വിദ്യാ കേന്ദ്രങ്ങള്‍ സ്ഥാപിതമാവുന്നു

പ്രവാചകന് അവതരിച്ച ആദ്യ സൂക്തം തന്നെ 'വായിക്കൂ' (ഇഖ്‌റഅ്) എന്നായിരുന്നു. പിന്നീടങ്ങോട്ടുള്ള പ്രവാചകന്റെ ജീവിതം ജനങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിന് വേണ്ടിയായിരുന്നു. അവരെ എഴുത്തും വായനയും പഠിപ്പിച്ചു. അവര്‍ക്ക് ധാര്‍മിക-സദാചാര നിര്‍ദേശങ്ങള്‍ പകര്‍ന്നു നല്‍കി. മദീനയില്‍ പലായനം ചെയ്‌തെത്തിയ പ്രവാചകന്‍ ആദ്യമായി ചെയ്തത് ഒരു പള്ളി നിര്‍മിക്കുകയായിരുന്നു. പള്ളിയുടെ ഒരുഭാഗം പഠനപാരായണങ്ങള്‍ക്കും അധ്യാപനത്തിനുമായി നീക്കിവെച്ചു. മദീന പള്ളിയിലെ 'സ്വുഫ്ഫ' (തിണ്ണ/വേദി) എന്നറിയപ്പെട്ടിരുന്ന സ്ഥലം യഥാര്‍ഥത്തില്‍ ഒരു പഠന കേന്ദ്രമായിരുന്നു. പകല്‍ അവിടെ പഠനം നടക്കും. തിരിച്ച് പോകാന്‍ വീടോ മറ്റു അഭയ കേന്ദ്രങ്ങളോ ഇല്ലാത്തവര്‍ രാത്രി അവിടെത്തന്നെ തങ്ങും.
പ്രവാചകന്‍ സ്ഥാപിച്ച ആദ്യത്തെ 'താമസിച്ച് പഠിക്കാനുള്ള സര്‍വകലാശാല'യായി ഇതിനെ വിശേഷിപ്പിക്കാം. പഠിതാക്കളുടെ നിലവാരമനുസരിച്ച് പലതരം ക്ലാസുകള്‍ ഇവിടെ നടന്നുവന്നിരുന്നു. എഴുത്തും വായനയും അറിയാത്തവര്‍ക്ക് അതാണ് ആദ്യം പഠിപ്പിക്കുക. കത്തുകളും മറ്റും എഴുതിക്കൊടുക്കുന്നവരാണ് അക്ഷരാഭ്യാസം നല്‍കുക. ഖുര്‍ആന്‍ പഠിപ്പിക്കാനായി മാത്രം ഒരാളെ ചുമതലപ്പെടുത്തിയിരുന്നു. ഒരിക്കല്‍ അദ്ദേഹം വന്ന് പ്രവാചകനോട് ചോദിച്ചു: 'എന്റെയൊരു ശിഷ്യന്‍ എനിക്ക് നന്ദി സൂചകമായി ഒരു വില്ല് സമ്മാനിച്ചിരിക്കുന്നു. എനിക്ക് ആ സമ്മാനം സ്വീകരിക്കാമോ?' സ്വീകരിക്കരുത് എന്നായിരുന്നു പ്രവാചകന്‍ പറഞ്ഞത്. ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനുള്ള പ്രത്യുപകാരമായി അത് മനസ്സിലാക്കപ്പെടും എന്നത് കൊണ്ടാണ് അത് നിരസിക്കണമെന്ന് പ്രവാചകന്‍ ആവശ്യപ്പെട്ടത്.
