തദബ്ബുറെ ഖുർആൻ രണ്ടാം ഭാഗം
തദബ്ബുറെ ഖുർആൻ
അമീൻ അഹ്സൻ
ഇസ് ലാഹി
വിവ: കെ.ടി അബ്ദുർറഹ് മാൻ നദ് വി
പേജ്: 688, വില: 1250
പ്രസാധനം: ഫൗണ്ടേഷൻ ഓഫ് ഇമാം ഫറാഹി ഫോർ റിലീജിയസ് സ്റ്റഡീസ് ആന്റ് സോഷ്യൽ സയൻസ്
വിതരണം: വിചാരം ബുക്സ്
ആധുനിക കാലത്ത് രചിക്കപ്പെട്ട സയ്യിദ് മൗദൂദിയുടെ 'തഫ്ഹീമുൽ ഖുർആൻ', സയ്യിദ് ഖുത്വ്്ബിന്റെ 'ഫീ ളിലാലിൽ ഖുർആൻ', റശീദ് രിദായുടെ 'തഫ്സീറുൽ മനാർ', മുപ്പത് വാള്യങ്ങളിലുള്ള ഇബ്നു ആശൂറിന്റെ 'തഫ്സീറുത്തഹ് രീർ വത്തൻവീർ', ഇരുപത്തിയഞ്ചു വാള്യങ്ങളിലുള്ള 'തഫ്സീർ ശഅ്റാവി' എന്നീ വിഖ്യാത തഫ്സീറുകളുടെ കൂട്ടത്തിൽ എടുത്തുപറയാവുന്ന തഫ്സീറാണ് ഉർദുവിൽ രചിക്കപ്പെട്ട 'തദബ്ബുറെ ഖുർആൻ' അഥവാ ഖുർആൻ പരിചിന്തനം. ഗ്രന്ഥകർത്താവ് മഹാ പണ്ഡിതനും ചിന്തകനും ഗ്രന്ഥകാരനുമായിരുന്ന മൗലാനാ അമീൻ അഹ്സൻ ഇസ്ലാഹി. ഇന്ത്യയിലെ അറിയപ്പെട്ട ഖുർആൻ പണ്ഡിതനും 'നിളാമുൽ ഖുർആന്റെ' ശക്തനായ വക്താവുമായിരുന്ന ഹമീദുദ്ദീൻ ഫറാഹിയുടെ ശിഷ്യനുമായിരുന്നു അമീൻ അഹ്സൻ ഇസ് ലാഹി. അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരുന്നെങ്കിൽ അറബ് പണ്ഡിതന്മാർക്കിടയിൽ ഖുർആനിക ചിന്തയിൽ ഒരു വിപ്ലവംതന്നെ സൃഷ്ടിക്കുമായിരുന്നു ഒമ്പത് വാള്യത്തിലുള്ള ഈ തഫ്സീർ. അതിന്റെ മൂന്ന് ഭാഗങ്ങൾ വരെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
അതിന്റെ ആദ്യത്തെ രണ്ടു വാള്യങ്ങളും അവസാനത്തെ വാള്യവും മലയാളത്തിലേക്കും വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. മലയാളത്തിലെ ഖുർആൻ പഠിതാക്കൾക്ക് വലിയൊരു അനുഗ്രഹമാണിത്. വിവർത്തകൻ ഗ്രന്ഥകാരനും പണ്ഡിതനുമായ കെ.ടി അബ്ദുർറഹ് മാൻ നദ് വി. പരിഭാഷ ലളിതമാണ്. മൂലകൃതിയുടെ ആശയം വെച്ചുനോക്കുമ്പോൾ സാധാരണ പഠിതാക്കൾക്കും വായനക്കാർക്കും അതത്ര സുഗ്രാഹ്യവും ലളിതവുമല്ല. പഠനവും ചിന്തയും ആവശ്യപ്പെടുന്ന വ്യാഖ്യാനമാണ് ഇസ് ലാഹി സാഹിബിന്റേത്. ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ട തദബ്ബുറിന്റെ രണ്ടാം ഭാഗം ആലു ഇംറാൻ, അന്നിസാഅ്, അൽമാഇദ എന്നീ സൂറകൾ ഉൾക്കൊള്ളുന്നതാണ്. അച്ചടിയും പേപ്പറും ബൈൻഡിംഗും നല്ല നിലവാരം പുലർത്തുന്നു. ക്രൗൺ നാലിലൊന്ന് വലുപ്പം.
Comments