എഴുത്തുകാര്‍ സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെടണം

മലയാളിയുടെ രാഷ്ട്രീയവും രാഷ്ട്രീയപാര്‍ട്ടികളും അപ്രസക്തമായിക്കൊണ്ടിരിക്കുകയാണെന്നും, രാഷ്ട്രീയവും മലയാളിയും തമ്മിലുള്ള അനുരാഗ നാടകത്തിന്റെ അവസാന രംഗത്തിലാണിന്ന് കേരളമെന്നും (നാടകം തീരാറായി) എന്നാലിതു നല്ലതിനല്ല എന്നും താങ്കള്‍ പറയുകയുണ്ടായി. രാഷ്ട്രീയം ഇങ്ങനെ അവസാനിക്കുമ്പോള്‍ മറ്റെന്തു പ്രേതമാണ് പല്ലിളിച്ചു കൊണ്ടു കയറിവരിക എന്നതാണ് എന്റെ പേടി എന്നും താങ്കള്‍ പറഞ്ഞു. കേരളത്തിന്റെ സാമൂഹിക രംഗത്ത് ഗൗരവ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചേക്കാവുന്ന ഒരു നിരീക്ഷണമാണിത്. വിശദീകരിക്കാമോ?
ജനാധിപത്യം, ഭരണം ഏല്‍പ്പിച്ചിരിക്കുന്ന എജന്റുകളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. വോട്ടിംഗിലൂടെ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികളെ നാം ഭരണത്തിന്റെ ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നു. എന്നാല്‍ കേരളത്തിന്റെ ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെട്ട പാര്‍ട്ടികള്‍ ഒരിക്കല്‍ പോലും അതു ശരിയാം വണ്ണം നിറവേറ്റിയില്ല. അതാണ് കേരളത്തിന്റെ ഇന്നത്തെ ശോചനീയാവസ്ഥക്കു കാരണം. അതിനാല്‍ തന്നെയാണ് കേരളം സാമൂഹികമായി അധഃപതിച്ചതും സാമ്പത്തികമായി തകര്‍ന്നതും. കേരളത്തിന് എത്രയോ പണ്ടേ എത്തേണ്ടിയിരുന്ന നിലയില്‍ ഇന്നും എത്താന്‍ കഴിഞ്ഞിട്ടില്ല. ഈ ഒരു കെടുകാര്യസ്ഥത കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ അവയെ സ്വയം എഴുതിത്തള്ളുകയാണ്. അധികാരം കിട്ടുന്നതുകൊണ്ട് അതിന്റെ തുടര്‍ച്ച ഉറപ്പാക്കാമെന്ന് അവര്‍ കരുതുന്നു. ജനങ്ങള്‍ തുടരെത്തുടരെ വഞ്ചിക്കപ്പെടുകയാണെന്ന അവബോധം ഇന്നത്തെ തലമുറയില്‍ കാണാന്‍ കഴിയുന്നുണ്ട്. ആദ്യം മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെട്ട (അതായത് ഇപ്പോള്‍ അറുപതുകളിലും മറ്റും എത്തിപ്പെട്ടിരിക്കുന്ന) തലമുറയാണ് ഭയങ്കരമായി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട തലമുറ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തലമുറയില്‍പ്പെട്ടവരാണവര്‍. കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളെയൊക്കെ മനസാ വരിച്ചവരാണവര്‍. ആ തലമുറ മരിച്ച് തീര്‍ന്നുകൊണ്ടിരിക്കുകയാണ്. അടുത്ത തലമുറക്ക് ഈ രാഷ്ട്രീയത്തെ ഇത്തരത്തില്‍ കാണാന്‍ കഴിയില്ല. ഇപ്പോഴത്തെ പല രാഷ്ട്രീയ ചലനങ്ങളിലും ഇതു പ്രകടമായിക്കൊണ്ടിരിക്കുന്നതിന്റെ എറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ്, പ്രകടനം നടത്താന്‍ കൂലി കൊടുത്ത് ആളുകളെ കൊണ്ടുവരുന്നതും മറ്റും. ഇതൊക്കെ കൊണ്ടുതന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ അരനൂറ്റാണ്ടുകാലം മലയാളികളോടു കാട്ടിയ വഞ്ചന വെളിച്ചത്തു വന്നു കൊണ്ടിരിക്കുകയാണ്. ഇന്നത്തെ പാര്‍ട്ടികളുടെ ചാടിക്കളിയല്ല രാഷ്ട്രീയമെന്നു