Prabodhanm Weekly

Pages

Search

2011 ജൂലൈ 30

ഹൃദയശുദ്ധി കൈവരുത്താനുള്ള സുവര്‍ണാവസരം

ഹല്‍ഖാ അമീര്‍

സഹോദരങ്ങളേ, സഹപ്രവര്‍ത്തകരേ
പുതിയ പ്രവര്‍ത്തന കാലത്തിന്റെ തുടക്കത്തിലാണ് നമ്മള്‍. 2011-2015 മീഖാതിലേക്കുള്ള സംഘടനാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. അഖിലേന്ത്യാ തലം മുതല്‍ പ്രാദേശിക തലം വരെ പുതിയ നേതൃത്വമാണ് ഇപ്പോഴുള്ളത്. പുതിയ പ്രതിജ്ഞയും പുത്തന്‍ പ്രതീക്ഷകളുമായി മുന്നോട്ടു പോവുകയാണ് നാം. ജമാഅത്തെ ഇസ്‌ലാമി സുപ്രധാന ചുവടുവെപ്പുകള്‍ നടത്താന്‍ തീരുമാനിച്ച മീഖാത്താണിത്. കൂടുതല്‍ സമര്‍പ്പണവും സന്നദ്ധതയും പ്രസ്ഥാനം പ്രവര്‍ത്തകരില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാമൂഹികാന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വേണ്ടി പണിയെടുക്കേണ്ട ചുമതല നമുക്കുണ്ട്. നന്മയുടെ വീണ്ടെടുപ്പിനു വേണ്ടി മുന്നില്‍ നില്‍ക്കാനുള്ള അര്‍ഹതയും സാമൂഹിക മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള ആത്മവിശ്വാസവുമാണ് നമ്മുടെ കൈമുതല്‍. ഈ അര്‍ഹതയും ആത്മവിശ്വാസവും കൂടുതല്‍ ബലപ്പെടുത്തിയാവണം മുന്നോട്ടുള്ള യാത്ര.
പ്രസ്ഥാന പ്രവര്‍ത്തകരുടെ ജീവിത സംസ്‌കരണത്തിന് ഈ മീഖാത്തില്‍ ജമാഅത്ത് വലിയ ഊന്നല്‍ നല്‍കിയിട്ടുണ്ട്. വ്യക്തിയുടെ സംസ്‌കരണം സര്‍വതല സ്പര്‍ശിയായ ഒരു പ്രവര്‍ത്തനമാണ്. മനസ്സാണ് ഈ പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര ബിന്ദുവായി നില്‍ക്കേണ്ടത്. ഹൃദയശുദ്ധിയാണ് ജീവിതം മുഴുവന്‍ ശുദ്ധമായിത്തീരാനുള്ള അടിസ്ഥാന ഉപാധിയെന്ന് പ്രവാചകന്‍(സ) പറഞ്ഞുവെച്ചത് നമ്മളെല്ലാം ഓര്‍ക്കുന്നുണ്ട്. മനസ്സ് നിര്‍മലമാവുമ്പോഴാണ് നമ്മുടെ കര്‍മങ്ങള്‍ കളങ്കരഹിതമാവുന്നത്. ജീവിതത്തില്‍ നന്മയുടെ മാമ്പൂക്കള്‍ വിരിയുന്നതും അപ്പോഴാണ്.
പ്രവാചക ദൗത്യത്തിന്റെ അടിസ്ഥാന ലക്ഷ്യമായി ഖുര്‍ആന്‍ ഇത് വിശദീകരിച്ചിട്ടുണ്ട്. ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥന ഖുര്‍ആന്‍ ഉദ്ധരിക്കുന്നതിങ്ങനെയാണ്: ''ഞങ്ങളുടെ നാഥാ നിന്റെ ആയത്തുകള്‍ ഓതിക്കൊടുക്കുകയും ഗ്രന്ഥവും വിവേകവും പഠിപ്പിച്ചുകൊടുക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവര്‍ക്ക് നീ അവരില്‍ നിന്ന് നിയോഗിക്കേണമേ''(അല്‍ബഖറ 129). നിരക്ഷരരായ ജനതയിലേക്ക് നിയോഗിച്ച പ്രവാചകനെ കുറിച്ച് 'അവരെ സംസ്‌കരിക്കുകയും ഗ്രന്ഥവും വിവേകവും പഠിപ്പിക്കുകയും ചെയ്യുന്നു' എന്നാണ് ഖുര്‍ആന്‍ വിശദീകരിച്ചത്. ഫറോവയുടെ അടുത്ത് പോവുന്ന മൂസാ നബിയോട് ''നീ സംസ്‌കരണം കൈകൊള്ളുന്നില്ലേ'' എന്ന് ചോദിക്കാനാണ് ആവശ്യപ്പെടുന്നത് (അന്നാസിആത്ത് 18). ''അതിനെ (മനസ്സിനെ) സംസ്‌കരിച്ചവന്‍ വിജയിച്ചു, അതിനെ മലിനപ്പെടുത്തിയവന്‍ പരാജയപ്പെട്ടു'' എന്നും ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നു (അശ്ശംസ് 9,10). അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടുത്തുക മാത്രമാണ് മനസ്സിനെ ശുദ്ധമാക്കാനുള്ള വഴി.
