നവീകരണത്തിന്റെ റമദാന്‍ കാലം
വിശ്വാസിക്ക് ആത്മവിചാരണക്കും സ്വയം വിമര്‍ശനത്തിനുമുള്ള അസുലഭ വേളയാണ് റമദാന്‍ പ്രദാനം ചെയ്യുന്നത്. പുനരാലോചനകള്‍ മനുഷ്യനെ അനുനിമിഷം നവീകരിച്ചുകൊണ്ടിരിക്കുന്നു. തെറ്റില്‍നിന്ന് ശരിയിലേക്കും ശരിയില്‍നിന്ന് കൂടുതല്‍ വലിയ ശരിയിലേക്കും അവനെ നയിക്കുന്നു. തെറ്റില്‍ നിന്ന് ശരിയിലേക്കുള്ള യാത്രയാണ് ഒരര്‍ഥത്തില്‍ വിശ്വാസിയുടെ ജീവിതം. അങ്ങനെ വരുമ്പോള്‍ ആത്മവിചാരണയെ വിശ്വാസിക്ക് പടിക്ക് പുറത്തു നിര്‍ത്താനാവില്ലതന്നെ. പരലോക വിചാരണ വന്നെത്തും മുമ്പ് അടിക്കടിയുള്ള സ്വയം വിചാരണ ശീലിക്കുകയും ഭൂമിയിലെ കര്‍മഫലങ്ങള്‍ വീതിക്കപ്പെടുന്ന മഹാനാളിന് കാക്കാതെ നിങ്ങളുടെ വാക്കുകളെയും കര്‍മങ്ങളെയും നീതിയുടെ തുലാസിലിട്ട് നിങ്ങള്‍തന്നെ തൂക്കിനോക്കണമെന്നും പഠിപ്പിക്കപ്പട്ടവരാണ് ഇസ്‌ലാമിക സമൂഹം. ആ അര്‍ഥത്തില്‍ മഹാനായ ഉമറി(റ)ന്റെ പ്രസിദ്ധമായ ഒരു വചനവുമുണ്ട്.
അനുഗ്രഹങ്ങളുടെ വസന്തകാലമായ റമദാനില്‍ വിശ്വാസിയുടെ ആലോചനകള്‍ ഏറിയകൂറും സ്വന്തത്തെ കുറിച്ചാണ്. കഴിഞ്ഞകാലം അവന്റെ മനസ്സിലും ആത്മാവിലും വേദനയുടെ നീറ്റല്‍ ഉണ്ടാക്കുക സ്വാഭാവികം. തിരിഞ്ഞുനോട്ടം അവനെ പലതും ഓര്‍മിപ്പിക്കുന്നു. ജീവിതത്തില്‍ പല വെട്ടും തിരുത്തും ആവശ്യമാണെന്ന തിരിച്ചറിവില്‍ അവന്‍ എത്തിച്ചേരുന്നു. താനനുഭവിച്ച പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ഗതകാലത്തിലേക്ക് നോമ്പ് അവനെ കൂട്ടിക്കൊണ്ടുപോകുന്നു. അവനെ അടക്കി ഭരിച്ചിരുന്ന അഹംബോധത്തിനും സ്വാര്‍ഥതക്കും സാരമായ പരിക്കേല്‍ക്കുന്നു. ഈ ദുന്‍യാവില്‍ തന്റെ നിസ്സാരത ശരിക്കും ബോധ്യപ്പെടുത്താന്‍ വ്രതത്തിന് സഹജമായ ശക്തിയുണ്ട്. ആ ശക്തിവിശേഷം നോമ്പുകാരനില്‍ പരിവര്‍ത്തനത്തിന്റെ തീക്കാറ്റുയര്‍ത്തുന്നു.
