നടന്നുതീരാത്ത വഴികളില്‍ -2
സ്‌കൂള്‍ രജിസ്റ്റര്‍ പ്രകാരം 1929ജൂലൈയില്‍ ജനനം രേഖപ്പെടുത്തിയ എനിക്ക് ഏകദേശം 12 വയസ്സുള്ള കാലം. വാപ്പ സുന്നി വിഭാഗത്തിലെ പക്ഷപാതിയല്ലാത്ത പ്രസിദ്ധ പണ്ഡിതന്‍ ആയഞ്ചേരി തറക്കണ്ടി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പാമ്പുകടിയേറ്റു മരിച്ചതിനെ തുടര്‍ന്ന് ഞങ്ങളുടെ കാര്യങ്ങള്‍ കടവത്തൂരിലെ അമ്മാവന്മാരാണ് ശ്രദ്ധിക്കുന്നത്. അവരുടെ തീരുമാനപ്രകാരം കണ്ണൂരിനടുത്ത മാട്ടൂല്‍ വേദാമ്പുറത്ത് പള്ളിയില്‍, മര്‍ഹൂം കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ ദര്‍സില്‍ എന്നെ കിതാബോതാന്‍ അയച്ചു. വാപ്പയുടെ പ്രമുഖ ശിഷ്യനായിരുന്ന കീഴന ഉസ്താദിനു കീഴില്‍ ചെറിയ കിതാബുകള്‍ ഓതിക്കൊണ്ടിരിക്കെ, ഒരവധിക്കാലത്ത് വീട്ടിലെത്തിയപ്പോള്‍, വാഴക്കാട് ദാറുല്‍ ഉലൂമില്‍ പഠിക്കുകയായിരുന്ന ജ്യേഷ്ഠന്‍ കുഞ്ഞഹമ്മദും വീട്ടില്‍ വന്നു ചേര്‍ന്നു. ഞാന്‍ സുന്നി പള്ളിയിലെ ദര്‍സില്‍ ഓതാന്‍ പോയപ്പോള്‍ ജ്യേഷ്ഠന്‍ എങ്ങനെ മുജാഹിദ് സ്ഥാപനത്തില്‍ പഠിക്കാനെത്തിയെന്ന് വ്യക്തമായി പറയാനാവില്ല. ഞങ്ങളുടെ ഒരു അമ്മാവന്റെ മകനും ദാറുല്‍ ഉലൂമിലെ വിദ്യാര്‍ഥിയുമായിരുന്ന കെ.എന്‍ ഇബ്‌റാഹീം മൗലവിയുടെ സ്വാധീനം വഴിയായിരിക്കണം ജ്യേഷ്ഠന്‍ വാഴക്കാട്ടേക്ക് പോയത്.
''മുസ്‌ലിം ലീഗിന്റെ വലിയൊരു സമ്മേളനം കോഴിക്കോട് കടപ്പുറത്ത് നടക്കുന്നു. നമുക്കും പോകണം''- ഒരു ദിവസം ജ്യേഷ്ഠന്‍ എന്നോട് പറഞ്ഞു. കടപ്പുറം സമ്മേളന നഗരിയില്‍ കണ്ടത് മനുഷ്യ മഹാ സാഗരമായിരുന്നു. കടലിരമ്പം പോലെ ആര്‍ത്തലക്കുന്ന ജനസഹസ്രം. കേരളത്തിലെ അത്യുജ്വല പ്രസംഗകര്‍ക്ക് പുറമെ അതിപ്രഗത്ഭരായ ലീഗിന്റെ അഖിലേന്ത്യാ നേതാക്കളും സന്നിഹിതരായിരുന്നു. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഉര്‍ദു പ്രഭാഷണങ്ങളും നടന്നു.
സമ്മേളനം സമാപിച്ചു. ജനം പിരിഞ്ഞുപോയി. ഞങ്ങളുടെ ഉറക്കം കടപ്പുറത്തുതന്നെ. ചില 'ഭീകര മുഖങ്ങള്‍' ഞങ്ങള്‍ കിടക്കുന്നേടത്തേക്ക് എത്തിനോക്കുമ്പോള്‍, വരുന്ന ഉറക്കവും നഷ്ടപ്പെടുന്നു. കടപ്പുറത്തെ ശുദ്ധ മനസ്‌കരാകണം വന്നു നോക്കിയവര്‍. ചെറു പ്രായമായതിനാല്‍ മുഖത്ത് 'ഭീകരത' എന്റെ തോന്നലാകാം. ഏതായാലും ഉറങ്ങിയും ഉറങ്ങാതെയും നേരം വെളുപ്പിച്ചു.