റമദാന്‍ നമുക്കു മുമ്പില്‍ വന്നുനില്‍ക്കുന്നു. വ്യക്തികള്‍ക്ക് സ്വയം ശുദ്ധീകരിക്കാനുള്ള മികച്ച സന്ദര്‍ഭമാണ് റമദാന്‍. ജീവിതത്തിലെ കര്‍മങ്ങള്‍ മുതല്‍ ഹൃദയവികാരങ്ങള്‍ വരെ പരിശോധനാ വിധേയമാക്കാന്‍ ബാധ്യസ്ഥമായ കാലം. കാടും പടലും പിഴുതെടുത്ത് മണ്ണൊരുക്കി കര്‍ഷകന്‍ വിത്തിറക്കുമ്പോഴാണ് കൃഷിയില്‍ നിന്ന് സമൃദ്ധമായ വിളവ് ലഭിക്കുക. ദുഷിച്ച മോഹങ്ങളെ പിഴുതെടുത്തും ഭോഗ തൃഷ്ണകളെ നിയന്ത്രിച്ചും വേണം നമുക്ക് മനസ്സിനെ സംസ്‌കരിക്കാന്‍. സംതൃപ്തമായൊരു മനസ്സാണ് നമ്മുടെ ലക്ഷ്യമാവേണ്ടത്.
ഖുര്‍ആന്‍ വിശേഷിപ്പിച്ച പോലെ 'നഫ്‌സ് മുത്വ്മഇന്ന' ആവണം അത്. കര്‍മങ്ങളില്‍ ഇഹ്‌സാന്‍ വളര്‍ത്തണം. അല്ലാഹുവിന്റെ സാന്നിധ്യം അനുഭവിക്കാന്‍ കഴിയുംവിധം നമ്മുടെ തഖ്‌വയെ മെച്ചപ്പെടുത്തണം. പുറത്തെ ഫത്‌വകളല്ല അകത്തെ കാവല്‍ക്കാരനാണ് നമ്മെ നിയന്ത്രിക്കുന്നത് എന്ന് ഉറപ്പ് വരുത്തണം. ജീവിത സംസ്‌കരണത്തിനായുള്ള പരിശ്രമം ഇടവേളകളില്ലാത്ത പ്രവര്‍ത്തനമാണ്; അവസാനിക്കാത്ത യാത്ര. നല്ലതില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെട്ടതിലേക്കായിരിക്കണം അത്.
മനസ്സിനെ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരുന്നവനാണ് കരുത്തനും ബുദ്ധിശാലിയുമെന്ന് റസൂല്‍(സ)പഠിപ്പിച്ചിട്ടുണ്ട്. അതിനെ കടിഞ്ഞാണില്ലാതെ മോഹങ്ങളുടെ പിന്നാലെ മേയാന്‍ വിടുന്നവന്‍ ദുര്‍ബലനും നിര്‍ഭാഗ്യവാനുമാണെന്നും നബി(സ) വിശ്വാസികളെ ഉല്‍ബോധിപ്പിക്കുന്നു.
മോഹങ്ങളുടെ തടവറയില്‍ അകപ്പെട്ടുപോയാല്‍ തസ്‌കിയ്യത്തിന്-മനസ്സംസ്‌കരണത്തിന്- വേണ്ടിയുള്ള യാത്ര ദുഷ്‌കരവും അനന്തവുമായി തോന്നാം. ഈ അനന്തത ചിലപ്പോള്‍ നമ്മെ ഭയപ്പെടുത്തി എന്നു വരാം. എന്നാല്‍ ചിട്ടയിലും ക്രമത്തിലും മുന്നോട്ടുപോയാല്‍ സത്യവിശ്വാസിക്ക് രസകരവും ആനന്ദകരവുമായ അനുഭവമായിരിക്കും അത്. സ്വന്തത്തെ തിരിച്ചറിയുക, ദൃഢനിശ്ചയത്തോടെ മുമ്പോട്ടു പോവുക. അല്ലാഹു നമുക്ക് വഴി കാണിക്കും. ദീനിന്റെ മാര്‍ഗത്തില്‍ നന്മയുടെ പക്ഷം ചേര്‍ന്ന് നമ്മുടെ മനസ്സ് ഉണര്‍ന്നിരിക്കും.
സമൂഹത്തിന്റെ സംസ്‌കരണ ദൗത്യം ഏറ്റെടുക്കാന്‍ കഴിയും വിധം നിര്‍മല മനസ്‌കരാവാനും ഊര്‍ജസ്വലത കൈവരിക്കാനും റമദാന്‍ നമുക്കൊരു സന്ദര്‍ഭമാവട്ടെ. മനസ്സിന്റെ മാലിന്യങ്ങള്‍ നീക്കി ഹൃദയശുദ്ധിയോടെ അല്ലാഹുവിനെ അഭിമുഖീകരിക്കാന്‍ അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ. ആത്മീയോല്‍കര്‍ഷത്തിന്റെ, ഫലപ്രദമായ റമദാന്‍ ആശംസിക്കുന്നു - എല്ലാ സഹോദരങ്ങള്‍ക്കും.

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം