അക് പാർട്ടിക്ക് വെല്ലുവിളിയുയർത്തി ന്യൂ റഫാഹ്
കഴിഞ്ഞ മാർച്ച് 31-ന് തുർക്കിയയിൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ അക് പാർട്ടിക്കെതിരെ മുഖ്യ പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി നേടിയ അട്ടിമറി വിജയമാണ് ഏറെ ചർച്ച ചെയ്യപ്പെട്ടത്. ആ തെരഞ്ഞെടുപ്പിൽ അതിശയകരമായ പ്രകടനം കാഴ്ച വെച്ച ന്യൂ റഫാഹ് (വെൽഫെയർ) പാർട്ടിയെക്കുറിച്ച് അധിക വിശകലനങ്ങളൊന്നും കണ്ടില്ല. തുർക്കിയയിലെ എല്ലാ ഇസ്ലാമിക കക്ഷികൾക്കും പിതൃതുല്യനാണല്ലോ നജ്മുദ്ദീൻ അർബകാൻ. അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് അലി ഫാതിഹ് അർബകാൻ മാതൃസംഘടനയായ സആദയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് 2018-ൽ രൂപം കൊടുത്തതാണ് ന്യൂ റഫാഹ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂ റഫാഹ്, അക് പാർട്ടി നേതൃത്വം നൽകുന്ന സഖ്യത്തോടൊപ്പമായിരുന്നു. ഒന്നര മില്യൻ വോട്ട് നേടിയ സംഘടനക്ക് മൊത്തം വോട്ടിന്റെ 2.8 ശതമാനവും പാർലമെന്റിൽ അഞ്ച് സീറ്റും ലഭിച്ചു. എന്നാൽ പ്രാദേശിക തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും ഫാതിഹ് അർബകാൻ അക് പാർട്ടിയുമായി വഴി പിരിഞ്ഞു. ഒറ്റക്ക് മത്സരിക്കാനായിരുന്നു തീരുമാനം. ഉർദുഗാനെതിരെ ജനരോഷം ശക്തിപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കിയുള്ള തന്ത്രപരമായ നീക്കമായിരുന്നു ഇത്. പല കാരണങ്ങളാൽ ഉർദുഗാനുമായി തെറ്റിപ്പിരിഞ്ഞ പലരെയും ഒപ്പം നിർത്തി അദ്ദേഹം മത്സരിപ്പിച്ചു. ഉർദുഗാന്റെ സാമ്പത്തിക നയത്തെയും ഗസ്സ നിലപാടിനെയും സ്വീഡനെ നാറ്റോയിൽ ഉൾപ്പെടുത്താൻ അനുവദിച്ചതിനെയും അദ്ദേഹം തുറന്നെതിർത്തു. ഇതിനകം പാർട്ടി അംഗസംഖ്യ രണ്ടര ലക്ഷത്തിൽനിന്ന് നാലേ മുക്കാൽ ലക്ഷമായി കുതിച്ചുയർന്നിരുന്നു.
പ്രാദേശിക മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ അക് പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് ന്യൂ റഫാഹ് നടത്തിയത്. അക് പാർട്ടി വോട്ടർമാരിൽ പത്തു ശതമാനം പാർട്ടി നയങ്ങളിൽ പ്രതിഷേധിച്ച് വോട്ട് ചെയ്യാൻ തന്നെ എത്തിയില്ല എന്നാണ് റിപ്പോർട്ട്. എത്തിയവരിൽ നല്ലൊരു പങ്ക് ന്യൂ റഫാഹിനെ തുണക്കുകയും ചെയ്തു. ശാൻലി ഉർഫ, യൊസഗാത്ത് നഗരസഭകളുടെ നിയന്ത്രണം അക് പാർട്ടിയിൽനിന്ന് ന്യൂ റഫാഹ് പിടിച്ചെടുത്തു. 67 ഡിസ്ട്രിക്കുകളുടെ ഭരണവും അവർക്ക് ലഭിച്ചു. മൊത്തം പോൾ ചെയ്തതിന്റെ 6.19 ശതമാനമാണ് അവർക്ക് ലഭിച്ച വോട്ട് വിഹിതം. അതായത്, പ്രാദേശിക തെരഞ്ഞെടുപ്പിൽ തുർക്കിയയിലെ മൂന്നാമത്തെ വലിയ പാർട്ടിയായി മാറിയിരിക്കുകയാണ് ന്യൂ റഫാഹ്. അക് പാർട്ടിക്ക് ഒപ്പമുള്ള നാഷനലിസ്റ്റ് കക്ഷിയുടെ വരെ വോട്ട് വിഹിതം ഇതിനെക്കാൾ എത്രയോ കുറവാണ്. അക് പാർട്ടിയിൽനിന്ന് തെറ്റിപ്പിരിഞ്ഞ ദാവൂദ് ഒഗ് ലുവിന്റെ ഫ്യൂച്ചർ പാർട്ടിക്കോ, അലി ബാബാജാന്റെ ഡമോക്രസി ആന്റ് പ്രോഗ്രസ് പാർട്ടിക്കോ തെരഞ്ഞെടുപ്പിൽ ഒരു ചലനവുമുണ്ടാക്കാനായില്ല.