വാഴക്കാട്ടേക്കായിരുന്നു തുടര്‍ന്നുള്ള യാത്ര. നടന്നോ ബസ്സിലോ എന്ന് നിശ്ചയമില്ല. നിശ്ചയമുള്ളത് ചായ കഴിക്കാന്‍ കൈയില്‍ കാശില്ലായിരുന്നു എന്നത് മാത്രം. ഞങ്ങള്‍ മാവൂരിനടുത്ത തെങ്ങിലക്കടവില്‍ എത്തി. മര്‍ഹൂം യു.കെ ഇബ്‌റാഹീം മൗലവിയുടെയും ഉസ്താദ് അബുസ്സലാഹ് മൗലവിയുടെയും നാടായിരുന്നു അത്. തോണിയില്‍ പുഴകടന്ന് ഞങ്ങള്‍ വാഴക്കാട്ടെത്തി. 'ദാറുല്‍ ഉലൂം' എന്ന വിഖ്യാത കലാലയം കണ്ടപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. ജ്യേഷ്ഠനും മുജാഹിദ് വിദ്യാര്‍ഥി നേതാവായ കെ.എന്‍ ഇബ്‌റാഹീം മൗലവിയും എന്നെ അവിടെ ചേര്‍ക്കാന്‍ തീരുമാനിച്ച് കൊണ്ടുവന്നതാണ്. സുന്നി പള്ളിയില്‍ നിന്ന് മോചിപ്പിച്ച് എന്നെ മുജാഹിദ് സ്ഥാപനത്തില്‍ എത്തിക്കുക എന്ന അവരുടെ ലക്ഷ്യം അങ്ങനെ സാധിച്ചു.
60/65 വര്‍ഷങ്ങള്‍ക്ക് മുമ്പ്, വാഴക്കാട് ദാറുല്‍ ഉലൂം മഹോന്നതമായൊരു ഇസ്‌ലാമിക കലാലയമായിരുന്നു. അതിനു ശേഷം കേരളത്തിലങ്ങോളമിങ്ങോളം ഉയര്‍ന്നു വന്നിട്ടുള്ള ദീനീ സ്ഥാപനങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം പഴയ ദാറുല്‍ ഉലൂം എന്റെ ഓര്‍മയില്‍ തെളിഞ്ഞുവരും. വിദ്യാര്‍ഥികളുടെ അംഗസംഖ്യയല്ല, ദീര്‍ഘകാലമായി ദാറുല്‍ ഉലൂമിനെക്കുറിച്ച് മനസ്സില്‍ സൂക്ഷിക്കുന്ന മതിപ്പിന് കാരണം. സ്ഥാപനത്തിന്റെ വിദ്യാഭ്യാസപരമായ നിലവാരവും പ്രൗഢിയുമാണ്. അന്നത്തെ മുജാഹിദ് പ്രസ്ഥാനത്തിന്റെ അറിയപ്പെടുന്ന എല്ലാ പണ്ഡിത നേതാക്കളും ദാറുല്‍ ഉലൂമില്‍ താവളമടിച്ചുകൊണ്ടാണ് കേരളത്തില്‍ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിച്ചിരുന്നത്. അവരെല്ലാം ദാറുല്‍ ഉലൂമിലെ ഭാരവാഹികളോ അധ്യാപകരോ ആയിരുന്നു. കെ.എം മൗലവി അവിടെ വന്നുപോയിരുന്നു.
