Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 27

ക്രിസ്ത്യാനിയും മുസ്‌ലിമും ഒരുപോലെ അംഗീകരിക്കേണ്ട പ്രമാണങ്ങള്‍

അമീന്‍ വി. ചൂനൂര്‍

ബൈബിള്‍ അടിസ്ഥാനമാക്കി ജീവിക്കുന്ന ക്രിസ്ത്യന്‍ സഹോദരനും ഖുര്‍ആന്‍ അടിസ്ഥാനമാക്കി ജീവിക്കുന്ന മുസ്‌ലിമിനും ഒന്നിക്കേണ്ട നിരവധി പ്രധാന വിഷയങ്ങള്‍ രണ്ട് ഗ്രന്ഥങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ഖുര്‍ആനും ബൈബിളിന്റെ മൂല ഗ്രന്ഥമായ തൗറാത്തും ഇഞ്ചീലും ഒരേ സ്രോതസ്സില്‍ നിന്ന് അഥവാ ഈ പ്രപഞ്ചം സൃഷ്ടിച്ചവനായ അല്ലാഹുവിന്റെ പക്കല്‍ നിന്ന് മനുഷ്യന് മാര്‍ഗദര്‍ശനമായി ലഭിച്ച ഗ്രന്ഥങ്ങളായത് കൊണ്ട് അതില്‍ സാമ്യതകള്‍ ഉണ്ടാവുക സ്വാഭാവികം.
തോറ അഥവാ തൗറാത്ത് എന്ന ഗ്രന്ഥം അതിന്റെ പേരു മുതല്‍ ഉള്ളടക്കത്തില്‍ വരെ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടും ഒരുപാട് അടിസ്ഥാന കാര്യങ്ങളില്‍ ഖുര്‍ആനുമായുള്ള അതിന്റെ സാമ്യത ഇന്നും നിലനില്‍ക്കുന്നു. ഇരു കൂട്ടര്‍ക്കും ഒന്നിക്കാവുന്ന നിരവധി വിഷയങ്ങള്‍ ഉണ്ട് എന്നര്‍ഥം. ഖുര്‍ആന്‍ വേദവിശ്വാസികളെ അഭിസംബോധന ചെയ്യുന്നത് ഇങ്ങനെയാണ്: ''പ്രവാചകന്‍ പറയുക: അല്ലയോ വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒരുപോലെ അംഗീകരിക്കേണ്ട പ്രമാണത്തിലേക്ക് വരുവിന്‍, അതായത് അല്ലാഹു അല്ലാത്ത ആര്‍ക്കും ഇബാദത്ത് ചെയ്യാതിരിക്കുക, ആരെയും അവന്റെ പങ്കാളികളാക്കാതിരിക്കുക. നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവെക്കൂടാതെ റബ്ബുകളായി വരിക്കാതിരിക്കുക'' (ആലുഇംറാന്‍ 64).
വിശുദ്ധ ഖുര്‍ആനും ബൈബിളും താരതമ്യം ചെയ്യുമ്പോള്‍ യോജിപ്പിന്റെ അത്തരം മേഖലകള്‍ നമ്മുടെ മുന്നില്‍ തെളിയുന്നു.

ആരാണ് ദൈവം? അവന്‍ എത്ര? ബൈബിളില്‍ പ്രതിപാദിച്ച യഹോവയും, ഖുര്‍ആനില്‍ പറഞ്ഞ അല്ലാഹുവും ഒന്നു തന്നെയാണെന്ന് ഇരു പ്രമാണങ്ങളും ചേര്‍ത്ത് വായിച്ചാല്‍ നമുക്ക് ബോധ്യമാകും. ആറ് നാളുകള്‍ കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചവനാണ് അല്ലാഹു. യഹോവയും അങ്ങനെ തന്നെ. യഹോവയെയും അല്ലാഹുവിനെയും കുറിച്ച് ഏകന്‍ എന്ന് വിശേഷിപ്പിക്കുന്നു. അവനു തുല്യരായി ആരും ഈ പ്രപഞ്ച സംവിധാനത്തിനു പിന്നില്‍ നിലകൊള്ളുന്നില്ല. ഈ കാഴ്ചപ്പാട് ശക്തമായി അവതരിപ്പിക്കുന്നുണ്ട് ഖുര്‍ആനും ബൈബിളും. ഹീബ്രുവില്‍ യഹോവ എന്നും അറബിയില്‍ അല്ലാഹു എന്നും ആയി എന്ന് മാത്രം.
