Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 27

സ്വവര്‍ഗരതി നിരോധിക്കപ്പെടേണ്ട ലൈംഗിക വൈകൃതം

ആദം ചൊവ്വ

സ്വവര്‍ഗരതി കുറ്റകരമല്ലെന്ന 2009 ലെ ദല്‍ഹി ഹൈക്കോടതി വിധി ദുര്‍ബലമാക്കിക്കൊണ്ട്, അതു ക്രിമിനല്‍ കുറ്റമാണെന്നും ഇന്ത്യന്‍ ശിക്ഷാ നിയമം 377-ാം വകുപ്പ് പ്രകാരം സ്വവര്‍ഗ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ വരെ നല്‍കാമെന്നുമുള്ള സുപ്രീംകോടതിയുടെ വിധി സ്വവര്‍ഗരതി എന്ന പ്രകൃതിവിരുദ്ധ ലൈംഗികതയെക്കുറിച്ച ചര്‍ച്ച വീണ്ടും സജീവമാക്കിയിരിക്കുകയാണ്. മതവിശ്വാസികള്‍ക്കും സാമൂഹിക ചിന്തകര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ആശ്വാസം പകരുന്നതാണ് ഈ വിധി. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് എടുത്തുകളയുന്ന കാര്യം പാര്‍ലമെന്റിന് ചര്‍ച്ചയിലൂടെ തീരുമാനിക്കാമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശവും അതിനെ തുടര്‍ന്ന് കേന്ദ്ര നിയമ മന്ത്രിയും മറ്റുചില കേന്ദ്ര മന്ത്രിമാരും സുപ്രീംകോടതി വിധിക്കെതിരായും 377-ാം വകുപ്പ് നീക്കുന്നതിന് അനുകൂലമായും നടത്തിയ അഭിപ്രായ പ്രകടനങ്ങളും ആശങ്കക്ക് ഇടം നല്‍കുന്നുണ്ട്.
ഈ പശ്ചാത്തലത്തില്‍, സ്വവര്‍ഗരതി എന്ന ലൈംഗിക വൈകൃതത്തെക്കുറിച്ചും അതിന് പ്രേരകമായിത്തീരുന്ന ശാരീരിക-മാനസിക-സാമൂഹിക കാരണങ്ങളെക്കുറിച്ചും ഈ രതിചാപല്യം സൃഷ്ടിക്കുന്ന ഗുരുതരമായ ആരോഗ്യ സദാചര പ്രശ്‌നങ്ങളെക്കുറിച്ചും പരിശോധിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും.
സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള പരസ്പരാകര്‍ഷണത്തിന്റെയും പരസ്പര മേളനത്തിനുള്ള ശക്തമായ അഭിവാഞ്ഛയുടെയും ഫലമായി അവര്‍ തമ്മില്‍ നടക്കുന്ന ശാരീരിക വേഴ്ചയാണ് ശരിയായ ലൈംഗിക വേഴ്ചയെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു മനുഷ്യ നാഗരികതയുടെ ആദ്യദശ മുതല്‍ക്ക് തന്നെ അംഗീകരിക്കപ്പെട്ടു പോന്നിട്ടുള്ള ഒരേ ഒരു രൂപവും ഇതു തന്നെ. എന്നാല്‍ രതിസുഖമനുഭവിക്കാന്‍ വേണ്ടി ഇതല്ലാത്ത പല മാര്‍ഗങ്ങളും മനുഷ്യന്‍ അവലംബിച്ചതായും കാണാന്‍ സാധിക്കും. പ്രജനനത്തിന് സഹായകമായ രതിബന്ധങ്ങള്‍ ഏതും ശരിയും പ്രകൃതിപരവുമാണെന്നും അതിന് വഴിവെക്കാത്ത രീതികളും മാര്‍ഗങ്ങളും പ്രകൃതിവിരുദ്ധവും വൈകൃതവുമാണെന്നും പൊതുവെ പറയാം.

