക്കും. ഒരോ ദിവസവും അതിനായുള്ള കര്‍മങ്ങളില്‍ വ്യാപൃതനാകും. അങ്ങനെയുള്ളവന്‍ പ്രവാചകന്റെ പ്രശംസക്കും പ്രാര്‍ഥനക്കും അര്‍ഹനായിത്തീരും: ''നമ്മില്‍ നിന്ന് കേട്ട കാര്യം കേട്ടതു പോലെ മറ്റുള്ളവര്‍ക്ക് എത്തിക്കുന്നവനെ അല്ലാഹു അനുഗ്രഹിക്കട്ടെ. കേള്‍ക്കുന്നവനേക്കാള്‍ ശ്രദ്ധയും സൂക്ഷ്മതയും പൂലര്‍ത്തുന്ന എത്രയോ പ്രബോധിതര്‍ ഉണ്ടായേക്കാം'' (തിര്‍മുദി).
മുസ്‌ലിം സമൂഹത്തില്‍ ഒരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം ശരിക്കും മനസ്സിലാക്കി എല്ലാവരും മനസ്സാ വാചാ കര്‍മണാ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇസ്‌ലാമിന് പരാജയമോ, തളര്‍ച്ചയോ ഒരിക്കലും ഉണ്ടാവില്ല. അതുകൊണ്ടാണ് ആ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്നവര്‍ക്കും മാറിനില്‍ക്കുന്നവര്‍ക്കും കടുത്ത താക്കീത് പ്രവാചകന്‍ നല്‍കിയത്: ''അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് ആരെങ്കിലും അറിവ് ആര്‍ജിച്ചാല്‍ അതവന് ലഭിക്കുന്നതാണ്. ഇനി ആരെങ്കിലും ഐഹിക നേട്ടത്തിനാണ് അറിവ് ആര്‍ജിക്കുന്നതെങ്കില്‍ അന്ത്യനാളില്‍ സ്വര്‍ഗത്തിന്റെ മണം അവന് എത്തുകയില്ല'' (അബൂ ദാവൂദ്). ''അറിവുള്ള കാര്യത്തെ പറ്റി ആരെങ്കിലും ചോദിക്കുകയും എന്നിട്ടതിനെ മറച്ച് വെക്കുകയും ചെയ്താല്‍ അന്ത്യനാളില്‍ അവന് അഗ്നിയാലുള്ള കടിഞ്ഞാണായിരിക്കും ധരിക്കേണ്ടിവരിക'' (അബൂ ദാവൂദ്, തിര്‍മുദി).
നന്മ കല്‍പിക്കലും തിന്മ തടയലും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏറെ പ്രധാനവും മഹത്വമേറിയതുമാണ്. ഗുണകാംക്ഷയോടും യുക്തിദീക്ഷയോടുമായിരിക്കണം അത് ചെയ്യേണ്ടത്. എടുത്തുചാട്ടവും തീവ്രമായ നിലപാടും ഒഴിവാക്കണം. പ്രവാചകന്റെ പാതയായിരിക്കും അവന്‍ പിന്തുടരുക. പ്രവാചകന്‍ പറഞ്ഞു: ''നിങ്ങളിലാരെങ്കിലും ഒരു തിന്മ കണ്ടാല്‍ അതവന്‍ കൈകൊണ്ട് തടയട്ടെ, അതിന് കഴിഞ്ഞില്ലെങ്കില്‍ നാവ് കൊണ്ട്, അതിനും കഴിഞ്ഞിട്ടില്ലെങ്കില്‍ മനസ്സ് കൊണ്ട് വെറുക്കുകയെങ്കിലും ചെയ്യട്ടെ. വിശ്വാസത്തിന്റെ ഏറ്റവും താഴ്ന്ന പടിയാണത്'' (മുസ്‌ലിം). ഗുണകാംക്ഷയുടെ ഭാഗവും കൂടിയാണത്. പ്രവാചകന്‍ പറഞ്ഞു: ''ദീന്‍ ഗുണകാംക്ഷയാകുന്നു. ഞങ്ങള്‍ ചോദിച്ചു: ആരോട്? അവിടുന്ന് പറഞ്ഞു: അല്ലാഹുവിനോടും അവന്റെ പ്രവാചകനോടും മുസ്‌ലിം നേതാക്കളോടും പൊതുജനങ്ങളോടും''(മുസ്‌ലിം). ഗുണകാംക്ഷ കാണിക്കുകയും നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുന്ന മുസ്‌ലിമിന് സത്യം ആരുടെ മുമ്പിലും ഉറക്കെ വിളിച്ച് പറയാന്‍ ധൈര്യമുണ്ടാകും. മുസ്‌ലിം ആ വിശേഷണം നഷ്ടപ്പെട്ടവനാണെങ്കില്‍ അത് സമൂഹത്തിന്റെ പരാജയത്തിന് തന്നെ നിമിത്തമായിരിക്കും. ''അക്രമിയെ പേടിച്ച് അവനോട് അക്രമി എന്ന് തുറന്ന് പറയാന്‍ എന്റെ സമുദായം പേടിക്കുന്നതായി നീ കണ്ടാല്‍ ഉറപ്പിച്ചോളൂ, അവരോട് (അല്ലാഹു) വിടപറഞ്ഞിരിക്കുന്നു'' (അഹ്മദ്).