ദാറുല്‍ ഉലൂമിന്റെ ഭരണച്ചുമതല എം.സി.സി സഹോദരങ്ങള്‍ എന്നറിയപ്പെടുന്ന എം.സി.സി അഹ്മദ് മൗലവി, എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി, എം.സി.സി ഹസന്‍ മൗലവി എന്നിവര്‍ക്കായിരുന്നു. ഇതില്‍ നേതൃപരമായ സാമര്‍ഥ്യവും ഭരണശേഷിയും അബ്ദുര്‍റഹ്മാന്‍ മൗലവിക്കുതന്നെ. അദ്ദേഹം തന്നെ പ്രിന്‍സിപ്പല്‍. മറ്റു രണ്ടുപേരും പ്രാപ്തരായ അധ്യാപകരായിരുന്നു. ശൈഖ് മുഹമ്മദ് മൗലവി, എം.ടി അബ്ദുര്‍റഹ്മാന്‍ മൗലവി, കെ.സി അബ്ദുല്ല മൗലവി തുടങ്ങിയ അന്നത്തെ മുജാഹിദ് നേതാക്കളെല്ലാം അവിടെ അധ്യാപകരാണ്. ഹദീസ് വിജ്ഞാന ശാഖയില്‍ അതിനിപുണനായിരുന്നു ശൈഖ് മുഹമ്മദ് മൗലവി. അദ്ദേഹത്തിന് നിവേദകപരമ്പര ഹൃദിസ്ഥമല്ലാത്ത ഹദീസുകള്‍ അപൂര്‍വമായിരുന്നു. അധ്യാപക സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ, കൂര്‍മബുദ്ധികൊണ്ട് ശ്രദ്ധിക്കപ്പെട്ട കെ.സി അബ്ദുല്ല മൗലവി, മുജാഹിദ് പ്രസ്ഥാനത്തിലെ യുവ നേതാവായിരുന്നു. എം.സി.സി അഹ്മദ് മൗലവിയുടെ നാവില്‍ നിന്നാണ് ഗണിതശാസ്ത്രത്തിലെ ഒരു 'തെറ്റ്' ഞാന്‍ മനസ്സിലാക്കിയത്. കണക്കിലെ ഒരു 'സ്ഖലിതം' സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:
''ഏഴ്, എട്ട്, തൊണ്ണ്,
എഴുപത്, എണ്‍പത്, ഒമ്പത്
എഴുന്നൂറ്, എണ്ണൂറ്, തൊണ്ണൂറ്
ഏഴായിരം, എണ്ണായിരം, തൊള്ളായിരം. ഇങ്ങനെയാണ് പറയേണ്ടത്. ആര്‍ക്കോ ഒരു തെറ്റു പറ്റി. അങ്ങനെ 80 കഴിഞ്ഞ് തൊണ്ണൂറും 800 കഴിഞ്ഞ് തൊള്ളായിരവുമായി. ആയിരം കഴിയാതെ എങ്ങനെ 'തൊള്ളായിരം' വരും? നൂറ് കഴിയാതെ എങ്ങനെ തൊണ്ണൂറുണ്ടാകും?'' പിന്നീടത് പലരും പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും, എന്റെ പന്ത്രണ്ടാം വയസ്സില്‍ എം.സി.സിയില്‍ നിന്ന് കേട്ടതാണ് ഒറിജിനല്‍ എന്ന് മനസ്സിലാക്കുന്നു. അധ്യാപനകലയില്‍ അതിവിദഗ്ധനായിരുന്നു ഹസന്‍ മൗലവി. പുളിക്കല്‍ പഠിക്കുമ്പോള്‍ അദ്ദേഹം മലയാളത്തില്‍നിന്ന് അറബിയിലേക്കുള്ള ഭാഷാന്തരത്തിന് തെരഞ്ഞെടുത്ത ഗ്രന്ഥം വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖിയായിരുന്നു. ഈ പുസ്തകം അറബിയിലേക്ക് പരിഭാഷപ്പെടുത്താന്‍ പഠിപ്പിച്ചുവെന്നത് അദ്ദേഹത്തിന് അറബിഭാഷയിലുള്ള അസാമാന്യമായ അറിവിന്റെ അടയാളമാണ്.
കെ.സി അലവി മൗലവിയും അനുജന്‍ കെ.സി അബൂബക്കര്‍ മൗലവിയും അധ്യാപനത്തില്‍ വിദഗ്ധരായിരുന്നു. ഓരോ ദിവസവും പുതിയ പുതിയ അറിവിലേക്കുള്ള ആര്‍ത്തിയായിരുന്നു വിദ്യാര്‍ഥികള്‍ക്ക്. അതൊരു മധുരാനുഭൂതിയായിരുന്നു.