സ്വവര്‍ഗരതി ബന്ധങ്ങള്‍
ഇണ ചേരുക എന്നത് നൈസര്‍ഗികമായ ഒരാവശ്യമാണെന്നും സ്ത്രീ-പുരുഷ സംഗമമാണ് പ്രകൃതിപരമായ വേഴ്ചയെന്നും അതുമാത്രമാണ് അംഗീകരിക്കപ്പെടേണ്ടുന്ന ബന്ധമെന്നും എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. ഇതില്‍നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള എന്തും, അതവര്‍ക്ക് ലൈംഗിക സുഖം നല്‍കുന്നുണ്ടെങ്കില്‍ പോലും, തെറ്റാണെന്നും അംഗീകരിക്കപ്പെട്ടിരിക്കുന്നു. ആ നിലക്ക് മനുഷ്യവര്‍ഗത്തില്‍ കണ്ടുവരുന്ന സ്വവര്‍ഗരതി തികച്ചും പ്രകൃതിവിരുദ്ധവും വഴിതെറ്റിയതുമായ ഒന്നാണെന്ന് സമ്മതിക്കാതിരിക്കാന്‍ സാധ്യമല്ല. സ്ത്രീയെ സൃഷ്ടിച്ചതു തന്നെ പുരുഷന്റെ തുണയായിട്ടാണ്. ആ ഇണകള്‍ തമ്മില്‍ ചേരുക എന്നതാണ് പ്രകൃതിയുടെ നിയമം. പൗരാണിക സങ്കല്‍പ പ്രകാരം സ്ത്രീയും പുരുഷനും സൃഷ്ടിയുടെ ആരംഭത്തില്‍ ഒരു ജീവിയായിരുന്നു. ദൈവം ആ ജീവിയെ രണ്ടു ഭാഗങ്ങളായി വേര്‍പെടുത്തി. അതു മുതല്‍ക്ക് തന്നെ ഈ രണ്ടു 'പകുതികളും' വീണ്ടും ഒന്നായിത്തീരാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഇണ ചേരാനുള്ള നൈസര്‍ഗികമായ അഭിനിവേശം ഈ ശ്രമത്തിന്റെ പ്രകടരൂപമാണ്. ദൈവം ആദ്യം ആദമിനെ സൃഷ്ടിച്ചുവെന്നും ആദമില്‍നിന്ന് പിന്നീട് ഇണയായ ഹവ്വയെ സൃഷ്ടിച്ചുവെന്നുമുള്ള മതസങ്കല്‍പ്പം ഈ ധാരണയെ ബലപ്പെടുത്തുന്നു. അപ്പോള്‍ സ്ത്രീ-പുരുഷ സംഗമമാണ് നൈസര്‍ഗിക വേഴ്ചയായി പരിഗണിക്കപ്പെടുന്നത്. ഇത് പ്രകൃതിപരമായ ഒരനിവാര്യത എന്നതിന് പുറമെ ജീവശാസ്ത്രപരമായ ഒരാവശ്യവും ചരിത്രപരമായ ഒരു കടമയും കൂടിയാണ്. കാരണം സ്ത്രീപുരുഷ ബന്ധത്തിലൂടെ മാത്രമേ സന്താനോല്‍പാദനവും കുടുംബവും സമൂഹവുമൊക്കെ ഉണ്ടാവുകയുള്ളൂ. അതിനാല്‍ തന്നെയാണ് ഇസ്‌ലാം വൈവാഹിക ബന്ധത്തെ നിയമാനുസൃതമായ കരാറായി അംഗീകരിക്കുകയും അതിനെ ആവുന്നിടത്തോളം പ്രോത്സാഹിപ്പിക്കുകയും, അതോടൊപ്പം മറ്റെല്ലാതരം ലൈംഗിക ബന്ധങ്ങളെയും നിഷിദ്ധമാക്കുകയും ചെയ്തത്.

പ്രേരണകള്‍ എന്തൊക്കെ?