തുടക്കത്തില്‍ പഠന സംബന്ധിയായ മുഴുവന്‍ സേവനങ്ങളും സൗജന്യവും സ്വമേധയാ ചെയ്യുന്നതുമായിരുന്നു. ഈ അധ്യാപകര്‍ക്ക് പില്‍ക്കാലത്ത് ഭരണകൂടം ശമ്പളം നല്‍കിത്തുടങ്ങിയിരിക്കാം. അതേസമയം വിദ്യാര്‍ഥികളില്‍ നിന്ന് പാരിതോഷികങ്ങള്‍ സ്വീകരിക്കുന്നത് വിലക്കിയിരുന്നു. അക്കാലത്തെ വിദ്യാഭ്യാസ ഭരണക്രമത്തിന്റെ ഒരു മാതൃക ഉദ്ധരിക്കുന്നത് താല്‍പ്പര്യജനകമായിരിക്കും. മുആദ്ബ്‌നു ജബലിനെ 'പൊതുവിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍' കൂടിയായാണ് പ്രവാചകന്‍ യമനിലേക്ക് നിയമിക്കുന്നത്. ത്വബ്‌രിയുടെ വിവരണപ്രകാരം, ഒരു ഗ്രാമത്തില്‍നിന്ന് മറ്റൊരു ഗ്രാമത്തിലേക്കും ഒരു ജില്ലയില്‍നിന്ന് മറ്റൊരു ജില്ലയിലേക്കും സഞ്ചരിച്ച് അവിടെ ഒരു വിദ്യാഭ്യാസക്രമം സ്ഥാപിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. ഈ മാതൃക മറ്റു പ്രവിശ്യകളിലും പിന്തുടര്‍ന്നിരിക്കാനാണ് സാധ്യത. അങ്ങനെ ഓരോ പ്രദേശത്തും അധ്യാപകരെ നിയമിച്ചു. അവരുടെ മേല്‍നോട്ടത്തിന്നായി മേലുദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തി. പരാതികള്‍ അന്വേഷിക്കാനും പോരായ്മകള്‍ തിരുത്താനും ഇതില്‍ സംവിധാനമുണ്ടായിരുന്നു.
നീതിന്യായം
വളരെ അത്യാവശ്യമായിരുന്ന ഒരു നീതിന്യായ സംവിധാനവും പ്രവാചകന്‍ കെട്ടിപ്പടുക്കുകയുണ്ടായി. തുടക്കത്തില്‍ മദീനയിലെ മുസ്‌ലിം ജനസംഖ്യ ഏതാനും നൂറുകളില്‍ ഒതുങ്ങുമായിരുന്നു. എല്ലാവരും താമസിച്ചിരുന്നത് മദീനാ നഗരത്തില്‍ തന്നെ. അവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവാറേയില്ല എന്നുപറയാം. ഉണ്ടാവുകയാണെങ്കില്‍ തന്നെ പ്രവാചകന്റെയോ അതത് ഗോത്ര നേതാക്കളുടെയോ അടുത്ത് വിഷയമെത്തും. അവര്‍ ഉടനടി തര്‍ക്കത്തില്‍ ഇടപെടുകയും പരിഹാരമുണ്ടാക്കുകയും ചെയ്യും. നാട്ടിലെ ഏറ്റവും ഉയര്‍ന്ന നീതിന്യായ അതോറിറ്റിയായ പ്രവാചകനെ സമീപിക്കാനും സങ്കടങ്ങള്‍ ഉണര്‍ത്താനും ജനങ്ങള്‍ക്ക് അവകാശമുണ്ടായിരുന്നു. രാഷ്ട്രം ക്രമേണ വികസിച്ച് വന്നതോടെ വിവിധ ഭാഗങ്ങളില്‍ നീതിന്യായ സംവിധാനങ്ങളും ഉണ്ടാക്കേണ്ടതായി വന്നു. യമനില്‍ നിന്ന് നജ്‌റാന്‍ ക്രിസ്ത്യാനികള്‍ മദീനയില്‍ വന്നപ്പോള്‍ ഇസ്‌ലാമിലേക്കുള്ള ക്ഷണം അവര്‍ നിരസിച്ചു; എന്നാല്‍ തങ്ങളുടെ ചര്‍ച്ചുകള്‍ സംരക്ഷിക്കണമെന്നും പുരോഹിതന്മാരെ അവരോധിക്കാനുള്ള അവകാശം തങ്ങളില്‍നിന്ന് എടുത്ത് കളയരുതെന്നുമുള്ള ഉപാധിയോടെ ഇസ്‌ലാമിക രാഷ്ട്രത്തില്‍ പ്രജകളായി കഴിഞ്ഞു കൂടാമെന്ന് അവര്‍ സമ്മതിച്ചു. പ്രവാചകന്റെ നീതിബോധത്തില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്ന നജ്‌റാന്‍ ക്രിസ്ത്യാനികള്‍ തങ്ങള്‍ക്കൊരു മുസ്‌ലിം ന്യായാധിപനെ വേണമെന്ന് അഭ്യര്‍ഥിക്കുകയുണ്ടായി. അബൂഉബൈദതുല്‍ ജര്‍റാഹിനെയാണ് അവര്‍ക്ക് ന്യായാധിപനായി നിയമിച്ചുകൊടുത്തത്. അബുഉബൈദയുടെ നീതിബോധത്തില്‍ ആര്‍ക്കും സംശയമില്ലെന്നും അതിനാല്‍ അദ്ദേഹം തന്റെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കുമെന്നും പ്രവാചകന്‍ അവര്‍ക്ക് ഉറപ്പ് നല്‍കി.