പുതുതലമുറ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ഇന്നത്തെ പാര്‍ട്ടി സമരമുറകള്‍ നിശിതമായി വിമര്‍ശിക്കപ്പെടുന്നതും നാം കാണുന്നുണ്ട്. വഴി തടയുക, കല്ലെറിയുക, മുദ്രാവാക്യം വിളിക്കുക, പ്രകടനം നടത്തുക തുടങ്ങിയ സമരമുറകള്‍ തന്നെയാണ് ഭരണകൂടവുമായി ചര്‍ച്ച ചെയ്യാനും ചോദ്യം ചെയ്യാനുമുള്ള മാര്‍ഗമായി ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. അല്ലാതെ ഒരു പുതിയ സമരമുറ ആവിഷ്‌ക്കരിക്കാന്‍ പോലും ഇവര്‍ക്കാവുന്നില്ല. അങ്ങനെ കാലഹരണപ്പെട്ടുപോയ ഒരു പ്രസ്ഥാനമാണിത്. നോക്കുകൂലിയെപ്പോലും അനുകൂലിക്കുന്ന സാമൂഹികവിപത്തിനെ തടുക്കാന്‍ അപര്യാപ്തമായ രാഷ്ട്രീയത്തില്‍ നാം എങ്ങനെയാണ് വിശ്വാസം അര്‍പ്പിക്കുക? ആധുനികതയും സാങ്കേതികതയും ധനത്തിന്റെ ആഗമനവും കേരളീയ സമൂഹത്തില്‍ ഒരു പുതിയ മാറ്റത്തിന് വഴി തെളിയിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ കൈകളിലൂടെയല്ലാതെ ധനം ജനങ്ങളുടെ കൈകളിലേക്കെത്തുന്നു. ഇത്തരത്തില്‍, ഇത്രയും കാലം രാഷ്ട്രീയക്കാര്‍ പിടിമുറുക്കിയിരുന്ന മേഖലകളിലെല്ലാം അയവുവരാന്‍ തുടങ്ങി. പണമായിരുന്നല്ലോ ഒരു പ്രധാന ഘടകം. പക്ഷേ നല്ല സാമ്പത്തിക ഭദ്രതയുള്ള ഒരാള്‍ക്ക് ഈ പാര്‍ട്ടികളുടെ ആവശ്യം ഇല്ലാതായിരിക്കുന്നു. ഇത് പാര്‍ട്ടികള്‍ക്ക് മനസ്സിലാകുന്നില്ല. അവര്‍ അധികാരത്തിലിരിക്കുമ്പോള്‍ അമ്പരന്നങ്ങ് ഇരിക്കുകയാണ്. പക്ഷേ രാഷ്ട്രീയത്തില്‍ പുതുതലമുറ വന്നുകഴിയുമ്പോള്‍ ഇതിനു വ്യത്യാസം വരും. ഒന്നുകില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ രീതിശാസ്ത്രം മാറ്റി ജനങ്ങളോട് ഫ്രണ്ട്‌ലിയാവും. യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഉള്ളതുപോലെ ജനങ്ങളെ കയറി അക്രമിക്കാത്ത പ്രസ്ഥാനമായി മാറും. ഒരു ജനാധിപത്യ രാജ്യത്തും ജനങ്ങളെ കയറി അക്രമിക്കാറില്ല, തെരഞ്ഞെടുപ്പാകുമ്പോള്‍ ഇത്തിരി ബഹളമൊക്കെ കാണും എന്നല്ലാതെ. ജര്‍മനിയിലും ഫ്രാന്‍സിലും തെരഞ്ഞെടുപ്പുകളില്‍ ഒരു പോസ്റ്റര്‍ പോലും കാണാന്‍ സാധിക്കില്ല. എഴുത്തുപെട്ടിയില്‍ കാണുന്ന സ്ലിപ്പ് മാത്രമാണ് ആകെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ. തെരഞ്ഞെടുപ്പില്‍ നമ്മുടെ പാര്‍ട്ടികള്‍ ജയിച്ചു വന്നെന്നിരിക്കും. പക്ഷേ, ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാന ത്തില്‍ അവര്‍ തൃപ്തിയടയേണ്ടി വരും. രാഷ്ട്രീയ പാര്‍ട്ടികളിന്നു കാണിക്കുന്ന അഹങ്കാരവും ധാര്‍ഷ്ട്യവും, ജനങ്ങളുടെ മേലാളന്മാരാണെന്ന രീതിയിലുള്ള പെരുമാറ്റവും, പോലീസിനെ ഉപയോഗിച്ചുള്ള അടിച്ചമര്‍ത്തലും ജനാധിപത്യത്തില്‍ സംഭവിക്കുന്ന ഏറ്റവും മോശപ്പെട്ട കാര്യങ്ങളാണ്. ഇതിനെ മാനിക്കാത്ത സമൂഹവും ഇത്തരം കാര്യങ്ങള്‍ വകവെക്കാത്ത തലമുറയും പ്രായപൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഒരു സമൂല മാറ്റം കേരള രാഷ്ട്രീയത്തില്‍ പ്രതീക്ഷിക്കാം. പക്ഷേ പതിയെ പതിയെ മാത്രമേ ഇതു നടക്കുകയുള്ളൂ. മാറാതിരിക്കാന്‍ അവര്‍ക്കാവില്ല.