ദാറുല്‍ ഉലൂം നടത്തിയിരുന്നത് കൊയപ്പത്തൊടി കുടുംബത്തിന്റെ വഖ്ഫ് സ്വത്ത് ഉപയോഗിച്ചാണ്. അവര്‍ നിര്‍ദേശിച്ച ചിട്ടവട്ടങ്ങള്‍ പാലിക്കാന്‍ നടത്തിപ്പുകാര്‍ ബാധ്യസ്ഥരാണ്. അതംഗീകരിച്ചാല്‍ സുന്നികള്‍ക്കായാലും മുജാഹിദുകള്‍ക്കായാലും സ്ഥാപനം നടത്താന്‍ അനുവാദമുണ്ട്. വഖ്ഫ് സ്വത്തിന്റെ മേല്‍നോട്ടക്കാരായ കുടുംബക്കാരണവന്മാരില്‍ യാഥാസ്ഥിതികരും പുരോഗമനവാദികളും ഉണ്ടായിരുന്നു. ഞാന്‍ അവിടെ പഠിക്കുന്ന കാലത്ത് അവരിലൊരാള്‍ നാല് റക്അത്തുള്ള നമസ്‌കാരം, രണ്ട് റക്അത്ത് നിന്നും രണ്ട് റക്അത്ത് ഇരുന്നും നമസ്‌കരിച്ചിരുന്നു. 'ഖിയാമന്‍ വഖുഊദന്‍' എന്ന ഖുര്‍ആനിക പ്രയോഗമായിരിക്കണം തെളിവ്. 'വഅലാ ജുനൂബിഹിം' എന്നും ഖുര്‍ആനില്‍ ഉണ്ടല്ലോ എന്ന് പിന്നീട് കുട്ടികള്‍ തമാശയായി പറയുന്നത് കേട്ടിട്ടുണ്ട്. അപ്പോള്‍, കിടന്നും നമസ്‌കരിക്കണ്ടേ എന്ന് ധ്വനി.
പാലിക്കല്‍ നിര്‍ബന്ധമായിരുന്ന അവിടത്തെ നിയമങ്ങളും നടപ്പുരീതികളും അംഗീകരിച്ചുകൊണ്ടുതന്നെയാണ് മുജാഹിദുകള്‍ ദാറുല്‍ ഉലൂം നടത്തിയിരുന്നത്. അതിലൊന്ന് 'ദിക്ര്‍ ഹല്‍ഖ'യെന്ന പേരില്ലലാതെ പള്ളിയില്‍ നടന്നുവന്നിരുന്ന ദിക്ര്‍ മജ്‌ലിസായിരുന്നു. മഗ്‌രിബ് നമസ്‌കാരാനന്തരമുള്ള ഈ ചടങ്ങില്‍ സ്ഥാപനത്തിലെ എല്ലാവരും പങ്കെടുക്കല്‍ നിര്‍ബന്ധമാണ്. ഇത് 'ബാധക'മല്ലാത്ത, അംഗീകരിക്കാത്ത ഒരേയൊരു വിദ്യാര്‍ഥിയേ ഉണ്ടായിരുന്നുള്ളൂ- ടി. ഇസ്ഹാഖലി മൗലവി. അതിബുദ്ധിമാനും പരമദരിദ്രനുമായ വിദ്യാര്‍ഥിയായതിനാല്‍ അദ്ദേഹത്തെ ഭാരവാഹികള്‍ വിട്ടേക്കുകയായിരുന്നു. മുജാഹിദ് നേതാക്കളായ അധ്യാപകര്‍ ഉള്‍പ്പെടെ ബാക്കിയെല്ലാവരും നിശ്ചിത സമയം ഇരുന്ന് ദിക്ര്‍ ചൊല്ലുകതന്നെ. ഇടക്ക് 'കാവ'യെന്ന ഒരു പാനീയം കുടിക്കാനുണ്ടാകും. അറബ് നാടുകളിലെ 'കഹ്‌വ'യുടെ ഉച്ചാരണ ഭേദമാണ് കാവയെന്ന് പിന്നീടാണ് മനസ്സിലായത്. ഇങ്ങനെ, സുന്നീ ആചാരമായ ദിക്ര്‍ സദസ്സില്‍ എന്തിനാണ് മുജാഹിദ് നേതാക്കള്‍ പങ്കെടുത്തത് എന്ന് ചോദിക്കാം. ജമാഅത്തെ ഇസ്‌ലാമിയുടെ വീക്ഷണത്തില്‍ അവരുടെ നിലപാടില്‍ ശരിയുണ്ട്. ആ വലിയ സ്ഥാപനം കൈയില്‍ കിട്ടുകയും അതുപയോഗിച്ച് തങ്ങള്‍ ആഗ്രഹിക്കുന്ന, സ്വന്തം ലൈനില്‍ പ്രാപ്തരായ പണ്ഡിതനിരയെ വാര്‍ത്തുവിടാന്‍ സാധിക്കുകയുമാണെങ്കില്‍, ദിക്‌റിന്റെ സദസ് ചെറിയ തിന്മയെന്ന നിലയില്‍ സഹിക്കാവുന്നതേയുള്ളൂ. ഇതായിരുന്നു അന്ന് മജുഹിദുകള്‍ സ്വീകരിച്ച നിലപാട്. പില്‍ക്കാലത്ത് ജമാഅത്തിന്റെ നയനിലപാടുകളോട് അവരുടെ വിമര്‍ശം സംഘടനാ വൈരാഗ്യം കൊണ്ടാവാം.
മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് അക്കാലത്ത് വാഴക്കാട്ട് വലിയൊരു സ്വീകരണം നല്‍കുകയുണ്ടായി. അതിനു വേണ്ടി കെ. മൊയ്തു മൗലവി രചിച്ച അറബിക്കവിതയിലെ രണ്ട് വരി ഓര്‍മയിലുണ്ട്.
യാ ഖൗമനാ അസ്സിസൂ ഫില്‍ ഹിന്‍ദി മംലകതന്‍
മഹ്കൂമത്തന്‍ ബികിതാബില്ലാഹി തഅ്‌സീസാ
മുതവ്വിജീന ജിനാഹന്‍ താജ മക്‌റമത്തിന്‍
വ അഖ്‌രിജൂ മിന്‍ഹുനാ ഗാന്ധീ വ ഇബ്‌ലീസാ
(ജനങ്ങളേ, അല്ലാഹുവിന്റെ കിതാബുകൊണ്ട് ഭരിക്കപ്പെടുന്ന ഒരു രാഷ്ട്രം ഇന്ത്യാ രാജ്യത്ത് കെട്ടിപ്പടുക്കുക. ജിന്നാ സാഹിബിനെ ആദരവിന്റെ കിരീടം അണിയിക്കുക. ഗാന്ധിയെയും ഇബ്‌ലീസിനെയും പുറത്താക്കുക).
ഇതെഴുതുന്ന കാലത്ത്, വിദ്യാര്‍ഥിയായ മൊയ്തുമൗലവി ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് കേട്ടിട്ടുപോലുമുണ്ടാവില്ല. അന്ന് ജമാഅത്ത് രൂപവത്കരിക്കപ്പെട്ടോ എന്നതു തന്നെ സംശയമാണ്. പാകിസ്താന്‍ പ്രസ്ഥാന കാലത്തെ ലീഗ്-മുജാഹിദ് മനസ്സാണ് കവിതയിലുടനീളം നിറഞ്ഞു നില്‍ക്കുന്നത്. പാകിസ്താനെന്നാല്‍ തനി ഇസ്‌ലാമിക രാഷ്ട്രം എന്നാണ് ലീഗ്-മുജാഹിദ് നേതൃത്വം അവകാശപ്പെട്ടിരുന്നത്. അങ്ങനെയൊരു രാഷ്ട്രം ഇന്ത്യയില്‍ സ്ഥാപിക്കണമെന്ന് കവിതയില്‍ ആഹ്വാനം ചെയ്യുന്നു. കടുത്ത ജിന്നാ സ്തുതിയും ഗാന്ധിവിരോധവും സ്ഫുരിക്കുന്ന ഈ കവിത എഴുതി പ്രദര്‍ശിപ്പിച്ചതായും മൊയ്തുമൗലവി രേഖപ്പെടുത്തിയിട്ടുണ്ട്.