പ്രവാചകനായ ലൂത്ത് നബിയുടെ കാലത്ത് ജനങ്ങളില്‍ വ്യാപിച്ചിരുന്ന ഒരു തിന്മയായിരുന്നു സ്വവര്‍ഗരതിയെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനെതിരായിട്ടായിരുന്നു ആ പ്രവാചകന്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രാചീന ഈജിപ്തുകാര്‍, ഗ്രീക്കുകാര്‍, സിറിയക്കാര്‍ റോമക്കാര്‍ തുടങ്ങിയവരിലും ഇത് സര്‍വസാധാരണമായിരുന്നു. പ്രാചീനകാലം മുതല്‍ക്ക് തന്നെ മനുഷ്യരില്‍ നിലനിന്നിരുന്ന ഈ ദുഃശ്ശീലത്തിന്റെ പ്രേരണകളെക്കുറിച്ച് അടുത്ത കാലത്താണ് വിപുലമായ പഠനങ്ങള്‍ ആരംഭിച്ചത്. ജനിതക ശാസ്ത്രജഞരും മനഃശ്ശാസ്ത്രജ്ഞരും നടത്തിയ പരീക്ഷണ-ഗവേഷണങ്ങളുടെ ഫലമായി വിലപ്പെട്ട പല കാര്യങ്ങളും ഇതുസംബന്ധിച്ച് വെളിപ്പെടുത്തപ്പെടുകയുണ്ടായി.
സ്വവര്‍ഗരതി എന്ന വൈകൃതം വ്യക്തിയില്‍ വേരുറക്കുന്നത് ജന്മസിദ്ധമായ അയാളുടെ സ്വഭാവത്തിന്റെ ഫലമാണെന്ന് ഒരുവിഭാഗം ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ജന്മസിദ്ധമായ വാസനാ വിശേഷത്തിന്റെ ഫലമായാണ് അയാളില്‍ ഇത്തരമൊരു ശീലം രൂഢമൂലമാകുന്നതെങ്കില്‍ അയാളെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും അവര്‍ വാദിക്കുന്നു. കാരണം അതൊരു രോഗമാണ്. ഇങ്ങനെ ജന്മനായുള്ള തകരാറാണ് സ്വവര്‍ഗരതിക്ക് പ്രേരണ നല്‍കുന്നതെന്ന് ലൈംഗിക ശാസ്ത്രജ്ഞര്‍ സമര്‍ഥിക്കുന്നു. എന്നാല്‍ ഈ സിദ്ധാന്തം നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. പാരമ്പര്യത്തിനോ ജന്മവാസനകള്‍ക്കോ ഈ ശീലം ഒരാളില്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന വാദത്തെ അവര്‍ ശക്തിയായി ഖണ്ഡിക്കുന്നു.
ചെറുപ്പ കാലത്തെ ശീലങ്ങളും ബന്ധങ്ങളും സാമൂഹിക സാംസ്‌കാരിക സ്വാധീനങ്ങളും, ഭരണകൂടത്തിന്റെ നിയമങ്ങളുമൊക്കെയാണ് സ്വവര്‍ഗ ഭോഗികളെ സൃഷ്ടിക്കുന്നത് എന്നാണ് മറ്റൊരു വിഭാഗം ചിന്തകന്മാര്‍ അഭിപ്രായപ്പെടുന്നത്. പ്രധാന തെളിവായി അവര്‍ മുന്നോട്ടുവെക്കുന്നത് ഈ വ്യതിയാനം ജീവിതാവസാനം വരെ ഒരാളില്‍ നിലനില്‍ക്കുന്നതായി കാണുന്നില്ല എന്നതാണ്. ലൈംഗികാഗ്രഹം പൂര്‍ത്തീകരിക്കാന്‍ എതിര്‍ലിംഗത്തിലെ വ്യക്തികളെ ലഭ്യമാവുമ്പോള്‍ പലപ്പോഴും ഈ ശീലം ഉപേക്ഷിക്കുന്നതായാണ് കാണുന്നത്. വിവാഹത്തിനുശേഷം പലരും തങ്ങളുടെ പൂര്‍വകാല സ്വവര്‍ഗ ലൈംഗിക ബന്ധം ഉപേക്ഷിക്കാറുണ്ട്. അതേപോലെ ഈ ലൈംഗിക വ്യതിയാനത്തെ ചികിത്സയിലൂടെ മാറ്റാന്‍ സാധിക്കും. സെഡ്ഗര്‍ എന്ന ലൈംഗിക ശാസ്ത്രജ്ഞനും, സ്വവര്‍ഗഭോഗാസക്തിയെക്കുറിച്ച് വിപുലമായ പഠനം നടത്തുകയും 'One in Twenty' എന്ന പുസ്തകം രചിക്കുകയും ചെയ്ത ബ്രയാന്‍ മാഗിയും സ്വവര്‍ഗരതി ശീലം ജന്മസിദ്ധവും പാരമ്പര്യവുമായ കാരണങ്ങള്‍ കൊണ്ടാണെന്ന വാദത്തെ ശക്തമായി എതിര്‍ത്ത പ്രഗത്ഭരാണ്.