ഫ്യൂഡലിസവും കൊളോണിയല്‍ ഭരണവും അവസാനിച്ചെങ്കിലും ഫ്യൂഡല്‍ വ്യവസ്ഥിതിയും കൊളോണിയല്‍ ഭരണസംവിധാനവും ഇന്ത്യയില്‍ അവശേഷിക്കുന്നുവെന്ന് താങ്കള്‍ പറയുകയുണ്ടായി. എന്താണ് ഉദ്ദേശിച്ചത്?
ബ്രിട്ടീഷുകാര്‍ ഭരണം അവസാനിപ്പിച്ചു മടങ്ങിയപ്പോള്‍ ആ കൊളോണിയല്‍ മനഃസ്ഥിതി കൈവിടാതിരുന്ന വിഭാഗമാണ് ഭരണം എറ്റെടുത്തത്. ഇത് ഭരണകൂടം വഴിയുള്ള ഫ്യൂഡലിസത്തെ ഊട്ടിയുറപ്പിച്ചു. ഇംഗ്ലണ്ടുകാര്‍ പോലും ജനാധിപത്യ വിശ്വാസികളായിരുന്നു. വലിയൊരു ജനാധിപത്യ വ്യവസ്ഥിതിയുടെ അടിത്തറയുള്ളവരാണവര്‍. അവര്‍ കോളനി വാഴ്ച നടത്തിയിരുന്നപ്പോഴും അടിസ്ഥാന ജനാധിപത്യവ്യവസ്ഥ കൈവിടാതെയാണ് ഭരണം നടത്തിയത്. പക്ഷേ, അതിനെക്കാള്‍ മോശമായ രീതിയിലാണ് ഭരണം കൈയില്‍ കിട്ടിയപ്പോള്‍ ഇന്ത്യക്കാരന്‍ പെരുമാറിയത്. അവന്റെ തലച്ചോറില്‍ വെള്ളക്കാരന്റെ തലച്ചോറില്‍ ഇല്ലാത്ത ചില വിഷബീജങ്ങളുണ്ട്. ജാതിയും മതവും. ഇന്ത്യന്‍ ഫ്യൂഡലിസത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം എന്നുപറയുന്നത്, ജാതിയും മതവുമാണ്. രാജാവില്‍നിന്ന് പ്രഭുക്കന്മാരിലേക്കും, അവിടെ നിന്നങ്ങനെ താഴേക്കുമുള്ള പ്രയാണത്തെയാണല്ലൊ നാം ഫ്യൂഡല്‍ ശ്രേണി എന്നുപറയുന്നത്. ആ ശ്രേണിക്കകത്ത് ഒന്ന് സാമ്പത്തിക ശ്രേണിയാണ്. ഇന്ത്യന്‍ അവസ്ഥയില്‍ ഇതിനകത്ത് ജാതിയും മതവും കൂടിവന്നു. ഇന്ത്യയിലെ രാഷ്ട്രീയ സ്വാതന്ത്ര്യം ജാതിയിലും മതത്തിലും ഊറിക്കിടക്കുന്നതുകൊണ്ടും, ജാതിയിലും മതത്തിലും ഒരയവും വരാത്തതിനാലും ഈ ഫ്യൂഡല്‍ വ്യവസ്ഥിതി അതുപോലെ നിലനിന്നു. അതിന്റെ മനഃശാസ്ത്രം നമ്മില്‍ കുടികൊള്ളുന്നതുകൊണ്ടാണ് നമ്മള്‍ തെരഞ്ഞെടുത്ത്, ജോലി കൊടുത്ത്, ശമ്പളം കൊടുത്ത്, കാറും ഡ്രൈവറെയും ഏര്‍പ്പാടാക്കി, വീട് കൊടുത്ത് താമസിപ്പിക്കുന്ന ജനപ്രതിനിധിയെ, അല്ലെങ്കില്‍ എന്റെ ജോലി ചെയ്യാന്‍ ഏല്‍പ്പിച്ച ഒരു ഉദ്യോഗസ്ഥനെ കാണുമ്പോള്‍ എഴുന്നേറ്റ് സാറേ എന്നുവിളിച്ചു നാം തൊഴുത്‌നില്‍ക്കുന്നത്. അതൊക്കെക്കൊണ്ടാണ് നമുക്കിടയില്‍ ഒരു യഥാര്‍ഥ ജനാധിപത്യവ്യവസ്ഥിതി നടപ്പിലില്ലാത്തത്. കാരണം, ജനത്തിനു അവന്റെ പ്രതിനിധിയെ തന്നോട് തുല്യനായി കാണാന്‍ ധൈര്യമില്ല. അവന്റെ പ്രതിനിധി പ്രത്യേകിച്ച് ഒരു മന്ത്രിയോ മറ്റോ ആയിക്കഴിഞ്ഞാല്‍ അവനെക്കാള്‍ വലിയ എന്തോ ഒരു സാധനമായിക്കഴിഞ്ഞു എന്നാണ് ഇവരുടെ തോന്നല്‍. ജനാധിപത്യം എന്നുപറയുന്നതു ഒരു കമ്പനിയാണ്. അതിലെ അടിസ്ഥാന ഓഹരിക്കാരാണ് പൗരന്മാര്‍. ആ കമ്പനി നടത്താന്‍ പൗരന്മാര്‍ ശമ്പളം നല്‍കി ഏല്‍പ്പിച്ചു കൊടുക്കുന്നവരാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും. പക്ഷേ അവരെ കണ്ടാല്‍ ജനം തെറ്റിദ്ധരിക്കുന്നത്, അവര്‍ രാജാക്കന്മാരോ, തന്നെക്കാള്‍ വലിയവരോ മറ്റോ ആണെന്നാണ്. ഇതൊരു അസഹനീയമായ അവസ്ഥയാണ്. ജനാധിപത്യത്തിന്റെ അടിത്തറ തന്നെ തകര്‍ക്കുന്ന ഒരു രീതിയാണിത്. ഈയൊരവസ്ഥ ഫ്യൂഡലിസത്തെ പ്രതിഫലിപ്പിക്കുന്നു.