അക് പാർട്ടിക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുക ന്യൂ റഫാഹ് തന്നെയായിരിക്കുമെന്നാണ് ഇതെല്ലാം നൽകുന്ന സൂചന. മികച്ച സംഘാടകനാണ് ഫാതിഹ് അർബകാൻ. ഇസ്ലാമികതയിലും ദേശീയതയിലും ഊന്നിയ തന്റെ പിതാവിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് പുതു ഭാഷ്യം നൽകാനാണ് ഫാതിഹ് ശ്രമിക്കുന്നത്. അതെത്രത്തോളം വിജയിക്കുമെന്ന് കാത്തിരുന്നു കാണാം.
ഇന്തോനേഷ്യയിലെ "ഹരിത ഇസ്ലാം'
ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ അൽ ഇസ്തിഖ്ലാൽ മസ്ജിദിൽ ഇമാമും ഖത്വീബുമാണ് നസ്വ്്റുദ്ദീൻ ഉമർ. അദ്ദേഹത്തിന്റെ വെള്ളിയാഴ്ച പ്രഭാഷണം കേൾക്കാൻ സ്ത്രീകളും പുരുഷൻമാരുമായി ആയിരങ്ങളാണ് പള്ളിയിൽ തടിച്ചുകൂടുക. 'മനുഷ്യൻ ഭൂമിയിൽ ദൈവത്തിന്റെ പ്രതിനിധി' എന്ന ഖുർആനികാശയമാണ് അദ്ദേഹം ഖുത്വ് ബകളിൽ ഊന്നിപ്പറയുക. ഭൂവിഭവങ്ങളുടെ ഉപഭോക്താവ് മാത്രമല്ല അവയുടെ സംരക്ഷകൻ കൂടിയായിത്തീരണം മനുഷ്യൻ. പരിസ്ഥിതി സംരക്ഷണത്തിന് സ്വത്തുക്കൾ വഖ്ഫ് ആയി നൽകാൻ അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. പള്ളിയുടെ ചാരെ ഒഴുകുന്ന നദി മലിനമായപ്പോൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അന്നാട്ടുകാരാണ് മാലിന്യങ്ങൾ എടുത്തുമാറ്റിയത്. ഇലക്ട്രിസിറ്റി ബിൽ കൂടി വന്നപ്പോൾ പള്ളിയിൽ സോളാർ പാനലുകൾ സ്ഥാപിച്ച് സൗരോർജത്തിലേക്ക് മാറി. ഗ്രീൻ ബിൽഡിംഗ് അന്താരാഷ്ട്ര അവാർഡ് നേടുന്ന ആദ്യത്തെ ആരാധനാലയമാണിതെന്ന് ന്യൂയോർക്ക് ടൈംസ് എഴുതുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിംകളുള്ള ഈ രാജ്യത്ത് പണ്ഡിത സമിതികൾ പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യത ജനങ്ങളെ പഠിപ്പിക്കുന്നു. ഖുർആന്റെയും നബിചര്യയുടെയും അടിസ്ഥാന അധ്യാപനങ്ങളിലൊന്നാണ് പരിസ്ഥിതി സംരക്ഷണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. "രാഷ്ട്രം നിയമമുണ്ടാക്കിയാൽ ജനം അനുസരിച്ചുകൊള്ളണമെന്നില്ല. ഇമാമുമാരും ഖത്വീബുമാരും പറഞ്ഞാൽ അവർ അനുസരിക്കും. ഭൗതിക നിയമത്തിൽനിന്ന് ഒളിച്ചോടിയാലും ദൈവിക നിയമത്തിൽനിന്ന് ഒളിച്ചോടാനാവില്ലെന്ന ബോധം അവർക്കുണ്ടാവണം'' - ഇന്തോനേഷ്യൻ പണ്ഡിത സമിതിയുടെ വക്താവ് ഹായു ബറാബൂ പറയുന്നു. മരം വെച്ചുപിടിപ്പിക്കാൻ 'ഹരിത സൈന്യ' ത്തിനും സമിതി രൂപം നൽകിക്കഴിഞ്ഞു. ഇന്തോനേഷ്യയിൽ എട്ട് ലക്ഷം പള്ളികളുണ്ടെന്നും അവയിൽ എഴുപത് ശതമാനം പള്ളികളെയെങ്കിലും പരിസ്ഥിതി സൗഹൃദപരമാക്കാൻ താൻ ധനസഹായം തേടിക്കൊണ്ടിരിക്കുകയാണെന്നും നസ്വ് റുദ്ദീൻ ഉമർ പറയുന്നു.
