Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 27

ചോദ്യോത്തരം

മുജീബ്

ഇസ്‌ലാമിക ഭരണത്തില്‍ മദ്യം നിയമം മൂലം നിരോധിച്ചതിനോ അതിന്റെ പേരില്‍ ശിക്ഷ നല്‍കിയതിനോ പ്രവാചകന്റെയോ അവിടുത്തെ സച്ചരിതരായ ഖലീഫമാരുടെയോ ഭരണത്തിന്‍ കീഴില്‍ തെളിവുകളുണ്ടോ?
 അബ്ദുല്‍ ഗഫൂര്‍ കുനിയില്‍

വിശുദ്ധ ഖുര്‍ആന്‍ നിഷിദ്ധമാക്കിയതും ഉപേക്ഷിക്കാന്‍ കല്‍പിച്ചതുമാണ് മദ്യം. മദ്യവര്‍ജനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഖുര്‍ആന്‍ സൂക്തം അവതരിച്ചപ്പോള്‍ കുടിച്ചുകൊണ്ടിരുന്ന മദ്യത്തിന്റെ ബാക്കിയും വാറ്റിയ മദ്യവും വില്‍പനക്ക് വെച്ച മദ്യവുമൊക്കെ പ്രവാചക ശിഷ്യന്മാര്‍ ഒഴിച്ചുകളഞ്ഞതിനാല്‍ മദീനയിലെ തെരുവുകള്‍ പ്രളയമയമായി മാറി എന്ന് വിശ്വാസ്യമായ ഹദീസുകളില്‍ രേഖപ്പെട്ടതാണ്. പിന്നെ എന്താണ് നിയമം മൂലം നിരോധിക്കുക എന്നു പറഞ്ഞാല്‍? ഇന്നത്തെ പോലെ ഖണ്ഡികയും അനുഛേദവും ഉപവകുപ്പുമൊക്കെ കാണിച്ചു ഏത് നിയമമാണ് പ്രവാചകന്റെ കാലത്തുണ്ടായിരുന്നത്? നിരോധത്തിനു ശേഷം മദ്യപിച്ചവര്‍ക്ക് നബി(സ) ശിക്ഷയും ഏര്‍പ്പെടുത്തുകയുണ്ടായി.
ഖലീഫ ഉസ്മാന്റെ സന്നിധിയില്‍, സുബ്ഹ് നമസ്‌കാരാനന്തരം വലീദിനെ ഹാജരാക്കി. അയാള്‍ മദ്യപിച്ചതായി ഒരാള്‍ സാക്ഷ്യം വഹിച്ചു. ഛര്‍ദിക്കുന്നത് കണ്ടതായി മറ്റൊരാളും പറഞ്ഞു. മദ്യപിക്കാതെ ഛര്‍ദിക്കാനിടയില്ലെന്ന് ഖലീഫ ഉസ്മാന്‍ വിധിച്ചു. എന്നിട്ട് അയാളെ അടിക്കാന്‍ അലി(റ)യോട് ആവശ്യപ്പെട്ടു. അലി മകന്‍ ഹസനോട് അടിക്കാന്‍ പറഞ്ഞു. ഹാജരാക്കിയവരോട് തന്നെ ബാക്കിയും ചെയ്യാന്‍ പറയണമെന്നായി ഹസന്‍. അലി അബ്ദുല്ലാഹിബ്‌നു ജഅ്ഫറിനോട് അടി ശിക്ഷ നടപ്പാക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അടി തുടങ്ങി, അലി എണ്ണാനും. 40 ആയപ്പോള്‍ നിര്‍ത്താന്‍ പറഞ്ഞു. പിന്നെ അലി പറഞ്ഞു: ''നബി(സ) 40 ആണടിച്ചത്. അബൂബക്‌റും 40 തന്നെ. ഉമറാകട്ടെ 80-ഉം. എല്ലാം സുന്നത്ത് തന്നെ. ഇതാണെനിക്കിഷ്ടം'' (അബൂസാസാന്‍ വിവരിച്ച സംഭവം മുസ്‌ലിം ഉദ്ധരിച്ചതാണ്. ശിക്ഷാ വിധികള്‍ എന്ന അധ്യായത്തില്‍ 1707-ാം ഹദീസ്). നിയമം മൂലം നിരോധിക്കാത്ത കുറ്റത്തിന് ശിക്ഷ വിധിക്കുമോ? അല്ലെങ്കിലും തിന്മയുടെ മാതാവായ മദ്യം നിരോധിക്കുന്നതിലും മദ്യപന് ശിക്ഷ ഏര്‍പ്പെടുത്തുന്നതിലും ഇസ്‌ലാമിനെ തെറ്റിദ്ധരിക്കേണ്ട കാര്യമെന്തിരിക്കുന്നു. സമൂഹത്തെയും കുടുംബങ്ങളെയും വ്യക്തികളെ തന്നെയും രക്ഷിക്കാനാണ് മദ്യം ഇസ്‌ലാം നിരോധിച്ചത്.

''ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുകയും ഭൂരിപക്ഷത്തെ ക്ഷീണിപ്പിക്കുകയുമാണ് സി.പി.എം ചെയ്യുന്നതെന്ന് 'ആര്‍.എസ്.എസ്' പറയുന്നു. ജമാഅത്തെ ഇസ്‌ലാമിയാകട്ടെ 'കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുകക്ഷിയാണ് സി.പി.എം എന്നത് വലിയ ഗവേഷണമൊന്നും കൂടാതെ' (സി.പി.എം മുഖ്യധാരയിലെ മുസ്‌ലിം- സി. ദാവൂദ് മാധ്യമം ദിനപത്രം 9.11.2013) കണ്ടെത്തിയിരിക്കുന്നു. പിറന്ന മതാടിസ്ഥാനത്തില്‍ പരിഗണിച്ചാല്‍ കേരളീയരില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷവും, മുസ്‌ലിംകളും ക്രിസ്ത്യാനികളും ന്യൂനപക്ഷവുമാണ്. അതുകൊണ്ട് ഒരു മുസ്‌ലിം ലീഗും ഒരുപക്ഷേ കേരള കോണ്‍ഗ്രസും ഒഴിച്ചാല്‍, മറ്റെല്ലാ പാര്‍ട്ടികളുടെയും അംഗങ്ങളില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാവുക സ്വാഭാവികമാണ്. അതുകൊണ്ട് സി.പി.എമ്മും കോണ്‍ഗ്രസ്സും സി.പി.ഐയുമൊക്കെ 'ഹിന്ദു പാര്‍ട്ടി'കളാണെന്ന് പറയുന്നതില്‍ എന്തെങ്കിലും അര്‍ഥമുണ്ടോ? ഏതായാലും ജമാഅത്തെ ഇസ്‌ലാമിയേക്കാള്‍ മുസ്‌ലിംകള്‍ അംഗങ്ങളായും അനുഭാവികളായും സി.പി.എമ്മിലുണ്ട്. മുസ്‌ലിം ഭൂരിപക്ഷമുള്ള ഏതെങ്കിലും മണ്ഡലത്തില്‍ സി.പി.എമ്മിനോട് മത്സരിച്ച് ജയിക്കാന്‍ പോയിട്ട് കെട്ടിവെച്ച കാശ് തിരിച്ചുപിടിക്കാനുള്ള ജനപിന്തുണയെങ്കിലും ജമാഅത്തെ ഇസ്‌ലാമിക്കുണ്ടോ? (എം.എം നാരായണന്‍, മാധ്യമം, 16-11-2013). പ്രതികരണം?
 വി.എം റഹീം

ഏറ്റവും വലിയ ഹിന്ദുത്വ പാര്‍ട്ടി എന്നല്ല ദാവൂദ് തന്റെ ലേഖനത്തില്‍ സി.പി.എമ്മിനെ വിശേഷിപ്പിച്ചത്, ഹിന്ദു പാര്‍ട്ടി എന്നാണ്.  പാര്‍ട്ടിയില്‍ ഭൂരിപക്ഷം അംഗങ്ങളും ഹിന്ദുക്കളായത് മാത്രമല്ല കാരണം; മറ്റു മതസ്ഥരുടെ വിശ്വാസത്തെയും സംസ്‌കാരത്തെയും മനസ്സിലാക്കാനോ അതോട് യുക്തിസഹമായി പ്രതികരിക്കാനോ സി.പി.എമ്മിന് കഴിയുന്നില്ല. ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ രൂക്ഷമായെതിര്‍ക്കുകയും അവര്‍ക്കെതിരെ സാമ്രാജ്യത്വ-മുതലാളിത്ത പക്ഷത്തെ പോലും പിന്താങ്ങുകയും ചെയ്യുന്നു. മുസ്‌ലിം സംഘടനകളില്‍ തന്നെ കടുത്ത യാഥാസ്ഥിതികരോടാണ് പാര്‍ട്ടിക്ക് ആഭിമുഖ്യം. രാഷ്ട്രീയപരമായി ക്രിസ്ത്യന്‍ സാമുദായിക സ്വഭാവമുള്ള കേരള കോണ്‍ഗ്രസ്സിനെ ഒപ്പം കൂട്ടാനുള്ള താല്‍പര്യം മുസ്‌ലിം സാമുദായിക പാര്‍ട്ടികളെ കൂടെ കൂട്ടുന്നതില്‍ സി.പി.എമ്മിനില്ല. തികച്ചും നിരുപദ്രവകരവും എന്നാല്‍ ജനങ്ങള്‍ക്കാകെ ഗുണകരവുമായ കാര്യങ്ങള്‍ ഇസ്‌ലാമിക പശ്ചാത്തലമുള്ള സംഘടനകളാണ് മുന്നോട്ട് വെക്കുന്നതെങ്കില്‍ അതൊക്കെ ശുദ്ധ കാപട്യവും വഞ്ചനയും ദുരുദ്ദേശ്യപരവുമായി ചിത്രീകരിക്കാനാണ് ശ്രമം. മലപ്പുറം ജില്ല ഭരണ സൗകര്യവും വികസനവും ലക്ഷ്യമാക്കി വിഭജിക്കണമെന്ന ആവശ്യത്തെ പോലും വിഘടനവാദമായി വ്യാഖ്യാനിക്കുന്ന മനസ്സ് മറ്റെന്തായാലും ശുദ്ധ മാര്‍ക്‌സിസ്റ്റ് മനസ്സല്ല.