സമ്പത്ത് ചാലകശക്തിയാണെന്നും, അതുണ്ടാക്കുന്നവന്‍ സര്‍ഗാത്മക പ്രതിഭയാണെന്നും താങ്കള്‍ പറയുകയുണ്ടായി. ഉല്‍പ്പാദകരില്ലാത്ത കേരളീയ സമൂഹത്തില്‍ കുമിഞ്ഞു കൂടുന്ന സമ്പത്തിനെ കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഭരണകൂടത്തെ പറ്റിയും താങ്കള്‍ പറഞ്ഞു. ഈ കുമിഞ്ഞു കൂടുന്ന ധനത്തെ ക്രിയാത്മകമായി എങ്ങനെ ഉപയോഗിക്കാമെന്നാണ് താങ്കള്‍ കരുതുന്നത്?
സമ്പത്ത് സ്വരൂപിക്കുക എന്നത് ഒരു സൃഷ്ടിപരതയാണ്. ഒരാള്‍ സമ്പത്തുണ്ടാക്കാന്‍ ഇറങ്ങുമ്പോഴാണ് അയാളുടെ കൈയിലിരിക്കുന്ന മൂലധനം പുറത്തോട്ടുവന്ന് വേറെ ഒരു അഞ്ഞൂറ്, ആയിരം പേരുടെ കൈകളിലേക്ക് ആ മൂലധനം പ്രവഹിക്കുന്നത്. അതയാള്‍ തന്റെ തൊഴിലാളികള്‍ക്കായി വീതിച്ചുകൊടുക്കുന്നു. അതാണ് സൃഷ്ടിപരതയെന്ന് വിശേഷിപ്പിക്കുന്നത്. ഈ സമ്പത്തിനെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ റോള്‍ വളരെ പരിമിതമാണ്. സര്‍ക്കാറില്‍ ജനങ്ങളുടെ വിശ്വാസം കുറഞ്ഞുവരുന്നതാണ് പ്രധാന കാരണം. ഉമ്മന്‍ചാണ്ടിയെപ്പോലുള്ള ഒരാള്‍ ഒരു ആക്റ്റിവിസ്റ്റാണ്; എങ്ങനെയെങ്കിലും കാര്യങ്ങള്‍ നടത്തണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. പക്ഷേ ഉമ്മന്‍ ചാണ്ടിയുടെ വാക്കുകേട്ട് ഞാന്‍ കേരളത്തില്‍ ബിസിനസ് തുടങ്ങിയാല്‍ ഉമ്മന്‍ ചാണ്ടിക്ക് നിയന്ത്രണമില്ലാത്ത ഒത്തിരി കാര്യങ്ങളുണ്ട്. ഉദ്യോഗസ്ഥന്മാര്‍ അവരുടെ അഴിമതിയും ചുവപ്പുനാടയും കൊണ്ട് എന്നെ തകര്‍ക്കും. അത് ഒരുവശത്ത്, മറുവശത്ത് തൊഴിലാളികളും അവരുടെ യൂനിയനുകളും എന്നെ നശിപ്പിക്കും. അപ്പോള്‍ അത്തരത്തില്‍ ഒരു സുരക്ഷിത നിക്ഷേപം കേരളത്തിലില്ല. ഈ കുമിഞ്ഞു കൂടുന്ന പണമെല്ലാം സ്വര്‍ണത്തിലേക്കും സാരിയിലേക്കും റിയല്‍ എസ്റ്റേറ്റിലേക്കുമായി നീങ്ങുന്നു. അതുകൊണ്ടാണ് റിയല്‍എസ്റ്റേറ്റ് വളരുന്നത്. ഈ പണമൊക്കെ സാമ്പത്തികോല്‍പ്പാദനത്തിന് ഉപയോഗിച്ചിരുന്നെങ്കില്‍ കേരളത്തില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിവെച്ചേനെ. ഉദാഹരണത്തിന്, തൊഴിലുറപ്പു പദ്ധതികള്‍ പ്രകാരം പൂച്ചെടികള്‍ വെട്ടുക, പുല്ലുപറിക്കുക, മുതലായ ജോലി യല്ലാത്ത ജോലിക്ക് വേതനം നല്‍കിക്കൊണ്ടിരിക്കുകയാണ് നാം. ഒന്നും ഉല്‍പ്പാദിപ്പിക്കാത്ത ജോലികള്‍ക്കാണ് നാം വേതനം നല്‍കിപ്പോരുന്നത്. ഇതിനു പകരംവെക്കാന്‍, ബഡ്ജറ്റിന്റെ എട്ടു