സെനഗലിൽ പുതിയ പ്രഭാതം
സെനഗലിലെ യുവാക്കൾക്ക് വലിയ പ്രതീക്ഷ നൽകിയ രാഷ്ട്രീയ പ്രസ്ഥാനമാണ് PASTEF. ആഫ്രിക്കൻ പാട്രിയറ്റ്സ് ഓഫ് സെനഗൽ ഫോർ വർക്, എത്തിക്സ് ആന്റ് ഫ്രട്ടേണിറ്റി എന്നതിന്റെ ഫ്രഞ്ച് ചുരുക്കപ്പേരാണ് 'പാസ്റ്റെഫ്'. ആക്ടിവിസ്റ്റും തീപ്പൊരി പ്രഭാഷകനുമായ ഉസ്മാൻ സോങ്കോ 2014-ലാണ് ഇത് രൂപവത്കരിച്ചത്. 2019- ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച സോങ്കോക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2024 ആയപ്പോഴേക്ക് രാഷ്ട്രീയ സ്ഥിതിഗതികൾ ആകെ മാറിക്കഴിഞ്ഞിരുന്നു. മുൻ ഫ്രഞ്ച് കോളനിയായ സെനഗലിനെ ഭരണകൂടത്തിന്റെ ഒത്താശയോടു കൂടി ഫ്രഞ്ച് കോർപറേറ്റുകൾ കൊള്ളയടിക്കുന്നതിനെതിരെ ഉസ്മാൻ സോങ്കോയുടെ നേതൃത്വത്തിൽ ജനം തെരുവിലിറങ്ങി. പാസ്റ്റെഫിന് ജനസ്വീകാര്യത ലഭിക്കുന്നതിൽ അസ്വസ്ഥനായ സെനഗൽ പ്രസിഡന്റ് മാകി സാൽ ഉസ്മാൻ സോങ്കോയെ ജയിലിലടച്ചു. കഴിഞ്ഞ വർഷം സോങ്കോ നേതൃത്വം നൽകുന്ന പാസ്റ്റെഫ് പാർട്ടിയെ നിരോധിക്കുകയും ചെയ്തു. രണ്ടു തവണ തുടർച്ചയായി പ്രസിഡന്റായിരുന്ന മാകി സാലിന് മൂന്നാം തവണ മത്സരിക്കാൻ കഴിയുമായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ മാകി സാൽ ശ്രമിച്ചെങ്കിലും ജനകീയ പ്രതിരോധം ശക്തമാവുകയും കോടതി ഇടപെടുകയും ചെയ്തതോടെ അതിൽനിന്ന് പിൻവാങ്ങേണ്ടിവന്നു. എന്നാൽ, തന്റെ മുഖ്യ എതിരാളി സോങ്കോയെ കേസുകളിൽ കുടുക്കി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനും സമ്മതിച്ചില്ല.
