Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 27

പെണ്‍പ്രതിഭകളുടെ രംഗപ്രവേശം

സദ്‌റുദ്ദീന്‍ വാഴക്കാട്

പ്രതിഭാധനരായ ഒരുപറ്റം വനിതകളുടെ രംഗപ്രവേശത്തോടെ കേരളത്തിലെ മുസ്‌ലിം സ്ത്രീ നവജാഗരണ രംഗത്ത് പുതിയ ഉണര്‍വും ആവേശവും ദൃശ്യമായി. ഏതാണ്ട് 1925-65 കാലത്താണ് നവോത്ഥാനത്തിന്റെ ഭാഗമായി സംഘാടകരും എഴുത്തുകാരികളും പ്രഭാഷകരുമായ വനിതകളുടെ അരങ്ങേറ്റത്തിന് ചരിത്രം സാക്ഷിയായത്. മുസ്‌ലിം സ്ത്രീയെ സംബന്ധിച്ച് മുസ്‌ലിം സമുദായത്തിലും സഹോദര സമുദായങ്ങളിലും പ്രചരിച്ചിരുന്ന ധാരണകളില്‍ പലതും തിരുത്തിക്കുറിച്ച ആ പെണ്‍പ്രതിഭകള്‍, സ്ത്രീ മുന്നേറ്റത്തിനുവേണ്ടി ശക്തമായ ഇടപെടലുകള്‍ തന്നെ നടത്തി. ചരിത്ര മാതൃകകളെ പുനഃസൃഷ്ടിച്ചുകൊണ്ട്, കാലഘട്ടം ആവശ്യപ്പെടുന്ന നായകത്വം കുറേയൊക്കെ ഏറ്റെടുക്കുവാന്‍ ആ പെണ്‍പ്രതിഭകള്‍ക്ക് സാധിച്ചു. ഇതിനുമുമ്പ് സ്ത്രീ നവജാഗരണ രംഗത്ത് വനിതാ നേതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നില്ല. അതിനുപോന്ന സ്ത്രീ വ്യക്തിത്വങ്ങള്‍ ആ കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്നില്ല എന്നതാണ് കാരണം. ഈ വസ്തുത മുമ്പില്‍ വെച്ചുകൊണ്ട് സ്ത്രീ പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ നവോത്ഥാന നായകര്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചതാണ് മൂന്നാം ഘട്ടത്തില്‍ നാം കാണുന്നത്.
എം. ഹലീമാബീവി, മുത്തുബീവി, ടി.സി കുഞ്ഞാച്ചുമ്മ, എ.കെ ആയിഷുമ്മ, മര്‍യം ബീവി മരിക്കാര്‍, മൈതീന്‍ ബീവി, ആയിഷ മായന്‍ റഊഫ്, ബി.എസ് സൈദ, നസിയാബി, തങ്കമ്മ മാലിക്, പി.കെ സുബൈദ, പി.ജി ഖദീജ, എ. സൈനബ സുല്ലമിയ്യ, രാജമ്മ യൂസുഫ്, ബീഗം ഹനീഫാ ബി. എ.ബി.റ്റി, മിസിസ് ആര്‍.എസ് ഹുസൈന്‍, വി.എസ് കാസിംബി, മിസ്ത്രസ്, വി.പി സഫിയ, ബി.എസ് സൈറാബീവി ബി.എ.ബി.എല്‍, ഡോ. പി.കെ റാബിയ, കുഞ്ഞീരുമ്മ ടീച്ചര്‍, ഫാത്വിമ ഉമര്‍, എ. ജമീല ടീച്ചര്‍, പി.എന്‍ ഫാത്വിമകുട്ടി തുടങ്ങിയവര്‍ കേരളീയ മുസ്‌ലിം സ്ത്രീമുന്നേറ്റത്തില്‍ പല തലങ്ങളിലായി പങ്കുവഹിച്ചിട്ടുള്ളവരാണ്. ഇവരില്‍ എല്ലാവരും ഒരേ തരക്കാരോ ഒരേവിധത്തില്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായവരോ ഒരേ കാലക്കാരോ അല്ല. അതുകൊണ്ട് തുല്യപ്രാധാന്യത്തോടെയല്ല ഇവരെ പരിഗണിക്കേണ്ടത്. ചിലര്‍, 1930-'60 കാലഘട്ടത്തില്‍ നേതൃപരമായ പങ്കുവഹിച്ചുകൊണ്ട് സ്ത്രീ മുന്നേറ്റങ്ങളെ നയിച്ചവരാണ്. ചിലര്‍ പരിമിതമായ സംഭാവനകളര്‍പ്പിച്ച് നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരാണ്. ചിലര്‍, 1960 കള്‍ക്കുശേഷം രംഗത്തുവന്ന രണ്ടാം തലമുറയില്‍പെട്ടവരാണ്. എങ്കിലും, മലയാളി മുസ്‌ലിം സ്ത്രീയുടെ മുന്നേറ്റ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ ഇവരുടെയെല്ലാം പേരുകള്‍ അനുസ്മരിക്കപ്പെടേണ്ടതാണ്. ഇനിയും ചേര്‍ക്കപ്പെടേണ്ട പേരുകളുണ്ടാകാം.