മാറ്റത്തിന്റെ പ്രഭവകേന്ദ്രം മനസ്സാണ്. മനസ്സിലാണ് മാറ്റത്തിന്റെ ആദ്യ സ്പന്ദനം തുടികൊട്ടുന്നത്. അത് ശരീരത്തിന്റെ മറ്റു അവയവങ്ങളിലേക്കും തുടര്‍ന്ന് ജീവിത മണ്ഡലങ്ങളിലേക്കും പ്രസരിക്കുകയാണ് ചെയ്യുന്നത്. ചില ആളുകളെ കുറിച്ച് ഒരു സുപ്രഭാതത്തില്‍ നാം പല വാര്‍ത്തകളും കേള്‍ക്കാറുണ്ട്. ജീവിതത്തില്‍ നിരന്തരം തുടര്‍ന്നു വന്ന ഒരു വേണ്ടാതീനം അവസാനിപ്പിച്ച് നല്ല നടപ്പുകാരനായി എന്നും മറ്റുമുള്ള വാര്‍ത്തകള്‍. അധികം ആയുസ്സ് ആ വാര്‍ത്തക്ക് കാണാറില്ല. മറ്റൊരു ദിനം കേള്‍ക്കും, അവന്‍ പഴയത് പിന്നെയും തുടങ്ങിയെന്ന്. ഇത് സമൂഹത്തില്‍ സ്ഥിരമായി നടക്കുന്ന ഒരു സംഭവമാണ്. ഇവരുടെയൊന്നും മാറ്റങ്ങള്‍ മനസ്സില്‍ ആയിരുന്നില്ല രൂപപ്പെട്ടിരുന്നത് എന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മനസ്സറിയാത്ത മാറ്റങ്ങള്‍ക്ക് യാതൊരു സ്വാധീനമോ സ്ഥിരതയോ ഉണ്ടാവില്ല. അതിനാല്‍ ഏറ്റവുമാദ്യം മാറേണ്ടതും സമ്പൂര്‍ണമായി സംസ്‌കരിക്കപ്പെടേണ്ടതും മനുഷ്യ മനസ്സാണെന്ന് വരുന്നു. ആ മനസ്സംസ്‌കരണത്തിന്റെ തുടികൊട്ടാണ് ആരാധനകളിലൂടെ ഉയരുന്നത്. ആരാധനകളില്‍ സവിശേഷവും ത്യാഗപൂര്‍ണവുമായ നോമ്പ് മനസ്സിനെ ജഡികമോഹങ്ങളില്‍നിന്ന് തടഞ്ഞുനിര്‍ത്തി, സഹനവും അച്ചടക്കവും ശീലിക്കാന്‍ പഠിപ്പിക്കുന്നു. മനസ്സിനെ കഠിന പ്രയത്‌നങ്ങളിലൂടെ മെരുക്കിയെടുക്കുകയാണ് വ്രതം ചെയ്യുന്നത്.
മനുഷ്യ മനസ്സ് ഒരു അത്ഭുത പ്രതിഭാസമാണ്. വിസ്മയകരമായ ദൈവിക ദൃഷ്ടാന്തം കൂടിയാണ് അത്. ഒഴിഞ്ഞ കണ്ണാടി പോലെയാണ് പിറന്നുവീഴുമ്പോള്‍ ഒരു കുഞ്ഞിന്റെ മനസ്സ്. കരഞ്ഞു കണ്ണ് തുറക്കുമ്പോള്‍ മുതല്‍ കുഞ്ഞിളം മനസ്സ് ചുറ്റുപാടുകളെയും സംഭവ വികാസങ്ങളെയും ഒപ്പിയെടുക്കാന്‍ തുടങ്ങും. അങ്ങനെ കാലം മുന്നോട്ടു നീങ്ങവേ മനസ്സ് ശരിതെറ്റുകളുടെയും നന്മ തിന്മകളുടെയും ഒരു സഞ്ചിത രൂപമായി മാറിയിട്ടുണ്ടാവും. ബുദ്ധിയും വിവേകവും തിരിച്ചറിവും എല്ലാം കൈവരുന്ന ഒരു പ്രായത്തില്‍ മാത്രമേ മനസ്സിന്റെ സംസ്‌കരണ പ്രക്രിയയെ കുറിച്ച് മനുഷ്യന്‍ ചിന്തിച്ചു തുടങ്ങൂ. അങ്ങനെ ബുദ്ധിപരമായ തലത്തില്‍ ശരിതെറ്റുകളെ വിവേചിച്ചു, തിന്മകളെ വിപാടനം ചെയ്തു നന്മകള്‍ നിലനില്‍ക്കാനും വളര്‍ന്നു പുഷ്പിക്കാനും