അടുത്ത കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാദഗതി സ്വവര്‍ഗ ജീനിന്റെ സാന്നിധ്യത്തെക്കുറിച്ചായിരുന്നു. 1993-ല്‍ ഡീന്‍ ഹേമര്‍ എന്ന ഗവേഷകന്‍ തന്റെ പഠനത്തിന്റെ ഫലമായി പ്രസിദ്ധീകരിച്ച വിശദമായ റിപ്പോര്‍ട്ടില്‍ പറയുന്നത് ചില വ്യക്തികളില്‍ സ്വവര്‍ഗ ജീന്‍ ഉണ്ടെന്നും അതാണ് ഈ ശീലത്തിന് കാരണമെന്നുമാണ്. എന്നാല്‍ പിന്നീട് നടന്ന ചില ഗവേഷണങ്ങള്‍ ഈ വാദഗതിയെ നിരാകരിക്കുന്ന വിവരമാണ് നമുക്ക് നല്‍കുന്നത്. സമജാത ഇരട്ടകളില്‍ നടത്തിയ പരീക്ഷണങ്ങളാണ് ജീനിന്റെ സ്വാധീനത്തെക്കുറിച്ച നിഗമനം തെറ്റാണെന്ന് വ്യക്തമാക്കിയത്. ഇരട്ടകളില്‍ ഒരാള്‍ സ്വവര്‍ഗരതിക്കാരനാണെങ്കില്‍ മറ്റെയാളും അതേ പ്രകൃതിക്കാരനാവണം. എന്നാല്‍ ഇരട്ടകളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇക്കാര്യം തെളിയിക്കാനായില്ല എന്നതാണ് വസ്തുത.
ചുരുക്കത്തില്‍, ഈ വൈകൃതത്തിന് കാരണം ജന്മസിദ്ധമായ സവിശേഷതയോ പാരമ്പര്യത്തിന്റെ സ്വാധീനമോ അല്ലെന്നാണ് പൊതുവായ വിലയിരുത്തല്‍. അങ്ങനെ പ്രചരിപ്പിക്കുന്നവര്‍ ഈ വൈകൃതത്തിന് ഇരയായവര്‍ തന്നെയാണ്. കാരണം ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്ക് പല നാടുകളിലും നീണ്ട കാലത്തെ ജയില്‍ ശിക്ഷയടക്കമുള്ള കഠിന ശിക്ഷകള്‍ നല്‍കുക പതിവായിരുന്നു. ജന്മസിദ്ധമോ, പാരമ്പര്യം മൂലമോ ഉള്ള ലൈംഗിക പ്രവര്‍ത്തനമാണ് ഇതെന്ന് സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാല്‍ ശിക്ഷകളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്ന കണ്ടെത്തലാണ് ഈ പ്രചരണത്തിന് പിന്നില്‍. വ്യക്തിയുടെ നിയന്ത്രണത്തിന് അതീതമായ ഒരു പ്രവര്‍ത്തനത്തിന് ശിക്ഷ നല്‍കുന്നത് നീതീകരിക്കാനാവില്ലല്ലോ. ഇത്തരമൊരു വാദഗതിയാണ് ഇന്ത്യയിലെ കോടതികളില്‍ സ്വവര്‍ഗഭോഗികളുടെ സംഘടന ഉയര്‍ത്തിക്കൊണ്ടുവന്നത് എന്നതും ശ്രദ്ധേയമാണ്.