ഇസ്‌ലാം സ്ത്രീകള്‍ക്കു നല്‍കിയ വ്യക്തിത്വവും സ്ഥാനവും അവകാശങ്ങളും തിരിച്ചുപിടിക്കുക, സ്ത്രീകളുടെ സാമൂഹിക പദവിയും രാഷ്ട്രീയമുള്‍പ്പെടെയുള്ള പൊതുരംഗങ്ങളില്‍ ഇടപെടാനും അനീതിക്കും ചൂഷണങ്ങള്‍ക്കും എതിരായി സമരം ചെയ്യാനുമുള്ള സ്വാതന്ത്ര്യവും നേടിയെടുക്കുക, തൊഴില്‍ പങ്കാളിത്തം, വിദ്യാഭ്യാസ അവകാശവും അവസരവും, സംഘടനാ പ്രവര്‍ത്തനം, പത്രപ്രസിദ്ധീകരണം, സമ്മേളന നടത്തിപ്പ് തുടങ്ങിയവയിലൂടെ സ്ത്രീയുടെ ഇടം പ്രമാണബദ്ധമായും ചരിത്രപരമായും അടയാളപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആവേശോജ്വലമായ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് ഏതാണ്ട് 1925 കാലം മുതല്‍ കേരളത്തില്‍ മുസ്‌ലിം സ്ത്രീകള്‍ നേതൃത്വം നല്‍കിയിരുന്നുവെന്നത് പരിഷ്‌കരണ രംഗത്തെ വിസ്മയകരമായ ചരിത്രവസ്തുതയാണ്. നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ വിജയ പ്രഖ്യാപനം മാത്രമായിരുന്നില്ല ഈ പെണ്‍പ്രതിഭകളുടെ രംഗപ്രവേശം. മറിച്ച്, ഇവിടുത്തെ മുസ്‌ലിം സ്ത്രീ സമൂഹത്തെ വലിയ അളവില്‍ ആവേശം കൊള്ളിക്കുകയും നവജാഗരണ വഴിയില്‍ മുന്നോട്ടുവരാന്‍ ആഹ്വാനം മുഴക്കുകയും ചെയ്ത ചുവടുവെപ്പായിരുന്നു അത്. പൊതുവെ നിലനിന്നിരുന്ന യാഥാസ്ഥിതിക മനസ്സിനെ മറികടന്നുകൊണ്ട് ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ആ മഹതികള്‍ മുസ്‌ലിം സ്ത്രീ മുന്നേറ്റത്തിന് ഗതിവേഗം പകര്‍ന്നത്.
ലേഖനമെഴുത്ത്, പ്രസംഗം, വനിതാ സംഘടനകളുടെ രൂപീകരണം, ക്ലാസുകളുടെയും സമ്മേളനങ്ങളുടെയും സംഘാടനം, വിദ്യാഭ്യാസ പ്രോത്സാഹനം, തൊഴില്‍ പരിശീലനം, അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരായ ബോധവത്കരണം തുടങ്ങിയവയായിരുന്നു പ്രധാനമായും ഈ സ്ത്രീനേതാക്കളുടെ പ്രവര്‍ത്തന മണ്ഡലം. സ്ത്രീകളെ അടിച്ചമര്‍ത്തുന്ന സാമൂഹിക ഘടനയെയും പൗരോഹിത്യ ചൂഷണത്തെയും തെറ്റായ പുരുഷാധിപത്യ പ്രവണതകളെയും അവര്‍ നിരാകരിച്ചു. ഇസ്‌ലാം സ്ത്രീക്ക് നല്‍കിയ അധികാരാവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ ധൈര്യം കാണിച്ചു. സ്ത്രീകളെ ഒരുമിച്ചുകൂട്ടി സംഘടനകള്‍ രൂപീകരിച്ചു. സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. രാഷ്ട്രീയപാര്‍ട്ടികളില്‍ അംഗങ്ങളും പ്രാദേശിക നേതാക്കളുമായി. വിദ്യാലയങ്ങള്‍ കെട്ടിപ്പടുക്കാന്‍ പരിശ്രമിച്ചു. അവകാശങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഭരണാധികാരികളെ സമീപിച്ചു. പല പ്രദേശങ്ങളിലും ചുറ്റിസഞ്ചരിച്ച് ക്ലാസുകളെടുത്തു.