അനുവദിക്കുന്നതോടെ മനസ്സിന്റെ വരുതിയിലല്ല അവനെന്നും മനസ്സ് അവന്റെ വരുതിയില്‍ ആണെന്നുമുള്ള അവസ്ഥ പ്രാപിക്കുന്നു. കാലം മുന്നോട്ടു നീങ്ങുന്നതിനനുസരിച്ച് മനുഷ്യന്റെ വിസ്മൃതിയും അശ്രദ്ധയും മുതലെടുത്ത് വീണ്ടും മനസ്സില്‍ കളകളും വിളകളും ഇടകലര്‍ന്നു കുമിഞ്ഞുകൂടാം. അതിനനുസരിച്ച് സംസ്‌കരണ പ്രക്രിയയും ആവര്‍ത്തിച്ചേ പറ്റൂ. നാം താമസിക്കുന്ന വീടും ഉറങ്ങുന്ന മുറിയും ശുചീകരിക്കുന്നത് പോലുള്ള ഒരു പ്രക്രിയ തന്നെയാണിത്. വലിയ ഇടവേളകളില്ലാതെ നിറവേറ്റേണ്ട ശുചീകരണ ദൗത്യം. എപ്പോഴെങ്കിലും വൃത്തിയാക്കാന്‍ അല്‍പം വൈകിപ്പോയാല്‍ നമ്മളറിയാതെ വീടും മുറിയും അലങ്കോലമായതായി നാം തിരിച്ചറിയും. ഇതേ അവസ്ഥ തന്നെയാണ് മനസ്സിന്റേതും. ഈ ശുദ്ധീകരണ പ്രക്രിയക്ക് വല്ല കാലതാമസവും നേരിട്ടാല്‍ ഒടുക്കേണ്ടിവരുന്ന വില കനത്തതായിരിക്കും. അത് വീട് വൃത്തിയാക്കാന്‍ വൈകിയാലെന്ന പോലെ നിസ്സാരമാവില്ല. അതിനാല്‍ മനസ്സിന്റെ കാര്യത്തില്‍ നല്ല ജാഗ്രത വേണ്ടതുണ്ട്.
മനുഷ്യനിലെ ഏറ്റവും ശ്രേഷ്ഠ ഭാഗമാണ് മനസ്സ്. വിചാര വികാരങ്ങളുടെയും വിശ്വാസത്തിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രം. ഇതര അവയവങ്ങളെ പട്ടാളവും പരിവാരവുമായി സങ്കല്‍പിച്ചാല്‍ ചക്രവര്‍ത്തിയാണ് മനസ്സ്. രാജാവിന്റെ കല്‍പനകള്‍ സൈന്യം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുകയാണ് ചെയ്യുക. എന്നതുപോലെ മനസ്സാകുന്ന ചക്രവര്‍ത്തിയുടെ ആജ്ഞകള്‍ കടുകിട തെറ്റാതെ ഇതര ശരീരാവയവങ്ങളായ പരിവാരം നടപ്പിലാക്കിക്കൊണ്ടേയിരിക്കും. അതിനാല്‍ മനസ്സ് ശുദ്ധമാണെങ്കില്‍ മറ്റു അവയവങ്ങളും ശുദ്ധമായിരിക്കും. ദുഷിച്ച മനസ്സിനോടൊപ്പം ഇതര അവയവങ്ങള്‍ മാത്രം ശുദ്ധമാവില്ല. നുഅ്മാന്‍ ബ്‌നു ബശീറില്‍ നിന്ന് നിവേദനം ചെയ്ത് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസില്‍ പ്രവാചകന്‍ ഇങ്ങനെ അരുളി: ''അറിയുക, നിശ്ചയം മനുഷ്യശരീരത്തില്‍ ഒരു അവയവമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ചീത്തയായാല്‍ ശരീരം മുഴുവന്‍ ചീത്തയായി. അറിയുക, അതാകുന്നു ഹൃദയം.'' ഹൃദയം ശുദ്ധമായിരിക്കേണ്ടതിന്റെ ആവശ്യകത ശരിക്കും ബോധ്യപ്പെടുത്തുന്ന ഒരു പ്രവാചക മൊഴിയാണിത്.