യഹോവ ആരാണ്? ''നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. കെരുബുകള്‍ക്ക് മീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തന്‍ മാത്രം ഭൂമിയിലെ സകല രാജ്യങ്ങള്‍ക്കും ദൈവമാകുന്നു'' (1 രാജാക്കന്മാര്‍ 19:15).
അല്ലാഹു ആരാണ്? ''നിങ്ങളുടെ നാഥന്‍ അല്ലാഹുവാണ്. ആറ് നാളുകളിലായി ആകാശ ഭൂമികളെ സൃഷ്ടിച്ചവനാണവന്‍'' (ഖുര്‍ആന്‍ 7:54).
അവന്‍ ഏകനാണ് (ബൈബിള്‍). ''ഇസ്രായേലെ കേള്‍ക്ക, യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നെ'' (ആവര്‍ത്തനം 6:4).
അവന്‍ ഏകനാണ് (ഖുര്‍ആന്‍) ''പറയുക: അവനാണ് അല്ലാഹു. അവന്‍ ഏകനാണ്. അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും. അവന്‍ പിതാവോ പുത്രനോ അല്ല. അവന് തുല്യരായി ആരും ഇല്ല'' (ഖുര്‍ആന്‍, അധ്യായം 112).
ബൈബിളും എത്ര ശക്തമായാണ് ദൈവത്തിന്റെ ഏകത്വം സ്ഥാപിക്കുന്നത് എന്ന് നോക്കൂ: ''ഞാന്‍, ഞാന്‍ മാത്രമേയുള്ള. ഞാനല്ലാതെ ദൈവമില്ല എന്ന് ഇപ്പോള്‍ കണ്ടുകൊള്ളുവിന്‍. ഞാന്‍ കൊല്ലുന്നു, ഞാന്‍ ജീവിപ്പിക്കുന്നു, ഞാന്‍ തകര്‍ക്കുന്നു, ഞാന്‍ സൗഖ്യമാക്കുന്നു. എന്റെ കൈയില്‍ നിന്ന് വിടുവിക്കുന്നവന്‍ ഇല്ല'' (ആവര്‍ത്തനം 32:39). ഖുര്‍ആനിലും ബൈബിളിലുമായി ഇനിയും നിരവധി വാക്യങ്ങള്‍ ഈ വിഷയകമായി നിരത്താന്‍ സാധ്യമാണ്.

വിഗ്രഹം/പ്രതിഷ്ഠ നിര്‍മാണം
''ഇബ്‌റാഹീം തന്റെ പിതാവിനോടും ജനത്തോടും ചോദിച്ചതോര്‍ക്കുക: നിങ്ങള്‍ പൂജിക്കുന്ന ഈ പ്രതിഷ്ഠകള്‍ എന്താണ്? അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കള്‍ ഇവയെ പൂജിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടിലാണ്'' (ഖുര്‍ആന്‍ 21:52-54). വിശുദ്ധ ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ വിഗ്രഹാരാധന പാടില്ല എന്ന് പറഞ്ഞിട്ടുള്ളത് പോലെ അല്ലാഹുവിനെ അല്ലാതെ ജീവനുള്ളതോ ഇല്ലാത്തതോ ആയ ഒന്നിനെയും വിളിച്ച് പ്രാര്‍ഥിക്കരുത് എന്നും കല്‍പിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ള മുഴുവന്‍ പ്രവാചകന്മാരുടെയും ആഗമനം വിഗ്രഹാരാധനയെ എതിര്‍ത്തുകൊണ്ടും സര്‍വ ശക്തനായ അല്ലാഹുവിലേക്ക് വിളിച്ചുകൊണ്ടും ആയിരുന്നു.