ഈടുറ്റതും ആര്‍ജവ പൂര്‍ണവുമായ ലേഖനങ്ങളിലൂടെയാണ് ഇവരില്‍ പലരും സ്ത്രീ നവജാഗരണ ശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത്. അന്‍സാരി, അല്‍മനാര്‍, മുസ്‌ലിം മിത്രം, മുസ്‌ലിം വനിത, ആധുനിക വനിത, ഭാരത ചന്ദ്രിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ഇവരുടെ ലേഖനങ്ങളും ചരിത്രാഖ്യായികകളും കഥകളും ഏകാങ്കങ്ങളും അച്ചടിച്ചു വന്നു. വിവിധ ഘട്ടങ്ങളില്‍ സി.എന്‍ അഹ്മദ് മൗലവിയും മജീദ് മരിക്കാരും കെ.എം മുഹമ്മദ് മൗലവിയും പ്രസിദ്ധീകരിച്ചിരുന്ന അന്‍സാരി മാസികയിലാണ് ശ്രദ്ധേയമായ സ്ത്രീ രചനകളില്‍ ഏറെയും വെളിച്ചം കണ്ടത്. സ്ത്രീ പ്രതിഭകള്‍ക്ക് അനല്‍പ്പമായ പ്രോത്സാഹനം നല്‍കിക്കൊണ്ട്, മുസ്‌ലിം സ്ത്രീ മുന്നേറ്റത്തെ സി.എന്നും മജീദ് മരിക്കാറും കെ.എം മുഹമ്മദ് മൗലവിയും ശക്തമായി പിന്തുണക്കുകയുണ്ടായി. ഭാഷാപരമായി ഉയര്‍ന്ന നിലവാരവും മികച്ച അവതരണ ശൈലിയുമുള്ള അക്കാലത്തെ രചനകള്‍ക്കു തുല്യമായ സ്ത്രീരചനകള്‍ പില്‍ക്കാലത്ത് ഏറെയൊന്നും ഉണ്ടായിട്ടില്ല. 'സ്ത്രീകളെ സമുദ്ധരിക്കാതെ സമുദായം പുരോഗമിക്കുകയില്ല,1 നവോത്ഥാന പഥത്തില്‍ വനിതകള്‍ പൊരുതണം2 (എം. ഹലീമാബീവി), അബലാ വര്‍ഗത്തിന്റെ ഉദ്ധാരണ മാര്‍ഗങ്ങള്‍3 (പി.കെ സുബൈദ), പൗരാണിക മുസ്‌ലിം സ്ത്രീകളുടെ പാരമ്പര്യം4 (കെ.എം അന്‍സാര്‍ ബീഗം), ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം5 (മറിയം ബീവി മരിക്കാര്‍), മുസ്‌ലിം സ്ത്രീകളും പര്‍ദയും6 (മിസിസ് എ. സൈനബ), ഇസ്‌ലാമിലെ സാമൂഹിക വ്യവസ്ഥിതി7 (മിസിസ് രാജമ്മ യൂസുഫ്), സുല്‍ത്താനയുടെ സ്വപ്നം8 (മിസിസ് ആര്‍.എസ് ഹുസൈന്‍), ഇസ്‌ലാമും സ്ത്രീകളും9 (പി.എന്‍ ഫാത്വിമകുട്ടി), നഴ്‌സ്,10 അപരാധിനി,11 വീരമാതാവ്12 (തങ്കമ്മ മാലിക്), നമ്മുടെ സ്ത്രീകള്‍13 (വി.എസ്. കാസിം ബി മിസ്ത്രസ്), സ്ത്രീയെക്കുറിച്ച ചിന്ത,14 സ്ത്രീത്വം നശിച്ച് അടിമകളാകേണ്ടവരല്ല നമ്മള്‍15 (എം. ഹലീമാബീവി), ഇസ്‌ലാമിലെ രാഷ്ട്ര സംവിധാനം16 (ബി.എസ് സൈറാബീവി ബി.എ, ബി.എല്‍) ചിന്തിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങള്‍17 (വി.പി സഫിയ), ഔലിയ-കഥ18 (തങ്കമ്മ മാലിക്), സ്മരണകളുടെ മുമ്പില്‍19 (വി.പി സഫിയ), മുസ്‌ലിം സ്ത്രീകളുടെ പുരോഗതിക്കാവശ്യമായ ചില പദ്ധതികള്‍20 (എം. ഹലീമാബീവി), മുസ്‌ലിം സ്ത്രീകളുടെ പുരോഗമന മാര്‍ഗങ്ങള്‍21 (പി.വി മറിയം) ത്യാഗവും സേവനവും22 (വി.പി സഫിയ), അവന്‍ കമ്യൂണിസ്റ്റാ23 (എം. തങ്കമ്മമാലിക്), നബിതിരുമേനിയുടെ അന്ത്യനിമിഷങ്ങള്‍24 (പി.കെ സുബൈദ), സ്വര്‍ണ നിയന്ത്രണം25 (കെ.എം അന്‍സാര്‍ ബീഗം), വീരമാതാവ് - ഏകാങ്കം26 (തങ്കമ്മമാലിക്), സ്ത്രീധനവും മഹ്‌റും27 (സല്‍മ), അള്‍ജീരിയയിലെ ജമീല28 (കെ.എം അന്‍സാര്‍ ബീഗം), പെണ്ണും പണവും-കഥ,29 ഹസ്രത്ത് ആയിഷ രണാങ്കണത്തില്‍30 (കെ.എം നഫീസാബീവി), ഭ്രാന്തിപ്പാത്തുമ്മ31 (തങ്കമ്മമാലിക്) തുടങ്ങിയവ കണ്ടെടുക്കാന്‍ കഴിഞ്ഞ അക്കാലത്തെ സ്ത്രീരചനകളാണ്. 'കവിയോട്' എന്ന  പേരില്‍ വി.പി സഫിയയുടെ മാപ്പിളപ്പാട്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്.32