അല്ലാഹു എന്നത് മുസ്‌ലിംകള്‍ ഉപയോഗിക്കുന്ന പദമാണെന്നും ക്രിസ്ത്യന്‍ വിശ്വാസമനുസരിച്ചുള്ള ദൈവത്തിന് അല്ലാഹു എന്ന പദം ഉപയോഗിക്കരുതെന്നും മലേഷ്യയിലെ അപ്പീല്‍ കോടതി വിധിച്ചു. ഇസ്‌ലാംമത തത്ത്വചിന്ത സര്‍വലോക രക്ഷിതാവ് എന്ന അര്‍ഥത്തില്‍ 'റബ്ബുല്‍ ആലമീന്‍' എന്ന് വിവരിക്കുന്നു. മുസ്‌ലിംകളുടെ മാത്രം രക്ഷിതാവ് എന്നര്‍ഥം വരുന്ന 'റബ്ബുല്‍ മുസ്‌ലിമീന്‍' എന്ന് ചുരുക്കുകയാണ് മലേഷ്യന്‍ കോടതി ചെയ്തിരിക്കുന്നത്. ഇതര മതസ്ഥര്‍ അവരുടെ ദൈവത്തെ അല്ലാഹു എന്ന് അഭിസംബോധന ചെയ്യുന്നതില്‍ എന്താണ് തെറ്റ്?
 ഹാറൂണ്‍ തങ്ങള്‍ കൊല്ലം

അറബികളായ യഹൂദരും ക്രിസ്ത്യാനികളുമെല്ലാം ദൈവത്തിന് അല്ലാഹു എന്ന് തന്നെയാണ് പ്രയോഗിക്കാറ്. മുസ്‌ലിംകളില്‍ ഒരു വിഭാഗവും ഇന്നേവരെ അതിനെ എതിര്‍ത്തതായി അറിയില്ല. ദൈവത്തെക്കുറിച്ച സങ്കല്‍പത്തില്‍ വിവിധ മതങ്ങളുടെ കാഴ്ചപ്പാട് ഭിന്നമായിരിക്കെ തന്നെയാണിത്. അന്യൂനവും സമ്പൂര്‍ണവുമായ അര്‍ഥത്തില്‍ അല്ലാഹു എന്ന നാമം ഉപയോഗിക്കുന്നത് കറകളഞ്ഞ ഏകദൈവത്വം വിളംബരം ചെയ്യുന്ന ഇസ്‌ലാം ആണെങ്കിലും, മക്കയിലെ വിഗ്രഹാരാധകര്‍ പോലും അല്ലാഹു എന്ന് വിളിക്കാന്‍ പാടില്ലെന്ന് ഖുര്‍ആനോ ഹദീസോ അനുശാസിച്ചിട്ടില്ല.
മലേഷ്യയിലെ കോടതി വിധി പ്രത്യേക സാഹചര്യത്തിലാണെന്ന് മനസ്സിലാവുന്നു. മലായ് ഭാഷയില്‍ അല്ലാഹു എന്ന പ്രയോഗം ക്രൈസ്തവ മിഷനറിമാര്‍ അവരുടെ സുവിശേഷ പ്രസംഗങ്ങളിലും പ്രചാരണ സാഹിത്യങ്ങളിലും ധാരാളമായി ഉപയോഗിച്ചുകൊണ്ട് മുസ്‌ലിം സാധാരണക്കാരെ കബളിപ്പിക്കുന്നു എന്നാണ് പരാതി. അതിന്റെ നിജസ്ഥിതി മലേഷ്യന്‍ കോടതി വിധി വിശദമായി പഠിച്ചാലേ വ്യക്തമാവൂ.