മടങ്ങുവരുന്ന ഈ തുകയ്ക്ക് മതിയായ സുരക്ഷിത നിക്ഷേപ പദ്ധതികള്‍ക്ക് 'റോഡ്മാപ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ്' നല്‍കാന്‍ സര്‍ക്കാറിന് സാധിക്കണം. മുത്തൂറ്റ് പോലുള്ള കുറച്ചു ബിസിനസുകാര്‍ മാത്രമാണ് ഇവിടെ പിടിച്ചു നില്‍ക്കുന്നത്. മത-രാഷ്ട്രീയ-സാമൂഹികമായ എല്ലാ കുരുക്കുകളും അഴിച്ചെടുത്താണ് അവരതു ചെയ്യുന്നത്. ഇത് എല്ലാവര്‍ക്കും കഴിയണമെന്നില്ല. അതിനുള്ള ബാധ്യത സര്‍ക്കാറിനാണ്.
കേരളത്തിന്റെ സാമൂഹിക പരിസരത്തെ വളരെ സങ്കുചിതമാക്കുകയും മനസ്സുകളെ വളരെ കുടുസ്സാക്കുകയും ചെയ്യുന്ന പല പ്രകടമായ മാറ്റങ്ങളും നാം ഇന്ന് കണ്ടുവരുന്നു. ഇതിനു രാഷ്ട്രീയത്തെക്കാളേറെ മതത്തിനും, അതിലേറെ മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്ന് താങ്കള്‍ പറഞ്ഞുവല്ലൊ. എന്തൊക്കെയാണ് ആ മാറ്റങ്ങള്‍?
മതവിശ്വാസം ഒരോരുത്തരുടെയും ജന്മാവകാശമോ പൗരാവകാശമോ ആണ്. പക്ഷേ, പല മതങ്ങളും മതവിശ്വാസത്തെ ഒന്നിനൊന്നു ചുരുക്കി പൗരനെ, അതായത് വിശ്വാസിയെ മൂക്കുകയറിട്ട് പിടിച്ചിരിക്കുകയാണ്. പണ്ടില്ലാത്ത രീതിയിലൊരു ഭ്രാന്താലയം ഇവരൊക്കെ സൃഷ്ടിച്ചിരിക്കുകയാണ്. അന്ന് വിവേകാനന്ദന്‍ പറഞ്ഞപ്പോള്‍ ഇതു മറ്റൊരു രീതിയില്‍ പ്രകടമായിരുന്നു. വീണ്ടും പുതിയ രൂപത്തില്‍ ഇത് അവതരിച്ചിരിക്കുകയാണ്. അതിന് വഴിയൊരുക്കിയത് മറ്റ് രണ്ട് ഘടകങ്ങള്‍ (മാധ്യമങ്ങളും രാഷ്ട്രീയവും) കൂടിയാണ്. മതപുരോഹിതന്മാര്‍ എത്ര കിണഞ്ഞു പരിശ്രമിച്ചാലും ഇത്രയും വലിയ ആശയങ്ങള്‍ കോടിക്കണക്കിന് ആളുകളുടെ ചെവിയില്‍ എത്തിക്കുക അസാധ്യമാണ്. നവോത്ഥാനത്തിന്റേയും മതേതരത്വത്തിന്റേയും ആശയങ്ങളെ, ജാതിയും മതവുമല്ല, മനുഷ്യരും സംസ്‌കാരവുമാണ് പ്രധാനമെന്ന ആശയങ്ങളെ, ജനങ്ങളില്‍ നിക്ഷേപിക്കാനുള്ള ആശയ വിക്ഷേപണശേഷി മാധ്യമങ്ങള്‍ക്കുണ്ടായിരുന്നു. ആ മാധ്യമങ്ങളാണ് തെളിഞ്ഞും ഒളിഞ്ഞും ഇത്തരം സങ്കുചിത ചിന്താഗതികള്‍ മനുഷ്യരില്‍ നിക്ഷേപിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത്. മണ്‍മറഞ്ഞുകൊണ്ടിരുന്ന അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളെയും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് സമൂഹത്തില്‍ പ്രതിഷ്ഠിച്ചതില്‍ മാധ്യമങ്ങളുടെ പങ്ക് ജുഗുപ്‌സാവഹമാണ്. മാധ്യമങ്ങള്‍ അവരുടെ പ്രചാരണത്തിനും സാമ്പത്തിക