ദാറുല്‍ ഉലൂമിലെ പഠനകാലത്തെ മറ്റൊരു സംഭവം മുക്കത്തെ മുസ്‌ലിം ലീഗ് സമ്മേളനമാണ്. കോണ്‍ഗ്രസ് മുസ്‌ലിം പ്രമാണിമാര്‍ക്ക് മേധാവിത്വമുള്ള പ്രദേശമാണ് അന്ന് മുക്കം. അവിടെ നടക്കുന്ന ലീഗ് പരിപാടി വിജയിക്കേണ്ടത് പാകിസ്താന്‍ സ്‌നേഹികളുടെയെല്ലാം ബാധ്യതയായി മനസ്സിലാക്കിയിരുന്നതിനാല്‍ നാടിന്റെ നാനാ ഭാഗത്തുനിന്നും മുക്കത്തേക്ക് ലീഗുകാര്‍ ഒഴുകിയെത്തി. ദാറുല്‍ ഉലൂമില്‍ നിന്ന് ഏതാണ്ടെല്ലാവരും സമ്മേളനത്തിന് പുറപ്പെട്ടു. മുജാഹിദുകാരായ എല്ലാ അധ്യാപകരും ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയി. ചോദിച്ച വിദ്യാര്‍ഥികള്‍ക്ക് അനുവാദം കിട്ടി. ഫലത്തില്‍, സ്ഥാപനത്തിന് അന്ന് 'അപ്രഖ്യാപിത' അവധി. ശേഷിച്ചത് കോണ്‍ഗ്രസ്സുകാരന്‍ കമ്മുവും മാര്‍ക്‌സിസ്റ്റ് മനസ്സുള്ള ആലുവക്കാരന്‍ അബ്ദുര്‍റഹ്മാനും പന്ത്രണ്ടുവയസ്സുള്ള ചെറിയ വിദ്യാര്‍ഥികളായ രണ്ടു പേരും. അവരില്‍ ഒരാള്‍ ഞാന്‍. സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയ കെ.സി അബൂബക്കര്‍ മൗലവി പ്രഖ്യാപിച്ചു: 'മുക്കം ഫത്ഹ്', നബി(സ)യുടെ മക്കം ഫത്ഹിന്റെ കേരളപ്പതിപ്പാണ് സംഭവിച്ചിരിക്കുന്നത്. അതാണ് മുക്കം ഫത്ഹ്! ഈ സംഭവം ചില സൂചനകള്‍ നമുക്ക് നല്‍കുന്നുണ്ടല്ലോ.
ദാറുല്‍ ഉലൂമിലെ വിദ്യാര്‍ഥികള്‍ പൊതുവെ മികച്ച പഠന നിലവാരം ഉള്ളവരായിരുന്നു. എല്ലാ വിദ്യാര്‍ഥികളും ഒരുപോലെ ആകില്ലെങ്കിലും യോഗ്യരായ വിദ്യാര്‍ഥികളുടെ ഒരു നിര സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. സീനിയര്‍ വിദ്യാര്‍ഥികളില്‍ നാലു പേരെ പ്രത്യേകം ഓര്‍ക്കുന്നു; കെ.എന്‍ ഇബ്‌റാഹീം മൗലവി കടവത്തൂര്‍, കെ. മൊയ്തു മൗലവി വാണിമേല്‍, എന്‍.കെ അഹ്മദ് മൗലവി കടവത്തൂര്‍, മുഹ്‌യിദ്ദീന്‍ ആലുവായ്. ഈ നാലുപേരും പരീക്ഷയില്‍ ഒപ്പത്തിനൊപ്പം വരുമായിരുന്നു. എന്നാല്‍, നാലു പേരും ഒരേ നിലവാരത്തിലായിരുന്നില്ല. കെ.