പ്രവാചകന്‍ ഹൃദയ സംസ്‌കരണത്തിന് ഒട്ടധികം പ്രാധാന്യം കല്‍പിച്ചിരുന്നു. അവിടുന്ന് പഠിപ്പിച്ച അനവധി പ്രാര്‍ഥനകളില്‍ നിന്ന് തന്നെ ആ പ്രാധാന്യം ഗ്രഹിക്കാവുന്നതേയുള്ളൂ. ''അല്ലുഹുവേ, എന്റെ ഹൃദയത്തില്‍ നീ പ്രകാശം നിറക്കേണമേ'', ''ഭക്തിയില്ലാത്ത ഹൃദയത്തില്‍ നിന്ന് അല്ലാഹുവേ ഞാന്‍ നിന്നില്‍ അഭയം തേടുന്നു'', ''ഹൃദയങ്ങള്‍ മാറ്റിമറിക്കുന്നവനേ, എന്റെ ഹൃദയത്തെ നീ നിന്റെ ദീനില്‍ ഉറപ്പിച്ചുനിര്‍ത്തേണമേ'' എന്ന് തുടങ്ങി ഹൃദയ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിരവധി പ്രാര്‍ഥനകള്‍ പ്രവാചകന്‍ പഠിപ്പിച്ചതായി കാണാം.
തന്റെ ബാഹ്യരൂപം നന്നാക്കാന്‍ മനുഷ്യന്‍ സകല പരിശ്രമവും നടത്തും. പണവും സമയവും അതിനായി നീക്കിവെക്കും. പക്ഷേ, അകത്തളത്തിന്റെ പരിശുദ്ധിയെക്കുറിച്ച് യാതൊരു ചിന്തയും അവനുണ്ടാവില്ല. ഇത് പരിതാപകരമായ ഒരു അവസ്ഥയാണ്. അകം അശുദ്ധമായിരിക്കെ പുറം ശുദ്ധമായിട്ടു ഒരു കാര്യവുമില്ല. സല്‍ചിന്ത, സത്യസന്ധത, ഇഖ്‌ലാസ്, ദൈവസ്‌നേഹവും പ്രവാചക സ്‌നേഹവും എന്നിവയാല്‍ ഹൃദയം സമ്പന്നമാകണം. പക, വിദ്വേഷം, അസൂയ, അഹങ്കാരം, ദുരഭിമാനം, പൊങ്ങച്ചം എന്നീ ദുര്‍വികാരങ്ങളില്‍ നിന്ന് മനസ്സ് മുക്തമായിരിക്കണം. അങ്ങനെയാവുമ്പോള്‍ മനുഷ്യന്റെ ശരീരവും അവയവങ്ങളും അതുവഴി സകല കര്‍മങ്ങളും ശുദ്ധവും നിര്‍മലവുമായിത്തീരും.