ഈ ഘട്ടത്തില്‍ ഇസ്‌ലാം പല ഭാഗങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരുന്നു. ക്രൈസ്തവരില്‍ ഒട്ടേറെ പേര്‍ പുതിയ വിശ്വാസം സ്വീകരിച്ചു. വിവിധ ഭാഗങ്ങളില്‍ ന്യായാധിപരായി നിശ്ചയിക്കപ്പെടുന്നവര്‍ക്ക് തലസ്ഥാനമായ മദീനയില്‍നിന്ന് നിര്‍ദേശങ്ങള്‍ പോയിക്കൊണ്ടിരുന്നു. ജഡ്ജിയായി നിയമിക്കപ്പെട്ടവരില്‍ ഒരാളായിരുന്നു അലിയ്യുബ്‌നു അബീ ത്വാലിബ്. വളരെ ചെറുപ്പമായിരുന്നതിനാല്‍ അദ്ദേഹത്തിന് ഈ ജോലി ഒട്ടും പരിചയമുണ്ടായിരുന്നില്ല. എന്താണ് ചെയ്യേണ്ടത് എന്നും ഒരു രൂപവുമില്ല. അപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തിന് നീതിന്യായത്തിലെ ഏറ്റവും മൗലികമായ ഒരു ഉപദേശം നല്‍കി: ''ഒരാള്‍ നിങ്ങളുടെ അടുത്ത് ഒരു പരാതിയുമായി വന്നാല്‍ അയാള്‍ നല്‍കുന്ന തെളിവ് മാത്രം നോക്കി വിധി പറയരുത്. എതിര്‍കക്ഷിയെയും വിളിച്ച് വരുത്തുക. അയാള്‍ പറയുന്നതും കേള്‍ക്കുക. രണ്ട് പേരുടെയും പ്രസ്താവനകളും തെളിവുകളും മുന്നില്‍വെച്ച് വിധിപ്രസ്താവം നടത്തുക.'' കേസുകളില്‍ വിധിപ്രസ്താവം നടത്തുമ്പോള്‍ ഇരുകക്ഷികളുടെയും വാദങ്ങള്‍ സത്യസന്ധമായി വിലയിരുത്തുക എന്ന അടിസ്ഥാന തത്ത്വം മുറുകെ പിടിച്ചതുകൊണ്ട് തനിക്കൊരിക്കലും പിന്നീട് ഒരു പ്രശ്‌നത്തിലും ഒരു സന്ദേഹവും ഉണ്ടായിട്ടില്ലെന്ന് അലി(റ) പില്‍ക്കാലത്ത് അനുസ്മരിച്ചിട്ടുണ്ട്.
****************
പ്രവാചകന്റെ ജീവിത കാലത്തെ മദീനയിലെ ഭരണസംവിധാനത്തിന്റെ സ്തംഭങ്ങളെയാണ് നാമിത് വരെ പരിചയപ്പെടുത്തിയത്. വിദ്യാഭ്യാസം, സൈന്യം, റവന്യൂ, സെക്രട്ടറിയേറ്റ് തുടങ്ങി എല്ലാ കാര്യങ്ങളിലും ആ ഭരണക്രമം ശ്രദ്ധ ചെലുത്തി. എന്തൊക്കെ ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നുവോ അതിനൊക്കെയും പരിഹാരം കണ്ടു. പിന്നീട് വളരെ വികസിതമായ ഒരു രാഷ്ട്രത്തിന്റെ സുശക്തമായ ഭരണസംവിധാനത്തിന് പ്രവാചകന്റെ കാലത്ത് തന്നെ അടിത്തറ ഇട്ടിരുന്നു എന്നര്‍ഥം.