എന്‍ ഇബ്‌റാഹീം മൗലവി പരീക്ഷയുടെ അടുത്ത ദിവസങ്ങളിലേ കിതാബുകള്‍ വായിക്കുമായിരുന്നുള്ളൂ. അങ്ങനെ വായിക്കാന്‍ കഴിഞ്ഞാല്‍, അദ്ദേഹമായിരിക്കും ഒന്നാമന്‍. മുഹ്‌യിദ്ദീന്‍ ആലുവായി ഉറക്കമിളച്ച് പഠിക്കും. അപ്പോള്‍ അദ്ദേഹമായിരിക്കും ഒന്നാമന്‍. തൊട്ടടുത്ത് മൊയ്തു മൗലവിയോ എന്‍.കെയോ ആയിരിക്കും. എടുത്തു പറയാനുള്ള ഒരുകാര്യം, മൊയ്തു മൗലവിയും എന്‍.കെയും അറബിക്കവികളായിരുന്നു എന്നതാണ്. മൊയ്തു മൗലവിയുടെ കവിതകളില്‍, 'കവിത' ഉണ്ടായിരുന്നു. ജീവിതത്തില്‍ ഒരു പുസ്തകവും സ്വന്തമായി വാങ്ങിയിട്ടില്ലാത്ത, കുറിപ്പെഴുതാന്‍ ഒരു നോട്ടു പുസ്തകം പോലും ഇല്ലാത്ത വിദ്യാര്‍ഥിയുണ്ടെങ്കില്‍ അത് ഇസ്ഹാഖലി മൗലവി ആയിരുന്നു. മറ്റു വിദ്യാര്‍ഥികള്‍ സംശയങ്ങളുമായി മൗലവിയെ സമീപിച്ചുകൊണ്ടിരിക്കും. അതിന് മറുപടി പറയാന്‍ ചിലപ്പോള്‍ കിതാബ് മറിച്ചു നോക്കേണ്ടതായി വരും. ഇതില്‍ കവിഞ്ഞ് സ്വന്തം പഠനത്തിന് കിതാബ് നോക്കേണ്ടിവരാറില്ല. ക്ലാസ്സില്‍ അധ്യാപകരെ ചോദിച്ച് ബുദ്ധിമുട്ടിക്കാറുമില്ല. ഗുരുമുഖത്ത് നോക്കിയിരിക്കും; അതുതന്നെയാണ് പഠിത്തം. അങ്ങനെ ഒരു വിദ്യാര്‍ഥിയെ വേറെ കാണാന്‍ സന്ദര്‍ഭമുണ്ടായിട്ടില്ല.
ഭക്ഷണക്ഷാമവും സാമ്പത്തിക ഞെരുക്കവും ദാറുല്‍ ഉലൂമിലും ഒട്ടും കുറവായിരുന്നില്ല. ഞങ്ങള്‍ കുറേ വിദ്യാര്‍ഥികള്‍, അവിടെ നിന്ന് ലഭിക്കുന്ന അരിയുടെ വിഹിതം വാങ്ങി അടുത്തുള്ള ഒരു വീട്ടില്‍ പാകം ചെയ്യിക്കുകയായിരുന്നു പതിവ്. അതിന് അനുവാദം ഉണ്ടായിരുന്നു. അതുകൊണ്ട് വിശപ്പിന് അല്‍പം ആശ്വാസം ലഭിക്കും. എന്നാലും വൈകുന്നേരങ്ങളിലെ വിദ്യാര്‍ഥി കൂട്ടായ്മകളില്‍ ചില രസികന്മാര്‍ അപ്പത്തരങ്ങളെയും രുചികരമായ ഭക്ഷണവൈവിധ്യങ്ങളെയും കുറിച്ച് വാചാലരാകാറുണ്ട്. അപ്പത്തരങ്ങളുടെയും രുചിഭേദങ്ങളുടെയും വര്‍ത്തമാനം കൊണ്ടുള്ള ഒരു ആസ്വാദനമേ ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ.