വ്യക്തിചിത്രം
ഇവിടെ പരാമര്‍ശിക്കപ്പെട്ട മുഴുവന്‍ വ്യക്തിത്വങ്ങളെ കുറിച്ചുമുള്ള പൂര്‍ണവിവരങ്ങള്‍ ലഭ്യമല്ല. ചിലരുടെ വിശദമായ ജീവചരിത്രം രേഖപ്പെടുത്താനായിട്ടുണ്ടെങ്കിലും ചിലരുടെ പേരു വിവരം മാത്രമേ അറിയാനായുള്ളൂ. 'മലയാളി മുസ്‌ലിം സ്ത്രീ മുന്നേറ്റത്തിന്റെ ചരിത്രം' എന്ന, ഈ ലേഖകന്റെ പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകത്തില്‍ ഇവരില്‍ ചിലരെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
1. എം. ഹലീമാബീവി. കേരളീയ മുസ്‌ലിം സ്ത്രീ നവോത്ഥാന ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയയായ പ്രതിഭ. സ്വന്തമായി സംഘടന രൂപീകരിച്ചും പത്രങ്ങള്‍ പ്രസിദ്ധീകരിച്ചും ഇവര്‍ ചരിത്രത്തില്‍ ഇടം നേടി. തിരുവല്ല സ്വദേശിനിയായ ഇവര്‍ പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്.33
2. മുത്തുബീവി. മലപ്പുറം ജില്ലയിലെ പുളിക്കല്‍ സ്വദേശിനി. വിദ്യാഭ്യാസ പ്രവര്‍ത്തക. 1930 കളില്‍ കോഴിക്കോട്ട് സാഹസികമായി സ്‌കൂള്‍ തുടങ്ങി. 'ബീവീന്റെ സ്‌കൂള്‍' എന്നറിയപ്പെട്ട ഈ വിദ്യാലയമാണ് ഇപ്പോഴത്തെ പരപ്പില്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍.34
3. ടി.സി കുഞ്ഞാച്ചുമ്മ. തലശ്ശേരി തച്ചറാക്കല്‍ കണ്ണോത്ത് മാളിയേക്കല്‍ തറവാട്ടിലെ അംഗം. വനിതാ സംഘാടനം, വയോജന വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, ആധുനിക വിദ്യാഭ്യാസം, സംഘടിത നമസ്‌കാരം, സാമൂഹിക സേവനം, സാമ്രാജ്യത്വ വിരുദ്ധ സമരം എന്നിവയില്‍ സംഭാവനകളര്‍പ്പിച്ച വ്യക്തിത്വം. 1933-ല്‍ തലശ്ശേരി കേന്ദ്രീകരിച്ച് മുസ്‌ലിം മഹിളാ സമാജം രൂപീകരിച്ച കുഞ്ഞാച്ചുമ്മയുടെ ഇടപെടലുകള്‍ ശ്രദ്ധേയമാണ്.35
4. ആഇഷ മായന്‍ റഊഫ്. തലശ്ശേരി പാറപ്പുറത്ത് കുന്നത്ത് കുഞ്ഞിമ്മായന്‍ സാഹിബിന്റെ മകള്‍. മദ്രാസില്‍നിന്ന് 1930 കളില്‍ ബിരുദം നേടി. 1941-42 കാലത്ത് മഞ്ചേരിയില്‍ മുസ്‌ലിം സ്‌കൂള്‍ ഇന്‍സ്‌പെക്ടറായി. വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ച ഇവര്‍ പിന്നീട് ഭര്‍ത്താവ് റഊഫിനൊപ്പം 1943-ല്‍ ശ്രീലങ്കയിലെത്തി. അവിടെ വിദ്യാഭ്യാസ-രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്നു. കൊളംബൊ മുനിസിപ്പല്‍ കൗണ്‍സിലറും ഡെപ്യൂട്ടി മേയറും സാഹിറു വനിതാ കോളേജിന്റെ പ്രിന്‍സിപ്പലുമായി സേവനമനുഷ്ഠിച്ചു. ആമിന ഹാഷിം സഹോദരിയാണ്.36