മോസസിന് നല്‍കിയ പത്ത് കല്‍പനകളിലും മറ്റും വിഗ്രഹാരാധനയെ ബൈബിള്‍ ശക്തമായി എതിര്‍ക്കുന്നത് നമുക്ക് കാണാന്‍ കഴിയും. ''ആകാശത്തിനു കീഴിലുള്ളതോ ഭൂമിയിലുള്ളതോ വെള്ളത്തിലുള്ളതോ ആയ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവര്‍ത്തിക്കരുത്'' (ആവര്‍ത്തനം 4:18). വിഗ്രഹമുണ്ടാക്കി പ്രാര്‍ഥിക്കരുത് എന്നു മാത്രമല്ല, വിഗ്രഹം തന്നെ ഉണ്ടാക്കരുത് എന്നാണ് ബൈബിളിന്റെ നിര്‍ദേശം. ഇസ്‌ലാമിന്റെയും അധ്യാപനം അതു തന്നെയാണ്. ''നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോട് ചെയ്തിട്ടുള്ള അവന്റെ നിയമം നിങ്ങള്‍ മറന്നു. നിന്റെ ദൈവമായ യഹോവ നിരോധിച്ച പോലെ യാതൊന്നിന്റെയും സദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിപ്പാന്‍ സൂക്ഷിച്ചു കൊള്‍വിന്‍. നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ. തീക്ഷ്ണതയുള്ള ദൈവം തന്നെ'' (ആവര്‍ത്തനം 4:23,24, 5:7-9, സങ്കീര്‍ത്തനങ്ങള്‍ 115:4,8) തുടങ്ങി നിരവധി വാക്യങ്ങളിലായി ബൈബിള്‍ വിഗ്രഹ നിര്‍മാണത്തെയും വിഗ്രഹം പ്രതിഷ്ഠിക്കുന്ന സമ്പ്രദായത്തെയും എതിര്‍ക്കുന്നുണ്ട്.
''ഞാനല്ലാതെ അന്യ ദൈവങ്ങള്‍ നിനക്ക് ഉണ്ടാകരുത്. മീതെ സ്വര്‍ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്ക് കീഴെ വെള്ളത്തിലെങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുത്. അവയെ നമസ്‌കരിക്കുകയോ സേവിക്കുകയോ അരുത്. നിന്റെ ദൈവമായ യഹോവയായ ഞാന്‍ തീക്ഷ്ണതയുള്ള ദൈവം ആകുന്നു. എന്നെ സ്‌നേഹിച്ചു എന്റെ കല്‍പനകളെ പ്രമാണിക്കുന്നവര്‍ക്ക് ആയിരം തലമുറ വരെ ദയ കാണിക്കുകയും ചെയ്യുന്നു'' (പുറപ്പാട് 20:3-6).

പ്രാര്‍ഥന അല്ലാഹുവോട്/ യഹോവയോട് മാത്രം
പ്രാര്‍ഥന അല്ലാഹുവോട് മാത്രമെന്ന് ഖുര്‍ആന്‍. ബൈബിളും പ്രാര്‍ഥന സ്രഷ്ടാവിനോട് മാത്രമായിരിക്കാന്‍ നിഷ്‌കര്‍ഷിക്കുന്നു. ''പള്ളികള്‍ അല്ലാഹുവിനുള്ളതാണ്. അതിനാല്‍ അല്ലാഹുവോടൊപ്പം മറ്റാരെയും വിളിച്ചു പ്രാര്‍ഥിക്കരുത്'' (ഖുര്‍ആന്‍ 72:19). ''പറയുക: ഞാന്‍ എന്റെ നാഥനെ മാത്രമേ വിളിച്ച് പ്രാര്‍ഥിക്കുകയുള്ളൂ. ആരെയും അവന്റെ പങ്കാളിയാക്കുകയില്ല'' (ഖുര്‍ആന്‍ 72:20).