അധര്‍മത്തിനും അനീതിക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ പോരാടാന്‍ പ്രേരിപ്പിക്കുന്ന, അത്തരക്കാരെ സമാശ്വസിപ്പിക്കുന്ന, അവര്‍ക്ക് അല്ലാഹുവിന്റെ സഹായവും രക്ഷയുമുണ്ടാകുമെന്ന് വ്യക്തമാക്കുന്ന ധാരാളം പ്രവാചക വചനങ്ങളുണ്ട്. അധര്‍മത്തിനും അനീതിക്കും അക്രമത്തിനുമെതിരെ നിശ്ശബ്ദരും ഭീരുക്കളുമായി കഴിഞ്ഞു കൂടുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുകളും പ്രവാചകന്‍ നല്‍കിയിട്ടുണ്ട്: ''ജനങ്ങളോടുള്ള പേടി സത്യം വിളിച്ച് പറയുന്നതില്‍നിന്നും അവരിലെ വലിയ ആളുകളെ ഉണര്‍ത്തുന്നതില്‍ നിന്നും നിങ്ങളെ തടയാതിരിക്കട്ടെ. തീര്‍ച്ചയായും അത് ആയുസ് കുറക്കുകയില്ല, അന്നം മുട്ടിക്കുകയുമില്ല'' (ത്വബ്‌റാനി). മറ്റൊരു ഹദീസിലുണ്ട്: ''അഭിമാനത്തിന് ക്ഷതമേല്‍ക്കുകയും സല്‍പേരിന് കളങ്കമുണ്ടാവുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ മുസ്‌ലിമിനെ സഹായിക്കാത്തവനെ സഹായം ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അല്ലാഹുവും സഹായിക്കുകയില്ല. ആ സന്ദര്‍ഭത്തില്‍ മുസ്‌ലിമിനെ ആരെങ്കിലും സഹായിച്ചാല്‍ സഹായം കൊതിക്കുന്ന സന്ദര്‍ഭത്തില്‍ അല്ലാഹു അവനെ സഹായിക്കുന്നതാണ്'' (അഹ്മദ്, അബൂദാവൂദ്).
അവന് ഒരിക്കലും അധര്‍മത്തിനെതിരെ മൗനം ദീക്ഷിക്കാനാവില്ല. സമൂഹത്തില്‍ അതിക്രമം വ്യാപിക്കുന്നത് അവന്‍ ഇഷ്ടപ്പെടില്ല. അവനെപ്പോഴും സത്യത്തിന്റെ പാതയില്‍ അടിയുറച്ച് തിന്മക്കെതിരെ പടപൊരുതും. അബൂബക്കര്‍(റ) ഖിലാഫത്ത് ഏറ്റെടുത്ത ഉടനെ പറഞ്ഞു: ''അല്ലയോ ജനങ്ങളേ, നിങ്ങള്‍ വിശുദ്ധ ഖുര്‍ആനിലെ ഈ ആയത്ത് യഥാവിധി മനസ്സിലാക്കി പാരായണം ചെയ്തിരുന്നുവെങ്കില്‍: ''അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊള്ളുക. നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചിട്ടുണ്ടെങ്കില്‍ വഴിപിഴച്ചവര്‍ നിങ്ങള്‍ക്കൊരു ദ്രോഹവും വരുത്തുകയില്ല'' (അല്‍മാഇദ 105). എന്നാല്‍ നിങ്ങളതിന്റെ ആശയവും ഉദ്ദേശ്യവും നല്ല രീതിയില്‍ മനസ്സിലാക്കാതെയാണ് പാരായണം ചെയ്യുന്നത്. നബി (സ) പറഞ്ഞതായി ഞാന്‍ കേട്ടിരിക്കുന്നു: ജനങ്ങള്‍ തിന്മ കാണുകയും അതിനെ തടയാതിരിക്കുകയും ചെയ്താല്‍ അല്ലാഹു അവര്‍ക്ക് ഒന്നടങ്കം ശിക്ഷയിറക്കിയേക്കും'' (അബൂദാവൂദ്, തിര്‍മുദി)
ഇസ്‌ലാമിക പ്രബോധനരംഗത്ത് മുഴുകുന്നവനുണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങളാണ് യുക്തിദീക്ഷയും നൈപുണ്യവും. ''യുക്തിദീക്ഷയോടും സദുപദേശം മുഖേനയും നീ നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിച്ച് കൊള്ളുക'' (അന്നഹ്ല്‍ 125). സദുപദേശത്തോടു കൂടിയാവണം ജനമനസ്സുകളിലേക്ക് ഇറങ്ങി ചെല്ലേണ്ടത്. അതിലൂടെയായിരിക്കണം അവരുടെ സംശയങ്ങള്‍ ദുരീകരിക്കുകയും അവരെ സത്യവിശ്വാസത്തിലേക്കടുപ്പിക്കുകയും ചെയ്യേണ്ടത്. ഈ രംഗത്ത് മുന്‍ഗണനാക്രമം പാലിക്കേണ്ടതുണ്ട്. ആളുകള്‍ക്ക് മടുപ്പും പ്രയാസവും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന ശൈലി ഒരിക്കലും സ്വീകരിച്ചു കൂടാ.