5. മര്‍യം ബീവി മരിക്കാര്‍. പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ച പെരുമ്പാവൂരിലെ മജീദ് മരിക്കാറുടെ നാലാമത്തെ മകള്‍. ബി.എ, ലൈബ്രറി സയന്‍സ് (ആഘശയ) ബിരുദം നേടിയ ഇവര്‍ അന്‍സാരി, കൗമുദി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതുകയുണ്ടായി. മജീദ് മരിക്കാറുടെ സമുദായ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്നു.
6. മൈതീന്‍ ബീവി. എം. ഹലീമാബീവിയുടെ മാതാവ്. പ്രസംഗക. വനിതാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിലും മറ്റും ഹലീമാബീവിയോടൊപ്പം നേതൃപരമായ പങ്കുവഹിച്ചു. 1940 കളില്‍ പെരുമ്പാവൂരില്‍നിന്ന് തലശ്ശേരി വരെ യാത്ര ചെയ്ത്, ടി.സി കുഞ്ഞാച്ചുമ്മയെ കാണുകയും 'മുസ്‌ലിം മഹിളാ സമാജ'ത്തെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.
7. തങ്കമ്മ മാലിക്. കൊല്ലം സ്വദേശി പ്രമുഖ പത്രപ്രവര്‍ത്തകന്‍ മാലിക് മുഹമ്മദിന്റെ ഭാര്യ, കോന്നി സ്വദേശിനി. മാലിക് മുഹമ്മദിന്റെ മിത്രം പത്രത്തില്‍ കഥകളെഴുതി. അദ്ദേഹവുമായുള്ള പരിചയം വഴി ഇസ്‌ലാം സ്വീകരിച്ചു. കേരളത്തിലെ ആദ്യത്തെ ഹിന്ദി ബിരുദധാരിണിയായ തങ്കമ്മ മാലിക് വാര്‍ധ, അലഹാബാദ് എന്നിവിടങ്ങളില്‍നിന്ന് ഹിന്ദിയില്‍ ഉന്നത വിദ്യാഭ്യാസം നേടി. 1960 കളില്‍ മികവുറ്റ ഒട്ടേറെ ചെറുകഥകളും ഏകാങ്കങ്ങളും രചിച്ച ശ്രദ്ധേയയായ കഥാകാരിയാണ് തങ്കമ്മ മാലിക്. കൊല്ലം നഗരസഭാ മെമ്പര്‍, കോണ്‍ഗ്രസ് വനിതാ വിഭാഗം പ്രതിനിധി, ഹിന്ദി സാഹിത്യ സമിതി പ്രസിഡന്റ്, പെരുമ്പാവൂരിലെ അഖില കേരള മുസ്‌ലിം വനിതാ സമാജം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1958-ല്‍ വിമോചന സമരത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ചു. 2001-ല്‍ മരണപ്പെട്ടു.37
8. പി.കെ സുബൈദ. പുളിക്കലിനടുത്ത പുത്തുപാടത്തെ പ്രസിദ്ധ പണ്ഡിതന്‍ പി.കെ മൂസ മൗലവിയുടെ മകളും കെ.എസ്.കെ തങ്ങളുടെ ഭാര്യയും. 1942-ല്‍ ജനനം. പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ ആദ്യ വനിത. പ്രമുഖ പ്രസംഗക, എഴുത്തുകാരി. എന്‍.വി അബ്ദുസ്സലാം മൗലവിയുടെ മിഷ്‌കാത്തുല്‍ ഹുദ, അല്‍മനാര്‍, അന്‍സാരി തുടങ്ങിയവയില്‍ നിരവധി ലേഖനങ്ങള്‍ എഴുതി. 1960 കള്‍ മുതല്‍ കേരളത്തിലുടനീളം ഒട്ടേറെ പ്രഭാഷണങ്ങള്‍ നടത്തി. സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും അന്ധവിശ്വാസ-അനാചാരങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതിലും ഇസ്‌ലാഹി പ്രസ്ഥാനത്തിലേക്ക് വനിതകളെ ആകര്‍ഷിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു. മുപ്പതു വര്‍ഷത്തിലേറെ നീണ്ട അധ്യാപന ജീവിതം. കേരള ഇസ്‌ലാമിക് സെമിനാറില്‍ വിഷയം അവതരിപ്പിച്ചിട്ടുണ്ട്.