ഒരിക്കല്‍ ശിഷ്യന്മാര്‍ യേശുവിനോട് പറഞ്ഞു: ''യോഹന്നാന്‍ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതു പോലെ ഞങ്ങളെയും പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കേണമേ'' (ലൂക്കോസ് 11:1).
യേശു അവരോട് പറഞ്ഞു: ''നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ ചൊല്ലേണ്ടത്; സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ. ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോട് ക്ഷമിക്കേണമേ'' (ലൂക്കോസ് 11:2-4).
തന്നെ വിളിച്ച് പ്രാര്‍ഥിക്കണമെന്ന് യേശു ഒരിടത്തും പറഞ്ഞില്ല എന്ന് മാത്രമല്ല, യഹോവയോട് വിളിച്ച് പ്രാര്‍ഥിക്കാന്‍ അദ്ദേഹം കല്‍പിക്കുകയും ചെയ്തു.
''നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ അറയില്‍ കടന്ന് വാതിലടച്ച് രഹസ്യത്തിലുള്ള നിന്റെ പിതാവിനോട് പ്രാര്‍ഥിക്കുക. രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം തരും'' (മത്തായി 6:6). ''നിങ്ങള്‍ ഈ വണ്ണം പ്രാര്‍ഥിക്കുക: സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ... (മത്തായി 6:914).
''രണ്ട് യജമാനന്മാരെ സേവിപ്പാന്‍ ആര്‍ക്കും കഴികയില്ല; അങ്ങനെ ചെയ്താല്‍ ഒരുത്തനെ പെകച്ചു മറ്റവനെ സ്‌നേഹിക്കും; അല്ലെങ്കില്‍ ഒരുത്തനോട് പറ്റിച്ചേര്‍ന്ന് മറ്റവനെ നിരസിക്കും. നിങ്ങള്‍ക്ക് ദൈവത്തെയും മാമോനെയും സേവിപ്പാന്‍ കഴികയില്ല'' (മത്തായി 6:24). യഹോവയെ വിളിച്ച് മാത്രം പ്രാര്‍ഥിക്കണമെന്ന് പഠിപ്പിച്ചു തരികയും തന്നെ വിളിച്ച് പ്രാര്‍ഥിക്കൂ എന്ന് പറയാതിരിക്കുകയും ചെയ്ത പ്രവാചകനാണ് യേശുക്രിസ്തു. എന്നാല്‍ നേരിട്ട് പറഞ്ഞ ഇത്തരം വാക്കുകളെ തള്ളിക്കളയുകയും പകരം ആന്തരാര്‍ഥങ്ങളുള്ള ചില വചനങ്ങളെ വളച്ചൊടിക്കുകയും ചെയ്യുകയാണ് പൗരോഹിത്യം.

യേശുവിന്റെ അത്ഭുത പ്രവൃത്തി
യേശു അല്ലെങ്കില്‍ ഈസാ(അ) തന്റെ അത്ഭുത കൃത്യങ്ങള്‍ അല്ലാഹുവിന്റെ അനുമതിയോടെയും പിന്തുണയോടെയും മാത്രം ചെയ്തതാണെന്ന് ഖുര്‍ആനും ബൈബിളും സാക്ഷ്യപ്പെടുത്തുന്നു. ആദ്യമായി ഖുര്‍ആന്‍ എന്ത് പറയുന്നു എന്ന് നോക്കാം. ''ഇസ്രയേല്‍ മക്കളിലേക്ക് അവനെ ദൂതനായി നിയോഗിക്കും. അവന്‍ പറയും: ഞാന്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവുമായാണ് നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്കായി കളിമണ്ണ് കൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കും. പിന്നെ ഞാന്‍ അതിലൂതിയാല്‍ അല്ലാഹുവിന്റെ അനുമതിയോടെ അതൊരു പക്ഷിയായിത്തീരും. ജന്മനാ കണ്ണില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തും. ദൈവഹിതമനുസരിച്ച് മരിച്ചവരെ ജീവിപ്പിക്കും. നിങ്ങള്‍ തിന്നുന്നതെന്തെന്നും വീടുകളില്‍ സൂക്ഷിച്ച് വെച്ചിട്ടുള്ളതെന്തെന്നും ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതരും'' (3:49).