മനസ്സംസ്‌കരണത്തിന്റെ മുന്നുപാധിയാണ് മനസ്സിനോടുള്ള നിരന്തര സമരം (മുജാഹദത്തുന്നഫ്‌സ്). ഒരു വിശ്വാസി ജീവിതത്തിലുടനീളം ഈ സമരത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. തന്നിലുള്ള ദുഷിച്ച ശീലങ്ങളെയും വേണ്ടാതീനങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ ഈ വഴി തെരഞ്ഞെടുത്തവനാണ് വിശ്വാസി. സ്വയം നോവിച്ചുകൊണ്ടു പോലും മനസ്സിനെ നല്ല ശീലം പഠിപ്പിക്കുന്നവരായിരുന്നു മുന്‍ഗാമികള്‍. ചിലര്‍ സ്വന്തം വീട്ടില്‍ ഖബ്ര്‍ കുഴിച്ചു വെച്ച് ദുര്‍വിചാരം ഉണ്ടാകുമ്പോള്‍ അതില്‍ പോയി കിടന്ന് മനസ്സിനെ നേര്‍വഴിക്ക് കൊണ്ടുവരുമായിരുന്നു.
മനുഷ്യനെ വഴിതെറ്റിക്കാനായി അവസരം പാര്‍ത്തു കഴിയുകയാണ് അവന്റെ പ്രത്യക്ഷ ശത്രുവായ പിശാച്. മനുഷ്യ മനസ്സിനെ വ്യാമോഹങ്ങള്‍ കൊണ്ട് നിറക്കുകയാണ് അവനെ കെണിയില്‍ പെടുത്താനുള്ള മാര്‍ഗമെന്ന് പിശാചിന് അറിയാം. അവന്‍ അത് നല്ലപോലെ പരീക്ഷിക്കുന്നുമുണ്ട്. ആദമിനെയും ഹവ്വയെയും അവന്‍ കെണിയില്‍ വീഴ്ത്തി. എന്നാല്‍ അവരെ അല്ലാഹുവിന്റെ അനുഗ്രഹം ആവേശിച്ചു നില്‍ക്കുന്നതുകൊണ്ട് തെറ്റ് തിരിച്ചറിഞ്ഞ് അവര്‍ അല്ലാഹുവിങ്കലേക്ക് മടങ്ങി, ജീവിതത്തില്‍ നിന്ന് പൈശാചിക സ്വാധീനങ്ങളെ തൂത്തെറിയുന്നതില്‍ വിജയിക്കുകയുണ്ടായി. മോഹിക്കാതിരിക്കാന്‍ മനുഷ്യനാവില്ല. മോഹിക്കുമ്പോള്‍ നല്ലതേ മോഹിക്കാവൂ എന്നു പറയാനുമാവില്ല. മനുഷ്യന്‍ നല്ലത് മാത്രം മോഹിക്കുന്നവനായിരുന്നുവെങ്കില്‍ പ്രവാചക നിയോഗത്തിന്റെയോ വേദാവതരണത്തിന്റെയോ ആവശ്യംതന്നെ ഇല്ലായിരുന്നുവല്ലോ. മോഹമുക്തിയാണ് മോക്ഷ മാര്‍ഗമെന്ന് ഇസ്‌ലാം വിശ്വസിക്കുന്നില്ല. മോഹത്തെ നിഗ്രഹിക്കാനല്ല, നിയന്ത്രിക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. മനസ്സിലൂടെ മിന്നിമറയുന്ന ദുര്‍മോഹങ്ങളുടെ പേരില്‍ മനുഷ്യനെ ശിക്ഷിക്കുന്ന മതവുമല്ല അത്. ഉത്കൃഷ്ട മോഹങ്ങളുടെ സാഫല്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ അത് ഉദാത്തമായി ഗണിക്കുന്നു.