ബിംബാരാധകരും അവിശ്വാസികളുമായ ഖുറൈശികള്‍ നിയന്ത്രിച്ചിരുന്ന മക്ക എന്ന നഗര രാഷ്ട്രത്തെ പ്രവാചകന്‍ എങ്ങനെയാണ് കണ്ടിരുന്നത് എന്നുകൂടി സൂചിപ്പിക്കുന്നത് ഉചിതമായിരിക്കും. മക്ക പ്രത്യക്ഷത്തില്‍ ഭരിക്കുന്നത് (de facto) ഖുറൈശികളാണെങ്കിലും ഭരിക്കാനുള്ള നിയമാനുസൃത (de jure) അവകാശം മുസ്‌ലിംകള്‍ക്കാണെന്നായിരുന്നു പ്രവാചകന്റെ നിലപാട്. ആ നിലപാട് പ്രവാചകന്റെ രാഷ്ട്രീയ തീരുമാനങ്ങളില്‍ പ്രതിഫലിക്കുന്നത് കാണാം. ഉഹ്ദ് യുദ്ധ വേളയില്‍ ഖുറൈശികള്‍ യുദ്ധ പതാക ഏല്‍പ്പിച്ചത് അബ്ദുദ്ദാര്‍ കുടുംബത്തില്‍പെട്ട ഒരാളെയാണെന്ന് പ്രവാചകന്‍ അറിഞ്ഞപ്പോള്‍ അതേ കുടുംബത്തില്‍ പെട്ടയാളും മുസ്‌ലിമുമായ മുസ്വ്അബുബ്‌നു ഉമൈറിനെ മുസ്‌ലിം സൈന്യത്തിന്റെ പതാക ഏല്‍പ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഇങ്ങനെ പറയുകയും ചെയ്തു: 'ഇത്തരം കാര്യങ്ങളില്‍ അവരേക്കാള്‍ ഒരുപടി മുമ്പില്‍ നമ്മളായിരിക്കും.' ഹുദൈബിയ എന്ന പ്രദേശത്ത് പ്രവാചകനും അനുയായികളും തമ്പടിച്ചപ്പോള്‍ പ്രതിയോഗികളായ ഖുറൈശികളുമായി സംസാരിക്കാന്‍ ഒരു പ്രതിനിധിയെ അയക്കേണ്ടിയിരുന്നു. ആ ദൗത്യം ഉമറിനെയാണ് പ്രവാചകന്‍ ഏല്‍പിച്ചത്. കാരണം മുന്‍കാലങ്ങളില്‍ നേരത്തെ സൂചിപ്പിച്ച പോലെ, മക്കയുടെ 'വിദേശകാര്യ മന്ത്രി' ആയിരുന്നല്ലോ ഉമര്‍. ആ പദവി ഇസ്‌ലാമിലെത്തിയ ശേഷവും അദ്ദേഹത്തിന് തന്നെ നല്‍കുകയായിരുന്നു. ഖാലിദ്ബ്‌നുല്‍ വലീദ് ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ അദ്ദേഹത്തെ കാലാള്‍പ്പടയുടെ സൈന്യാധിപനായി പ്രവാചകന്‍ നിശ്ചയിച്ചു. നേരത്തെ ഖുറൈശി കാലാള്‍പ്പടയുടെ നായകാനായിരുന്നല്ലോ ഖാലിദ്. മദീനയുടെ 'മുഫ്തി' ആയി പ്രവാചകന്‍ നിശ്ചയിച്ചത് അബൂബക്കര്‍ സിദ്ദീഖിനെയാണ്. കാരണമദ്ദേഹം മക്കയില്‍ അതേപദവി അലങ്കരിച്ചിരുന്നു. മക്ക ജയിച്ചടക്കിയപ്പോള്‍ കഅ്ബയുടെ താക്കോല്‍ തനിക്ക് കിട്ടിയാല്‍ കൊള്ളാമെന്ന് പ്രവാചകന്റെ പിതൃസഹോദരന്‍ അബ്ബാസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷേ പ്രവാചകന്‍ സമ്മതിച്ചില്ല. പിന്നീട് മുസ്‌ലിംകളായിത്തീര്‍ന്ന കഅ്ബയുടെ മുന്‍കാല താക്കോല്‍ സൂക്ഷിപ്പുകാര്‍ക്ക് തന്നെ അത് തിരിച്ചേല്‍പ്പിക്കുകയാണ് പ്രവാചകന്‍ ചെയ്തത്. ഇങ്ങനെ മുന്‍കാലങ്ങളില്‍ ആരൊക്കെ ഏതൊക്കെ ചുമതലകളില്‍ ഉണ്ടായിരുന്നോ അതൊക്കെ നിലനിര്‍ത്തുകയാണ് പ്രവാചകന്‍ ചെയ്തത്. ഇതിനര്‍ഥം, പ്രവാചകന്റെ മദീനാ പലായനത്തിനുശേഷം മക്കയുടെ പ്രത്യക്ഷ ഭരണം ഖുറൈശികളില്‍ നിക്ഷിപ്തമായിരുന്നെങ്കിലും, അതിന്റെ നിയമാനുസൃത ഭരണാവകാശികള്‍ മുസ്‌ലിംകളാണെന്ന ധാരണയോടെയായിരുന്നു പ്രവാചകന്റെ ഓരോ നീക്കവും എന്നാണ്. മക്കാ വിജയത്തിന് ശേഷം പ്രത്യക്ഷ ഭരണവും നിയമാനുസൃത ഭരണവും (de facto & dejure) ഒരു വ്യക്തിയില്‍ തന്നെ കേന്ദ്രീകരിക്കപ്പെട്ടു എന്നുമാത്രം. വിശുദ്ധ ഖുര്‍ആന്‍ ഇത് വ്യക്തമാക്കിയിട്ടുള്ളതുമാണ്: ''തടങ്കലില്‍ വെക്കുകയോ വധിക്കുകയോ നാടു കടത്തുകയോ ചെയ്യുന്നതിന് വേണ്ടി താങ്കള്‍ക്കെതിരെ സത്യനിഷേധികള്‍ ഗൂഢാലോചന നടത്തിയ സന്ദര്‍ഭം (ഓര്‍ക്കുക). അവര്‍ ഗൂഢതന്ത്രം പ്രയോഗിക്കുന്നു. അല്ലാഹു അതിന് പ്രതികാരവും ചെയ്യുന്നു. ഗൂഢതന്ത്രത്തിന് പ്രതികാരം ചെയ്യുന്നവരില്‍ ഉത്തമനാകുന്നു അല്ലാഹു.... അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കുന്നതിന് എന്തുണ്ട് ന്യായം? കാരണം വിശുദ്ധ പള്ളിയില്‍ നിന്ന് അവര്‍ (മുസ്‌ലിംകളെ) തടയുന്നു. അവരാകട്ടെ അതിന്റെ രക്ഷാധികാരികള്‍ ആയിട്ടില്ലതാനും. അതിന്റെ രക്ഷാധികാരികള്‍ മതഭക്തിയുള്ളവര്‍ മാത്രമാണ്'' (8:30,34).
ഇവിടെ മറ്റൊരു കാര്യം കൂടി വ്യംഗ്യമായി സൂചിപ്പിച്ചത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. ഭൂമിയില്‍ പരമാധികാരം അല്ലാഹുവിന് മാത്രമാണ്. വിശ്വാസികള്‍ ആ ഭരണക്രമത്തിന്റെ നടത്തിപ്പുകാര്‍ മാത്രം. അവന്റെ നിയമശാസനകള്‍ നടപ്പാക്കുക എന്നതാണ് മനുഷ്യന്റെ ചുമതല.
(അവസാനിച്ചു)
Comments