ഇനി ബൈബിള്‍ എന്തു പറയുന്നു എന്ന് നോക്കൂ. ''ആമേന്‍ ആമേന്‍ ഞാന്‍ നിങ്ങളോട് പറയുന്നു. പിതാവ് ചെയ്തു കാണുന്നത് അല്ലാതെ പുത്രന് സ്വതേ ഒന്നും ചെയ്‌വാന്‍ കഴികയില്ല'' (യോഹന്നാന്‍ 5:19). ''എനിക്ക് സ്വതേ ഒന്നും ചെയ്‌വാന്‍ കഴിയുന്നതല്ല. ഞാന്‍ കേള്‍ക്കുന്നത് പോലെ ന്യായം വിധിക്കുന്നു. ഞാന്‍ എന്റെ ഇഷ്ടം അല്ല. എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാന്‍ ഇഛിക്കുന്നത് കൊണ്ട് എന്റെ വിധി നീതിയുള്ളത് ആകുന്നു'' (യോഹന്നാന്‍ 5:30).

ഹൃദയം അല്ലാഹുവില്‍/
യഹോവയില്‍ ഏകാഗ്രമാക്കുക
ഇസ്‌ലാം ഹൃദയത്തെ പ്രവാചകന്‍ മുഹമ്മദി(സ)ല്‍ ഏകാഗ്രമാക്കാനല്ല, അല്ലാഹുവില്‍ ഏകാഗ്രമാക്കി മുന്നോട്ട് പോകാനാണ് കല്‍പിച്ചിരിക്കുന്നത്. ബൈബിളും അങ്ങനെയാണ് എന്ന് അതിന്റെ വചനങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ''ആകയാല്‍ ഇന്നുള്ളത് പോലെ നിങ്ങള്‍ അവന്റെ ചട്ടങ്ങള്‍ അനുസരിച്ച് നടപ്പാനും അവന്റെ കല്‍പനകള്‍ പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയില്‍ ഏകാഗ്രമായിരിക്കട്ടെ'' (1 രാജാക്കന്മാര്‍ 8:61). യഹോവയില്‍ ഏകാഗ്രമായിരിക്കാന്‍ കല്‍പിക്കപ്പെട്ട ഹൃദയം എങ്ങനെയാണ് യേശുവില്‍ ഏകാഗ്രമായിപ്പോയത്?