നികൃഷ്ട മോഹങ്ങളെ നിരുത്സാഹപ്പെടുത്തുകയും അത് വെടിയാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. വിശ്വാസിയുടെ ഏറ്റവും വലിയ മോഹം ദൈവപ്രീതി നേടാനുള്ള പ്രവര്‍ത്തനങ്ങളായിരിക്കണമെന്ന് ഇസ്‌ലാമിന് നിര്‍ബന്ധമുണ്ട്. മറ്റെല്ലാ ആഗ്രഹങ്ങള്‍ക്കും അതിനു താഴെ മാത്രമേ സ്ഥാനമുള്ളൂ. അവന്റെ സംസ്‌കാരത്തിനും വിശ്വാസത്തിനും നിരക്കാത്തതൊഴിച്ചു, എന്തും അവനു മോഹിക്കാം. പക്ഷേ, മോഹിക്കുമ്പോള്‍ അവന്റെ മുഖ്യ പരിഗണനയില്‍ അല്ലാഹുവും അവന്റെ പ്രവാചകനും അവരുടെ താല്‍പര്യങ്ങളും വരണമെന്ന് മാത്രം. മോഹങ്ങള്‍ തിരമാലകളെ പോലെ ഒന്നിനു പിറകെ മറ്റൊന്നായി നിലക്കാത്ത പ്രവാഹം പോലെ മനുഷ്യ മനസ്സിന്റെ ഭിത്തികളില്‍ വന്നു പ്രഹരിച്ചുകൊണ്ടിരിക്കും. ഇവിടെ വിശ്വാസിക്ക് സമചിത്തതയോടെയുള്ള നിലപാട് കൈകൊള്ളാന്‍ സാധിക്കണം. മോഹങ്ങളെ അവന്‍ തനിക്കു വിധേയമാക്കണം. ഒരിക്കലും മോഹങ്ങളുടെ അടിമയായി മാറരുത്. മോഹങ്ങളെ മെരുക്കിയെടുത്ത് വേണം മനസ്സിനെ സംസ്‌കരിക്കാന്‍.
വിശ്വാസിയുടെ ആത്മവിചാരണയുടെ അടിവളമായി വര്‍ത്തിക്കേണ്ട ഒന്നാണ് മനസ്സ് അറിഞ്ഞുള്ള ഖേദം. അല്ലാഹുവിനെയും പരലോകത്തെയും ഓര്‍ത്തും ചെയ്തുപോയ അരുതായ്മകളിലുള്ള കുറ്റബോധത്താലും മനസ്സില്‍ നിറയുന്ന ഈ ഖേദം, മനസ്സംസ്‌കരണത്തിലേക്കുള്ള കൈവഴിയാണ്. പ്രമുഖ പണ്ഡിതനായ മാലിക് ബ്‌നു ദീനാര്‍ പറഞ്ഞു: ''ദുഃഖമില്ലാത്ത ഹൃദയം ഒഴിഞ്ഞ വീട് പോലെയാണ്.'' ആള്‍പാര്‍പ്പില്ലാത്ത വീട് ക്ഷുദ്രജീവികള്‍ കൈയേറി പാര്‍പ്പിടമാക്കും. ഇഴജന്തുക്കളുടെ വിഹാര രംഗമായി അത് മാറും. ഇതുപോലെ ഹൃദയത്തില്‍ ആത്മാര്‍ഥ ദുഃഖമില്ലെങ്കില്‍ അവിടം ദുഷ്ചിന്തകളുടെയും ദുര്‍വികാരങ്ങളുടെയും കേളീ രംഗമായി മാറും. ഹൃദയം കൈവിട്ടുപോകുന്നതോടെ അത് വിതക്കുന്ന അനര്‍ഥങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും. ഒരര്‍ഥത്തില്‍ ദുഃഖമാണ് ഹൃദയത്തെ ജീവിപ്പിച്ചു നിര്‍ത്തുന്നത് തന്നെ. ദുഃഖരാഹിത്യം ഹൃദയത്തിന്റെ ആര്‍ദ്രതയും പശിമയും നഷ്ടപ്പെടുത്തും. പരലോക ശിക്ഷയുടെ സൂക്തങ്ങള്‍ ആവര്‍ത്തിച്ചു പാരായണം ചെയ്ത് രാത്രി മുഴുവന്‍ കരഞ്ഞു കഴിച്ചുകൂട്ടിയ പ്രവാചകനും, കൊല്ലന്മാരുടെ ഉലയുടെ അടുത്തുകൂടെ കടന്നുപോയപ്പോള്‍ ഇരുമ്പ് അടുപ്പിലിട്ട് ചൂടാക്കുന്ന ദൃശ്യം നോക്കിനിന്ന് നരകത്തെ ഓര്‍ത്ത് വിങ്ങിപ്പൊട്ടിയ അബ്ദുല്ലാഹിബ്‌നു മസ്ഊദു(റ)മെല്ലാം ഹൃദയത്തിലെ ആര്‍ദ്രതയെയും ദുഃഖത്തെയുമാണ് അടയാളപ്പെടുത്തുന്നത്.