9. ബി.എസ് സൈദ. പത്തനംതിട്ട സ്വദേശിനിയായ ഇവരെക്കുറിച്ച്, ''സുന്ദരവും സുലളിതവുമായ ഭാഷയില്‍ ലേഖനമെഴുതുവാന്‍ കഴിവുള്ള ഒരു മുസ്‌ലിം യുവതിയാണവര്‍. എറണാകുളം ലോ കോളേജില്‍ നിയമ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. ഇസ്‌ലാമിലെ സമത്വത്തെക്കുറിച്ചും റസൂല്‍ കരീം (സ) ലോകത്ത് വെട്ടിത്തെളിയിച്ച മാര്‍ഗങ്ങളെ പറ്റിയും പ്രതിപാദിക്കുന്ന അവരുടെ ലേഖനം തന്നെ അവരുടെ യോഗ്യതക്കുള്ള ഒരുത്തമ ദൃഷ്ടാന്തമാണ്'' എന്ന് 'അന്‍സാരി' മാസിക 1953-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.38
10.     ബി.എസ് രാജമ്മാള്‍ ബി.എ, ബി.ടി. പത്തനംതിട്ടയിലെ അലിയാര്‍ സാഹിബിന്റെ മകള്‍. എഴുത്തുകാരി. 1953 കാലത്ത് ഹൈസ്‌കൂള്‍ അധ്യാപികയായിരുന്നു. ഇസ്‌ലാമിന്റെ ചരിത്രപരമായ വശങ്ങളെ പറ്റിയാണ് ഇവര്‍ ലേഖനങ്ങള്‍ എഴുതിയിട്ടുള്ളതെന്ന് 'അന്‍സാരി' മാസിക രേഖപ്പെടുത്തുന്നു.39
11.    വി.പി സഫിയ. കോഴിക്കോട് സ്വദേശിനി. ''കവയിത്രി, ലേഖിക എന്നീ നിലകളില്‍ വളര്‍ന്നുവരുന്ന (1955 കാലത്ത്) ഒരു യുവസാഹിത്യകാരി. 'പാതിരാ പൂവിന്റെ ആവലാതി സ്മരണയുടെ മുമ്പില്‍,' 'ത്യാഗവും സേവനവും' എന്നീ ഗദ്യപദ്യ ലേഖനങ്ങള്‍ ഈ മഹതി അന്‍സാരിക്ക് നല്‍കിയിട്ടുണ്ടെ''ന്ന് വ്യക്തി പരിചയത്തില്‍ കുറിച്ചിട്ടുണ്ട്.40
12.     എ. സൈനബ. അരീക്കോട് സ്വദേശിനി. അമ്പയത്തിങ്ങല്‍ അബ്ദുര്‍റഹ്മാന്റെ മകള്‍. എന്‍.വി അബ്ദുസ്സലാം മൗലവിയുടെയും ശൈഖ് മുഹമ്മദ് മൗലവിയുടെയും ശിഷ്യയായി അരീക്കോട് സുല്ലമുസ്സലാമില്‍ നിന്ന് 1959-ല്‍ പഠനം പൂര്‍ത്തിയാക്കി. മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് അഫ്ദലുല്‍ ഉലമ ബിരുദം നേടിയ ഇവര്‍ 1960 കളില്‍ പ്രഭാഷകയും എഴുത്തുകാരിയുമായി രംഗത്തുവന്നു. ചന്ദ്രിക, അന്‍സാരി തുടങ്ങിയവയില്‍ ലേഖനങ്ങള്‍ എഴുതി. സുല്ലമുസ്സലാമിലും തിരൂരങ്ങാടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലും അറബി അധ്യാപികയായിരുന്നു. പ്രമുഖ പണ്ഡിതന്‍ കെ.എം മൗലവിയുടെ മകന്‍ മുഹ്‌യുദ്ദീന്‍ ഉമരിയാണ് ഭര്‍ത്താവ്. തിരൂരങ്ങാടിയില്‍ താമസം.