സോങ്കോക്ക് മത്സരിക്കാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം തന്റെ വലംകൈയും, പാസ്റ്റെഫിന്റെ ചെറുപ്പക്കാരനായ സെക്രട്ടറി ജനറലുമായ ബാസിറോ ഡയോമായ് ഫായിയെ തനിക്ക് പകരം പ്രസിഡന്റ് സ്ഥാനാർഥിയായി കളത്തിലിറക്കി. ആ സ്ഥാനാർഥിയെയും ജയിലിലടച്ചുകൊണ്ടാണ് പ്രസിഡന്റ് മാകി സാൽ പ്രതികരിച്ചത്. ഇതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെട്ടപ്പോൾ തെരഞ്ഞെടുപ്പിന് പത്തു ദിവസം മാത്രമുള്ളപ്പോൾ ഇരുവരെയും ജയിലിൽനിന്ന് മോചിപ്പിച്ചു. കഴിഞ്ഞ മാർച്ച് 25-ന് നടന്ന തെരഞ്ഞെടുപ്പിൽ ബാസിറോ ഒന്നാം റൗണ്ടിൽ തന്നെ 54 ശതമാനം വോട്ടുകൾ നേടി സെനഗലിന്റെ അഞ്ചാമത്തെ പ്രസിഡന്റായി സ്ഥാനമേൽക്കുകയും ചെയ്തു. സകല മേഖലകളിലും പിടിമുറുക്കിയ അഴിമതിക്കെതിരെയായിയിരിക്കും തന്റെ ആദ്യ പോരാട്ടമെന്ന് ബാസിറോ പ്രഖാപിച്ചിട്ടുണ്ട്. ഫ്രഞ്ച് കോർപറേറ്റുകളുടെ പിടിയിൽനിന്ന് സമ്പദ്ഘടനയെ മോചിപ്പാക്കാനും ശ്രമിക്കും. നേരത്തെ ഭരണ പരിചയമില്ലാത്ത ബാസിറോയെ സഹായിക്കുക പ്രധാനമന്ത്രിയായി അദ്ദേഹം നോമിനേറ്റ് ചെയ്ത പാസ്റ്റെഫിന്റെ സാരഥി ഉസ്മാൻ സോങ്കോ തന്നെയായിരിക്കും.
അപകടം മണത്ത് ഫ്രഞ്ച് കേന്ദ്രങ്ങൾ ബാസിറോ ഫായ്ക്കെതിരെ കരുക്കൾ നീക്കിത്തുടങ്ങിയിട്ടുണ്ട്. ബാസിറോ ' ഇഖ് വാനി' ആണെന്നാണ് ആരോപണം. സലഫിയാണെന്ന് പറയുന്നവരും ഉണ്ട്. താൻ ഇത് രണ്ടുമല്ലെന്ന് പറയുന്ന ബാസിറോ താനൊരു മതഭക്തനാണെന്ന് തുറന്നുപറയുന്നു. സ്വകാര്യ ജീവിതത്തിൽ കാത്തുസൂക്ഷിച്ച ജീവിത വിശുദ്ധി പൊതുജീവിതത്തിലും തുടരും. അക്ഷരാർഥത്തിൽ ഇഖ് വാനിയല്ലെങ്കിലും തൊള്ളായിരത്തി എഴുപതുകളുടെ അവസാനത്തിൽ സെനഗലിലെ കലാലയങ്ങളിൽ ഇഖ് വാനി ആശയങ്ങളാൽ പ്രചോദിതമായി രൂപവത്കരിക്കപ്പെട്ട 'ഇബാദുർറഹ്മാനു'മായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട് ബാസിറോയും പാസ്റ്റെഫിന്റെ പല നേതാക്കളും. ഇസ്ലാമിക പ്രസ്ഥാനം ( ഹർക ഇസ്ലാമിയ്യ), ഇസ്ലാമിന്റെ പ്രസ്ഥാനം ( ഹർകത്തുൽ ഇസ്ലാം) ആയിത്തീരുന്നതിന്റെ പുതിയ ആവിഷ്കാരമാണിതെന്ന് ചൂണ്ടിക്കാണിക്കുന്ന നിരീക്ഷകരും ഉണ്ട്. അതായത്, വ്യവസ്ഥാപിത ഇസ്ലാമിക പ്രസ്ഥാനങ്ങളുമായി ഇവർക്ക് ബന്ധമുണ്ടാവുകയില്ല. എന്നാൽ, ഇസ്ലാമിക പ്രസ്ഥാനത്തിന്റെ അജണ്ടകൾ അവരെ സ്വാധീനിക്കാതിരിക്കുകയുമില്ല. ഇസ്ലാമിന്റെ അജണ്ടകളായി അവരതിനെ പുനരവതരിപ്പിക്കുകയാണ്. ബാസിറോവിന്റെ അതേ ഗണത്തിൽ പെടുന്ന ആളായിട്ടാണ് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീമിനെയും ആ നിരീക്ഷകർ കാണുന്നത്. l
Comments