ഭദ്രതക്കും, പരസ്പര കിടമത്സരത്തില്‍ വിജയം ഉറപ്പിക്കേണ്ടതിനും ഇതൊക്കെ കുത്തിപ്പൊക്കി കൊണ്ടുവന്നു. അതിനൊക്കെ ഇവര്‍ കണ്ട മേച്ചില്‍പ്പുറം ജാതിയും മതവുമാണ്. വാസ്തവങ്ങള്‍ എന്നുള്ള രീതിയില്‍ സാധാരണക്കാര്‍ക്കിടയില്‍ ഈ രോഗം പടര്‍ത്തുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. ഇങ്ങനെയാണ് ഇവിടെ നമ്പര്‍വണ്‍ സര്‍ക്കുലേറ്ററാണെന്നൊക്കെ പറഞ്ഞു മാധ്യമങ്ങള്‍ വളര്‍ന്നത്. അല്ലാതെ മൗലവിമാര്‍ വഴിയോ പൂജാരിമാര്‍ വഴിയോ, മെത്രാന്മാര്‍ വഴിയോ (അവര്‍ ഇതിലൊക്കെ വളരെ ശ്രദ്ധപുലര്‍ത്തുന്നവരാണ്) രാഷ്ട്രീയക്കാര്‍ വഴിയോ അല്ല. രാഷ്ട്രീയക്കാര്‍ ജനങ്ങളെ മുഖാമുഖം കാണേണ്ടവരും ഉത്തരം പറയേണ്ടവരുമാണ്. പക്ഷേ, മീഡിയക്ക് മുഖാമുഖം നിന്ന് ജനങ്ങളോട് ഉത്തരം പറയേണ്ടതില്ലല്ലോ. ഇതു വളരെ അപകടകരമായ അവസ്ഥയാണ്.
തീവ്ര ദേശീയതക്കും മതതീവ്രവാദത്തിനുമെതിരായ താങ്കളുടെ കടുത്ത നിലപാടുകള്‍ എഴുത്തുകളില്‍ പ്രതിഫലിക്കാറുണ്ടോ?
ആ ബോധമില്ലാതെ നമുക്ക് എഴുതാന്‍ പറ്റുകയില്ലല്ലോ. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തീവ്രദേശീയതയും മതതീവ്രവാദവും തന്നെയാണ്. എഴുത്തുകാരിലുപരി, പൗരന്മാര്‍ക്കാണ് ഈ ബോധമുണ്ടാകേണ്ടത്. ഞാനൊരു നല്ല പൗരനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു നല്ല പൗരനേ ഒരു നല്ല ഏഴുത്തുകാരനാകാനാവൂ. നമ്മുടെ ഭരണഘടനയെയും, നീതിന്യായ വ്യവസ്ഥയെയും നാം ബഹുമാനിക്കണം. നമുക്കൊരു പ്രശ്‌നം വന്നാല്‍ നാം ഓടിച്ചെല്ലുന്നത് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കോ കോടതിയിലേക്കോ ആണ്. അല്ലെങ്കില്‍ ഇതൊന്നുമില്ലാതെ നാം ജീവിക്കാന്‍ തയാറാവണം. അത് അസാധ്യമാണ്. അതിനാല്‍ നാം നല്ല പൗരന്മാര്‍ ആകേണ്ടതുണ്ട്. പക്ഷേ, ഈ വ്യവസ്ഥിതിയില്‍ പ്രശ്‌നങ്ങള്‍ കാണുമ്പോള്‍, അതു ചോദ്യം ചെയ്യാന്‍ നാം തയാറാവുക തന്നെ വേണം.
ഒരു പുരുഷാധിപത്യ സമൂഹമാണല്ലോ കേരളത്തിലേത്. അബോധമായ പുരുഷമേധാവിത്വം/പുരുഷ പ്രമാണിത്തം കേരളത്തില്‍ വേരുറച്ചു കിടക്കുന്നതായി താങ്കള്‍ പറയുകയുണ്ടായി. സിനിമ പോലുള്ള കലാരൂപങ്ങളും ഇതില്‍നിന്ന് മുക്തമാവുന്നില്ല. സ്ത്രീകളോടുള്ള സമീപനത്തെയും മനോഭാവത്തെയും ഗുരുതരമായി ബാധിക്കുന്ന ഈ അവസ്ഥാ വിശേഷത്തെ എങ്ങനെ ഇല്ലാതാക്കാം? ഇതിനുവേണ്ടി സ്ത്രീകള്‍ക്ക് എന്തു ചെയ്യാനാവും?