13.     പി.എന്‍ ഫാത്വിമകുട്ടി മദനിയ്യ. പുളിക്കല്‍ പി.എന്‍ മുഹമ്മദ്കുട്ടി മൗലവിയുടെ മകള്‍. പ്രമുഖ പത്രപ്രവര്‍ത്തകന്‍ സീതി കെ. വയലാറിന്റെ പത്‌നി. 1944-ല്‍ ജനനം. പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍നിന്ന് അഫ്ദലുല്‍ ഉലമ പൂര്‍ത്തിയാക്കി. പ്രഭാഷക, എഴുത്തുകാരി. മുജാഹിദ് പ്രസ്ഥാനത്തിലെ ആദ്യകാല വനിതാ നേതാക്കളിലൊരാള്‍. ഐ.എസ്.എം വിമണ്‍സ് വിംഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. കേരളത്തിനകത്തും പുറത്തും നിരവധി പ്രഭാഷണങ്ങള്‍ നടത്തി. അല്‍മനാര്‍, അല്‍മുര്‍ഷിദ്, മിഷ്‌കാത്തുല്‍ ഹുദ, എം.ഇ.എസ് ജേര്‍ണല്‍ എന്നിവയില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കേരള ഇസ്‌ലാമിക് സെമിനാറിന്റെ വനിതാ സെഷനില്‍ വിഷയാവതാരകയായിരുന്നു. പുളിക്കല്‍, ഫറോഖ്, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളില്‍ സ്‌കൂള്‍ അധ്യാപികയായിരുന്നു. റേഡിയോ പ്രഭാഷണങ്ങളും നിര്‍വഹിച്ചിട്ടുണ്ട്. സഹോദരി പി.എന്‍ ആസ്യ, പ്രഭാഷകയും എഴുത്തുകാരിയുമാണ്.
14.     കുഞ്ഞീരുമ്മ ടീച്ചര്‍. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത ശാന്തപുരം സ്വദേശിനി. കായികാധ്യാപിക, പ്രഭാഷക, ഇസ്‌ലാമിക പ്രവര്‍ത്തക. കോഴിക്കോട് നടക്കാവ് ഹൈസ്‌കൂളില്‍ കായിക അധ്യാപികയായിരുന്ന കുഞ്ഞീരുമ്മ ടീച്ചര്‍ക്ക്, 1972-ല്‍ മികച്ച കായിക അധ്യാപികക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ഈ ബഹുമതി കിട്ടുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം സ്ത്രീ. ജമാഅത്ത് വേദികളില്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രഭാഷണങ്ങള്‍ നടത്തി. ആദ്യകാലത്ത് സ്ത്രീകള്‍ക്കിടയിലെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കാളിത്തം വഹിച്ചു.
15.     എ. ജമീല ടീച്ചര്‍. എടവണ്ണ എ. അലവി മൗലവിയുടെ മകള്‍. അറിയപ്പെടുന്ന പ്രഭാഷക. മുജാഹിദ് പ്രസ്ഥാനത്തിന്റെ വനിതാ നേതാക്കളില്‍ ഒരാള്‍. ഗാനരചയിതാവ്. മുജാഹിദ് വനിതാ വിഭാഗം കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു.41
16.     ഫാത്വിമ ഉമര്‍. പൊന്നാനിയിലെ എം.പി.എം തറവാട്ടിലെ കുഞ്ഞിമുഹമ്മദിന്റെയും സൈനബയുടെയും മകള്‍. പ്രഭാഷക, സംഘാടക. ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല വനിതാ നേതാവ്. 1950 കള്‍ മുതല്‍ സ്ത്രീകള്‍ക്കിടയിലെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായ ഫാത്വിമ ഉമര്‍, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വനിതാ വിഭാഗം കെട്ടിപ്പടുക്കുന്നതില്‍ ആദ്യകാലത്ത് മുഖ്യപങ്കു വഹിച്ചു. മികച്ച പ്രഭാഷകയായ ഇവര്‍, കേരളത്തിലുടനീളം സ്ത്രീ സദസ്സുകളില്‍ പ്രസംഗിച്ചിട്ടുണ്ട്. 1975 നു മുമ്പ് ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗത്വമെടുത്തു.42  
(അടുത്ത ലക്കത്തില്‍ അവസാനിക്കും)
കുറിപ്പുകള്‍:
1.    അന്‍സാരി മാസിക - 1961
2.    അല്‍മനാര്‍ - 1961 മാര്‍ച്ച് 5
3.    അന്‍സാരി - 1961 സെപ്തംബര്‍ 5
4.    അതേ പുസ്തകം
5.    അന്‍സാരി, 1960, സെപ്തംബര്‍ - 4
6.    അന്‍സാരി, 1961 സെപ്തംബര്‍ 5
7.    അന്‍സാരി, 1954 നവംബര്‍ 5
8.    മുസ്‌ലിം മിത്രം മാസിക, 1927 പുസ്തകം 1, ലക്കം 2,3,4,5
9.    അന്‍സാരി 1962, ഏപ്രില്‍ 5
10.    അന്‍സാരി, 1961, പേജ് - 57
11.    അന്‍സാരി, 1960 സെപ്തംബര്‍ - 4
12.    അന്‍സാരി, 1953 നവംബര്‍ 15
13.    മുസ്‌ലിം മിത്രം, 1927, പുസ്തകം-1, ലക്കം-7
14.    അല്‍മനാര്‍, 1960 നവംബര്‍ 5
15.    മുസ്‌ലിം വനിത, മാസിക
16.    അന്‍സാരി, വാര്‍ഷിക വിശേഷാല്‍പ്രതി
17.    അതേപുസ്തകം.
18.    അതേപുസ്തകം.
19.    അന്‍സാരി മാസിക
20.    അന്‍സാരി, 1961 ആഗസ്റ്റ് 5
21.    അതേപുസ്തകം, 1961 ജൂലൈ 5
22.    അന്‍സാരി, 1955 ഫെബ്രുവരി 1
23.    അതേ പുസ്തകം, പേജ് 22
24.    അന്‍സാരി, 1963, മാര്‍ച്ച് 30
25.    അതേപുസ്തകം, പേജ് - 164
26.    അന്‍സാരി നബിദിന വിശേഷാല്‍ പതിപ്പ്, 1953 നവം. 15
27.    അന്‍സാരി, 1957 ജൂലൈ 1
28.    അതേപുസ്തകം, 1957 മെയ് 1
31.    അന്‍സാരി നബിദിന വിശേഷാല്‍ പതിപ്പ്, 1956 ഒക്‌ടോബര്‍
32.    ചിന്തകന്‍ മാസിക, 1954, മെയ് - 1
33.    പ്രബോധനം വാരിക 2013, മെയ് 17
34.    കോഴിക്കോടിന്റെ ചരിത്രം, പരപ്പില്‍ മുഹമ്മദ്‌കോയ. പേജ് - 547
35.    തലശ്ശേരി മുസ്‌ലിം ചരിത്രത്തിലൂടെ ഒരു യാത്ര. വി.കെ കുട്ടു.
36.    ശ്രീലങ്കയില്‍ ഒരു മലയാളി മുസ്‌ലിം വനിതയുടെ വിജയഗാഥ. ആരാമം വനിതാ മാസിക.
37.    തങ്കമ്മ മാലികിന്റെ മകള്‍, അഭിനേത്രി ജമീലാ മാലികുമായുള്ള അഭിമുഖം, ദേശാഭിമാനി-സ്ത്രീ, 2013 മെയ് 14.
38.    അന്‍സാരി നബിദിന വിശേഷാല്‍ പ്രതി, 1953
39.    അതേപുസ്തകം.
40.    അന്‍സാരി വാര്‍ഷിക വിശേഷാല്‍ പ്രതി, 1955 ഫെബ്രുവരി - 1
41.    അഭിമുഖം, എ. ജമീല ടീച്ചര്‍/മുഹ്‌സിന്‍ പരാരി, 25-12-2010 പ്രബോധനം വാരിക.
42.    പ്രസ്ഥാനത്തിന് പെണ്‍വഴി വെട്ടിയ ഫാത്വിമ ഉമര്‍/അഭിമുഖം ഫൗസിയാ ഷംസ്, ആരാമം വനിതാ മാസിക, ഡിസംബര്‍ 2013.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/മര്‍യം/88-92
എ.വൈ.ആര്‍