ഇന്ന് മനുഷ്യനെ പലതരം ആധികളും ദുഃഖങ്ങളും അടക്കിഭരിക്കുന്നുണ്ട്. പക്ഷേ, അത് ദുന്‍യാവിലെ ഭൗതിക ആവശ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് മാത്രം. പരലോകത്തെ ഓര്‍ത്ത് ദുഃഖിക്കാന്‍ കഴിയുന്ന അവസ്ഥയെ വിശ്വാസിയുടെ സംസ്‌കരണ വഴിയിലെ നാഴികക്കല്ലായി വിലയിരുത്താം. ഇഹലോക ആധികള്‍ എത്ര അളവില്‍ വര്‍ധിക്കുന്നുവോ അത്ര കണ്ട് പരലോക ദുഃഖം മനുഷ്യ ഹൃദയത്തില്‍ നിന്ന് ഒഴിഞ്ഞുപോകും. പരലോക ചിന്ത വര്‍ധിക്കുന്നതിനനുസരിച്ച് ഇഹലോക ദുഃഖങ്ങളില്‍ നിന്ന് മനുഷ്യന് മോചനം ലഭിക്കുകയും ചെയ്യും.
മനുഷ്യ മനസ്സിന് പല അവസ്ഥകള്‍ ഉണ്ട്. ഒരവസ്ഥയില്‍ നിന്ന് മറ്റൊന്നിലേക്ക് അത് നീങ്ങിക്കൊണ്ടിരിക്കും. ഒരേ ദിവസം തന്നെ പല ഘട്ടങ്ങളിലൂടെ മനുഷ്യന്‍ കടന്നുപോകാം. പ്രധാനമായും മൂന്ന് അവസ്ഥകളാണ് മനുഷ്യ മനസ്സിനുള്ളത്. പാപ പ്രേരക മനസ്സ് (നഫ്‌സുന്‍ അമ്മാറ), വിമര്‍ശനാത്മക മനസ്സ്(നഫ്‌സുല്ലവ്വാമ), പ്രശാന്ത മനസ്സ് (നഫ്‌സുന്‍ മുത്വ്മഇന്ന) എന്നിവ. തിന്മകളുടെയും ദുര്‍വികാരങ്ങളുടെയും വിളനിലമാണ് നഫ്‌സുന്‍ അമ്മാറ. വിമര്‍ശനാത്മക മനസ്സ്, കുറ്റം ചെയ്തു കഴിഞ്ഞാല്‍ അതിന്റെ ഉടമയെ കഠിനമായി ശാസിച്ചുകൊണ്ടിരിക്കും. അല്‍ ഖിയാമ അധ്യായത്തില്‍ അല്ലാഹു നഫ്‌സുല്ലവ്വാമയെയും അന്ത്യദിനത്തെയും (യൗമുല്‍ ഖിയാമ) ഒരുമിച്ച് സത്യം ചെയ്യുന്നതായി കാണാം. തുടക്കം മുതല്‍ ഒടുക്കം വരെ അന്ത്യദിനത്തെ കുറിച്ചുള്ള, മനസ്സിനെ ഇളക്കുന്ന വിവരണമാണ് അധ്യായത്തിലുടനീളം. അന്ത്യദിനത്തിനും ആക്ഷേപ മനസ്സിനും തമ്മിലുള്ള അഭേദ്യ ബന്ധമാണ് ഈ രണ്ട് പ്രതീകങ്ങളെയും ഒരുമിച്ച് സത്യം ചെയ്തു പറയാന്‍ കാരണം. അന്ത്യനാളിനെ സദാ ഓര്‍ത്തുകൊണ്ടിരിക്കുക എന്നത് നഫ്‌സുല്ലവ്വാമയുടെ സവിശേഷതയാണ്. തെറ്റിന്റെ പേരില്‍ മനസ്സിനെ കുറ്റപ്പെടുത്തുമ്പോള്‍, അത് പാരത്രിക ചിന്തയിലേക്ക് ഉണരുകയായി. അന്ത്യനാളിനെ ഓര്‍ക്കുന്ന മനസ്സ് നഫ്‌സുല്ലവ്വാമയായി മാറും. അതിനാല്‍ തന്റെ മനസ്സിനെ നഫ്‌സുല്ലവ്വാമയായി പരിവര്‍ത്തിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരലോകത്തെയും അന്ത്യനാളിനെയും നിരന്തരം ഓര്‍ക്കേണ്ടതുണ്ട്.