സ്വഹാബികളില്‍ പ്രമുഖനായ അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) എല്ലാ വ്യാഴാഴ്ചയും ജനങ്ങള്‍ക്ക് സദുപദേശം നല്‍കാറുണ്ടായിരുന്നു. ഒരിക്കല്‍ ഒരാള്‍ അദ്ദേഹത്തോട് പറഞ്ഞു: ''അല്ലയോ, അബൂഅബ്ദുര്‍റഹ്മാന്‍, താങ്കള്‍ ഒരോ ദിവസവും ഞങ്ങള്‍ക്ക് ഉപദേശം നല്‍കിയിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'' അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്ക് മടുപ്പുണ്ടാകുന്നത് ഞാന്‍ വെറുക്കുന്നതുകൊണ്ടാണ് ഞാനങ്ങനെ ചെയ്യാത്തത്. നബി (സ) ഞങ്ങള്‍ക്ക് മടുപ്പുണ്ടാകുന്നത് ഭയന്ന് വ്യത്യസ്ത ദിവസങ്ങളില്‍ ഉപദേശം നല്‍കുന്നതുപോലെ ഞാന്‍ നിങ്ങള്‍ക്കും സദുപദേശം നല്‍കാം'' (ബുഖാരി, മുസ്‌ലിം). ഉപദേശം അധികരിപ്പിക്കാതിരിക്കുന്നത് പ്രബോധകന്റെ വകതിരിവിനെ സൂചിപ്പിക്കുന്നു. പൊതു ജനങ്ങളെയാണ് അവന്‍ അഭിമുഖീകരിക്കുന്നതെങ്കില്‍ വിശേഷിച്ചും. കാരണം, പ്രായം ചെന്നവരും രോഗികളും മറ്റു ദുര്‍ബലരും അവരിലുണ്ടായിരിക്കും. ഉപദേശം ചുരുക്കുന്നതിലൂടെ പ്രബോധകന്റെ പാണ്ഡിത്യത്തില്‍ മതിപ്പുളവാക്കാനും ആളുകള്‍ക്ക് കാര്യങ്ങള്‍ നന്നായി മനസ്സിലാക്കാനും സാധിക്കും. അമ്മാറു ബ്‌നു യാസിര്‍ (റ) പറയുന്നു. ഞാന്‍ നബി (സ) പറയുന്നതായി കേട്ടു. ''ഒരാള്‍ നമസ്‌കാരം ദീര്‍ഘിപ്പിക്കുകയും പ്രസംഗം ചുരുക്കുകയുമാണെങ്കില്‍ അതവന്റെ പാണ്ഡിത്യത്തിന്റെ അടയാളമാണ്. അതിനാല്‍ നിങ്ങള്‍ നമസ്‌കാരം ദീര്‍ഘിപ്പിക്കുകയും പ്രസംഗം ചുരുക്കുകയും ചെയ്യുക'' (മുസ്‌ലിം).
പ്രബോധിതരോട് അനുകമ്പ കാണിക്കേണ്ടതുണ്ട്. ക്ഷമാശീലനായി സരളവും വ്യക്തവുമായ ശൈലിയില്‍ വിനയത്തോടെ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും സംശയങ്ങള്‍ ദൂരീകരിക്കുകയും വേണം. പ്രവാചകനോട് ആരെങ്കിലും വല്ലതും ചോദിച്ചാല്‍ വിശാല മനസ്‌കതയോടെ, വിനയത്തോടെ അവരെ കാര്യങ്ങള്‍ ധരിപ്പിക്കുകയാണ് ചെയ്തിരുന്നത്. സംശയങ്ങളുമായി കടന്നു വന്നവരെല്ലാം തികഞ്ഞ സംതൃപ്തിയോടും സന്തോഷത്തോടും കൂടിയായിരുന്നു പ്രവാചകന്റെയടുക്കല്‍ നിന്ന് തിരിച്ചു പോകാറ്. പ്രബോധന ദൗത്യവുമായി ഇറങ്ങി ചെല്ലുമ്പോള്‍ ആളുകളുടെ കുറ്റവും കുറവുകളും അവിടുന്ന് മറച്ചുപിടിച്ചിരുന്നു. ഒരോരുത്തരുടെയും അന്തസ്സും അഭിമാനവും മാനസിക നിലകളുമെല്ലാം പ്രത്യേകം പരിഗണിച്ചിരുന്നു.
Comments