മദ്യത്തോട് അടുക്കരുത്
ബൈബിളും വിശുദ്ധ ഖുര്‍ആനെ പോലെ മദ്യം കഴിക്കരുതെന്ന് കല്‍പിച്ചിരിക്കുന്നു. മദ്യം കഴിക്കുക മാത്രമല്ല, അത്തരം സദസ്സില്‍ പോലും ഇരിക്കരുത് എന്ന് പഠിപ്പിച്ച പ്രവാചകന്റെ അതേ വചനങ്ങളാണ് ബൈബിളിലും കാണുന്നത്. ''ആര്‍ക്ക് കഷ്ടം? ആര്‍ക്ക് സങ്കടം? ആര്‍ക്ക് കലഹം? ആര്‍ക്ക് ആവലാതി? ആര്‍ക്ക് അനാവശ്യമായ അറിവുകള്‍? ആര്‍ക്ക് കണ്‍ചുവപ്പ്? വീഞ്ഞ് കുടിച്ച് നേരം വൈകിക്കുന്നവര്‍ക്കും മദ്യം രുചി നോക്കാന്‍ പോകുന്നവര്‍ക്കും തന്നെ. വീഞ്ഞ് ചുവന്ന പാത്രത്തില്‍ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്'' (സദൃശ്യ വാക്യങ്ങള്‍ 23:29,30,31). അങ്ങനെ ചെയ്താല്‍ എന്ത് സംഭവിക്കുന്നു എന്നും ബൈബിള്‍ നമുക്ക് പറഞ്ഞു തരുന്നു. ''ഒടുക്കം അത് സര്‍പ്പം പോലെ കടിക്കും; അണലി പോലെ കൊത്തും. നിന്റെ കണ്ണ് പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും...'' (സദൃശ്യ വാക്യങ്ങള്‍ 23: 29-31).
ഇനി ഖുര്‍ആന്‍ പറയുന്നത് കാണുക: ''സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേഛ വൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ വിരമിക്കാനൊരുക്കമുണ്ടോ?'' (അല്‍മാഇദ 90,91).
ഖുര്‍ആന്റെയും ബൈബിളിന്റെയും നിലപാടുകള്‍ ഈ വിധമായിരിക്കെ, മദ്യത്തിന്റെ വിഷയത്തില്‍ ഇരുകൂട്ടരുടെയും സമൂഹത്തിലുള്ള പ്രതിനിധാനം ആത്മാര്‍ഥവും സത്യസന്ധവുമായിരുന്നെങ്കില്‍ ലോക ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന ഇരുകൂട്ടര്‍ക്കും ഒരുമിച്ച് നിന്ന് എത്ര വേഗത്തില്‍ സുന്ദരമായ മദ്യരഹിത ലോകം നെയ്‌തെടുക്കാമായിരുന്നു!

പന്നിമാംസ ഭോജനം
പന്നിമാംസം ഭക്ഷിക്കുന്നത് കര്‍ശനമായി വിലക്കിയ ഖുര്‍ആന്റെയും ബൈബിളിന്റെയും വാക്കുകള്‍ ശ്രദ്ധിക്കുക: ''ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത് ഇവ മാത്രമാണ് അല്ലാഹു നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയത്. അഥവാ ആരെങ്കിലും നിര്‍ബന്ധിതനായാല്‍, അവന്‍ അതാഗ്രഹിക്കുന്നവനോ അത്യാവശ്യത്തിലേറെ തിന്നുന്നവനോ അല്ലെങ്കില്‍, അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു'' (ഖുര്‍ആന്‍ 16:115).
''പന്നി, കുളമ്പ് പിളര്‍ന്നതെങ്കിലും അയവിറക്കുന്നില്ല. അത് നിങ്ങള്‍ക്ക് അശുദ്ധം. ഇവയുടെ മാംസം തിന്നരുത്, പിണം തൊടുകയുമരുത്'' (ആവര്‍ത്തന പുസ്തകം 14:8). മറ്റൊരിടത്ത് പറയുന്നു: ''പന്നി കുളമ്പ് പിളര്‍ന്നതായി കുളമ്പ് രണ്ടായി പിരിഞ്ഞിരിക്കുന്നത് തന്നെ എങ്കിലും അയവിറക്കുന്നതല്ലായ്കയാല്‍ അത് നിങ്ങള്‍ക്ക് അശുദ്ധം. ഇവയുടെ മാംസം നിങ്ങള്‍ തിന്നരുത്. പിണം തൊടുകയും അരുത്. ഇവ നിങ്ങള്‍ക്ക് അശുദ്ധം'' (ലേവ്യ പുസ്തകം 11:7,8).
പക്ഷേ, ഇന്ന് ക്രൈസ്തവ സമൂഹങ്ങളില്‍ പന്നിയുടെ മാംസമോ കൊഴുപ്പോ ഇല്ലാത്ത ഭക്ഷണം അപൂര്‍വമായിത്തീര്‍ന്നിട്ടുണ്ട്.

ചേലാ കര്‍മം
നബി(സ) പറയുന്നു: ''ചേലാ കര്‍മം, ഗുഹ്യ രോമം ക്ഷൗരം ചെയ്യല്‍, മീശ വെട്ടല്‍, താടി വളര്‍ത്തല്‍, നഖം മുറിക്കല്‍, കക്ഷത്തിലെ രോമം നീക്കല്‍ മുതലായവ പ്രവാചക ചര്യകളില്‍ പെട്ടതാകുന്നു.'' സാധാരണയായി ചേലാ കര്‍മം സുന്നത്ത് കല്യാണം അല്ലെങ്കില്‍ സുന്നത്ത് കര്‍മം ആയി അറിയപ്പെടാറുണ്ടെങ്കിലും ഇത് നിര്‍ബന്ധ കര്‍മം ആണെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. ഇബ്‌റാഹീം (അ) പ്രവാചകന്‍ മുതലുള്ള മുഴുവന്‍ മുസ്‌ലിംകളും ഇത് ചെയ്തുപോന്നവരാണ്. നിങ്ങള്‍ ഇബ്‌റാഹീമിന്റെ മാര്‍ഗം പിന്‍പറ്റുക എന്ന ഖുര്‍ആനിക വചനത്തിന്റെ വെളിച്ചത്തില്‍ ഇത് നിര്‍ബന്ധമായിത്തീരുന്നു.
''നിങ്ങളുടെ അഗ്ര ചര്‍മം പരിഛേദന ചെയ്യേണം; അത് എനിക്കും നിങ്ങള്‍ക്കും മധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും. തലമുറ തലമുറകളായി നിങ്ങളില്‍ പുരുഷപ്രജയൊക്കെയും പരിഛേദന ഏല്‍ക്കേണം. വീട്ടില്‍ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോട് വിലക്ക് വാങ്ങിയവനായാലും ശരി... അഗ്ര ചര്‍മിയായ പുരുഷപ്രജയെ പരിഛേദന ഏല്‍ക്കാതിരുന്നാല്‍ ജനത്തില്‍ നിന്ന് ഛേദിച്ചു കളയണം. അവന്‍ എന്റെ നിയമം ലംഘിച്ചിരിക്കുന്നു'' (ഉല്‍പത്തി 10-14).
ഇസ്‌ലാമിനേക്കാളും പതിന്മടങ്ങ് ശക്തിയിലാണ് ബൈബിള്‍ ചേലാ കര്‍മത്തെക്കുറിച്ച് സംസാരിക്കുന്നത്.

സ്ത്രീകള്‍ തല മറക്കുക
ഗൂഗിളില്‍ കയറി യേശുവിന്റെ മാതാവായ കന്യാ മര്‍യത്തിന്റെ ചിത്രം സെര്‍ച്ച് ചെയ്തു നോക്കുക. തല മറക്കാത്ത ഒരു മര്‍യം അവിടെ പ്രത്യക്ഷപ്പെടുന്നില്ല എന്നതാണ് വാസ്തവം. കണ്ടാല്‍ പര്‍ദ ധരിച്ച് നില്‍ക്കുന്ന ഒരു മുസ്‌ലിം വനിതയാണെന്നേ തോന്നൂ. എന്തുകൊണ്ട് എന്നു പരിശോധിക്കുമ്പോള്‍ ബൈബിളില്‍ നിന്ന് തന്നെ അതിന്റെ ഉത്തരം ലഭിക്കുന്നു. ''സ്ത്രീ മൂടുപടമിടുന്നില്ലെങ്കില്‍ മുടി കത്രിച്ചു കളയട്ടെ. കത്രിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ സ്ത്രീക്ക് ലജ്ജയെങ്കില്‍ മൂടുപടം ഇട്ടു കൊള്ളട്ടെ'' (1 കൊറിന്ത്യര്‍ 11:6).