പാപപ്രേരിത മനസ്സി(നഫ്‌സുന്‍ അമ്മാറ)ല്‍ നിന്നൊരിക്കലും പരലോക ചിന്ത ഉത്ഭൂതമാവില്ല. പ്രകൃത അധ്യായത്തില്‍ തന്നെ, അത്തരം മനസ്സിനെക്കുറിച്ച് പറയവെ, അല്ലാഹു പറയുന്നു: ''എന്നിട്ടും മനുഷ്യന്‍ അവന്റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു. എപ്പോഴാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ എന്നവന്‍ ചോദിക്കുന്നു'' (അല്‍ ഖിയാമ 5,6). ഈ ചോദ്യം ഉയരുന്ന മനസ്സുകള്‍ 'ലവ്വാമ'യായിട്ടില്ല. മൂന്നാമത്തേത് സംതൃപ്ത മനസ്സാണ്. വിശ്വാസവും ദിവ്യ വെളിച്ചവും അരക്കിട്ടുറച്ച മനസ്സാണിത്. വിശ്വാസത്തിന്റെ ഭൂമിയിലെ ഏറ്റവും വലിയ കേദാരമായ കഅ്ബയേക്കാള്‍ അല്ലാഹുവിന് പ്രിയതരമാണ് ഇത്തരം മനസ്സുകള്‍. ഭക്തിപൂണ്ട മനസ്സ്. അല്ലാഹുവില്‍ സര്‍വതും ഭരമേല്‍പിച്ച മനസ്സ്. അല്ലാഹുവിനെ സ്‌നേഹിക്കുകയും അല്ലാഹുവിനാല്‍ സ്‌നേഹിക്കപ്പെടുകയും ചെയ്ത മനസ്സ്. ഇങ്ങനെ നഫ്‌സുല്‍ മുത്വ്മഇന്നയുടെ വിശേഷണങ്ങള്‍ എണ്ണമറ്റതാണ്.
വിശ്വാസി കിതച്ചും കുതിച്ചും പ്രാപിക്കാന്‍ മത്സരിക്കുന്ന ഒരു മനസ്സാണ് ഇത്. ഇത് ഒരു പദവിയാണ്. അല്ലാഹു ഇത്തരം മനസ്സുകളെയാണ് നാളെ പരലോകത്ത് ആദരിക്കാനിരിക്കുന്നത്. റമദാനിലെ പവിത്ര വേളകളില്‍ പൈദാഹങ്ങള്‍ സഹിച്ചും തന്നിലെ ജഡിക വികാരങ്ങളെ പ്രതിരോധിച്ചും മോഹങ്ങളെ മെരുക്കിയും പുണ്യങ്ങളില്‍ മുഴുകിയും ഓരോ വിശ്വാസിയും മത്സരിച്ച് മുന്നേറട്ടെ, ഈ പദവി പ്രാപിക്കാന്‍ കഴിയും.
[email protected]
Comments