കൂട്ടത്തില്‍ ഒരു നേരമ്പോക്ക്. ഉമറാബാദ് ദാറുല്‍ ഉലൂമില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ധാരാളം ഉണ്ടാകും. ഒരിക്കല്‍ ഭക്ഷണനിലവാരം മോശമായതിനാല്‍ വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ഒരു വിദ്യാര്‍ഥി - കേട്ടറിവ് പ്രകാരം ഇരിമ്പിളിയം അബ്ദുല്ല- ബഹിഷ്‌കരണത്തില്‍ നിന്ന് വിട്ടുനിന്നു. വിദ്യാര്‍ഥികള്‍ 'കരിങ്കാലി' അബ്ദുല്ലയെ വളഞ്ഞ് 'ജനകീയ' വിചാരണ നടത്താന്‍ തീരുമാനിച്ചു. 'നിങ്ങള്‍ എന്നെ എന്തെങ്കിലും ചെയ്യും മുമ്പ് എനിക്ക് പറയാനുള്ളത് കേള്‍ക്കണം' എന്നായിരുന്നു അബ്ദുല്ലയുടെ വിനീതമായ അപേക്ഷ. വിദ്യാര്‍ഥികള്‍ സദയം അത് അനുവദിച്ചു. അബ്ദുല്ല പറഞ്ഞു തുടങ്ങി: ''സുഹൃത്തുക്കളേ, ഞാന്‍ എന്തുകണ്ടിട്ടാണ് ക്ലാസ് ബഹിഷ്‌കരിക്കേണ്ടത്. വീട്ടില്‍ കിട്ടുന്നതിനെക്കാള്‍ എത്രയോ മെച്ചപ്പെട്ട ഭക്ഷണമാണ് ഇവിടെയുള്ളത്. വാപ്പ അധ്വാനിച്ചുണ്ടാക്കിയ അന്നമാണ് വീട്ടില്‍ കിട്ടുന്നത്. ഇവിടെ നാം ഒരു പൈസയും കൊടുക്കുന്നില്ല. എന്നിട്ട് വീട്ടിലത്തേതിനേക്കാള്‍ നല്ല ഭക്ഷണം കിട്ടുന്നു. പിന്നെ എന്തിനാണ് നാം പഠനം മുടക്കുന്നത്? അല്ലാഹുവിന്റെ ശിക്ഷയെ പേടിക്കേണ്ടേ?'' അബ്ദുല്ലയുടെ ന്യായവാദത്തിനു മുമ്പില്‍ കൂട്ടുകാര്‍ നിശ്ശബ്ദരായി. ഇതായിരുന്നു ആ കാലഘട്ടത്തിലെ സ്ഥിതി.
കൊയപ്പത്തൊടി കുടുംബവും നടത്തിപ്പുകാരായ എം.സി.സി സഹോദരന്മാരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് വാഴക്കാട് ദാറുല്‍ഉലൂം അടച്ചുപൂട്ടി. ഭക്ഷണപ്രശ്‌നവും ഇതിന് നിമിത്തമായി എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതോടെ മുജാഹിദുകള്‍ക്ക് ദാറുല്‍ ഉലൂം നഷ്ടപ്പെടുകയും ചെയ്തു. പിന്നീടൊരിക്കലും അക്കാലത്തെ വൈജ്ഞാനിക നിലവാരത്തില്‍ സ്ഥാപനം നടക്കുകയുണ്ടായില്ല.
ദാറുല്‍ ഉലൂമില്‍ പഠിത്തം മുടങ്ങിയ ശേഷം ആയഞ്ചേരി വീട്ടില്‍ തിരിച്ചെത്തിയ ഞാന്‍ അടുത്ത പ്രദേശത്തെ ചേരാപുരം ജുമുഅത്ത് പള്ളിയില്‍, വാപ്പയുടെ ശിഷ്യന്‍ ചെറിയ്യമ്മദ് മുസ്‌ലിയാരുടെ കീഴില്‍ പഠനം തുടര്‍ന്നു. അവിടെ നിന്നായിരുന്നു നേരത്തെ പറഞ്ഞ ആലിയയിലേക്കുള്ള യാത്ര.
വാല്‍ക്കഷ്ണം: തെങ്ങിലക്കടവ് കടന്ന് വാഴക്കാട്ടെത്തിയപ്പോള്‍ ആദ്യം കണ്ട കാഴ്ച ചെറുപ്രായമായ എന്നെ അമ്പരപ്പിക്കുന്നതായിരുന്നു. കാച്ചിമുണ്ടും ഇറുകിയ കുപ്പായവും തട്ടവും ധരിച്ച് മാപ്പിളപ്പെണ്ണുങ്ങള്‍ പുഴയില്‍ മുങ്ങി എരുന്ത് വാരുന്നു. 'കക്ക, കട്ക്ക' എന്ന കല്ലുമ്മക്കായയുടെ നാടന്‍ ജനുസാണ് 'എരുന്ത്' എന്ന എളമ്പക്ക. നാട്ടില്‍ വരുമ്പോള്‍ കടലും പുഴയും 'കാണാന്‍' പോകുന്ന ഗള്‍ഫ് മോഡല്‍ കുടുംബങ്ങളുടെ ഇക്കാലത്ത് 60 വര്‍ഷം മുമ്പത്തെ തന്റേടികളായ മാപ്പിള പെണ്‍കൊടികളുടെ എരുന്ത് വാരല്‍ കഥ അഭിമാനത്തോടെ ഓര്‍ത്തുപോകുന്നു.
(തുടരും)
Comments