വിവേകമുള്ളവരാരുമില്ലേ?
സ്വവര്‍ഗരതിയുടെ നിരോധനം ഭരണഘടനാ വിരുദ്ധമാണെന്ന് 2009-ല്‍ ദല്‍ഹി ഹൈക്കോടതി നല്‍കിയ വിധി റദ്ദാക്കിക്കൊണ്ട് ഈ ഡിസംബര്‍ 11-ന് സുപ്രീം കോടതി പുറപ്പെടുവിച്ച അന്തിമവിധി സ്വാഗതാര്‍ഹമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം 377-ാം വകുപ്പ് പ്രകാരം സ്വവര്‍ഗരതി ജീവപര്യന്തം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാണിച്ച കോടതി പ്രസ്തുതവകുപ്പ് ഭരണഘടനയുടെ 14,15, 21 വകുപ്പുകള്‍ക്ക് വിരുദ്ധമാണെന്ന ഹൈക്കോടതിയുടെ കണ്ടെത്തലിനെയും തള്ളിക്കളഞ്ഞു. ഈ വിധി മൂലം പക്ഷേ, രാജ്യത്ത് വേരുറച്ചു വരുന്ന സ്വവര്‍ഗാനുരാഗഭ്രമം നിയന്ത്രിക്കപ്പെടുമെന്ന് കരുതാനാവില്ല. വേണമെങ്കില്‍ 377-ാം വകുപ്പ് ഭേദഗതി ചെയ്യുകയോ പുതിയ നിയമം നിര്‍മിക്കുകയോ ചെയ്യാമെന്ന് കോടതി തന്നെ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാറാകട്ടെ ആദ്യം ദല്‍ഹി ഹൈക്കോടതിയുടെ വിധിയോട് യോജിച്ചില്ലെങ്കിലും പിന്നീട് നയം മാറ്റുകയും ഈ മ്ലേഛവൃത്തി അനുവദിക്കേണ്ടതാണെന്ന നിലപാടെടുക്കുകയുമായിരുന്നു. സുപ്രീംകോടതി വിധി വന്നതോടെ പുതിയ നിയമം നിര്‍മിക്കാന്‍ നിയമമന്ത്രി കപില്‍ സിബല്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു.
2009-ലെ ദല്‍ഹി ഹൈക്കോടതി വിധിയെ നിരവധി ഹിന്ദു-ക്രിസ്ത്യന്‍-മുസ്‌ലിം മത സംഘടനകളും മതേതര സാംസ്‌കാരിക സംഘടനകളും എതിര്‍ക്കുകയുണ്ടായി. സ്വാഗതം ചെയ്തത് ഒറ്റപ്പെട്ട ചില വ്യക്തികളും സംഘടനകളുമാണ്. പക്ഷേ, വിപുലമായ മാധ്യമ പരിചരണം ലഭിച്ചത് അവര്‍ക്കാണ്. ബഹുഭൂരിപക്ഷം ജനങ്ങള്‍ സ്വവര്‍ഗാനുരാഗവാദികളാണെന്ന പ്രതീതിയുളവാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അതുകൊണ്ടാവാം ഇപ്പോള്‍ സുപ്രീം കോടതിവിധി വന്നതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ്സും സി.പി.എമ്മും ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയ പാര്‍ട്ടികളും സ്വവര്‍ഗഭോഗത്തെ അനുകൂലിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുന്നു.