വീടുകളില്‍നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും തന്നെയാണ് മാറ്റങ്ങളുടെ മാറ്റൊലി മുഴങ്ങേണ്ടത്. വിധേയത്വ സ്വഭാവം സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ സ്ത്രീകളും കൂടി കാരണക്കാരാണ്. ഇത് ഫ്യൂഡലിസത്തിന്റെയും പാരമ്പര്യവാദത്തിന്റെയും കൂടി ബാക്കിപത്രമാണ്. ആണ്‍കുട്ടിയോട്, നീയാണ് നിന്റെ അനുജത്തിയെക്കാളും ജ്യേഷ്ഠത്തിയെക്കാളും വലുതെന്ന് പറഞ്ഞു പഠിപ്പിക്കുന്നത് അവള്‍ തന്നെയാണ്. വീട്ടില്‍ അഛനമ്മമാര്‍ പെരുമാറുന്നത് കണ്ടാണ് മക്കള്‍ പഠിക്കുന്നത്. വീട്ടിലെ അകത്തളങ്ങളില്‍ സമത്വം നിലനിന്നില്ലെങ്കില്‍ പിന്നെ എവിടെ നിന്നാണ് അവര്‍ക്കീ പാഠങ്ങള്‍ കിട്ടുക? സാമൂഹികപാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്ന മറ്റൊരു സ്ഥാപനമാണ് വിദ്യാലയം. അവിടുന്നവര്‍ക്ക് അത്യാവശ്യമായി ശരീരശാസ്ത്രം, ലൈംഗികത, എന്താണ് ഉല്‍പ്പാദന പ്രക്രിയ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും, സ്ത്രീ-പുരുഷന്മാര്‍ എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും, ശരീരത്തിലെ ഈ വ്യത്യാസങ്ങളേ ഉള്ളൂ, അതിലുപരി ഇരുകൂട്ടരും കേവലം മനുഷ്യരാണ്, ഒരു തരത്തിലും വ്യത്യാസമില്ല എന്നുമൊക്കെയുള്ള പാഠങ്ങള്‍ പകര്‍ന്നു നല്‍കണം. സ്ത്രീയും പുരുഷനും തമ്മിലുള്ള ആകര്‍ഷണത്തെ ഇത്തരത്തില്‍ പിടിച്ചു വാങ്ങി, വഴിയേ പോകുന്ന സ്ത്രീകളെയെല്ലാം ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്ന ഈ മനഃസ്ഥിതിയെ മറ്റൊരു വിധത്തില്‍ മാറ്റിയെടുക്കുക തീര്‍ത്തും അസാധ്യമാണ്.
കേരളീയ സമൂഹത്തിന്റെ ഏറ്റവും നല്ല ഗുണങ്ങളിലൊന്നാണ് വായന. പത്രങ്ങള്‍ വായിക്കാത്ത, പ്രഭാഷണങ്ങളും വാര്‍ത്തകളും കേള്‍ക്കാത്ത കേരളീയനെ കാണുക അപൂര്‍വമാണ്. അതുകൊണ്ടുതന്നെ സാംസ്‌കാരിക നായകര്‍ക്കും സാഹിത്യപ്രതിഭകള്‍ക്കും കലാകാരന്മാര്‍ക്കും താരമൂല്യം കൂടുതലുള്ള നാടാണ് നമ്മുടേത്. ജീര്‍ണാവസ്ഥയില്‍ കിടക്കുന്ന കേരളീയ സാമൂഹിക പരിസരത്തെ നവോത്ഥാനത്തിലേക്ക് നയിക്കാന്‍ എറ്റവും സാധ്യമാവുക ഇവര്‍ക്ക് തന്നെയാണ്. ഇവരുടെ ഇടപെടലുകള്‍ പ്രസക്തവുമാണ്. പക്ഷേ ഇന്ന് ഇവരില്‍ പലരിലും കാണുന്ന നിസ്സംഗതയെയും നീണ്ട മൗനത്തെയും എങ്ങനെയാണ് നോക്കിക്കാണുന്നത്?