ഈ വചനത്തെ പലരും അതിന്റെ മുമ്പുള്ള വചനവുമായി തട്ടിച്ച് ദുര്‍വ്യാഖ്യാനം ചെയ്യാറുണ്ട്. 'മൂടുപടമില്ലാതെ പ്രാര്‍ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏത് സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു. അത് അവര്‍ ക്ഷൗരം ചെയ്യിച്ചത് പോലെയല്ലോ' എന്ന വചനം എടുത്തുയര്‍ത്തി പ്രാര്‍ഥനയുടെ സമയത്ത് മാത്രമാണ് സ്ത്രീ തലമറക്കേണ്ടത് എന്ന് വരുത്തിത്തീര്‍ക്കുന്നു. പക്ഷേ, ഇവിടെ ഒരു പ്രശ്‌നം ഉണ്ട്. മൂടുപടം ഇട്ടില്ലെങ്കില്‍ തല ക്ഷൗരം ചെയ്യുക എന്ന രണ്ടാമത്തെ ഓപ്ഷന്‍ സ്ഥിരമായി ഒരു ഓപ്ഷന്‍ ആണ്. പ്രാര്‍ഥിക്കുമ്പോള്‍ മാത്രം തല മറക്കുക എന്നതിന് ഒരു സ്ഥിരമായ ഓപ്ഷന്‍ ദൈവം നല്‍കുമോ? മാത്രമല്ല, പ്രാര്‍ഥിക്കുമ്പോള്‍ മാത്രമാണ് നിങ്ങള്‍ തലമറക്കേണ്ടത് എന്ന് ബൈബിളില്‍ എവിടെയും പറഞ്ഞിട്ടില്ല. രണ്ടാമത് ഇത് വളരെ ഗൗരവത്തോട് കൂടി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു എന്നത്. തല മറക്കാന്‍ പറഞ്ഞാല്‍ പിന്നെ ബാക്കിയുള്ള ഭാഗം മറക്കണോ വേണ്ടയോ എന്നതു പറയേണ്ടതില്ലല്ലോ.
ഖുര്‍ആനും ഈ വിഷയം വളരെ വ്യക്തമായി ആവശ്യപ്പെട്ടിരിക്കുന്നു. ''സത്യവിശ്വാസിനികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്താനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായ മാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ'' (24:31).
ഏറെ മാറ്റത്തിരുത്തലുകള്‍ ഉണ്ടായിട്ടും അടിസ്ഥാനപരമായ ഇത്തരം സാമ്യതകള്‍ അവശേഷിക്കുന്നു എന്നത് കൊണ്ടാകണം ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞത്: ''അവരോട് പറയുക: നിങ്ങള്‍ സത്യസന്ധരെങ്കില്‍ തൗറാത്ത് കൊണ്ടുവരിക. എന്നിട്ടതില്‍നിന്നേതെങ്കിലും വചനം വായിച്ചു കേള്‍പ്പിക്കു. അതിനു ശേഷവും അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നവരോ, അവരാകുന്നു യഥാര്‍ഥത്തില്‍ അക്രമികള്‍'' (ആലുഇംറാന്‍ 93,94).
യഥാര്‍ഥ തൗറാത്ത് കൈയിലില്ലെങ്കിലും ഒരുപാട് കൈകളിലൂടെയും കാലങ്ങളിലൂടെയും നമ്മുടെ കൈയില്‍ എത്തിയ ബൈബിളിന്റെ ആ പഴയ നിയമത്തിലും ഒരുപാട് സത്യങ്ങള്‍ അവശേഷിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/മര്‍യം/88-92
എ.വൈ.ആര്‍