സ്വവര്‍ഗരതി ഒരു വിശിഷ്ട ചര്യയാണെന്ന് അതിനുവേണ്ടി വാദിക്കുന്നവരും അവകാശപ്പെടുന്നില്ല. അതിന്റെ നിരോധനം വ്യക്തി സ്വാതന്ത്ര്യ ധ്വംസനമാണെന്നാണ് ഘോഷിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യം മൗലികാവകാശമാണ്. എന്തു വില കൊടുത്തും അത് പരിരക്ഷിക്കപ്പെടേണ്ടതുതന്നെ. പക്ഷേ, വ്യക്തിസ്വാതന്ത്ര്യം നിരുപാധികമോ നിയന്ത്രണാതീതമോ അല്ല. സ്വാതന്ത്ര്യം എല്ലാവരുടേതുമാകുമ്പോള്‍ തന്നെ പരിമിതികള്‍ അനിവാര്യമായിത്തീരുന്നു. ഒരുവന്റെ സ്വാതന്ത്ര്യം അപരന്റെ മൂക്കിന്‍ തുമ്പ് വരെ എന്നുപറയാറുണ്ട്. എല്ലാവരുടെയും സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഓരോരുത്തരും അവരവരുടെ സ്വാതന്ത്ര്യം കുറെയേറെ വെട്ടിച്ചുരുക്കണം. അപരന്റെ മൂക്കിന്‍ തുമ്പത്ത് സ്പര്‍ശിച്ചിട്ടില്ലെങ്കില്‍ പോലും ചിലപ്പോള്‍ വ്യക്തിസ്വാതന്ത്ര്യം നിയന്ത്രിക്കേണ്ടിവരും. വ്യക്തിസ്വാതന്ത്ര്യം വ്യക്തിയുടെ നിലനില്‍പ്പു തന്നെ ഭീഷണിയാകുന്ന സന്ദര്‍ഭങ്ങളുണ്ട്. ആത്മഹത്യാ ശ്രമം കുറ്റകരമാകുന്നത് അതുകൊണ്ടാണ്. മയക്കുമരുന്നുപയോഗിക്കുന്നതിന്റെ ദോഷങ്ങള്‍ പ്രത്യക്ഷത്തില്‍ അത് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ്. എങ്കിലും എല്ലാ രാജ്യങ്ങളും മയക്കുമരുന്നുകള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ അതിന്റെ അടിമകളായിത്തീരുന്നു. ആ അടിമത്തം അവരുടെ കഴിവുകളെയും കര്‍മശേഷിയെയും നശിപ്പിക്കുന്നു. മാത്രമല്ല, അതിന്റെ ഒരു ഉപഭോക്താവ് അനേകം ഉപഭോക്താക്കളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അങ്ങനെ അതിവേഗം അതൊരു സാമൂഹിക ദുരന്തമായി മാറുന്നു. അതുകൊണ്ടാണ് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ മയക്കുമരുന്നുപയോഗം അനുവദിക്കണമെന്ന് ആരും ആവശ്യപ്പെടാത്തത്.
അധാര്‍മികവും അനാശാസ്യവുമായ പ്രവണതകളുള്ള ഒറ്റപ്പെട്ട വ്യക്തികള്‍ ഏതുസമൂഹത്തിലും എല്ലാ കാലത്തും ഉണ്ടായിരിക്കും. അത്തരം പ്രവണതകളോടുള്ള പൊതുവായ അറപ്പും വെറുപ്പുമാണ് സമൂഹത്തെ അതില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത്. ശാരീരികാവശതകളെന്ന പോലെ മാനസിക വൈകല്യങ്ങളും സമൂഹത്തോടാവശ്യപ്പെടുന്നത് ചികിത്സയും ശിക്ഷണവുമാണ്. അനാശാസ്യ പ്രവണതകളോടുള്ള അറപ്പും വെറുപ്പും ഇല്ലാതാകുന്നതും അവയെ സര്‍ഗാത്മക പ്രതിഭയും വ്യക്തിസ്വാതന്ത്ര്യവുമായി അംഗീകരിക്കപ്പെടുന്നതും ഗുരുതരമായ വിനാശത്തിലേക്കാണ് സമൂഹത്തെ നയിക്കുക. അത്തരമൊരു പ്രവണതയാണ് സ്വവര്‍ഗാനുരാഗം. ഒറ്റയും തെറ്റയുമായി ഒളിഞ്ഞും മറഞ്ഞും നടക്കുന്ന ആ മ്ലേഛ നടപടിക്ക് സാമൂഹികമായ അംഗീകാരം ലഭിക്കുന്നതോടെ അതൊരു പുതിയ ഫാഷനും പരിഷ്‌കാരവുമായി മാറുകയും ആളുകള്‍, വിശേഷിച്ചും യുവജനങ്ങള്‍ അതിലാകൃഷ്ടരാവുകയും ചെയ്യുന്നു. അതുളവാക്കുന്ന ധാര്‍മികാധഃപതനവും സാംസ്‌കാരിക ച്യുതിയും മറ്റു സാമൂഹിക ദുരന്തങ്ങളും ഊഹിക്കാവുന്നതേയുള്ളൂ. സ്വവര്‍ഗഭോഗം നിയമവിധേയമാക്കിയ പല നാടുകളിലും ഈ പതനത്തിന്റെ ലക്ഷണങ്ങള്‍ ദൃശ്യമായിത്തുടങ്ങിയിരിക്കുന്നു. ആസ്‌ട്രേലിയ പോലുള്ള ചില നാടുകള്‍ പഴയ നിരോധനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സ്വവര്‍ഗാനുരാഗവുമായി ബന്ധപ്പെട്ട് ഈയിടെ നടന്ന ചാനല്‍ ചര്‍ച്ചകളിലൊന്നില്‍ സംസാരിച്ച ഒരു വിദ്വാന്‍ ദല്‍ഹിയിലെ തെരുവോരങ്ങളില്‍ ചെറുപ്പക്കാര്‍ സ്വവര്‍ഗരതിയിലേര്‍പ്പെടുന്നത് കാണാറുണ്ടെന്നും പുതിയ വിധിയെ തുടര്‍ന്ന് ആ യുവാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് താന്‍ ആശങ്കിക്കുന്നുവെന്നും പറയുകയുണ്ടായി. അപ്പോള്‍ ഒരു ഞെട്ടലോടെ ഓര്‍ത്തുപോയത് വിശുദ്ധ ഖുര്‍ആന്‍ പറയുന്ന സദോം ജനതയുടെ പതന കഥയാണ്. നാട്ടില്‍ ചില ആളുകളിലുണ്ടായ സ്വവര്‍ഗരതി വാസന ഒരു ഫാഷനും പരിഷ്‌കാരവുമായി നഗരത്തെയാകെ ഗ്രസിച്ചു. പുരുഷന്മാര്‍ക്ക് സ്ത്രീകളെ വേണ്ടാതായി. സ്ത്രീകള്‍ക്ക് പുരുഷന്മാരെയും. പൊതു സ്ഥലങ്ങളിലും സഭകളിലുമെല്ലാം അവര്‍ നിര്‍ലജ്ജം പരസ്യമായി സ്വവര്‍ഗ രതികേളികളാടി. നഗരത്തിലെത്തുന്ന അപരിചിതരെ നാട്ടുകാര്‍ വളഞ്ഞു പിടിച്ച് മാനഭംഗപ്പെടുത്താന്‍ തുടങ്ങി. പ്രവാചകന്‍ ലൂത്വി(അ)ന്റെ വസതിയില്‍ ഏതാനും അതിഥികളെത്തിയതറിയേണ്ട താമസം, ആളുകള്‍ ആ വീട്ടില്‍ പാഞ്ഞെത്തി. 'വേണമെങ്കില്‍ എന്റെ പെണ്‍മക്കളെ പ്രാപിച്ചോളൂ, എന്നാലും എന്റെ അതിഥികളെ അപമാനിക്കരുതേ' എന്ന് ആ പ്രവാചകന്‍ കേണപേക്ഷിച്ചതുപോലും ചെവികൊള്ളാന്‍ അവര്‍ തയാറായില്ല. ഒടുവില്‍ അല്ലാഹു ആ നഗരത്തെ കീഴ്‌മേല്‍ മറിച്ചു നശിപ്പിച്ചു. ചാവുകടല്‍ തീരത്ത് അതിന്റെ നഷ്ടാവശിഷ്ടങ്ങള്‍ ഇന്നും കാണാം. അതിഥികളെ മാനഭംഗപ്പെടുത്താനെത്തിയ നാട്ടുകാരോട് ലൂത്വ് നബി അന്ന് അഗാധമായ ഹൃദയവ്യഥയോടെ ചോദിച്ച ഒരു ചോദ്യമുണ്ട്: ''നിങ്ങളില്‍ വിവേകമുള്ളവരാരുമില്ലേ?'' സ്വവര്‍ഗഭോഗ ഭ്രമക്കാര്‍ക്കു വേണ്ടി വാദിക്കുന്ന പാര്‍ട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്നും ഏറെ പ്രസക്തമാണീ ചോദ്യം.
Comments