മുസ്‌ലിം സമുദായം പ്രതിരോധിത സമുദായമായി മാറിക്കൊണ്ടിരിക്കുന്നു. വാര്‍ത്താ ചാനലുകളിലെ ചര്‍ച്ചകളിലും പത്രത്താളുകളിലെ വിശകലനങ്ങളിലും പ്രതിരോധിച്ചു സമയം തീര്‍ക്കുന്ന തിരക്കിലാണ് സമുദായ നേതൃത്വവും പണ്ഡിതന്മാരും. വിവാഹപ്രായം, സമുദായത്തിനകത്തെ വിഭാഗീയത, ചേരിതിരിഞ്ഞുള്ള വാദപ്രതിവാദങ്ങള്‍, കുറ്റകൃത്യങ്ങളിലെ ആധിക്യം, ഏറ്റവും അവസാനമായി സ്വര്‍ണക്കടത്തും. എല്ലാറ്റിലും മുസ്‌ലിം സമുദായം പ്രതിയായി മാറുന്നു. ചാനല്‍ ചര്‍ച്ചകളില്‍ സമുദായ സംഘടനകളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നവരും സമുദായത്തെ പ്രതിരോധിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. സമുദായത്തിനകത്ത് ചീഞ്ഞു നാറുന്ന പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമിക മാനമില്ലെങ്കില്‍ നാമെന്തിന് ന്യായീകരണത്തിനും പ്രതിരോധത്തിനും തുനിയണം?
 എന്‍.പി അബ്ദുല്‍ കരീം, ചേന്ദമംഗല്ലൂര്‍

സാമ്പത്തിക കുറ്റങ്ങളിലും ലൈംഗിക കുറ്റങ്ങളിലും മുസ്‌ലിം സമുദായക്കാര്‍ താരതമ്യേന മുന്‍പന്തിയിലാണെന്ന ധാരണയാണ് പൊതുവെ മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉണ്ടാവുന്നത്. ഇത് കേവലം ദുഷ്പ്രചാരണമാണ് എന്ന് പറയാനുമാവില്ല. സമുദായം പ്രാഥമിക മതപഠനം കൊണ്ട് തൃപ്തിപ്പെടാതെ സെക്കന്ററിതലം വരെയെങ്കിലും മതിയായ ഇസ്‌ലാമിക ശിക്ഷണത്തിന് വ്യവസ്ഥാപിതവും കാര്യക്ഷമവുമായ ഏര്‍പ്പാടുകള്‍ ചെയ്യാത്തതാണ് ഈ ദുസ്ഥിതിക്കൊരു കാരണം. മതപണ്ഡിതന്മാര്‍ നേതൃത്വം നല്‍കുന്ന സംഘടനകള്‍ അപ്രധാനവും അപ്രസക്തവുമായ കാര്യങ്ങള്‍ക്ക് അനര്‍ഹമായ പരിഗണന നല്‍കുന്നതും സുപ്രധാന പ്രശ്‌നങ്ങള്‍ അവഗണിക്കുന്നതുമാണ് രണ്ടാമത്തെ കാരണം. ഏറ്റവും പുതുതായി ഒട്ടുമേ പരിഗണനാര്‍ഹമല്ലാത്ത തിരുകേശം, ജിന്ന് വിവാദങ്ങളാണല്ലോ നമ്മുടെ മത സംഘടനകളുടെ മുഖ്യ അജണ്ട. അതേയവസരത്തില്‍ വ്യാപാരത്തിലെ കൃത്രിമം പ്രബോധനത്തിലെ മുഖ്യ അജണ്ടയാക്കിയ ശുഐബ് നബി(അ)യും സ്വവര്‍ഗരതിക്കെതിരെ പടപൊരുതിയ ലൂത്വ് നബി(അ)യും മതപണ്ഡിതന്മാര്‍ക്ക് മാതൃകയാവുന്നുമില്ല! ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന മുസ്‌ലിം ബുദ്ധിജീവികളോ പണ്ഡിതന്മാരോ അരുതായ്മകളെ ന്യായീകരിക്കുന്ന പൊതു പ്രവണത ഇല്ല. ചിലരുടെ അധാര്‍മിക വൃത്തികളുടെ പേരില്‍ ഇസ്‌ലാമിനെയും മൊത്തം സമൂഹത്തെയും പ്രതിക്കൂട്ടില്‍ കയറ്റുന്നതിനെയാണ് എതിര്‍ക്കുന്നത്. അത് അനാവശ്യമാണെന്ന് പറയാനാവില്ല.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/മര്‍യം/88-92
എ.വൈ.ആര്‍