സമൂഹത്തില്‍ സ്വാധീനമുള്ളവര്‍ തന്നെയാണ് സാഹിത്യ പ്രതിഭകളും, കലാകാരന്മാരും. അതുകൊണ്ട് അവര്‍ കൂടുതല്‍ ജാഗരൂകരായിരിക്കണം. അഭിനയത്തിന്റെ കാര്യത്തിലായാല്‍ പോലും നമ്മള്‍ എടുക്കുന്ന റോള്‍ കമ്യൂണലാണെങ്കില്‍, കമ്യൂണലിസത്തിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു കഥക്കുള്ളില്‍ താന്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു കഥാപാത്രമാണെങ്കില്‍ ആ നടന്‍ ഒരു പത്തു തവണ ചിന്തിക്കണം, താന്‍ അതെടുക്കണോ വേണ്ടയോ എന്ന്. ഓരോ പ്രതിഭയും അവരുടെ മനഃസാക്ഷിക്ക് മുമ്പില്‍ ഉയര്‍ത്തേണ്ട ചോദ്യമാണ്, താനീ ചെയ്യാന്‍ പോകുന്ന കാര്യം, ഒരു പ്രശ്‌നം വന്നാല്‍, വര്‍ഗീയമായിട്ടോ മറ്റേതെങ്കിലും വിധത്തിലോ സമൂഹത്തിന് ദോഷം ചെയ്യുമോ, അതോ അത് നന്മയെ പ്രോത്സാഹിപ്പിക്കുമോ എന്നത്. എന്നാല്‍ പലര്‍ക്കും അങ്ങനെയൊരു പുനര്‍ വിചിന്തനമുണ്ടാകാറില്ല.ആരും അവനവനെ പുനഃപരിശോധിക്കുന്നില്ല. നമ്മള്‍ നല്ലൊരു എഴുത്തുകാരനാവണമെങ്കില്‍ നമ്മെത്തന്നെ നവീകരിച്ചു കൊണ്ടിരിക്കണം. നമ്മുടെ നവീകരണം എഴുത്തിനെയും നവീകരിക്കും. നമ്മള്‍ വളര്‍ന്നെങ്കിലേ എഴുത്തും വളരൂ. നമ്മുടെ വളര്‍ച്ച അവാര്‍ഡുകള്‍ കിട്ടി എന്നതിലല്ല. മനുഷ്യന്‍ എന്ന നിലക്കും പൗരന്‍ എന്ന നിലക്കുമുള്ള വളര്‍ച്ചയാണത്. രാജ്യസ്‌നേഹം കൊടിപിടിക്കുന്നതിലോ പാകിസ്താന്‍ തോറ്റതില്‍ പടക്കം പൊട്ടിക്കുന്നതിലോ അല്ല കിടക്കുന്നത്. രാജ്യത്തിന്റെ നിയമങ്ങളനുസരിച്ച്, സമൂഹം ദുഷിക്കുന്നതൊന്നും ചെയ്യാതെ(മാലിന്യങ്ങള്‍ വലിച്ചെറിയാതെ) ജീവിക്കുന്നതിലാണത്. അത്തരത്തില്‍ ചിന്തിച്ച്, ആ കരുതലോടെ ബുദ്ധിജീവികളും കലാകാരന്മാരും പെരുമാറിത്തുടങ്ങിയാല്‍ ഒക്കെ നന്നായേനെ. എന്നാല്‍ പലരും മുന്നില്‍ കാണുന്ന വിഷയങ്ങള്‍ വെച്ച്, നഗ്നമായ വര്‍ഗീയ നിലപാടെടുക്കുന്നു. സിനിമാ കലാകാരന്മാര്‍ക്ക് പണമാണ് മുഖ്യമെങ്കില്‍ മറ്റു മേഖലകളിലുള്ളവര്‍ക്ക് പദവിയിലാണു നോട്ടം. സാമൂഹിക ഉത്തരവാദിത്വമില്ലായ്മയാണ് ഇതിന്റെയൊക്കെ കാതല്‍.
'സച്ചാറിന്റെ കേരള പരിസരം' എന്ന കൃതിയിലെ താങ്കളുടെ ലേഖനത്തില്‍, മുസ്‌ലിംകള്‍ സ്വന്തം ചരിത്രവും വര്‍ത്തമാനവും അന്വേഷിക്കുന്നതിലും രേഖപ്പെടുത്തുന്നതിലും എത്ര പിന്നാക്കമാണെന്ന് നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങളെ മതനിരപേക്ഷമായൊരു വിദ്യാഭ്യാസ വിപ്ലവമില്ലാതെ പരിഹരിക്കാന്‍ കഴിയുമോയെന്നും താങ്കള്‍ ചോദിക്കുന്നുണ്ട്. അവനവനിലേക്ക് കണ്ണുതിരിക്കാതെ ഭരണകൂടത്തിന്റെ ഇഛാശക്തി ഉണരുന്നതും കാത്ത് ചക്രവാകപക്ഷിയെപ്പോലെ ഒരു സമൂഹത്തിന് എത്രകാലം കഴിഞ്ഞുകൂടാം എന്ന ചോദ്യത്തോടെയാണ് താങ്കള്‍ അവസാനിപ്പിക്കുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം താങ്കള്‍ ഇതേക്കുറിച്ച് എന്തു പറയുന്നു?
മുസ്‌ലിംകളുടെ ഇത്തരം അവസ്ഥക്ക് ഒരുപരിധി വരെ അവര്‍ തന്നെയാണ് കാരണക്കാരന്‍. പക്ഷേ, ഇന്ന്, നല്ലൊരു മാറ്റം നമുക്കു കാണാന്‍ സാധിക്കുന്നുണ്ട്. ഉന്നത പ്രവേശന പരീക്ഷകളിലൊക്കെ മികച്ച വിജയം അവര്‍ കൈവരിച്ചിരിക്കുന്നതായി കാണാം. അവനവനിലേക്ക് കണ്ണ് തിരിക്കാന്‍ സമുദായം ശ്രമം നടത്തുന്നതായി തെളിയുന്നു. നല്ലൊരു ഭാവി നമുക്കു പ്രതീക്ഷിക്കാം.
Comments