Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 27

ശഹീദ് അബ്ദുല്‍ ഖാദിര്‍ മുല്ലയുടെ അവസാന വാക്കുകള്‍

ധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങളെ കാണാന്‍ അബ്ദുല്‍ ഖാദിര്‍ മുല്ലയെ അനുവദിച്ചിരുന്നു. അവരോട് അദ്ദേഹം പറഞ്ഞു: ''ഞാന്‍ നിങ്ങളുടെ രക്ഷാകര്‍ത്താവായിരുന്നു. ഈ ഭരണകൂടം നിയമവിരുദ്ധമായി എന്നെ കൊല്ലുകയാണെങ്കില്‍ അത് രക്തസാക്ഷ്യം തന്നെയായിരിക്കും. ഞാന്‍ രക്തസാക്ഷിയാകുന്നതോടെ നിങ്ങളുടെ സംരക്ഷണം അല്ലാഹു ഏറ്റെടുക്കും. അവനാണല്ലോ ഏറ്റവും നല്ല സംരക്ഷകനും രക്ഷകര്‍ത്താവും. അതിനാല്‍ പ്രയാസപ്പെടാനോ ദുഃഖിക്കാനോ ഒന്നുമില്ല.
ഞാന്‍ പൂര്‍ണമായും നിരപരാധിയാണ്. ഞാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതിനാലാണ് എന്നെ കൊലപ്പെടുത്തുന്നത്. രക്തസാക്ഷ്യം എന്നത് എല്ലാവര്‍ക്കും വിധിച്ചിട്ടുള്ളതല്ല. എന്റെ ഈ രക്തസാക്ഷ്യത്തിന് സര്‍വലോക രക്ഷിതാവിന്റെ അനുഗ്രഹമുണ്ടെങ്കില്‍, ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാനായി ഞാനെന്നെ കണക്കാക്കും. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായിരിക്കും ഈ രക്തസാക്ഷ്യം. എന്റെ ഓരോ തുള്ളി രക്തവും ഇസ്‌ലാമിക പ്രസ്ഥാനത്തിന് പുതുജീവന്‍ നല്‍കുകയും ഏകാധിപതികളെ വിറപ്പിക്കുകയും ചെയ്യും. എനിക്ക് എന്നെക്കുറിച്ച് വേവലാതിയില്ല. ഈ രാജ്യത്തിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും ഭാവിയോര്‍ത്താണ് ഞാന്‍ സങ്കടപ്പെടുന്നത്. എന്റെ അറിവില്‍ പെട്ടിടത്തോളം ഞാന്‍ കുറ്റങ്ങളോ അതിക്രമങ്ങളോ ചെയ്തിട്ടില്ല. എന്റെ ജീവിതം മുഴുവന്‍ ഞാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് സമര്‍പ്പിച്ചിട്ടുള്ളതാണ്. അനീതികള്‍ക്ക് മുമ്പില്‍ ഞാനൊരിക്കലും തല കുനിച്ചിട്ടില്ല, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇനി തല കുനിക്കുകയുമില്ല. ഏതെങ്കിലും ഭരണകേന്ദ്രങ്ങളുടെ മുമ്പാകെ ചെന്ന് ജീവന് വേണ്ടി കരുണ യാചിക്കുന്ന പ്രശ്‌നം തന്നെയില്ല. ജീവിത മരണങ്ങള്‍ തീരുമാനിക്കുന്നത് അല്ലാഹുവാണ്. എന്റെ വിധി അവന്‍ തീരുമാനിച്ചുകൊള്ളും. ഞാന്‍ വധിക്കപ്പെടുന്നത് ഏതെങ്കിലും വ്യക്തിയുടെ തീരുമാനമനുസരിച്ചായിരിക്കില്ല. എന്റെ രക്തസാക്ഷ്യത്തിന്റെ ദിവസവും സമയവും തീരുമാനിക്കുന്നത് സര്‍വലോക രക്ഷിതാവാണ്. ആ തീരുമാനം എന്തായാലും ഞാന്‍ സ്വീകരിക്കാന്‍ തയാറാണ്.''
ക്ഷമയും സഹനവും കൈവിടരുതെന്നും അദ്ദേഹം കുടുംബാംഗങ്ങളെ പ്രത്യേകം ഓര്‍മിപ്പിച്ചു: ''ക്ഷമയും സഹനവും പുലര്‍ത്തുമ്പോഴാണ് ദൈവാനുഗ്രഹങ്ങള്‍ പൂര്‍ണമായി ലഭ്യമാവുക. പരലോകത്തെ മുക്തി മാത്രമായിരിക്കണം നമ്മുടെ ജീവിതാഭിലാഷം. എന്റെ രക്തസാക്ഷിത്വം സ്വീകരിക്കപ്പെടാന്‍ പ്രാര്‍ഥിക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. എനിക്ക് നല്‍കിയ പിന്തുണക്കും ആശീര്‍വാദത്തിനും ഞാന്‍ എല്ലാ രാജ്യനിവാസികളെയും അഭിനന്ദിക്കുന്നു.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/മര്‍യം/88-92
എ.വൈ.ആര്‍