കോടതിവിധിയിലെ ആശയും ആശങ്കയും
സ്വവര്‍ഗ ലൈംഗികതയുടെ കാരണങ്ങള്‍ എന്തുതന്നെയായിക്കൊള്ളട്ടെ, അത് തീര്‍ത്തും നിന്ദ്യവും അധാര്‍മികവും തന്നെയാണ്. പ്രാകൃത കാലത്ത് തന്നെ ഈ വൈകൃതം നിലവിലുണ്ടായിരുന്നുവെങ്കിലും അതിനെ അംഗീകരിക്കാനോ അതിന് പവിത്രത നല്‍കാനോ ഒരു സംസ്‌കാരവും തയാറായിരുന്നില്ല. പല രാജ്യങ്ങളും അത് നിയമവിരുദ്ധമായി കണക്കാക്കിയിരുന്നു. ഈ നിയമത്തിനെതിരെ പില്‍ക്കാലത്ത് ശക്തമായ എതിര്‍പ്പുകളും പ്രക്ഷോഭങ്ങളും ഉയര്‍ന്നുവന്നു. പുരുഷന്മാര്‍ തമ്മിലോ സ്ത്രീകള്‍ തമ്മിലോ നടത്തുന്ന ലൈംഗിക വേഴ്ചകളെ നിയമപരമായി തടഞ്ഞുകൂടെന്ന ചിന്താഗതിയാണ് ഈ എതിര്‍പ്പുകളുടെ അടിസ്ഥാനം. ഇതിന്റെ ഫലമായി ചില രാജ്യങ്ങള്‍ സ്വവര്‍ഗരതിക്ക് നിയമപ്രാബല്യം നല്‍കി. ബ്രിട്ടന്‍ തന്നെയാണ് ഇതിനുദാഹരണം. സ്വവര്‍ഗരതിക്കാരുടെ അവകാശങ്ങള്‍ ഭരണഘടനയിലുള്‍പ്പെടുത്താന്‍ 1994-ല്‍ ദക്ഷിണാഫ്രിക്ക സന്നദ്ധമായി. കനഡ, ഫ്രാന്‍സ്, ഹോളണ്ട്, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളും 1996-ല്‍ അമേരിക്കയും ഇത്തരമൊരു നീക്കത്തിന് തയാറാവുകയുണ്ടായി. എന്നാല്‍ ഈ രാജ്യങ്ങളില്‍ വ്യാപകമായി പടര്‍ന്നുപിടിച്ച ലൈംഗികാരാജകത്വത്തിന്റെ വൃത്തികെട്ട കഥകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. ആണ്‍ പെണ്‍ വേശ്യാലയങ്ങളും നൈറ്റ് ക്ലബ്ബുകളും പരസ്യമായ ലൈംഗിക പേക്കൂത്തുകളുടെ കേന്ദ്രങ്ങളും അവിടങ്ങളില്‍ വര്‍ദ്ധിച്ചുവന്നുകൊണ്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ നമ്മുടെ സുപ്രീംകോടതി സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കണക്കാക്കി വിധി പുറപ്പെടുവിച്ചത് വളരെ ആശ്വാസകരവും സ്വാഗതാര്‍ഹവുമാണ്. എന്നാല്‍ നിലവിലുള്ള നിയമം പാര്‍ലമെന്റിന് റദ്ദ് ചെയ്യാവുന്നതാണെന്ന കോടതിയുടെ നിര്‍ദേശം ഭയാശങ്കകള്‍ ഉയര്‍ത്തുകയും ചെയ്യുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/മര്‍യം/88-92
എ.വൈ.ആര്‍